2010 ഏപ്രിൽ 13, ചൊവ്വാഴ്ച

പരീക്ഷ

ചേലമറ്റം ഗവൺമന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ.
ഹയർ സെക്കണ്ടറി പരീക്ഷയുടെ മഹത്തായ ആറാം ദിവസം.
അന്നത്തെ പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി. ചാരുംകടവു സ്കൂളിൽ നിന്നും ഇൻവിജിലേഷനു വന്ന ദിനേശൻ സാർ ആകെ ചൂടിലായിരുന്നു. പെൻഷനാകാൻ ഇനി ഒരു വർഷം കൂടിയേ സാറിനു ബാക്കിയുള്ളൂ.പരീക്ഷയുടെ പുതിയ നടപടിക്രമങ്ങളൊന്നും സാറിനിതു വരെ മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഒരു ക്ലാസ്സിൽ ഞെങ്ങി ഞെരുങ്ങിയിരിക്കുന്ന 30 കുട്ടികളും,3, 4 തരം ചോദ്യ പേപ്പറുകളുടെ വിതരണവും. കൂളോഫ്‌ റ്റൈമും, ഒക്കെക്കൂടി സാറിനാകെ കൺഫ്യൂഷനായിരുന്നു. അന്നു സാറിനു ഡ്യൂട്ടി റൂം 15 ലും.സയൻസിലേയും കൊമേഴ്സിലേയും ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരുമായി 30 കുട്ടികൾ ആ റൂമിലുണ്ട്‌.ഇന്നാണെങ്കിൽ ബയോളജി പരീക്ഷയും.

"ദിനേശൻ സാറേ, സാറൊന്നു ശ്രദ്ധിച്ചോണം. ഇന്നു സാറിനു റൂം 15 ലാ ഡ്യൂട്ടി"
ചീഫ്‌ സൂപ്രണ്ട്‌ ലളിതമ്മ റ്റീച്ചർ അൽപം പേടിയോടെയാണു പറഞ്ഞു തുടങ്ങിയത്‌.
"സാറിന്റെ ക്ലാസ്സിൽ ഇന്നു സയൻസിലെ 20 കുട്ടികളുണ്ട്‌. ചീഫ്‌ വിശദീകരിക്കാൻ തുടങ്ങി.15 സെക്കന്റിയറും 5 ഫസ്റ്റിയറും.10 മണിക്കു ബെല്ലടിക്കുമ്പോൾ അവർക്കാദ്യം ബോട്ടണിയാണ്‌.അതിനു 10 മിനിറ്റ്‌ കൂളോഫ്‌ റ്റൈം ഉണ്ട്‌.10.10 ന്‌ അവരെഴുതാൻ തുറ്റങ്ങും. 11.10 ന്‌ അവരുടെ പേപ്പർ തിരികെ വാങ്ങണം. പിന്നെ വീണ്ടും 10 മിനിറ്റ്‌ അവർക്കു കൂളോഫ്‌ റ്റൈമാണ്‌. സുവോളജിക്ക്‌.
പിന്നെ സെക്കന്റിയർ കൊമേഴ്സിലെ 7 കുട്ടികളുണ്ട്‌. അവർക്ക്‌ എക്കണോമിക്സിന്റെ പുതിയ സ്കീം ചോദ്യ പേപ്പർ കൊടുക്കണം.അവർക്കു 15 മിനിറ്റാണു കൂളോഫ്‌ റ്റൈം.3 പേർ പഴയ സ്കീം ആണ്‌. ചോദ്യ പേപ്പർ കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മാറിപ്പോയാൽ സസ്പെൻഷൻ ഉറപ്പാ.; അല്ലാ.. സാറിതു വല്ലോം കേൾക്കുന്നുണ്ടോ?"
സത്യത്തിൽ ഉണ്ടായിരുന്നില്ലഡിനേശൻ സാറിനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.അദ്ദേഹം ഒന്നും കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. സാറിനു തലയാകെ പെരുക്കുന്നതു പോലെ തോന്നി. എന്തൊക്കെയോ ഉച്ചത്തിൽ പിറു പിറുത്തു കൊണ്ട്‌,ചീഫ്‌ സൂപ്രണ്ടിന്റെ വിലക്കുകളും അപേക്ഷകളും ഒന്നും കേൾക്കാതെ, അദ്ദേഹം കൈയ്യിലിരുന്ന പേപ്പറുകളുമായി പുറത്തേക്കോടി.പിന്നെ മുറ്റത്ത്‌, പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ മുന്നിൽ വച്ച്‌ അവയെല്ലാം വലിച്ചു കീറി കാറ്റിൽ പറത്തിക്കൊണ്ട്‌ അദ്ദേഹമുച്ചത്തിൽ ചിരിച്ചു കൊണ്ടു പറഞ്ഞു
"ഹഹഹഹാ, സസ്പെന്റു ചെയ്യെടാ... എന്നെ സസ്പെന്റു ചെയ്യെടാ... ഹഹഹഹാാ..

ഹയർ സെക്കണ്ടറി പരീക്ഷയിൽ ഈ വർഷം ചോദ്യ പേപ്പർ മാറി പൊട്ടിക്കുകയോ കൊടുക്കുകയോ ചെയ്തതിന്റെ പേരിൽ ഈ വർഷം സസ്പെൻഷനിലായവരുടെ എണ്ണം ഇതു വരെ 5. ഒന്നാം വർഷത്തെ ചോദ്യങ്ങൾക്കു പകരം രണ്ടാം വർഷ ചോദ്യങ്ങൾക്കുത്തരം എഴുതുകയും പരീക്ഷ കഴിഞ്ഞിട്ടും അതറിയാതിരിക്കുകയും ചെയ്ത കേസു വേറെ. പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ വിതരണം ചെയ്തപ്പോൾ അബദ്ധത്തിൽ മാറിക്കൊടുക്കുകയും പെട്ടെന്നു തിരിച്ചറിഞ്ഞതിനാൽ പ്രശ്നമുണ്ടാവാതെ തെറ്റു തിരുത്തുകയും ചെയ്ത റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കേസുകൾ ധാരാളം.

പക്ഷേ, കഷ്ടമെന്നു പറയട്ടെ,തുടർച്ചയായി ഇത്തരം പിഴവുകളുണ്ടായിട്ടും അതെന്തു കൊണ്ടെന്നു കണ്ടെത്തി പരിഹാരം കാണാതെ അദ്ധ്യാപകരെ ബലിയാടാക്കി പ്രശ്നങ്ങൾ ഒരു സസ്പെൻഷനിലൊതുക്കാനുള്ള ശ്രമങ്ങളാണിപ്പോഴും നടക്കുന്നത്‌ എന്നതാണു സത്യം. ഈ നിലപാടിനു മാറ്റമുണ്ടായില്ലെങ്കിൽ തുടക്കത്തിൽ ദിനേശൻ സാറിനെ പറ്റി പറഞ്ഞതു പോലുള്ള അനുഭവങ്ങൾ ആർക്കും എവിടെയും എപ്പോഴുമുണ്ടാകാം.
ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടേ

7 അഭിപ്രായങ്ങൾ:

കൂതറHashimܓ പറഞ്ഞു...

പാവം മാഷ്
ഇത്രക്ക് മണ്ടന്മാരെ ആണോ ഇതു വരെ പിള്ളേര് മാഷെ എന്ന് വിളിച്ചിരുന്നത്... കഷ്ട്ടം

Typist | എഴുത്തുകാരി പറഞ്ഞു...

കൂള്‍ ഓഫ് ടൈം ഒക്കെയുണ്ടല്ലേ? വിദ്യാര്‍ത്ഥിയേക്കാള്‍ വലിയ പരീക്ഷയാണല്ലോ, അദ്ധ്യാപകര്‍ക്ക്‌!

jayanEvoor പറഞ്ഞു...

എഴുത്ത് കൊള്ളാം!

(പക്ഷേ യാതാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ ഇതിലെന്താ ഇത്ര കുഴപ്പം? ടെൻഷനിടിച്ചേക്കാം എങ്കിലും ഇതു മാനേജ് ചെയ്യാൻ കഴിയാത്തയാൾ അധ്യാപക വൃത്തി ചെയ്യാതിരിക്കുകയാവും ഉചിതം. ഹാഷിമിനോട് യോജിക്കുന്നു.)

പാവത്താൻ പറഞ്ഞു...

യാഥാര്‍ഥ്യബോധത്തോടെ ചിന്തിക്കുമ്പോഴാണല്ലോ കുഴപ്പം. തിയററ്റിക്കലായി എഴുതി വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും വളരെ നല്ല കാര്യം
30 കുട്ടികളുടെ ഹാള്‍ റ്റിക്കറ്റു പരിശോധിച്ചുറപ്പാക്കാന്‍ എത്ര സമയം വേണം?
30 പേര്‍ക്ക് ഉത്തരക്കടലാസും ചോദ്യക്കടലാസും വിതരണം ചെയ്യാന്‍ എത്ര സമയം വേണം?
30 കുട്ടികളുടെ ഉത്തരക്കടലാസിലെ റോള്‍ നമ്പര്‍ ശരിയാണോ എന്നു പരിശോധിക്കാന്‍ എത്ര സമയം വേണം?
30 കുട്ടികള്‍ക്ക് ശരാശരി 8 അഡീഷനല്‍ ഷീറ്റ് വച്ച് ഇനിഷ്യല്‍ ചെയ്തു കൊടുക്കുകയും അത് തെറ്റാതെ രേഖപ്പെടുത്തുകയും ചെയ്യാന്‍ എത്ര സമയം വേണം?
10 കുട്ടികള്‍ക്ക് 10 മിനിറ്റ് കഴിയുമ്പോള്‍ എഴുതി തുടങ്ങാം. 20 കുട്ടികള്‍ 15 മിനിറ്റു കഴ്8ഞ്ഞേ തുടങ്ങാവൂ.എന്നൊക്കെ വരുമ്പോള്‍
ഇടകലര്‍ന്നിരിക്കുന്ന കുട്ടികളില്‍ ആര്‍ക്കൊക്കെ എഴുതാം, ആരൊക്കെ എഴുതരുത് എന്നൊക്കെ നിശ്ചയിക്കുന്നത് ബുദ്ധി മുട്ടു തന്നെയാണ്.
അതിനിടയില്‍ വേണം കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കാന്‍.
കൂള്‍ ഓഫ് റ്റൈം തീര്‍ച്ചയായും നല്ലതു തന്നെ.
ഒരു അധ്യാപകന്‍ എന്ന അനുഭവ പരിചയം വച്ചു പറയട്ടെ, ഇന്നേറ്റവും കുറച്ചു പ്രാധാന്യം പഠന പ്രവര്‍ത്തനങ്ങള്‍ക്കാണ്.

lekshmi. lachu പറഞ്ഞു...

എഴുത്ത് കൊള്ളാം!

through my viewfinder പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
through my viewfinder പറഞ്ഞു...

ചേട്ടാ, ഈ കൂള്‍ ഓഫ്‌ ടൈം എന്ന് പറഞ്ഞാല്‍ പിള്ളേര്‍ക്ക് ഒരു ബിയര്‍ അടിച്ചു ഒന്ന് കൂള്‍ ആവാനുള്ള സമയം ആണോ? എങ്കില്‍ കൊള്ളാമായിരുന്നു...