2011, ഡിസംബർ 21, ബുധനാഴ്‌ച

കൈയ്യക്ഷരം



സംസ്ഥാന സ്കൂൾ കലോൽസവ സുവനീറിന്റെ ചീഫ് എഡിറ്ററായ രാധാകൃഷ്ണൻ സാറിനെ യാദൃശ്ചികമായാണ്  ഒരു ദിവസം വഴിയിൽ വച്ച്  കണ്ടത്. അദ്ദേഹം പാലാ വരെ പോകുകയാണ്. സുവനീറിനു വേണ്ടി ശ്രീ. സുകുമാർ അഴീക്കോട് എഴുതി നൽകിയ ഒരു ലേഖനം  വിവർത്തനംചെയ്യാൻ കൊടുത്തത് വാങ്ങാൻ പോകുകയാണത്രേ.
അപ്പോ സുവനീർ ഇംഗ്ലീഷിലാണോ”? ഞാൻ ചോദിച്ചു.
അല്ല, മലയാളമാണ്.
ങേ, അഴീക്കോട് മാഷപ്പോ ഇംഗ്ലീീഷിലാണോ ലേഖനമെഴുതിത്തന്നത്? അതെനിക്ക് വിശ്വസിക്കാനൽപ്പം പ്രയാസമുള്ള കാര്യമായിരുന്നു.
ഏത് ഭാഷയാണെന്നെനിക്ക്  കൃത്യമായി അറിയില്ല.  പക്ഷേ ഇംഗ്ലീഷല്ല”.രാധാകൃഷ്ണൻ സർ  ഗൗരവത്തിൽ തന്നെ പറഞ്ഞു.
എന്റെ അന്തം വിട്ട മുഖഭാവം കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ട് കാര്യം വിശദീകരിച്ചു.
            എടോ, അഴീക്കോട് മാഷ് സ്വന്തം കൈപ്പടയിലെഴുതിയ ഒരു ലേഖനം സുവനീറിനായി അയച്ചു തന്നു. പക്ഷേ ഞങ്ങളാരും വിചാരിച്ചിട്ട് ആ കൈയ്യക്ഷരം ഒന്നു വായിച്ചെടുക്കാൻ പറ്റിയിട്ടില്ല.  അഴീക്കോട് മഷിന്റെ കയ്യക്ഷരം വായിക്കുന്നതിൽ വിദഗ്ദ്ധനാണ് പാലാ സെന്റ് തോമസ് കോളജിലെ ർഗ്ഗീസ് സർ. മാഷിന്റെ ലേഖനം വായിച്ചെടുത്ത് അദ്ദേഹമത്  നമുക്ക്  വായിക്കാവുന്ന തരത്തിൽ എഴുതിത്തരും. ഞാൻ അതിനായി പോകുകയാ”.

ഇതു പറഞ്ഞ്  രാധാകൃഷ്ണൻ  സർ പോയി. എനിക്ക് ഭയങ്കര സന്തോഷമായി. ഈ രാധാകൃഷ്ണൻ സറിന് ഇതു തന്നെ വരണം. കുറച്ചു നാൾ മുൻപ് , ഒരു മലയാളം അധ്യാപകനായ ഇദ്ദേഹം എഴുതിത്തന്ന 20 വാക്കുകൾ മാത്രമുണ്ടായിരുന്ന ഒരു നോട്ടീസ് വായിച്ചെടുക്കാൻ ഞങ്ങൾ നാലു പേർ ശ്രമിച്ചിട്ട് ആകെ 8 വാക്കുകൾ മാത്രമേ മനസ്സിലായിരുന്നുള്ളു. ആ നോട്ടീസ് അന്ന് എന്റെ സുഹൃത്തും രാധാകൃഷ്ണൻ സറിന്റെ അരുമ ശിഷ്യനുമായ സാജിദ് വായിച്ചത് ഇങ്ങിനെയായിരുന്നു.
മാന്യമിത്രമേ,
 പുഴു, പുഴു, വലിയ പുഴു.. 13ആം തീയതി രാവിലെ.ചെറിയ പുഴു വലിയ പുഴു വളരെ വലിയ പുഴുയോഗത്തിൽ. പുഴു.. പുഴു കുഞ്ഞു പുഴു.
ഇടയ്ക്കിടെ ചില വാക്കുകൾ ഒഴിച്ചാൽ (അതും സന്ദർഭം കൊണ്ട് മനസ്സിലാക്കിയെടുക്കുന്നതാണ്) ബാക്കിയെല്ലാം ചെറുതും വലുതുമായ കുറെ പുഴുക്കൾ ഇഴയുന്നതു പോലെ മാത്രം തോന്നുന്ന കൈയ്യക്ഷരം.
സ്കൂളിൽ പഠിക്കുമ്പോൾ, പകർത്തെഴുതാൻ മറന്നതിനും ഇരട്ടവര ബുക്കിൽവൃത്തിയായി ഉരുട്ടിയുരുട്ടിഎഴുതാത്തതിനും ഈ രാധാകൃഷ്ണൻ സർ എന്നെ എത്ര  അടി അടിച്ചിട്ടുണ്ടെന്നറിയാമോ?  സാജിദ് ഓർത്തു പറഞ്ഞു.

ഇതേ പോലെ തന്നെ കൈയ്യക്ഷരമുള്ള ഒരാളാണ് എന്റെ സഹപ്രവർത്തകനായിരുന്ന പറക്കോടുകാരൻ ജോയി സർ. ഒരു വത്യാസം, അദ്ദേഹത്തിന്റെ പുഴുക്കൾക്കെല്ലാം ഒരേ നീളവും വലിപ്പവുമായിരിക്കും എന്നതാണ്.
            ജോയിസർ മലയാളത്തിലെഴുതിത്തന്ന  ഒരപേക്ഷയുമായി  ഇൻകം ടാക്സ് ഓഫീസിൽ ചെന്നപ്പോൾ  അവിടുത്തെ ഉദ്യോഗസ്ഥനിൽ നിന്നും ഞാനും എന്റെ സുഹൃത്തും ഹിന്ദി അധ്യാപകനുമായ സജീവും കേൾക്കേണ്ടിവന്ന് അധിക്ഷേപങ്ങൾക്ക് കണക്കില്ല.
            നിങ്ങളൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന മാഷമ്മാരല്ലേ? നിങ്ങളേ ഇങ്ങിനെയായാൽ നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടെ സ്ഥിതി എന്താവും? ആട്ടെ ഏതു വിഷയമാ ഈ വിദ്വാൻ പഠിപ്പിക്കുന്നത്? ഓഫീസർ ചോദിച്ചു.
ഹിന്ദിയാണ്  സർഞാനെന്തെങ്കിലും പറയുന്നതിനു മുമ്പ് സജീവ് ചാടിക്കയറി പറഞ്ഞു..
 ചുമ്മാതല്ലഓഫീസർ പുഛത്തിലൊന്ന് ചിരിച്ചു.” ആദ്യം സ്വന്തം മാതൃഭാഷ നേരാം വണ്ണം എഴുതിപ്പഠിക്കാൻ പറ ആ മാഷോട്. അദ്ദേഹം ഒരുപദേശവും തന്നു.
 .. ഞങ്ങൾ വിനീതവിധേയരായി തലകുലുക്കി. ഇൻകംടാക്സ് ഓഫീസിൽ നിന്നും പുറത്തു വന്ന് ഞങ്ങൾ മതിയാവോളം ചിരിച്ചു.
ഞങ്ങൾ തിരികെ സ്കൂളിലെത്തുമ്പോൾ ഇരട്ടവര ബുക്കിൽ പകർത്തെഴുതിയത് വൃത്തിയായിട്ടില്ല എന്നു പറഞ്ഞ് ഒരു കുട്ടിയെ സ്റ്റാഫ് റൂമിൽ വിളിച്ച് വഴക്കു പറയുകയായിരുന്നു ജോയി സർ. അദ്ദേഹവും  സത്യത്തിൽ ഒരു മലയാളം അധ്യാപകനായിരുന്നു.
അന്നും ഇന്നും  എല്ലാ മലയാളം മാഷന്മാരുടേയും ഒരു പൊതുവായ ദൗർബ്ബല്യമാണ് പകർത്തെഴുത്ത്. പകർത്തു ബുക്കിലെ ഇരട്ടവരകൾക്കിടയിലൂടെ  ഉരുട്ടിയുരുട്ടിയെഴുതിയ വാക്കുകളും വാചകങ്ങളും കൊണ്ടു നിറച്ച പേജുകൾ കൃത്യമായി തീയതി  എഴുതി എന്നും വയ്ക്കണം മലയാളം മാഷിന്റെ മേശപ്പുറത്ത്. പകർത്തു ബുക്ക് കൊണ്ടുവരാത്തവരേയും എഴുതാൻ മറന്നവരേയുമൊക്കെ, ചതിയന്മാരായ ലീഡർമാർ മാഷിന് ഒറ്റിക്കൊടുക്കും. കൈവെള്ളയിലോ കാലിലോ ചൂരൽ വടി കൊണ്ട് ഒന്നോ രണ്ടോ അടിയായിരിക്കും മിക്കവാറും ലഭിക്കുന്ന ശിക്ഷ. ഇതേ ലീഡർമാർ തന്നെ ,അപൂർവ്വം ചിലപ്പോൾ അടുത്ത സുഹൃത്തുക്കളെ, മാഷിനു കൊടുക്കുന്ന ലിസ്റ്റിൽ നിന്നും പേരൊഴിവാക്കി  ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ കടപ്പാടുകൾ ജീവിതത്തിലൊരിക്കലും തീരുന്നവയല്ല.
ദുബായിലെ എണ്ണക്കമ്പനിയിൽ എഞ്ചിനീയറായ സുഹൃത്ത് കുറച്ചു ദിവസത്തെ  അവധിക്ക് നാട്ടിൽ വന്നതായിരുന്നു. സുഹൃത്തുക്കളൊരുമിച്ചുള്ള ആഘോഷങ്ങൾ രാവേറെ വൈകിച്ചു. ഒടുവിൽ പാതിരായ്ക്ക്  അവന്റെ വീട്ടു വാതിൽക്കൽ അവനെയെത്തിച്ച ശേഷം, അവന്റെ ഭാര്യ വാതിൽ തുറക്കുമ്പോളുണ്ടാകാനിടയുള്ള ദാരുണരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിൽക്കാതെ വേഗം രക്ഷപ്പെടാനൊരുങ്ങുമ്പോഴാണ് രാമായണത്തിലെ കൈകേയിയെപ്പോലെ അവൻ പഴയ ഏഴാം ക്ലാസ്സിലെ  കടപ്പാടോർമ്മിപ്പിക്കുന്നത്.
 എടാ , എന്നെ ഇവിടെ തനിച്ചിട്ടു കൊടുത്തിട്ട് പോകല്ലേടാ ദുഷ്ടാപകർത്തെഴുതാത്തതിന് നിന്റെ പേരു പറയാതെ എത്ര തവണ നിന്നെ  ഞാൻ വാര്യർ സാറിന്റെ അടി കൊള്ളാതെ രക്ഷിച്ചിട്ടുണ്ടെടാനന്ദി വേണമെടാ
പിന്നേ. പകർത്തെഴുതാത്തതിന് ഒരടി കിട്ടാതെ സുഹൃത്തിനെ രക്ഷിക്കുന്നതും കലി കയറിയ കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട സുഹൃത്തിനൊപ്പം നിൽക്കുന്നതും തമ്മിൽ എന്തു താരതമ്യം???
ആ ബ്ലാക്ക് മെയിലിങ്ങിനു നിന്നു കൊടുക്കാതെ ഞാൻ ജീവനും കൊണ്ട് സ്കൂട്ടായി.
*****************************************************************************************
പക്ഷേ എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യം; ഇത്ര നിഷ്കർഷയോടെ പകർത്തെഴുത്തിനെ കാണുന്ന ഈ മലയാളം മാഷന്മാരുടെയൊക്കെ കയ്യക്ഷരങ്ങളെന്തേ ഇങ്ങിനെയൊക്കെയാകാൻ? കയ്യക്ഷരവും വ്യക്തിയുടെ സ്വഭാവവും തമ്മിലുള്ള ബന്ധമൊന്നും എനിക്കറിയില്ല. അങ്ങിനെയൊരു ഗവേഷണത്തിന് എനിക്കുദ്ദേശവുമില്ല.
ഒരു പക്ഷേ അഴീക്കോട് മാഷിനെപ്പോലുള്ളവരുടെയൊന്നും ജീവിതം, ആ കയ്യക്ഷരം പോലെ തന്നെ,   മെരുങ്ങിയ ഒരു മൃഗത്തിന്റെ ദൈന്യതയോടെ ഇരട്ടവരകൾക്കിടയിൽ ഒതുങ്ങാത്തതു കൊണ്ടാവും. ഇരട്ട വരകൾക്കിടയിലെ വരികൾ പോലെ, ഇരട്ട പാളങ്ങളിൽ മാത്രമോടുന്ന തീവണ്ടിയന്ത്രത്തിനെ സഞ്ചാരം പോലെ  വിരസവും ഏകതാനവുമല്ലല്ലോ ഒരിക്കലും മാഷെപ്പോലെയുള്ളവരുടെ ജീവിതം. അല്പം ബുദ്ധി മുട്ടിയെങ്കിൽ മാത്രമേ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് അത് മനസ്സിലാക്കിയെടുക്കാനാവൂ.
യാത്രകളും, പ്രഭാഷണങ്ങളും,ശാന്തമായ മൗനവും ഘനഗംഭീരമായ ഗർജ്ജനങ്ങളും സംഗീതവും, സാഹിത്യവും  പ്രണയവും തത്വചിന്തയും, വിവാദങ്ങളും, വിലാപങ്ങളും ഒക്കെയായി പല പല വഴികളിലൂടെ, വത്യസ്തവും അപ്രതീക്ഷിതങ്ങളുമായ വളവുകളും തിരിവുകളും കടന്ന് ,വരകളുടെയെല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്, പട്ടുനൂൽപ്പുഴുക്കളുടെ സ്വതന്ത്ര സഞ്ചാരം പോലെ  അവർ പൊയ്ക്കൊണ്ടേയിരിക്കുന്നു.തിളക്കമേറിയ വിലപിടിപ്പുള്ള ചില നൂലിഴകൾ നമുക്കായി സമ്മാനിച്ചു കൊണ്ട്.

2011, ഡിസംബർ 8, വ്യാഴാഴ്‌ച

സൈലന്റ് വാലിയിലേക്ക് ഒരു യാത്ര.

സൈലന്റ് വാലിയിലേക്ക്. ഒരു രാത്രി വനത്തിൽ തങ്ങാനുള്ള ഏർപ്പടുണ്ടാക്കാം എന്ന് ഒരു സുഹൃത്ത് ഏറ്റിട്ടുണ്ട്.
സംഗതി അതീവ സാഹസികവും അതിനാൽ രഹസ്യാത്മകവും   എന്നു സുഹൃത്തിന്റെ മുന്നറിയിപ്പ്.
സുരക്ഷിതമായി തിരിച്ചെത്തിയാൽ വീണ്ടും കാണാം.
ഭയാശങ്കകളോടെ
ഒരു പാവത്താൻ.

2011, ജൂൺ 28, ചൊവ്വാഴ്ച

ബ്ലോഗ് സുവനീര്‍ - മാത്സ്ബ്ലോഗില്‍ വന്ന ഹരിമാഷിന്റെ ലേഖനം

താഴെ ചേര്‍ത്തിരിക്കുന്നത് മാത്‌സ് ബ്ലോഗില്‍ ഹരിമാഷെഴുതിയ ലേഖനം 

മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി

>> Tuesday, June 28, 2011

കാത്തിരുന്ന് ഒടുവില്‍ കഴിഞ്ഞ ദിവസം മലയാളത്തിലെ ആദ്യത്തെ ബ്ലോഗ് സുവിനീറായ ഈയെഴുത്ത് കൈകളിലെത്തി. എ ഫോര്‍ വലിപ്പത്തിലുള്ള ഇരുന്നൂറ്റി നാല്‍പതു പേജുകള്‍. അതും ഡി.സി.ബുക്സും മറ്റും പുറത്തിറക്കുന്ന പുസ്തകങ്ങളുടെ മേന്മയോട് കിടപിടിക്കുന്ന നിലവാരത്തിലുള്ള പേജുകളോട് കൂടിയത്. അന്‍പത് കളര്‍ പേജുകളുണ്ട്. ഇന്ന് മലയാളം ബ്ലോഗിങ്ങില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന കഥ, കവിത, ലേഖനം, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ബ്ലോഗ് ടിപ്സ് എന്നു തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും പെടുന്ന മുന്നൂറോളം സൃഷ്ടികളാണ് സുവിനീറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോഗ് വായനക്കാര്‍ക്ക് തങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗുകള്‍ കണ്ടെത്താനുള്ള ഒരു ഡയറക്ടറിയായും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ഒരോര്‍മ്മ പുസ്തകമാണ് ഈയെഴുത്ത്.

എന്താണ് ബ്ലോഗുകള്‍
ഒരു കലാസൃഷ്ടി പ്രസിദ്ധീകരിക്കാനുള്ള ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതമാണ് ബ്ലോഗുകള്‍. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പേര്‍ ഇന്ന് മലയാളത്തില്‍ ബ്ലോഗെഴുതുന്നുണ്ട്. എഴുത്തിന് ഏതു വിഷയവും തിരഞ്ഞെടുക്കാമെന്നതാണ് ബ്ലോഗിന്റെ ലാളിത്യം. പല നാടുകളേയും ചുറ്റിപ്പറ്റി എഴുതപ്പെട്ടിട്ടുള്ള കഥകള്‍ അന്നാട്ടുകാരേക്കാള്‍ ബ്ലോഗ് വായനക്കാരായ ജനലക്ഷങ്ങള്‍ക്ക് പരിചിതമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത. അത്രയേറെ ഇന്ന് ബ്ലോഗുകള്‍ പ്രചാരം ആര്‍ജ്ജിച്ചു കഴിഞ്ഞു. കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണെന്നതു കൊണ്ടുതന്നെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍‌ പ്രായഭേദമന്യേ ഇന്ന് ബ്ലോഗുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നുണ്ട്. സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ മോശമില്ലാതെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാനറിയാമെന്നതിന്റെയും അല്പം കലാവാസനയുണ്ടെന്നതിന്റേയും ഒരു തെളിവായി സമൂഹം അതു കണക്കാക്കാന്‍ തുടങ്ങി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ഫോട്ടോകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി വിവിധതരം കലാസാഹിത്യസൃഷ്ടികളുടെ വിളനിലമായി ബൂലോകം ഇന്ന് മാറിക്കഴിഞ്ഞു.

ബ്ലോഗ് മാഗസിന്റെ തുടക്കം
ബ്ലോഗുകളെഴുതുന്നവരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് ബ്ലോഗ് സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മാഗസിന്‍ എന്ന ആശയം ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുന്നോട്ടു വെക്കുന്നത്. ആവേശത്തോടെ അതേറ്റെടുത്ത രഞ്ജിത്ത് ചെമ്മാട് ലോകത്തിന്റെ വിവിധകോണുകളില്‍ ചിതറിക്കിടക്കുന്ന ബ്ലോഗര്‍മാരില്‍ നിന്നും ഇരുപത്തഞ്ചു പേരെ ഏകോപിപ്പിച്ചു കൊണ്ട് ഒരു എഡിറ്റോറിയല്‍ ബോര്‍ഡുണ്ടാക്കി. പുനലൂരിലുള്ള അധ്യാപകനായ എന്‍.ബി.സുരേഷായിരുന്നു മുഖ്യപത്രാധിപര്‍. ആഗ്രഹം ലളിതമാണെങ്കിലും ഇന്റര്‍നെറ്റിന്റെ വിശാലവലയില്‍ പരന്നു കിടക്കുന്ന ആയിരക്കണക്കിന് ബ്ലോഗുകളില്‍ നിന്നും മികച്ച കുറേ സൃഷ്ടികള്‍ സമാഹരിച്ച് ഒരു മാഗസിനുണ്ടാക്കുകയെന്നത് ഒരു ഭഗീരഥയത്നമായിരുന്നു. പിന്നീടങ്ങോട് ഒരു സിനിമാക്കഥ പോലെയായിരുന്നു ഈ സുവിനീറിന്റെ സൃഷ്ടിപരമായ ഓരോ ഘട്ടവും പിന്നിട്ടത്. എന്താണ് ബ്ലോഗെന്നും ബ്ലോഗുകളില്‍ എന്താണ് സംഭവിക്കുന്നതെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു തെളിവായി കാട്ടിക്കൊടുക്കാനാകുന്ന ഒരു ചരിത്രസൃഷ്ടിയായിരുന്നു ഇവരുടെ കഠിനാധ്വാനത്തിന്റെ മികവില്‍ സൃഷ്ടിക്കപ്പെട്ടത്. ഉദ്വേഗങ്ങള്‍ നിറഞ്ഞ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈയെഴുത്ത് എന്ന ഈ സുവിനീര്‍ ഇപ്പോള്‍ ബ്ലോഗേഴ്സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എഡിറ്റോറിയല്‍ ബോര്‍ഡ്
തമ്മില്‍ കാണുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ എഡിറ്റോറിയല്‍ ബോര്‍ഡിലെ ബഹുഭൂരിപക്ഷത്തിനും ഇതേ വരെ സാധിച്ചിട്ടില്ല. ചര്‍ച്ചകളെല്ലാം ഗ്രൂപ്പ് മെയിലിലൂടെ മാത്രം. ആര്‍ക്കും നിര്‍ബന്ധിതമായ ഉത്തവാദിത്വങ്ങളുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും കര്‍മ്മ നിരതരായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞ് വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നെല്ലാം മികച്ചവ ശേഖരിച്ച് ഒരു ബ്ലോഗിലേക്കെത്തിച്ചു. എല്ലാവരും കൂടി ചര്‍ച്ചകള്‍ നടത്തി. ഫോണ്ട് കണ്‍വെര്‍ഷനും പ്രൂഫ് റീഡിങ്ങും ചിത്രം വരയും ലേഔട്ടുമെല്ലാം വിവിധ കോണുകളില്‍ നിന്ന് ഏകോപിപ്പിക്കപ്പെട്ടു. ലേഔട്ട് തയ്യാറാക്കുന്ന രഞ്ജിത്ത് ചെമ്മാടിനും ബിജുകോട്ടിലയും അടക്കമുള്ളവര്‍ക്ക് ഇടക്കിടെ നേരിട്ട ഫോണ്ട് പ്രശ്നങ്ങള്‍ ചില്ലറയൊന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഫലമോ, ലേ ഔട്ട് ടീമിന് സ്വന്തം നിലയില്‍ വീണ്ടുമൊരു പ്രൂഫ് റീഡിങ് നടത്തേണ്ടി വന്നു.

പ്രിന്റിങ്ങ്
നേരിട്ട ഓരോ പ്രതിബന്ധങ്ങളിലും ആത്മധൈര്യം കൈവിടാതെ അവര്‍ മുന്നോട്ടു നീങ്ങി.ചര്‍ച്ചകളെല്ലാം ഗൂഗിളിന്റെ സൗജന്യസേവനമായ ഗ്രൂപ്പ് മെയിലിങ്ങ് വഴിയായിരുന്നു. ഒരു പേര് തിരഞ്ഞെടുക്കുന്നതിനു വേണ്ടി മാത്രം ഒരാഴ്ച നീണ്ടു നിന്ന വോട്ടിങ് നടന്നു. കവര്‍ പേജ് തിരഞ്ഞെടുക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കു പോലും വോട്ടിങ് നടത്തി തികച്ചും ജനകീയമായിത്തന്നെയാണ് സുവിനീറിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. പ്രശ്നങ്ങളൊഴിഞ്ഞില്ല. പ്രിന്റിങ്ങിനു വേണ്ട തുകയ്ക്കുള്ള കണക്കൂട്ടലുകള്‍ നടത്തിയപ്പോള്‍ മൂലധനം ആത്മവിശ്വാസം മാത്രം. പ്രിന്റിങ് ഒഴികെയുള്ള സുവിനീറിന്റെ എല്ലാ ഘട്ടവും നിസ്വാര്‍ത്ഥരായ ബ്ലോഗേഴ്സിന്റെ സഹകരണത്തോടെ പൂര്‍ത്തിയാവുകയാണ്. പക്ഷെ പ്രതീക്ഷിച്ച രീതിയില്‍ പണം സമാഹരിക്കാനായില്ല. പരസ്യങ്ങള്‍ സംഘടിപ്പിക്കാനും മറ്റും ഒന്നിച്ചു കൂടാന്‍ സംഘാടകര്‍ നേരിട്ടു കാണുന്നു പോലുമില്ലല്ലോ? ഒന്നരലക്ഷത്തോളം രൂപ പ്രിന്റിങ്ങിനു മാത്രം വേണം. അവിടെയും ബ്ലോഗേഴ്സിലെ സുമനസ്സുകളുടെ സഹായമുണ്ടായി. പലരും തങ്ങളെക്കൊണ്ടാകുന്ന വിധം ഇരുപതിനായിരവും പതിനായിരവുമൊക്കെയായി പണം അയച്ചു കൊടുത്തു. പ്രിന്റിങ്ങിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് ബ്ലോഗേഴ്സായ ജസ്റ്റിന്‍ ജേക്കബിന്റേയും നസീര്‍ കൂടാളിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൈകതം ബുക്സ് മുന്നോട്ടു വന്നു. വിദേശങ്ങളിലിരുന്ന് ചെയ്ത ഗ്രാഫിക്സ്, ലേ ഔട്ടുകള്‍ നിറഞ്ഞ പേജുകള്‍ പ്രസിലേക്ക് അയച്ചു കൊടുക്കുന്നതിന് അരദിവസമാണ് വേണ്ടി വന്നത്. ഇടക്കിടെയുള്ള വൈദ്യുതി തടസ്സവും മറ്റും സൃഷ്ടിച്ച തടസ്സങ്ങള്‍ വേറെയും. ഏപ്രില്‍ പതിനേഴിന് തിരൂരില്‍ നടക്കുന്ന ബ്ലോഗ് മീറ്റില്‍ പ്രസാധനം ചെയ്യേണ്ട മാഗസിന്റെ ആദ്യ പ്രതി പ്രിന്റ് ചെയ്ത് കയ്യില്‍ വാങ്ങുന്നന്നതു വരെ ടെന്‍ഷന് കയ്യും കണക്കുമുണ്ടായിരുന്നില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ജീവനാഡികളിലൊരാളായ മനോരാജ് പറയുന്നു.

സുവിനീര്‍ നിങ്ങളിലേക്കും
ഒന്നരമാസം കൊണ്ടാണ് ഈയെഴുത്ത് എന്ന മാഗസിന്‍ ഒരുക്കിയത്. ഒന്നരലക്ഷത്തോളം രൂപ ചിലവില്‍ ആകെ ആയിരം കോപ്പി പ്രിന്റ് ചെയ്തു. സാമ്പത്തിക ലാഭം ലക്ഷ്യമിടാത്തതു കൊണ്ടു തന്നെ നൂറു രൂപയ്ക്ക് സുവിനീര്‍ വിതരണം ചെയ്യാനാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനേഴിന് തിരൂര്‍ നടന്ന ബ്ലോഗ് മീറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോപ്പികള്‍ വിതരണം ചെയ്തു വരുന്നു. കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും പുസ്തകസ്നേഹികള്‍ക്കും ഇത് വിതരണം ചെയ്യാനും എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. സുവിനീറിന്റെ വിലയായ നൂറു രൂപയും V.P.P, Courier ചാര്‍ജ് ആയ അമ്പത് രൂപയും നല്‍കിയാല്‍ പുസ്തകം ലഭ്യമാകും. V.P.P ആയി ആവശ്യമുള്ളവര്‍ പോസ്റ്റല്‍ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയില്‍ ചെയ്യുകയോ, 9447814972 (മനോരാജ്) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ മതി.

ബ്ലോഗുകളെപ്പറ്റി സാധാരണക്കാര്‍ അടക്കമുള്ളവര്‍ മനസ്സിലാക്കട്ടെയെന്നും അതുവഴി കഴിവുള്ള കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരട്ടെയെന്നുമാണ് എഡിറ്റര്‍മാരുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായം. മാത്രമല്ല, നേരിട്ടു കാണാത്ത എഡിറ്റര്‍മാര്‍ ഒരുമിച്ചു കൂടി, ലോകത്ത് പല കോണുകളിലിരുന്ന് തയ്യാറാക്കിയ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ സുവിനീര്‍ നമ്മുടെ പുസ്തകശേഖരത്തെ അലങ്കരിക്കുമെന്ന് തീര്‍ച്ച.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

തുഞ്ചന്‍ പറമ്പിലെ തത്ത

 തുഞ്ചന്‍പറമ്പ് ബ്ലോഗ് മീറ്റ്
17 ഞായര്‍ 2011
ഇനി രണ്ടു ദിവസങ്ങള്‍ കൂടി മാത്രം.


കേട്ടു പരിചയിച്ച രാമായണ ശീലുകള്‍...

എഴുത്തോലകളില്‍ നാരായം തീര്‍ത്ത മുറിപ്പാടുകളില്‍ നിന്നും കിനിഞ്ഞ, ഹൃദയരക്തം പോലെയുള്ള വിശുദ്ധാക്ഷരങ്ങള്‍..

പിന്നെ പെന്‍സിലായുരഞ്ഞു തീര്‍ന്നും പേനത്തുമ്പിലൂടൊഴുകിപ്പരന്നും ഒക്കെയായി കടലാസില്‍  കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍

ഇന്നിതാ ഒരു മൌസ് ക്ലിക്കിലൂടെ, കീബോര്‍ഡിലൊഴുകുന്ന വിരലുകളിലൂടെ, മോണിറ്ററില്‍ വര്‍ണ്ണാക്ഷരങ്ങള്‍  പ്രകാശം പരത്തുന്നസൈബര്‍ ലോകം

അക്ഷരകൈരളിയുടെ സൈബര്‍ സ്പര്‍ശം...
ഉപാധിരഹിതമായ സൌഹൃദങ്ങളുടെ കൂടിച്ചേരല്‍.....

എന്തായിരിക്കും തുഞ്ചന്‍ പറമ്പിലെ ആ തത്തമ്മയുടെ മനസ്സിലിപ്പോള്‍?

ശാരികപ്പൈതലിന്റെ കിളിമൊഴികളേറ്റുപാടാന്‍....
ചാരുശീലങ്ങള്‍ പാഠമാക്കാന്‍
ഞങ്ങള്‍ വരുന്നു.കൊട്ടോട്ടിക്കാരന്റേയും സുഹൃത്തുക്കളുടേയും നാട്ടിലേക്ക്.
എല്ലാവരും ഉണ്ടാകുമല്ലോ അല്ലേ?

നിരന്തരമായ ഒച്ചകളുടെ അര്‍ഥരഹിതമായ ആരവങ്ങള്‍ക്കിടയില്‍  സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, സാഹോദര്യത്തിന്റെ  നാമ്പുകള്‍ക്ക് വളര്‍ന്നു  പന്തലിച്ച്, ലോകത്തിനാകെ തണലും  മധുരഫലങ്ങളും നല്‍കുന്ന വടവൃക്ഷങ്ങളാകാനുള്ള  ഊര്‍ജ്ജവും കരുത്തും ലഭ്യമാകട്ടെ തുഞ്ചന്‍ പറമ്പിലെ ഈ കൂട്ടായ്മയില്‍ നിന്നും..

2011, മാർച്ച് 31, വ്യാഴാഴ്‌ച

പോസ്റ്റ് കാര്‍ഡ്.




ഓര്‍ക്കുട്ടിലും ഫേയ്സ്ബുക്കിലുമൊക്കെ നാം
എന്നും കാണാറുണ്ടല്ലോ,
സ്ക്രാപ്പയക്കാറുണ്ടല്ലോ,
ചാറ്റ് ചെയ്യാറുണ്ടല്ലോ.
ഇന്നലേയും ഞാന്‍ നിനക്കൊരു മെയില്‍ ഫോറ്വേഡ് ചെയ്തിരുന്നല്ലോ
ഇനി കത്ത് തന്നെ വേണമെന്നുണ്ടെങ്കില്‍
അറ്റ് ലീസ്റ്റ് ഒരു കവറോ
മിനിമം ഒരു ഇന്‍ലന്റോ എങ്കിലും ആവാമായിരുന്നില്ലേ?
ഉവ്വ്. ഒക്കെ ശരിയാണ്
പക്ഷേ ആ‍ അക്ഷരങ്ങളെ തൊടാനെനിക്കു പേടിയാണല്ലോ
അവയ്ക്കാകെ  തണുപ്പും മരവിപ്പുമാണ്
സമയം കിട്ടുമ്പോള്‍ നീ
ഈ അക്ഷരങ്ങളെ ഒന്നു തൊട്ടു നോക്കൂ
ഇവയ്ക്ക്
സൌഹൃദത്തിന്റെ ചൂടും സ്നേഹത്തിന്റെ മിടിപ്പുമില്ലേ…….



പേരു മറന്നിട്ടില്ല.
പക്ഷേ വിലാസം കൃത്യമായി ഓര്‍മ്മ വരുന്നില്ലല്ലോ..
എത്രനാളിനു ശേഷമാണ്…….
മൃത പത്രങ്ങളുടെ ശവകുടീരത്തിലായാലും
നിന്റെ വീട്ടിലെ ചവറ്റു കുട്ടയിലായാലും
ഇതു മിടിച്ചു കൊണ്ടേയിരിക്കും
കാരണം
ഇതെന്റെ ഹൃദയമാണ്.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

വേരുകൾ

കൊയ്തൊഴിഞ്ഞ പാടത്ത്‌ ഒറ്റയ്ക്കായിപ്പോയ കർഷകനേപ്പോലെ രാഘവൻമാഷ്‌ വരാന്തയുടെ അരമതിലിൽ തൂണും ചാരി ശൂന്യമായ മിഴികളോടെ ഇരുന്നു. താഴത്തെ പടിയിലിരുന്ന് ഭാനുമതിയമ്മ ഇടയ്ക്കിടെ മുണ്ടിന്റെ കോന്തല കൊണ്ട്‌ കണ്ണുകളൊപ്പുന്നുണ്ടായിരുന്നു. രാഘവൻ മാഷുടെ അനുജൻ പ്രഭാകരൻ മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടന്ന് എന്തൊക്കെയോ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടയ്ക്ക്‌ ആത്മഗതം പോലെ പറഞ്ഞു;
"ആ പന്തലുകാര്‌, ഒള്ള മൊട്ടുസൂചി മുഴുവൻ മുറ്റത്തിട്ടിട്ടാ പന്തലഴിച്ചോണ്ടുപോയത്‌. കാലിലെങ്ങാനും  കൊണ്ടാൽ പിന്നെ അതു മതി."
"ഓ, അതൊക്കെ അവിടെയെങ്ങാനും കെടക്കട്ടെ പ്രഭാകരാ, ഇവിടിനി ആരുടെ കാലിൽ കൊള്ളാനാ?" രാഘവൻ മാഷിന്റെ ശബ്ദത്തിൽ നിരാശ നിറഞ്ഞിരുന്നു.
"ഹാ അതു കൊള്ളാം;" പ്രഭാകരൻ തലയുയർത്തി മാഷെ നോക്കി പറഞ്ഞു,"മോടെ കല്യാണം കഴിഞ്ഞു പോയെന്നു പറഞ്ഞ്‌ നിങ്ങളു രണ്ടാളും ഇവിടെ തന്നെയില്ലേ? മൊട്ടുസൂചി നിങ്ങടെ കാലേൽ കുത്തിക്കേറിയാലും നോവത്തില്ലേ?"
"ഹൃദയം പറിച്ചെടുത്തു പോയ വേദനയ്ക്കിടയിൽ ഒരു മൊട്ടു സൂചി കൊള്ളുന്നത്‌ എന്തറിയാൻ? " എന്നാണ്‌ മാഷപ്പോൾ ഉള്ളിലോർത്തത്‌.


"അവരിപ്പോ അങ്ങെത്തിക്കാണും, അല്ലേ പ്രഭാകരാ?“
അത്ര നേരവും നിശ്ശബ്ദമായി കരഞ്ഞു കൊണ്ടിരുന്ന ഭാനുമതിയമ്മ ചോദിച്ചു.
"ഉം, എത്താൻ സമയമാകുന്നു. എന്റേടത്തീ ഇങ്ങിനെ വെപ്രാളപ്പെടാനൊന്നുമില്ല  നാലു മണിക്കൂർ യാത്രയുണ്ടേ ഇവിടുന്ന് വീട്ടിലേക്ക്‌. അങ്ങെത്തിയാലുടൻ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്‌ ലക്ഷ്മിമോള്‌."
"എന്റീശ്വരാ ഇന്നുവരെ ഒരു ദിവസം പോലും വീട്ടീന്നു മാറി നിന്നിട്ടില്ലാത്ത കുഞ്ഞാ"... ഭാനുമതിയമ്മയ്ക്കു തൊണ്ടയിടറി. അവർ വീണ്ടും നിറഞ്ഞ കണ്ണുകൾ തുടച്ചു.
"എന്നു വച്ചു പെൺകുട്ടികളു പ്രായമായാൽ കെട്ടിച്ചയക്കാണ്ടു പറ്റുമോ ഏടത്തീ?"
പ്രഭാകരൻ പറഞ്ഞു തീരുന്നതിനു മുൻപേ അകത്തു ഫോൺ ബെല്ലടിച്ചു.ഭാനുമതിയമ്മ ചാടിയെഴുന്നേറ്റു ചെന്നു ഫോണെടുത്തു.
അമ്മേ എന്ന വിളി മാത്രമേ ഭാനുമതിയമ്മ കേട്ടുള്ളു.എന്റെ മോളേ എന്ന്‌ ലക്ഷ്മിയും.പിന്നെ അമ്മയും മകളും തേങ്ങലുകൾക്കിടയ്ക്ക്‌ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
കുറച്ചു നേരം അവരുടെ കരച്ചിൽ കേട്ടിരുന്ന ശേഷം "എന്നാൽ പിന്നെ ഞാനങ്ങോട്ടിറങ്ങുകാ ചേട്ടാ, ലീവു തീർന്നു. നാളെ മുതൽ ഓഫീസിൽ പോകേണ്ടതാ," എന്നു പറഞ്ഞ്‌ പ്രഭാകരനും ഇറങ്ങി നടന്നു.
******************************
ഒറ്റപ്പെടലിന്റെ വേദനയിൽ മൂന്നു നാലു ദിവസം പുറത്തെങ്ങും പോകാതിരുന്ന ശേഷം വല്ലാതെ മടുപ്പു തോന്നി തൊടിയിലേക്കിറങ്ങിയപ്പോഴാണ്‌ മാഷത്‌ കണ്ടത്‌...
പച്ചക്കറിയുടെ അവശിഷ്ടങ്ങൾ കിടന്നിരുന്നിടത്ത്‌ നല്ല ശക്തിയിൽ മുളച്ചു വന്നിരിക്കുന്ന കുറെ പാവൽ തൈകൾ.
"ഭാനൂ ഇതു നോക്കിയേ" മാഷ്‌ ഭാര്യയേ വിളിച്ചു.
രണ്ടാളും കൂടി ആ പാവൽ തൈകൾക്ക്‌ നന്നായി തടമെടുത്തു. ഉണങ്ങിയ ചാണകം പൊടിച്ചു വളമിട്ട ശേഷം ബക്കറ്റിൽ വെള്ളം കോരിക്കൊണ്ടു വന്നൊഴിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഒരു കാറ്‌ മുറ്റത്തു വന്നു നിന്നത്‌.
ഡോർ തുറന്ന് ലക്ഷ്മിയും സുരേഷും പുറത്തേക്കിറങ്ങി.അമ്മയെ കണ്ടതും ലക്ഷ്മി വിതുമ്പിക്കൊണ്ട്‌ ഓടി വന്നു കെട്ടിപ്പിടിച്ചു രണ്ടു പേരും സന്തോഷം കൊണ്ട്‌ കരയാൻ തുടങ്ങി. ലക്ഷ്മി അഛന്റെ കൈകൾ തന്റെ കൈകളിലെടുത്ത്‌ ഉമ്മ വച്ചു. പിന്നെ അമ്മയും മകളും കൂടി ആരെയും ശ്രദ്ധിക്കാതെ, എന്തൊക്കെയോ കലപില പറഞ്ഞു കൊണ്ട്‌ വീടിനകത്തേക്കു നടന്നു.
"വാ മോനേ" മാഷ്‌ മരുമകനെ വിളിച്ചു - ഞാൻ കൈയ്യൊന്നു കഴുകി വരാം, അപ്പടി അഴുക്കും വിയർപ്പുമാ...
മാഷ്‌ കിണറ്റുകരയിൽ നിന്നും കൈകാൽ കഴുകി വന്നപ്പോഴേക്കും സുരേഷ്‌ അകത്തു കയറി ഇരുന്നിരുന്നു. ലക്ഷ്മി അമ്മയോടൊപ്പം അടുക്കളയിൽ നിന്നും എല്ലാവർക്കും ചായയുണ്ടാക്കി കൊണ്ടുവന്നു. ബോർഡിംഗ്‌ സ്കൂളിലെ വിരസമായ താമസത്തിനു ശേഷം അവധിക്കു വീട്ടിൽ തിരിച്ചെത്തിയ സ്കൂൾ കുട്ടിയെപ്പോലെ ഉല്ലാസവതിയായിരുന്നു ലക്ഷ്മി.
രണ്ടു ദിവസത്തെ താമസത്തിനു ശേഷം കണ്ണീരും തേങ്ങലുമായി ലക്ഷ്മി സുരേഷിനൊപ്പം തിരികെപ്പോയി.


കുറച്ചു നാളുകൾ കൊണ്ട്‌ പാവൽ ചെടികൾ നന്നായി വളർന്നു.വള്ളി വീശിത്തുടങ്ങിയപ്പോൾ തന്നെ മാഷും ഭാര്യയും കൂടി അവയ്ക്കു പടരാൻ കമ്പുകൾ നാട്ടിക്കൊടുത്തു. ചെടികൾ ചുരുളൻ കൈകൾ കൊണ്ട്‌ താങ്ങു കമ്പുകളിൽ മുറുകെച്ചുറ്റിപ്പിടിച്ച്‌ മുകളിലേക്കു പടർന്നു കയറി.
വൈകിട്ട്‌ മാഷും ഭാര്യയും കൂടി പാവലിന്റെ ഇലകളിൽ നിന്നും പുഴുക്കളെ പെറുക്കി കളഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്‌ലക്ഷ്മിയും സുരേഷും എത്തിയത്‌.
കാറിന്റെ ഡോർ തുറന്നിറങ്ങിയ ലക്ഷ്മി സുരേഷ്‌ കൂടി ഇറങ്ങാനായി അവിടെ തന്നെ നിന്നു.അമ്മേ. അഛാ എന്നു വിളിച്ചെങ്കിലും ലക്ഷ്മി,സുരേഷിനോടു ചേർന്ന്, അയാളെ ചാരി നിന്നതേയുള്ളു. വീട്ടിനുള്ളിലും അവൾ ഒരതിഥിയേപ്പോലെ സുരേഷിനൊപ്പം കസേരയിലിരുന്നതേയുള്ളു.
"എന്നാൽ ഞാൻ ചായയെടുക്കാം" എന്നു പറഞ്ഞ്‌ ഭാനുമതിയമ്മ അടുക്കളയിലേക്കു പോയി.
"അമ്മേ സുരേഷേട്ടനു ചായയ്ക്കു നല്ല കടുപ്പം വേണം കേട്ടോ". ഞാനും ഇപ്പ്പ്പോ കടുപ്പത്തിലാ ചായ കുടിക്കുന്നത്‌." ലക്ഷ്മി സുരേഷിനോടു ചേർന്നിരുന്നു കൊണ്ട്‌ വിളിച്ചു പറഞ്ഞു.
" നാളെ ഞായറാഴ്ചയല്ലേ; ഊണിനു നമുക്കു പ്രഭാകരനേം വീട്ടുകാരേം കൂടി വിളിക്കാം." ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മാഷ്‌ അഭിപ്രായപ്പെട്ടു.
ലക്ഷ്മിയും സുരേഷും പരസ്പരം നോക്കി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ലക്ഷ്മി പറഞ്ഞു,. "അയ്യോ അഛാ, നാളെ സുരേഷേട്ടന്റെ കൂട്ടുകാരന്റെ അനിയത്തീടെ കല്യാണമാ. ഞങ്ങൾക്കു രാവിലെ തന്നെ പോണം. ചിറ്റപ്പനെയൊക്കെ നമുക്കു പിന്നീടൊരു ദിവസം വിളിക്കാം."
മാഷും ഭാര്യയും പരസ്പരം നോക്കി. അവരൊന്നും മിണ്ടിയില്ല.
*************************
നന്നായി പടർന്നു പന്തലിച്ച പാവൽച്ചെടികൾ വൈകാതെ നിറയെ പൂവിട്ടു.പൂക്കൾ വാടിക്കൊഴിഞ്ഞതോടെ കുഞ്ഞു കുഞ്ഞു പാവയ്ക്കകൾ പന്തലിലാകെ ഊഞ്ഞാലാടാൻ തുടങ്ങി. ലക്ഷ്മിയും സുരേഷും ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ ചെയ്യ്ത്‌ അഛന്റേയും അമ്മയുടെയും വിവരങ്ങൾ തിരക്കാറുണ്ട്‌.


സന്ധ്യക്ക്‌ ഉമ്മറപ്പടിയിലും തുളസിത്തറയിലും ദീപം തെളിച്ചു കഴിഞ്ഞപ്പോൾ ഭാനുമതിയമ്മയ്ക്കു വല്ലാത്ത ക്ഷീണം തോന്നി. "തീരെ വയ്യ" അവർ പറഞ്ഞു. "നേരത്തേ വല്ലതും കഴിച്ചു കിടക്കാം"
മാഷ്‌ അവരുടെ നെറ്റിയിൽ കൈ വച്ചു നോക്കി. ചെറുതായി പനിക്കുന്നുണ്ടായിരുന്നു.
"ചെറിയ ചൂടുണ്ടല്ലോ, ഞാൻ പ്രഭാകരനെ വിളിക്കാം ഇപ്പോൾ തന്നെ എന്തെങ്കിലും മരുന്നു വാങ്ങാം."
ഓ അതൊന്നും വേണ്ടെന്നേ.ഒന്നു വിശ്രമിച്ചാൽ മാറാനുള്ളതേയുള്ളു ഇത്‌. അല്ലെങ്കിൽ നാളെ രാവിലേ എന്തെങ്കിലും ചെയ്യാം. അതു മതി." ഭാനുമതിയമ്മ പറഞ്ഞു.
അപ്പോഴാണ്‌ ഫോൺ ബെല്ലടിച്ചത്‌. ലക്ഷ്മിയായിരുന്നു.കുറച്ചു നേരം അഛനോടു സംസാരിച്ച ശേഷം അവൾ അമ്മയെ അന്വേഷിച്ചു. വയ്യെങ്കിലും ഭാനുമതിയമ്മ അവളോടു സംസാരിച്ചു.പനിയെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും ശബ്ദം കേട്ടപ്പോൾ അവൾ ചോദിച്ചു "എന്താ അമ്മേ ഒരു ക്ഷീണം സുഖമില്ലേ?"
"ഏയ്‌ ഒന്നുമില്ല മോളേ ഒരു ചെറിയ ജലദോഷം അത്രേയുള്ളു" ഭാനുമതിയമ്മ പറഞ്ഞു. പിന്നെ മകളുടെ വകയായി,  ജലദോഷമണെന്നു പറഞ്ഞ്‌ വച്ചു കൊണ്ടിരിക്കരുത്‌, മരുന്നു വാങ്ങണം, അധികം ജോലി ചെയ്യരുത്‌, റെസ്റ്റെടുക്കണം തുടങ്ങി നൂറു കൂട്ടം ഉപദേശങ്ങളെല്ലാം മൂളിക്കേട്ട ശേഷം അവർ ഫോൺ വച്ചു.
ഭാനുമതിയമ്മയുടെ പനി രാത്രിയും തുടർന്നു. നെറ്റിയിൽ കൂടെക്കൂടെ തുണി നനച്ചിട്ടും കട്ടൻ കാപ്പി തിളപ്പിച്ചു കൊടുത്തും ഉറങ്ങാതെ ഭാര്യയുടെ അടുത്തിരിക്കുമ്പോൾമാഷിനു ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ടതു പോലെ തോന്നി.


രാവിലെ തന്നെ മാഷ്‌ പ്രഭാകരനെ വിളിച്ചു. വിവരം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഭാനുമതിയമ്മ ശർദിക്കുന്ന ശബ്ദം കേട്ട്‌ "നീ പെട്ടെന്നിങ്ങോട്ടൊന്നു വാ പ്രഭാകരാ" എന്നു പറഞ്ഞ്‌ റിസീവർ താഴെയിട്ട്‌ മാഷ്‌ അവരുടെയടുത്തേക്ക്‌ വെപ്രാളപ്പെട്ട്‌ ഓടിച്ചെന്നു. അൽപനേരം പുറം തിരുമ്മിക്കൊടുത്തപ്പോൾ ശർദ്ദിൽ നിന്നു. വായും മുഖവും കഴുകി അൽപം വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴെക്കും പ്രഭാകരൻ എത്തി. വരുന്ന വഴിക്കു തന്നെ വൈദ്യനെ വീട്ടിൽ ചെന്നു കണ്ട്‌ വിവരം പറഞ്ഞ്‌ മരുന്നും വാങ്ങിയായിരുന്നു അയാൾ വന്നത്‌.


"ലക്ഷ്മിമോളു പിന്നെ വിളിച്ചോ?" മാഷുണ്ടാക്കിയ ചൂടു കഞ്ഞി അൽപാൽപം സ്പൂണിൽ കോരിക്കുടിക്കുന്നതിനിടയിൽ ഭാനുമതിയമ്മ ചോദിച്ചു.
തലേദിവസം വിളിച്ചപ്പോൾ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞിട്ടും ഇതു വരെ അവളൊന്നു വിളിച്ച്‌ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു പോലുമില്ലല്ലോ എന്നാലോചിച്ചിരിക്കുകയായിരുന്നു മാഷ്‌.
"ഉം അവളും സുരേഷും രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. നീ നല്ല ഉറക്കമായിരുന്നു. പനിയൊക്കെ മാറി ഇപ്പോ ഒരസുഖവുമില്ല എന്നാ ഞാൻ അവരോടു പറഞ്ഞത്‌. വെറുതെയെന്തിനാ അവരെക്കൂടി വെഷമിപ്പിക്കുന്നത്‌?" മാഷ്‌ ഭാര്യക്ക്‌ മുഖം കൊടുക്കാതെ പറഞ്ഞു.
"ആ അതു ശരിയാ. പക്ഷേ എന്തോ എനിക്കവളെയൊന്നു കാണണമെന്നു തോന്നുകാ ഇന്നലെ മുതല്‌"
"അതിനെന്താ, നിന്റെ പനിയൊന്നു മാറട്ടെ. നമുക്കങ്ങോട്ടു പോയി കാണാമല്ലോ അവളെ...


രണ്ടു നേരം മരുന്നു കഴിച്ചപ്പോൾ തന്നെ ഭാനുമതിയമ്മയ്ക്ക്‌ നല്ല ആശ്വാസമായി. ഉച്ച വരെ മാഷ്‌ അവരുടെ അടുത്തു തന്നെ ഇരിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞ്‌, വെയിലൽപ്പം മങ്ങിയപ്പോഴാണ്‌ അന്നു മാഷ്‌ പാവൽ തോട്ടത്തിലേക്കിറങ്ങിയത്‌. ചെടികൾക്കെല്ലാം നനച്ച ശേഷം പൂവീച്ച കുത്താതിരിക്കാൻ പാവൽ കുഞ്ഞുങ്ങൾക്ക്‌ പത്രക്കടലാസ്‌ ചുരുട്ടിയുണ്ടാക്കിയ കുഞ്ഞുടുപ്പുകളണിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ കാർ വന്നു നിന്നത്‌.
ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ലക്ഷ്മിയുടെ കയ്യിൽ ഒരു വലിയ ബാഗുമുണ്ടായിരുന്നു. അവൾ ബാഗുമായി നേരേ മാഷുടെ അടുത്തേക്കോടി വന്നു.
"അഛാ.., അമ്മയെവിടെ? അമ്മയ്ക്കെങ്ങിനുണ്ട്‌? എന്താ അഛാ വിളിച്ചിട്ടൊന്നും ഫോണെടുക്കാത്തത്‌? രാവിലെ മുതൽ എത്ര തവണ വിളിച്ചു. വിളിക്കുമ്പോഴെല്ലാം ബിസി. എന്താ അഛാ അമ്മയ്ക്കു പറ്റിയത്‌?....
"ഏയ്‌... ഒന്നുമില്ല മോളേ.. വെപ്രാളപ്പെടാനൊന്നുമില്ല. അവൾക്കു ചെറിയൊരു ജലദോഷം. അത്രേയുള്ളു..ഇപ്പോ നല്ല കുറവുണ്ട്‌...
അപ്പോഴേക്കും സുരേഷും അടുത്തെത്തിയിരുന്നു. അയാൾ പറഞ്ഞു
"അമ്മയെ നമുക്ക്‌ ഹോസ്പിറ്റലിൽ കൊണ്ടു പോകാമഛാ....
"അതൊന്നും വേണ്ട മോനേ.. രാവിലെ പ്രഭാകരൻ, വൈദ്യനെ കണ്ട്‌ മരുന്നു വാങ്ങി. ഇപ്പോ നല്ല കുറവുണ്ട്‌.... അപ്പോഴാണ്‌ മാഷ്‌ ലക്ഷ്മിയുടെ കയ്യിലെ ബാഗ്‌ ശ്രദ്ധിച്ചത്‌. നീയെന്താ മോളേ വലിയ ബാഗുമൊക്കെയായി?
ഉത്തരം പറഞ്ഞത്‌ സുരേഷായിരുന്നു
" ഹോ, ഇന്നലെ തുടങ്ങിയ ബഹളമല്ലേ അവള്‌, അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ്‌.പിന്നെ രാവിലെ മുതൽ വിളിച്ചിട്ടു കിട്ടാതായപ്പോ ഞാനും ഒന്നു പേടിച്ചു. ഇവളു കുറച്ചു ദിവസം ഇവിടെ നിൽക്കാനുള്ള ഒരുക്കത്തിലാ. അമ്മയ്ക്കു നല്ല പോലെ ഭേദമായിട്ടേ ഇനി അങ്ങോട്ടു പോരുന്നുള്ളു എന്നു പറഞ്ഞാ വന്നിരിക്കുന്നത്‌."
മാഷ്‌, നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതിരിക്കാനായി ഒരു പാവയ്ക്കാകുഞ്ഞിനെ ഉടുപ്പണിയിക്കുന്നതായി ഭാവിച്ചു നിന്നു.
" എന്നിട്ടമ്മയെവിടെ? ഞാൻ അമ്മയെ കാണട്ടെ" എന്നു പറഞ്ഞ്‌ ലക്ഷ്മി തിടുക്കപ്പെട്ടു മുമ്പോട്ടു നടന്നു. അവളുടെ കയ്യിലെ ബാഗ്‌ ഒരു പാവൽ വള്ളിയിൽ കുരുങ്ങി. അതു ശ്രദ്ധിക്കാതെ നടന്നപ്പോൾ ആ പന്തലൊന്നാകെ ഒന്നുലഞ്ഞു.
അതു കണ്ട്‌ സുരേഷ്‌ ഒച്ചയിട്ടു.
"എടീ സൂക്ഷിച്ച്‌, നീയിപ്പോ ഈ പാവലെല്ലാം പറിച്ചു കളയുമല്ലോ". ലക്ഷ്മി പെട്ടെന്നു നിന്നു.
മാഷ്‌ മെല്ലെ ബാഗിൽ നിന്നും പാവലിന്റെ പിടി വിടുവിച്ചു കൊണ്ട്‌ പറഞ്ഞു.
"ഇല്ല മോനേ; ആഴത്തിലോടിയ വേരുകളാ. അത്ര പെട്ടെന്നൊന്നും പറിഞ്ഞു പോകില്ല - പിന്നെ തന്റെ ദേഹത്തെ അഴുക്കും വിയർപ്പുമൊന്നും കൂട്ടാക്കാതെ രണ്ടു പേരെയും ഇരുവശത്തുമായി ചേർത്തു പിടിച്ചു കൊണ്ട്‌ മാഷ്‌ വീട്ടിലേക്കു നടന്നു.

2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

സ്നേഹമുള്ള ഭർത്താക്കന്മാർ ഭാര്യമാരോടു ചെയ്യുന്നത്‌.


എന്റെ ഭാര്യ പരിഭവപ്പെട്ടു പറഞ്ഞു....
സ്നേഹമുള്ള ഭർത്താക്കന്മാർ
ഭാര്യമാർക്ക്‌ ആഭരണങ്ങൾ വാങ്ങിക്കൊടുക്കും;
അവരെ ഒപ്പം കൂട്ടി യാത്ര പോകും.
നിങ്ങളോ?
******************
ഒരു സ്നേഹമുള്ള ഭർത്താവിന്റെ ഭാര്യയുടെ ആത്മഗതങ്ങൾ.
ഒരു മാല എന്നു ഞാൻ പറഞ്ഞപ്പോൾ,
വില തീരെക്കുറഞ്ഞ, എന്നാൽ ഭംഗിയുള്ള
ഒരു മുത്തുമാല എന്നേ ഞാനുദ്ദേശിച്ചുള്ളൂ.
എന്നാൽ ഓഫീസിൽ നിന്നു വന്നപ്പോൾ
അദ്ദേഹം വാങ്ങിക്കൊണ്ടു വന്നു തന്ന മാല,
വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും
പതിനഞ്ചു പവനുണ്ടായിരുന്നു.
ഒരു തുടലിന്റെ നീളവും ബലവുമുണ്ടായിരുന്നു.
അത്‌ കഴുത്തിലണിഞ്ഞ്‌ അദ്ദേഹത്തിന്റെ മുന്നിൽ നിന്നപ്പോൾ
ഉറക്കെ കുരയ്ക്കാനും,
വാലാട്ടി നന്ദി പ്രകടിപ്പിക്കാനും എനിക്കു തോന്നി.

യാത്ര എന്നു ഞാൻ പറഞ്ഞപ്പോൾ
വെയിൽ നനഞ്ഞ്‌, മഴ കൊണ്ട്‌,
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ
കൈ കോർത്തു പിടിച്ചു നടക്കുന്നതും,
വഴിയോരത്തെ മരത്തണലിലിരുന്ന്
ഒരിലപ്പൊതിയിൽ നിന്ന് പങ്കിട്ട്‌ കഴിക്കുന്നതും
ഒക്കെയായിരുന്നു എന്റെ സ്വപ്നം.
പക്ഷേ ശീതീകരിച്ച ആഡംബരക്കാറിലിരുന്ന്
സുഖവാസകേന്ദ്രങ്ങളിലെ നക്ഷത്രമുറികളിലേക്കുള്ള
പോക്കുവരവുകൾ എനിക്ക്
അറത്തു മുറിച്ച ശരീരത്തിന്റെ,
മോർച്ചറിയിൽ നിന്നും സെമിത്തേരിയിലേക്കുള്ള
തണുത്തുറഞ്ഞ യാത്രകളായിരുന്നു .
**************
അതേ
സ്നേഹമുള്ള ഭർത്താക്കന്മാർ
ഭാര്യമാർക്ക്‌ ആഭരണങ്ങൾ വാങ്ങിക്കൊടുക്കും
അവരെ ഒപ്പം കൂട്ടി യാത്ര പോകും
ഞാനോ?

2011, ജനുവരി 31, തിങ്കളാഴ്‌ച

പാടവരമ്പത്ത്


         
ഗേറ്റ്‌ കടന്ന് മുറ്റത്തേക്കൊഴുകി വന്നു നിന്ന വെളുത്ത ഇന്നോവ കണ്ടതും, പൂമുഖത്തെ ചാരു കസേരയിൽ വഴിക്കണ്ണുമായിക്കിടക്കുകയായിരുന്ന മുത്തഛന്റെ മുഖത്ത്‌ ഒരായിരം കണിക്കൊന്നകൾ ഒന്നിച്ചു പൂത്തു. കസവുമുണ്ടും സിൽക്‌ ജൂബയും ധരിച്ച, കറുത്ത്‌ ആജാനുബാഹുവായ തോമസുകുട്ടി ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി വന്ന് ഇപ്പുറത്തെ ഡോർ തുറന്നു കൊടുത്തു. മുത്തഛനോളം തന്നെ പ്രായമുള്ള പത്രോസ്‌ അൽപം ആയാസപ്പെട്ട്‌ വണ്ടിയിൽ നിന്നിറങ്ങി. മെലിഞ്ഞു നീണ്ട ആ വൃദ്ധ ശരീരത്തിനു തീരെ ചേരുന്നുണ്ടായിരുന്നില്ല അദ്ദേഹം ധരിച്ചിരുന്ന അലക്കിത്തേച്ചു വടി പോലാക്കിയ വെള്ള മുണ്ടും ഷർട്ടും. കാറിൽ ചാരി നിന്ന്, മുണ്ടൊന്നു കൂടി അരയിലുറപ്പിച്ചുടുത്ത ശേഷം പത്രോസ്‌ പൂമുഖത്തേക്കു നടന്നു. തോമസുകുട്ടിയുടെ പിടി വിടുവിച്ച്‌ പൂമുഖത്തേക്കുള്ള പടി സ്വയം കയറുമ്പോൾ പത്രോസിന്റെ കാൽ മെല്ലെയൊന്നിടറി. കൂടെത്തന്നെയുണ്ടായിരുന്ന തോമസുകുട്ടി, അപ്പൻ വീഴാതെ പെട്ടെന്നു താങ്ങിപ്പിടിച്ചു കൊണ്ട്‌ പറഞ്ഞു;
"എന്റപ്പാ
, ഞാൻ പിടിക്കത്തില്ലിയോ! എന്തിനാ ഇത്ര ധൃതി വക്കുന്നേ? പതുക്കെ പോയാപ്പോരേ? മുത്തഛനെങ്ങും പോന്നില്ലല്ലോ..."
"നീ പോടാ..." പത്രോസ്‌ ദേഷ്യപ്പെട്ടു.എനിക്കറിയാമ്മേലേ നടക്കാൻ...."
പത്രോസിന്റെ ദേഷ്യം വക വയ്ക്കാതെ തോമസുകുട്ടി അപ്പനെ പിടിച്ച്‌ കൊണ്ടു പോയി മുത്തഛനിരിക്കുന്ന ചാരുകസേരയുടെ തൊട്ടടുത്തുള്ള കസേരയിൽ കൊണ്ടിരുത്തി.
ചാരു കസേരയിൽ അൽപം മുന്നോട്ടാഞ്ഞിരുന്ന് എല്ലാം നോക്കി ആസ്വദിച്ച്‌ മുത്തഛൻ തന്റെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ടിരുന്നു. കസേരയിലിരുന്ന്
, പടികയറിയ ക്ഷീണം തീർക്കാൻ രണ്ടു മൂന്നു പ്രാവശ്യം ദീർഘശ്വാസമെടുത്ത ശേഷം പത്രോസ്‌ വിളിച്ചു
"തമ്പ്രാനേ......"
"ഇന്നു ഞായറായതു കൊണ്ട്‌ തേവൻ വരുമെന്നെനിക്കറിയാരുന്നു. ഞാൻ രാവിലെ മുതൽ നോക്കിയിരിക്കുവാരുന്നു. എന്താ വൈകിയത്‌
?"മുത്തഛൻ ചോദിച്ചു.
"ഓ.. എന്നാ പറയാനാ
? പള്ളീന്നു പ്രസംഗം തീർന്നപ്പഴേക്കും താമസിച്ചു പോയി. കുന്നേലച്ചനാ.. തൊടങ്ങിയാപ്പിന്നെ നിർത്തുകേല."
"ഹ
,,ഹാ.." മുത്തഛൻ ഉറക്കെ ചിരിച്ചു. "തേവാ, റാഹേലിനെ കെട്ടാൻ വേണ്ടി മാർക്കം കൂടി കൃസ്ത്യാനിയായപ്പം ഇങ്ങിനെ ജീവിതകാലം മുഴുവൻ പ്രസംഗം കേക്കണ്ടിവരുമെന്നു വിചാരിച്ചില്ല അല്ലേ..?"

രണ്ടു വൃദ്ധന്മാരും ഉറക്കെ ചിരിച്ചു.

അവരെ വിട്ട്‌
, തോമസുകുട്ടി അകത്തേക്കു കയറി.
"എടാ ശേഖരാ..." അയാൾ വിളിച്ചു.
ശേഖരൻ കുളി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. ഒരു നനഞ്ഞ തോർത്തു കൊണ്ട്‌ തല തുവർത്തിക്കൊണ്ട്‌ അയാൾ സ്വീകരണ മുറിയിലേക്കു വന്നു.
"ങ്‌ഹാ
, തോമസുകുട്ടീ... നീയെത്തിയോ?..ഇവിടെ തമ്പ്രാൻ അടിയാനെ കാണാഞ്ഞ്‌ കാലത്തേ മുതൽ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു...
"ഓ
, അവിടെ പൂമുഖത്ത്‌ തമ്പ്രാനും അടിയാനും കൂടി കൂടീട്ടൊണ്ട്‌. ആ; പിന്നെ ശേഖരാ, വൈകിട്ടത്തെ മീറ്റിങ്ങിന്റെ കാര്യം മറക്കണ്ട. ഞായറാഴ്ച്ചയാണെന്നു കരുതി വൈകരുത്‌. പുതിയ പ്രൊജക്റ്റിന്റെ പല കാര്യങ്ങളും തീരുമാനിക്കാനുള്ളതാ.
"ഓ..... ശേഖരൻ അമിത വിനയമഭിനയിച്ചു കൊണ്ട്‌ പറഞ്ഞു."യെസ്‌ സാർ
; മാനേജിംഗ്‌ ഡയറക്ടർ ഉത്തരവിട്ടാൽ പിന്നെ പാവം മാനേജർക്ക്‌ അനുസരിക്കാതിരിക്കാൻ പറ്റുമോ?.... എതിയേക്കാമെടാ, സമയത്തു തന്നെ,. പിന്നെ വരുന്ന വഴി അഛനെ ഞാൻ വീട്ടിലോട്ടു വിട്ടേക്കാം. അതിനായിട്ടിനി നീയിങ്ങോട്ട്‌ വരണ്ട.
ഇറങ്ങാൻ തുടങ്ങിയ തോമസു കുട്ടി പെട്ടെന്നെന്തോ ഓർത്ത്‌ തിരിഞ്ഞു നിന്നു.
"എടാ
, അപ്പന്റെ കൈയ്യിൽ ഒരു കെട്ട്‌ ബീഡിയുണ്ട്‌. ഇന്നലെ വഴക്കിട്ട്‌ എന്നെക്കൊണ്ട്‌ മേടിപ്പിച്ചതാ. പോരുമ്പോൾ എടുത്ത്‌ മടിയിൽ തിരുകുന്നതു കണ്ടാരുന്നു. വേണേൽ രണ്ടു പേരും കൂടി ഓരോന്നു വലിച്ചോട്ടെടാ. നീ വഴക്കൊന്നും പറയാൻ പോകണ്ട."
"ഓ അതു ശരി
, അപ്പോ അതാ രാവിലെ രണ്ടാളൂം കൂടി പതിവില്ലാത്ത ഒരു രഹസ്യം പറച്ചിലും ഗൂഢാലോചനയുമൊക്കെ.. ങാ... നടക്കട്ടെന്ന്. വയസുകാലത്ത്‌ അവരുടെ ഒരു സന്തോഷമല്ലേ. നമ്മളായിട്ടെന്തിനാ അതു നശിപ്പിക്കുന്നത്‌?....

*****************************************************
ആ വലിയ തറവാടിന്റെ പൂമുഖത്തെ കസേരകളിൽ ആ രണ്ടു വൃദ്ധന്മാരും കുറേ സമയം ഒന്നും മിണ്ടാതെ എന്തൊക്കെയോ ഓർത്തിരുന്നു. പിന്നെ മുത്തഛൻ മെല്ലെ പറഞ്ഞു.
തേവാ
, താനോർക്കുന്നുണ്ടോ നമ്മള്‌ രണ്ടാളും പാടത്തും പറമ്പിലുമൊക്കെ ഒന്നിച്ച്‌ പണിതത്‌?
"അതോക്കെ മറക്കാൻ പ
റ്റുവോ തമ്പ്രാനേ?
"ഇപ്പോ ദാ നമ്മടെ മക്കളും അതു പോലെ ഒന്നിച്ച്‌......
.......

 ഒന്നിച്ച്‌ പഠിച്ച്‌, ഒന്നിച്ചു പരീക്ഷ പാസായി, ഒന്നിച്ചു ജോലിയും ചെയ്യുന്നു.. അല്ലേ തേവാ?..

"അതേയതേ. വലിപ്പ ചെറുപ്പങ്ങളൊന്നുമില്ലാതെ
, കൂടപ്പിറപ്പുകളെപ്പോലെ തന്നെയല്ലേ അവരും കഴിയുന്നത്‌?.."
ഹഹഹ്ഹാ... മുത്തഛൻ എന്തോ ഓർത്ത്‌ ഉറക്കെ ചിരിച്ചു. നമ്മളും അങ്ങിനെ തന്നായിരുന്നേ..വിളിയിൽ മാത്രേ തമ്പ്രാനും അടിയാനുമൊക്കെ ഉണ്ടായിരുന്നുള്ളു
, അന്നും ഇന്നും."
പത്രോസ്‌ തലയാട്ടി സമ്മതിക്കുന്നതിനിടയിൽ മടിയിൽ നിന്നും ബീഡിയെടുത്തു.
മുത്തഛൻ അൽഭുതത്തോടെ നോക്കി. " ആഹാ
, താനിപ്പോഴും ബീഡിവലിയൊക്കെയുണ്ടോടോ?
"ഓ.. അതെങ്ങനാ
? പിള്ളാരു സമ്മതിക്കുവോ? ഇതു പിന്നെ ഞാനിന്നലെ വഴക്കിട്ട്‌ ആ തോമസുകുട്ടിയെക്കൊണ്ട്‌ മേടിപ്പിച്ചതാ.പിള്ളാരുടെ കൂട്ടത്തിൽ അവനേയുള്ളു ഇത്തിരിയെങ്കിലും മനുഷ്യപ്പറ്റുള്ളത്‌."
"താനോർക്കുന്നോ തേവാ
,കൊച്ചിലേ നമ്മളു രണ്ടാളും കൂടി തന്റെ വീട്ടിനു പിന്നിൽ പാത്തിരുന്നു ബീഡി വലിച്ചതിനു തന്റെ അമ്മ നമ്മളെ ചീത്ത പറഞ്ഞോടിച്ചത്‌?

"ഹഹഹ
, ഓര്‍ക്കുന്നുണ്ടോന്നോ!!!!  അന്നു നമ്മളോടിയ ഓട്ടം!!! പിന്നെ ചാഞ്ഞോടിപ്പാടത്തും തോട്ടുവക്കത്തും ഒക്കെയല്ലാരുന്നോ നമ്മടെ വലീം കുടീം എല്ലാം."
മുത്തഛൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നവണ്ണം ചിരി നിർത്തി മൌനമായി. പിന്നെ വേദന നിറഞ്ഞ ശബ്ദത്തിൽ മെല്ലെ പരഞ്ഞു
,
"എടോ തേവാ
, താനറിഞ്ഞോ? ശേഖരന്റെ വീതത്തിലുള്ള ചാഞ്ഞോടിപ്പാടം മുഴുവൻ നെകത്താനുള്ള ഏർപ്പാടൊക്കെ ആയി.ഒരാഴ്ചയ്ക്കുള്ളിൽ മണ്ണെറക്കിത്തൊടങ്ങും തോമസുകുട്ടീം ശേഖരനും കൂടിച്ചേർന്ന് അവിടെ എന്തോ തൊടങ്ങാൻ പോവാന്നാ കേട്ടത്‌."
"ആ ഒരു തരത്തിൽ അതാ തമ്പ്രാനേ നല്ലത്‌". പത്രോസിന്റെ സ്വരവും ദു:ഖഭരിതമായിരുന്നു."
'നോട്ടോം കൃഷീം കൊത്തും കെളേം ഒന്നുമില്ലാതെ കാടു പിടിച്ചു കെടക്കുന്നതിലും നല്ലതാ നെകത്തി വല്ല തെങ്ങോ മറ്റോ നടുന്നത്‌.'
"എത്ര നാള്‌ നമ്മടെ വെയർപ്പ്‌ കുടിച്ച പാടമാ അതെന്നോർക്കുമ്പഴാ...... മുത്തഛന്റെ തൊണ്ടയിടറി. "അതിലെ നെല്ലാരുന്നു തറവാട്ടിൽ എന്നും ഉണ്ണാനെടുക്കുന്നത്‌.
"ങ്‌ഹാ.. ഇനിയിപ്പോ നമ്മടെ കാലമൊക്കെ കഴിഞ്ഞില്ലേ തമ്പ്രാ.. അവരടെയൊക്കെ ഇഷ്ടമനുസരിച്ച്‌ എന്താന്നാൽ ആകട്ടെ... പത്രോസിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.
രണ്ടു വൃദ്ധന്മാരും ഏറെ നേരം നിശ്ശബ്ദരായി ചിന്തകളിൽ മുഴുകിയിരുന്നു. അതിനിടയിൽ ആരും
, ബീഡി കത്തിക്കുകയോ വലിക്കുകയോ ചെയ്യുന്ന കാര്യം ഓർത്തതേയില്ല.
"എടോ
, എനിക്കാ പാടമൊക്കെ ഒന്നു കാണണം". മുത്തഛൻ പെട്ടെന്നു പറഞ്ഞു.
"അതിപ്പോ......." പത്രോസൊന്നു സംശയിച്ചു. നമുക്കു ശേഖരനോടു പറയാം വണ്ടിയേലവിടെ വരെയൊന്നു കൊണ്ടു പോയി കാണിക്കാൻ".

ങ്‌ഹും... അതൊന്നും വേണ്ട. നമ്മടെ കാലമൊന്നും അങ്ങിനെ കഴിഞ്ഞിട്ടൊന്നിമില്ലെടോ. ഇവിടുന്നു ചാഞ്ഞോടിപ്പാടം വരെ നടക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോഴുമുണ്ടെടോ നമുക്ക്‌. താൻ വാ
, നമുക്കു നടക്കാമെടോ.. മുത്തഛന്റെ സ്വരത്തിൽ ഒരു ചെറുപ്പക്കാരന്റെ ആവേശവും ഉത്സാഹവുമുണ്ടായിരുന്നു.
"പക്ഷേ നടന്നു പോകാനിവരു സമ്മതിക്കുവോ തമ്പ്രാ
??
നമുക്ക്‌ നമ്മടെ പാടത്തു പോകാൻ ആരുടെ സമ്മതമാടോ വേണ്ടത്‌
? താൻ വാ...വലിയ ആവേശത്തിൽ ശബ്ദമുയർത്തി ഒരു വെല്ലുവിളി പോലെ ഇത്രയും പറഞ്ഞ മുത്തഛൻ പെട്ടെന്നു ശബ്ദം താഴ്ത്തി പറഞ്ഞു..."ആരുമറിയാതെ നമുക്കു പോയേച്ചു വരാമെടോ. താൻ വാ...
         ഗൃഹപാഠം ചെയ്യാതെ
, അഛനമ്മമാരെ വെട്ടിച്ചു കളിക്കാൻ പോകുന്ന രണ്ടു സ്കൂൾ കുട്ടികളേപ്പോലെ ആ രണ്ടു വൃദ്ധന്മാരും ആരും കാണാതെ മുറ്റം കടന്ന് റോഡിലിറങ്ങി ചാഞ്ഞോടിപ്പാടത്തിനു നേർക്കു നടന്നു.
തിരക്കേറിയ ടാർ റോഡ്‌ വിട്ട്‌
, തിരക്കില്ലാത്ത ചെമ്മൺപാതയിലേക്കു തിരിയുന്നിടത്തെ മൊയ്തുവിന്റെ പലചരക്കു കടയിൽ നിന്നും ഒരു തീപ്പെട്ടി വാങ്ങാൻ അവർ മറന്നില്ല.
ചെമ്മൺപാതയിലൂടെ അൽപദൂരം നടന്നപ്പോൾ തന്നെ അവരിരുവരും നന്നേ ക്ഷീണിച്ചു. വഴിയരികിലെ പൊട്ടിപ്പൊളിഞ്ഞ കലുങ്കിലിരുന്ന് അവരോരോ ബീഡി കത്തിച്ചു.
"തേവാ തനിക്കോർമ്മയുണ്ടോ ഈ കലുങ്ക്‌
?"
ഉം... പിന്നേ... മറക്കാൻ പറ്റുവോ
? ചിരുതേം ലക്ഷ്മീം റാഹേലുമൊക്കെ പള്ളിക്കൂടം വിട്ടു വരുന്നതും നോക്കി പണ്ടു രണ്ടു പിള്ളാരു സ്ഥിരമിരിക്കാറുള്ള കലുങ്കല്ലാരുന്നോ ഇത്‌?.. ആ പിള്ളാരുടെ ഇപ്പഴത്തെ ഒരു കോലം...
" ഹഹഹാ.... എന്താടോ നമ്മടെ ഇപ്പഴത്തെ കോലത്തിനൊരു കൊഴപ്പം
??ഇപ്പഴത്തെ ചെറുപ്പക്കാരു പിള്ളാരെക്കാൾ ആരോഗ്യമില്ലേ ഇപ്പഴും നമക്ക്‌???
"പിന്നേ ഒണ്ടൊണ്ട്‌...മുടീം നരച്ച്‌
, പല്ലും കൊഴിഞ്ഞ കൊണ്ട്‌ പണ്ടത്തെക്കാൾ സൌന്ദര്യോം കൂടീട്ടൊണ്ട്‌.."
രണ്ടു പേരും അൽപ നേരം ചിരിച്ചു കൊണ്ടിരുന്നു. പിന്നെ ഭൂതകാലത്തിന്റെ സുഖദമായ ഓർമ്മകളിൽ ഒരു നിമിഷം മൌനമായിരുന്നിട്ട്‌ മുത്തഛൻ ഒരു സ്വപ്നത്തിലെന്നവണ്ണം ചോദിച്ചു..
തേവാ
,ആ ചിരുതേം ലക്ഷ്മീമൊക്കെ ഇപ്പോ എവിടാരിക്കുമോ ആവോ??
അവരും എവിടെയെങ്കിലും നമ്മളേപ്പോലെ തന്നെ
, തലേം നരച്ച്‌, പല്ലും കൊഴിഞ്ഞ്‌, കൊച്ചുമക്കളേം കളിപ്പിച്ചിരിപ്പൊണ്ടാവും..

അവരു നമ്മളെയൊക്കെ ഓർക്കുന്നുണ്ടാവുമോടോ ഇപ്പോൾ
?
' എന്തായാലും മറന്നു കാണാൻ വഴിയില്ല തമ്പ്രാ...

രണ്ടു പേരും വീണ്ടും പഴയ ഓർമ്മകളുടെ കുളിർമഴ നനഞ്ഞ്‌
, വഴിയോരത്തെ ആ പൊട്ടിപ്പൊളിഞ്ഞ കലുങ്കിൽ, സ്വയം മറന്ന് പുഞ്ചിരിച്ചു കൊണ്ടിരുന്നു.

ബാ... നടക്കാം.. കെട്ടു പോയ ബീഡി തോട്ടിലെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞ്‌ അവർ നടപ്പു തുടർന്നു.

******************************


പാ
ത്തിന്റെ കരയിൽ, കൈതകൾ വളർന്നു മുറ്റി നിന്ന പാട വരമ്പത്തു നിന്നു കൊണ്ട്‌, അവർ, പുല്ലു വളർന്ന് കാടു പിടിച്ച്‌, കൊത്തും കിളയുമില്ലാതെ കിടക്കുന്ന ചാഞ്ഞോടിപ്പാടം വേദനയോടെ നോക്കിക്കണ്ടു.പാടത്തിനരികിലെ ചിയിൽ കുലച്ചു നിന്നിരുന്ന ചെന്തെങ്ങുകൾ, മെല്ലെ ഓലക്കൈകളാട്ടി അവരെ സ്വാഗതം ചെയ്തു. കൈതോലത്തുമ്പത്തെ കുഞ്ഞു മുള്ളുകൾ ആ വയസ്സന്മാരുടെ ചുക്കിച്ചുളിഞ്ഞ തൊലിയിൽ കളിയായി പിച്ചി നോവിക്കാൻ നോക്കി. തോട്ടിലെ തെളിഞ്ഞ വെളളത്തിൽ പരൽമീനുകളും മാനത്തുകണ്ണികളും സന്തോഷം കൊണ്ട്‌ തുള്ളിക്കളിച്ച്‌ ഇളകിപ്പാഞ്ഞു നടന്നു.

രണ്ടു പേരും മെല്ലെ വരമ്പത്തു നിന്നും പാടത്തേക്കിറങ്ങി. പാടത്ത്‌ ആൾപ്പൊക്കത്തിൽ
,വളർന്നു നിൽക്കുന്ന പുല്ല്‌, പ്രായാധിക്യത്താൽ ദുർബ്ബലമായ കൈകൾ കൊണ്ട്‌ പറിച്ചു മാറ്റാൻ അവർ ശ്രമിച്ചു.
അൽപ സമയത്തിനു ശേഷം അവരാ ശ്രമം ഉപേക്ഷിച്ചു. ആകെ ക്ഷീണിതരായി
, അണച്ചു കൊണ്ട്‌ അവർ തോട്ടിലെ തെളിവെള്ളത്തിലേക്കിറങ്ങി. തണുത്ത വെള്ളത്തിൽ കൈകാലുകളും മുഖവും കഴുത്തുമൊക്കെ കഴുകിയപ്പോൾ അവരുടെ ക്ഷീണമെല്ലാം മാറി. പിന്നെ പാടത്തിന്റെ കരയിലെ ചെന്തെങ്ങിന്റെ ചോട്ടിലിരുന്ന് അവരോരോ ബീഡി കത്തിച്ച്‌ ആഞ്ഞാഞ്ഞ്‌ വലിക്കാൻ തുടങ്ങി.

++++++++++++++++++++++++
പൂമുഖത്തിരുന്ന വൃദ്ധന്മാരെ കാണാതെ അൽപനേരത്തെ വെപ്രാ
പ്പെട്ടുള്ള അന്വേഷണങ്ങൾക്കൊടുവിൽ പലചരക്കു കടക്കാരൻ മൊയ്തുവിന്റെ ഫോൺ സന്ദേശം കിട്ടിയ ശേഷം കാറിൽ പാഞ്ഞെത്തിയ തോമസു കുട്ടിയും ശേഖരനും പാത്തിനൽപം അകലെയായി വണ്ടി നിർത്തി ഇറങ്ങി നടന്നു.
കൈതക്കാടുകൾക്കപ്പുറത്ത്‌
, ചെന്തെങ്ങിൻ ചുവട്ടിൽ, ചിന്തകളിൽ മുഴുകി, നിശ്ശബ്ദരായി ബീഡി വലിച്ചു കൊണ്ടിരിക്കുന്ന ആ വൃദ്ധപിതാക്കന്മാരെ അവർ കണ്ടു.
അവരെ ശല്യപ്പെടുത്താതെ തോമസുകുട്ടിയും ശേഖരനും നിശ്ശബ്ദരായി ഒരു പാറമേലിരുന്നു.
അപ്പോഴവിടെ വീശിയ വയൽക്കാറ്റിൽ പുന്നെല്ലിന്റെ മണവും ഞാറ്റുപാട്ടിന്റെ ഈണവുമുണ്ടായിരുന്നു.