2009 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

നിഴൽ

എന്റെ കാൽച്ചുവട്ടിലായെപ്പോഴും കിടക്കുമെൻ
നിഴലിനു പലപ്പോഴും പലതാണല്ലോ ഭാവം.
ചിലപ്പോൾ തിളങ്ങുന്ന ദംഷ്ട്രയും കൊമ്പും വാലും,
ക്രൂരമാമതിഘോരഭാവവും ഭയാനകം.

ചിലപ്പോൾ മിഴികളിലഞ്ജനമെഴുതിയാ
തിരുനെറ്റിയിലൊരു സിന്ദൂരപ്പൊട്ടും കുത്തി
ആരെയും മയക്കുന്ന വശ്യമാം ചിരിയുമായ്‌
ചാരത്തു വന്നിട്ടെന്നെ വിളിക്കും പ്രണയാർദ്രം.

ചിലപ്പോളൊരു പിഞ്ചു പൈതലിൻ നറു നിലാ
പ്പാൽപ്പുഞ്ചിരി തൂകിച്ചാരത്തു വന്നേ നിൽക്കും.
വാത്സല്യം തുളുമ്പുന്ന കൈകളാലണച്ചെടു -
ത്തോമനിക്കുവാനായിത്തുടിക്കും മനസ്സപ്പോൾ.

എങ്കിലുമെനിക്കെന്നും പേടിയെൻ നിഴലിനെ
പിരിയാനൊരിക്കലുമാവുകില്ലെന്നാകിലും.
പ്രേമവും വാത്സല്യവും പേടിയും വെറുപ്പുമായ്‌
ചേർത്തിഴപിരിച്ചവർ; പിരിയാനാകാത്തവർ

2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച

ഇനി രാത്രിയാണ്‌

ഇനി രാത്രിയാണ്‌

ഇനി രാത്രിയാണ്‌
ദുരിതങ്ങളുടെ തീക്ഷ്‌ണമായ ഇരുൾ നിറഞ്ഞ രാത്രി.
വിഷാദം പേമാരിയായി കോരിച്ചൊരിയുന്ന കർക്കിടകരാത്രി.

ബന്ധങ്ങൾ ഞെട്ടറ്റു വീണു കിടക്കുന്നൊ -
രീ നഗ്നവൃക്ഷച്ചുവട്ടിൽ,
ഇല്ലാത്തൊരഭയം കൊതിച്ചിനിയുമെന്നേക്കു -
മേകനായ്‌ ഞാൻ നിന്നുഴറണം.
ഭീതിയുടെ മരണത്തണുപ്പാർന്ന കൈകളുടെ
ആലിംഗനത്തിൽ ഞാൻ പിടയണം.

ആരോ കഴുത്തറുത്തിട്ടൊരു പൂങ്കോഴി
കൂവാതെ നേരമിനി പുലരില്ല.
ആരോ പിഴുതെടുത്തെങ്ങോ കളഞ്ഞോരു നാവിൽ
ഭൂപാളമുണരാതിനിയുദിക്കില്ല സൂര്യൻ
എനിക്കിനിയുമില്ലൊരു സൂര്യോദയം.
എനിക്കിനിയുമില്ലൊരു സൂര്യോദയം

2009 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

NO ENTRY TRESSPASSERS WILL BE PROSECUTED

മനസ്സ്‌:

എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
ശ്വാസം മുട്ടിക്കുന്ന,
ഒരിടുങ്ങിയ പാഴ്‌ത്തുരുത്താണെന്റെ മനസ്സ്‌.
ആർക്കും പ്രവേശനമില്ലാത്ത,
എപ്പോഴും മഴ പെയ്യുന്ന
വേദന നിറഞ്ഞ ഒരിടം.


പകൽ:
ദുരന്തങ്ങൾ ഘനീഭവിച്ച നീല മേഘങ്ങൾ
എന്റെ ഉണർവ്വിന്റെ പാഴ്നിലങ്ങളിൽ
വിഷധൂളികളായി പെയ്തിറങ്ങുന്നു


രാത്രി:
ദു:സ്വപ്നങ്ങളുടെ ചുവന്ന മേഘങ്ങൾ
എന്റെ അസ്വസ്ഥ നിദ്രകളിൽ
അമ്ലമഴ പൊഴിക്കുന്നു.


വിശ്വാസം:
മുജ്ജന്മ പാപങ്ങളൂറിക്കൂടിയുറഞ്ഞ മഞ്ഞ മേഘങ്ങൾ;
ഏറെപ്പഴുത്ത ഒരു വ്രണം പൊട്ടിയിഴുകും പോലെ പെയ്യുന്നവ.
ജീവിതത്തിന്റെ തായ്‌വേരറുക്കുന്ന വിഷമഴ.


പ്രതീക്ഷ:
മനസ്സിന്റെ കോണിൽ അറിയാതുരുണ്ടുകൂടുന്ന ഒരു പച്ച മേഘം;
കാട്ടുതീ കത്തുന്ന സ്വകാര്യ നിമിഷങ്ങളിൽ
കരളുരുക്കുന്ന ഒരു തിളച്ച മഴ.
ഒരു സ്വകാര്യ മഴ.


മനസ്സ്‌:
മഴകളിൽ കുതിർന്ന്, ചെളി നിറഞ്ഞ്‌
മുടിഞ്ഞ, നാഥനില്ലാത്ത
ഒരു പാഴ്‌ നിലമാണെന്റെ മനസ്സ്‌.
എപ്പോഴും മേഘം മൂടിക്കിടക്കുന്ന,
എപ്പോഴും മഴ പെയ്യുന്ന,
ആർക്കും പ്രവേശനമില്ലാത്ത
വേദന നിറഞ്ഞ ഒരിടം.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പട്ടിയിറച്ചിയുടെ ഹാങ്ങോവർ

ബ്രെയ്‌ൿഫാസ്റ്റിനു വിഭവം പട്ടിയിറച്ചിയായിരുന്നു.അതു കഴിച്ചിട്ടാണ്‌ പത്രം വായിക്കാൻ ഇരുന്നത്‌.ഇംഗ്ലീഷ്‌ പത്രമായിരുന്നു.അപ്പോൾ തോന്നി ഇംഗ്ലീഷ്‌ അറിയാൻ വയ്യാത്ത പാവങ്ങൾക്കായി ഈ വാർത്തയൊക്കെ ഒന്നു മലയാളത്തിലാക്കിയാലോ എന്ന്. തൽക്കാലം ഒരു തുടക്കം എന്ന നിലയിൽ തലക്കെട്ടുകൾ മാത്രം വിവർത്തനം ചെയ്തു . ഇതാ വായിച്ചു കൊള്ളൂ.

1. Ban on private practice of doctors hits chemists.

സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിന്‌ ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ ജീവനക്കാരെ മർദ്ദിച്ചു.

2.Closure of colleges will not hit students:Australian official
കോളജുകൾ അടച്ചിരിക്കുന്നതു കൊണ്ട്‌ വിദ്യാർത്ഥികൾക്ക്‌ തല്ലു കൊള്ളില്ലെന്ന് ആസ്ത്രേലിയൻ ഉദ്യോഗസ്ഥൻ.


3.India, Sreelanka to hold naval training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.


4. Silent Valley movement to be commemorated.
നിശ്ശബ്ദ താഴ്വരയിൽ അനക്കമുണ്ടായത്‌ ആഘോഷിക്കും.


5. Swine flu - 13 new cases reported.
പറന്നതിന്റെ പേരിൽ 13 പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്‌.


6.Plea for UPSC centre in Kozhikkode.
UPSC പരീക്ഷയുടെ മദ്ധ്യ ഭാഗം കോഴിക്കോട്ടാക്കണമെന്ന് അപേക്ഷ.


7. UN releases Mahatma stamp.
ഐക്യരാഷ്ട്ര സഭ മഹാത്മാവിന്റെ സ്റ്റാമ്പിനെ മോചിപ്പിച്ചു.