2009, മേയ് 22, വെള്ളിയാഴ്‌ച

പന്തയം (ഭാഗം 2)

പക്ഷെ അയാൾ കടയ്ക്കു പുറത്തേക്കു കാലെടുത്തു വയ്ക്കുന്നതിനു മുൻപെ ഭാസി അയാളെ വിളിച്ചു.

" അനിയാ, നിക്ക്‌, നിനക്ക്‌ വീട്ടിൽ വരെയെത്താൻ എത്ര രൂപയാകും വണ്ടിക്കൂലി"?

അയാൾ പെട്ടെന്നു നിന്നു. മെല്ലെ തിരിഞ്ഞു. അയാളുടെ മുഖത്ത്‌ വല്ലാത്തൊരാശ്വാസ ഭാവമായിരുന്നു. അതോ ഒരു കള്ള ലക്ഷണമോ? എന്തായാലും ഭാസി പെട്ടു കഴിഞ്ഞു എന്നു ഞങ്ങൾക്കു മനസ്സിലായി. അവൻ വീണ്ടും പറഞ്ഞു" മടിക്കാതെ പറയനിയാ നിനക്കെത്ര രൂപയാകും വണ്ടിക്കൂലി"?

"എഴുപതു രൂപയോളമാകും" അയാൾ മെല്ലെപ്പറഞ്ഞു.

"അനിയാ, നീ പറഞ്ഞതൊക്കെ ശരിയാണോ, കള്ളമാണോ എന്നൊന്നും എനിക്കറിയില്ല.എന്നാലും ഞാൻ നിനക്ക്‌ നൂറു രൂപ തരാം". ഭാസി മേശ തുറന്ന് രണ്ട്‌ അമ്പതു രൂപാ നോട്ടുകളെടുത്തു."പക്ഷെ നീ ഇതെനിക്കു തിരിച്ചു തരണം. നൂറു രൂപയെന്നത്‌ നമ്മളെ സംബന്ധിച്ച്‌ അത്ര വലിയ ഒരു തുകയൊന്നുമല്ല എന്നെനിക്കറിയാം. ഇത്‌ തിരിച്ചു കിട്ടിയില്ല എന്നു വച്ച്‌ ഞാൻ കേസു കൊടുക്കാനോ നിന്നെയന്വേഷിച്ച്‌ ഇടുക്കിക്കു വരാനോ ഒന്നും പോകുന്നില്ല എന്നും നമുക്കു രണ്ടു പേർക്കും അറിയാം.
പക്ഷെ നീ ഈ പൈസ തിരിച്ചു തന്നില്ലെങ്കിൽ ഇനിയൊരിക്കൽ സഹായം ചോദിച്ചെത്തുന്ന ഒരാളെയും ഞാൻ സഹായിക്കില്ല. അങ്ങിനെ വരുന്നവരെയെല്ലാം പിന്നെ ഞാൻ കള്ളന്മാരായേ കാണൂ. അതുണ്ടാവാതിരിക്കാൻ വേണ്ടി നീ ഈ പൈസ തിരിച്ചു തരണം".ഭാസി രൂപ അയാളുടെ നേർക്കു നീട്ടി.

അയാളതു വാങ്ങി. "തീർച്ചയായും ഞാനിതു തിരിച്ചു തരും ചേട്ടാ.അടുത്തയാഴ്ച്ച ഞാൻ തിരുവനന്തപുരത്തിനു പോകുന്ന വഴി അല്ലെങ്കിൽ അവിടെ നിന്നും തിരിച്ചു വരുന്ന വഴി - എന്തായാലും ഒരു മാസത്തിനകം ഞാനീ പൈസ തിരിച്ചു തരും. എന്തായാലും ചേട്ടൻ എന്നെ വിശ്വസിച്ചല്ലോ. ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല ചേട്ടാ."ഭാസിയെ നോക്കി കൈകൂപ്പിയ ശേഷം അയാൾ റോഡിലേക്കിറങ്ങി നടന്നു. ഭാസി ഞങ്ങൾ കാണാതിരിക്കാൻ ശ്രമിച്ചുകൊണ്ട്‌ കണ്ണു തുടച്ചു.

എനിക്കു ചിരി വന്നു. എനിക്കു പറയാതിരിക്കാനായില്ല "എടാ പൊട്ടാ, എത്ര കൊണ്ടാലും പഠിക്കാത്ത മണ്ടാ, നിനക്കിത്ര വിവരമില്ലാതായല്ലോ, രൂപാ 100 വെറുതെ കളഞ്ഞില്ലേ...?

അല്ലെടാ; ഭാസി തറപ്പിച്ചു പറഞ്ഞു നീ നോക്കിക്കോ അയാളതു തിരിച്ചു തരും. തർക്കം മുറുകിയപ്പോൾ വേണു എരി കേറ്റി.. എന്നാൽ ശരി ബെറ്റു വെയ്ക്കുന്നോ?
ഞാൻ : ഞാൻ റെഡി. ആ പൈസ അയാൾ തിരിച്ചു തന്നാൽ ഞാൻ 100 രൂപയ്ക്കു ചെലവു ചെയ്യാം.
ഭാസി: ഒരു മാസത്തിനുള്ളിൽ അയാളതു തിരിച്ചു തന്നില്ലെങ്കിൽ ഞാൻ ചെയ്യാം ചെലവ്‌ 100 രൂപയ്ക്ക്‌.
അങ്ങിനെ വേണുവിന്റെ സാന്നിധ്യത്തിൽ ആ പന്തയം ഉറപ്പിക്കപ്പെട്ടു.

ഒരു മാസം എന്നത്‌ വളരെ നീണ്ട കാലയളവായതിനാലും, അതിനിടയ്ക്ക്‌ ഇലക്ഷൻ പോലെ പ്രധാനപ്പെട്ട പല സംഗതികളും വന്നതിനാലും ഞങ്ങളെല്ലാം ആ പന്തയത്തെപ്പറ്റി മറന്നു കഴിഞ്ഞ സമയത്തൊരു ദിവസം വൈകുന്നേരം പതിവുപോലെ ഞാനും വേണുവും കടയിലേക്കു ചെന്നപ്പോളാണ്‌ ഭാസി പറഞ്ഞത്‌,
"എടാ ചെലവു ചെയ്യാൻ തയാറായിക്കോ നീ പന്തയത്തിൽ തോറ്റു. ആ വെള്ളത്തൂവലുകാരൻ പൈസ തിരിച്ച്‌ അയച്ചു തന്നു".

ഭാസി ഒരു കവർ എന്റെ നേരെ നീട്ടി. അതിൽ ഒരു കത്തും രണ്ടായി മടക്കിയ ഒരു നൂറു രൂപ നോട്ടും ഉണ്ടായിരുന്നു.

എന്റെ മനസ്സൊന്നു പിടഞ്ഞു. ദൈവമേ, അപ്പോൾ അന്നയാൾ പറഞ്ഞതെല്ലാം സത്യമായിരുന്നോ?എനിക്കു വല്ലാത്ത കുറ്റബോധം തോന്നി.

ഭാസീ, അപ്പോളയാൾ പറഞ്ഞതൊക്കെ സത്യമായിരുന്നോ? അയാളുടെ അമ്മ....?
ഭാസി: അല്ലെടാ, അയാൾ പറഞ്ഞതൊക്കെ കള്ളമായിരുന്നു. ഇങ്ങിനെ ഓരോ കഥകൾ പറഞ്ഞ്‌ ആൾക്കരെ പറ്റിച്ചു ജീവിക്കുന്ന ഒരു കള്ളനാണ്‌ അയാൾ..
എനിക്കൊന്നും മനസ്സിലായില്ല. അപ്പോൾ പിന്നെ ഇത്‌.....
നീയാ കത്തു വായിച്ചു നോക്ക്‌ ഭാസി പറഞ്ഞു...
ഞാൻ കത്തു തുറന്നു വായിച്ചു.

പ്രിയപ്പെട്ട ചേട്ടാ,
എന്നെ മറന്നിട്ടില്ലെന്നു കരുതുന്നു. ഞാൻ അന്നു 100 രൂപ വങ്ങിക്കൊണ്ടു പോയ വെള്ളത്തൂവലുകാരനാണ്‌.ചേട്ടൻ അന്നെനിക്കു തന്ന പണം ഇതോടൊപ്പം അയക്കുന്നു.ഇതു തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു കാണില്ല എന്നെനിക്കറിയാം.
ഒരു കാര്യം പറയട്ടെ, ഞാനന്നു പറഞ്ഞതെല്ലാം കള്ളമായിരുന്നു. ദിവസവും പലയിടത്തായി ഇങ്ങനെ ഓരോരോ കഥകൾ പറഞ്ഞ്‌ ആൾക്കാരെ പറ്റിച്ച്‌ ദിവസം 1000 രൂപ വരെ ഞാനുണ്ടാക്കാറുണ്ട്‌ - ഇപ്പ്പോഴും. അന്ന് അവിടെ നിന്നും പൈസ വാങ്ങി പോരുമ്പോളും അത്‌ തിരിച്ചു തരണം എന്ന ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല എനിക്ക്‌. പക്ഷെ ചേട്ടന്റെ വാക്കുകൾ എനിക്കൊരിക്കലും മറക്കാനായില്ല. എന്റെ കള്ളക്കഥകൾ കേട്ട്‌ വിശ്വസിച്ച്‌ ഓരോരുത്തർ എന്നെ സഹായിക്കുമ്പോഴും ഞാൻ ചേട്ടനെയോർത്തു.മനുഷ്യന്റെ നന്മയും, പരസ്പര വിശ്വാസവും, ദയയും ഒന്നും ഒരിക്കലും ഈ ലോകത്തു നിന്നും നഷ്ടപ്പെടാൻ പാടില്ല.യഥാർത്ഥത്തിൽ ഇതൊക്കെ അർഹിക്കുന്നവരായി വളരെയേറെപ്പേർ ഈ ലോകത്തുണ്ട്‌.എന്നെപ്പോലെയുള്ളവർ കാരണം അവർക്കത്‌ ഒരിക്കലും നിഷേധിക്കപ്പെടരുത്‌.അതുകൊണ്ട്‌ അന്നു ഞാൻ വാങ്ങിയ പണം തിരിച്ചയയ്ക്കുന്നു.ചേട്ടന്റെയുള്ളിലെ നന്മയുടെ തിരിനാളം ഒരിക്കലും അണയാതെ പ്രകാശം പരത്തി നിൽക്കട്ടെ.
എന്ന്, ഒരു വെള്ളത്തൂവലുകാരൻ.

അന്നാദ്യമായി ഒരു പന്തയം തോറ്റ സന്തോഷത്താൽ എന്റെ കണ്ണുകളിൽ നനവു പടർന്നു.
"ലോകാ സമസ്ത്ഠാ സുഖിനോ ഭവന്തു"
ശുഭം

4 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

മനസ്സിനെ സ്പര്‍ശിച്ചു മാഷെ... വളരെ നല്ല കഥ... ഒരു നല്ല സന്ദേശം ഉള്‍കൊള്ളുന്നു.

Sabu Kottotty പറഞ്ഞു...

വരട്ടെ...
ഇങ്ങട്ടു...പോരട്ടങ്ങിനെ...

siva // ശിവ പറഞ്ഞു...

നന്ദി ഇത് പങ്കുവച്ചതിന്...

sojan p r പറഞ്ഞു...

ഭാസിയുടെ മഹാമനസിന്‌ പ്രണാമം.ഒരു കള്ളനെ പോലും നേരെയാക്കാന്‍ കഴിഞ്ഞല്ലോ.
കോടികളുടെ വെട്ടിപ്പ് നടത്തുന്ന രാഷ്ട്രീയക്കാര്‍ പാര്‍ടി ഫണ്ടിലേക്ക് പിരിവു ചോദിക്കുമ്പോള്‍ ചിരിച്ചുകൊണ്ട് സന്തോഷം പൂര്‍വ്വം കൊടുക്കുകയും പട്ടിണി കൊണ്ട് തട്ടിപ്പ് നടത്തുന്നവരെ(ഒരു നേരത്തെ ആഹ്താരത്തിന് വേണ്ടി മാത്രം) ആട്ടിയോടിക്കുകയും ചെയ്യുന്ന നമ്മള്‍ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ തന്നെയാണൊ?