ഞാനന്ന് ആലപ്പുഴ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകനാണ്.ഒരു ദിവസം രാവിലെയാണ് പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞത്,ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറിയിലേക്കുള്ള ഒരു കെട്ട് പുസ്തകം കോഴിക്കോട് നവോദയയിൽ എത്തിയിട്ടുണ്ട്, അത് അവിടെ ചെന്ന് എടുത്തു കൊണ്ടു വരണം എന്ന്.കേട്ടപ്പോഴേ എനിക്കു കലി വന്നു. രാത്രി മുഴുവൻ മലബാർ എക്സ്പ്രസ്സിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ഉറക്കമില്ലാതെ ഇരുന്ന് യാത്ര ചെയ്ത് ചെന്ന് അന്നു തന്നെ പുസ്തകക്കെട്ടും താങ്ങി തിരികെ.... നാശം വേറെ ആരെയും കണ്ടില്ലേ വിടാൻ.. എന്നൊക്കെയോർത്തു വിഷമിച്ചിരിക്കുമ്പോഴാണ് ദൈവദൂതനെപ്പോലെ എല്ലാവരും അച്ചായൻ എന്നു വിളിക്കുന്ന രാജുസർ അരികിലെത്തിയത്.
എടാ പാലക്കാട് നവോദയയിൽ നിന്നും പുസ്തകമെടുക്കാൻ ജോമോൻ പോകുന്നുണ്ട്. നമ്മുടെ കെട്ടു കൂടി കൊണ്ടുവരാൻ അവനെ ഏൽപ്പിച്ചാൽ മതി. നിനക്കു കോഴിക്കോടു വരെയുള്ള യാത്ര ഒഴിവാക്കാം. നീ ഉടൻ തന്നെ ജോമോനെ വിളിച്ചു പറ നമ്മുടെ കെട്ടു കൂടി കൊണ്ടു വരണമെന്ന്. നീ ഷൊർണൂരോ മറ്റോ റെയിൽവേസ്റ്റേഷനിൽ ചെന്ന് അതു വാങ്ങിയാൽ മതിയല്ലോ.
ഈ അച്ചായൻ അല്ലെങ്കിലും ഇങ്ങിനെയാ...മറ്റുള്ളവരെ സഹായിക്കാൻ ആർത്തി പിടിച്ചു നടക്കുന്ന ഇതുപോലെ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ വേറെ കണ്ടിട്ടില്ല.
അച്ചായന്റെ തടിച്ചു കൊഴുത്ത ശരീരത്തിനിരുവശത്തു നിന്നും രണ്ടു വെള്ളിച്ചിറകുകൾ മുളച്ചു വരുന്നതു പോലെ എനിക്കു തോന്നി.ആ സുന്ദരമായ കഷണ്ടിത്തലയ്ക്കു ചുറ്റും ഒരു പ്രകാശവൃത്തം ഉദിച്ചു നിൽക്കുന്നതായും ഞാൻ കണ്ടു. മനസ്സു കൊണ്ട് ഞാനാ ദിവ്യരൂപത്തെ നമിച്ചു.
എന്റെ ക്വാർട്ടേഴ്സിലെത്തി ഞാൻ ജോമോനെ വിളിക്കാൻ ഫോണിനടുത്തെത്തിയതും ഫോൺ ബെല്ലടിച്ചു.
അതു പാലക്കാട്ടു നിന്നും ജോമോനായിരുന്നു. "ഹോ തേടിയ വള്ളി കാലിൽ ചുറ്റി" എനിക്കു സന്തോഷമായി.
"ജോമോനേ ഞാനങ്ങോട്ടു വിളിക്കാൻ തുടങ്ങുകയായിരുന്നു"
"ആ എനിക്കറിയാം ശിവാ പുസ്തകത്തിന്റെ കാര്യത്തിനല്ലേ"?
"അതേ എങ്ങിനറിഞ്ഞു"?
"നമ്മുടെ രാജു അച്ചായൻ ഇപ്പോ വിളിച്ചു പറഞ്ഞതേയുള്ളു"
ഹോ എത്ര നല്ല മനുഷ്യൻ!!! ഞാൻ ആ ദിവ്യരൂപത്തിനു മുൻപിൽ രണ്ടു മെഴുകുതിരികൂടി മനസാ കത്തിച്ചു.
"അതു ശരി. അപ്പോ കാര്യങ്ങളൊക്കെ നീ ഏറ്റല്ലോ.." ഞാൻ ചോദിച്ചു
"പിന്നേ, നീ പുസ്തകവുമായി ഷൊർണൂരെത്തുമ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലുണ്ടാവും". അവൻ വലിയ സന്തോഷത്തിൽ പറഞ്ഞു.
"എങ്ങിനെ"?? എനിക്കപകടം മണത്തു തുടങ്ങി. ദൈവമേ ഈ വള്ളി കാലിലല്ലല്ലോ കഴുത്തിലാണോ ചുറ്റുന്നത്....
"ശിവാ, കോഴിക്കോടിനു നീ പൊക്കോളാമെന്നു സമ്മതിച്ചത് എനിക്കു വലിയ സഹായമായി. ഞാൻ ആകെ റ്റെൻഷനടിച്ചിരിക്കുകയായിരുന്നു. നീ പൊക്കോളും എന്നു അച്ചായൻ വിളിച്ചു പറഞ്ഞപ്പോഴാ എനിക്കു സമാധാനമായത്".
ഞാൻ എന്തു പറയണമെന്നറിയാതെ അന്തിച്ചിരുന്നു പോയി. അപ്പോ എന്നേ സഹായിച്ചതിനു തൊട്ടു പിറകേ അച്ചായൻ ജോമോനേയും സഹായിച്ചു!!! എല്ലാം ഏർപ്പാടാക്കുകയും ചെയ്തു.
ഒരു ഞൊടിയില്‍ ആ തടിമാടൻ അച്ചായന്റെ വെൺ ചിറകുകൾ അപ്രത്യക്ഷമായി. ശിരസ്സിനു ചുറ്റും ഇപ്പോൾ കാണുന്നത് പ്രകാശവലയമൊന്നുമല്ല സിഗററ്റിന്റെ പുകയാണ്. ഞാൻ മുൻപേ കത്തിച്ച മെഴുകുതിരികൾ ഊതിക്കെടുത്തി. ഇപ്പോൾ കാണുന്നത് കൊമ്പും വാലും കൈയ്യിലൊരു കുന്തവുമുള്ള ചെകുത്താന്റെ രൂപമാണ്. എടോ പൊണ്ണത്തടിയാ തനിക്കു ഞാൻ വച്ചിട്ടുണ്ട്... ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതിരിക്കുന്നതു കണ്ട് ജോമോൻ കെഞ്ചാൻ തുടങ്ങി.
"എടാ പെണ്ണുമ്പിള്ള അവളുടെ വീട്ടിൽ പോയിരിക്കുവാ. ഇവിടെ ഞാൻ മാത്രമേയുള്ളു. എനിക്കാണെങ്കിൽ ഒഴിവാക്കാൻ പറ്റാത്ത ചില അത്യാവശ്യങ്ങളും. നീ ഒന്നു സഹായിച്ചേ പറ്റൂ.. പ്ലീസ്.....ഒരാൾ ഇങ്ങിനെ കെഞ്ചി കാലു പിടിക്കുമ്പോൾ എനിക്കെങ്ങിനെ നിരസിക്കാനാവും??
അങ്ങിനെ ആലപ്പുഴയിലേക്കുള്ള കുരിശിന്റെ കൂടെ പാലക്കാട്ടേക്കുള്ള മുൾക്കിരീടം കൂടി ചുമക്കാം എന്നു ഞാൻ ഏറ്റു.....
*************************************
പ്രതീക്ഷിച്ചതിലും വലിപ്പമുണ്ടായിരുന്നു പുസ്തകക്കെട്ടുകൾക്ക്. കെട്ടിൽ പുസ്തകങ്ങൾ മാത്രമായിരുന്നില്ല ലാബിലേക്കുള്ള ചില ചെറിയ ഉപകരണങ്ങൾ കൂടി ഉണ്ടായിരുന്നു. പാലക്കാട്ടേക്കുള്ള കെട്ട് ജോമോൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വന്നു വാങ്ങിക്കൊള്ളാം എന്നാണ് ഏറ്റിരുന്നത്. പക്ഷേ ട്രെയിൻ ഷൊർണൂരെത്തിയപ്പോൾ കെട്ടു വാങ്ങാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഞാൻ പ്ലാറ്റ്ഫോമിലിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി.
പരിചയമുള്ള ആരുമില്ല.
അവസാനം ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപ് ജോമോനെയും അവന്റെ മുൻപുള്ള പത്തു തലമുറയെയും അതേപോലെ അച്ചായനേയും അച്ചായന്റെ മുൻ തലമുറയിൽ പെട്ടവരേയും ഒക്കെ മനസ്സിൽ സ്മരിച്ചു കൊണ്ട് രണ്ടു കെട്ടുമെടുത്ത് ഞാൻ ട്രെയിനിൽ നിന്നു പുറത്തിറങ്ങി. അടുത്ത ട്രെയിനിൽ കയറി ഷൊർണൂർ നിന്നും പാലക്കാട്ടേക്ക്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കെട്ടുകളും താങ്ങി ഓട്ടൊയിൽ ബസ്സ്റ്റാൻഡിലേക്കു പോകുമ്പോഴാണ് ആ ബോർഡ് കണ്ടത്. പൊലീസ് സ്റ്റേഷൻ.
പെട്ടെന്ന് മനസ്സിൽ ഒരു ബൾബ് കത്തി. സുരേന്ദ്രൻ. അവൻ സ്ഥലം മാറ്റം കിട്ടി ഈ സ്റ്റേഷനിൽ SI ആണെന്ന് കുറച്ചു നാൾ മുൻപ് വിളിച്ചപ്പോൾ പറഞ്ഞത് ഞാൻ ഓർത്തു. ഒരു വെടിക്ക് രണ്ടു പക്ഷി. സുരേന്ദ്രനെ ഒന്നു കാണുകയും ചെയ്യാം ആലപ്പുഴയ്ക്കുള്ള പുസ്തകക്കെട്ട് ഇവിടെ വച്ചു പോകുകയും ചെയ്യാം. തിരികെ വരുമ്പോൾ എടുത്താൽ മതിയല്ലോ. വെറുതെയെന്തിന് അങ്ങോട്ടുമിങ്ങോട്ടും ചുമക്കണം?
ബസ് സ്റ്റാൻഡിലേക്കെന്നു പറഞ്ഞ് ഓട്ടം വിളിച്ചിട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ വണ്ടി നിർത്താൻ പറഞ്ഞപ്പോൾ ഓട്ടോക്കാരൻ ഒന്നമ്പരന്നു.
"എന്താ സർ സ്റ്റാൻഡിൽ പോകണ്ടേ"?
"വേണം.. SI എന്റെയൊരു സുഹൃത്താ. ഒന്നു കണ്ട് ഈ കെട്ടും ഇവിടെ ഏൽപ്പിച്ചിട്ട് ഞാനിപ്പോ വരാം".
ഹൌ!!! അതു വരെ അഹങ്കാരത്തോടെ നെഞ്ചും വിരിച്ചു നിന്നിരുന്ന ഓട്ടോക്കാരൻ പെട്ടെന്ന് വിനയാന്വിതനായി. "കെട്ടു ഞാനെടുക്കാം സർ". SI യുടെ സുഹൃത്താകുന്നതിന്റെ ഒരു ഗമയേ....
ഞങ്ങൾ പുസ്തകക്കെട്ടുമായി സ്റ്റേഷനിലേക്കു കയറി.
ഒരു വലിയ തോക്ക് അടുത്ത് ചാരി വച്ച് ഒരു പാറാവുകാരൻ സ്റ്റേഷൻ വരാന്തയിലെ ബഞ്ചിലിരുന്ന് ഉച്ചത്തിൽ കൂർക്കം വലിച്ചുറങ്ങുന്നുണ്ടായിരുന്നു. അയാളുടെ ഉറക്കത്തിനു ശല്യമുണ്ടാക്കാതെ ഞങ്ങൾ നിശ്ശബ്ദരായി അകത്തേക്കു കയറി.
കറുത്തിരുണ്ട ഭീമാകാരനായ ഒരു പോലീസുകാരൻ, ഒരു വലിയ പെൻസിൽ പാതിയോളം തന്റെ ചെവിക്കുള്ളിൽ കയറ്റി തിരിച്ചു കൊണ്ട് ആനന്ദാനുഭൂതിയിൽ മുഴുകി കണ്ണുമടച്ചിരിപ്പുണ്ടായിരുന്നു അവിടെ ഒരു കസേരയിൽ.
"സാർ" ഞാൻ മെല്ലെ വിളിച്ചു.
തന്റെ സ്വർഗ്ഗീയാനന്ദത്തിനു ഭംഗം വരുത്തിയ നികൃഷ്ടകീടമാര്? എന്ന മട്ടിൽ മെല്ലെ കണ്ണു തുറന്ന് അയാൾ ഞങ്ങളെ നോക്കി.പിന്നെ ചെവിയിൽ നിന്നും പെൻസിൽ ഊരിയെടുത്ത് കൊണ്ട് ചോദിച്ചു "ഉം?? എന്താ"?
"സുരേന്ദ്രൻ സാറ്.......
SI സാറിവിടില്ല. എന്താ കേസ്?
"അയ്യോ കേസൊന്നുമല്ല. ഞാൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്താ. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാ. ഇതു വഴി പോയപ്പോൾ ഒന്നു കണ്ടിട്ടു പോകാം എന്നു കരുതി കയറിയതാ.."
ഒന്നും തടയുന്ന കേസല്ലെന്നു മനസ്സിലായതോടെ അയാൾക്കുണ്ടായിരുന്ന അൽപം താൽപര്യവും പോയി.
"സാറു വരാൻ വൈകും."
"എന്റെ പെരു ശിവപ്രസാദെന്നാ. ഞാൻ നവോദയ സ്കൂളു വരെ പോകുവാ. ഈ പുസ്തകം ഇവിടൊന്നു വച്ചാൽ ഞാൻ തിരിച്ചു വരുമ്പോൾ എടുത്തോളാം. അപ്പോഴേക്കും സുരേന്ദ്രൻ സാറും വരുമല്ലോ".
"ഉം ആ മേശയ്ക്കടുത്തു വച്ചേക്ക്. അയാൾ അലസമായി പറഞ്ഞു. സാറു വരാൻ ഉച്ച കഴിയും". അയാൾ വീണ്ടും പെൻസിൽ ചെവിയിലേക്കു കയറ്റി കണ്ണുകളടച്ചു.
ഡ്രൈവർ കെട്ടു മേശയ്ക്കടുത്ത് വച്ചു. "എന്നാൽ ഞാൻ അപ്പോഴേക്കു വരാം" എന്നു പറഞ്ഞ് പുസ്തകക്കെട്ട് മേശയുടെ അടിയിലേക്ക് ഒന്നു കൂടി കയറ്റി വച്ച് ഞങ്ങൾ പുറത്തിറങ്ങി.പാറാവുകാരൻ ഇതൊന്നുമറിയാതെ അപ്പോഴും നല്ല ഉറക്കമായിരുന്നു.
ആ നല്ല ഓട്ടൊക്കാരൻ എന്നെ ബസ് സ്റ്റാൻഡിൽ എത്തിച്ച് നവോദയ സ്കൂൾ വഴി പോകുന്ന ബസിൽ കയറ്റി ഇരുത്തിയിട്ടാണ് തിരിച്ചു പോയത്.
**********************************************
പാലക്കാട് നവോദയ വിദ്യാലയത്തിലെത്തിയ ഞാൻ നേരേ ജോമോന്റെ ക്വാർട്ടേഴ്സിലേക്കാണ് പോയത്.അവൻ പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു.
തൊട്ടടുത്ത ക്വാർട്ടേഴ്സിലെ താമസക്കാരിയായ സുന്ദരിയായ ടീച്ചറിന്, പാലാ മൂവാറ്റുപുഴ ഭാഗത്തെ കൃസ്ത്യാനികൾ എങ്ങിനെയാണ് കപ്പപ്പുഴുക്ക് വയ്ക്കുന്നത് എന്നതിനെപ്പറ്റി മതിലിനു മുകളിൽ കൂടി ക്ലാസ്സെടുക്കുകയായിരുന്നു അവൻ. അവന്റെ ഭാര്യ നാട്ടിൽ പോയതു കൊണ്ടുണ്ടായ "ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾ" എനിക്കു പിടി കിട്ടി.
പുസ്തകക്കെട്ടും ചുമന്നു വരുന്ന എന്നെ കണ്ടതും അവൻ പ്രേതത്തെ കണ്ടതു പോലെ ഒന്നു ഞെട്ടുകയും വല്ലാതെ വിളറി വെളുക്കുകയും ചെയ്തു.
"അയ്യോ ശിവാ... നീ... നീയിങ്ങെത്തിയോ?? ഞാൻ... ഞാനക്കാര്യമങ്ങു മറന്നു പോയി... ടീച്ചറേ ഇതു ശിവൻ.. ആലപ്പുഴ നവോദയയിലെ...
ആ സുന്ദരിക്ക് എന്നെ പരിചയപ്പെടുത്തി എന്റെ കോപമൊന്നു തണുപ്പിക്കാനാണ് അവന്റെ ശ്രമമെന്ന് എനിക്കു മനസ്സിലായി. അതവഗണിച്ച് ഞാൻ നേരേ അവന്റെ ക്വാർട്ടേഴ്സിനകത്തേക്കു കയറി. പക്ഷേ അവന്‍ പുറത്തു തന്നെ നിന്നതേയുള്ളു.
"നീയിങ്ങകത്തു വാ".... ഞാൻ വിളിച്ചു.
അവൻ പേടിച്ചു പേടിച്ച് അകത്തേക്കു വന്നു.
അവൻ ജീവിതത്തിൽ ഇന്നു വരെ കേട്ടിട്ടില്ലാത്ത മുട്ടൻ തെറികൾ വിളിച്ച് ഞാൻ എന്റെ ദേഷ്യവും സങ്കടവും തീർത്തു.
അന്നൊരു അവധി ദിവസമായിരുന്നതു കൊണ്ട് എല്ലാവരും അവരവരുടെ ക്വാർട്ടേഴ്സുകളിൽ തന്നെ ഉണ്ടായിരുന്നു. എല്ലാവരുമായും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.ഇടയ്ക്ക് ജോമോൻ അവൻ തന്നെ വച്ച കപ്പപ്പുഴുക്കും തന്നു സത്ക്കരിച്ചു.
മൂന്നു മണിയോടെ തിരികെപ്പോരുന്നതിനു മുൻപ് ഞാൻ പ്രിൻസിപ്പലിനെ പോയി കണ്ടു. അദ്ദേഹം അടുത്തിടയ്ക്കു ട്രാൻസ്ഫറായി വന്ന ആളായിരുന്നു. അതു കൊണ്ട് ഞങ്ങൾക്കു പരസ്പരം വലിയ പരിചയമുണ്ടായിരുന്നില്ല.
ഞാൻ സ്വയം പരിചയപ്പെടുത്തിയ ഉടൻ അദ്ദേഹം ആദ്യം ചോദിച്ചത്" നിങ്ങൾ വല്ല കുഴപ്പവും ഉണ്ടാക്കിയിട്ടാണോ ഇങ്ങോട്ടു വന്നത്"? എന്നായിരുന്നു.
അയ്യോ ഇല്ല സാർ... എന്താ അങ്ങിനെ ചോദിച്ചത്?
പൊലീസ് സ്റ്റേഷനിൽ നിന്നും നാലഞ്ചു പ്രാവശ്യം എന്നെ വിളിച്ചിരുന്നു. ശിവനെന്നൊരാളെ അറിയുമോ ഇങ്ങോട്ടു വന്നോ എന്നൊക്കെ അന്വേഷിച്ചു. നിങ്ങൾ വന്ന വിവരമൊന്നും ഞാനറിഞ്ഞില്ലല്ലോ അതു കൊണ്ട് ഞാൻ അങ്ങിനൊരാളെ അറിയില്ല ഇവിടെ വന്നിട്ടുമില്ല എന്നു പറഞ്ഞു. എന്താ പ്രശ്നം? വല്ല പൊലീസ് കേസുമുണ്ടോ?
"ഏയ്.. കേസൊന്നുമല്ല സാറേ. SI എന്റെയൊരു ക്ലാസ്‌മേറ്റാ. അതു കൊണ്ടു വിളിച്ചതാ"..
"ഓ അതാണോ ഞാൻ പേടിച്ചു പോയി കേട്ടോ".അദ്ദേഹത്തിനാശ്വാസമായി.
ജോമോൻ എന്നെ ബൈക്കിൽ പൊലീസ് സ്റ്റേഷൻ വരെ കൊണ്ടാക്കി. നേരത്തെ പെട്ടെന്ന് ഓർമ്മയിൽ വരാതിരുന്ന കുറെ തെറികൾ കൂടി ഓർമ്മ വന്നത് ബൈക്കിന്റെ പിന്നിലിരുന്ന് അവനെ വിളിക്കുന്ന തിരക്കിലായിരുന്നതിനാൽ സ്റ്റേഷനെത്തിയത് അറിഞ്ഞില്ല. അവനെന്നെ സ്റ്റേഷനു മുന്നിൽ ഇറക്കി വിട്ട് പെട്ടെന്ന് സ്ഥലം കാലിയാക്കി. അവനു തിരക്കുണ്ടായിരുന്നു. ഭാര്യ തിരിച്ചു വരുന്നതിനു മുൻപ് ആ ടീച്ചറെ കപ്പപ്പുഴുക്കിന്റെ പാചകവിധി മുഴുവൻ പഠിപ്പിക്കാനുള്ളതാണല്ലോ.
*************************************
സ്റ്റേഷനു മുൻപിൽ ജീപ്പ് കിടപ്പുണ്ടായിരുന്നു. ഭാഗ്യം സുരേന്ദ്രൻ എത്തിയിട്ടുണ്ട്.
രാവിലെ എന്നെ കൊണ്ടു വിട്ട ഓട്ടോയും സ്റ്റേഷൻ മുറ്റത്തു തന്നെ കിടപ്പുണ്ടായിരുന്നു. അതും നന്നായി. ഞാനോർത്തു. റെയിൽവേ സ്റ്റേഷനിലേക്ക് അതിൽ തന്നെ പോകാമല്ലോ.
സുരേന്ദ്രൻ ജീപ്പിൽ കൊണ്ടു വിടും, എന്നാലും തിരക്കിലാണെങ്കിൽ അവനെ ബുദ്ധിമുട്ടിക്കാതെ കഴിക്കാമല്ലോ.
രാവിലെ ബെഞ്ചിലിരുന്ന് കൂർക്കം വലിച്ചുറങ്ങുകയായിരുന്ന പാറാവുകാരൻ ഇപ്പോള്‍ വളരെ ജാഗരൂകനായി തോക്കും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ഉം എന്താ? എന്നെ കണ്ടയുടൻ അയാൾ ചോദിച്ചു.
"സുരേന്ദ്രൻ സാറിനെ കാണാൻ....
"ഇവിടെ നിക്ക്".. ആജ്ഞാപിച്ച ശേഷം അയാൾ അകത്തേക്കു പോയി. ഉടൻ തന്നെ തിരിച്ചു വന്ന് എന്നെ അകത്തേക്കു വിളിച്ചു. എന്റെ കൂടെ തൊട്ടു പിന്നിലായി തോക്കും പിടിച്ച് അയാളും വന്നു.
ഞാൻ അകത്തേക്കു കാൽ വച്ച ഉടൻ മുറിയുടെ മൂലയിൽ അണ്ടർവെയർ മാത്രം ധരിച്ച് കുത്തിയിരിക്കുകയായിരുന്ന ഒരവശ രൂപം പെട്ടെന്ന് ചാടി എഴുന്നേറ്റു.
"ഇവൻ തെന്നെയാ സാറേ... ഇവൻ തന്നെ...
ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. ആളെ മനസ്സിലാക്കാൻ അൽപസമയമെടുത്തു. രാവിലെ എന്നെ കൊണ്ടു വിട്ട ഓട്ടോ ഡ്രൈവറായിരുന്നു അത്.
ഞാൻ മുറിയുടെ മദ്ധ്യത്തിലെ മേശയ്ക്കപ്പുറത്തിരുന്ന രൂപത്തെ നോക്കി.
കൊമ്പൻ മീശയും കുറ്റിത്തലമുടിയും ചുവന്ന ഉണ്ടക്കണ്ണുകളും ഒക്കെയുള്ള ഒരജാനുബാഹുകൻ യൂണിഫോമിലിരിക്കുന്നു.
നീയിതുവരെ എവിടാരുന്നു? ബാഹുകൻ ചോദിച്ചു.
നവോദയ സ്കൂളിലായിരുന്നു സാറേ... സാറിന്റെ ഒടുവിലെ നീട്ടൽ പേടി കാരണം അൽപം കൂടുതൽ നീണ്ടു പോയി..
അയാൾ കസേരയിൽ നിന്നും മെല്ലെ എഴുന്നേറ്റു.
നീയെന്താടാ ഇവിടെ വച്ചിട്ടു പോയത്?
ലൈബ്രറിയിലേക്കുള്ള പുസ്തക.......
കള്ളം പറയുന്നോടാ റാസ്കൽ!!! പുസ്തകത്തിനെന്തിനാടാ വയറും ടൈമറുമൊക്കെ? സത്യം പറയെടാ. നീ സ്റ്റേഷനു ബോംബ് വെക്കാൻ വന്നതല്ലേടാ.???
എനിക്കു തല ചുറ്റുന്നതു പോലെ തോന്നി.
അയ്യോ അല്ല സാറേ അതിൽ ഫിസിക്സ് ലാബിലേക്കുള്ള കുറച്ച് ഉപകരണങ്ങളുമുണ്ടായിരുന്നു. അതിന്റെയായിരിക്കും വയറുമൊക്കെ.. അല്ലാതെ ബോംബൊന്നുമല്ല സാറേ."
"ഉം. SI നിന്റെ ക്ലാസ് മേറ്റാണെന്നു പറഞ്ഞതു നേരാണോടാ?
"അതേ സർ, SI സുരേന്ദ്രനും ഞാനും ഒന്നിച്ചു പഠിച്ചതാ സാർ."
അപ്പോഴെക്കും ആ ബാഹുകൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. പെട്ടെന്നയാൾ രണ്ടു കൈയ്യും കൂട്ടി എന്റെ കോളറിൽ പിടിച്ച് ശക്തിയായി മുകളിലേക്കുയർത്തി ഒന്നു കുടഞ്ഞു. ഞാൻ അന്തരീക്ഷത്തിൽ കാലിട്ടടിച്ച് തൂങ്ങിക്കിടന്നു.
"ഭ... ---മോനേ.. എവിടാടാ ഞാൻ നിന്റെ കൂടെ പഠിച്ചത്?
എന്റെ ബോധം മറയുന്നതു പോലെ തോന്നി .... എനിക്കു വല്ലാതെ മൂത്രമൊഴിക്കാൻ മുട്ടി...
അയ്യോ സാറല്ലേ.. സാറല്ലേ.. ഞാൻ ഇവിടുത്തെ SI സുരേന്ദ്രന്റെ കൂടാണേ പഠിച്ചത്..
പെട്ടെന്നെന്റെ കണ്ണുകൾ അയാളുടെ നെഞ്ചത്തെ നെയിംപ്ലേറ്റിൽ ഉടക്കി. K B സുരേന്ദ്രൻ.
സാറല്ലേ സാറല്ലേ വേറേ സുരേന്ദ്രനാണേ എന്റെ കൂടെ പഠിച്ചത്. ഇവിടുത്തെ SI ആണെന്നാ അവനെന്നോടു പറഞ്ഞത്... ഞാനൊരു തെറ്റും ചെയ്തിട്ടില്ലാ സാറേേ...
എന്റെ ദയനീയമായ കരച്ചിൽ കണ്ടു കഷ്ടം തോന്നിയിട്ടാവാം അയാളെന്നെ താഴെ നിർത്തി. അപ്പോൾ രാവിലെ കണ്ട പോലീസുകാരൻ ഒന്നാലോചിച്ചിട്ട് മെല്ലെ പറഞ്ഞു. "സാറേ ഇനി കഴിഞ്ഞ മാസം വെസ്റ്റീന്നു ട്രാൻസ്ഫറായിപ്പോയ സുരേന്ദ്രൻ സാറെങ്ങാനുമാരിക്കുവോ??"
"എനിക്കൊന്നുമറിയില്ലെന്റെ സാറേ.. ഞാൻ ദയനീയമായി പറഞ്ഞു. ഇവിടാണെന്നാ കഴിഞ്ഞ മാസം വിളിച്ചപ്പോൾ അവൻ പറഞ്ഞത്.
"നീ ഇതു വരെ എവിടാരുന്നു"?
ഞാൻ നവോദയ....
നീ അവിടെങ്ങും ചെന്നിട്ടില്ലെന്നാണല്ലോ പ്രിൻസിപ്പൽ പറഞ്ഞത്.
ഉച്ച കഴിഞ്ഞാണേ സാറെ ഞാൻ പ്രിൻസിപ്പലിനെ കണ്ടത്. ഇവിടുന്ന് നാലഞ്ചു പ്രാവശ്യം വിളിച്ചാരുന്നെന്നദ്ദേഹം പറഞ്ഞാരുന്നേ. കൂട്ടുകാരൻ സുരേന്ദ്രൻ സ്നേഹം കൊണ്ടു വിളിച്ചതാന്നാണേ ഞാൻ കരുതിയത്. ഇപ്പോ ഒന്നു വിളിച്ചു നോക്കിയാട്ടെ. സത്യം അറിയാമേ. ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു.
ഉം.. SI ആലോചനയിൽ മുഴുകി. താനവിടെപ്പോയി നിക്ക്. ഞാനൊന്നന്വേഷിക്കട്ടെ. ബാഹുകൻ പറഞ്ഞു.
ഞാനും ഓട്ടോ ഡ്രൈവറുടെ അടുത്ത് പോയി നിൽപ്പായി. പാന്റും ഷർട്ടും ഊരണോ എന്നു ഞാനൊന്നു സംശയിച്ചു. പിന്നെ പറഞ്ഞാലൂരാം എന്നു തീരുമാനിച്ച് ഞാൻ ആ ഓട്ടോക്കാരനെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. അയാൾ അണ്ടര്‍വെയറിട്ട പിശാച് പാന്റും ഷര്‍ട്ടുമിട്ട ദൈവത്തെ നോക്കുന്നത്ര ദേഷ്യത്തിൽ എന്നെ നോക്കിക്കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു.
കുരെയെറെ ഫോൺ കോളുകൾക്കു ശേഷം SI എന്നെ വിളിപ്പിച്ചു. ഇപ്പോൾ അയാളൽപം സൌമ്യനായിരുന്നു.
തന്റെ കൂട്ടുകാരൻ സുരേന്ദ്രനെ കിട്ടി. അയാളു വെസ്റ്റിലാരുന്നു. കഴിഞ്ഞ മാസം ട്രാൻസ്ഫറായി പോയി. ഇപ്പോ കണ്ണൂരാ. താനറിഞ്ഞില്ലേ?
ഇല്ല.സാറേ.
"ഉം.. സാറെന്തായാലും ഞങ്ങളെ ഒന്നു വലച്ചു. ങ്‌ഹാ സാരമില്ല. സാറു പൊയ്ക്കോളൂ." എന്നിട്ടയാളാ ഓട്ടോക്കാരനേ നോക്കി. “താനും പൊയ്ക്കോ.“
ഓട്ടോക്കരൻ തനെ പാന്റും ഷർട്ടും കൈയ്യിലെടുത്ത് ജീവനുംകൊണ്ട് പുറത്തേക്കു പാഞ്ഞു.
പോകാനൊരുങ്ങിയപ്പോഴാണ് ഞാനെന്റെ പുസ്തകക്കെട്ടിന്റെ കാര്യമോർത്തത്.
"സാറേ എന്റെ പുസ്തകം."
SI യും പോലീസുകാരും പരസ്പരം നോക്കി. അവരുടെ മുഖത്ത് വല്ലാത്തൊരു ചമ്മലുണ്ടായിരുന്നു.
"കൊടുത്ത് വിടെടോ". SI പറഞ്ഞു.
"വാ സാറേ" പോലീസുകാരൻ എന്നെ വിളിച്ചു കൊണ്ട് സ്റ്റേഷനു പിന്നിലേക്കാണു പോയത്. സ്റ്റേഷൻ വളപ്പും കഴിഞ്ഞ്, റോഡിനുമപ്പുറത്തെ ഒരു വലിയ ഗ്രൌണ്ടിലേക്ക് അയാളെന്നെ കൊണ്ടു പോയി. നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
"പുസ്തകമാണെന്നു പറഞ്ഞിട്ട് അതിനകത്തു വയറും ക്ലോക്കുമൊക്കെ കണ്ടതാ കുഴപ്പമായത്.ഇന്നത്തെ കാലമല്ലേ.. ആരേം വിശ്വസിക്കാൻ പറ്റത്തില്ലേ.."
ഗ്രൌണ്ടിനു വെളിയിൽ നാലു വശത്തുമായി കുറെ പോലീസുകാർ നിൽപ്പുണ്ടായിരുന്നു. അവരോട് എന്റെ കൂടെ വന്ന പോലീസുകാരൻ എന്തോ പറഞ്ഞു.
ഞങ്ങൾ ഗ്രൌണ്ടിനു നടുക്കെത്തി. അവിടെ ചതുരത്തിലടുക്കിയ മണൽ ചാക്കുകൾക്കു നടുവിലെ വലിയൊരു കുഴിയിൽ ഇറക്കി വച്ചിരുന്ന കുട്ടകത്തിലെ വെള്ളത്തിൽ മുങ്ങി നിർവ്വീര്യമാക്കപ്പെട്ടു കിടക്കുന്നുണ്ടായിരുന്നു എന്റെ പുസ്തകബോംബ്.....
12 അഭിപ്രായങ്ങൾ:
അനുഭവം നന്നായി,ഇത് സത്യത്തില്‍ നടന്നത് തന്നെയാണോ സര്‍?
നായര് പിടിച്ച പുലിവാല്‍ എന്നു പറയുന്നത് പോലെ ആയി കാര്യങ്ങള്‍ അല്ലെ മാഷെ?
എന്തായാലും സംഭവം രസമാക്കി അവതരിപ്പിച്ചു. കപ്പപ്പുഴുക്കിന്റെ ക്ലാസ്സ് കൊള്ളാം.
അയ്യോ ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു. അന്നത്തെ മാഷ്‌ടെ അവസ്ഥ ഒന്നാലോചിക്കുകയായിരുന്നു.
ഹഹഹ.. നടന്നത് തന്നെയാണോ?
വന്നതിനും വായിച്ചതിനും പ്രോത്സാഹനത്തിനും നന്ദി.
@ krishnakumar,കുമാരന്‍.. നടന്നതാണ്. നായകന്‍ ഞാനല്ലായിരുന്നെന്നു മാത്രം.
റാംജി , എഴുത്തുകാരി ചേച്ചി.. നന്ദി..
ഹ ഹ ഹ അടിപൊളി അല്ല സത്യം പറ ....വല്ലതും കിട്ടിയോ ..?
കൊള്ളാം........ രാജു സാറിനു ഇരിക്കട്ടെ എന്റെ വക ഒരു തൂവല്‍.............!!!
അനുഭവം നന്നായി ഇത് നടന്നത് തന്നെ ആണോ
@പാവപ്പെട്ടവന്‍: കിട്ടി,നനഞ്ഞു കുതിര്‍ന്ന പുസ്തകങ്ങള്‍.പിന്നെ തിരിച്ചെത്തിയപ്പോള്‍ പുസ്തകങ്ങള്‍ നശിപ്പിച്ചതിന് കുറെ ചീത്തവിളിയും...
@വിരഹി: രാജു സാറിനെ അറിയിക്കാം.. സന്ദര്‍ശനത്തിനു നന്ദി. വീണ്ടും കാണാം.
@അനസ്:നടന്നതാണ്. നായകന്‍ ഞാനല്ലായിരുന്നെന്നു മാത്രം.
ഈ ബുക്ക് ബോമ്പ് കലക്കീട്ടാ..ഭായ്.., ഒപ്പം ആ ഗെഡിയെ പറ്റി വർണ്ണിച്ചിരിക്കുന്നതും ഉഗ്രനായിട്ടുണ്ട്..... ‘ക്വാർട്ടേഴ്സിലെ താമസക്കാരിയായ സുന്ദരിയായ ടീച്ചറിന്, പാലാ മൂവാറ്റുപുഴ ഭാഗത്തെ കൃസ്ത്യാനികൾ എങ്ങിനെയാണ് കപ്പപ്പുഴുക്ക് വയ്ക്കുന്നത് എന്നതിനെപ്പറ്റി മതിലിനു മുകളിൽ കൂടി ക്ലാസ്സെടുക്കുകയായിരുന്നു അവൻ. അവന്റെ ഭാര്യ നാട്ടിൽ പോയതു കൊണ്ടുണ്ടായ "ഒഴിവാക്കാനാവാത്ത അത്യാവശ്യങ്ങൾ" എനിക്കു പിടി .”
Hai S.P, well done. Happy to hear dat u still remember d Navodaya.......Hamee Navoday Ho.....Achayeee too enjoyed n forwaded to many. Keep d same spirit always...
kollam.. inganeyum nadannirunnallo nammude schoolil.. rajusir kemananallo alle..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ