2009, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

NO ENTRY TRESSPASSERS WILL BE PROSECUTED

മനസ്സ്‌:

എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്‌.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.


പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു


രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.


വിശ്വാസം:
മുജ്ജന്മ പാപങ്ങളൂറിക്കൂടിയുറഞ്ഞ മഞ്ഞ മേഘങ്ങൾ;
ഏറെപ്പഴുത്ത ഒരു വ്രണം പൊട്ടിയിഴുകും പോലെ പെയ്യുന്നവ.
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.


പ്രതീക്ഷ:
മനസ്സിന്റെ കോണിൽ അറിയാതുരുണ്ടുകൂടുന്ന ഒരു പച്ച മേഘം;
കാട്ടുതീ കത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ
കരളുരുക്കുന്ന ഒരു തിളച്ച മഴ.
ഒരു സ്വകാര്യ മഴ.


മനസ്സ്‌:
മഴകളിൽ കുതിർന്ന്, ചെളി നിറഞ്ഞ്‌
മുടിഞ്ഞ, നാഥനില്ലാത്ത
ഒരു പാഴ്‌ നിലമാണെന്റെ മനസ്സ്‌.
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
എപ്പോഴും മഴ പെയ്യുന്ന,
ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.

12 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

കവിത വളരെ ഇഷ്ടപ്പെട്ടു. പലപ്പോഴും എനിക്കുമിത്തരം ഭ്രാന്തന്‍ ചിന്തകള്‍ തോന്നിയിട്ടുണ്ട്.

താരകൻ പറഞ്ഞു...

തടവറക്കുള്ളിൽ സ്വയം ബന്ധിയാക്കി നീ
തടവറത്താഴിന്റെ താക്കോലു തിരയുന്നൂ....

പാവപ്പെട്ടവൻ പറഞ്ഞു...

ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.

അതെ അതാണ്‌ സത്യം

OAB/ഒഎബി പറഞ്ഞു...

ഞാനാ മഴവെള്ളത്തില്‍ കുറച്ച് ആല്‍ക്കാലിന്‍ ഒഴിച്ചു. അങ്ങനെ അമ്ലം കുറയട്ടെ...
:) :)

Typist | എഴുത്തുകാരി പറഞ്ഞു...

മനസ്സ്, ആര്‍ക്കും പ്രവേശനം വേണ്ടെന്നുവച്ചു കൊട്ടിയടച്ചിട്ടല്ലേ, ഒന്നു തുറന്നിട്ടുനോക്കൂ.

siva // ശിവ പറഞ്ഞു...

നല്ല ആശയം.... നല്ല വരികള്‍...

skcmalayalam admin പറഞ്ഞു...

ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ,....
മനസ്സ്‌ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.....

Deepa Bijo Alexander പറഞ്ഞു...

മനസ്സിന്റെ കവാടങ്ങൾ തുറന്നിട്ടു നോക്കൂ ...കാറ്റു വീശട്ടെ..കാർമേഘങ്ങൾ അകന്നു പോകട്ടെ....


"പ്രതീക്ഷ"- വരികൾ വളരെ മനോഹരമായിരിക്കുന്നു.

ഭൂതത്താന്‍ പറഞ്ഞു...

ജാലകങ്ങള്‍ മെല്ലെ തുറന്നിട്‌ ...ഒരു ചെറു കാറ്റു കടന്നു കേറി അവിടെ മാകെ വസന്ത മഴ പൊഴിക്കും ...

Micky Mathew പറഞ്ഞു...

പാവം മനസ്സ്

പാവത്താൻ പറഞ്ഞു...

മുന്നറിയിപ്പവഗണിച്ച് ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നൂ
നല്ല ഉപമകൾ !