2009, ജൂൺ 20, ശനിയാഴ്‌ച

പിണക്കം

സന്ധ്യക്കു കവലയിൽ ബസ്സിറങ്ങിയപ്പോൾ ശേഖരന്‌ ദേഷ്യവും നിരാശയും സങ്കടവുമെല്ലാം ഒരുമിച്ചനുഭവപ്പെട്ടു.രാവിലെ എന്തോ നിസ്സാരകാര്യത്തിനു ഗോമതിയോടു വഴക്കിട്ടു, പിണങ്ങി ഇരങ്ങിപ്പുറപ്പെട്ടപ്പോഴത്തെ വാശിയ്ക്ക്‌ ഇപ്പോഴും കുറവൊന്നും വന്നിട്ടുണ്ടായിരുന്നില്ല.പക്ഷേ ശേഖരന്‌ മനസ്സിന്റെ കോണിലെവിടെയോ നേരിയ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.

ഇന്നെന്തായാലും വീട്ടിലേക്കില്ലെന്നുറപ്പിച്ചായിരുന്നു രാവിലെ പുറപ്പെട്ടത്‌.പക്ഷേ വൈകിട്ട്‌ വീട്ടിലേക്കുള്ള ബസ്സ്‌ കണ്ടപ്പോൾ ആരോ നിർബ്ബന്ധിച്ചിട്ടെന്നപോലെ കയറിപ്പോയി.കവലയിൽ ബസ്സിറങ്ങുമ്പോഴും വീട്ടിലേക്കു പോകണോ വേണ്ടയോ എന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.പക്ഷേ വീട്ടിലിപ്പോൾ ഗോമതി തനിച്ചായിരിക്കുമല്ലോ എന്നോർത്തപ്പോൾ കാലുകളറിയാതെ ചലിച്ചു പോയി.

യുദ്ധത്തിൽ ദേഹമാസകലം മുറിവേറ്റ,പരാജിതനായ ഒരു പടയാളിയെപ്പോലെ നിശ്ശബ്ദനായി, തലകുമ്പിട്ട്‌, ശേഖരൻ വീട്ടിലേക്കുള്ള വഴിയിലൂടെ മെല്ലെ നടന്നു.

ശേഖരൻ വീട്ടിലെത്തുന്നതിനു മുൻപു തന്നെ മഴ പെയ്തു തുടങ്ങി.എന്നിട്ടും അയാൾ നടപ്പിനു വേഗം കൂട്ടിയില്ല.ഉമ്മറത്തു നിലവിളക്കു കത്തുന്നത്‌ അയാൾ ദൂരെ നിന്നു തന്നെ കണ്ടു.അതു കണ്ടപ്പോൽ അയാൾക്കാശ്വാസമായി.ഗോമതി വീട്ടിലുണ്ട്‌.വാതിലിനു തൊട്ടു മുകളിലായി വച്ചിരുന്ന, അമ്മയുടെ ഫോട്ടൊയ്ക്കു മുൻപിൽ പതിവു പോലെ ഒരു പച്ച സീറോ ബൾബ്‌ കത്തുന്നുണ്ട്‌.

ശബ്ദമുണ്ടാക്കാതെ അയാൾ ഉമ്മറത്തേക്കു കയറി.അയാളാകെ നനഞ്ഞൊലിച്ചിരുന്നു.ധരിച്ചിരുന്ന മുണ്ടും കുപ്പായവുമൊക്കെ നനഞ്ഞു കുതിർന്ന് ശരീരത്തോടൊട്ടിക്കിടന്നു.ഉമ്മറവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.അയാൾ കുറ്റബോധത്തോടെ അമ്മയുടെ ചിത്രത്തിലേക്കു നോക്കി.അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.
അമ്മ മെല്ലെ താഴേക്കിറങ്ങി വന്നു.അയാളുടെ കഷണ്ടിത്തലയിൽ അവശേഷിച്ചിരുന്ന നരച്ച മുടിയിലൂടെ വിരലുകളോടിച്ചുകൊണ്ട്‌ അമ്മ മെല്ലെപ്പറഞ്ഞു...

"മഴ നനഞ്ഞു അല്ലേ?"
"ഉം" തലയുയർത്താതെ, തെറ്റു ചെയ്ത കുട്ടിയെപ്പോലെ അയാൾ മൂളി.
"പുതുമഴയാ; നനഞ്ഞൊലിച്ചു ദെണ്ണം പിടിച്ചോണ്ടു വന്നു കിടന്നാൽ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ നിയ്യിങ്ങിനെ......എന്നും അമ്മയുണ്ടാവില്ലെന്നോർത്തോ..."

അമ്മ ശേഖരന്റെ തല തുവർത്തിക്കൊടുത്തു. നിറുകയിൽ രാസ്നാദി പൊടി തിരുമ്മി. അയാളപ്പോഴെല്ലാം ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു. അയാൾക്ക്‌ അമ്മയോട്‌ വല്ലാത്ത സ്നേഹം തോന്നി.അയാൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയർത്തി അമ്മയെ നോക്കി.
അമ്മ ചിത്രത്തിലേക്കു തന്നെ കയറിപ്പോയിരുന്നു...

ആകെ നനഞ്ഞ്‌ കുതിർന്നിരുന്നതുകൊണ്ട്‌ തണുത്ത കാറ്റടിച്ചപ്പോൾ ശേഖരന്‌ വല്ലാത്ത കുളിരു തോന്നി. അകത്തേയ്ക്കു കടക്കുവാനായി വാതിൽക്കലേക്കു നോക്കിയപ്പോഴാണയാളതു കണ്ടത്‌.അലക്കി പെട്ടിയിൽ വച്ചിരുന്ന തുവർത്തും നീട്ടി ഗോമതി വാതിൽക്കൽ നിൽക്കുന്നു. അവളുടെ മുഖത്ത്‌ രാവിലത്തെ വഴക്കിന്റെയോ പിണക്കത്തിന്റെയോ ഭാവമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ അവളൊന്നും മിണ്ടിയില്ല.അയാളും.അയാൾ നിശ്ശബ്ദനായി തുവർത്തു വാങ്ങി തല തുവർത്തി.ഗോമതി അകത്തേക്കു തന്നെ തിരിച്ചു പോയി.നനഞ്ഞ മുണ്ടും കുപ്പായവും മാറി അയയിൽ നിന്നും ഉണങ്ങിയ ഒരു കൈലിയെടുത്തുടുത്ത ശേഷം ചാരുകസേരയിലിരുന്ന്‌ അയാൾ മഴ കാണുവാൻ തുടങ്ങി.

വീണ്ടുമെപ്പോഴോ ശേഖരന്റെ ശ്രദ്ധ മഴയിൽ നിന്നും അമ്മയിലേക്കു തിരിഞ്ഞു. അമ്മ ചിരിച്ചു കൊണ്ട്‌ ശേഖരനോടു ചോദിച്ചു.
"എന്തിനേ ശേഖരാ നിയ്യ്‌ രാവിലേ ഗോമതീമായിട്ട്‌ പിണങ്ങീത്‌?"
അയാളൊന്നും മിണ്ടിയില്ല. അമ്മയും വെറുതെ പുഞ്ചിരിച്ചു കൊണ്ട്‌ നിന്നതേയുള്ളു.
കാറ്റത്തു തുറന്നു വച്ച പുസ്തകത്തിലേപ്പോലെ ശേഖരന്റെ ഓർമ്മയുടെ താളുകൾ മെല്ലെ പുറകോട്ടു മറിഞ്ഞു കൊണ്ടിരുന്നു.
അയാൾ ഗോമതി എന്ന കുഞ്ഞനിയത്തിയുടെ ശബ്ദം കേട്ടു.

"അമ്മേ ഈ ഏട്ടനെന്നോടു മിണ്ട്ണില്ലാ...
"ഓ, തുടങ്ങി.. എന്താടാ ശേഖരാ നിയ്യ്യ്യ്‌ അവളോടു മിണ്ടാത്തേ?
അവളെന്നോടു പെണക്കായിട്ടാ അമ്മേ
ആങ്ങ്‌ഹാ...ഞാനെങ്ങുമല്ലമ്മേ പെണങ്ങീത്‌..ഏട്ടനാ എന്നോട്‌ ആദ്യം പെണങ്ങീത്‌.
അല്ലമ്മേ ഞാൻ ചോദിച്ചപ്പോ ഇവളാ എനിക്കു മയിൽപ്പീലി തരാഞ്ഞത്‌.
അതെന്റെ മയിൽപ്പീലിയാമ്മേ... ഞാനത്‌ പെറാനായിട്ട്‌ പുസ്തകത്തീ വച്ചിരിക്ക്യയാ..
ഓ‍ാ ഒന്നു നിർത്തുന്നുണ്ടോ രണ്ടും....അല്ലെങ്കി ഞാനിപ്പോ അങ്ങോട്ടു വന്നു തരും രണ്ടു പേർക്കും...പഠിത്തം കഴിഞ്ഞെങ്കി വന്നു ചോറുണ്ട്‌ കിടന്നുറങ്ങാൻ നോക്ക്‌..രാത്രിയിലും സ്വൈര്യം തരില്ല എന്നു വെച്ചാ....."

പിറ്റേന്നു രാവിലേയുണർന്നപ്പോൾ മാനം കണ്ടിട്ടില്ലാത്ത ഒരു മയിൽപ്പീലി തന്റെ പുസ്തകക്കെട്ടിന്റെ പുറത്തിരുന്നതോർത്തപ്പോൾ ശേഖരൻ അറിയാതെ ചിരിച്ചു പോയി.

"എന്തേ തന്നിരുന്നു ചിരിക്കുന്നേ?"

അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. ഗോമതി ആയിരുന്നു.അവളുടെ കൈയ്യിൽ കുരുമുളകിട്ടു തിളപ്പിച്ച ചക്കരക്കാപ്പിയുണ്ടായിരുന്നു."ങൂഹും ഒന്നൂല്ല, വെറുതെ...."അയാൾ കാപ്പി കൈയ്യിൽ വാങ്ങിയ ശേഷം അമ്മയെ നോക്കി. അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.

ഗോമതി അയാളുടെ പിന്നിലൂടെ വന്ന് അരഭിത്തിമേലിരുന്നു കൊണ്ട്‌ വലതു കൈത്തലം അയാളുടെ നെറ്റിമേൽ മലർത്തി വച്ച്‌ ചൂടു നോക്കി.പിന്നെ മെല്ലെപ്പറഞ്ഞു

"എന്തിനേ മഴ നനഞ്ഞത്‌? മഴ നനഞ്ഞ്‌ ദെണ്ണം പിടിപ്പിച്ചോണ്ടു വന്നു കിടന്നാൽ നോക്കാൻ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ.....??"

അയാൾ അമ്മയുടെ നേരെ നോക്കി.അയാളുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നതു കൊണ്ട്‌ അയാൾക്കൊന്നും വ്യക്തമായി കാണാനായില്ല.ഗോമതിയുടെ മടിയിലേക്കു തല ചായ്ച്ച്‌ അയാൾ ഏങ്ങിയേങ്ങിക്കരഞ്ഞു.

34 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഇത്തവണ തേങ്ങ എന്റെ വക
((((((ഠേ))))))
നാട്ടുമ്പുറത്തെ സാധാരണക്കാരന്റെ കഥ, കൃത്രിമത്വം തീരെയില്ലാത്തതിനാല്‍ ആസ്വദിക്കാന്‍ നല്ല സുഖം...

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല വായനാ സുഖം നല്‍കുന്ന രചനാ ശൈലി. കൊള്ളാം ഇഷ്ടമായി..

പാവപ്പെട്ടവൻ പറഞ്ഞു...

മനോഹരമായിട്ടുണ്ട് മാഷേ ആശംസകള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

മാഷേ,
വായനാ സുഖം മാത്രമല്ല, എന്തോക്കെയോ ഒരു ഫീലിംഗ്.
വണ്‍ ഓഫ് യുവര്‍ ഗുഡ് പോസ്റ്റ്.

കാപ്പിലാന്‍ പറഞ്ഞു...

പാവത്താനെ ,

എന്താണ് ഞാന്‍ പറയുക .വായിച്ചുകഴിഞ്ഞപ്പോള്‍ എന്തോ ഒരു പ്രത്യേക സുഖം .മഴയത്ത് നനഞ്ഞുവന്നത് ഞാനിയിരുന്നില്ലേ എന്നൊരു തോന്നല്‍ . എല്ലാം എന്‍റെ തോന്നലാകും അല്ലേ ? വെറുതെ ഓരോരോ തോന്നലുകള്‍ .

നല്ല എഴുത്ത് ശൈലി .

Typist | എഴുത്തുകാരി പറഞ്ഞു...

നന്നായിട്ടുണ്ട്‌ കഥ.

കണ്ണനുണ്ണി പറഞ്ഞു...

ഹൃദ്യമായ ഒരു ചെറിയ കഥ...മാഷെ.. വളരെ നന്നായിട്ടോ

സൂത്രന്‍..!! പറഞ്ഞു...

കൊള്ളാം ഇഷ്ടമായി..

Shaju Joseph പറഞ്ഞു...

നല്ല രചന ശൈലി !

ചാണക്യന്‍ പറഞ്ഞു...

നല്ല കഥ....

ലളിതമായ ആഖ്യാന ശൈലി...ആശംസകള്‍...

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഉം...
എല്ലാ പിണക്കങ്ങളും ഇങ്ങനൊക്കെ തന്നെ അവസാനിക്കും.ഇണങ്ങിയാല്‍ പിണങ്ങാതിരിക്കാനും പിണങ്ങിയാലിണങ്ങാതിരിക്കാനുമാവില്ല.

നല്ല കഥ. ആശംസകള്‍.

ഉറുമ്പ്‌ /ANT പറഞ്ഞു...

പലപ്പോഴും തോന്നിയിട്ടുണ്ട് സ്ത്രീക്കു പുരുഷനും, പുരുഷന് സ്ത്രീയും അത്യാവശ്യമായി വരുന്നത് പ്രായംചെല്ലുമ്പോഴാണെന്ന്‌. വീഴുന്നതിനുമുൻപൊരു താങ്ങായി. നല്ല ആരോഗ്യമുള്ളപ്പോൾ ചെറിയ പരിഭവങ്ങൾ‌പോലും നികത്താനാവാത്ത വിടവുകളാക്കി മാറ്റും നമ്മൾ. നല്ല കഥ. മനസ്സിലൊരു വിങ്ങൽ. നന്നായി മാഷേ.

ഗന്ധർവൻ പറഞ്ഞു...

നന്നായിട്ടുണ്ട് നല്ല എഴുത്ത് ഹൃദയത്തിൽ തൊടുന്ന പോലെ

പാവത്താൻ പറഞ്ഞു...

കൊട്ടോട്ടിക്കാരൻ
വാഴക്കോടൻ
പാവപ്പെട്ടവൻ
അരുൺ
കാപ്പിലാൻ
എഴുത്തുകാരി ചേച്ചി
കണ്ണനുണ്ണി
സൂത്രൻ
ഷാജു ജോസഫ്‌
ചാണക്യൻ
അനിൽ​‍്ബ്ലോഗ്‌
ഉറുമ്പ്‌
ഗന്ധർവ്വൻ
കഥ വായിച്ച്‌ ഇഷ്ടപ്പെട്ട എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

രസകരമായി എഴുതിയിരിക്കുന്നു.ഗോമതിയും ശേഖരനും അമ്മയും എവിടൊക്കെയോ കണ്ടു മറന്ന ആളുകളെപ്പോലെ തോന്നുന്നു.

ധനേഷ് പറഞ്ഞു...

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു..
(അങ്ങനെയിങ്ങനെയൊന്നും സ്പര്‍ശിക്കാന്‍ ഞാന്‍ നിന്നുകൊടുക്കാത്തതാ.. എന്നിട്ടും!!)

പാവത്താൻ പറഞ്ഞു...

നന്ദി..കാന്താരിക്കുട്ടി...ധനേഷ്‌...ചെറായിയിൽ കാണാം

നിരക്ഷരൻ പറഞ്ഞു...

എല്ലാ പിണക്കങ്ങളും ഇതുപോലെ, ഒരു അമ്മയുടെ വാത്സല്യത്തിലെന്നപോലെ അലിഞ്ഞില്ലാതായിരുന്നെങ്കില്‍ !

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

ഇഷ്ടമായി കേട്ടോ .. ഈ കഥ ..എല്ലാവരും നന്നേ പരിചയമുള്ളവര്‍ ...
ദോഹയില്‍ വന്ന ഇടയ്ക്കു താമസിചിരുന്നതൊരു വലിയ വില്ലയില്‍ .. കൂടെ വേറെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമപ്രായക്കാരനായ മറ്റൊരുമലയാളിയും . ഒരിക്കല്‍ രണ്ടു ദിവസം പനി പിടിച്ചു കിടന്നു . പനി കുറവുണ്ടോ എന്നു വെറുതെ പോലും പുള്ളി ചോദിച്ചതെയില്ല . ഞാനപ്പോള്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ ഒന്ന് കൂടുതല്‍ ചുമച്ചാല്‍ എത്ര പാതി രാത്രിക്കാണെങ്കില്‍ പോലും അടുത്ത മുറിയില്‍ നിന്നും എഴുന്നേറ്റു വന്നു വിക്സ്‌ പുരട്ടി നെഞ്ച് തിരുമ്മി തരുന്ന, ചൂട് കാപ്പിയിട്ടു തരുന്ന അമ്മയെ കുറിച്ചോര്‍ത്തു കണ്ണ് നിറഞ്ഞു പോയി ..

പാവത്താൻ പറഞ്ഞു...

നിരക്ഷരൻ: വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ

ശാരദനിലാവ്‌:ഞാനൊരിക്കൽ കർണ്ണാടകയിൽ വച്ച്‌ കൂടെയാരുമില്ലാതെ കടുത്ത പനിയിൽ ദാഹിച്ചു തൊണ്ട വരണ്ട്‌ ഒരു രാത്രി കിടന്നു. പിറ്റേന്നു രാവിലെ അമ്മയുടെ ഫോൺ.. "നിനക്കു വല്ല അസുഖവുമാണോ? നീ രാത്രി എന്റടുത്തു വന്ന് കാപ്പി വേണം എന്നു പറയുന്നതായി ഞാൻ സ്വപ്നം കണ്ടു" എന്നു പറഞ്ഞ്‌.....

കുഞ്ഞായി | kunjai പറഞ്ഞു...

ലളിതം,സുന്ദരം..ശെരിക്കും വായനാസുഖം തരുന്ന എഴുത്ത് കേട്ടോ
അഭിനന്ദനങ്ങള്‍

വീകെ പറഞ്ഞു...

വളരെ ലളിതം കഥ. നന്നായിരിക്കുന്നു.

ആശംസകൾ.

siva // ശിവ പറഞ്ഞു...

ലളിതസുന്ദരം ഈ കഥ......

VEERU പറഞ്ഞു...

vaayichappol evideyo oru vingal suhruthe....sathyam...!!!

പാവത്താൻ പറഞ്ഞു...

കുഞ്ഞായി,വീകെ,ശിവ,വീരു സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

hi പറഞ്ഞു...

കൊള്ളാം ഇഷ്ടമായി.

പി.സി. പ്രദീപ്‌ പറഞ്ഞു...

നല്ല കഥ, നല്ല ശൈലി. ഇഷ്ടപ്പെട്ടു.

Kasim Sayed പറഞ്ഞു...

കൊള്ളാം,നന്നായിട്ടുണ്ട്...

jamal|ജമാൽ പറഞ്ഞു...

സാധാരണക്കാരന്റെ കഥ ഇഷ്ടമായി
A touching story :(

പാവത്താൻ പറഞ്ഞു...

അബ്കാരി(പേരു പറഞ്ഞു കൊതിപ്പിക്കല്ലേ)പ്രദീപ്,കാസിംസാക്,ജമാല്‍ എല്ലാവര്‍ക്കും നന്ദി..സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

Minnu പറഞ്ഞു...

:) ആശംസകള്‍

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ പറഞ്ഞു...

വളരെ ഹൃദ്യമായിട്ടുള്ള വരികള്‍...
അമ്മയുടെ സ്നേഹവും ചെറിയ ചെറിയ പിണക്കങ്ങളും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു...
എല്ലാവിധ ഭാവുകങ്ങളും...
ശ്രദ്ധയില്‍ പെടാതെ പോയി... എല്ലാ പോസ്റ്റുകളും ഇന്ന് തന്നെ വായിക്കുന്നുണ്ട്...

Keep it up...

Minnu പറഞ്ഞു...

നന്നായിട്ടുണ്ട്‌ ...ആശംസകള്‍

Unknown പറഞ്ഞു...

ഇത് അത് തന്നെ........അല്ല എന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല.
(അല്പം കൃത്വിമത്വം ഒക്കെ ആകാമായിരുന്നു... )