മനസ്സ്:
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.
പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു
രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.
വിശ്വാസം:
മുജ്ജന്മ പാപങ്ങളൂറിക്കൂടിയുറഞ്ഞ മഞ്ഞ മേഘങ്ങൾ;
ഏറെപ്പഴുത്ത ഒരു വ്രണം പൊട്ടിയിഴുകും പോലെ പെയ്യുന്നവ.
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.
പ്രതീക്ഷ:
മനസ്സിന്റെ കോണിൽ അറിയാതുരുണ്ടുകൂടുന്ന ഒരു പച്ച മേഘം;
കാട്ടുതീ കത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ
കരളുരുക്കുന്ന ഒരു തിളച്ച മഴ.
ഒരു സ്വകാര്യ മഴ.
മനസ്സ്:
മഴകളിൽ കുതിർന്ന്, ചെളി നിറഞ്ഞ്
മുടിഞ്ഞ, നാഥനില്ലാത്ത
ഒരു പാഴ് നിലമാണെന്റെ മനസ്സ്.
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
എപ്പോഴും മഴ പെയ്യുന്ന,
ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.
12 അഭിപ്രായങ്ങൾ:
കവിത വളരെ ഇഷ്ടപ്പെട്ടു. പലപ്പോഴും എനിക്കുമിത്തരം ഭ്രാന്തന്‍ ചിന്തകള്‍ തോന്നിയിട്ടുണ്ട്.
തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറത്താഴിന്റെ താക്കോലു തിരയുന്നൂ....
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.
അതെ അതാണ് സത്യം
ഞാനാ മഴവെള്ളത്തില്‍ കുറച്ച് ആല്‍ക്കാലിന്‍ ഒഴിച്ചു. അങ്ങനെ അമ്ലം കുറയട്ടെ...
:) :)
മനസ്സ്, ആര്‍ക്കും പ്രവേശനം വേണ്ടെന്നുവച്ചു കൊട്ടിയടച്ചിട്ടല്ലേ, ഒന്നു തുറന്നിട്ടുനോക്കൂ.
നല്ല ആശയം.... നല്ല വരികള്‍...
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ,....
മനസ്സ്‌ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.....
മനസ്സിന്റെ കവാടങ്ങൾ തുറന്നിട്ടു നോക്കൂ ...കാറ്റു വീശട്ടെ..കാർമേഘങ്ങൾ അകന്നു പോകട്ടെ....
"പ്രതീക്ഷ"- വരികൾ വളരെ മനോഹരമായിരിക്കുന്നു.
ജാലകങ്ങള്‍ മെല്ലെ തുറന്നിട് ...ഒരു ചെറു കാറ്റു കടന്നു കേറി അവിടെ മാകെ വസന്ത മഴ പൊഴിക്കും ...
പാവം മനസ്സ്
മുന്നറിയിപ്പവഗണിച്ച് ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...
കൊള്ളാം നന്നായിരിക്കുന്നൂ
നല്ല ഉപമകൾ !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ