2009, മേയ് 16, ശനിയാഴ്‌ച

പന്തയം (ഭാഗം 1)

മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ഞങ്ങളൊത്തുകൂടുന്നത്‌ കവ ലയിലുള്ള ഭാസിയുടെ സ്റ്റേഷനറിക്കടയിലാണ്‌. സിനിമ, സാഹിത്യം, രാഷ്ട്രീയം തുടങ്ങി ഞങ്ങൾക്കറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ എല്ലാ കാര്യങ്ങളും അവിടെ ചർച്ച ചെയ്യപ്പെടും.(വിഷയമെന്തായാലും, വളരെ ദീർഘമായ, ചൂടു പിടിച്ച ചർച്ചകൾക്കു ശേഷം മാത്രമേ ഞങ്ങൾ കബീറണ്ണന്റെ തട്ടുകടയിൽ നിന്നും ചൂടു ദോശയും, ഓമ്ലെറ്റും ചായയും കഴിക്കാൻ പോകാറുള്ളു.)

ഒരു വൈകുന്നേരം പതിവുപോലെ ഞാനും വേണുവും കടയിലേക്കു ചെന്നപ്പോൾ ഭാസി പറഞ്ഞു - എടാ, ചെലവു ചെയ്യാൻ തയ്യാറായിക്കോ. നീ പന്തയത്തിൽ തോറ്റു. ആ വെള്ളത്തൂവലുകാരൻ പൈസ അയച്ചു തന്നു. ദേ... ഭാസി ഒരു കവർ എന്റെ നേരെ നീട്ടി. അതിലൊരു കത്തും രണ്ടായി മടക്കിയ ഒരു നൂറു രൂപ നോട്ടും ഉണ്ടായിരുന്നു.

എനിക്കപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. ദൈവമേ, അപ്പോൾ അയാളന്നു പറഞ്ഞതെല്ലാം സത്യമായിരുന്നോ? ഞാൻ ഏതാണ്ടൊരു മാസം മുൻപ്‌ ആ പന്തയം വെക്കാനുണ്ടായ സാഹചര്യം ഓർത്തു....

ഒരു വൈകുന്നേരം. കടയിലെ അന്നത്തെ ഒത്തുകൂടലിൽ ചർച്ച എങ്ങിനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ്‌ ഭഗവദ്‌ ഗീതയിലും, നിഷ്ക്കാമ കർമത്തിലുമൊക്കെ എത്തിനിൽക്കുമ്പോഴാണ്‌ അയാൾ കടയിലേക്കു കടന്നു വന്നത്‌. അയാൾക്ക്‌ കാഴ്ച്ചയിൽ ഒരു ഇരുപത്‌, ഇരുപത്തിരണ്ട്‌ വയസ്സു തോന്നിക്കുമായിരുന്നു. മെലിഞ്ഞ ശരീരത്തിനു ചേരാത്ത വലിയ മുഷിഞ്ഞ കുപ്പായവും,ദൈന്യത നിറഞ്ഞ വാടിയ മുഖവും കണ്ടാൽത്തന്നെ അയാളൊരു ദീർഘയാത്ര കഴിഞ്ഞു വരുന്ന വഴിയാണെന്നറിയാമായിരുന്നു.

അയാൾ കയറി വന്നപ്പോൾ ഞങ്ങൽ ചർച്ച തത്ക്കാലത്തേക്കു നിർത്തി.കച്ചവടം ഭാസിയുടെ ഉപജീവനമാർഗ്ഗമാണ്‌. ഞങ്ങളുടെ വെടിവട്ടം അതിനെ ബാധിക്കരുതല്ലോ. വന്നയാൽ ഒന്നും മിണ്ടാതെ പരുങ്ങി നിന്നതേയുള്ളു.അപ്പോൾ ഭാസി ചോദിച്ചു. "എന്താ, എന്താ വേണ്ടത്‌?
അയാൾ മെല്ലെ, മടിച്ചു, മടിച്ചു പറയാൻ തുടങ്ങി...

"അതേ ചേട്ടാ, എന്റെ വീട്‌ അങ്ങിടുക്കീലാ. വെള്ളത്തൂവലില്‌."

അങ്ങിനേയും ഒരു സ്ഥലമോ?ഞങ്ങളെല്ലാവരും ആദ്യമായിട്ടായിരുന്നു ആ സ്ഥലത്തെപ്പറ്റി കേൾക്കുന്നത്‌.

"എന്താ ഇവിടെ? വേണു ചോദിച്ചു.

"എന്റെ അമ്മയ്ക്കു സുഖമില്ല. തിരുവനന്തപുരത്താ. ആർ സി സിയിലാ.

അപ്പോഴും അയാൾ ഇവിടെ, മാന്നാറിൽ വന്നതിന്റെ കാരണം ഞങ്ങൾക്കു പിടികിട്ടിയില്ല.മാന്നാറിൽ നിന്നും തിരുവനന്തപുരത്തേക്കു 100 കി മീയിലേറെ ദൂരമുണ്ട്‌. ഇടുക്കിയിലേക്ക്‌ അതിലിരട്ടിയുണ്ട്‌ ദൂരം. ഞങ്ങളുടെ ചിന്തകൾ മനസ്സിലാക്കിയിട്ടെന്നവണ്ണം അയാൾ തുടർന്നു.

"ഞാൻ തിരുവനന്തപുരത്ത്‌ അമ്മയോടൊപ്പം ആശുപത്രിയിലായിരുന്നു.ഇപ്പോൾ അമ്മയുടെ കൂടെ നിൽക്കാൻ അനിയത്തി വന്നു. അതുകോണ്ട്‌ ഞാൻ തിരിച്ചു വീട്ടിലേക്കു പോകുന്ന വഴിയാണ്‌.

ഓ അതു ശരി...ഇപ്പോൾ ഞങ്ങൾക്ക്‌ കാര്യങ്ങൾ ഒരുമാതിരി മനസ്സിലായി വന്നു. കഥകൾ പറഞ്ഞ്‌ ആൾക്കാരെ പറ്റിച്ച്‌ കാശു പിടുങ്ങുന്ന പാർട്ടിയാണ്‌. എന്തായാലും മുഴുവൻ കേൾക്കാം എന്നിട്ടു നിവർത്തിയില്ലെങ്കിൽ അഞ്ചോ പത്തോ കൊടുത്തു വിടാം. ഞാൻ മനസ്സിൽ കരുതി.

പിന്നെ പേടിക്കാനുള്ളത്‌ ഭാസിയെയാണ്‌.അവൻ ഒരു ലോലഹൃദയനാണ്‌.ചെറിയ കാര്യം മതി അവന്‌ കണ്ണു നിറയാൻ. ആരുടെയെങ്കിലും ബുദ്ധിമുട്ടു കേട്ടാൽ അവനു പിന്നെ അവരെ സഹായിച്ചാലല്ലാതെ ഉറക്കം വരില്ല. ഞാൻ അവന്റെ മുഖത്തേക്കു പാളി നോക്കി.എന്റെ ഊഹം ശരിയായിരുന്നു. അവന്റെ കണ്ണുകൾക്ക്‌ നനവിന്റെ ഒരു തിളക്കം വച്ചിരുന്നു.

വീണ്ടും ഞങ്ങളുടെ ചിന്തകൾ പിടിച്ചെടുത്തിട്ടെന്നപോലെ അയാൾ തുടർന്നു.

"ചേട്ടന്മാരെ, ഞാൻ പറ്റിക്കാൻ നടക്കുന്ന ആളൊന്നുമല്ല. എനിക്ക്‌ നാട്ടിലൊരു കടയുണ്ട്‌. ചേട്ടൻ പട്ടാളത്തിലാ. ഞാൻ പറയുന്നത്‌ സത്യമാ. വിശ്വസിക്കണം. യാത്രക്കിടയിൽ എന്റെ പേഴ്സ്‌ പോക്കറ്റടിച്ചു പോയി. കായംകുളം സ്റ്റാന്റിലിറങ്ങി സ്റ്റേഷൻ മാസ്റ്ററെക്കണ്ട്‌ പരാതിയൊക്കെ കൊടുത്ത്‌ വന്നപ്പോഴേക്കും ഞാൻ വന്ന ബസ്സും പോയി.പിന്നെ ഒരു ലോറിയിലാണ്‌ ഇവിടെ വരെ വന്നത്‌.

ചോദിക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്‌..പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌.സഹായിക്കണം. വണ്ടിക്കൂലിക്ക്‌ ഒരു നൂറു രൂപ തരണം.കടമായിട്ടു മതി. തിരിച്ചു തരാം. എന്റെ വാക്കു വിശ്വസിക്കണം."
ഇതൊക്കെ ഇത്തരക്കാരുടെ സ്ഥിരം നമ്പരാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടായിരുന്നു.ഒരിക്കൽ ഇതേപോലെ ഒരു പോക്കറ്റടിക്കഥയുമായി വന്ന് ഭാസിയുടെ അടുത്തു നിന്നും 50 രൂപ വാങ്ങി പോയ പാലക്കാടുകാരൻ പിറ്റേ ദിവസം തന്നെ ചങ്ങനാശ്ശേരിയിൽ വച്ച്‌ അതേ കഥയുമായി ഭാസിയെ വീണ്ടും സമീപിച്ചത്‌ ഒന്നോ രണ്ടോ മാസം മുൻപായിരുന്നു. രണ്ടാമത്‌ അയാളെ സഹായിക്കാഞ്ഞതിന്റെ വിഷമം ഭാസി ഇപ്പോഴും ഇടയ്ക്കിടെ പറയാറുണ്ട്‌.

ഭാസിയെ വിശ്വസിക്കാൻ പറ്റില്ല. ചിലപ്പോൾ അവൻ കയറി സഹായിച്ചു കളയും. അതുകൊണ്ട്‌ അവനെന്തെങ്കിലും പറയുന്നതിനു മുൻപ്‌ ഞാൻ ചാടിക്കയറിപ്പറഞ്ഞു.

"അനിയാ, നിങ്ങൾ പറയുന്നത്‌ ശരിയാവാം, കള്ളമാവാം; പക്ഷേ ഇതുപോലുള്ള കഥകളുമായി ഒരാഴ്ചയിൽ കുറഞ്ഞത്‌ 2 - 3 പേരെങ്കിലും ഇവിടെ വരാറുണ്ട്‌.അതിൽ 99 ശതമാനവും കള്ളന്മാരാണ്‌.അതുകൊണ്ട്‌ അനിയനൊന്നും തോന്നരുത്‌... സഹായിക്കാൻ ബുദ്ധിമുട്ടുണ്ട്‌.

പെട്ടെന്ന് അയാളുടെ മുഖം വിവർണ്ണമായി."അയ്യോ എനിക്കറിയാം, ഞാൻ ചോദിച്ചെന്നേയുള്ളു...വേണ്ട... ഞാൻ വല്ല ലോറിയും കിട്ടുമോ എന്നു നോക്കാം...ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം... ഞാൻ പൊക്കോളാം...

പിന്നെ ഒന്നും പറയാതെ അയാൾ തിരിഞ്ഞു നടന്നു. ഞാനും വല്ലാതെയായി. ഇത്ര പെട്ടെന്ന് അയാൾ പൊയ്ക്കളയുമെന്ന് ഞാനും കരുതിയിരുന്നില്ല.ശരിക്കും അയാൾ വല്ലാതെ അപമാനിതനായപോലെ തോന്നി.ഏയ്‌ ഇതൊക്കെ ഇവന്മാരുടെ നമ്പരല്ലേ..ഇവിടെ ചിലവാകില്ലെന്നു മനസ്സിലായതു കൊണ്ട്‌ സ്ഥലം കാലിയാക്കാൻ നോക്കുകയല്ലേ.. എന്നൊക്കെ മനസ്സിൽ വിചാരിച്ച്‌ ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
(തുടരും)

3 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ബാക്കി കൂടെ പോസ്റ്റ്‌ മാഷെ...വായിക്കാന്‍ നോക്കി ഇരിക്യാ...

sojan p r പറഞ്ഞു...

വായിക്കാന്‍ കാത്തിരിക്കുന്നു മാഷെ..ഭാസിയെ ശരിക്കും ഇഷ്ടപ്പെട്ടു ..

Sabu Kottotty പറഞ്ഞു...

ചിലസമയങ്ങളില്‍ വിഷമം തോന്നാറുണ്ടോ ? മനസ്സറിയാന്‍ ചോദിച്ചതാണ്‌. ബാക്കികൂടെ പോരട്ടെ...