2010, നവംബർ 9, ചൊവ്വാഴ്ച

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ - ഒരു സൌന്ദര്യാത്മക വിശകലനം

വായനശാലാ മീറ്റിങ്ങിനു ശേഷം കണാരേട്ടന്റെ ചായക്കടയിലിരുന്ന് ചായയും വടയും കഴിക്കുമ്പോഴാണ്‌ അവിവാഹിതനും മധ്യവയസ്കനുമായ കുമാരേട്ടൻ ആ പ്രസ്താവന നടത്തിയത്‌.
"ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടായത്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കാലത്താണ്‌"
"അതെന്താ ചേട്ടാ അങ്ങിനെ"? ഷാജിയാണ്‌ അതു ചോദിച്ചത്‌. മീശ മുളച്ചു തുടങ്ങിയിട്ടേയുള്ളു അവന്‌. സ്വന്തം ബൈക്കിൽ ചെത്തി നടക്കുന്ന അവന്‌ അപകടവാർത്തകളിൽ താൽപര്യമുണ്ടാകുന്നത്‌ സ്വാഭാവികം.
" എടാ, കുമാരേട്ടൻ വിശദീകരിക്കാൻ തുടങ്ങി. ഇപ്രാവശ്യം സ്ത്രീകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തിയില്ലേ..."
ഹ!! സ്ത്രീകൾക്കു സംവരണമേർപ്പെടുത്തിയാലെങ്ങിനാ ചേട്ടാ, റോഡപകടങ്ങളൂടെ എണ്ണം കൂടുന്നേ"?
"നീ തോക്കീ കേറി വെടി വെക്കാതെടാ കൊച്ചനേ... ഞാനൊന്നു പറയട്ടെ.
എടാ പണ്ടൊക്കെ ഈ എലക്ഷൻ പോസ്റ്ററൊക്കെ ആരെങ്കിലും ശ്രദ്ധിക്കുമാരുന്നോ? ഇല്ല.. കാരണമെന്താ?അന്നാകെയുണ്ടായിരുന്ന പടം താടീം മുടീം നരച്ച, ചാകാറായ കുറെ കെളവന്മാരുടേം , ഡൈ ചെയ്തു കറപ്പിച്ച കുറെ തൈക്കെളവന്മാരുടേം പിന്നെ അങ്ങുമിങ്ങും ചില പഞ്ചാരക്കുട്ടന്മാരുടേം മാത്രമല്ലാരുന്നോ.പക്ഷേ നീ ഇപ്പോ റോഡിലിറങ്ങി ഒന്നു നോക്കിക്കേ,ചുമരായ ചുമരൊക്കെ, പോസ്റ്റായ പോസ്റ്റൊക്കെ യുവ സുന്ദരിമാർ ചിരിച്ചു കൊഴഞ്ഞു നിക്കുന്ന പടങ്ങളല്യോ നെറച്ചും. സിനിമാ പോസ്റ്ററു നാലെണ്ണം കണ്ടു കഴിയുമ്പം നമുക്കറിയാം പിന്നൊള്ളതൊക്കെ ഇതു തന്നാണെന്ന്. പക്ഷേ ഇതതു പോലാന്നോ? ഒരോ വാർഡും കടന്നു പോകുമ്പോ മാറി മാറി വരുവല്യോ മുഖങ്ങള്‌ പല പല ഭാവങ്ങളില്‌. ഇതൊക്കെ കണ്ടു കണ്ടു വണ്ടിയോടിച്ചാ പിന്നെ അപകടമുണ്ടായില്ലെങ്കിലല്ലേ അതിശയമൊള്ളൂ.
 

"അതു ശരിയാ ചേട്ടാ. നല്ലൊന്നാംതരം സുന്ദരിമാരെ തെരഞ്ഞു പിടിച്ചു തന്നാ എല്ലാ പാർട്ടിക്കാരും സ്ഥാനാർഥികളാക്കിയത്‌. പിന്നെ പലരുടേയും പോസ്റ്ററിലെ ഭാവം കണ്ടാൽ അവരു നമ്മളേ എതാണ്ടിനൊക്കെ ക്ഷണിക്കുന്നതു പോലെ തോന്നും". ഷാജി തന്റെ അഭിപ്രായം പറഞ്ഞു.

"അതേടാ അവരു നമ്മളേ ക്ഷണിക്കുവാ - വോട്ടു ചെയ്യാൻ,- അവർക്കു തന്നെ വോട്ടു ചെയ്യാൻ." കണാരേട്ടൻ വ്യക്തമാക്കി.
"ഓ, അപ്പോ അതാ ഇപ്രാവശ്യം പോളിംഗ്‌ ശതമാനം ഇത്ര കൂടാൻ കാരണം അല്ലേ? ഇപ്പൊഴല്ലേ കാര്യം പിടി കിട്ടിയത്‌!! ഈ സുന്ദരിമാരൊക്കെ ഇങ്ങനെ കണ്ണും കയ്യുമൊക്കെ കാണിച്ചു വിളിച്ചാ പിന്നെങ്ങിനെ പോയി ചെയ്യാതിരിക്കും? അല്ലേ കുമാരേട്ടാ.
 

"എന്തായാലും ഇപ്രാവശ്യം ഇലക്ഷൻ കഴിഞ്ഞയുടനെ സ്ഥാനാർഥികൾ തന്നെ പോസ്റ്ററൊക്കെ കീറി മാറ്റി മതിലൊക്കെ വൃത്തിയാക്കി കൊടുത്തത്‌ ഒരു നല്ല കാര്യമായി". തന്റെ ചായക്കട ഭിത്തിയിൽ നിന്നും പോസ്റ്റർ കീറിയെടുത്തിടത്തെ പശയുടെ പാടിലേക്കു നോക്കി കണാരേട്ടൻ പറഞ്ഞു.
"എന്റെ കണാരേട്ടാ അതു സ്ഥാനാർഥികളു ചെയ്ത പൊതുജന സേവനമൊന്നുമല്ല. അതു അവരുടെ ആരാധകര്‌ ഇളക്കി കൊണ്ടു പോയതാ. വീട്ടിൽ കൊണ്ടു വച്ച്‌ എന്നും നോക്കി കണ്ട്‌ ആരാധിക്കാൻ." പറഞ്ഞിട്ട്‌ കുമാരേട്ടൻ ഷാജിയേ അർത്ഥഗർഭമായി ഒന്നു നോക്കി.
അവനൊന്നു ചൂളി. അയ്യേ, ഞാനതിനൊന്നുമല്ല.... കട്ടിയുള്ള പേപ്പറല്ലേ...എന്റെ പുസ്തകം പൊതിയാൻ...
ഹഹഹ... അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോടാ.. നീ കിടന്നു വെരളാതെ... കുമാരേട്ടൻ അവനെ സമാധാനിപ്പിച്ചു.
"എന്തൊക്കെയായാലും ഇവർക്ക്‌ ഇവരുടെ ഭർത്താക്കന്മാരുടെ നല്ല പ്രോത്സാഹനമുണ്ട്‌. ഒരു സ്ഥാനാർഥി ജയിച്ചപ്പോൾ അവരുടെ ഭർത്താവ്‌ സന്തോഷം സഹിക്കാൻ വയ്യാതെ അവരെ പൊക്കിയെടുത്തു നിൽക്കുന്ന പടം കണ്ടില്ലാരുന്നോ പത്രത്തിൽ.. എത്ര സ്നേഹമുള്ള ഭർത്താവ്‌, അല്ലേ"?

ഹഹഹഹ.... അതു സ്നേഹം കൊണ്ടൊന്നുമല്ല മോനേ..വിജയാഹ്ലാദം പ്രകടിപ്പിക്കാനെന്ന പേരിൽ അവരെ കെട്ടിപ്പിടിക്കാനും പൊക്കിയെടുക്കാനും തയാറായി നിന്ന പാർടിക്കാരുടേം ആരാധകരുടേം കയ്യീന്ന് സ്വന്തം ഭാര്യയെ രക്ഷിച്ചു കൊണ്ടു പോകാനുള്ള അയാടെ അടവല്ലാരുന്നോ അത്‌.
ഒരു വാർഡു മെംബറായിപ്പോയെന്നു വച്ച്‌ സ്വന്തം ഭാര്യയേ പൊതുസ്വത്തക്കാനൊന്നും ഒരു ഭർത്താവും സമ്മതിക്കുകേലേ...

ഓ .. അതു ശരി...അപ്പോ എന്തായാലും ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഒരു സൌന്ദര്യാത്മക ഭൌതിക വാദ പരമായ സമീപനമായിരുന്നു കൈക്കൊണ്ടത്‌ എന്നു വേണമെങ്കിൽ പറയാം. അല്ലേ?

പിന്നേ. ജയിച്ചു കയറിയ സുന്ദരിമാരുടെ എണ്ണം വച്ചു നോക്കുമ്പോൾ അങ്ങിനെ തന്നെയാണെന്നാണു മനസ്സിലാക്കേണ്ടത്‌.

12 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പിന്നെ പലരുടേയും പോസ്റ്ററിലെ ഭാവം കണ്ടാൽ അവരു നമ്മളേ എതാണ്ടിനൊക്കെ ക്ഷണിക്കുന്നതു പോലെ തോന്നും"...

.... ഈ സുന്ദരിമാരൊക്കെ ഇങ്ങനെ കണ്ണും കയ്യുമൊക്കെ കാണിച്ചു വിളിച്ചാ പിന്നെങ്ങിനെ പോയി ചെയ്യാതിരിക്കും?

ഞാന്‍ വരാന്നു, എന്റെ ഭാസുരെ ഞാന്‍ വീടിലേക്ക്‌ വരാം ന്നു .. :P

Junaiths പറഞ്ഞു...

ഹഹഹ് ഈ സൌന്ദര്യാത്മക വിശകലനം കലക്കി...
ഹഹഹഹ.... അതു സ്നേഹം കൊണ്ടൊന്നുമല്ല മോനേ..വിജയാഹ്ലാദം പ്രകടിപ്പിക്കാനെന്ന പേരിൽ അവരെ കെട്ടിപ്പിടിക്കാനും പൊക്കിയെടുക്കാനും തയാറായി നിന്ന പാർടിക്കാരുടേം ആരാധകരുടേം കയ്യീന്ന് സ്വന്തം ഭാര്യയെ രക്ഷിച്ചു കൊണ്ടു പോകാനുള്ള അയാടെ അടവല്ലാരുന്നോ അത്‌.
ഒരു വാർഡു മെംബറായിപ്പോയെന്നു വച്ച്‌ സ്വന്തം ഭാര്യയേ പൊതുസ്വത്തക്കാനൊന്നും ഒരു ഭർത്താവും സമ്മതിക്കുകേലേ...
ഇങ്ങനാണേല്‍ ഞാനിത് മൊത്തം ക്വോട്ടും
എന്നാലും ഷാജിയുടെ ചൂളല്‍ ,എനിക്കൊര്‍ക്കുമ്പോള്‍ തന്നെ ചിരി വരുന്നു...

Manoraj പറഞ്ഞു...

ഹഹഹഹ.... അതു സ്നേഹം കൊണ്ടൊന്നുമല്ല മോനേ..വിജയാഹ്ലാദം പ്രകടിപ്പിക്കാനെന്ന പേരിൽ അവരെ കെട്ടിപ്പിടിക്കാനും പൊക്കിയെടുക്കാനും തയാറായി നിന്ന പാർടിക്കാരുടേം ആരാധകരുടേം കയ്യീന്ന് സ്വന്തം ഭാര്യയെ രക്ഷിച്ചു കൊണ്ടു പോകാനുള്ള അയാടെ അടവല്ലാരുന്നോ അത്‌.


ഹ..ഹ.. ഇതാണ് ഹൈലൈറ്റ്.. നോട്ടട്ട് പോയന്റ്. നല്ല രസകരമായിട്ടുണ്ട്

Typist | എഴുത്തുകാരി പറഞ്ഞു...

സൌന്ദര്യാത്മക ഭൌതിക വാദം. കൊള്ളാം, കൊള്ളാം.

mini//മിനി പറഞ്ഞു...

വനിതാസംവരണമല്ല, എന്നിട്ടും എന്റെ വാർഡിൽ മത്സരിച്ച സുന്ദരിയായ ചെറുപ്പക്കാരിയായ സ്ത്രീ (ഡാൻസ് അദ്ധ്യാപിക) ഒരു വയസ്സനോട് മത്സരിച്ചപ്പോൾ തോറ്റുപോയി.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഈ വിശകലനം കൊള്ളാം ;)

അനൂപ്‌ .ടി.എം. പറഞ്ഞു...

ലത് കറക്ടാ..
ഓരോ വോട്ടും ചതുകുടി ലീന ചേച്ചിക്ക് ...!!
100 % സ്ത്രീസംവരണം വന്നാല്‍ മതിയായിരുന്നു.

വില്‍സണ്‍ ചേനപ്പാടി പറഞ്ഞു...

മോനെ പെണ്ണുങ്ങളോടാണോ കളി.
സൗന്ദര്യാത്മക ഭൗതികവാദം.കൊള്ളാം
മലയാള രാഷ്ട്രീയ ഭാഷയ്ക്കു് കിടിലന്‍ സംഭാവന

പാവത്താൻ പറഞ്ഞു...

മുരളിക: :-) വരമാട്ടേന്‍???? വന്നു വോട്ടൂ ചെയ്യ മാട്ടേന്‍??? ഉന്നെ കൊന്ന് ഉന്‍ രത്തത്തെ കുടിപ്പേന്‍!!!!
ജുനൈത്:സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയാലോ എന്നൊരാലോചന!!
മനോരാജ്,എഴുത്തുകാരിച്ചേച്ചി: നന്ദി. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും
മിനി:ഛേ! ഇത്ര സൌന്ദര്യബോധമില്ലാത്ത ആള്‍ക്കാരുടെയിടയ്ക്ക് എങ്ങിനെ ജീവിക്കുന്നു? ചിലപ്പോള്‍ അവിടെ കൂടുതലും വനിതാ വോട്ടര്‍മാരാവും. അസൂയ കൊണ്ട് സംഭവിച്ചതാവും. അറ്റുത്ത തവണ ആ സുന്ദരിയായ ഡാന്‍സ് ടീച്ചറെ ഞങ്ങളുടെ വാര്‍ഡിലേക്കു വിടൂ. ഞങ്ങള്‍ ജയിപ്പിക്കാം.ഭയങ്കര സുന്ദരിയാണെങ്കില്‍ പ്രസിഡന്റുമാക്കാം.

പാവത്താൻ പറഞ്ഞു...

രാമചന്ദ്രന്‍,ഒഴാക്കന്‍ : വരവിനും കമന്റിനും നന്ദി.
അനൂപ്: ഹഹ, പോളിങ് ശതമാനം കൂടിയില്ലേ! ജനങ്ങള്‍ക്കു തെരഞ്ഞെട്യുപ്പില്‍ താല്പര്യം വന്നില്ലേ? ഇതില്‍ കൂടുതല്‍ എന്തു വേണം!!
വിത്സണ്‍: ഇനിയെന്തൊക്കെ കാണാനിരിക്കുന്നോ ആവോ!!

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഹിഹിഹിഹിഹി..

സത്യം കെട്ടോ..

ചില സുന്ദരിമാരുടെ ഒക്കെ പോസ്റ്റർ കണ്ട്; ഈ പാവം ഞാൻ പോലും ബൈക്ക് നിർത്തി കൺകുളിർക്കേ കണ്ട് നിന്നു പോയിട്ടുണ്ട്..:)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതാണ് നാട്ടിലെ പുത്തൻ ഭൌതികവാദം...അല്ലേ...എല്ലാം നന്നായി തന്നെ പറഞ്ഞിട്ടുണ്ട് കേട്ടൊ ഭായ്