എട്ടു സീ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സല്ല. രവി സാറു ലീവായതിനാലാണ് ബുധനാഴ്ച്ച നാലാം പീരീഡ് എട്ടു സി യിൽ പോകേണ്ടി വന്നത്.ഇംഗ്ഗ്ലീഷിലെ ചെറിയ പദപ്രശ്നങ്ങളും കുട്ടികൾക്കു രസിക്കുന്നതും ഭാഷാ പഠനത്തെ സഹായിക്കുന്നതുമായ ചില കളികളുമൊക്കെയായിട്ടാണ് ആ പീരീഡു ചെലവഴിച്ചത്. അൽപം ശബ്ദവും ബഹളവും ഒക്കെ ഉണ്ടായി എന്നതു സത്യമാണ് വൈസ് പ്രിൻസിപ്പൽ ഭദ്രാ മാഡം ക്ലാസ്സിനു പുറത്തൽപ്പ നേരം വന്നു നിന്നതു കണ്ടില്ലെന്നു നടിച്ച് ഞാൻ ക്ലാസ്സ് തുടർന്നത് അവർക്കത്ര പിടിച്ചു കാണില്ലെന്നെനിക്കറിയാമായിരുന്നു.യാതൊരു സാമാന്യ ബോധവുമില്ലാത്ത, എല്ലാവരിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു അവർ.സാധാരണ എല്ലാ കണക്കദ്ധ്യാപകരേയും പോലെ, ലോകം മുഴുവൻ കണക്കു മാത്രമാണെന്നും ബാക്കിയൊക്കെ വെറും വെയിസ്റ്റാണെന്നുമുള്ള ചിന്താഗതിക്കാരിയായ അവർ ഉടൻ തന്നെ പ്രിൻസിപ്പലിനോടു ചെന്നു പരാതി പറഞ്ഞു കാണും എന്നും ഞാൻ ഊഹിച്ചിരുന്നു.
അതു കൊണ്ട് ഉച്ച ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പ്യൂൺ രാഘവൻ വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്നു സംശയമൊന്നും ഉണ്ടായിരുന്നില്ല.
എന്റെ ഊഹം ശരിയായിരുന്നു.പ്രിൻസിപ്പലിന്റെ മേശയ്ക്കരികിലെ കസേരയിൽ വളരെ സന്തോഷത്തിൽ അവരുമുണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോഴേ എനിക്കൊരപകടം മണത്തു. ആമുഖമില്ലാതെ പ്രിൻസിപ്പൽ തുടങ്ങി.
"എന്തായിരുന്നു സർ നാലാം പീരീഡ് എട്ടു സീയിൽ വലിയ ബഹളം"?
“ഏയ് അങ്ങിനെ വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല സർ, കുട്ടികൾ ചില ലാങ്ഗ്വേജ് ഗെയ്മുകൾ കളിക്കുകയായിരുന്നു. അതിന്റെ ആവേശത്തിൽ അൽപം ശബ്ദമുണ്ടാക്കിയെന്നേയുള്ളു... അല്ലാതെ....
ഭദ്രാമാഡം "മുരടനക്കി. അതല്ല സർ പ്രശ്നം..ഈ ഇൻഡിപ്പെൻഡൻസ് എന്ന വാക്കിന്റെ സ്പെല്ലിംഗ് എന്താ?"
ഏതു വിധമുള്ള ആക്രമണത്തിനാണവർ ഒരുങ്ങുന്നതെന്നറിയാത്തതിനാൽ ഞാൻ വളരെ സൂക്ഷിച്ചു തന്നെ മറുപടി നൽകി.
INDEPENDENCE എന്നല്ലേ മാഡം? എന്തേ ചോദിക്കാൻ?"
"ഹും എനിക്കിംഗ്ലീഷിൽ അത്ര വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും കുറച്ചു സ്പെല്ലിങ്ങൊക്കെ അറിയാം." അവരുടെ സ്വരത്തിൽ നിറയെ പുഛവും ഇര വലയിൽ വീണതിന്റെ സന്തോഷവുമായിരുന്നു.പ്രിൻസിപ്പലിന്റെ മുന്നിൽ എന്നെയൊന്നു കൊച്ചാക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം അവരൊട്ടും മറച്ചു വച്ചില്ല.
"എന്റെ സാറേ.. നമ്മൾ അദ്ധ്യാപകർ ക്ലാസ്സിൽ എന്തെങ്കിലും പറയുന്നത് വളരെ ശ്രദ്ധിച്ചു വേണം. പത്തു നാൽപ്പതു കുട്ടികൾ നമ്മൾ പറയുന്നതു വേദവാക്യം എന്നതു പോലെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബോദ്ധ്യം എപ്പോഴും വേണം നമുക്ക്. അടക്കിയിരുത്തി നല്ലതൊന്നും പാറഞ്ഞു കൊടുത്തില്ലെങ്കിലും തെറ്റുകൾ പഠിപ്പിക്കാതിരിക്കാനെങ്കിലും കുറഞ്ഞപക്ഷം നാം ശ്രദ്ധിക്കേണ്ടേ?"
എനിക്കപ്പോഴും കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു. അതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല.
അവർ തുടർന്നു
"നാലാം പീരീഡ് എട്ടു സീയിലെ ബഹളം കേട്ടാണു ഞാൻ വന്നു നോക്കിയത്. അപ്പോ സാറു ബോർഡിലെഴുതിയിരുന്നതൊക്കെ ഞാനൊന്നു വായിച്ചു. സാറെഴുതിയിരുന്നത് INDEPENDANCE എന്നായിരുന്നു. എനിക്കു പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായി അതു തെറ്റാണെന്ന്. ഒരിംഗ്ലീഷ് അദ്ധ്യാപകൻ ഇങ്ങിനെയുള്ള തെറ്റുകൾ വരുത്താമോ? അതും ബോർഡിൽ എഴുതുമ്പോൾ... ഇതു കണ്ടല്ലേ നമ്മുടെ കുട്ടികൾ പഠിക്കുന്നത്?"
ഓ അപ്പോ അതാണു കാര്യം.പ്രിൻസിപ്പലിനു മുന്നിൽ അവരുടെ ഇംഗ്ലീഷ് പാണ്ഢിത്യം ഒന്നു പ്രദർശിപ്പിക്കുകയുമാവാം എന്നെയൊന്നിരുത്തുകയുമാവാം. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയതിന്റെ സന്തോഷമാണവർക്ക്.
ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല..
"മാഡം ആ ബോർഡിൽ ഇൻഡിപ്പെൻഡൻസുൾപ്പടെ പത്തു വാക്കുകൾ ഞാൻ എഴുതിയിരുന്നു."
ഹും. അതെല്ലാം ഞാൻ കണ്ടു".അവർ മൊഴിഞ്ഞു.
“എന്നിട്ട് ഈയൊരു തെറ്റു മാത്രമേ മാഡം കണ്ടുള്ളൂ?” ഞാനൊന്നു പുഞ്ചിരിച്ചു.
“വെരി പുവർ!!! ആ പത്തു വാക്കുകളിലും ഓരോ സ്പെല്ലിംഗ് മിസ്റ്റെയ്കെങ്കിലും ഉണ്ടായിരുന്നു മാഡം .ഓരോ വാക്കിലേയും തെറ്റു കണ്ടു പിടിച്ചു തിരുത്തുക എന്നതായിരുന്നു ചോദ്യം. ഒൻപതെണ്ണം വരെ ശരിയായി ചെയ്ത മിടുക്കന്മാർ ആ ക്ലാസ്സിലുണ്ട് മാഡം.“
കടലാസു പോലെ വിളറി വെളുത്തു പോയ മാഡത്തിന്റെ മുഖത്തു നോക്കാതെ ചിരിയടക്കാൻ പാടു പെടുന്ന പ്രിൻസിപ്പലിനോടു ഞാൻ പറഞ്ഞു..
"അടുത്ത പീരീഡ് ക്ലാസ്സുണ്ട്.. ഞാൻ പൊക്കോട്ടേ സർ"?
അദ്ദേഹം തലയാട്ടി.
10 അഭിപ്രായങ്ങൾ:
ഇഷ്ടപ്പെട്ടു ട്ടോ... പുതിയ അധ്യാപന രീതിയും ചിലരുടെ കുറ്റം കണ്ടുപിടിക്കാനുള്ള വാസനയും.. രണ്ടും ഒരുപോലെ പറഞ്ഞിരിക്കുന്നു
ആശംസകള്‍
മാഷേ ആ വൈസ് പ്രിന്‍സി ഈ ബ്ലോഗ് കാണാന്‍ വല്ല സാദ്ധ്യതയും ഉണ്ടോ? എങ്കില്‍ അടുത്ത അങ്കം ഉടനെ പ്രതീക്ഷിക്കാം. എന്തായാലും കണ്ടതു പാതി കാണാത്തപാതി പരാതിയുമായി ഇറങ്ങിയ അവര്‍ക്ക് ഇതു നല്ല ഒരു ശിക്ഷതന്നെ ആയിപ്പോയി. :)
അപ്പൊ അതാണ് കാര്യം...
അരമതിലിനു മുകളീലൂടെ ഏറ്റവും മുകളിലെഴുതിയതേ കണ്ടുള്ളൂ എന്നു വൈസ് മറ്റാരോടോ പറഞ്ഞിരുന്നു..
കൊള്ളാം... നന്നായിട്ടുണ്ട്....
കൊള്ളാം... നന്നായിട്ടുണ്ട്....
നന്ദി, മൈലാഞ്ചി, മണികണ്ഠന്‍, സമാന്തരന്‍, നൌഷു,പ്രയാണ്‍ & ലക്ഷ്മി; സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും
വരാന്‍ താമസിച്ചുപോയി. നല്ല പോസ്റ്റ്. പാവം വൈസ് പ്രിന്‍സിപ്പല്‍.... നല്ല പണിയല്ലേ കിട്ടിയത്..?
ഇഷ്ടപ്പെട്ടു....
അപ്പോൾ സഹപ്രവർത്തകർക്കിട്ടും പണി കൊടുക്കാൻ അറിയാം അല്ലേ...മാഷേ
ഉം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ