സ്കൂളിൽ ക്ലാസു മുറികളും സ്റ്റാഫ് റൂമും മറ്റും തൂത്തു വൃത്തിയാക്കുന്ന ചേച്ചി സുഖമില്ലാതെ കിടപ്പിലായിട്ട് ഒരാഴ്ചയായി.എല്ലായിടവും പൊടിയും കടലാസു കഷണങ്ങളും ഒക്കെ നിറഞ്ഞ് ആകെ വൃത്തികേടായപ്പോൾ അധ്യാപകരും വിദ്യാർഥികളും ഒക്കെ ചേർന്ന് ഒരു വൃത്തിയാക്കൽ യജ്ഞം തുടങ്ങി.ഒരു പീരിയഡിലെ അധ്വാനം കൊണ്ട് ക്ലാസ് മുറികളും സ്റ്റാഫ് റൂമും സ്കൂളും പരിസരവുമെല്ലാം വൃത്തിയായി.
അതൊക്കെ കഴിഞ്ഞു കുട്ടികളോടു സംസാരിച്ചപ്പോഴാണ് അധ്വാനത്തിന്റെ മഹത്വത്തെ കുറിച്ചും ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് ചെയ്യാൻ എല്ലാവരും തയാറാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഒക്കെ കുട്ടികളെ ഒന്നു ബോധവൽക്കരിച്ചു കളയാം എന്നെനിക്കു തോന്നിയത്. എവിടെയോ വായിച്ചിരുന്ന മനോഹരമായ ഒരു സെൻ ബുദ്ധിസ്റ്റ് കഥയും ഞാൻ പറഞ്ഞു.
കഥ ഇങ്ങിനെ
ഒരിക്കൽബുദ്ധ ഭിക്ഷുക്കളായ ഗുരുവും ശിഷ്യന്മാരും കൂടി ദേശാടനത്തിനിടയിൽ ഒരു തടാകക്കരയിൽ എത്തിച്ചേർന്നു. അടുത്തെങ്ങും വീടുകളോ മനുഷ്യവാസമോ ഇല്ലാതിരുന്നതിനാൽ അവർക്ക് ആ രാത്രി തടാക കരയിൽ തങ്ങേണ്ടതായി വന്നു. ഗുരു എന്നത്തേയും പോലെ, താൻ സ്ഥിരമായി കൂടെ കൊണ്ടു നടക്കാറുള്ള തടി കൊണ്ടുള്ള ബുദ്ധപ്രതിമയെടുത്ത് മുന്നിൽ വച്ചു പ്രാർഥിച്ചു. ഉണ്ടായിരുന്ന ഭക്ഷണം എല്ലാവരും ചേർന്നു ഭക്ഷിച്ച ശേഷം അവർ തടാകക്കരയിൽ തന്നെ ഉറങ്ങാൻ കിടന്നു. രാത്രി, അസഹ്യമായ തണുപ്പു സഹിക്കാൻ വയ്യാതെ അവരുണർന്നെഴുന്നേറ്റു. പുതയ്ക്കാനോ തീ കൂട്ടാനോ ഒന്നും കിട്ടാതെ അവർ വലഞ്ഞു.
അപ്പോൾ ഗുരു തന്റെ ഭാണ്ഡം തുറന്ന് താൻ ആരാധിക്കുന്ന ബുദ്ധവിഗ്രഹമെടുത്ത് കഷണങ്ങളാക്കി മുറിച്ച് തീ കത്തിച്ച് തണുപ്പകറ്റി. ശിഷ്യന്മാർ ആകെ വല്ലാതായി.അവർ ഗുരുവിനോടു ചോദിച്ചു,"അല്ലയോ ഗുരോ ഇത്ര നാളും അങ്ങാരാധിച്ചിരുന്ന ബുദ്ധഭഗവാനെ ഇത്ര നിസ്സാരമായി കത്തിക്കാൻ എങ്ങിനെ മനസ്സു വന്നു"? അപ്പോൾ ഗുരു പറഞ്ഞു, നാം തണുപ്പു കൊണ്ടു മരവിച്ചു മരിക്കാൻ തുടങ്ങുമ്പോൾ ബുദ്ധനായിരിക്കുന്നതു കൊടിയ പാപമാണ്. അപ്പോൾ ദൈവം ചൂടു പകരുന്ന വിറകായി തീരണം.
ലോകത്തിന്റെ, സമൂഹത്തിന്റെ ആവശ്യമറിഞ്ഞു പ്രവർത്തിക്കുന്നവനാണ് യഥാർഥ ദൈവം."വിശക്കുന്നവന്റെ മുൻപിൽ ദൈവം അപ്പമായി മാത്രമേ പ്രത്യക്ഷപ്പെടാൻ പാടുള്ളു.
നാമോരോരുത്തരും മറ്റുള്ളവരുടെ, സമൂഹത്തിന്റെ ഒക്കെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പെരുമാറണം. ഇന്നിപ്പോൾ സ്കൂൾ വൃത്തിയാക്കേണ്ട ആവശ്യം വന്നപ്പോൾ ഞാൻ ഇംഗ്ലീഷ് അദ്ധ്യാപകനാണ്, ഞങ്ങൾ വിദ്യാർഥികളാണ്, ഞങ്ങൾ തൂത്തു വാരില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറാതെ നാം ഒന്നിച്ചു ജോലി ചെയ്ത് ഇവിടം സുന്ദരമാക്കിയില്ലേ. ജീവിതത്തിലുടനീളം നാമീ പാഠം മറക്കരുത്....
കുട്ടികൾ നിശ്ശബ്ദരായി കഥ കേട്ടിരുന്നു.. ഒരു നല്ല സന്ദേശം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തൊടെയാണ് അന്നു ഞാനും വീട്ടിൽ പോയത്.
അനുബന്ധം.
പിറ്റേന്നു ക്ലാസിൽ ഞാൻ കവിത പഠിപ്പിക്കുമ്പോൾ ക്ലാസ്സിലെ ആസ്ഥാന ഉഴപ്പനായ രവികുമാർ മറ്റെന്തോ പരിപാടിയിൽ മുഴുകിയിരിക്കുന്നതു കണ്ട് അവനെ എഴുന്നേൽപ്പിച്ചു.
ഞാൻ: എവിടെടാ നിന്റെ പുസ്തകം?
രവി: ഇന്നലെ രാത്രി ഭയങ്കര തണുപ്പായിരുന്നു സർ.....
ഞാൻ കഥ പറച്ചിൽ ഇതോടെ നിർത്തി.
16 അഭിപ്രായങ്ങൾ:
suuuuuuuuper!!!!
കഥ ഇതിനു മുന്‍പ് കേട്ടിട്ടുണ്ട്
അനുബന്ധം സത്യത്തില്‍ ഞെട്ടിച്ചു ..........
സാർ ഇത്രേം പ്രതീക്ഷിച്ചിലല, അല്ലേ?
എന്റെ ദൈവമേ..!!
ഗുണപാഠം വളഞ്ഞു ചുറ്റിപ്പോയ ഒരു വഴിയേ.:)
അനു ബദ്ധം കിടിലന്‍
adipoli..
ishtaayi
നല്ല ശിഷ്യന്മാർ. ഇനി ഗുണപാഠകഥകളൊന്നും പറഞ്ഞുകൊടുത്തേക്കല്ലേ!
ഗുരു പറയുന്നതു ഇത്രയും പെട്ടന്ന് പ്രാവർത്തികമാക്കുന്ന ശിഷ്യസമ്പത്ത് ഉള്ളത് ഭാഗ്യം തന്നെ:)
ഇന്നലെ രാത്രി ഭയങ്കര തണുപ്പായിരുന്നു സർ.....
:-) :-)
ഹഹഹാ...
ഞാൻ രവികുമാരന്റെ കൂടെയാ സാറെ..
ഏതായാലും സാരോപദേശകഥ തദവസരത്തിൽ ഉചിതമായി..
നല്ല നല്ല കഥകൾ ഇനിയും കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം
രവികുമാർ ആളു കൊള്ളാല്ലോ. ചിരിച്ചു പോയേ........സാർ, കഥ പറച്ചിൽ തുടരൂ.
സാറിനു പിള്ളേരുടത്ര പ്രായത്തിന്റെ വളർച്ചയില്ല
“ഗുരുവിനെ വെല്ലുന്ന ശിഷ്യൻ“
ആശംസകൾ...
കൊള്ളാല്ലോ !
പണ്ടത്തെപ്പോലെ ഇന്ന് ഗുണപാഠ കഥകളൊന്നും ഏശില്ല മാഷെ.
വളരെ നന്നായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ