2009, ജൂൺ 20, ശനിയാഴ്‌ച

പിണക്കം

സന്ധ്യക്കു കവലയിൽ ബസ്സിറങ്ങിയപ്പോൾ ശേഖരന്‌ ദേഷ്യവും നിരാശയും സങ്കടവുമെല്ലാം ഒരുമിച്ചനുഭവപ്പെട്ടു.രാവിലെ എന്തോ നിസ്സാരകാര്യത്തിനു ഗോമതിയോടു വഴക്കിട്ടു, പിണങ്ങി ഇരങ്ങിപ്പുറപ്പെട്ടപ്പോഴത്തെ വാശിയ്ക്ക്‌ ഇപ്പോഴും കുറവൊന്നും വന്നിട്ടുണ്ടായിരുന്നില്ല.പക്ഷേ ശേഖരന്‌ മനസ്സിന്റെ കോണിലെവിടെയോ നേരിയ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.

ഇന്നെന്തായാലും വീട്ടിലേക്കില്ലെന്നുറപ്പിച്ചായിരുന്നു രാവിലെ പുറപ്പെട്ടത്‌.പക്ഷേ വൈകിട്ട്‌ വീട്ടിലേക്കുള്ള ബസ്സ്‌ കണ്ടപ്പോൾ ആരോ നിർബ്ബന്ധിച്ചിട്ടെന്നപോലെ കയറിപ്പോയി.കവലയിൽ ബസ്സിറങ്ങുമ്പോഴും വീട്ടിലേക്കു പോകണോ വേണ്ടയോ എന്ന് വ്യക്തമായി തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല.പക്ഷേ വീട്ടിലിപ്പോൾ ഗോമതി തനിച്ചായിരിക്കുമല്ലോ എന്നോർത്തപ്പോൾ കാലുകളറിയാതെ ചലിച്ചു പോയി.

യുദ്ധത്തിൽ ദേഹമാസകലം മുറിവേറ്റ,പരാജിതനായ ഒരു പടയാളിയെപ്പോലെ നിശ്ശബ്ദനായി, തലകുമ്പിട്ട്‌, ശേഖരൻ വീട്ടിലേക്കുള്ള വഴിയിലൂടെ മെല്ലെ നടന്നു.

ശേഖരൻ വീട്ടിലെത്തുന്നതിനു മുൻപു തന്നെ മഴ പെയ്തു തുടങ്ങി.എന്നിട്ടും അയാൾ നടപ്പിനു വേഗം കൂട്ടിയില്ല.ഉമ്മറത്തു നിലവിളക്കു കത്തുന്നത്‌ അയാൾ ദൂരെ നിന്നു തന്നെ കണ്ടു.അതു കണ്ടപ്പോൽ അയാൾക്കാശ്വാസമായി.ഗോമതി വീട്ടിലുണ്ട്‌.വാതിലിനു തൊട്ടു മുകളിലായി വച്ചിരുന്ന, അമ്മയുടെ ഫോട്ടൊയ്ക്കു മുൻപിൽ പതിവു പോലെ ഒരു പച്ച സീറോ ബൾബ്‌ കത്തുന്നുണ്ട്‌.

ശബ്ദമുണ്ടാക്കാതെ അയാൾ ഉമ്മറത്തേക്കു കയറി.അയാളാകെ നനഞ്ഞൊലിച്ചിരുന്നു.ധരിച്ചിരുന്ന മുണ്ടും കുപ്പായവുമൊക്കെ നനഞ്ഞു കുതിർന്ന് ശരീരത്തോടൊട്ടിക്കിടന്നു.ഉമ്മറവാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.അയാൾ കുറ്റബോധത്തോടെ അമ്മയുടെ ചിത്രത്തിലേക്കു നോക്കി.അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.
അമ്മ മെല്ലെ താഴേക്കിറങ്ങി വന്നു.അയാളുടെ കഷണ്ടിത്തലയിൽ അവശേഷിച്ചിരുന്ന നരച്ച മുടിയിലൂടെ വിരലുകളോടിച്ചുകൊണ്ട്‌ അമ്മ മെല്ലെപ്പറഞ്ഞു...

"മഴ നനഞ്ഞു അല്ലേ?"
"ഉം" തലയുയർത്താതെ, തെറ്റു ചെയ്ത കുട്ടിയെപ്പോലെ അയാൾ മൂളി.
"പുതുമഴയാ; നനഞ്ഞൊലിച്ചു ദെണ്ണം പിടിച്ചോണ്ടു വന്നു കിടന്നാൽ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ നിയ്യിങ്ങിനെ......എന്നും അമ്മയുണ്ടാവില്ലെന്നോർത്തോ..."

അമ്മ ശേഖരന്റെ തല തുവർത്തിക്കൊടുത്തു. നിറുകയിൽ രാസ്നാദി പൊടി തിരുമ്മി. അയാളപ്പോഴെല്ലാം ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുകയായിരുന്നു. അയാൾക്ക്‌ അമ്മയോട്‌ വല്ലാത്ത സ്നേഹം തോന്നി.അയാൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളുയർത്തി അമ്മയെ നോക്കി.
അമ്മ ചിത്രത്തിലേക്കു തന്നെ കയറിപ്പോയിരുന്നു...

ആകെ നനഞ്ഞ്‌ കുതിർന്നിരുന്നതുകൊണ്ട്‌ തണുത്ത കാറ്റടിച്ചപ്പോൾ ശേഖരന്‌ വല്ലാത്ത കുളിരു തോന്നി. അകത്തേയ്ക്കു കടക്കുവാനായി വാതിൽക്കലേക്കു നോക്കിയപ്പോഴാണയാളതു കണ്ടത്‌.അലക്കി പെട്ടിയിൽ വച്ചിരുന്ന തുവർത്തും നീട്ടി ഗോമതി വാതിൽക്കൽ നിൽക്കുന്നു. അവളുടെ മുഖത്ത്‌ രാവിലത്തെ വഴക്കിന്റെയോ പിണക്കത്തിന്റെയോ ഭാവമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ അവളൊന്നും മിണ്ടിയില്ല.അയാളും.അയാൾ നിശ്ശബ്ദനായി തുവർത്തു വാങ്ങി തല തുവർത്തി.ഗോമതി അകത്തേക്കു തന്നെ തിരിച്ചു പോയി.നനഞ്ഞ മുണ്ടും കുപ്പായവും മാറി അയയിൽ നിന്നും ഉണങ്ങിയ ഒരു കൈലിയെടുത്തുടുത്ത ശേഷം ചാരുകസേരയിലിരുന്ന്‌ അയാൾ മഴ കാണുവാൻ തുടങ്ങി.

വീണ്ടുമെപ്പോഴോ ശേഖരന്റെ ശ്രദ്ധ മഴയിൽ നിന്നും അമ്മയിലേക്കു തിരിഞ്ഞു. അമ്മ ചിരിച്ചു കൊണ്ട്‌ ശേഖരനോടു ചോദിച്ചു.
"എന്തിനേ ശേഖരാ നിയ്യ്‌ രാവിലേ ഗോമതീമായിട്ട്‌ പിണങ്ങീത്‌?"
അയാളൊന്നും മിണ്ടിയില്ല. അമ്മയും വെറുതെ പുഞ്ചിരിച്ചു കൊണ്ട്‌ നിന്നതേയുള്ളു.
കാറ്റത്തു തുറന്നു വച്ച പുസ്തകത്തിലേപ്പോലെ ശേഖരന്റെ ഓർമ്മയുടെ താളുകൾ മെല്ലെ പുറകോട്ടു മറിഞ്ഞു കൊണ്ടിരുന്നു.
അയാൾ ഗോമതി എന്ന കുഞ്ഞനിയത്തിയുടെ ശബ്ദം കേട്ടു.

"അമ്മേ ഈ ഏട്ടനെന്നോടു മിണ്ട്ണില്ലാ...
"ഓ, തുടങ്ങി.. എന്താടാ ശേഖരാ നിയ്യ്യ്യ്‌ അവളോടു മിണ്ടാത്തേ?
അവളെന്നോടു പെണക്കായിട്ടാ അമ്മേ
ആങ്ങ്‌ഹാ...ഞാനെങ്ങുമല്ലമ്മേ പെണങ്ങീത്‌..ഏട്ടനാ എന്നോട്‌ ആദ്യം പെണങ്ങീത്‌.
അല്ലമ്മേ ഞാൻ ചോദിച്ചപ്പോ ഇവളാ എനിക്കു മയിൽപ്പീലി തരാഞ്ഞത്‌.
അതെന്റെ മയിൽപ്പീലിയാമ്മേ... ഞാനത്‌ പെറാനായിട്ട്‌ പുസ്തകത്തീ വച്ചിരിക്ക്യയാ..
ഓ‍ാ ഒന്നു നിർത്തുന്നുണ്ടോ രണ്ടും....അല്ലെങ്കി ഞാനിപ്പോ അങ്ങോട്ടു വന്നു തരും രണ്ടു പേർക്കും...പഠിത്തം കഴിഞ്ഞെങ്കി വന്നു ചോറുണ്ട്‌ കിടന്നുറങ്ങാൻ നോക്ക്‌..രാത്രിയിലും സ്വൈര്യം തരില്ല എന്നു വെച്ചാ....."

പിറ്റേന്നു രാവിലേയുണർന്നപ്പോൾ മാനം കണ്ടിട്ടില്ലാത്ത ഒരു മയിൽപ്പീലി തന്റെ പുസ്തകക്കെട്ടിന്റെ പുറത്തിരുന്നതോർത്തപ്പോൾ ശേഖരൻ അറിയാതെ ചിരിച്ചു പോയി.

"എന്തേ തന്നിരുന്നു ചിരിക്കുന്നേ?"

അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. ഗോമതി ആയിരുന്നു.അവളുടെ കൈയ്യിൽ കുരുമുളകിട്ടു തിളപ്പിച്ച ചക്കരക്കാപ്പിയുണ്ടായിരുന്നു."ങൂഹും ഒന്നൂല്ല, വെറുതെ...."അയാൾ കാപ്പി കൈയ്യിൽ വാങ്ങിയ ശേഷം അമ്മയെ നോക്കി. അമ്മ അയാളെത്തന്നെ നോക്കുകയായിരുന്നു.

ഗോമതി അയാളുടെ പിന്നിലൂടെ വന്ന് അരഭിത്തിമേലിരുന്നു കൊണ്ട്‌ വലതു കൈത്തലം അയാളുടെ നെറ്റിമേൽ മലർത്തി വച്ച്‌ ചൂടു നോക്കി.പിന്നെ മെല്ലെപ്പറഞ്ഞു

"എന്തിനേ മഴ നനഞ്ഞത്‌? മഴ നനഞ്ഞ്‌ ദെണ്ണം പിടിപ്പിച്ചോണ്ടു വന്നു കിടന്നാൽ നോക്കാൻ ഞാനൊരുത്തി ഇവിടുള്ളതോണ്ടല്ലേ.....??"

അയാൾ അമ്മയുടെ നേരെ നോക്കി.അയാളുടെ കണ്ണുകൾ നിറഞ്ഞു നിറഞ്ഞു വന്നതു കൊണ്ട്‌ അയാൾക്കൊന്നും വ്യക്തമായി കാണാനായില്ല.ഗോമതിയുടെ മടിയിലേക്കു തല ചായ്ച്ച്‌ അയാൾ ഏങ്ങിയേങ്ങിക്കരഞ്ഞു.

2009, ജൂൺ 15, തിങ്കളാഴ്‌ച

മനോഹരന്റെ പെണ്ണു കാണൽ

മനോഹരൻ ലോട്ടറിയടിച്ച സന്തോഷത്തിലാണതു പറഞ്ഞത്‌. അവന്റെ കല്യാണമുറച്ചെന്ന്.അവന്റെ സന്തോഷം കണ്ടപ്പോൾ സത്യത്തിൽ എനിക്കു സഹതാപം തോന്നി. പാവം, എന്തോ വലിയ കാര്യം സാധിച്ച പോലെയുണ്ട്‌.

കല്യ്യാണത്തെ ആരാണാവോ ചക്കയോടുപമിച്ചത്‌?

വലിയൊരു ദ്വാരമുള്ള പഴുത്ത ചക്ക പോലെയാണു കല്യാണം.പുറത്തു നിന്നു കാണുന്ന ഈച്ചകൾക്കു തോന്നും അകത്ത്‌ ഭയങ്കര മധുരമാണെന്ന്. പിന്നെ ഒന്നുമാലോചിക്കാതെ ഒരു കയറ്റമാണകത്തേക്ക്‌.അകത്തു കയറിപ്പോയാൽ പിന്നെ അരക്കിൽ പറ്റിപ്പിടിച്ചവിടെയിരിക്കും. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ. എന്നാൽ പുറത്തു നിൽക്കുന്ന ഈച്ചകളോ,അകത്തു കയറിയവൻ തിരിച്ചു വരാത്തത്‌ അകത്തെ മധുരവും സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു കൊണ്ടാണെന്നു കരുതി ആർത്തിപൂണ്ട്‌ അകത്തേക്കു കയറും...

എന്തായാലും മനോഹരന്റെ പതിനൊന്നാമത്തെ പെണ്ണൂ കാണലാണ്‌ കല്യാണ നിശ്ചയത്തിൽ കലാശിച്ചത്‌.
അഞ്ചാമത്തെയോ ആറാമത്തെയോ പെണ്ണു കാണൽ കഴിഞ്ഞ്‌ അവൻ നിരാശനായി വന്നു കല്യാണം നടക്കില്ലെന്നു പറഞ്ഞത്‌ ഇപ്പോഴും എനിക്കോർമ്മയുണ്ട്‌.ശരിക്കു പറഞ്ഞാൽ അവനല്ല, ബ്രോക്കറാണു പറഞ്ഞത്‌ ഈ ജന്മം ഇവനു പെണ്ണു കിട്ടുമെന്നു തോന്നുന്നില്ല എന്ന്‌.

അന്നും കുളിച്ചു കുറിയൊക്കെ തൊട്ട്‌ കസവുമുണ്ടുമുടുത്ത്‌ പഞ്ച്ചപാവമായാണ്‌ മനോഹരൻ പെണ്ണു കാണലിനു പോയത്‌. മനോഹരനു പെണ്ണിനെയും പെണ്ണിനു മനോഹരനെയും ഇഷ്ടപ്പെട്ട മട്ടായിരുന്നു.ചുറ്റുപാടുകളും വലിയ കുഴപ്പമില്ല.പെണ്ണിന്റെ അഛൻ ഒരു എക്സ്‌-സർവീസുകാരനായിരുന്നു. ചായകുടിയും പെണ്ണു കാണലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾ മനോഹരനോടൊരു ചോദ്യം.

"മദ്യപിക്കുമോ?"
സാമാന്യം ഭംഗിയായി മദ്യപിക്കുമായിരുന്ന മനോഹരൻ ആകെ കൺഫ്യൂഷനിലായി. എന്താണാവോ ഭാവി അമ്മായിയപ്പന്റെ ഉദ്ദേശം?

കുടിക്കുന്നവനു മോളെ കൊടുക്കില്ലെന്നോ?
ഏയ്‌, അതാവാൻ വഴിയില്ല. ആളെക്സ്‌ സർവീസല്ലേ...
ഇനി കള്ളു പോലും കുടിക്കാത്തവനു പെണ്ണിനെ കൊടുക്കില്ലെന്നാണോ?
അതോ ഇനി കല്യാണമൊക്കെ തീരുമാനിച്ച സ്ഥിതിക്ക്‌ ഒരു സന്തോഷത്തിനു ഒരുമിച്ചിരുന്ന് രണ്ടെണ്ണം അടിച്ചിട്ടു പോകാമെന്നാണോ?

ഒടുവിൽ രണ്ടും കൽപ്പിച്ചു മനോഹരൻ പറഞ്ഞു..
അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ക്ഷണമാണെങ്കിൽ ഉവ്വ്‌; അന്വേഷണമാണെങ്കിൽ ഇല്ല..

എന്തായാലും ആ കല്യാണം നടന്നില്ല.
ഇപ്പോ പതിനൊന്നാമതു കണ്ട പെണ്ണുമായി മനോഹരന്റെ കല്യാണം ഉറച്ചു.പെണ്ണിന്റെ അഛൻ മദ്യപാനത്തെപ്പറ്റി ഒന്നും ചോദിച്ചു കാണില്ല..
എന്തായാലും അവർക്കു നന്മ വരട്ടെ.

2009, ജൂൺ 10, ബുധനാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - സംഘാടകർ പാലിക്കേണ്ട നിയമങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും

അടുത്ത കാലത്തായി യാതൊരുവിധ തത്വദീക്ഷയുമില്ലാതെ, ബ്ലോഗർമാർ എന്നു ഭാവിക്കുന്ന ചിലർ ഒത്തുകൂടുകയും അത്തരം നികൃഷ്ടമായ ഒത്തുചേരലുകളെ ബ്ലോഗ്‌ മീറ്റ്‌ എന്നും മറ്റും പേരിട്ടു വിളിച്ച്‌ യഥാർത്ഥ്‌ ബ്ലോഗർമാർക്ക്‌ അപമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്‌. ഇതിനൊരു അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുമ്പോൾ അത്യാവശ്യം പാലിക്കേണ്ട ചില കാര്യങ്ങൾ സംഘാടകരുടെ ശ്രദ്ധയിലേക്ക്‌ ഇവിടെ രേഖപ്പെടുത്തുന്നു.

1. ബ്ലോഗ്‌ എന്നാൽ കണ്ട മീൻകാരനേയും പച്ചക്കറിക്കാരനേയും പോലുള്ള അലവലാതികൾക്കു കേറി മേയാനുള്ള ഇടമല്ല. ഒരു ബ്ലോഗറാകാനുള്ള മിനിമം യോഗ്യത - ഒന്നുകിൽ പ്രവാസിയായിരിക്കണം (കയ്യിലിരിപ്പു കൊണ്ട്‌ നാട്ടിൽ നിൽക്കക്കള്ളിയില്ലാഞ്ഞ്‌ ഓടിപ്പോയതായാൽ വളരെ നന്ന്) ഇനി അഥവാ നാട്ടിൽ തന്നെയാണെങ്കിൽ കുറഞ്ഞത്‌ ഒരു മാധ്യമ പ്രവർത്തകനെങ്കിലും ആയിരിക്കണം.(കള്ളം പറയാനും തോന്ന്യാസം കാട്ടാനും മടിയില്ലാത്തവരാണെങ്കിൽ വളരെ നന്ന്)

2. ബ്ലോഗ്‌ മീറ്റ്‌ എന്നത്‌ കറുത്ത നിറമുള്ള തടിയന്മാർ ഒരു കാരണവശാലും സംഘടിപ്പിക്കാൻ പാടില്ലാത്ത താകുന്നു.അതിനുള്ള അവകാശം വെളുത്തു മെലിഞ്ഞ സുന്ദരന്മാർക്കു മാത്രം ഉള്ളതാകുന്നു.ആദ്യം പറഞ്ഞ വിധത്തിലുള്ളവർ സംഘടിപ്പിക്കുന്ന മീറ്റുകളെ വെറും നികൃഷ്ടമായ സൗഹൃദക്കൂട്ടായ്മ എന്ന് കണ്ട്‌ എല്ലാ യഥാർഥ ബ്ലോഗർമാരും ബഹിഷ്കരിക്കേണ്ടതാകുന്നു.

3.മീറ്റുകളിൽ പങ്കെടുക്കുന്ന പല ബ്ലോഗർമാരും മീറ്റ്‌ നടക്കുന്ന സ്ഥലത്തിന്റേയും ചുറ്റുപാടുകളുടേയും ഫോട്ടോ എടുത്ത്‌ സ്വന്തം ബ്ലോഗുകളിൽ പോസ്റ്റ്‌ ചെയ്യുന്ന ഒരു പ്രവണത വ്യാപകമായി കണ്ടു വരുന്നുണ്ട്‌. ഇത്‌ നിരുത്സാഹപ്പെടുത്തുന്നതിനായി ബ്ലോഗ്‌ മീറ്റുകൾ കഴിയുന്നതും ഇരുണ്ട ഗുഹകളിൽ സംഘടിപ്പിക്കേണ്ടതാണ്‌.പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബ്ലോഗർമാരെ ഒരു പ്രത്യേക സ്ഥലത്തു നിന്നും കറുത്ത ചില്ലിട്ട വാഹനങ്ങളിൽ,കണ്ണു മൂടിക്കെട്ടി,മീറ്റ്‌ സ്ഥലത്തെത്തിക്കാവുന്നതാണ്‌.സംഭവം നടക്കുന്ന ഇരുണ്ട ഗുഹയിൽ ഓരോ ബ്ലോഗറും ഇരിക്കുന്നതിനു പിന്നിലായി ഓരോ LED മാത്രം കത്തിച്ചു വയ്ക്കാവുന്നതാണ്‌.മീറ്റിനു ശേഷം ബ്ലോഗർമാരെ കൊണ്ടു വന്നതു പോലെ തന്നെ തിരികെ കൊണ്ടു വിടേണ്ടതാണ്‌

4. ബ്ലോഗ്‌ മീറ്റ്‌ എന്നാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ ആയിരിക്കണം.അവിടെ സം സാരിക്കുന്നവരെല്ലാവരും തന്നെ, തങ്ങൾ പറയുന്ന ഓരോ വാചകത്തിലും, ബ്ല,ബ്ലാ,ബ്ലൊ,ബ്ലോ, എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ കുറഞ്ഞത്‌ നാലെണ്ണമെങ്കിലും ഉണ്ട്‌ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌.ഈ നിയമം ലംഘിക്കുന്നവരെ ഉടൻ തന്നെ പരസ്യമായി 100 വട്ടം ഏത്തമിടീക്കേണ്ടതാണ്‌.

5.ഇന്നും ഇന്നലെയുമൊക്കെ മാത്രം ബ്ലോഗ്‌ ചെയ്യാൻ തുടങ്ങിയ പയ്യന്മാരെ യാതൊരു കാരണവശാലും ബ്ലോഗർ എന്നു വിളിക്കുകയോ മുതിർന്ന ബ്ലോഗർമാർക്കൊപ്പം ഇരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.മീറ്റ്‌ നടക്കുന്ന ഗുഹയുടെ വരാന്തയിൽ ഒരു ചാക്കോ മറ്റോ വിരിച്ചിരിക്കുവാൻ മാത്രമേ അവർക്ക്‌ അനുവാദം നൽകേണ്ടതുള്ളു.അവർ അവിടെയിരുന്ന്‌ ബ്ല, ബ്ലാ,ബ്ലി, ബ്ലീ,.... ബ്ലൊ, ബ്ലോ പറഞ്ഞും എഴുതിയും പഠിക്കട്ടെ.

മേൽപ്പറഞ്ഞ കാര്യങ്ങൾ കർശനമായി പാലിച്ചു കൊണ്ട്‌ മാത്രം മീറ്റ്‌ നടത്തി യഥാർത്ഥ ബ്ലോഗർമാരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുക എന്നത്‌ ഓരോ ബ്ലോഗറുടേയും കടമയാണെന്ന്‌ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു.

2009, ജൂൺ 5, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - ചില സുരക്ഷാ പ്രശ്നങ്ങൾ അഥവാ അനോണിവിളയാട്ടം - ബ്ലോഗിലും ബ്ലോഗ്‌ മീറ്റിലും?


മറ്റൊരു ബ്ലോഗ്‌ മീറ്റ്‌ തൊട്ടടുത്തെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബ്ലോഗർമാരെ അനോണീ ആക്രമണങ്ങളിൽ നിന്നും രാക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ബ്ലോഗുകളിലെ അനോണിവിളയാട്ടം വേണമെന്നു വച്ചാൽ എളുപ്പം പരിഹരിക്കാവുന്നതേയുള്ളു എന്നാണ്‌ അനുഭവജ്നർ പറയുന്നത്‌.
പക്ഷെ തൊടുപുഴ വച്ചു നടന്ന ബ്ലോഗ്‌ മീറ്റിൽ വിവരങ്ങൾ ചോർത്താനും മീറ്റിനു തുരങ്കം വയ്ക്കാനുമായി വേഷപ്രഛന്നരായെത്തിയ അനോണികളെ നേരിടുന്നതിൽ സുരക്ഷാ പാളിച്ചകൾ പറ്റിയിട്ടുണ്ടോ എന്നുള്ളത്‌ കൂടുതൽ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്‌.
ഔദ്യോഗിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ തികഞ്ഞ മൗനം പാലിച്ചെങ്കിലും ചില ബ്ലോഗർമാരെങ്കിലും ഇക്കാര്യം അവരുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുകയുണ്ടായതായി ഓർക്കുന്നുണ്ടാവുമല്ലോ.

ആദ്യത്തെ അനോണി എത്തിയത്‌ ഒരു വൃദ്ധയുടെ വേഷത്തിലായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.സ്ഥലത്തുണ്ടായിരുന്ന പോലിസിന്റെ സമയോചിതമായ ഇടപെടൽ മൂലം കുഴപ്പങ്ങളുണ്ടാവുന്നതിനു മുൻപ്‌ തന്നെ ആ അനോണിയെ അവിടെ നിന്നും നീക്കം ചെയ്യുന്നതിനു സാധിച്ചു എന്നതു നേരാണെങ്കിലും കൂടുതൽ ചോദ്യം ചെയ്യാനോ അവരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്നറിയുവാനോ സാധിച്ചില്ല എന്നത്‌ സുരക്ഷാക്രമീകരണങ്ങളിലെ ഒരു വൻ വീഴ്ച്ചയായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌.

ശാർങ്ങധരൻ എന്ന പേരിൽ, മീറ്റ്‌ സ്ഥലത്തേക്കു, സുരക്ഷാ ഏർപ്പാടുകളെ മറി കടന്നു കയറിയ അനോണീ താൻ ആനക്കാരനാണെന്നും കർഷകനാണെന്നും ഒക്കെ പരസ്പരവിരുദ്ധമായിട്ടാണൂ സ ംസാരിച്ചത്‌ എങ്കിലും ഉച്ച വരെ മീറ്റു സ്ഥലത്ത്‌ സംശയിക്കപ്പെടാതെ ചെലവഴിക്കാനും തനിക്കാവശ്യമുള്ള വിവരങ്ങൾ ചോർത്തുവാനും അദ്ദേഹത്തിനു സാധിച്ചു.

ഉച്ചയ്ക്കു ശേഷമുള്ള യാത്രയ്ക്കിടയിലേപ്പോഴോ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും അദ്ദേഹം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ വേണ്ടി പല ബ്ലോഗർമാരും നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല എന്നാണ്‌ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടൂള്ളത്‌.

ഈ രണ്ട്‌ അനോണീകളും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അതിസങ്കീർണ്ണമായ മേയ്ക്കപ്പിലൂടെ തങ്ങളുടെ യഥാർഥ രൂപം മാറ്റിയായിരുന്നു സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നത്‌.

അതിനിടെ തങ്ങളുടെ ബ്ലോഗിലെ പ്രോഫെയിൽ ഫോട്ടോയിൽ മുടിയും താടിയുമൊക്കെ നീട്ടി വളർത്തിയിരുന്ന ചിലർ അതൊക്കെ മുറിച്ച്‌ സുന്ദരക്കുട്ടപ്പന്മാരായി മീറ്റിനു വന്നതിനാൽ തിരിച്ചറിയനാവാതിരുന്നത്‌ അവരേയും സുരക്ഷാഭടന്മാരുടെ നിരീക്ഷണത്തിലാക്കാൻ കാരണമായി.

അതുകൊണ്ട്‌ ഇക്കാര്യത്തിൽ അടുത്ത ബ്ലോഗ്‌ മീറ്റിന്റെ സംഘാടകരുടെ ശ്രദ്ധ തീർച്ചയായും ഉണ്ടായിരിക്കേണ്ടതുണ്ട്‌.അനോണീ ആക്രമണങ്ങളിൽ നിന്നും ബ്ലോഗർമാരെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംഘാടകർക്കുണ്ട്‌.അതിനു വേണ്ട എല്ലാ നടപടികളും അവർ സ്വീകരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക്‌ അടുത്ത മീറ്റിനെ സ്വാഗതം ചെയ്യാം.

2009, ജൂൺ 3, ബുധനാഴ്‌ച

വെറുതേ ഒരു വിവരക്കേട്‌

1.ചോദ്യം


"ദൈവമേ ഞാൻ നിരക്ഷരനായതെത്ര നന്നായി........."

ചോദ്യം
എന്തു കണ്ടപ്പോഴാണ്‌ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്‌?



*
*
*
*
*
*
*
*
*
*
*
*
*
*
*





ഉത്തരം