2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒരു പ്രേത കഥയുടെ പൈലറ്റ്‌ എപ്പിസോഡ്‌

സീൻ 1.
------
ആകാശം:
ഇരുണ്ട നീലാകാശത്ത്‌ വിളറി നിൽക്കുന്ന ചന്ദ്രക്കല. ദൂരെ നിന്നും മെല്ലെ പാറി വരുന്ന ഒരു കറുത്ത മേഘം.
(ഹൃദയത്തിൽ ഭയത്തിന്റെ തണുപ്പനുഭവിപ്പിക്കുന്ന നേർത്ത സംഗീതം.)
താഴെ
കുറ്റിക്കാടുകൾക്കും മുൾച്ചെടികൾക്കും ഇടയിലൂടെയുള്ള നാട്ടുവഴി ഒരു കുളത്തെ വലം വച്ചു പോകുന്നു.കുളക്കരയിൽ ഒരു ചെറിയ മണ്ഠപം.കുളക്കരയിലെ പാലമരത്തിൽ നിറയെ ഇല കാണാനാവാത്തപോലെ വെളുത്തപൂക്കൾ. അൽപം മാറി ഒറ്റപ്പെട്ടു നിൽക്കുന്ന വലിയ കരിമ്പനയ്ക്കു കീഴെ ഒരുയർന്ന പാറമേൽ ഒരു വലിയ കരിന്തേൾ വിഷം നിറഞ്ഞ വാൽ വളച്ച്‌ ആക്രമണത്തിനു തയ്യാറായെന്ന മട്ടിൽ നിൽക്കുന്നു.
പാറയുടെ ചുവട്ടിലെ ചിതൽപുറ്റിനരികിൽ ഒരെലി കരിയിലകൾക്കിടയിൽ എന്തൊ തിരയുന്നുണ്ട്‌.
ഇരുണ്ട, വിളറിയ നിലാവെളിച്ചം മാത്രം. എലി മുഖമുയർത്തി മുകളിലേക്കു നോക്കുന്നു.
ആകാശം
മേഘം മെല്ലെ നീങ്ങി വന്ന് ചന്ദ്രനെ മറയ്ക്കുവാൻ തുടങ്ങുന്നു.
(സംഗീതം ക്രമേണ ഉയർന്നുയർന്നു വരുന്നു)
താഴെ..
ക്രമേണ ചന്ദ്രൻ മറയുന്നതിനനുസരിച്ച്‌ പ്രകാശം മങ്ങുന്നു. പെട്ടെന്ന് അടുത്തുള്ള പാല മരത്തിൽ നിന്ന് ഭയപ്പെടുത്തുന്ന ഒരു ചിറകടി ശബ്ദം.
മരത്തിൽ - മരക്കൊമ്പിൽ - ഇലകൾക്കിടയിൽ ഒരു മൂങ്ങ ചിറകു വിടർത്തി നിൽക്കുന്നു. അതു തല വട്ടത്തിൽ കറക്കി ചുറ്റും നോക്കി.ഭയാനകമായി മൂളുന്നു,പിന്നെ എന്തോ കണ്ടു ഭയന്നിട്ടെന്ന പോലെ പെട്ടെന്ന് പറന്നുപോകുന്നു.
എലി തിരച്ചിൽ നിർത്തി മൂക്കുയർത്തി ചുറ്റും നോക്കി മണം പിടിച്ചിട്ട്‌ ധൃതിയിൽ ഓടി മാളത്തിലേക്കു കയറി.
പാറപ്പുറത്തിരുന്ന കരിന്തേൾ മുമ്പോട്ടൊന്നാഞ്ഞ ശേഷം ഭയന്ന് വേഗമോടി പാറയിൽ നിന്നിറങ്ങി പാറയ്ക്കടിയിലെ വിടവിലേക്കു കയറി ഒളിച്ചു.
ഒരു ചെറിയ കാറ്റ്‌ - മെല്ലെയനങ്ങുന്ന ഇലകൾ. - കുളക്കരയിലെ പാലമരത്തിൽ നിന്ന് ഒരു വലിയ വെളുത്ത പൂവ്‌ ഞെട്ടറ്റ്‌ മെല്ലെ പാറി വന്ന് കുളത്തിലെ നിശ്ചലമായ വെള്ളത്തിലേക്ക്‌ മെല്ലെ വീണു.
മരത്തിൽ നിന്നും വീഴുന്ന പൂവിനെ പിന്തുടരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up.
cut to
വാലിട്ടെഴുതിയ നീണ്ട സുന്ദരമായ ഒരു കണ്ൺ പെട്ടെന്നു തുറക്കുന്നതിന്റെ extreme close up.
(ഉച്ചസ്ഥായിയിലെത്തിയ സംഗീതം പെട്ടെന്നു നിലയ്ക്കുന്നു.ഇപ്പോൾ പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദത)


സീൻ 2
------
സീൻ 1 ലെ അതേ സ്ഥലം. അരണ്ട സാന്ധ്യ വെളിച്ചത്തിൽ നാട്ടുവഴി.
ദൂരെ നിന്നും ഒരു ചൂട്ടുകറ്റ വീശി ആരോ വരുന്നതു കാണാം.
സർവ്വവും നിശ്ചലം. പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദതയിൽ ചൂട്ടു കറ്റ വീശുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നു.
മുണ്ടും രണ്ടാം മുണ്ടും ധരിച്ച വാര്യർ മുൻപേ ചൂട്ടു കറ്റ വീശിക്കൊണ്ട്‌ വരുന്നു. തൊട്ടു പിൻപേ
തറ്റുടുത്ത്‌, ഉച്ചിക്കുടുമ വച്ച പൂണൂൽ ധാരിയായ ബ്രാഹ്മണൻ - ബ്രഹ്മദത്തൻ. രണ്ടു പേരുടേയും തോളിൽ ഒരോ ഭാണ്ഡവുമുണ്ട്‌.


വാര്യർ: പുറപ്പെടുമ്പോൾ ഇത്രയ്ക്കങ്ങട്‌ വൈകുമെന്നു കരുതിയില്ല.


ബ്രഹ്മ: എന്തേ? വാര്യർക്ക്‌ പേടി തോന്നുന്നുണ്ടോ?


വാര്യർ: പേടി കലശലായിത്തന്നെയുണ്ട്‌.പിന്നെ തിരുമേനി കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രമേയുള്ളു.


ബ്രഹ്മ: പകൽ കണ്ട കാഴ്ച്ചകളൊന്നും മനസ്സിൽ നിന്നങ്ങട്‌ മായുന്നില്ല അല്ലേ?


വാര്യർ: കീറിപ്പിളർത്തിയിട്ടിരിക്കുന്ന മനുഷ്യ ശരീരങ്ങളും, തളം കെട്ടിക്കിടക്കുന്ന ചുടു ചോരയുമൊന്നും അത്ര എളുപ്പം മറക്കാൻ പറ്റുന്ന കാഴ്ച്ചകളല്ലല്ലോ. ഇവിടെ പൈനുംപറ യക്ഷി, അവിടെ എട്ടു വീട്ടിൽ പിള്ളമാർ. ഈ പോക്ക്‌ എവിടെ ചെന്നവസാനിക്കുമോ ആവോ?


ബ്രഹ്മ: ഒക്കെ ശരിയാവും വാര്യരേ. യുവരാജാവെല്ലാത്തിനും വഴി കണ്ടിട്ടുണ്ടാവും.ഇനി ഏതു നിമിഷവും അദ്ദേഹം എട്ടുവീട്ടിൽ പിള്ളമാരെ ആക്രമിക്കും എന്നാണു ഞാൻ കേട്ടത്‌. തയ്യാറെടുപ്പുകളൊക്കെ കഴിഞ്ഞുവത്രേ.ഇനി എന്തായാലും......ശ്ശ്ശ്ശ്ശ്ശ്‌ നിൽക്കൂ, വാര്യരേ...എന്താത്‌?


വഴിയരികിലെ പാറപ്പുറത്ത്‌ പുറം തിരിഞ്ഞിരിക്കുന്ന പെൺകുട്ടി.10 - 12 വയസ്സു പ്രായം കാണും. നീണ്ടിടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു.


വാര്യർ: (വിറയാർന്ന ശബ്ദത്തിൽ) ആരാത്‌???


പെൺകുട്ടി മെല്ലെ തിരിഞ്ഞു നോക്കുന്നു. സുന്ദരി.


ബ്രഹ്മ: കുട്ടി ഏതാ? എന്താ ഇവിടെ ഈ നേരത്ത്‌ ഒറ്റയ്ക്കിരിക്കുന്നത്‌?


കുട്ടി: (കരഞ്ഞുകൊണ്ട്‌) എനിക്കറിയില്ല. ഞാനെവിടാ? എനിക്കമ്മേ കാണണം.എനിക്ക്‌ വീട്ടിൽ പോണം....


ബ്രഹ്മ: കുട്ടി ഏതാ? എവിടെയാ കുട്ടിയുടെ വീട്‌?


കുട്ടി: (കൈ ചൂണ്ടിക്കൊണ്ട്‌) ദാ അവിടെയാ എന്റെ വീട്‌. എന്നെയാരാ ഇവിടെ കൊണ്ടു വന്നത്‌? എന്റമ്മയെവിടെ? ഞാനമ്മയുടെ അടുത്തു കിടന്നാണല്ലോ ഉറങ്ങിയത്‌. അമ്മേ... (കരയുന്നു)


ബ്രഹ്മ: കുട്ടി കരയണ്ടാ. അവിടെയല്ലേ കുട്ടിയുടെ വീട്‌? വരൂ ഞങ്ങൾ കൊണ്ടു ചെന്നാക്കാം.വിഷമിക്കണ്ട.


വാര്യർ: അതേ, മോളു കരയണ്ടാ കേട്ടോ. പാവം. ഞങ്ങൾ വീട്ടിൽ കൊണ്ടാക്കാം വാ..(കുട്ടിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങുന്നു)


ബ്രഹ്മ: (പെട്ടെന്ന് വാര്യരെ തടയുന്നു.) വേണ്ട വാര്യരേ,, മോൾക്കു ക്ഷീണമുണ്ടോ? ഇല്ലല്ലോ അല്ലേ. അവൾ തന്നെ നടന്നോളും.വാര്യരാ ചൂട്ടൊന്നു തെളിക്കൂ. കുട്ടി മുൻപേ നടന്നോളൂ


വാര്യർ: വേണ്ട, ഞാൻ വെളിച്ചം കാട്ടാം. (മുൻപിൽ കയറി നടക്കുന്നു. അതിനു പിന്നിൽ കുട്ടി. ഏറ്റവും പിന്നിലായി ബ്രഹ്മദത്തൻ)
ബ്രഹ്മദത്തന്റെ സജഷനിൽ മുൻപേ നടക്കുന്ന പെൺകുട്ടിയുടെ കാലുകൾ അവ തറയിൽ മുട്ടുന്നില്ല!!!
ബ്രഹ്മദത്തന്റെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി വിരിയുന്നു. അദ്ദേഹം നടത്തത്തിനിടയിൽ തന്നെ ഭാണ്ഡത്തിൽ നിന്നും മാന്ത്രിക വടി പുറത്തെടുക്കുന്നു. ഇടതുകൈയ്യിൽ ഭസ്മവും. മൂവരും മണ്ഠപത്തിനു സമീപമെത്തി.
വാര്യർ : എവിടെ നിന്റെ വീടെത്താറായോ? എന്ന ചോദ്യത്തോടെ തിരിഞ്ഞു നോക്കുന്നു. പെൺകുട്ടിയ്ക്ക്‌ തീക്കണ്ണുകൾ, ദംഷ്ട്ര.അവൾ ചോരച്ച നാവു നീട്ടി കൊതിയോടെ നുണയുന്നു.


വാര്യർ: ഭയന്നുച്ചത്തിൽ നിലവിളിക്കുന്നു. അയ്യോ.. തിരുമേനീ ഇതവളാ... യക്ഷി... പൈനും പറ യക്ഷി. തിരുമേനീ ഇതെക്ഷിയാ,,...
യക്ഷി കൂർത്ത നഖമുള്ള കൈകൾ നീട്ടി വാര്യരോടടുക്കുന്നു. പക്ഷേ പെട്ടെന്നാരോ പിടിച്ചു നിർത്തിയതുപോലെ നിന്നു പിന്നോട്ടു തിരിഞ്ഞു നോക്കുന്നു. പിന്നിൽ ,മാന്ത്രിക വടി ചൂണ്ടി ബ്രഹ്മദത്തൻ. ഉയർത്തിപ്പിടിച്ച ഇടം കൈയ്യിൽ ഭസ്മവുമായി അദ്ദേഹം മന്ത്രം ജപിക്കുന്നു.
ഓം ഹ്രീം ക്ലീം..... കൈയ്യിലിരുന്ന ഭസ്മം യക്ഷിയുടെ ദേഹത്തേക്കെറിയുന്നു. അതോടെ യക്ഷി നിശ്ചലയാകുന്നു. അവൾ കോപത്തോടെ ബ്രഹ്മദത്തനെ നോക്കുന്നു.


ബ്രാഹ്മ: പറയ്‌. ആരാണു നീ?
യക്ഷി ഉച്ചത്തിൽ ചിരിക്കുന്നു
ബ്രാഹ്മ:നീലി, പൈനുംപറ യക്ഷി.. അല്ലേ? വാര്യരേ, ഒരുക്കുകളെടുത്തോളൂ. ഇവളെത്തന്നെയല്ലേ നമ്മൾ തേടി വന്നത്‌?


വാര്യർ ഭാണ്ഡത്തിൽ നിന്നും ഒരു ചെറിയ നിലവിളക്കെടുക്കുന്നു. ഒരു നാക്കില, കുങ്കുമം, ഭസ്മം തെള്ളിപ്പൊടി,ചെറുതും വലുതുമായി രണ്ടു മൂന്നു പന്തങ്ങൾ ഒക്കെ യെടുത്തു വയ്ക്കുന്നു. ബ്രഹ്മദത്തൻ തന്റെ മാന്ത്രിക വടി കൊണ്ട്‌ നിലത്തൊരു കളം വരയ്ക്കുന്നു.വിളക്ക്‌ എണ്ണയൊഴിച്ചു കത്തിച്ചു കളത്തിനു നടുവിൽ വയ്ക്കുന്നു.


ബ്രഹ്മ :ഉം, ഇരിയ്ക്കിവിടെ.. ഈ കളത്തിലിരിക്കാൻ...


യക്ഷി ദയനീയമായി കരയുന്നു. അയ്യോ വേണ്ട... അരുതേ... എന്നെ വിട്ടയക്കണേ.. ഞാനിനിയൊരിക്കലും ഈ ഭാഗത്തേക്കു വരില്ല...എന്നെ വിട്ടയക്കണേ..


ബ്രഹ്മ: (കോപത്തോടെ) നീലീ, പറയുന്നതനുസരിക്ക്‌. എനിക്കറിയാം സംവൽസരങ്ങൾ എത്ര കഴിഞ്ഞാലും തീരില്ല, നിന്റെ രക്തദാഹം.കൽപാന്ത കാലം വരെ രക്ത പിശാചിനിയായി അലയാനാണു നിന്റെ വിധി.പക്ഷേ ഇന്നു നിന്നെ ഈ കല്ലിൽ ആവാഹിച്ച്‌ ഞാനിവിടെ കുടിയിരുത്താം. ഈ രക്ഷകളും തകിടുകളും ഉള്ളിടത്തോളം കാലം, ഈ കല്ല് ഇളക്കി മാറ്റാത്തിടത്തോളം കാലം നീ ഈ കല്ലിൽ ഇരിക്കും. നിനക്കാരെയും ദ്രോഹിക്കാനാവില്ല.. ഉം ഇരിക്കവിടെ. വാര്യരേ ആ കല്ലെടുത്ത്‌ ഈ കളത്തിൽ വയ്ക്കൂ.


വാര്യർ കല്ലെടുത്ത്‌ കളത്തിനുള്ളിൽ വയ്ക്കുന്നു. ജ്വലിക്കുന്ന പന്തങ്ങൾ, മന്ത്രങ്ങൾ, തെള്ളിപ്പൊടിയിടുമ്പോൾ ഉയരുന്ന ജ്വാലകൾ..യക്ഷിയുടെ പേടിപ്പെടുത്തുന്ന, ദയനീയമായ രോദനങ്ങൾ.... കടുത്ത മന്ത്രങ്ങൾക്കനുസരിച്ച്‌ മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന യക്ഷി... കളത്തിലിരുന്ന് മെല്ലെ മെല്ലെ ചലിക്കുന്ന കല്ല്. അതു മെല്ലെ കുലുങ്ങി കുലുങ്ങി നിശ്ചലമാകുന്നു. ബ്രഹ്മദത്തൻ ധാരാളം കെട്ടുകളുള്ള ഒരു ചുവന്ന ചരടെടുത്ത്‌ കല്ലിൽ ചുറ്റിക്കെട്ടി വയ്ക്കുന്നു.
ബ്രഹ്മ: വാര്യരേ, ഇനിയൊരു കുഴി കുഴിച്ചോളൂ


വാര്യർ ഒരു ചെറിയ കൈത്തൂമ്പയെടുത്ത്‌ ഒരു കുഴി കുഴിക്കുന്നു.


ബ്രഹ്മ: ഇനി ആ കല്ലെടുത്തോളൂ വാര്യരേ. (വാര്യർ പേടിയോടെ ആ കല്ലെടുക്കുന്നു.ബ്രഹ്മദത്തൻ കുഴിയുടെ നാലു മൂലയിലും ഓരോ തകിടുകൾ സ്ഥാപിക്കുന്നു.)ഇനി ആ കല്ല് കുഴിയിലേക്കു വച്ചോളൂ.(കല്ലിനു മുകളിലും ഒരു തകിടു വയ്ച്ചു കുഴി മൂടുന്നു. രണ്ടു പേരും കൂടി കുഴിക്കു മുകളിലായി ഒരു കരിമ്പനത്തൈ പറിച്ചു വയ്ക്കുന്നു.) ഹാവൂ, യുവരാജാവു നമ്മെ ഏൽപ്പിച്ച ജോലി കഴിഞ്ഞു. ഇനി ഈ കല്ലിളക്കുന്നതു വരെ ഇവളുടെ ശല്യം ആർക്കുമുണ്ടാവില്ലെന്നുറപ്പ്‌.വരൂ നമുക്കു പോകാം. യുവരാജാവിനെ വിവരമറിയിക്കാം.അദ്ദേഹത്തിന്‌ ഒരു തലവേദന ഒഴിഞ്ഞല്ലോ.


ഇരുവരും നടന്നു പോകുന്നു. ( wide angle,crane shot) ഇരുവരും നാട്ടു വഴിയിലൂടെ നടന്നു മറായുന്നു.
കാറ്റ്‌. ഇലകളിലും മരങ്ങളിലുമെല്ലാം കാറ്റു ചലനം സൃഷ്ടിക്കുന്നു. കരിയിലകൾ പാറുന്നു. കരിമ്പനത്തൈയുടെ മേലേക്കു കരിയലകൾ വന്നു വീഴുന്നതിന്റെ close up ദൃശ്യത്തിൽ നിന്നും സാവധാനം zoom back ചെയ്തു ആ പ്രദേശത്തിന്റെ wide angle long crane shot എത്തുമ്പോൾ.....


തകർന്നടിഞ്ഞു, വള്ളികൾ പടർന്നു കിടക്കുന്ന മണ്ഡപം. കരിമ്പനയുടെ ദ്രവിച്ച ഒരു കുറ്റി മാത്രം.. വൃദ്ധനായ വലിയ പാലമരം.ഇലകൾ വീണു ജീർണ്ണിച്ചു കിടക്കുന്ന കുളം. പനയുടെ കുറ്റിയോടു ചേർന്ന് ഒരു വലിയ ചിതൽ പുറ്റ്‌.


പാറപ്പുറത്ത്‌ ഒരു കരിന്തേൾ ഭീഷണമായി വാലുയർത്തി നിൽക്കുന്നു. താഴെ ഒരെലി മൂക്കുയർത്തി നോക്കുന്നു. ചിതൽ പുറ്റിലേക്ക്‌ ഒരു പാമ്പ്‌ മെല്ലെ ഇഴഞ്ഞു കയറുന്നു.മരക്കൊമ്പിലിരുന്ന് ഒരു മൂങ്ങ ചുറ്റും നോക്കുന്നു. ഇളം കാറ്റ്‌. ഒരു പാലപ്പൂവ്‌ മെല്ലെ പാറി വന്ന് കുളത്തിലേക്ക്‌ വീഴുന്നു. പൂവിനെ പിന്തുടർന്നു വരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up ദൃശ്യം.


(തുടരില്ല)

17 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

രാം ഗോപാല്‍ വര്‍മ്മ ആണെങ്കില്‍ ഇപ്പൊ പേടിപ്പ്പിക്കുന്ന ഡി ടി എസ് മ്യുസിക്കില്‍ ഒരു കല്ല്‌ വന്നു വെള്ളത്തില്‍ വീഴുന്നെ കൂടെകാണിക്കും

നീര്‍വിളാകന്‍ പറഞ്ഞു...

ബൂലൊകത്തില്‍ യക്ഷ്യും, പ്രേതവും ഇറങ്ങി വിലസുകയാണല്ലോ.... നന്നായി മാഷെ... ഭാവുകങള്‍

മീര അനിരുദ്ധൻ പറഞ്ഞു...

എന്റമ്മച്ച്യേ ! പേടിയാവുന്നൂ

siva // ശിവ പറഞ്ഞു...

ഞാന്‍ പേടിച്ചു....

ramanika പറഞ്ഞു...

ഈ സീനുകള്‍ ഇന്നത്തെ ഉറക്കം
കളയും തീര്‍ച്ച ..................!

കൂട്ടുകാരന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

തുടരില്ല എന്നു കണ്ടപ്പഴാ ഒരു സമാധാനായതു്! (സ്മൈലിയുണ്ടേ..)

പാവപ്പെട്ടവൻ പറഞ്ഞു...

നിലാവിന്റെ പൂങ്കാവില്‍ നിശാ പുഷ്പ്പഗന്ധം കിനാവിന്‍റെ തേന്‍പാവില്‍ രാപാടി...പാടി കുമേരേട്ട...? ആരാത് ?

വള്ളികൾ പടർന്നു കിടക്കുന്ന മണ്ഡപം. കരിമ്പനയുടെ ദ്രവിച്ച ഒരു കുറ്റി മാത്രം.. വൃദ്ധനായ വലിയ പാലമരം.ഇലകൾ വീണു ജീർണ്ണിച്ചു കിടക്കുന്ന കുളം. പനയുടെ കുറ്റിയോടു ചേർന്ന് ഒരു വലിയ ചിതൽ പുറ്റ്‌.

ഭയ പെടുത്താന്‍ വേണ്ടി ഓരോന്ന് കൊണ്ട് വരും ആശംസകള്‍ ഒന്നുമില്ല ഇനി മേല്‍ ഇത്തരം ചുണ്ണാമ്പുമായി വന്നു പോകരുത്

hshshshs പറഞ്ഞു...

ആ പ്രദേശം ഒരു ലോംഗ് ഷോട്ടിലേക്ക് നീങ്ങുന്നു...പിന്നെ ഒരു മോർഫിങ്ങിലൂടെ പനയും കുളവും മാറുന്നു...ചുറ്റുപാടുകളും മാറുന്നു...ആ കല്ല് കുഴിച്ചിട്ടിടം മാത്രം ക്ലോസ് അപ്പിൽ...വീണ്ടും ക്യാമറ പുറകോട്ട്...അവിടെ നിൽക്കുന്ന ഒരു കൂറ്റൻ റിസോർട്ട്..അകലെ നിന്നും വരുന്ന ജെ സി ബി യിൽ അച്ചുമാമ്മൻ ..ജെ സി ബി ബക്കറ്റ് കൊണ്ട് ബിൽഡിംഗ് നിരത്തുന്നു അടിത്തറയിൽ മാന്തുമ്പോൾ ആ കല്ല് വീണ്ടും ഇളകി പുറത്തു വരുന്നു...(തുടരില്ല..!!)

നിരക്ഷരൻ പറഞ്ഞു...

അതെന്തേ തുടരാത്തത് ? :):)

പാവത്താൻ പറഞ്ഞു...

ഇവിടെ വന്നു പേടിച്ചവര്‍ക്കെല്ലാം നന്ദി. ഇതെഴുതിയപ്പോള്‍ ഞാനെന്തുമാത്രം പേടിച്ചു!!!
@കണ്ണനുണ്ണീ: കുളത്തില്‍ കല്ലിടുന്ന കുരുത്തം കെട്ടവന്‍ അവിടെ വന്നോ?:-)
@hshshshs: ഒരു രാഷ്ട്രീയ പ്രേതകഥയാക്കാം അല്ലേ.ബാക്കി പ്ലാന്‍ ചെയ്തത് ഏതാണ്ടങ്ങിനെയൊക്കെ തന്നെയാണ്. അച്ചുമ്മാമയ്ക്കു പകരം സിനിമാ ഷൂട്ടിങ് യൂണിറ്റാണെന്നു മാത്രം.
@നിരക്ഷരന്‍ : ബാക്കി എഴുതാന്‍ പേടിയായിട്ടാണേ...

Rakesh R (വേദവ്യാസൻ) പറഞ്ഞു...

ഏകാന്തതയുടെ അപാരതീരം .....

ശ്രീ പറഞ്ഞു...

പേടിപ്പിയ്ക്കാനായിട്ട് ഓരോന്ന് എഴുതി വിട്ടോളും
;)

OAB/ഒഎബി പറഞ്ഞു...

അയ്യേ... ഞാൻ പേടിച്ചില്ലേ. സൌദീല് യച്ചീം പ്രേതോം ഒന്നും ആരും കണ്ടിട്ടില്ല്യ...ഇനി നാട്ടിൽ വന്ന് ഞാൻ രണ്ടാം വട്ടം വായിക്കും. അപ്പൊ പേടിച്ചോളാം കെട്ടൊ.

Sabu Kottotty പറഞ്ഞു...

കഥ വളരെ നന്നായി മാഷെ.
പേടിപ്പിയ്ക്കാന്‍ ഇത്രയും മതിയാവുമെന്നു തോന്നുന്നില്ല

ഗീത പറഞ്ഞു...

തുടരൂല്ലല്ലോ ? ഉറപ്പാണല്ലോ?
മനുഷ്യനെ പേടിപ്പിക്കാന്‍ !

ഹെന്റമ്മേ തുറന്നു കിടക്കുന്ന ജനാലയിലൂടെ ദേ പാലപ്പൂമണം ഒഴുകിവരുന്നു...
മൂങ്ങ മൂളുന്നതും കേള്‍ക്കുന്നു.....

പാവത്താനേ, ഇവിടെ ഏതെക്ഷിയാ വരാന്‍ പോകുന്നത്?
അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍.....

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഹഹ... എന്താ ആ കയ്യടക്കം !!!!
കലകലക്കന്‍ എഴുത്താണല്ലോഷ്ടാ....
പ്രേതകഥയാണെന്ന കൊഴപ്പേള്ളു :)