2010, ഡിസംബർ 7, ചൊവ്വാഴ്ച

പൂച്ച

                                                                                          (കവിത)
ബാല്യം

സ്കൂളി
മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോ
മഴ തോരാതെ പെയ്ത ഒരു വൈകുന്നേരം
കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിട്ടും
കുടയില്ലാത്തതിനാ മഴ തോരുന്നതും കാത്ത്
വിജനമായ സ്കൂ വരാന്തയി നിന്നപ്പോഴാണ്
പൂച്ച ആദ്യമായി എന്നോടൊപ്പം കൂടിയത്‌.
മുട്ടോളമെത്തുന്ന പച്ചപ്പാവാടയ്ക്കു താഴെ,
നഗ്നമായ വെളുത്ത കണങ്കാലുകളി മുഖമുരുമ്മിയും,
കൈകളി തല ചായ്ച്ചു മെല്ലേക്കുറുകിയും,
നെഞ്ചോടു പറ്റിച്ചേർന്നു ചൂടു പിടിച്ചുറങ്ങിയും
ആപൂച്ച എനിക്കു കൂട്ടായിരുന്നു.
പിന്നെ മഴ തോർന്നപ്പോൾ അതെന്നോടൊപ്പം വീട്ടിലേക്കു പോന്നു.
പാവം പൂച്ച... അതിനു തിന്നാനെന്തെങ്കിലും കൊടെടീ... അമ്മ പറഞ്ഞു
കൗമാരം
കോളേജു വിട്ടു തിരിച്ചെത്തുമ്പോ
പൂച്ച, മീശ മിനുക്കി,നാവു നുണഞ്ഞ്‌,
വാ മെല്ലെ ചലിപ്പിച്ച്
പൂച്ചക്കണ്ണുകളി വല്ലാത്തൊരു തിളക്കത്തോടെ
എന്നെ കാത്തു കാത്തു നിന്നിരുന്നു.
കണ്ണു തെറ്റിയാ അമ്മ കാണാതെ കട്ടു തിന്നുന്ന പൂച്ചയെ തല്ലാ
ഒരു വലിയ വിറകു കമ്പ്
അടുക്കളയി, പെട്ടെന്നു കൈയ്യെത്തുന്നിടത്ത്വച്ചിരുന്നു ,അമ്മ
പക്ഷേ പൂച്ചയ്ക്ക്അടി കൊള്ളാതെ രക്ഷപ്പെടാനുള്ള വിരുത്നല്ലവണ്ണമുണ്ടായിരുന്നു
"
നാശം പിടിച്ച ജന്തുവിനെ
എവിടെയെങ്കിലും കൊണ്ടുക്കളഞ്ഞില്ലെങ്കി ആപത്താ....
അമ്മ പറഞ്ഞു
യൗവ്വനം 
പെണ്ണു കാണലിനിടെ
ഇനി അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കി ആയിക്കോട്ടെ
എന്നു പറഞ്ഞ്‌, ഞങ്ങളെ തനിച്ചാക്കി എല്ലാവരും പോയിട്ടും പോകാതെ,
പൂച്ച
എന്റെ കണങ്കാലുരുമ്മി അവിടെ തന്നെ നിന്നു.
അദ്ദേഹത്തിനു പൂച്ചയെ പേടിയായിരുന്നു.
അതു രക്ഷസാണത്രേ....
അതിന്റെ രോമം ഉള്ളി ചെന്നാ ഭ്രാന്താകുമത്രേ.....
പൂച്ച എന്നെ നോക്കി ദയനീയമായി കരഞ്ഞു കൊണ്ട്
മുറിയുടെ മൂലയി പോയിക്കിടന്നു.

കല്യാണം ഉറപ്പിച്ച ദിവസം
പൂച്ച പടിയിറങ്ങിപ്പോയി.
പിന്നെ സ്വപ്നങ്ങളി പോലും അതു വന്നില്ല
ഭാഗ്യം.
ഒരു നല്ല ഭാര്യക്കും
നല്ല മരുമകൾക്കും
പൂച്ച
ഒരു ശല്യം തന്നെയാണ്.



 

2010, നവംബർ 9, ചൊവ്വാഴ്ച

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ - ഒരു സൌന്ദര്യാത്മക വിശകലനം

വായനശാലാ മീറ്റിങ്ങിനു ശേഷം കണാരേട്ടന്റെ ചായക്കടയിലിരുന്ന് ചായയും വടയും കഴിക്കുമ്പോഴാണ്‌ അവിവാഹിതനും മധ്യവയസ്കനുമായ കുമാരേട്ടൻ ആ പ്രസ്താവന നടത്തിയത്‌.
"ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടായത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കാലത്താണ്‌"
"അതെന്താ ചേട്ടാ അങ്ങിനെ"? ഷാജിയാണ്‌ അതു ചോദിച്ചത്‌. മീശ മുളച്ചു തുടങ്ങിയിട്ടേയുള്ളു അവന്‌. സ്വന്തം ബൈക്കിൽ ചെത്തി നടക്കുന്ന അവന്‌ അപകടവാർത്തകളിൽ താൽപര്യമുണ്ടാകുന്നത്‌ സ്വാഭാവികം.
" എടാ, കുമാരേട്ടൻ വിശദീകരിക്കാൻ തുടങ്ങി. ഇപ്രാവശ്യം സ്ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയില്ലേ..."
ഹ!! സ്ത്രീകൾക്കു സംവരണമേർപ്പെടുത്തിയാലെങ്ങിനാ ചേട്ടാ, റോഡപകടങ്ങളൂടെ എണ്ണം കൂടുന്നേ"?
"നീ തോക്കീ കേറി വെടി വെക്കാതെടാ കൊച്ചനേ... ഞാനൊന്നു പറയട്ടെ.
എടാ പണ്ടൊക്കെ ഈ എലക്ഷൻ പോസ്റ്ററൊക്കെ ആരെങ്കിലും ശ്രദ്ധിക്കുമാരുന്നോ? ഇല്ല.. കാരണമെന്താ?അന്നാകെയുണ്ടായിരുന്ന പടം താടീം മുടീം നരച്ച, ചാകാറായ കുറെ കെളവന്മാരുടേം , ഡൈ ചെയ്തു കറപ്പിച്ച കുറെ തൈക്കെളവന്മാരുടേം പിന്നെ അങ്ങുമിങ്ങും ചില പഞ്ചാരക്കുട്ടന്മാരുടേം മാത്രമല്ലാരുന്നോ.പക്ഷേ നീ ഇപ്പോ റോഡിലിറങ്ങി ഒന്നു നോക്കിക്കേ,ചുമരായ ചുമരൊക്കെ, പോസ്റ്റായ പോസ്റ്റൊക്കെ യുവ സുന്ദരിമാർ ചിരിച്ചു കൊഴഞ്ഞു നിക്കുന്ന പടങ്ങളല്യോ നെറച്ചും. സിനിമാ പോസ്റ്ററു നാലെണ്ണം കണ്ടു കഴിയുമ്പം നമുക്കറിയാം പിന്നൊള്ളതൊക്കെ ഇതു തന്നാണെന്ന്. പക്ഷേ ഇതതു പോലാന്നോ? ഒരോ വാർഡും കടന്നു പോകുമ്പോ മാറി മാറി വരുവല്യോ മുഖങ്ങള്‌ പല പല ഭാവങ്ങളില്‌. ഇതൊക്കെ കണ്ടു കണ്ടു വണ്ടിയോടിച്ചാ പിന്നെ അപകടമുണ്ടായില്ലെങ്കിലല്ലേ അതിശയമൊള്ളൂ.
 

"അതു ശരിയാ ചേട്ടാ. നല്ലൊന്നാംതരം സുന്ദരിമാരെ തെരഞ്ഞു പിടിച്ചു തന്നാ എല്ലാ പാർട്ടിക്കാരും സ്ഥാനാർഥികളാക്കിയത്‌. പിന്നെ പലരുടേയും പോസ്റ്ററിലെ ഭാവം കണ്ടാൽ അവരു നമ്മളേ എതാണ്ടിനൊക്കെ ക്ഷണിക്കുന്നതു പോലെ തോന്നും". ഷാജി തന്റെ അഭിപ്രായം പറഞ്ഞു.

"അതേടാ അവരു നമ്മളേ ക്ഷണിക്കുവാ - വോട്ടു ചെയ്യാൻ,- അവർക്കു തന്നെ വോട്ടു ചെയ്യാൻ." കണാരേട്ടൻ വ്യക്തമാക്കി.
"ഓ, അപ്പോ അതാ ഇപ്രാവശ്യം പോളിംഗ്‌ ശതമാനം ഇത്ര കൂടാൻ കാരണം അല്ലേ? ഇപ്പൊഴല്ലേ കാര്യം പിടി കിട്ടിയത്‌!! ഈ സുന്ദരിമാരൊക്കെ ഇങ്ങനെ കണ്ണും കയ്യുമൊക്കെ കാണിച്ചു വിളിച്ചാ പിന്നെങ്ങിനെ പോയി ചെയ്യാതിരിക്കും? അല്ലേ കുമാരേട്ടാ.
 

"എന്തായാലും ഇപ്രാവശ്യം ഇലക്ഷൻ കഴിഞ്ഞയുടനെ സ്ഥാനാർഥികൾ തന്നെ പോസ്റ്ററൊക്കെ കീറി മാറ്റി മതിലൊക്കെ വൃത്തിയാക്കി കൊടുത്തത്‌ ഒരു നല്ല കാര്യമായി". തന്റെ ചായക്കട ഭിത്തിയിൽ നിന്നും പോസ്റ്റർ കീറിയെടുത്തിടത്തെ പശയുടെ പാടിലേക്കു നോക്കി കണാരേട്ടൻ പറഞ്ഞു.
"എന്റെ കണാരേട്ടാ അതു സ്ഥാനാർഥികളു ചെയ്ത പൊതുജന സേവനമൊന്നുമല്ല. അതു അവരുടെ ആരാധകര്‌ ഇളക്കി കൊണ്ടു പോയതാ. വീട്ടിൽ കൊണ്ടു വച്ച്‌ എന്നും നോക്കി കണ്ട്‌ ആരാധിക്കാൻ." പറഞ്ഞിട്ട്‌ കുമാരേട്ടൻ ഷാജിയേ അർത്ഥഗർഭമായി ഒന്നു നോക്കി.
അവനൊന്നു ചൂളി. അയ്യേ, ഞാനതിനൊന്നുമല്ല.... കട്ടിയുള്ള പേപ്പറല്ലേ...എന്റെ പുസ്തകം പൊതിയാൻ...
ഹഹഹ... അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോടാ.. നീ കിടന്നു വെരളാതെ... കുമാരേട്ടൻ അവനെ സമാധാനിപ്പിച്ചു.
"എന്തൊക്കെയായാലും ഇവർക്ക്‌ ഇവരുടെ ഭർത്താക്കന്മാരുടെ നല്ല പ്രോത്സാഹനമുണ്ട്‌. ഒരു സ്ഥാനാർഥി ജയിച്ചപ്പോൾ അവരുടെ ഭർത്താവ്‌ സന്തോഷം സഹിക്കാൻ വയ്യാതെ അവരെ പൊക്കിയെടുത്തു നിൽക്കുന്ന പടം കണ്ടില്ലാരുന്നോ പത്രത്തിൽ.. എത്ര സ്നേഹമുള്ള ഭർത്താവ്‌, അല്ലേ"?

ഹഹഹഹ.... അതു സ്നേഹം കൊണ്ടൊന്നുമല്ല മോനേ..വിജയാഹ്ലാദം പ്രകടിപ്പിക്കാനെന്ന പേരിൽ അവരെ കെട്ടിപ്പിടിക്കാനും പൊക്കിയെടുക്കാനും തയാറായി നിന്ന പാർടിക്കാരുടേം ആരാധകരുടേം കയ്യീന്ന് സ്വന്തം ഭാര്യയെ രക്ഷിച്ചു കൊണ്ടു പോകാനുള്ള അയാടെ അടവല്ലാരുന്നോ അത്‌.
ഒരു വാർഡു മെംബറായിപ്പോയെന്നു വച്ച്‌ സ്വന്തം ഭാര്യയേ പൊതുസ്വത്തക്കാനൊന്നും ഒരു ഭർത്താവും സമ്മതിക്കുകേലേ...

ഓ .. അതു ശരി...അപ്പോ എന്തായാലും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു സൌന്ദര്യാത്മക ഭൌതിക വാദ പരമായ സമീപനമായിരുന്നു കൈക്കൊണ്ടത്‌ എന്നു വേണമെങ്കിൽ പറയാം. അല്ലേ?

പിന്നേ. ജയിച്ചു കയറിയ സുന്ദരിമാരുടെ എണ്ണം വച്ചു നോക്കുമ്പോൾ അങ്ങിനെ തന്നെയാണെന്നാണു മനസ്സിലാക്കേണ്ടത്‌.

2010, നവംബർ 4, വ്യാഴാഴ്‌ച

POLICE STORY Part II

ഞാനന്ന് ആലപ്പുഴ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകനാണ്‌.ഒരു ദിവസം രാവിലെയാണ്‌ പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞത്‌,ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറിയിലേക്കുള്ള ഒരു കെട്ട്‌ പുസ്തകം കോഴിക്കോട്‌ നവോദയയിൽ എത്തിയിട്ടുണ്ട്‌, അത്‌ അവിടെ ചെന്ന് എടുത്തു കൊണ്ടു വരണം എന്ന്.കേട്ടപ്പോഴേ എനിക്കു കലി വന്നു. രാത്രി മുഴുവൻ മലബാർ എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉറക്കമില്ലാതെ ഇരുന്ന് യാത്ര ചെയ്ത്‌ ചെന്ന് അന്നു തന്നെ പുസ്തകക്കെട്ടും താങ്ങി തിരികെ.... നാശം വേറെ ആരെയും കണ്ടില്ലേ വിടാൻ.. എന്നൊക്കെയോർത്തു വിഷമിച്ചിരിക്കുമ്പോഴാണ്‌ ദൈവദൂതനെപ്പോലെ എല്ലാവരും അച്ചായൻ എന്നു വിളിക്കുന്ന രാജുസർ അരികിലെത്തിയത്‌.

എടാ പാലക്കാട്‌ നവോദയയിൽ നിന്നും പുസ്തകമെടുക്കാൻ ജോമോൻ പോകുന്നുണ്ട്‌. നമ്മുടെ കെട്ടു കൂടി കൊണ്ടുവരാൻ അവനെ ഏൽപ്പിച്ചാൽ മതി. നിനക്കു കോഴിക്കോടു വരെയുള്ള യാത്ര ഒഴിവാക്കാം. നീ ഉടൻ തന്നെ ജോമോനെ വിളിച്ചു പറ നമ്മുടെ കെട്ടു കൂടി കൊണ്ടു വരണമെന്ന്. നീ ഷൊർണൂരോ മറ്റോ റെയിൽവേസ്റ്റേഷനിൽ ചെന്ന് അതു വാങ്ങിയാൽ മതിയല്ലോ.
ഈ അച്ചായൻ അല്ലെങ്കിലും ഇങ്ങിനെയാ...മറ്റുള്ളവരെ സഹായിക്കാൻ ആർത്തി പിടിച്ചു നടക്കുന്ന ഇതുപോലെ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ വേറെ കണ്ടിട്ടില്ല.
അച്ചായന്റെ തടിച്ചു കൊഴുത്ത ശരീരത്തിനിരുവശത്തു നിന്നും രണ്ടു വെള്ളിച്ചിറകുകൾ മുളച്ചു വരുന്നതു പോലെ എനിക്കു തോന്നി.ആ സുന്ദരമായ കഷണ്ടിത്തലയ്ക്കു ചുറ്റും ഒരു പ്രകാശവൃത്തം ഉദിച്ചു നിൽക്കുന്നതായും ഞാൻ കണ്ടു. മനസ്സു കൊണ്ട്‌ ഞാനാ ദിവ്യരൂപത്തെ നമിച്ചു.

എന്റെ ക്വാർട്ടേഴ്സിലെത്തി ഞാൻ ജോമോനെ വിളിക്കാൻ ഫോണിനടുത്തെത്തിയതും ഫോൺ ബെല്ലടിച്ചു.
അതു പാലക്കാട്ടു നിന്നും ജോമോനായിരുന്നു. "ഹോ തേടിയ വള്ളി കാലിൽ ചുറ്റി" എനിക്കു സന്തോഷമായി.
"ജോമോനേ ഞാനങ്ങോട്ടു വിളിക്കാൻ തുടങ്ങുകയായിരുന്നു"
"ആ എനിക്കറിയാം ശിവാ പുസ്തകത്തിന്റെ കാര്യത്തിനല്ലേ"?
"അതേ എങ്ങിനറിഞ്ഞു"?
"നമ്മുടെ രാജു അച്ചായൻ ഇപ്പോ വിളിച്ചു പറഞ്ഞതേയുള്ളു"
ഹോ എത്ര നല്ല മനുഷ്യൻ!!! ഞാൻ ആ ദിവ്യരൂപത്തിനു മുൻപിൽ രണ്ടു മെഴുകുതിരികൂടി മനസാ കത്തിച്ചു.

"അതു ശരി. അപ്പോ കാര്യങ്ങളൊക്കെ നീ ഏറ്റല്ലോ.." ഞാൻ ചോദിച്ചു
"പിന്നേ, നീ പുസ്തകവുമായി ഷൊർണൂരെത്തുമ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലുണ്ടാവും". അവൻ വലിയ സന്തോഷത്തിൽ പറഞ്ഞു.
"എങ്ങിനെ"?? എനിക്കപകടം മണത്തു തുടങ്ങി. ദൈവമേ ഈ വള്ളി കാലിലല്ലല്ലോ കഴുത്തിലാണോ ചുറ്റുന്നത്‌....
"ശിവാ, കോഴിക്കോടിനു നീ പൊക്കോളാമെന്നു സമ്മതിച്ചത്‌ എനിക്കു വലിയ സഹായമായി. ഞാൻ ആകെ റ്റെൻഷനടിച്ചിരിക്കുകയായിരുന്നു. നീ പൊക്കോളും എന്നു അച്ചായൻ വിളിച്ചു പറഞ്ഞപ്പോഴാ എനിക്കു സമാധാനമായത്‌".
ഞാൻ എന്തു പറയണമെന്നറിയാതെ അന്തിച്ചിരുന്നു പോയി. അപ്പോ എന്നേ സഹായിച്ചതിനു തൊട്ടു പിറകേ അച്ചായൻ ജോമോനേയും സഹായിച്ചു!!! എല്ലാം ഏർപ്പാടാക്കുകയും ചെയ്തു.
ഒരു ഞൊടിയില്‍ ആ തടിമാടൻ അച്ചായന്റെ വെൺ ചിറകുകൾ അപ്രത്യക്ഷമായി. ശിരസ്സിനു ചുറ്റും ഇപ്പോൾ കാണുന്നത്‌ പ്രകാശവലയമൊന്നുമല്ല സിഗററ്റിന്റെ പുകയാണ്‌. ഞാൻ മുൻപേ കത്തിച്ച മെഴുകുതിരികൾ ഊതിക്കെടുത്തി. ഇപ്പോൾ കാണുന്നത്‌ കൊമ്പും വാലും കൈയ്യിലൊരു കുന്തവുമുള്ള ചെകുത്താന്റെ രൂപമാണ്‌. എടോ പൊണ്ണത്തടിയാ തനിക്കു ഞാൻ വച്ചിട്ടുണ്ട്‌... ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ട്‌ ജോമോൻ കെഞ്ചാൻ തുടങ്ങി.
"എടാ പെണ്ണുമ്പിള്ള അവളുടെ വീട്ടിൽ പോയിരിക്കുവാ. ഇവിടെ ഞാൻ മാത്രമേയുള്ളു. എനിക്കാണെങ്കിൽ ഒഴിവാക്കാൻ പറ്റാത്ത ചില അത്യാവശ്യങ്ങളും. നീ ഒന്നു സഹായിച്ചേ പറ്റൂ.. പ്ലീസ്‌.....ഒരാൾ ഇങ്ങിനെ കെഞ്ചി കാലു പിടിക്കുമ്പോൾ എനിക്കെങ്ങിനെ നിരസിക്കാനാവും??

അങ്ങിനെ ആലപ്പുഴയിലേക്കുള്ള കുരിശിന്റെ കൂടെ പാലക്കാട്ടേക്കുള്ള മുൾക്കിരീടം കൂടി ചുമക്കാം എന്നു ഞാൻ ഏറ്റു.....

*************************************
പ്രതീക്ഷിച്ചതിലും വലിപ്പമുണ്ടായിരുന്നു പുസ്തകക്കെട്ടുകൾക്ക്‌. കെട്ടിൽ പുസ്തകങ്ങൾ മാത്രമായിരുന്നില്ല ലാബിലേക്കുള്ള ചില ചെറിയ ഉപകരണങ്ങൾ കൂടി ഉണ്ടായിരുന്നു. പാലക്കാട്ടേക്കുള്ള കെട്ട്‌ ജോമോൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വന്നു വാങ്ങിക്കൊള്ളാം എന്നാണ്‌ ഏറ്റിരുന്നത്‌. പക്ഷേ ട്രെയിൻ ഷൊർണൂരെത്തിയപ്പോൾ കെട്ടു വാങ്ങാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഞാൻ പ്ലാറ്റ്ഫോമിലിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി.
പരിചയമുള്ള ആരുമില്ല.
അവസാനം ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപ്‌ ജോമോനെയും അവന്റെ മുൻപുള്ള പത്തു തലമുറയെയും അതേപോലെ അച്ചായനേയും അച്ചായന്റെ മുൻ തലമുറയിൽ പെട്ടവരേയും ഒക്കെ മനസ്സിൽ സ്മരിച്ചു കൊണ്ട്‌ രണ്ടു കെട്ടുമെടുത്ത്‌ ഞാൻ ട്രെയിനിൽ നിന്നു പുറത്തിറങ്ങി. അടുത്ത ട്രെയിനിൽ കയറി ഷൊർണൂർ നിന്നും പാലക്കാട്ടേക്ക്‌. പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കെട്ടുകളും താങ്ങി ഓട്ടൊയിൽ ബസ്സ്റ്റാൻഡിലേക്കു പോകുമ്പോഴാണ്‌ ആ ബോർഡ്‌ കണ്ടത്‌. പൊലീസ്‌ സ്റ്റേഷൻ.
പെട്ടെന്ന് മനസ്സിൽ ഒരു ബൾബ്‌ കത്തി. സുരേന്ദ്രൻ. അവൻ സ്ഥലം മാറ്റം കിട്ടി ഈ സ്റ്റേഷനിൽ SI ആണെന്ന് കുറച്ചു നാൾ മുൻപ്‌ വിളിച്ചപ്പോൾ പറഞ്ഞത്‌ ഞാൻ ഓർത്തു. ഒരു വെടിക്ക്‌ രണ്ടു പക്ഷി. സുരേന്ദ്രനെ ഒന്നു കാണുകയും ചെയ്യാം ആലപ്പുഴയ്ക്കുള്ള പുസ്തകക്കെട്ട്‌ ഇവിടെ വച്ചു പോകുകയും ചെയ്യാം. തിരികെ വരുമ്പോൾ എടുത്താൽ മതിയല്ലോ. വെറുതെയെന്തിന്‌ അങ്ങോട്ടുമിങ്ങോട്ടും ചുമക്കണം?

ബസ്‌ സ്റ്റാൻഡിലേക്കെന്നു പറഞ്ഞ്‌ ഓട്ടം വിളിച്ചിട്ട്‌ പൊലീസ്‌ സ്റ്റേഷനു മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞപ്പോൾ ഓട്ടോക്കാരൻ ഒന്നമ്പരന്നു.
"എന്താ സർ സ്റ്റാൻഡിൽ പോകണ്ടേ"?
"വേണം.. SI എന്റെയൊരു സുഹൃത്താ. ഒന്നു കണ്ട്‌ ഈ കെട്ടും ഇവിടെ ഏൽപ്പിച്ചിട്ട്‌ ഞാനിപ്പോ വരാം".
ഹൌ!!! അതു വരെ അഹങ്കാരത്തോടെ നെഞ്ചും വിരിച്ചു നിന്നിരുന്ന ഓട്ടോക്കാരൻ പെട്ടെന്ന് വിനയാന്വിതനായി. "കെട്ടു ഞാനെടുക്കാം സർ". SI യുടെ സുഹൃത്താകുന്നതിന്റെ ഒരു ഗമയേ....
ഞങ്ങൾ പുസ്തകക്കെട്ടുമായി സ്റ്റേഷനിലേക്കു കയറി.
ഒരു വലിയ തോക്ക്‌ അടുത്ത്‌ ചാരി വച്ച്‌ ഒരു പാറാവുകാരൻ സ്റ്റേഷൻ വരാന്തയിലെ ബഞ്ചിലിരുന്ന് ഉച്ചത്തിൽ കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. അയാളുടെ ഉറക്കത്തിനു ശല്യമുണ്ടാക്കാതെ ഞങ്ങൾ നിശ്ശബ്ദരായി അകത്തേക്കു കയറി.
കറുത്തിരുണ്ട ഭീമാകാരനായ ഒരു പോലീസുകാരൻ, ഒരു വലിയ പെൻസിൽ പാതിയോളം തന്റെ ചെവിക്കുള്ളിൽ കയറ്റി തിരിച്ചു കൊണ്ട്‌ ആനന്ദാനുഭൂതിയിൽ മുഴുകി കണ്ണുമടച്ചിരിപ്പുണ്ടായിരുന്നു അവിടെ ഒരു കസേരയിൽ.
"സാർ" ഞാൻ മെല്ലെ വിളിച്ചു.
തന്റെ സ്വർഗ്ഗീയാനന്ദത്തിനു ഭംഗം വരുത്തിയ നികൃഷ്ടകീടമാര്‌? എന്ന മട്ടിൽ മെല്ലെ കണ്ണു തുറന്ന് അയാൾ ഞങ്ങളെ നോക്കി.പിന്നെ ചെവിയിൽ നിന്നും പെൻസിൽ ഊരിയെടുത്ത്‌ കൊണ്ട്‌ ചോദിച്ചു "ഉം?? എന്താ"?
"സുരേന്ദ്രൻ സാറ്‌.......
SI സാറിവിടില്ല. എന്താ കേസ്‌?
"അയ്യോ കേസൊന്നുമല്ല. ഞാൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്താ. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. ഇതു വഴി പോയപ്പോൾ ഒന്നു കണ്ടിട്ടു പോകാം എന്നു കരുതി കയറിയതാ.."
ഒന്നും തടയുന്ന കേസല്ലെന്നു മനസ്സിലായതോടെ അയാൾക്കുണ്ടായിരുന്ന അൽപം താൽപര്യവും പോയി.
"സാറു വരാൻ വൈകും."
"എന്റെ പെരു ശിവപ്രസാദെന്നാ. ഞാൻ നവോദയ സ്കൂളു വരെ പോകുവാ. ഈ പുസ്തകം ഇവിടൊന്നു വച്ചാൽ ഞാൻ തിരിച്ചു വരുമ്പോൾ എടുത്തോളാം. അപ്പോഴേക്കും സുരേന്ദ്രൻ സാറും വരുമല്ലോ".
"ഉം ആ മേശയ്ക്കടുത്തു വച്ചേക്ക്‌. അയാൾ അലസമായി പറഞ്ഞു. സാറു വരാൻ ഉച്ച കഴിയും". അയാൾ വീണ്ടും പെൻസിൽ ചെവിയിലേക്കു കയറ്റി കണ്ണുകളടച്ചു.
ഡ്രൈവർ കെട്ടു മേശയ്ക്കടുത്ത്‌ വച്ചു. "എന്നാൽ ഞാൻ അപ്പോഴേക്കു വരാം" എന്നു പറഞ്ഞ്‌ പുസ്തകക്കെട്ട്‌ മേശയുടെ അടിയിലേക്ക്‌ ഒന്നു കൂടി കയറ്റി വച്ച്‌ ഞങ്ങൾ പുറത്തിറങ്ങി.പാറാവുകാരൻ ഇതൊന്നുമറിയാതെ അപ്പോഴും നല്ല ഉറക്കമായിരുന്നു.
ആ നല്ല ഓട്ടൊക്കാരൻ എന്നെ ബസ്‌ സ്റ്റാൻഡിൽ എത്തിച്ച്‌ നവോദയ സ്കൂൾ വഴി പോകുന്ന ബസിൽ കയറ്റി ഇരുത്തിയിട്ടാണ്‌ തിരിച്ചു പോയത്‌.

**********************************************

പാലക്കാട്‌ നവോദയ വിദ്യാലയത്തിലെത്തിയ ഞാൻ നേരേ ജോമോന്റെ ക്വാർട്ടേഴ്സിലേക്കാണ്‌ പോയത്‌.അവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.
തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരിയായ സുന്ദരിയായ ടീച്ചറിന്‌, പാലാ മൂവാറ്റുപുഴ ഭാഗത്തെ കൃസ്ത്യാനികൾ എങ്ങിനെയാണ്‌ കപ്പപ്പുഴുക്ക്‌ വയ്ക്കുന്നത്‌ എന്നതിനെപ്പറ്റി മതിലിനു മുകളിൽ കൂടി ക്ലാസ്സെടുക്കുകയായിരുന്നു അവൻ. അവന്റെ ഭാര്യ നാട്ടിൽ പോയതു കൊണ്ടുണ്ടായ "ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾ" എനിക്കു പിടി കിട്ടി.

പുസ്തകക്കെട്ടും ചുമന്നു വരുന്ന എന്നെ കണ്ടതും അവൻ പ്രേതത്തെ കണ്ടതു പോലെ ഒന്നു ഞെട്ടുകയും വല്ലാതെ വിളറി വെളുക്കുകയും ചെയ്തു.
"അയ്യോ ശിവാ... നീ... നീയിങ്ങെത്തിയോ?? ഞാൻ... ഞാനക്കാര്യമങ്ങു മറന്നു പോയി... ടീച്ചറേ ഇതു ശിവൻ.. ആലപ്പുഴ നവോദയയിലെ...
ആ സുന്ദരിക്ക്‌ എന്നെ പരിചയപ്പെടുത്തി എന്റെ കോപമൊന്നു തണുപ്പിക്കാനാണ്‌ അവന്റെ ശ്രമമെന്ന് എനിക്കു മനസ്സിലായി. അതവഗണിച്ച്‌ ഞാൻ നേരേ അവന്റെ ക്വാർട്ടേഴ്സിനകത്തേക്കു കയറി. പക്ഷേ അവന്‍ പുറത്തു തന്നെ നിന്നതേയുള്ളു.
"നീയിങ്ങകത്തു വാ".... ഞാൻ വിളിച്ചു.
അവൻ പേടിച്ചു പേടിച്ച്‌ അകത്തേക്കു വന്നു.
അവൻ ജീവിതത്തിൽ ഇന്നു വരെ കേട്ടിട്ടില്ലാത്ത മുട്ടൻ തെറികൾ വിളിച്ച്‌ ഞാൻ എന്റെ ദേഷ്യവും സങ്കടവും തീർത്തു.
അന്നൊരു അവധി ദിവസമായിരുന്നതു കൊണ്ട്‌ എല്ലാവരും അവരവരുടെ ക്വാർട്ടേഴ്സുകളിൽ തന്നെ ഉണ്ടായിരുന്നു. എല്ലാവരുമായും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.ഇടയ്ക്ക്‌ ജോമോൻ അവൻ തന്നെ വച്ച കപ്പപ്പുഴുക്കും തന്നു സത്ക്കരിച്ചു.
മൂന്നു മണിയോടെ തിരികെപ്പോരുന്നതിനു മുൻപ്‌ ഞാൻ പ്രിൻസിപ്പലിനെ പോയി കണ്ടു. അദ്ദേഹം അടുത്തിടയ്ക്കു ട്രാൻസ്ഫറായി വന്ന ആളായിരുന്നു. അതു കൊണ്ട്‌ ഞങ്ങൾക്കു പരസ്പരം വലിയ പരിചയമുണ്ടായിരുന്നില്ല.
ഞാൻ സ്വയം പരിചയപ്പെടുത്തിയ ഉടൻ അദ്ദേഹം ആദ്യം ചോദിച്ചത്‌" നിങ്ങൾ വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടാണോ ഇങ്ങോട്ടു വന്നത്‌"? എന്നായിരുന്നു.
അയ്യോ ഇല്ല സാർ... എന്താ അങ്ങിനെ ചോദിച്ചത്‌?
പൊലീസ്‌ സ്റ്റേഷനിൽ നിന്നും നാലഞ്ചു പ്രാവശ്യം എന്നെ വിളിച്ചിരുന്നു. ശിവനെന്നൊരാളെ അറിയുമോ ഇങ്ങോട്ടു വന്നോ എന്നൊക്കെ അന്വേഷിച്ചു. നിങ്ങൾ വന്ന വിവരമൊന്നും ഞാനറിഞ്ഞില്ലല്ലോ അതു കൊണ്ട്‌ ഞാൻ അങ്ങിനൊരാളെ അറിയില്ല ഇവിടെ വന്നിട്ടുമില്ല എന്നു പറഞ്ഞു. എന്താ പ്രശ്നം? വല്ല പൊലീസ്‌ കേസുമുണ്ടോ?

"ഏയ്‌.. കേസൊന്നുമല്ല സാറേ. SI എന്റെയൊരു ക്ലാസ്‌മേറ്റാ. അതു കൊണ്ടു വിളിച്ചതാ"..
"ഓ അതാണോ ഞാൻ പേടിച്ചു പോയി കേട്ടോ".അദ്ദേഹത്തിനാശ്വാസമായി.

ജോമോൻ എന്നെ ബൈക്കിൽ പൊലീസ്‌ സ്റ്റേഷൻ വരെ കൊണ്ടാക്കി. നേരത്തെ പെട്ടെന്ന് ഓർമ്മയിൽ വരാതിരുന്ന കുറെ തെറികൾ കൂടി ഓർമ്മ വന്നത്‌ ബൈക്കിന്റെ പിന്നിലിരുന്ന് അവനെ വിളിക്കുന്ന തിരക്കിലായിരുന്നതിനാൽ സ്റ്റേഷനെത്തിയത്‌ അറിഞ്ഞില്ല. അവനെന്നെ സ്റ്റേഷനു മുന്നിൽ ഇറക്കി വിട്ട്‌ പെട്ടെന്ന് സ്ഥലം കാലിയാക്കി. അവനു തിരക്കുണ്ടായിരുന്നു. ഭാര്യ തിരിച്ചു വരുന്നതിനു മുൻപ്‌ ആ ടീച്ചറെ കപ്പപ്പുഴുക്കിന്റെ പാചകവിധി മുഴുവൻ പഠിപ്പിക്കാനുള്ളതാണല്ലോ.

*************************************
സ്റ്റേഷനു മുൻപിൽ ജീപ്പ്‌ കിടപ്പുണ്ടായിരുന്നു. ഭാഗ്യം സുരേന്ദ്രൻ എത്തിയിട്ടുണ്ട്‌.
രാവിലെ എന്നെ കൊണ്ടു വിട്ട ഓട്ടോയും സ്റ്റേഷൻ മുറ്റത്തു തന്നെ കിടപ്പുണ്ടായിരുന്നു. അതും നന്നായി. ഞാനോർത്തു. റെയിൽവേ സ്റ്റേഷനിലേക്ക്‌ അതിൽ തന്നെ പോകാമല്ലോ.
സുരേന്ദ്രൻ ജീപ്പിൽ കൊണ്ടു വിടും, എന്നാലും തിരക്കിലാണെങ്കിൽ അവനെ ബുദ്ധിമുട്ടിക്കാതെ കഴിക്കാമല്ലോ.

രാവിലെ ബെഞ്ചിലിരുന്ന് കൂർക്കം വലിച്ചുറങ്ങുകയായിരുന്ന പാറാവുകാരൻ ഇപ്പോള്‍ വളരെ ജാഗരൂകനായി തോക്കും പിടിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു.
ഉം എന്താ? എന്നെ കണ്ടയുടൻ അയാൾ ചോദിച്ചു.
"സുരേന്ദ്രൻ സാറിനെ കാണാൻ....
"ഇവിടെ നിക്ക്‌".. ആജ്ഞാപിച്ച ശേഷം അയാൾ അകത്തേക്കു പോയി. ഉടൻ തന്നെ തിരിച്ചു വന്ന് എന്നെ അകത്തേക്കു വിളിച്ചു. എന്റെ കൂടെ തൊട്ടു പിന്നിലായി തോക്കും പിടിച്ച്‌ അയാളും വന്നു.

ഞാൻ അകത്തേക്കു കാൽ വച്ച ഉടൻ മുറിയുടെ മൂലയിൽ അണ്ടർവെയർ മാത്രം ധരിച്ച്‌ കുത്തിയിരിക്കുകയായിരുന്ന ഒരവശ രൂപം പെട്ടെന്ന് ചാടി എഴുന്നേറ്റു.
"ഇവൻ തെന്നെയാ സാറേ... ഇവൻ തന്നെ...

ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. ആളെ മനസ്സിലാക്കാൻ അൽപസമയമെടുത്തു. രാവിലെ എന്നെ കൊണ്ടു വിട്ട ഓട്ടോ ഡ്രൈവറായിരുന്നു അത്‌.
ഞാൻ മുറിയുടെ മദ്ധ്യത്തിലെ മേശയ്ക്കപ്പുറത്തിരുന്ന രൂപത്തെ നോക്കി.
കൊമ്പൻ മീശയും കുറ്റിത്തലമുടിയും ചുവന്ന ഉണ്ടക്കണ്ണുകളും ഒക്കെയുള്ള ഒരജാനുബാഹുകൻ യൂണിഫോമിലിരിക്കുന്നു.
നീയിതുവരെ എവിടാരുന്നു? ബാഹുകൻ ചോദിച്ചു.
നവോദയ സ്കൂളിലായിരുന്നു സാറേ... സാറിന്റെ ഒടുവിലെ നീട്ടൽ പേടി കാരണം അൽപം കൂടുതൽ നീണ്ടു പോയി..
അയാൾ കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റു.
നീയെന്താടാ ഇവിടെ വച്ചിട്ടു പോയത്‌?
ലൈബ്രറിയിലേക്കുള്ള പുസ്തക.......
കള്ളം പറയുന്നോടാ റാസ്കൽ!!! പുസ്തകത്തിനെന്തിനാടാ വയറും ടൈമറുമൊക്കെ? സത്യം പറയെടാ. നീ സ്റ്റേഷനു ബോംബ്‌ വെക്കാൻ വന്നതല്ലേടാ.???
എനിക്കു തല ചുറ്റുന്നതു പോലെ തോന്നി.
അയ്യോ അല്ല സാറേ അതിൽ ഫിസിക്സ്‌ ലാബിലേക്കുള്ള കുറച്ച്‌ ഉപകരണങ്ങളുമുണ്ടായിരുന്നു. അതിന്റെയായിരിക്കും വയറുമൊക്കെ.. അല്ലാതെ ബോംബൊന്നുമല്ല സാറേ."

"ഉം. SI  നിന്റെ ക്ലാസ്‌ മേറ്റാണെന്നു പറഞ്ഞതു നേരാണോടാ?
"അതേ സർ, SI സുരേന്ദ്രനും ഞാനും ഒന്നിച്ചു പഠിച്ചതാ സാർ."
അപ്പോഴെക്കും ആ ബാഹുകൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്നയാൾ രണ്ടു കൈയ്യും കൂട്ടി എന്റെ കോളറിൽ പിടിച്ച്‌ ശക്തിയായി മുകളിലേക്കുയർത്തി ഒന്നു കുടഞ്ഞു. ഞാൻ അന്തരീക്ഷത്തിൽ കാലിട്ടടിച്ച്‌ തൂങ്ങിക്കിടന്നു.
"ഭ... ---മോനേ.. എവിടാടാ ഞാൻ നിന്റെ കൂടെ പഠിച്ചത്‌?
എന്റെ ബോധം മറയുന്നതു പോലെ തോന്നി .... എനിക്കു വല്ലാതെ മൂത്രമൊഴിക്കാൻ മുട്ടി...
അയ്യോ സാറല്ലേ.. സാറല്ലേ.. ഞാൻ ഇവിടുത്തെ SI സുരേന്ദ്രന്റെ കൂടാണേ പഠിച്ചത്‌..
പെട്ടെന്നെന്റെ കണ്ണുകൾ അയാളുടെ നെഞ്ചത്തെ നെയിംപ്ലേറ്റിൽ ഉടക്കി. K B സുരേന്ദ്രൻ.
സാറല്ലേ സാറല്ലേ വേറേ സുരേന്ദ്രനാണേ എന്റെ കൂടെ പഠിച്ചത്‌. ഇവിടുത്തെ SI ആണെന്നാ അവനെന്നോടു പറഞ്ഞത്‌... ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ സാറേേ...

എന്റെ ദയനീയമായ കരച്ചിൽ കണ്ടു കഷ്ടം തോന്നിയിട്ടാവാം അയാളെന്നെ താഴെ നിർത്തി. അപ്പോൾ രാവിലെ കണ്ട പോലീസുകാരൻ ഒന്നാലോചിച്ചിട്ട്‌ മെല്ലെ പറഞ്ഞു. "സാറേ ഇനി കഴിഞ്ഞ മാസം വെസ്റ്റീന്നു ട്രാൻസ്ഫറായിപ്പോയ സുരേന്ദ്രൻ സാറെങ്ങാനുമാരിക്കുവോ??"
"എനിക്കൊന്നുമറിയില്ലെന്റെ സാറേ.. ഞാൻ ദയനീയമായി പറഞ്ഞു. ഇവിടാണെന്നാ കഴിഞ്ഞ മാസം വിളിച്ചപ്പോൾ അവൻ പറഞ്ഞത്‌.
"നീ ഇതു വരെ എവിടാരുന്നു"?
ഞാൻ നവോദയ....
നീ അവിടെങ്ങും ചെന്നിട്ടില്ലെന്നാണല്ലോ പ്രിൻസിപ്പൽ പറഞ്ഞത്‌.
ഉച്ച കഴിഞ്ഞാണേ സാറെ ഞാൻ പ്രിൻസിപ്പലിനെ കണ്ടത്‌. ഇവിടുന്ന് നാലഞ്ചു പ്രാവശ്യം വിളിച്ചാരുന്നെന്നദ്ദേഹം പറഞ്ഞാരുന്നേ. കൂട്ടുകാരൻ സുരേന്ദ്രൻ സ്നേഹം കൊണ്ടു വിളിച്ചതാന്നാണേ ഞാൻ കരുതിയത്‌. ഇപ്പോ ഒന്നു വിളിച്ചു നോക്കിയാട്ടെ. സത്യം അറിയാമേ. ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു.

ഉം.. SI ആലോചനയിൽ മുഴുകി. താനവിടെപ്പോയി നിക്ക്‌. ഞാനൊന്നന്വേഷിക്കട്ടെ. ബാഹുകൻ പറഞ്ഞു.
ഞാനും ഓട്ടോ ഡ്രൈവറുടെ അടുത്ത്‌ പോയി നിൽപ്പായി. പാന്റും ഷർട്ടും ഊരണോ എന്നു ഞാനൊന്നു സംശയിച്ചു. പിന്നെ പറഞ്ഞാലൂരാം എന്നു തീരുമാനിച്ച്‌ ഞാൻ ആ ഓട്ടോക്കാരനെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാൾ അണ്ടര്‍വെയറിട്ട പിശാച്‌  പാന്റും ഷര്‍ട്ടുമിട്ട ദൈവത്തെ നോക്കുന്നത്ര ദേഷ്യത്തിൽ എന്നെ നോക്കിക്കൊണ്ട്‌ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.

കുരെയെറെ ഫോൺ കോളുകൾക്കു ശേഷം SI എന്നെ വിളിപ്പിച്ചു. ഇപ്പോൾ അയാളൽപം സൌമ്യനായിരുന്നു.
തന്റെ കൂട്ടുകാരൻ സുരേന്ദ്രനെ കിട്ടി. അയാളു വെസ്റ്റിലാരുന്നു. കഴിഞ്ഞ മാസം ട്രാൻസ്ഫറായി പോയി. ഇപ്പോ കണ്ണൂരാ. താനറിഞ്ഞില്ലേ?
ഇല്ല.സാറേ.

"ഉം.. സാറെന്തായാലും ഞങ്ങളെ ഒന്നു വലച്ചു. ങ്‌ഹാ സാരമില്ല. സാറു പൊയ്ക്കോളൂ." എന്നിട്ടയാളാ ഓട്ടോക്കാരനേ നോക്കി. “താനും പൊയ്ക്കോ.“
ഓട്ടോക്കരൻ തനെ പാന്റും ഷർട്ടും കൈയ്യിലെടുത്ത്‌ ജീവനുംകൊണ്ട്‌ പുറത്തേക്കു പാഞ്ഞു.
പോകാനൊരുങ്ങിയപ്പോഴാണ്‌ ഞാനെന്റെ പുസ്തകക്കെട്ടിന്റെ കാര്യമോർത്തത്‌.
"സാറേ എന്റെ പുസ്തകം."
SI യും പോലീസുകാരും പരസ്പരം നോക്കി. അവരുടെ മുഖത്ത്‌ വല്ലാത്തൊരു ചമ്മലുണ്ടായിരുന്നു.
"കൊടുത്ത്‌ വിടെടോ". SI പറഞ്ഞു.
"വാ സാറേ" പോലീസുകാരൻ എന്നെ വിളിച്ചു കൊണ്ട്‌ സ്റ്റേഷനു പിന്നിലേക്കാണു പോയത്‌. സ്റ്റേഷൻ വളപ്പും കഴിഞ്ഞ്‌, റോഡിനുമപ്പുറത്തെ ഒരു വലിയ ഗ്രൌണ്ടിലേക്ക്‌ അയാളെന്നെ കൊണ്ടു പോയി. നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
"പുസ്തകമാണെന്നു പറഞ്ഞിട്ട്‌ അതിനകത്തു വയറും ക്ലോക്കുമൊക്കെ കണ്ടതാ കുഴപ്പമായത്‌.ഇന്നത്തെ കാലമല്ലേ.. ആരേം വിശ്വസിക്കാൻ പറ്റത്തില്ലേ.."
ഗ്രൌണ്ടിനു വെളിയിൽ നാലു വശത്തുമായി കുറെ പോലീസുകാർ നിൽപ്പുണ്ടായിരുന്നു. അവരോട്‌ എന്റെ കൂടെ വന്ന പോലീസുകാരൻ എന്തോ പറഞ്ഞു.

ഞങ്ങൾ ഗ്രൌണ്ടിനു നടുക്കെത്തി. അവിടെ ചതുരത്തിലടുക്കിയ മണൽ ചാക്കുകൾക്കു നടുവിലെ വലിയൊരു കുഴിയിൽ ഇറക്കി വച്ചിരുന്ന കുട്ടകത്തിലെ വെള്ളത്തിൽ മുങ്ങി നിർവ്വീര്യമാക്കപ്പെട്ടു കിടക്കുന്നുണ്ടായിരുന്നു എന്റെ പുസ്തകബോംബ്...‌..

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

***POLICE STORY*** (Part 1)

***പോലീസ്‌ സ്റ്റോറി *** (ഭാഗം 1)

                                 ഒരാഴ്ച നീണ്ട ഒരു വയനാടൻ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഞാൻ.സമയം സന്ധ്യയോടടുത്തിരുന്നു. ചുരമിരങ്ങുന്ന ബസിന്റെ സൈഡ്‌ സീറ്റിലിരുന്ന ഞാൻ തണുത്ത കാറ്റേറ്റ്‌ അറിയാതെ മയങ്ങിപ്പോയി.

                    ഞെട്ടിയുണർന്നപ്പോൾ ബസ്‌ നിർത്തിയിരിക്കുകയാണ്‌. നല്ല മഞ്ഞുണ്ടായിരുന്നു പുറത്ത്‌, ബസിനു ചുറ്റും പോലീസ്‌.ബസിനകത്ത്‌ 3 - 4 പോലീസുകാർ യാത്രക്കാരുടെയെല്ലാം ബാഗുകളും പെട്ടികളുമൊക്കെ തട്ടിയും മുട്ടിയും തുറന്നും പരിശോധിക്കുന്നു.ചിലരോടൊക്കെ എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്‌.(കഞ്ചാവു കടത്തു തടയാനായി സ്ഥിരമുള്ള ഏർപ്പാടാണ്‌ ഈ ചെക്കിംഗ്‌ എന്നു പിന്നീടറിഞ്ഞു)

ഒരു പോലീസുകാരൻ എന്റെ മുഖത്തേക്കു റ്റോർച്ചടിച്ചു നോക്കി.സീറ്റിനടിയിൽ വച്ചിരുന്ന പെട്ടി ചൂണ്ടി ചോദിച്ചു
"നിങ്ങടെയാ?"
"അതേ" ഞാൻ മറുപടി കൊടുത്തു
"തുറക്ക്‌" അതൊരാജ്ഞയായിരുന്നു.
അൽപം വലിയ പെട്ടി ഞാൻ ബുദ്ധിമുട്ടി സീറ്റിനടിയിൽ നിന്നും പുറത്തെടുത്ത്‌ തുറന്നു കാട്ടി. പോലീസുകാരൻ ലാത്തി കൊണ്ട്‌ പെട്ടിയിലുണ്ടായിരുന്ന തുണികൾക്കിടയിൽ പരതി, മൂലകളിൽ കുത്തി നോക്കി. ഒടുവിൽ തൃപ്തനായി അയാൾ പറഞ്ഞു. "ശരി അടച്ചോളൂ"

എല്ലാവരേയും പരിശോധിച്ച ശേഷം പോലീസുകാരെല്ലാം ബസിൽ നിന്നിറങ്ങി. വണ്ടി നിർത്തിയ ശേഷം തൊട്ടടുത്തുണ്ടായിരുന്ന ചായക്കടയിൽ ചായ കുടിക്കാൻ പോയിരുന്ന ഡ്രൈവറും കണ്ടക്ടറും അപ്പോഴേക്കും തിരികെയെത്തി.ഇനി പോകാമല്ലോ എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോൾ അതാ അൽപം പ്രായം ചെന്ന മറ്റൊരു പോലീസുകാരൻ ബസിലേക്കു കയറി. അയാൾ മറ്റാരെയും ഗൌനിക്കാതെ നേരെ എന്റെ അടുത്തേക്കു വന്നു ചോദിച്ചു;
"എവിടെ പോകുന്നു?"
ചില സുഹൃത്തുക്കളെ കാണാൻ പോയതാണെന്നും ഇപ്പോൾ ആലപ്പുഴയിലുള്ള വീട്ടിലേക്കു തിരികെ പോകുകയാണെന്നും ഞാൻ അയാളോടു പറഞ്ഞു.
ബസിലുണ്ടായിരുന്ന മുഴുവൻ ആൾക്കാരുടേയും ശ്രദ്ധ ഇപ്പോൾ ഞങ്ങളിലായിരുന്നു.ഏതോ വലിയ കുറ്റവാളിയെ നോക്കുന്നതു പോലെയായിരുന്നു പലരുടേയും നോട്ടം.
"ഉം.. ഇറങ്ങൂ. ദാ സാറു വിളിക്കുന്നു."
ദൈവമേ!!! എന്റെ ഉള്ളൊന്നു കാളി. എന്തായിരിക്കാം കാര്യം? ഇനി എന്റെ പെട്ടിയിൽ ഞാനറിയാതെ എന്തെങ്കിലും...... ഒടുവിൽ എന്തും വരട്ടെ എന്നു ധൈര്യം സംഭരിച്ച്‌ ഞാൻ ബസിൽ നിന്നിറങ്ങി. പുറത്ത്‌ അൽപം മാറി ജീപ്പിൽ SI ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ ജീപ്പിനടുത്തേക്കു ചെന്നു
"ഒറ്റയ്ക്കേയുള്ളൂ?" അദ്ദേഹം ചോദിച്ചു.
"അതേ" ഞാൻ പ്രതിവചിച്ചു. എന്റെ ശബ്ദത്തിലെ വിറയൽ തണുപ്പു കൊണ്ടു മാത്രമായിരുന്നില്ല.
ലഗേജ്‌ കുറെയുണ്ടോ?
"ഇല്ല, ഒരു പെട്ടി മാത്രമേയുള്ളൂ."
ഇന്നു തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ടോ? ഈ ചോദ്യത്തിന്റെ ലക്ഷ്യം എനിക്കു മനസ്സിലായില്ല. അതു കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല.

"ഇന്നു തന്നെ വീട്ടിലെത്തിയിട്ടത്യാവശ്യമുണ്ടോ?" അദ്ദേഹം ഒന്നു കൂടി വിശദീകരിച്ചു ചോദിച്ചു.
ഞാനൊന്നു പരുങ്ങി. എന്നെനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ പറഞ്ഞു...
"അങ്ങിനെ അത്യാവശ്യമൊന്നുമില്ലാ.....
"എന്നാൽ സാറിന്റെ പെട്ടിയെടുത്തിട്ട്‌ ആ വണ്ടി വിട്ടേക്കൂ." SI ഒരു പോലീസുകാരനോടു പറഞ്ഞു.

sI പറഞ്ഞതു കേട്ട്‌ ഞാൻ വല്ലാതെ അമ്പരന്നു നോക്കി നിൽക്കേ പ്രായം ചെന്ന ആ പോലീസുകാരൻ ബസിൽ കയറി എന്റെ പെട്ടിയുമെടുത്ത്‌ പുറത്തിറങ്ങി.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാ. ഒരു കൊടും കുറ്റവാളിയെ നോക്കുന്നതു പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.അവരുടെയൊക്കെ മുഖഭാവം കണ്ടാൽ തോന്നും ഞാൻ ബിൻ ലാദനോ വീരപ്പനോ മറ്റോ ആണെന്ന്. പോലീസുകാരൻ പെട്ടിയുമായി പുറത്തിറങ്ങിയ ശേഷം കണ്ടക്ടറോട്‌ എന്തോ പറഞ്ഞു. അയാൾ എന്നെയൊന്നു നോക്കിയ ശേഷം ഡബിൾ ബെല്ലു കൊടുത്തു.
ആ സന്ധ്യക്ക്‌, തികച്ചും അപരിചിതമായ ഒരിടത്ത്‌, കുറെ പോലീസുകാരുടെ നടുവിൽ, നിസ്സഹായനായ എന്നെ ഒറ്റയ്ക്ക്‌ ഉപേക്ഷിച്ചിട്ട്‌ ഞാൻ വന്ന ബസ്‌ പോയി.
പോലീസുകാർ അപ്പോഴേക്കുമെത്തിയ മറ്റു വാഹനങ്ങൾ പരിശോധിക്കുന്നതിനായി പോയി.

"എന്തൊക്കെ കേസുകളായിരിക്കുമോ ദൈവമേ എന്റെ തലയിൽ കെട്ടി വയ്ക്കാൻ പോകുന്നത്‌" എന്ന ചിന്തയോടൊപ്പം ഉലക്കയുടേയും പച്ചീർക്കിലിന്റേയും മൊട്ടുസൂചി, മുളകുപൊടി എന്നിവയുടെയൊക്കെ ചിത്രങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
അങ്ങിനെ പാതി മരിച്ചു നിൽക്കുമ്പോളാണ്‌ ഹിഹിഹിഹിഹി എന്ന വെടലച്ചിരിയോടെ SI ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങിയത്‌.
"ഏടാ ഇതു ഞാനാ സുരേന്ദ്രൻ"
മന്ദബുദ്ധികളുടേതു പോലെയുള്ള ചിരിയും സുരേന്ദ്രൻ എന്ന പേരും കേട്ടപ്പോൾ പെട്ടെന്നെനിക്കാളെ പിടി കിട്ടി.
5 കൊല്ലം മുൻപ്‌ ബി എഡിന്‌ എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രൻ.അവനു രണ്ട്‌ വർഷം മുൻപ്‌ SI സെലെക്ഷൻ കിട്ടിയ വിവരമൊക്കെ ഞാൻ കത്തിലൂടെ അറിഞ്ഞിരുന്നു. പക്ഷേ ഇങ്ങിനെ ഒരു കൂടിക്കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സുരേന്ദ്രൻ പണ്ടേ നല്ല സ്നേഹമുള്ളവനായിരുന്നു.
"എത്ര നാളായെടാ കണ്ടിട്ട്‌. അവൻ പറഞ്ഞു നമ്മുടെ ഹംസയും അയ്യപ്പനുമൊക്കെ ഇവിടെയുണ്ട്‌. നമുക്കവന്മാരേക്കൂടി വിളിക്കാം. രണ്ടു ദിവസം ഇവിടെ നിന്നടിച്ചു പൊളിച്ചിട്ടു പോയാ മതി നീയ്‌."

സുരേന്ദ്രന്റെ സ്നേഹവും സന്തോഷവും കണ്ട്‌ എന്റെ കണ്ണു നിറഞ്ഞു.ആ ഒരവസ്ഥയിലല്ലായിരുന്നെങ്കിൽ, ചുറ്റിനും പോലീസുകാരില്ലായിരുന്നെങ്കിൽ, അവൻ യൂണിഫോമിലായിരുന്നില്ലെങ്കിൽ സത്യമായും ഞാനവന്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കുമായിരുന്നു.

സുരേന്ദ്രൻ എന്നെ തൊട്ടടുത്തുണ്ടായിരുന്ന ചായക്കടയിൽ ഇരുത്തി. അതോടൊപ്പം പ്രവർത്തിച്ചിരുന്ന റ്റെലഫോൺ ബൂത്തിൽ നിന്നും അവൻ ഹംസയെ വിളിച്ചു.(അന്നു മൊബൈലൊന്നും പ്രചാരത്തിലായിരുന്നില്ല) ഹംസ അവിടെ അടുത്തൊരു സ്കൂളിൽ മാഷായിരുന്നു. ഉടൻ എത്താം എന്നവൻ പറഞ്ഞു.പിന്നീട്‌ അയ്യപ്പനെ വിളിച്ചു. അവൻ അവിടെയടുത്ത്‌ മറ്റൊരു സ്റ്റേഷനിൽ SI ആയിരുന്നു.അവനു പിറ്റേദിവസമേ വരാനാകൂ എന്നവൻ അറിയിച്ചു.

എതാണ്ട്‌ 8 മണിയോടെ ഹംസ എത്തി. എന്നേയും ഹംസയേയും ആ ചായക്കടയിലും കടത്തിണ്ണയിലുമായി 11 മണി വരെ ഇരുത്തി സുരേന്ദ്രനും കൂട്ടരും വാഹനപരിശോധന തുടർന്നു. അതിനു ശേഷം പോലീസ്‌ ജീപ്പിന്റെ പിന്നിൽ കുറെ പോലീസുകാരോടൊപ്പം ഞങ്ങളേയും കുത്തി നിറച്ച്‌ സ്റ്റേഷനിലെത്തി.പോലീസ്‌ സ്റ്റേഷന്റെ വരാന്തയിലെ ബഞ്ചിൽ ഞങ്ങളെ ആ ദുഷ്ടൻ അര മണീക്കൂറോളം ഇരുത്തി അവന്റെ ഔദ്യോഗിക പരിപാടികൾ തീർത്തു. മറ്റു പോലീസുകാർ ഞങ്ങളെ സഹതാപ പൂർവ്വം നോക്കുന്നുണ്ടായിരുന്നു. ലോക്കപ്പിൽ കിടന്ന കള്ളന്മാർക്കും ക്രിമിനലുകൾക്കും ഒക്കെ ഞങ്ങളുടെ അവസ്ഥ കണ്ട്‌ കഷ്ടം തോന്നിയിട്ടുണ്ടാകണം.
ഓടുവിൽ അവൻ വന്നു ഞങ്ങളെ സ്റ്റേഷന്റെ അടുത്തുള്ള അവന്റെ ക്വാർട്ടേഴ്സിലേക്കു കൊണ്ടൂ പോയി. യൂണിഫോമൊക്കെ മാറ്റി കൈലിയുടുത്തു വന്ന സുരേന്ദ്രനെ ഞങ്ങൾ വായിൽ തോന്നിയ തെറിയെല്ലാം വിളിച്ചു. ഒരു പാവം പോലീസുകാരന്റെ നിസ്സംഗതയോടെ അവൻ അതെല്ലാം കേട്ടു.

സാരമില്ലെടാ. നാളെ അയ്യപ്പൻ കൂടി വരട്ടെ. ഇതിനെല്ലാം പ്രായശ്ചിത്തമായി നമുക്കടിച്ചു പൊളിക്കാം. എന്നു ഞങ്ങളെ ആശ്വസിപ്പിച്ച്‌ അന്നുറങ്ങാൻ കിടന്നു. പിറ്റേദിവസത്തെ ആഘോഷങ്ങൾ സ്വപ്നം കണ്ട്‌ ഉറങ്ങിയ ഞങ്ങളെ അവൻ 5 മണിക്കു തന്നെ ഫുൾ യൂണിഫോമിൽ വിളിച്ചുണർത്തി.
"എടാ ഒരു ബസ്സപകടം. 32 പേരു മരിച്ചു. എനിക്കുടനേ പോണം. നീ ക്ഷമിക്ക്‌.. നമുക്ക്‌ പിന്നീടൊരു ദിവസം കൂടാം. നീ റെഡിയാകുമ്പോൾ നിന്നെ ഇന്നലെ പൊക്കിയിടത്തു തന്നെ കൊണ്ടു വിടാൻ ഞാൻ പോളച്ചായനോടു പറഞ്ഞിട്ടുണ്ട്‌. അയാൾ ഒരെട്ടു മണിയ്ക്കു വരും. നീ റെഡിയായിരിക്കണം കേട്ടൊ. എന്നു പറഞ്ഞ്‌ അവൻ പോയി.
8 മണിക്ക്‌ തന്നെ പ്രായം ചെന്ന ആ പോലീസുകാരൻ വന്നു. എന്നെയും ഹംസയേയും ജീപ്പിൽ തലേദിവസം വാഹന പരിശോധന നടന്ന സ്ഥലത്തെത്തിച്ചു. ചായക്കടയിൽ നിന്നു ം ഓരൊ ചായ കുടിച്ച ശേഷം ആദ്യം വന്ന വണ്ടിക്കു ഞാൻ കയറി.
വണ്ടി നീങ്ങുമ്പോൾ ഹംസ അവിടെ നിന്നും കൈ വീശുന്നുണ്ടായിരുന്നു.

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ബുദ്ധിപരീക്ഷ

ഒരു ചോദ്യം
പണ്ടെവിടെയോ വായിച്ചതാണ്‌. ഒരു കുറ്റന്വേഷണ കഥ പോലെ എന്നെ വളരെ രസിപ്പിച്ച, ചിന്തിപ്പിച്ച നല്ല ഒരു ചോദ്യമായിരുന്നു അത്‌. ഒരു കുസൃതിത്തരവുമില്ല. ഒന്നും മറച്ചു വച്ചിട്ടുമില്ല. ബുദ്ധിയെക്കാൾ കോമൺ സെൻസ്‌ ഉപയോഗിച്ചാൽ പെട്ടെന്ന് ഉത്തരം കിട്ടുന്ന ചോദ്യം. ഒന്നു ശ്രമിച്ചു നോക്കു..

           ഒരു എൻസൈക്ലോപീഡിയയുടെ 10 വാല്യങ്ങൾ. ഓരോ വാല്യവും 100 പേജ്‌ വീതം.(കവറും എല്ലാം ഉൾപ്പടെ) ഈ പത്തു പുസ്തകങ്ങളും ഒരു ബുക്‌ ഷെൽഫിൽ വച്ചിരിക്കുന്നു. വളരെ പ്രധാനപ്പെട്ട കാര്യം ഒരു ബുക്‌ ഷെൽഫിൽ എങ്ങിനെയാണോ പുസ്തകങ്ങൾ സാധാരണയായി അടുക്കുന്നത്‌ അതേ പോലെ തന്നെയാണ്‌ അടുക്കിയിരിക്കുന്നത്‌.അതായത്‌ 
ഒരു ബുക്‌ ഷെൽഫിൽ പുസ്തകങ്ങൾ അടുക്കേണ്ടുന്ന ശരിയായ രീതിയിൽ.

ഒരു പുഴു ഒന്നാമത്തെ വാല്യത്തിന്റെ ഒന്നാമത്തെ പേജു മുതൽ തിന്നാൻ തുടങ്ങി. ഒന്നാം പേജു തീർത്തതിനു ശേഷം രണ്ടാം പേജു തിന്നാൻ തുടങ്ങി അങ്ങിനെ ക്രമത്തിൽ തിന്നു തിന്ന് പത്താം വാല്യത്തിന്റെ നൂറാം പേജു വരെ തിന്നു.

ഇനി ചോദ്യത്തിലേക്ക്‌. അങ്ങിനെ ആ പുഴു ഒന്നാം വാല്യത്തിന്റെ ഒന്നാം പേജു മുതൽ പത്താം വാല്യത്തിന്റെ നൂറാം പേജു വരെ തിന്നെങ്കിൽ ആ പുഴു മൊത്തം എത്ര പേജു തിന്നു?


ഉത്തരം കമന്റായി ഇടുമല്ലോ....

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

മഹാമൌനം

                                    “അടിക്കു പന്നി പോയി, നിൻ മുടിക്കൊരന്നവും പറ -
                                      ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ
                                      എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ
                                      നമിച്ചിടും നമശ്ശിവായ നായകാ നമോ നമ:”


                   നല്ല മൂർച്ചയുള്ള പുതിയ ബ്ലെയ്ഡു കൊണ്ടു മുറിയുമ്പോൾ അങ്ങിനെയാണ്‌.മുറിഞ്ഞതായി നാമറിയുകയേയില്ല.എത്ര വലിയ മുറിവായാലും ഏറെ നേരത്തിനു ശേഷം മാത്രമായിരിക്കും ചോര കിനിയുന്നതും വേദന തോന്നുന്നതും.

                         ഗുരുതുല്യനായ സഹപ്രവർത്തകനോടൊപ്പം തിരുപ്പതി ദർശനത്തിനായിരുന്നു വിജയവാഡയിലെത്തിയത്‌.കണ്ണും വിരലുമെല്ലാം പകർത്തിയെടുത്തശേഷം ദർശനത്തിനു നേരം കുറിച്ചു തന്നത്‌ രണ്ടു ദിവസത്തിനു ശേഷമുള്ള ഒരു തീയതിയിലേക്ക്‌. അതു വരെ എന്ത്‌ എന്ന ചോദ്യത്തിനുത്തരമായാണ്‌ "തിരുവണ്ണാമല" എന്ന് ആദ്യമായി കേട്ടത്‌.

                            കാട്പാറ്റിയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ച്‌ ആ രാത്രി സഹയാത്രികനിൽ നിന്നും ആ ചോദ്യം ആദ്യമായി കേട്ടു.." ഞാൻ ആരാ....?" ചോര കിനിയാനും വേദന തോന്നാനുമൊക്കെ പിന്നീടെത്രയോ കാലം കഴിയേണ്ടി വന്നു എന്നു മാത്രം.

                               അരുണാചലം ആദ്യദർശനത്തിൽ എന്നെ കാന്തം പോലെ ആകർഷിച്ചൊന്നുമില്ല. ക്ഷേത്രദർശനത്തിനു ശേഷം വിരൂപാക്ഷഗുഹയിലും സ്കന്ദഗുഹയിലും അൽപനെരത്തെ ധ്യാനത്തിനും ശേഷം അരുണാചലത്തിലൂടെ ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുമ്പോളാണ്‌മലമുകളിൽ ഏറ്റവുമുയരെ കാർത്തികദീപം തെളിക്കുന്നിടത്തു കയറണമെന്നുള്ള അഹങ്കാരം തോന്നിയത്‌. അതു വലിയ ബുദ്ധിമുട്ടുള്ളതോ അപകടം നിറഞ്ഞതോ ആയ ഒരു യാത്രയൊന്നുമല്ല. പക്ഷെ ആ ഉച്ചസമയത്ത്‌ ഒരു തുള്ളി വെള്ളം പോലും കരുതാതെ, എത്ര ദൂരം പോകണമെന്നറിയാതെ ആ സ്ഥലത്തു തികച്ചും അപരിചിതരായ ഞങ്ങളുടെ മല കയറ്റം അൽപം സാഹസം തന്നെയായിരുന്നു.

അപ്പോൾ നല്ല വെയിലായിരുന്നു. ഞങ്ങൾ പോയ വഴിയിൽ തണൽമരങ്ങളും കുറവായിരുന്നു.കുറെ കയറിച്ചെന്നു തളർന്നിരുന്ന ഞങ്ങൾക്ക്‌ മലയിറങ്ങി വന്ന ഒരാൾ അൽപം വെള്ളവും 2 നാരങ്ങകളും തന്നു.

വീണ്ടും കയറി മുകളിലെത്തിയപ്പോൾ പാറക്കെട്ടിനു മുകളിലെ സമതലത്തിൽ ഇലകളും പ്ലാസ്റ്റിക്കും കൊണ്ടു മറച്ച ഒരു ചെറിയ കുടിൽ. അതിന്റെ ഒരു വശത്തായി ഒരു പാറയിൽ ചാരിയിരിക്കുന്നുണ്ട്‌ ചെറുപ്പക്കാരനായ ഒരു പ്രാകൃതൻ. അദ്ദേഹം ഞങ്ങളോട്‌ ശബ്ദമുണ്ടാക്കരുത്‌ എന്നാഗ്യം കാട്ടി. "തൂങ്ങുന്നവരെ ശല്യപ്പെടുത്തണ്ട" അദ്ദേഹം സ്വരം താഴ്ത്തി പറഞ്ഞു. ഞങ്ങളെ പോലെ മല കയറി വന്ന രണ്ടു പേർ അവിടെ കുടിലിന്റെ തണലിൽ ഉറങ്ങുന്നുണ്ടായിരുന്നു.

                         തണ്ണി കുടിക്ക്‌.  ദാഹിച്ചു വലഞ്ഞിരുന്ന ഞങ്ങൾക്ക്‌ ആ പ്രാകൃതൻ രണ്ടു ചിരട്ടകളിൽ വെള്ളം തന്നു. രണ്ടു ചിരട്ട വെള്ളം വീതം കുടിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു.. ഇവിടെ വെള്ളം കിട്ടുന്നത്‌???
                       കീഴെ നിന്നും കൊണ്ടു വരണം. രാവിലെ വരുമ്പോൾ രണ്ടു കുടം വെള്ളം ഏറ്റി വരും. തീരുമ്പോൾ ഇനിയും പോയി കൊണ്ടു വരും."

                  മതിയായിരുന്നില്ലെങ്കിലും വീണ്ടും ചോദിക്കാൻ മടിച്ചു നിന്ന ഞങ്ങൾക്ക്‌ അദ്ദേഹം ഒന്നും പറയാതെ ഓരോ ചിരട്ട വെള്ളം കൂടി നൽകി.
അതും കുടിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അൽപം അകലേയ്ക്കു കൈ ചൂണ്ടി പറഞ്ഞു "ദാ അവിടെ ഭഗവാന്റെ കാൽപ്പാദങ്ങളുണ്ട്‌. പോയി കണ്ടു വന്ദിച്ചോളൂ"
അദ്ദേഹം ചൂണ്ടിക്കാട്ടിയിടത്തു കല്ലിൽ കൊത്തിവച്ച രണ്ടു കാൽപ്പാദങ്ങൾ ഉണ്ടായിരുന്നു. അതു കണ്ടു ഞങ്ങൾ തിരിച്ചെത്തി.

"ദാ ആ പാറയുടെ അരികിൽ അൽപം നിഴലുണ്ട്‌. അവിടെ അൽപ സമയം കിടന്നു വിശ്രമിച്ചിട്ടു പോയാൽ മതി." വിശ്രമിക്കാനിരുന്ന ഞങ്ങൾ അറിയാതുറങ്ങിപ്പോയി.ഉണർന്നപ്പോഴേക്കും നേരം വൈകിയിരുന്നു. ആ പ്രാകൃത മനുഷ്യൻ കുറെ ഇലകൾ കൊണ്ട്‌ ശബ്ദമുണ്ടാക്കാതെ ആ പാറ തൂത്തു വൃത്തിയാക്കുകയായിുന്നു.
നേരത്തെ ഉണ്ടായിരുന്നവർ പോയ്ക്കഴിഞ്ഞിരുന്നു; ഒച്ചയുണ്ടാക്കാതെ,ഞങ്ങളെ ഉണർത്താതെ.
പൊയ്ക്കൊള്ളൂ, ഇനി നിന്നാൽ ഇരുട്ടാകും. അദ്ദേഹം പറഞ്ഞു.
ഞങ്ങൾ കുറച്ചു പണം എടുത്തു... "വേണ്ട" അദ്ദേഹം കൈയ്യുയർത്തി വിലക്കി. പിന്നെ കുടിലിനുള്ളിൽ നിന്നും ഒരു കാർഡ്‌ എടുത്തു തന്നു. അതിൽ ഒരു സന്യാസിയുടെ ഫോട്ടോ ഉണ്ടായിരുന്നു. "എന്റെ ഗുരു. ഇവിടെയാണ്‌ അദ്ദേഹം താമസിക്കുന്നത്‌. ഇപ്പോൾ തീർഥാടനത്തിലാണ്‌." ഞങ്ങൾ കാർഡ്‌ വാങ്ങി. യാത്ര പറച്ചിലിനൊന്നും നിൽക്കാതെ അദ്ദേഹം വീണ്ടും പാറ വൃത്തിയാക്കലിൽ മുഴുകി.

കയറിയതിലും മെല്ലെ മൌനമായിട്ടായിരുന്നു ഇറക്കം. പകുതിയായപ്പോഴേക്കും വെളിച്ചം മങ്ങിത്തുടങ്ങി.പുല്ലു മൂടിയ അരണ്ട ഒറ്റയടിപ്പാതയിലെവിടെയോ വഴിതെറ്റി. അരുണാചലത്തിലെ ആ ഇരുണ്ട വഴിത്താരയിൽ തൊട്ടു മുൻപിൽ ഒരു മൂർഖൻ ഫണമുയർത്തി നിന്നു. ഞങ്ങളും നിശ്ചലരായി കൈ കൂപ്പി നിന്നു. അൽപനേരം അങ്ങിനെ നിന്ന ശേഷം അവൻ പത്തി താഴ്തി പുല്ലിനിടയിലേക്ക്‌ ഇഴഞ്ഞു കയറിപ്പോയി.

അങ്ങു താഴെ ക്ഷേത്രത്തിലെ വെളിച്ചം ലക്ഷ്യം വച്ച്‌ ഞങ്ങൾ ഇരുളിൽ വഴിയെന്നു തോന്നിയിടത്തു കൂടി മലയിറങ്ങി താഴെയെത്തി.

തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ഒരു മഹാമൌനം പോലെ അരുണാചലം. മുറിയിലെത്തിയിട്ടും ഞങ്ങൾ മൌനമായിരുന്നു. മെല്ലെ മെല്ലെ ചോര പൊടിയാൻ തുടങ്ങിയതു കൊണ്ടാകാം.

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഗുണപാഠകഥ

                    സ്കൂളിൽ ക്ലാസു മുറികളും സ്റ്റാഫ്‌ റൂമും മറ്റും തൂത്തു വൃത്തിയാക്കുന്ന ചേച്ചി സുഖമില്ലാതെ കിടപ്പിലായിട്ട്‌ ഒരാഴ്ചയായി.എല്ലായിടവും പൊടിയും കടലാസു കഷണങ്ങളും ഒക്കെ നിറഞ്ഞ്‌ ആകെ വൃത്തികേടായപ്പോൾ അധ്യാപകരും വിദ്യാർഥികളും ഒക്കെ ചേർന്ന് ഒരു വൃത്തിയാക്കൽ യജ്ഞം തുടങ്ങി.ഒരു പീരിയഡിലെ അധ്വാനം കൊണ്ട്‌ ക്ലാസ്‌ മുറികളും സ്റ്റാഫ്‌ റൂമും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി.
                      അതൊക്കെ കഴിഞ്ഞു കുട്ടികളോടു സംസാരിച്ചപ്പോഴാണ്‌ അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്ത്‌ ചെയ്യാൻ എല്ലാവരും തയാറാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഒക്കെ കുട്ടികളെ ഒന്നു ബോധവൽക്കരിച്ചു കളയാം എന്നെനിക്കു തോന്നിയത്‌. എവിടെയോ വായിച്ചിരുന്ന മനോഹരമായ ഒരു സെൻ ബുദ്ധിസ്റ്റ്‌ കഥയും ഞാൻ പറഞ്ഞു.
കഥ ഇങ്ങിനെ
                      ഒരിക്കൽബുദ്ധ ഭിക്ഷുക്കളായ ഗുരുവും ശിഷ്യന്മാരും കൂടി ദേശാടനത്തിനിടയിൽ ഒരു തടാകക്കരയിൽ എത്തിച്ചേർന്നു. അടുത്തെങ്ങും വീടുകളോ മനുഷ്യവാസമോ ഇല്ലാതിരുന്നതിനാൽ അവർക്ക്‌ ആ രാത്രി തടാക കരയിൽ തങ്ങേണ്ടതായി വന്നു. ഗുരു എന്നത്തേയും പോലെ, താൻ സ്ഥിരമായി കൂടെ കൊണ്ടു നടക്കാറുള്ള തടി കൊണ്ടുള്ള ബുദ്ധപ്രതിമയെടുത്ത്‌ മുന്നിൽ വച്ചു പ്രാർഥിച്ചു. ഉണ്ടായിരുന്ന ഭക്ഷണം എല്ലാവരും ചേർന്നു ഭക്ഷിച്ച ശേഷം അവർ തടാകക്കരയിൽ തന്നെ ഉറങ്ങാൻ കിടന്നു. രാത്രി, അസഹ്യമായ തണുപ്പു സഹിക്കാൻ വയ്യാതെ അവരുണർന്നെഴുന്നേറ്റു. പുതയ്ക്കാനോ തീ കൂട്ടാനോ ഒന്നും കിട്ടാതെ അവർ വലഞ്ഞു. 
                        അപ്പോൾ ഗുരു തന്റെ ഭാണ്ഡം തുറന്ന് താൻ ആരാധിക്കുന്ന ബുദ്ധവിഗ്രഹമെടുത്ത്‌ കഷണങ്ങളാക്കി മുറിച്ച്‌ തീ കത്തിച്ച്‌ തണുപ്പകറ്റി. ശിഷ്യന്മാർ ആകെ വല്ലാതായി.അവർ ഗുരുവിനോടു ചോദിച്ചു,"അല്ലയോ ഗുരോ ഇത്ര നാളും അങ്ങാരാധിച്ചിരുന്ന ബുദ്ധഭഗവാനെ ഇത്ര നിസ്സാരമായി കത്തിക്കാൻ എങ്ങിനെ മനസ്സു വന്നു"? അപ്പോൾ ഗുരു പറഞ്ഞു, നാം തണുപ്പു കൊണ്ടു മരവിച്ചു മരിക്കാൻ തുടങ്ങുമ്പോൾ ബുദ്ധനായിരിക്കുന്നതു കൊടിയ പാപമാണ്‌. അപ്പോൾ ദൈവം ചൂടു പകരുന്ന വിറകായി തീരണം. 
                         ലോകത്തിന്റെ, സമൂഹത്തിന്റെ ആവശ്യമറിഞ്ഞു പ്രവർത്തിക്കുന്നവനാണ്‌ യഥാർഥ ദൈവം."വിശക്കുന്നവന്റെ മുൻപിൽ ദൈവം അപ്പമായി മാത്രമേ പ്രത്യക്ഷപ്പെടാൻ പാടുള്ളു. 
                          
                          നാമോരോരുത്തരും മറ്റുള്ളവരുടെ, സമൂഹത്തിന്റെ ഒക്കെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പെരുമാറണം. ഇന്നിപ്പോൾ സ്കൂൾ വൃത്തിയാക്കേണ്ട ആവശ്യം വന്നപ്പോൾ ഞാൻ ഇംഗ്ലീഷ്‌ അദ്ധ്യാപകനാണ്‌, ഞങ്ങൾ വിദ്യാർഥികളാണ്‌, ഞങ്ങൾ തൂത്തു വാരില്ല എന്നു പറഞ്ഞ്‌ ഒഴിഞ്ഞു മാറാതെ നാം ഒന്നിച്ചു ജോലി ചെയ്ത്‌ ഇവിടം സുന്ദരമാക്കിയില്ലേ. ജീവിതത്തിലുടനീളം നാമീ പാഠം മറക്കരുത്‌....
കുട്ടികൾ നിശ്ശബ്ദരായി കഥ കേട്ടിരുന്നു.. ഒരു നല്ല സന്ദേശം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തൊടെയാണ്‌ അന്നു ഞാനും വീട്ടിൽ പോയത്‌.


അനുബന്ധം.
                       പിറ്റേന്നു ക്ലാസിൽ ഞാൻ കവിത പഠിപ്പിക്കുമ്പോൾ ക്ലാസ്സിലെ ആസ്ഥാന ഉഴപ്പനായ രവികുമാർ മറ്റെന്തോ പരിപാടിയിൽ മുഴുകിയിരിക്കുന്നതു കണ്ട്‌ അവനെ എഴുന്നേൽപ്പിച്ചു.
ഞാൻ: എവിടെടാ നിന്റെ പുസ്തകം?
രവി: ഇന്നലെ രാത്രി ഭയങ്കര തണുപ്പായിരുന്നു സർ.....
ഞാൻ കഥ പറച്ചിൽ ഇതോടെ നിർത്തി.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു സ്പെല്ലിംഗ്‌ മിസ്റ്റെയ്ക്‌

     എട്ടു സീ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സല്ല. രവി സാറു ലീവായതിനാലാണ്‌ ബുധനാഴ്ച്ച നാലാം പീരീഡ്‌ എട്ടു സി യിൽ പോകേണ്ടി വന്നത്‌.ഇംഗ്ഗ്ലീഷിലെ ചെറിയ പദപ്രശ്നങ്ങളും കുട്ടികൾക്കു രസിക്കുന്നതും ഭാഷാ പഠനത്തെ സഹായിക്കുന്നതുമായ ചില കളികളുമൊക്കെയായിട്ടാണ്‌ ആ പീരീഡു ചെലവഴിച്ചത്‌. അൽപം ശബ്ദവും ബഹളവും ഒക്കെ ഉണ്ടായി എന്നതു സത്യമാണ്‌ വൈസ്‌ പ്രിൻസിപ്പൽ ഭദ്രാ മാഡം ക്ലാസ്സിനു പുറത്തൽപ്പ നേരം വന്നു നിന്നതു കണ്ടില്ലെന്നു നടിച്ച്‌ ഞാൻ ക്ലാസ്സ്‌ തുടർന്നത്‌ അവർക്കത്ര പിടിച്ചു കാണില്ലെന്നെനിക്കറിയാമായിരുന്നു.യാതൊരു സാമാന്യ ബോധവുമില്ലാത്ത, എല്ലാവരിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു അവർ.സാധാരണ എല്ലാ കണക്കദ്ധ്യാപകരേയും പോലെ, ലോകം മുഴുവൻ കണക്കു മാത്രമാണെന്നും ബാക്കിയൊക്കെ വെറും വെയിസ്റ്റാണെന്നുമുള്ള ചിന്താഗതിക്കാരിയായ അവർ ഉടൻ തന്നെ പ്രിൻസിപ്പലിനോടു ചെന്നു പരാതി പറഞ്ഞു കാണും എന്നും ഞാൻ ഊഹിച്ചിരുന്നു.


അതു കൊണ്ട്‌ ഉച്ച ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പ്യൂൺ രാഘവൻ വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്നു സംശയമൊന്നും ഉണ്ടായിരുന്നില്ല.


എന്റെ ഊഹം ശരിയായിരുന്നു.പ്രിൻസിപ്പലിന്റെ മേശയ്ക്കരികിലെ കസേരയിൽ വളരെ സന്തോഷത്തിൽ അവരുമുണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോഴേ എനിക്കൊരപകടം മണത്തു. ആമുഖമില്ലാതെ പ്രിൻസിപ്പൽ തുടങ്ങി.
"എന്തായിരുന്നു സർ നാലാം പീരീഡ്‌ എട്ടു സീയിൽ വലിയ ബഹളം"?
“ഏയ്‌ അങ്ങിനെ വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല സർ, കുട്ടികൾ ചില ലാങ്ഗ്വേജ്‌ ഗെയ്മുകൾ കളിക്കുകയായിരുന്നു. അതിന്റെ ആവേശത്തിൽ അൽപം ശബ്ദമുണ്ടാക്കിയെന്നേയുള്ളു... അല്ലാതെ....


ഭദ്രാമാഡം "മുരടനക്കി. അതല്ല സർ പ്രശ്നം..ഈ ഇൻഡിപ്പെൻഡൻസ്‌ എന്ന വാക്കിന്റെ സ്പെല്ലിംഗ്‌ എന്താ?"
ഏതു വിധമുള്ള ആക്രമണത്തിനാണവർ ഒരുങ്ങുന്നതെന്നറിയാത്തതിനാൽ ഞാൻ വളരെ സൂക്ഷിച്ചു തന്നെ മറുപടി നൽകി.
INDEPENDENCE എന്നല്ലേ മാഡം? എന്തേ ചോദിക്കാൻ?"

"ഹും എനിക്കിംഗ്ലീഷിൽ അത്ര വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും കുറച്ചു സ്പെല്ലിങ്ങൊക്കെ അറിയാം." അവരുടെ സ്വരത്തിൽ നിറയെ പുഛവും ഇര വലയിൽ വീണതിന്റെ സന്തോഷവുമായിരുന്നു.പ്രിൻസിപ്പലിന്റെ മുന്നിൽ എന്നെയൊന്നു കൊച്ചാക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം അവരൊട്ടും മറച്ചു വച്ചില്ല.

"എന്റെ സാറേ.. നമ്മൾ അദ്ധ്യാപകർ ക്ലാസ്സിൽ എന്തെങ്കിലും പറയുന്നത്‌ വളരെ ശ്രദ്ധിച്ചു വേണം. പത്തു നാൽപ്പതു കുട്ടികൾ നമ്മൾ പറയുന്നതു വേദവാക്യം എന്നതു പോലെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബോദ്ധ്യം എപ്പോഴും വേണം നമുക്ക്‌.  അടക്കിയിരുത്തി നല്ലതൊന്നും പാറഞ്ഞു കൊടുത്തില്ലെങ്കിലും തെറ്റുകൾ പഠിപ്പിക്കാതിരിക്കാനെങ്കിലും കുറഞ്ഞപക്ഷം നാം ശ്രദ്ധിക്കേണ്ടേ?"
എനിക്കപ്പോഴും കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു. അതു കൊണ്ട്‌ ഞാനൊന്നും മിണ്ടിയില്ല.
അവർ തുടർന്നു

"നാലാം പീരീഡ്‌ എട്ടു സീയിലെ ബഹളം കേട്ടാണു ഞാൻ വന്നു നോക്കിയത്‌. അപ്പോ സാറു ബോർഡിലെഴുതിയിരുന്നതൊക്കെ ഞാനൊന്നു വായിച്ചു. സാറെഴുതിയിരുന്നത്‌ INDEPENDANCE എന്നായിരുന്നു. എനിക്കു പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായി അതു തെറ്റാണെന്ന്. ഒരിംഗ്ലീഷ്‌ അദ്ധ്യാപകൻ ഇങ്ങിനെയുള്ള തെറ്റുകൾ വരുത്താമോ? അതും ബോർഡിൽ എഴുതുമ്പോൾ... ഇതു കണ്ടല്ലേ നമ്മുടെ കുട്ടികൾ പഠിക്കുന്നത്‌?"

ഓ അപ്പോ അതാണു കാര്യം.പ്രിൻസിപ്പലിനു മുന്നിൽ അവരുടെ ഇംഗ്ലീഷ്‌ പാണ്ഢിത്യം ഒന്നു പ്രദർശിപ്പിക്കുകയുമാവാം എന്നെയൊന്നിരുത്തുകയുമാവാം. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയതിന്റെ സന്തോഷമാണവർക്ക്‌.
ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല..

"മാഡം ആ ബോർഡിൽ ഇൻഡിപ്പെൻഡൻസുൾപ്പടെ പത്തു വാക്കുകൾ ഞാൻ എഴുതിയിരുന്നു."

ഹും. അതെല്ലാം ഞാൻ കണ്ടു".അവർ മൊഴിഞ്ഞു.

“എന്നിട്ട്‌ ഈയൊരു തെറ്റു മാത്രമേ മാഡം കണ്ടുള്ളൂ?” ഞാനൊന്നു പുഞ്ചിരിച്ചു. 

“വെരി പുവർ!!! ആ പത്തു വാക്കുകളിലും ഓരോ സ്പെല്ലിംഗ്‌ മിസ്റ്റെയ്കെ‌ങ്കിലും ഉണ്ടായിരുന്നു മാഡം .ഓരോ വാക്കിലേയും തെറ്റു കണ്ടു പിടിച്ചു തിരുത്തുക എന്നതായിരുന്നു ചോദ്യം. ഒൻപതെണ്ണം വരെ ശരിയായി ചെയ്ത മിടുക്കന്മാർ ആ ക്ലാസ്സിലുണ്ട്‌ മാഡം.“

കടലാസു പോലെ വിളറി വെളുത്തു പോയ മാഡത്തിന്റെ മുഖത്തു നോക്കാതെ ചിരിയടക്കാൻ പാടു പെടുന്ന പ്രിൻസിപ്പലിനോടു ഞാൻ പറഞ്ഞു..
"അടുത്ത പീരീഡ്‌ ക്ലാസ്സുണ്ട്‌.. ഞാൻ പൊക്കോട്ടേ സർ"?
അദ്ദേഹം തലയാട്ടി.

2010, ജൂലൈ 6, ചൊവ്വാഴ്ച

കൂട്ടബലാത്സംഗം ഫലപ്രദമായ നൂതന സമരമാർഗ്ഗം. വൈകിവന്ന ഒരു റിപ്പോർട്ട്‌.

വിലക്കയറ്റം..... വൻപിച്ച ബഹുജന പ്രതിഷേധം..
ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത നാളെ വിലക്കയറ്റത്തിനെതിരെ കൂട്ടബലാത്സംഗം നടത്തി പ്രതിഷേധിക്കുന്നു....
ഈ പ്രതിഷേധ സമരത്തിൽ പങ്കു ചേരാൻ എല്ലാ അണികളേയും ആഹ്വാനം ചെയ്തുകൊണ്ടുള്ള നേതാവിന്റെ പ്രസ്താവന ജനങ്ങൾ ഹർഷാരവങ്ങളോടെയാണ്‌ സ്വീകരിച്ചത്‌.
ഉടൻ തന്നെ കുട്ടിനേതാക്കന്മാർ കൂട്ടബലാത്സംഗം വിജയിപ്പിക്കുന്നതിനുള്ള തീവ്ര പ്രചാരണ പരിപാടികൾ ആരംഭിച്ചു.
പ്രധാന ബലാത്സംഗകൻ പറഞ്ഞു ......
"ഈ സമരം നിങ്ങൾക്കു വേണ്ടിയാണ്‌... നമുക്കും നമ്മുടെ വരുന്ന തലമുറയ്ക്കും വേണ്ടിയാണ്‌. അതുകൊണ്ട്‌ ഈ കൂട്ട ബലാത്സംഗത്തിൽ എല്ലാവരും സ്വമനസ്സാലേ ഭാഗഭാക്കാകേണ്ടതാണ്‌.സമര ദിവസം പൊതുജനങ്ങൾ ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭേദമന്യേ ബലാത്സംഗം ചെയ്യപ്പെടാൻ തയ്യാറാവേണ്ടതാണ്‌. പ്രതികരണശേഷി തീർത്തും നഷ്ടമായ, ഷണ്ഡന്മാരായ ചില അരാഷ്ട്രീയ ശുംഭന്മാർ ഈ സമര മാർഗ്ഗത്തിനെതിരായി ഇപ്പോഴും പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതായി അറിയുന്നുണ്ട്‌. അതിനാൽ ഇവരെ ഒറ്റപ്പെടുത്തി നിർവീര്യരാക്കാൻ വേണ്ടതായ ജാഗ്രത ഓരോ പൌരനും കാട്ടേണ്ടതായുണ്ട്‌ എന്നു കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ."


      ഒട്ടും താമസിയാതെ പൊതുജനം കൂട്ടബലാത്സംഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനങ്ങൾക്ക്‌ ഇതൊരു സമരമുറ എന്നതിനപ്പുറം ഒരുത്സവമോ ആഘോഷമോ ഒക്കെ ആയിരുന്നു.
കൂട്ടബലാത്സംഗം ആഘോഷിക്കുന്നതിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ നടക്കുന്ന ദിനങ്ങളിൽ, ഗർഭനിരോധന ഉറകൾ വിൽക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. വാജീകരണ ഔഷധങ്ങളുടെ വിൽപ്പനയിലും ഈ ദിവസങ്ങളിൽ വൻ വർധനവുണ്ടായതായി ഔഷധശാലക്കാർ അറിയിക്കുകയുണ്ടായി.


ബലാത്സംഗം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതു കൊണ്ട്‌ നഷ്ടമല്ലാതെ ഒന്നും നേടാനാവില്ലെന്നും ഒക്കെ ചില അരാഷ്ട്രീയ മന്ദബുദ്ധികൾ പത്രമാസികകളിലും ബ്ലോഗിലുമൊക്കെ എഴുതുകയുണ്ടായെങ്കിലും അവരൊക്കെ തന്നെയും രഹസ്യമായി ഒരു ബലാത്സംഗത്തിന്റെ സുരതസുഖം ആസ്വദിക്കാൻ താത്പര്യമുള്ളവർ തന്നെയാണ്‌ എന്നതാണ്‌ സത്യം. ചില തീവ്ര ബലാത്സംഗവാദികൾ മാത്രം ന്യായമായ,അത്ര ചെറുതല്ലാത ഇഛാഭംഗം പ്രകടിപ്പിക്കുകയുണ്ടായി. "മിക്കവാറും എല്ലാവരും തന്നെ എതിർപ്പില്ലാതെ സഹകരിക്കുന്നതിനാൽ നാം വിഭാവനം ചെയ്ത രീതിയിലുള്ള ശരിയായ ഒരു കൂട്ടബലാത്സംഗത്തിന്റെ ആവേശമൊന്നും ഇപ്പോൾ ആർക്കുമില്ല" എന്നതായിരുന്നു അവരുടെ ഇഛാഭംഗത്തിനു കാരണം.
എല്ലാ തയ്യാറെടുപ്പുകൾക്കുമൊടുവിൽ കാത്തുകാത്തിരുന്ന ആ സുദിനം പുലർന്നു.
ജനങ്ങൾ രാവിലെ തന്നെ അത്യുത്സാഹപൂർവ്വം വസ്ത്രങ്ങളുരിഞ്ഞ്‌ നഗ്നരായി ബലാത്സംഗകരെക്കാത്ത്‌ മലർന്നു കിടന്നു. പലയിടങ്ങളിലും പക്ഷേ ആരും ബലാത്സംഗത്തിനായി എത്തിയതേയില്ല.എങ്കിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനും, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുവാനും അവർ ബലാൽ സ്വയംഭോഗം ചെയ്തു തൃപ്തരായി. ബലാത്സംഗ സജ്ജരായ ജനങ്ങളുടെ സമൃദ്ധമായ ആവേശം കണ്ടു കണ്ണു മഞ്ഞളിച്ച പല വൃദ്ധനേതാക്കന്മാരും, എന്തുചെയ്തിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാത്ത ലിംഗങ്ങളുമായി പരാക്രമപ്പെട്ട്‌ ഓടിനടന്നു.
കൂട്ടബലാത്സംഗത്തെ കിരാതമെന്നു വിശേഷിപ്പിക്കുകയും ബലാത്സംഗത്തിനു വിധേയരാവാൻ തയാറാകാതിരിക്കുകയും ചെയ്ത അപൂർവ്വം ചില അരാഷ്ട്രീയവാദികളുള്ള ഇടങ്ങളിൽ മാത്രമാണ്‌ യഥാർത്ഥത്തിൽ ശരിയായ രീതിയിലുള്ള കൂട്ട ബലാത്സംഗം നടന്നത്‌.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും നഖക്ഷതങ്ങളും ചോരപ്പാടുകളുമായി നിലവിളിച്ചു കരയുന്ന ആ വിഢ്ഢികൾക്ക്‌ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നതിനെതിരെ നേതാവ്‌ ശക്തമായി പ്രതികരിക്കുകയും ഉണ്ടായി.
"ജനനന്മയ്ക്കായുള്ള തീവ്രമായ രാഷ്ട്രീയ സാമൂഹ്യവിപ്ലവങ്ങളിൽ അനിവാര്യമായ ചെറിയ ചെറിയ നഷ്ടങ്ങളും ത്യാഗങ്ങളുമായി മാത്രം അവയെ കണ്ടാൽ മതി" എന്നും നേതാവ്‌ പ്രഖ്യാപിച്ചു.

*******************************************************

എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാതിരുന്ന ദുർബ്ബലമായ വൃദ്ധലിംഗത്തെ ഉള്ളിൽ ശപിച്ചുകൊണ്ട്‌ ബലാത്സംഗകൻ എഴുന്നേറ്റു. വെറും നിലത്തു നഗ്നയായി മലർന്നു കിടന്ന യുവതി, ശൽകങ്ങൾ നിറഞ്ഞ, ചുക്കിച്ചുളിഞ്ഞ തൊലിയിൽ പൊതിഞ്ഞ അയാളുടെ എല്ലുന്തിയ ശരീരത്തിന്റെ അസഹ്യമാം വിധം വികൃതമായ കാഴ്ച ഒഴിവാക്കാനായി കണ്ണുകളടച്ചു പിടിച്ചു. അവളുടെ ചുണ്ടിൻ കോണിലെ വക്രിച്ച ചിരിയിൽ തെളിഞ്ഞിരുന്നത്‌ വെറുതെ പശുവിനെ മിനക്കെടുത്തുന്ന മുതുകാളയോടുള്ള പുഛവും പരിഹാസവുമായിരുന്നു.

വാതിൽ മലർക്കെ തുറന്നിട്ട്‌ ബലാത്സംഗകൻ പുറത്തേക്കു വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ പുറത്ത്‌ മാധ്യമപ്പട കാത്തു നിന്നിരുന്നു.
"ബലപ്രയോഗം വേണ്ടിവന്നോ?
അക്രമസംഭവങ്ങൾ എന്തെങ്കിലും??? ചോദ്യങ്ങളെല്ലാം അയാൾ ക്ഷമയോടെ കേട്ടു. എന്നിട്ടൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു
"ഏയ്‌, ഒന്നുമില്ല. കണ്ടില്ലേ സുഖിച്ചു കിടക്കുന്നത്‌...." അയാൾ അകത്തേക്കു ചൂണ്ടി.
ക്യാമറകൾ തുറന്നു കിടന്ന വാതിലിലൂടെ ആ കാഴ്ച ഒപ്പിയെടുത്തു.
"എല്ലാവരും പൂർണ്ണമായി സഹകരിച്ചു.. ഇനിയും എത്ര കൂട്ടബലാത്സംഗങ്ങൾ വേണമെങ്കിലും നടത്താനുള്ള ഊർജ്ജം ഞങ്ങൾക്ക്‌ ഈ അനുഭവത്തിൽ നിന്നും കിട്ടി. ഈ പ്രതിഷേധസമരം ഒരു വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി."

കൂട്ട ബലാത്സംഗത്തിന്റെ സുഖദമായ ആലസ്യത്തിൽ പിറ്റേന്നു കാലത്തെഴുന്നേറ്റു പത്രം തുറക്കുന്നവർക്കായി മുൻപേജിൽ വെണ്ടക്കാകൾ നിരന്നു.....
....കൂട്ടബലാത്സംഗം വൻവിജയം...

2010, ജൂൺ 15, ചൊവ്വാഴ്ച

വേദാദ്ധ്യയനം, അന്യോന്യം

ആരിയങ്കാവിലെ  പോത്തു വന്ന്
ഒരു കാരിയം ചോദിച്ചതെന്താണ്?

2010, ജൂൺ 1, ചൊവ്വാഴ്ച

ലിംഗാലംകൃതമായ ഒരു തല

ഇംഗ്ലണ്ടുകാരിയായ ഇസബെൽ വാർലിക്ക്‌ ശരീരത്തിൽ പച്ച കുത്തുന്നത്‌ ഒരു ഹരമാണ്‌.ശരീരം മുഴുവൻ മനോഹരമായ ചിത്രങ്ങൾ പച്ച കുത്തിക്കഴിഞ്ഞപ്പോഴാണ്‌, എന്നാലിനി തലയിലും കൂടി ആയേക്കാമെന്നു വച്ചത്‌.പ്രശസ്ത പച്ച കുത്തലുകാരനായ പോൾ ഓ കോണറെയാണ്‌ അവർ തന്റെ തല വിശ്വസിച്ചേൽപ്പിച്ചത്‌.അദ്ദേഹത്തിന്‌ ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു കൊള്ളാൻ അനുവാദവും കൊടുത്തു.എന്തായാലും സംഗതി ഗംഭീരമായിരിക്കണം എന്നു മാത്രമേ ഇസബെൽ പോളിനോട്‌ ആവശ്യപ്പെട്ടുള്ളു. തലയിലെ പച്ചകുത്തൽ പകുതിയോളമായപ്പോഴാണ്‌ എന്തു മനോഹര ചിത്രമാണു തന്റെ തലയിൽ പച്ചകുത്തുന്നതെന്ന്‌ ഇസബെൽ പോളിനോട്‌ അന്വേഷിച്ചത്‌.ഉത്തരം കേട്ട ഇസബെൽ ഞെട്ടിപ്പോയി. "ഞാൻ നിങ്ങളുടെ തലയിൽ കുറെ പുരുഷലിംഗങ്ങളുടെ പടമാണ്‌പച്ചകുത്തുന്നത്‌." അതു കേട്ടു ഞെട്ടിയ ഇസബെൽ അയാളെ കുറെ ചീത്ത പറഞ്ഞെങ്കിലും അതു നന്നായി എന്നാണത്രേ ഇപ്പോൾ അവർക്കു തോന്നുന്നത്‌.
ഈ ഇസബെൽ ചില്ലറക്കാരിയൊന്നുമല്ല. 16 ലക്ഷം രൂപയാണത്രേ ഇവർ തന്റെ ശരീരം പൂർണ്ണമായും പച്ചകുത്തുന്നതിനായി ചെലവഴിച്ചത്‌.മുഖവും കൈവിരൽ തുമ്പുകളുമൊഴിച്ചാൽ അവരുടെ ശരീരത്തിൽ ഒരിഞ്ചു സ്ഥലം പോലും ഇനി പച്ച കുത്താൻ ബാക്കിയില്ല. താൻ വസ്ത്രമൊന്നും ധരിക്കാതെ നടന്നാൽ പോലും അത്ര പെട്ടെന്നൊന്നും ആരും അതു തിരിച്ചറിയില്ല എന്നാണവർ അവകാശപ്പെടുന്നത്‌. രതി ചിത്രങ്ങളോടൊരു പ്രത്യേക താത്പര്യമുള്ള ഇസബെൽ തന്റെ അടിവയറ്റിലായി , വിശന്നു വലഞ്ഞ ഒരു പൂച്ച ഒരെലിയെപ്പിടിക്കാൻ ശ്രമിക്കുന്ന ചിത്രം മനോഹരമായി പച്ചകുത്തിയിട്ടുണ്ട്‌. പൂച്ചയുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി എലി എങ്ങോട്ടാണു കയറുന്നതെന്ന്‌ ഊഹിച്ചെടുത്തോളൂ. പടത്തിനു മുകളിലായി HUNGRY PUSSY എന്ന വാക്കുകളും പച്ചകുത്തിയിട്ടുണ്ട്‌.ഇംഗ്ലീഷിൽ pussy എന്ന വാക്കിന്‌ പൂച്ച എന്നു മാത്രമല്ലല്ലോ അർഥമുള്ളത്‌.
ഇതൊന്നും പോരാഞ്ഞ്‌ ശരീരത്തിൽ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ കിഴിച്ച്‌ 48 ആഭരണങ്ങളുമിവരണിഞ്ഞിരിക്കുന്നു.
തന്റെ ഭർത്താവും മകനും ബന്ധുക്കളുമെല്ലാം തന്നെ ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു എന്നാണ്‌ 73 കാരിയായ ഇസബെൽ അമ്മൂമ്മ പറയുന്നത്‌.

2010, മേയ് 29, ശനിയാഴ്‌ച

പെണ്ണുങ്ങളുടെ മാന്ത്രികോത്സവം

മെയ്‌ 29 ന്‌ സെക്രട്ടറിയേറ്റിനു മുൻപിൽ കൂടി യാത്ര ചെയ്യുന്നവർ ഒന്നു സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും.മൂന്നു പെണ്ണുങ്ങള്‍ അന്ന് കണ്ണു മൂടിക്കെട്ടി അതുവഴി മോട്ടോർ സൈക്കിൾ ഓടിക്കും.കേരളത്തിൽ നിന്നുള്ള അമ്മു, കർണ്ണാടകത്തിൽ നിന്നുള്ള ഇന്ദുശ്രീ, മഹാരാഷ്ട്രയിൽ നിന്നുള്ള പേൾ ബുംഗാര എന്നീ വനിതകൾ ഈ സാഹസത്തിനൊരുങ്ങുന്നത്‌ മേയ്‌ 30 ന്‌ തിരുവനന്തപുരത്തു നടക്കാൻ പോകുന്ന ലോകത്തെ ആദ്യ വനിതാ മാജിക്‌ ഫെസ്റ്റിവലിന്‌ മുന്നോടിയായാണ്‌.




മായ 2010 എന്നു പേരിട്ടിരിക്കുന്ന ഈ പെൺമാന്ത്രികോത്സവം സംഘടിപ്പിക്കുന്നത്‌ ശ്രീ ഗോപിനാഥ്‌ മുതുകാടിന്റെ കേരളാ മാജിക്‌ അക്കാഡമിയും കേരള സംസ്ഥാന വനിതാ വികസന കോർപറേഷനും ചേർന്നാണ്‌.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150 ഓളം പെൺ മാന്ത്രികർ പങ്കെടുത്തു മത്സരിക്കും എന്നു പ്രതീക്ഷിക്കപ്പെടുന്നു സാധാരണ മാജിക്‌ മത്സര ഇനങ്ങൾക്കു പുറമേ അടുക്കള മാജിക്‌ എന്ന ഒരു നവീന ഇനവും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അടുക്കളയിലെ നിത്യോപയോഗവസ്തുക്കളും പച്ചക്കറികളും ഒക്കെ ഉപയോഗിച്ചായിരിക്കണം ഈ വിഭാഗത്തിൽ മാജിക്‌ കാണിക്കേണ്ടത്‌.


പൊതുജനങ്ങൾക്ക്‌ ഈ മത്സര വേദികളിലേക്കുള്ള പ്രവേശനം സൌജന്യമാണ്‌


എങ്കിലും മാജിക്ക്‌ കാണാൻ പോകുന്ന ആണുങ്ങൾ ഒന്നു സൂക്ഷിച്ചിരിക്കുന്നതു നല്ലതാണെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം.

2010, മേയ് 27, വ്യാഴാഴ്‌ച

ഏകജാലകവ്യഥകള്‍.

 പരീക്ഷാ ജോലികളെപ്പറ്റി“ പരീക്ഷ” എന്നൊരു പോസ്റ്റിട്ടിരുന്നതിനൊരു അനുബന്ധം. ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിനായുള്ള ഡാറ്റ എന്റ്രി നടത്താന്‍ വിധിക്കപ്പെട്ട അധ്യാപകരുടെ ദയനീയമായ വിലാപം.സമയപരിധിക്കുള്ളില്‍ ജോലി തീര്‍ക്കാനാവാത്തതിന്റെ ടെന്‍ഷനും നിസ്സഹായതയുമെല്ലാം ഇതിലുണ്ട്. മെയ് 23 തീയതി രാത്രി 11 മണിക്ക് കണ്ണൂരു നിന്നും അയച്ചതാണീ‍ മെയില്‍.
sir, 
we are on entering the datas and so tired with heavy work and the running system is very slow
and also there is a chance of chance of current failure with thunder and lightning.
Computer screen also lightened and also our eyes 
in the screen the applicants view date is extended 
so if any chance of extending last date please inform immediately.

2010, ഏപ്രിൽ 25, ഞായറാഴ്‌ച

ആൽമരത്തിന്റെ കഥ,തവളകളുടേയും ചുണ്ടെലിയുടേയും പുൽച്ചാടികളുടെയും കഥ.

(ഈ കഥയും ഇതിലെ ആൽമരം തവള ചുണ്ടെലി പുൽച്ചാടി എന്നീ കഥാപാത്രങ്ങളും കഥാകൃത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്‌. ലോകത്ത്‌ നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ ഒരു സംഭവവുമായും; ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആയ ഒരു വ്യക്തിയുമായും യാതൊരു വിധമായ ബന്ധവും ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഇല്ല.)

ഒരിടത്തൊരു ആൽമരമുണ്ടായിരുന്നു.ഒരു ദിവസം, ആ ആൽമരം മൂന്നു മുട്ടയിട്ടു. പിറന്നു വീണയുടൻ തന്നെ മുട്ടകൾ ദൂരേക്കൊക്കെ ഓടിപ്പോകാൻ തുടങ്ങി.അപ്പോൾ ആൽമരം തന്റെ തടിച്ച വേരുകൾ നീട്ടി മുട്ടകളെ തന്നോടു ചേർത്തു വച്ച്‌ അവയുടെ മേൽ അടയിരുന്നു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു മൂന്ന് ആൽമരക്കുഞ്ഞുങ്ങൾ പുറത്തു വന്നു. അവർ ആൽമരത്തോടു യാത്ര പറഞ്ഞ്‌ മൂന്നു ദിശകളിലേക്കായി യാത്ര പുറപ്പെട്ടു. ഇപ്പോൾ ആൽമരം അവരെ തടഞ്ഞില്ല.

ആ ആൽമരത്തിനു മുകളിൽ കുറെ തവളകൾ കൂടു കൂട്ടി താമസിച്ചിരുന്നു. തവളകൾ പകൽസമയം മുഴുവൻ മരക്കൊമ്പിൽ തല കീഴായി തൂങ്ങിക്കിടന്നുറങ്ങി. രാത്രി, ഇരുളിന്റെ മറവിൽ അവ കുളക്കരയിലും കുറ്റിക്കാടുകൾക്കിടയിലും ഇര തേടി നടന്നു. ഒരു ദിവസം പകൽ സമയത്ത്‌ ഒരു കൂറ്റൻ ചുണ്ടെലി പറന്നു വന്ന് ആ ആൽമരത്തിന്റെ കൊമ്പിൽ ഇരുന്നു.മരക്കൊമ്പു കുലുങ്ങിയപ്പോൾ കുറച്ചു തവളകൾ പിടി വിട്ട്‌ താഴേക്കു വീണു. താഴെ നിന്നിരുന്ന വലിയൊരു അമ്മപ്പുൽച്ചാടി ആ തവളകളെ പിടിച്ചു തിന്നു.അതിനു ശേഷം ആൽമരത്തണലിൽ കിടന്ന് അമ്മപ്പുൽച്ചാടി തന്റെ കുഞ്ഞുങ്ങൾക്ക്‌ പാൽ കൊടുത്തു. പാൽ കുടിച്ചു വയർ നിറഞ്ഞ പുൽച്ചാടിക്കുഞ്ഞുങ്ങൾ സന്തോഷത്തോടെ മരത്തണലിൽ ഓടിക്കളിച്ചു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ പുൽച്ചാടിക്കുഞ്ഞുങ്ങൾക്ക്‌ ചിറകു മുളച്ചു. അപ്പോൾ അവ ചിറകു വീശി ആൽമരത്തിനു മുകളിലേക്കു പറന്നു ചെന്നു.എന്നിട്ട്‌ അവിടെ താമസിച്ചിരുന്ന തവളകളെയെല്ലാം പിടിച്ചു തിന്നു. വയർ നിറഞ്ഞപ്പോൾ പുൽച്ചാടികൾ ചിറകുകൾ പറിച്ചു കളഞ്ഞിട്ട്‌ മരക്കൊമ്പിൽ താമസമാക്കി.

ആൽമരം ഇപ്പോൾ രാവിലെ തവളകളേയും ഉച്ചയ്ക്ക്‌ ചുണ്ടെലിയെയും അത്താഴത്തിന്‌ പുൽച്ചാടികളേയുമാണ്‌ ഭക്ഷിക്കുന്നത്‌!!!

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

പരീക്ഷ

ചേലമറ്റം ഗവൺമന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ.
ഹയർ സെക്കണ്ടറി പരീക്ഷയുടെ മഹത്തായ ആറാം ദിവസം.
അന്നത്തെ പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി. ചാരുംകടവു സ്കൂളിൽ നിന്നും ഇൻവിജിലേഷനു വന്ന ദിനേശൻ സാർ ആകെ ചൂടിലായിരുന്നു. പെൻഷനാകാൻ ഇനി ഒരു വർഷം കൂടിയേ സാറിനു ബാക്കിയുള്ളൂ.പരീക്ഷയുടെ പുതിയ നടപടിക്രമങ്ങളൊന്നും സാറിനിതു വരെ മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഒരു ക്ലാസ്സിൽ ഞെങ്ങി ഞെരുങ്ങിയിരിക്കുന്ന 30 കുട്ടികളും,3, 4 തരം ചോദ്യ പേപ്പറുകളുടെ വിതരണവും. കൂളോഫ്‌ റ്റൈമും, ഒക്കെക്കൂടി സാറിനാകെ കൺഫ്യൂഷനായിരുന്നു. അന്നു സാറിനു ഡ്യൂട്ടി റൂം 15 ലും.സയൻസിലേയും കൊമേഴ്സിലേയും ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരുമായി 30 കുട്ടികൾ ആ റൂമിലുണ്ട്‌.ഇന്നാണെങ്കിൽ ബയോളജി പരീക്ഷയും.

"ദിനേശൻ സാറേ, സാറൊന്നു ശ്രദ്ധിച്ചോണം. ഇന്നു സാറിനു റൂം 15 ലാ ഡ്യൂട്ടി"
ചീഫ്‌ സൂപ്രണ്ട്‌ ലളിതമ്മ റ്റീച്ചർ അൽപം പേടിയോടെയാണു പറഞ്ഞു തുടങ്ങിയത്‌.
"സാറിന്റെ ക്ലാസ്സിൽ ഇന്നു സയൻസിലെ 20 കുട്ടികളുണ്ട്‌. ചീഫ്‌ വിശദീകരിക്കാൻ തുടങ്ങി.15 സെക്കന്റിയറും 5 ഫസ്റ്റിയറും.10 മണിക്കു ബെല്ലടിക്കുമ്പോൾ അവർക്കാദ്യം ബോട്ടണിയാണ്‌.അതിനു 10 മിനിറ്റ്‌ കൂളോഫ്‌ റ്റൈം ഉണ്ട്‌.10.10 ന്‌ അവരെഴുതാൻ തുറ്റങ്ങും. 11.10 ന്‌ അവരുടെ പേപ്പർ തിരികെ വാങ്ങണം. പിന്നെ വീണ്ടും 10 മിനിറ്റ്‌ അവർക്കു കൂളോഫ്‌ റ്റൈമാണ്‌. സുവോളജിക്ക്‌.
പിന്നെ സെക്കന്റിയർ കൊമേഴ്സിലെ 7 കുട്ടികളുണ്ട്‌. അവർക്ക്‌ എക്കണോമിക്സിന്റെ പുതിയ സ്കീം ചോദ്യ പേപ്പർ കൊടുക്കണം.അവർക്കു 15 മിനിറ്റാണു കൂളോഫ്‌ റ്റൈം.3 പേർ പഴയ സ്കീം ആണ്‌. ചോദ്യ പേപ്പർ കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മാറിപ്പോയാൽ സസ്പെൻഷൻ ഉറപ്പാ.; അല്ലാ.. സാറിതു വല്ലോം കേൾക്കുന്നുണ്ടോ?"
സത്യത്തിൽ ഉണ്ടായിരുന്നില്ലഡിനേശൻ സാറിനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.അദ്ദേഹം ഒന്നും കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. സാറിനു തലയാകെ പെരുക്കുന്നതു പോലെ തോന്നി. എന്തൊക്കെയോ ഉച്ചത്തിൽ പിറു പിറുത്തു കൊണ്ട്‌,ചീഫ്‌ സൂപ്രണ്ടിന്റെ വിലക്കുകളും അപേക്ഷകളും ഒന്നും കേൾക്കാതെ, അദ്ദേഹം കൈയ്യിലിരുന്ന പേപ്പറുകളുമായി പുറത്തേക്കോടി.പിന്നെ മുറ്റത്ത്‌, പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ മുന്നിൽ വച്ച്‌ അവയെല്ലാം വലിച്ചു കീറി കാറ്റിൽ പറത്തിക്കൊണ്ട്‌ അദ്ദേഹമുച്ചത്തിൽ ചിരിച്ചു കൊണ്ടു പറഞ്ഞു
"ഹഹഹഹാ, സസ്പെന്റു ചെയ്യെടാ... എന്നെ സസ്പെന്റു ചെയ്യെടാ... ഹഹഹഹാാ..

ഹയർ സെക്കണ്ടറി പരീക്ഷയിൽ ഈ വർഷം ചോദ്യ പേപ്പർ മാറി പൊട്ടിക്കുകയോ കൊടുക്കുകയോ ചെയ്തതിന്റെ പേരിൽ ഈ വർഷം സസ്പെൻഷനിലായവരുടെ എണ്ണം ഇതു വരെ 5. ഒന്നാം വർഷത്തെ ചോദ്യങ്ങൾക്കു പകരം രണ്ടാം വർഷ ചോദ്യങ്ങൾക്കുത്തരം എഴുതുകയും പരീക്ഷ കഴിഞ്ഞിട്ടും അതറിയാതിരിക്കുകയും ചെയ്ത കേസു വേറെ. പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ വിതരണം ചെയ്തപ്പോൾ അബദ്ധത്തിൽ മാറിക്കൊടുക്കുകയും പെട്ടെന്നു തിരിച്ചറിഞ്ഞതിനാൽ പ്രശ്നമുണ്ടാവാതെ തെറ്റു തിരുത്തുകയും ചെയ്ത റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കേസുകൾ ധാരാളം.

പക്ഷേ, കഷ്ടമെന്നു പറയട്ടെ,തുടർച്ചയായി ഇത്തരം പിഴവുകളുണ്ടായിട്ടും അതെന്തു കൊണ്ടെന്നു കണ്ടെത്തി പരിഹാരം കാണാതെ അദ്ധ്യാപകരെ ബലിയാടാക്കി പ്രശ്നങ്ങൾ ഒരു സസ്പെൻഷനിലൊതുക്കാനുള്ള ശ്രമങ്ങളാണിപ്പോഴും നടക്കുന്നത്‌ എന്നതാണു സത്യം. ഈ നിലപാടിനു മാറ്റമുണ്ടായില്ലെങ്കിൽ തുടക്കത്തിൽ ദിനേശൻ സാറിനെ പറ്റി പറഞ്ഞതു പോലുള്ള അനുഭവങ്ങൾ ആർക്കും എവിടെയും എപ്പോഴുമുണ്ടാകാം.
ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടേ

2010, മാർച്ച് 24, ബുധനാഴ്‌ച

ഫാൻസ്‌ അസോസിയേഷൻ

ആരാധകർ
ബസ്‌ സ്റ്റാൻഡിലെ
നാറുന്ന മൂത്രപ്പുരയുടെ ചുവരുകളിലും
സ്കൂളിലെ
കരി പിടിച്ച കഞ്ഞിപ്പുരയുടെ ഭിത്തികളിലും
മോഹൻലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി
വാശിയോടെ, പരസ്പരം യുദ്ധം ചെയ്തു.


താരങ്ങളോ
ഇറക്കുമതി ചെയ്ത,
വില കൂടിയ സുഗന്ധ ദ്രവ്യങ്ങൾ പൂശി,
ശീതീകരിച്ച കൊട്ടാരങ്ങളിൽ അന്തിയുറങ്ങി.
വഴിയോരത്തെ,
സ്വർണ്ണക്കടകളുടെ പരസ്യപ്പലകകളിൽ
പത്തര മാറ്റുള്ള 916 പുഞ്ചിരി പൊഴിച്ച്‌
ആരാധകർക്ക്‌ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നിന്നു.


തീയറ്ററിലെ ഇരുളിൽ വച്ച്‌;
ആരാധകരുടെ
കരിയും അഴുക്കും പുരണ്ട
ദുർഗന്ധപൂരിതമായ ജീവിതങ്ങളിലേക്ക്‌
താരങ്ങൾ പകർന്ന നിറങ്ങളും സുഗന്ധവുമെല്ലാം
പടം തീർന്നപ്പോൾ തുറന്ന വാതിലിലൂടെ കടന്നു വന്ന വെളിച്ചത്തിൽ
കുത്തിയൊലിച്ച്‌ താരങ്ങളിലേക്കു തന്നെ തിരിച്ചു പോയി.
ശുഭം

2010, ജനുവരി 14, വ്യാഴാഴ്‌ച

വാഴക്കോടൻ ഈ കുടുംബത്തിന്റെ കടുത്ത ശത്രു.

എടീ.......
ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ, ശല്യപ്പെടുത്താതെ.
അല്ലെടീ ഞാൻ........
പിന്നേ...പിള്ളാരൊറങ്ങിക്കഴിയുമ്പം തൊടങ്ങും.....എന്നെക്കൊണ്ടൊന്നും പറയിക്കരുത്‌... ങ്‌ ഹാ... നിങ്ങളാ വാഴക്കോടൻ ചേട്ടനെ കണ്ടു പഠിക്ക്‌ മനുഷ്യാ. കണ്ടോ? പാതിരാത്രിയിൽ പോലും ഒറ്റ വിചാരമേയുള്ളു. എഴുതണം.. എഴുതണം എന്ന്...


എടീ എനിക്കും ഒറ്റ വിചാരമേയുള്ളു.......


അതങ്ങു മനസ്സിൽ വച്ചേച്ചാൽ മതി. ഇന്നീ ഭാഗത്തോട്ടു കണ്ടു പോകരുത്‌.. പറഞ്ഞേക്കാം.


അയ്യോടീ... ഇതു കൊള്ളാമല്ലോ!! എടീ നീയും വാഴക്കോടനും കൂടി എന്നെ പുറത്താക്കുകാണോ? ഒന്നുമില്ലേലും ഞാനും ഒരു ബ്ലോഗറല്ലേടീ?


പിന്നേ വല്യ ബ്ലോക്കറ്‌. നിങ്ങക്കിതുവരെ എന്റെ കയ്യീന്നല്ലാതെ എത്ര ഹിറ്റ്‌ കിട്ടീട്ടൊണ്ട്‌?


എന്റമ്മോ!! എടീ ഹിറ്റു കിട്ടിയതിന്റെ കണക്കു നോക്കിയേ ഇതൊക്കെ പറ്റൂന്നു വച്ചാൽ ബ്ലോഗേ ഇല്ലാത്തവരെന്തു ചെയ്യും?


അവരു പോയി ആദ്യാക്ഷരി നോക്കി നല്ലൊന്നാംതരം ബ്ലോഗുണ്ടാക്കും.അവരുടെ പോസ്റ്റൊക്കെ ആൾക്കാരു വായിക്കുകേം കമന്റിടുകേം ഒക്കെ ചെയ്യും. ഈ വാഴക്കോടൻ ചേട്ടനെപ്പോലെ അവര്‌ രാത്രി ഒറക്കമൊഴിഞ്ഞിരുന്ന് ആലോചിച്ചോരോന്നെഴുതും. അല്ലാതെ നിങ്ങളെപ്പോലെ...


അപ്പോ അതു ശരി... നീ ആദ്യാക്ഷരിയൊക്കെ വായിച്ചു പഠിച്ചതിന്റെ അഹങ്കാരമാ അല്ലേ? എടീ ഒന്നുമില്ലേലും ഞാനൊരു പാവത്താനല്ലേ?


പിന്നേ പാവത്താൻ..... ആ വാഴക്കോ....


നിർത്തെടീ... നിന്റെയൊരു വാഴക്കൊല..... കുറെ നേരമായി തുടങ്ങീട്ട്‌!!!
എടീ.. നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതാരാ???


ഓ, അതു നിങ്ങളാ.


എടീ പോത്തേ, നിന്നെ ഇന്റർനെറ്റിൽ കേറാനും ബ്ലോഗ്‌ വായിക്കാനും പഠിപ്പിച്ചതാരാ?


അതു പിന്നെ നിങ്ങളാ.


നീ ആദ്യമായിട്ടു കണ്ട ബ്ലോഗ്‌ ഏതാ?


അതു നിങ്ങടെ വിവരക്കേടല്ലേ നിങ്ങളെനിക്കു കാണിച്ചു തന്നുള്ളൂ.... വായിക്കാൻ കൊള്ളാവുന്ന നല്ല ബ്ലോഗൊക്കെ പിന്നെ ഞാൻ തന്നെ തപ്പി കണ്ടു പിടിച്ചതല്ലേ.


ങ്‌ ഹാ നിന്നെ സിസ്റ്റം ഓൺ ചെയ്യാൻ പഠിപ്പിച്ചതു ഞാൻ; ബ്ലോഗ്‌ വായിക്കാൻ പഠിപ്പിച്ചതു ഞാൻ; നീ ആദ്യമായി കണ്ടത്‌ എന്റെ ബ്ലോഗ്‌.! എന്നിട്ടാണു നീ ഈ പാതിരാത്രീല്‌ കമ്പ്യൂട്ടറും തുറന്നു വച്ച്‌ ബ്ലോഗും വായിച്ചോണ്ടിരിക്കുന്നത്‌. എണീറ്റു മാറെടീ ഞാനൊരു മെയിലൊന്നയക്കട്ടെ.


ഛെ!! ഒന്നു വെറുതെയിരിക്കു മനുഷ്യാ...ശല്യപ്പെടുത്താതെ.മെയിലു നാളെയെങ്ങാനും അയയ്ക്കാം.പിള്ളാരൊന്നൊറങ്ങിക്കഴിഞ്ഞല്ലേ എനിക്കിതിനൊക്കെ ഇത്തിരി സമയം കിട്ടൂ. ഞാനീ വാഴക്കോടൻ ചേട്ടന്റെ പോഴത്തരങ്ങളൊക്കെ ഒന്നു വായിക്കട്ടെ......


(വാഴക്കോടൻ ഈ കുടുംബത്തിന്റെ കടുത്ത ശത്രു.)