2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

***POLICE STORY*** (Part 1)

***പോലീസ്‌ സ്റ്റോറി *** (ഭാഗം 1)

                                 ഒരാഴ്ച നീണ്ട ഒരു വയനാടൻ യാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഞാൻ.സമയം സന്ധ്യയോടടുത്തിരുന്നു. ചുരമിരങ്ങുന്ന ബസിന്റെ സൈഡ്‌ സീറ്റിലിരുന്ന ഞാൻ തണുത്ത കാറ്റേറ്റ്‌ അറിയാതെ മയങ്ങിപ്പോയി.

                    ഞെട്ടിയുണർന്നപ്പോൾ ബസ്‌ നിർത്തിയിരിക്കുകയാണ്‌. നല്ല മഞ്ഞുണ്ടായിരുന്നു പുറത്ത്‌, ബസിനു ചുറ്റും പോലീസ്‌.ബസിനകത്ത്‌ 3 - 4 പോലീസുകാർ യാത്രക്കാരുടെയെല്ലാം ബാഗുകളും പെട്ടികളുമൊക്കെ തട്ടിയും മുട്ടിയും തുറന്നും പരിശോധിക്കുന്നു.ചിലരോടൊക്കെ എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്‌.(കഞ്ചാവു കടത്തു തടയാനായി സ്ഥിരമുള്ള ഏർപ്പാടാണ്‌ ഈ ചെക്കിംഗ്‌ എന്നു പിന്നീടറിഞ്ഞു)

ഒരു പോലീസുകാരൻ എന്റെ മുഖത്തേക്കു റ്റോർച്ചടിച്ചു നോക്കി.സീറ്റിനടിയിൽ വച്ചിരുന്ന പെട്ടി ചൂണ്ടി ചോദിച്ചു
"നിങ്ങടെയാ?"
"അതേ" ഞാൻ മറുപടി കൊടുത്തു
"തുറക്ക്‌" അതൊരാജ്ഞയായിരുന്നു.
അൽപം വലിയ പെട്ടി ഞാൻ ബുദ്ധിമുട്ടി സീറ്റിനടിയിൽ നിന്നും പുറത്തെടുത്ത്‌ തുറന്നു കാട്ടി. പോലീസുകാരൻ ലാത്തി കൊണ്ട്‌ പെട്ടിയിലുണ്ടായിരുന്ന തുണികൾക്കിടയിൽ പരതി, മൂലകളിൽ കുത്തി നോക്കി. ഒടുവിൽ തൃപ്തനായി അയാൾ പറഞ്ഞു. "ശരി അടച്ചോളൂ"

എല്ലാവരേയും പരിശോധിച്ച ശേഷം പോലീസുകാരെല്ലാം ബസിൽ നിന്നിറങ്ങി. വണ്ടി നിർത്തിയ ശേഷം തൊട്ടടുത്തുണ്ടായിരുന്ന ചായക്കടയിൽ ചായ കുടിക്കാൻ പോയിരുന്ന ഡ്രൈവറും കണ്ടക്ടറും അപ്പോഴേക്കും തിരികെയെത്തി.ഇനി പോകാമല്ലോ എന്നു കരുതി ആശ്വസിച്ചിരിക്കുമ്പോൾ അതാ അൽപം പ്രായം ചെന്ന മറ്റൊരു പോലീസുകാരൻ ബസിലേക്കു കയറി. അയാൾ മറ്റാരെയും ഗൌനിക്കാതെ നേരെ എന്റെ അടുത്തേക്കു വന്നു ചോദിച്ചു;
"എവിടെ പോകുന്നു?"
ചില സുഹൃത്തുക്കളെ കാണാൻ പോയതാണെന്നും ഇപ്പോൾ ആലപ്പുഴയിലുള്ള വീട്ടിലേക്കു തിരികെ പോകുകയാണെന്നും ഞാൻ അയാളോടു പറഞ്ഞു.
ബസിലുണ്ടായിരുന്ന മുഴുവൻ ആൾക്കാരുടേയും ശ്രദ്ധ ഇപ്പോൾ ഞങ്ങളിലായിരുന്നു.ഏതോ വലിയ കുറ്റവാളിയെ നോക്കുന്നതു പോലെയായിരുന്നു പലരുടേയും നോട്ടം.
"ഉം.. ഇറങ്ങൂ. ദാ സാറു വിളിക്കുന്നു."
ദൈവമേ!!! എന്റെ ഉള്ളൊന്നു കാളി. എന്തായിരിക്കാം കാര്യം? ഇനി എന്റെ പെട്ടിയിൽ ഞാനറിയാതെ എന്തെങ്കിലും...... ഒടുവിൽ എന്തും വരട്ടെ എന്നു ധൈര്യം സംഭരിച്ച്‌ ഞാൻ ബസിൽ നിന്നിറങ്ങി. പുറത്ത്‌ അൽപം മാറി ജീപ്പിൽ SI ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ ജീപ്പിനടുത്തേക്കു ചെന്നു
"ഒറ്റയ്ക്കേയുള്ളൂ?" അദ്ദേഹം ചോദിച്ചു.
"അതേ" ഞാൻ പ്രതിവചിച്ചു. എന്റെ ശബ്ദത്തിലെ വിറയൽ തണുപ്പു കൊണ്ടു മാത്രമായിരുന്നില്ല.
ലഗേജ്‌ കുറെയുണ്ടോ?
"ഇല്ല, ഒരു പെട്ടി മാത്രമേയുള്ളൂ."
ഇന്നു തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ടോ? ഈ ചോദ്യത്തിന്റെ ലക്ഷ്യം എനിക്കു മനസ്സിലായില്ല. അതു കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല.

"ഇന്നു തന്നെ വീട്ടിലെത്തിയിട്ടത്യാവശ്യമുണ്ടോ?" അദ്ദേഹം ഒന്നു കൂടി വിശദീകരിച്ചു ചോദിച്ചു.
ഞാനൊന്നു പരുങ്ങി. എന്നെനിക്കൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ പറഞ്ഞു...
"അങ്ങിനെ അത്യാവശ്യമൊന്നുമില്ലാ.....
"എന്നാൽ സാറിന്റെ പെട്ടിയെടുത്തിട്ട്‌ ആ വണ്ടി വിട്ടേക്കൂ." SI ഒരു പോലീസുകാരനോടു പറഞ്ഞു.

sI പറഞ്ഞതു കേട്ട്‌ ഞാൻ വല്ലാതെ അമ്പരന്നു നോക്കി നിൽക്കേ പ്രായം ചെന്ന ആ പോലീസുകാരൻ ബസിൽ കയറി എന്റെ പെട്ടിയുമെടുത്ത്‌ പുറത്തിറങ്ങി.ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാ. ഒരു കൊടും കുറ്റവാളിയെ നോക്കുന്നതു പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു.അവരുടെയൊക്കെ മുഖഭാവം കണ്ടാൽ തോന്നും ഞാൻ ബിൻ ലാദനോ വീരപ്പനോ മറ്റോ ആണെന്ന്. പോലീസുകാരൻ പെട്ടിയുമായി പുറത്തിറങ്ങിയ ശേഷം കണ്ടക്ടറോട്‌ എന്തോ പറഞ്ഞു. അയാൾ എന്നെയൊന്നു നോക്കിയ ശേഷം ഡബിൾ ബെല്ലു കൊടുത്തു.
ആ സന്ധ്യക്ക്‌, തികച്ചും അപരിചിതമായ ഒരിടത്ത്‌, കുറെ പോലീസുകാരുടെ നടുവിൽ, നിസ്സഹായനായ എന്നെ ഒറ്റയ്ക്ക്‌ ഉപേക്ഷിച്ചിട്ട്‌ ഞാൻ വന്ന ബസ്‌ പോയി.
പോലീസുകാർ അപ്പോഴേക്കുമെത്തിയ മറ്റു വാഹനങ്ങൾ പരിശോധിക്കുന്നതിനായി പോയി.

"എന്തൊക്കെ കേസുകളായിരിക്കുമോ ദൈവമേ എന്റെ തലയിൽ കെട്ടി വയ്ക്കാൻ പോകുന്നത്‌" എന്ന ചിന്തയോടൊപ്പം ഉലക്കയുടേയും പച്ചീർക്കിലിന്റേയും മൊട്ടുസൂചി, മുളകുപൊടി എന്നിവയുടെയൊക്കെ ചിത്രങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി.
അങ്ങിനെ പാതി മരിച്ചു നിൽക്കുമ്പോളാണ്‌ ഹിഹിഹിഹിഹി എന്ന വെടലച്ചിരിയോടെ SI ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങിയത്‌.
"ഏടാ ഇതു ഞാനാ സുരേന്ദ്രൻ"
മന്ദബുദ്ധികളുടേതു പോലെയുള്ള ചിരിയും സുരേന്ദ്രൻ എന്ന പേരും കേട്ടപ്പോൾ പെട്ടെന്നെനിക്കാളെ പിടി കിട്ടി.
5 കൊല്ലം മുൻപ്‌ ബി എഡിന്‌ എന്റെ സഹപാഠിയായിരുന്ന സുരേന്ദ്രൻ.അവനു രണ്ട്‌ വർഷം മുൻപ്‌ SI സെലെക്ഷൻ കിട്ടിയ വിവരമൊക്കെ ഞാൻ കത്തിലൂടെ അറിഞ്ഞിരുന്നു. പക്ഷേ ഇങ്ങിനെ ഒരു കൂടിക്കാഴ്ച ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
സുരേന്ദ്രൻ പണ്ടേ നല്ല സ്നേഹമുള്ളവനായിരുന്നു.
"എത്ര നാളായെടാ കണ്ടിട്ട്‌. അവൻ പറഞ്ഞു നമ്മുടെ ഹംസയും അയ്യപ്പനുമൊക്കെ ഇവിടെയുണ്ട്‌. നമുക്കവന്മാരേക്കൂടി വിളിക്കാം. രണ്ടു ദിവസം ഇവിടെ നിന്നടിച്ചു പൊളിച്ചിട്ടു പോയാ മതി നീയ്‌."

സുരേന്ദ്രന്റെ സ്നേഹവും സന്തോഷവും കണ്ട്‌ എന്റെ കണ്ണു നിറഞ്ഞു.ആ ഒരവസ്ഥയിലല്ലായിരുന്നെങ്കിൽ, ചുറ്റിനും പോലീസുകാരില്ലായിരുന്നെങ്കിൽ, അവൻ യൂണിഫോമിലായിരുന്നില്ലെങ്കിൽ സത്യമായും ഞാനവന്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കുമായിരുന്നു.

സുരേന്ദ്രൻ എന്നെ തൊട്ടടുത്തുണ്ടായിരുന്ന ചായക്കടയിൽ ഇരുത്തി. അതോടൊപ്പം പ്രവർത്തിച്ചിരുന്ന റ്റെലഫോൺ ബൂത്തിൽ നിന്നും അവൻ ഹംസയെ വിളിച്ചു.(അന്നു മൊബൈലൊന്നും പ്രചാരത്തിലായിരുന്നില്ല) ഹംസ അവിടെ അടുത്തൊരു സ്കൂളിൽ മാഷായിരുന്നു. ഉടൻ എത്താം എന്നവൻ പറഞ്ഞു.പിന്നീട്‌ അയ്യപ്പനെ വിളിച്ചു. അവൻ അവിടെയടുത്ത്‌ മറ്റൊരു സ്റ്റേഷനിൽ SI ആയിരുന്നു.അവനു പിറ്റേദിവസമേ വരാനാകൂ എന്നവൻ അറിയിച്ചു.

എതാണ്ട്‌ 8 മണിയോടെ ഹംസ എത്തി. എന്നേയും ഹംസയേയും ആ ചായക്കടയിലും കടത്തിണ്ണയിലുമായി 11 മണി വരെ ഇരുത്തി സുരേന്ദ്രനും കൂട്ടരും വാഹനപരിശോധന തുടർന്നു. അതിനു ശേഷം പോലീസ്‌ ജീപ്പിന്റെ പിന്നിൽ കുറെ പോലീസുകാരോടൊപ്പം ഞങ്ങളേയും കുത്തി നിറച്ച്‌ സ്റ്റേഷനിലെത്തി.പോലീസ്‌ സ്റ്റേഷന്റെ വരാന്തയിലെ ബഞ്ചിൽ ഞങ്ങളെ ആ ദുഷ്ടൻ അര മണീക്കൂറോളം ഇരുത്തി അവന്റെ ഔദ്യോഗിക പരിപാടികൾ തീർത്തു. മറ്റു പോലീസുകാർ ഞങ്ങളെ സഹതാപ പൂർവ്വം നോക്കുന്നുണ്ടായിരുന്നു. ലോക്കപ്പിൽ കിടന്ന കള്ളന്മാർക്കും ക്രിമിനലുകൾക്കും ഒക്കെ ഞങ്ങളുടെ അവസ്ഥ കണ്ട്‌ കഷ്ടം തോന്നിയിട്ടുണ്ടാകണം.
ഓടുവിൽ അവൻ വന്നു ഞങ്ങളെ സ്റ്റേഷന്റെ അടുത്തുള്ള അവന്റെ ക്വാർട്ടേഴ്സിലേക്കു കൊണ്ടൂ പോയി. യൂണിഫോമൊക്കെ മാറ്റി കൈലിയുടുത്തു വന്ന സുരേന്ദ്രനെ ഞങ്ങൾ വായിൽ തോന്നിയ തെറിയെല്ലാം വിളിച്ചു. ഒരു പാവം പോലീസുകാരന്റെ നിസ്സംഗതയോടെ അവൻ അതെല്ലാം കേട്ടു.

സാരമില്ലെടാ. നാളെ അയ്യപ്പൻ കൂടി വരട്ടെ. ഇതിനെല്ലാം പ്രായശ്ചിത്തമായി നമുക്കടിച്ചു പൊളിക്കാം. എന്നു ഞങ്ങളെ ആശ്വസിപ്പിച്ച്‌ അന്നുറങ്ങാൻ കിടന്നു. പിറ്റേദിവസത്തെ ആഘോഷങ്ങൾ സ്വപ്നം കണ്ട്‌ ഉറങ്ങിയ ഞങ്ങളെ അവൻ 5 മണിക്കു തന്നെ ഫുൾ യൂണിഫോമിൽ വിളിച്ചുണർത്തി.
"എടാ ഒരു ബസ്സപകടം. 32 പേരു മരിച്ചു. എനിക്കുടനേ പോണം. നീ ക്ഷമിക്ക്‌.. നമുക്ക്‌ പിന്നീടൊരു ദിവസം കൂടാം. നീ റെഡിയാകുമ്പോൾ നിന്നെ ഇന്നലെ പൊക്കിയിടത്തു തന്നെ കൊണ്ടു വിടാൻ ഞാൻ പോളച്ചായനോടു പറഞ്ഞിട്ടുണ്ട്‌. അയാൾ ഒരെട്ടു മണിയ്ക്കു വരും. നീ റെഡിയായിരിക്കണം കേട്ടൊ. എന്നു പറഞ്ഞ്‌ അവൻ പോയി.
8 മണിക്ക്‌ തന്നെ പ്രായം ചെന്ന ആ പോലീസുകാരൻ വന്നു. എന്നെയും ഹംസയേയും ജീപ്പിൽ തലേദിവസം വാഹന പരിശോധന നടന്ന സ്ഥലത്തെത്തിച്ചു. ചായക്കടയിൽ നിന്നു ം ഓരൊ ചായ കുടിച്ച ശേഷം ആദ്യം വന്ന വണ്ടിക്കു ഞാൻ കയറി.
വണ്ടി നീങ്ങുമ്പോൾ ഹംസ അവിടെ നിന്നും കൈ വീശുന്നുണ്ടായിരുന്നു.

4 അഭിപ്രായങ്ങൾ:

HAINA പറഞ്ഞു...

എന്നാലും എന്റെ സുരേന്ദ്രാ!

പുസ്തകപുഴു പറഞ്ഞു...

ശോ !!! വെറുതെ പേടി പ്പിച്ചു കളഞ്ഞല്ലോ !!!.
നാന്നായി . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Sajid പറഞ്ഞു...

പാ‍ര്‍ട്ട് ഒന്ന് നന്നായി...ഉലക്കയുടേയും പച്ചീർക്കിലിന്റേയും മൊട്ടുസൂചി, മുളകുപൊടി എന്നിവയുടെയുമൊക്കെ ചിത്രങ്ങൾ വയനാടന്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായിച്ചില്ലേ...ആശംസകള്‍....

Sajid പറഞ്ഞു...

പാര്‍ട്ട് ഒന്ന് നന്നായി ...ഉലക്കയുടേയും പച്ചീർക്കിലിന്റേയും മൊട്ടുസൂചി, മുളകുപൊടി ആദിയായവയുടെയും ചിന്ത വയനാടന്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ സഹായിച്ചില്ലേ...ആശംസകള്‍....