2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

കൊലകൊമ്പൻ

സെപ്റ്റമ്പർ പത്താം തീയതി,വ്യാഴാഴ്ച വൈകിട്ട്‌ നാലര മണിയോടെ,ചെങ്ങന്നൂരിനടുത്ത്‌, തടി പിടിക്കാൻ കൊണ്ടു വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ -കുന്നന്താനം മഠത്തിൽകാവ്‌ ശിവശങ്കരൻ ബുധനൂരിൽ ആൽത്തറകവലയ്ക്കു സമീപം വച്ച്‌ ഇടഞ്ഞു.


വാർത്ത പരന്ന ഉടൻ തന്നെ കാഴ്ച്ച കാണാൻ ഒരു വൻ ജനക്കൂട്ടം തടിച്ചു കൂടി. ആർപ്പും ആരവവുമായി അവർ ശിവശങ്കരനെ പിന്തുടർന്നു.സ്വസ്ഥമായൊന്നു നിൽക്കാനനുവദിക്കാതെ,ഒരശാന്ത നിമിഷത്തിൽ എങ്ങിനെയോ കൈവിട്ടു പോയ മനസ്സിന്റെ കടിഞ്ഞാൺ വീണ്ടെടുത്ത്‌ ശാന്തനാവാൻ അവസരം നൽകാതെ അവരവനെ തെരുവുകളിലൂടെ ഓടിച്ചു.


വിരണ്ട്‌ പത്ത്‌ കിലോമീറ്ററോളം ഓടി പാണ്ടനാട്‌ എന്ന സ്ഥലത്തു വന്ന ശിവശങ്കരൻ നാക്കട ആലുമ്മൂട്ടിൽ ശശിമന്ദിരം ശശിധരന്റെ വീടിന്റെ മതിലും ഗേറ്റും തകർത്ത്‌ അകത്തു കടന്നു. മുറ്റത്തു നിൽക്കുകയായിരുന്ന ശശിധരനെ (59 വയസ്സ്‌) മതിലിനോടു ചേർത്തു വച്ചു കുത്തി.


ഒരാളെ കുത്തി കൊല്ലുക കൂടി ചെയ്തതോടെ ആൾക്കാർക്ക്‌ ആവേശം കൂടി. ആൾക്കൂട്ടത്തിന്റെ വലിപ്പം കൂടി. അവരുടെ ബഹളങ്ങൾ ശിവശങ്കരനെ കൂടുതൽ അസ്വസ്ഥനാക്കി. അവൻ റോഡിലൂടെ പല തവണ അങ്ങോട്ടു മിങ്ങോട്ടും ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒരു വൻ ജനക്കൂട്ടം ശബ്ദഘോഷങ്ങളോടെ പിന്നാലെയും. ഒരിടത്തും നിൽക്കാനോ വിശ്രമിക്കാനോ സാധ്യമാകാത്ത സ്ഥിതിയിൽ സഹികെട്ട ശിവശങ്കരൻ ഒടുവിൽ പമ്പയാറ്റിലേക്കു ചാടി.


അപ്പോഴേക്കും, വിവരമറിയിച്ചതനുസരിച്ച്‌, പത്തനംതിട്ട എലിഫന്റ്‌ സ്ക്വാഡിൽ നിന്നും ഡോക്ടർ ഗോപകുമാർ സ്ഥലത്തെത്തി.ആനയെ മയക്കുവെടി വെയ്ക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. നദിയിൽ നിന്നും കരയ്ക്കു കയറിയാലേ വെടി വെയ്ക്കാനാവൂ എന്നു ഡോക്ടർ അറിയിച്ചു.


നദിയിൽ അത്രയും സമയം കിടന്ന ശിവശങ്കരൻ അപ്പോഴേയ്ക്കും അൽപം ശാന്തനായിരുന്നു. രണ്ടാം പാപ്പാൻ വിളിച്ചപ്പോൾ അവൻ അനുസരണയോടെ കരയ്ക്കു കയറി.കരയ്ക്കു കയറി നിന്ന ശിവശങ്കരനെ ഡോക്ടർ ഗോപകുമാർ മയക്കു വെടി വച്ചു. (സൈലസിൻ എന്ന മരുന്നാണുപയോഗിച്ചത്‌ എന്നും ഇതു പ്രവർത്തിച്ചു തുടങ്ങാനിരുപതു മിനിറ്റോളമെടുക്കും എന്നും അദ്ദേഹം പിന്നീടു പറഞ്ഞു)


അപ്രതീക്ഷിതമായി വെടി കൊണ്ട ആന പെട്ടെന്ന് വെടി വച്ച ഡോക്ടർക്കു നേരേ തിരിഞ്ഞെങ്കിലും വീണ്ടും അടുത്തുള്ള തെങ്ങിൻ കൂട്ടത്തിൽ ശാന്തനായി നിന്നു.


പക്ഷേ അപ്പോഴേക്കും മദമിളകിയ ജനക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ശശിധരനെ കൊലപ്പെടുത്തിയതിന്റെ ദേഷ്യം കൂടിയായപ്പോൾ ആൾക്കൂട്ടത്തിന്റെ അവസ്ഥ മദ്യപിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയായി. അവരുടെ ശല്യം കൊണ്ടു സഹികെട്ട ശിവശങ്കരൻ വീണ്ടും ആറ്റു തീരത്തേയ്ക്കു നീങ്ങി.


മയക്കു വെടിയേറ്റ കൊമ്പൻ ആറ്റിലിറങ്ങുകയും അവിടെ വച്ചു മയങ്ങുകയും ചെയ്താൽ അപകടമാണെന്ന് ഡോക്ടർ അപ്പോഴും മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു. പക്ഷെ ആരു കേൾക്കാൻ? ജനക്കൂട്ടം അസഹ്യമാംവിധം ശല്യപ്പെടുത്തി ശിവശങ്കരനെ വീണ്ടും ആറ്റിൽ ചാടിച്ചു. അവൻ അഭയം തേടി അക്കരെയ്ക്കു നീന്തി. അവിടെ കരയ്ക്കു കയറുവാനുള്ള ശ്രമമായി. പക്ഷെ അവിടെയും ആൾക്കാർ കൂടിയിരുന്നു. അവൻ കരയ്ക്കു കയറാൻ ശ്രമിച്ചയിടങ്ങളിലെല്ലാം തീ കൂട്ടി അവരവനെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.


നല്ല ഒഴുക്കുള്ള, നിലയില്ലാത്ത ആറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തി നീന്തി പലയിടത്തും കര കയറാൻ ശ്രമിച്ചു കൊണ്ടിരുന്ന ശിവശങ്കരനെ മെല്ലെ മയക്കം ബാധിച്ചു തുടങ്ങി. തളർന്നു തുടങ്ങിയ അവൻ ഒരിടത്തും അഭയം ലഭിക്കാതെ മെല്ലെ ആഴക്കയത്തിലേക്കു നീങ്ങി നീങ്ങി പോയി.വെൾലത്തിൽ പൂർണ്ണമായും മുങ്ങിക്കഴിഞ്ഞ ശിവശങ്കരൻ ഇടയ്ക്കിടെ തുമ്പിക്കൈ മാത്രം വെള്ളത്തിനു മുകളിലുയർത്തി ശ്വാസമെടുക്കുന്നത്‌ കുറെ നേരത്തേയ്ക്കു കാണാമായിരുന്നു. രാത്രി പത്തു മണിയോടെ അതും കാണാതായി.വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണി വരെ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിൽ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ശിവശങ്കരനെ കണ്ടെത്താനായില്ല.


വെള്ളിയാഴ്ച്ച രാവിലെ നാക്കട കടവിനു സമീപം തെങ്ങിൽ കള്ളു ചെത്താൻ കയറിയ ആളാണതാദ്യം കണ്ടത്‌ - പമ്പാ നദിയിൽ പൊങ്ങിക്കിടക്കുന്ന, ശിവശങ്കരന്റെ അനക്കമറ്റ ശരീരം.


വിവരമറിഞ്ഞ ജനക്കൂട്ടം അങ്ങോട്ടൊഴുകിയെത്തി.പക്ഷെ ഇപ്പോൾ അവരുടെ ആരവങ്ങളോ ബഹളങ്ങളോ ഒന്നും ശിവശങ്കരനെ അലട്ടിയില്ല. ചെയ്തു പോയ പാപത്തിന്റെ പ്രായശ്ചിത്തം പോലെ അവൻ അനക്കമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടന്നു.പതിനൊന്നു മണിയോടെ പോലീസിന്റെ സ്പീഡ്‌ ലോഞ്ചിൽ കെട്ടിവലിച്ച്‌ ശിവശങ്കരനെ തീരത്തടുപ്പിച്ചപ്പോൾ ആരും തീ കത്തിച്ചും പാട്ട കൊട്ടിയും അവനെ ഭയപ്പെടുത്താൻ ശ്രമിച്ചില്ല..



ആറ്റിൽ നിന്നും ശിവശങ്കരനെ ക്രെയിനിലുയർത്തി ലോറിയിൽ വച്ചു. ചുവന്ന പട്ടു പുതപ്പിച്ച്‌ അവനെ കുന്നന്താനത്തെ അവന്റെ സ്വന്തം വീടായ മഠത്തിൽകാവ്‌ ക്ഷേത്രത്തിലേക്ക്‌ കൊണ്ടു പോയി.പക്ഷെ അവന്റെ ദുരിതപർവം അവസാനിച്ചിരുന്നില്ല.......
ചിത്രങ്ങള്‍ : സാനു ഭാസ്കര്‍
മഠത്തിൽ കാവ്‌ ക്ഷേത്രത്തിൽ അന്തിമോപചാരങ്ങൾക്കു ശേഷം വൈകിട്ടു നാലു മണിയോടെ പോസ്റ്റ്‌ മോർട്ടം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി ശിവശങ്കരനെ പരുമലയിലെ ദേവസ്വം ബോർഡ്‌ പമ്പാ കോളജ്‌ ഗ്രൌണ്ടിൽ എത്തിച്ചു. അപ്പോൾ അവനെ "ആചാരവിധിപ്രകാരം" ദഹിപ്പിക്കാനായി ഒരുക്കിയിരുന്നത്‌ കുറെ പഴയ ടയറുകൾ.


ജനത്തിന്റെ ആനസ്നേഹമുണർന്നു. വൻ പ്രതിഷേധമായി.വിരകുപയോഗിച്ചു ജഡം കത്തിച്ചില്ലെങ്കിൽ ലോറിയിൽ നിന്നിറക്കാനോ പോസ്റ്റ്‌ മോർട്ടം നടത്താനോ സമ്മതിക്കില്ല എന്ന് ആൾക്കാർ വാശി പിടിച്ചു.ശിവശങ്കരനു വീണ്ടും കാത്തിരിപ്പിന്റെ ദുരിതപർവ്വം. അവസാന മറ്റൊരു ലോറിയിൽ വിറകു കൊണ്ടു വന്നു.


അങ്ങിനെ തങ്ങൾ കൊന്ന ശിവശങ്കരന്റെ ജഡം എങ്ങിനെ സംസ്കരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നു ജനം തെളിയിച്ചു.


പിന്നീടു ക്രെയിനുപയോഗിച്ചു താഴെയിറക്കിയ ശിവശങ്കരനെ വെറ്ററിനറി സർജന്മാരുടെയും ദേവസ്വം ഡോക്ടറുടെയും നേതൃത്വത്തിൽ പോസ്റ്റ്‌ മോർട്ടം നടത്തി. ദേവസ്വം സെക്രട്ടറി, അസി: ദേവസ്വം കമ്മീഷണർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ആചാരവിധിപ്രകാരം സംസ്കരിച്ചു.ശിവസങ്കരന്റെ കൊമ്പുകൾ നടപടിക്രമമനുസരിച്ച്‌ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
ഉത്സവം കഴിഞ്ഞു ജനങ്ങൾ സമാധാനമായി പിരിഞ്ഞുപോയി.


("ആളുകൾ ഒഴിഞ്ഞു നിൽക്കുകയും വെടിയേറ്റ കൊമ്പന്‌ മയങ്ങാൻ തക്ക ശാന്തമായ അന്തരീക്ഷം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആനദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ്‌ ഡോക്ടർമാരുടെ അഭിപ്രായം" മാതൃഭൂമി റിപ്പോർട്ട്‌)


ശിവശങ്കരനും,അവന്റെ കുത്തേറ്റു മരിച്ച ശശിധരനും ആദരാഞ്ജലികൾ.......


ചിത്രങ്ങള്‍ : സാനു ഭാസ്കര്‍

25 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

കഷ്ടം തോനുന്നു. എന്ത് പറയണം എന്നറിയില്ല ..

Sureshkumar Punjhayil പറഞ്ഞു...

Vaayichirunnu... Allenkilum aanakal kkallallo branthu.. nammal manushyarkkalle.
Ashamsakal...!!!

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ആന എന്നും ജനങ്ങള്‍ക്ക് ഒരു ഹരമാണ്. അതിന്റെ ദുഖങ്ങള്‍ മനസ്സിലാകുന്നവര്‍ വളരേ വിരളവും.
ഒരാനയെ കൊലയ്ക്ക് കൊടുത്ത സംഭവം വേദനിപ്പിച്ചു പാവത്താനേ...ഒപ്പം ആന കൊലപ്പെടുത്തിയ ആളുടെ സംഭവവും..ഇരുവര്‍ക്കും ആദരാഞ്ജലികള്‍

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

കഷ്ടം..
:-(

Sabu Kottotty പറഞ്ഞു...

വലിയ കഷ്ടം തന്നെ...
ദുരന്തങ്ങള്‍ പലതും ഒഴിവാക്കാവുന്നവ തന്നെയാണ്. പക്ഷേ പലരും അതിനു ശ്രമിയ്ക്കാറില്ലെന്നു മാത്രം. ഇവിടെയും രണ്ടു കൊലപാതകങ്ങള്‍ ഒഴിവാക്കാമായിരുന്നു.

Rakesh R (വേദവ്യാസൻ) പറഞ്ഞു...

ഇന്ന് ചാനല്‍ വാര്‍ത്ത കണ്ടിരുന്നു , ഒരു ഹിന്ദി വാര്‍ത്ത ... കേരളത്തിലെ ജനതയുടെ ക്രൂരതയെന്ന പേരില്‍

Noushad mannar പറഞ്ഞു...

kombane vellunna vambanmar... ..viralipidicha manusharekal fedam
kolakomban thanne ..pavam sasidharan
.... onnumillelum quatationkarekal fedam kombanthanne...

നിരക്ഷരൻ പറഞ്ഞു...

കാട്ടില്‍ കിടക്കുന്ന ആനകളെ ചതിക്കുഴികളില്‍ വീഴ്ത്തി പിടിച്ചുകൊണ്ടുവന്ന് ഉത്സവത്തിനും തടിപിടുത്തത്തിനും മറ്റും ഉപയോഗിക്കുന്ന മനുഷ്യന്മാര്‍ക്ക് തന്നെയാണ് മദമിളക്കം.

തടിപിടിക്കാന്‍ ഇപ്പോള്‍ നല്ല ഒന്നാന്തരം ക്രെയിനുകള്‍ ലഭ്യമാണ്. (ശിവശങ്കരനെ ഉയര്‍ത്തുന്ന ആ ക്രെയിന്‍ കണ്ടില്ലേ ? അതുമതി തടിപിടിക്കാനും.) അതുകൊണ്ട് ആ ജോലിയില്‍ നിന്നും ആനകളെ ഒഴിവാക്കണമെന്ന് ഒരു മൃഗസ്നേഹിയെങ്കിലും , ഒരു ആനപ്രേമിയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ ആവോ ?

പിന്നെ ദൈവങ്ങളുടെ കാര്യം. ഒരു ദേവപ്രശ്നം വെച്ച് ആനകളെ ഒഴിവാക്കുന്ന കാര്യത്തെപ്പറ്റി ഏതെങ്കിലും ഭക്തന്മാര്‍ പറഞ്ഞിട്ടുണ്ടോ? ചിന്തിച്ചിട്ടുണ്ടോ ? അതും അറിയില്ല.

ഇതുവരെ നടന്നിരുന്ന വഴികളിലൂടെ ‘മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ‘ എന്ന രീതിയില്‍ നമ്മളങ്ങനെ കാലം കഴിച്ചുകൂട്ടുന്നു.

പാവപ്പെട്ടവൻ പറഞ്ഞു...

വളരെ ദുഖകരമായ ഒരു വാര്‍ത്ത ആയിപോയി എല്ലാം കഴിഞ്ഞു ഇനി പറഞ്ഞിട്ടുകാര്യ മില്ലല്ലോ

ഉറുമ്പ്‌ /ANT പറഞ്ഞു...

കഷ്ടം

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Typist | എഴുത്തുകാരി പറഞ്ഞു...

അതെ, കഷ്ടം തോന്നുന്നു. എല്ലാം കഴിഞ്ഞില്ലേ.

പാമരന്‍ പറഞ്ഞു...

കഷ്ടം!

Unknown പറഞ്ഞു...

ഈ വാർത്ത പത്രങ്ങളിൽ വായിച്ചിരുന്നു.കഷ്ടം അല്ലാതെ എന്താ പറയുക

പാവത്താൻ പറഞ്ഞു...

കണ്ണനുണ്ണി,സുരേഷ്,വാഴക്കോടന്‍,തൃശ്ശൂര്‍ക്കാരന്‍,കൊട്ടോട്ടിക്കാരന്‍,വേദവ്യാസന്‍,നൌഷാദ്,നിരക്ഷരന്‍,പാവപ്പെട്ടവന്‍,ഉറുമ്പ്,എഴുത്തുകാരിചേച്ചി,പാമരന്‍ അനൂപ്, - ശിവശങ്കരന്റെയും ശശിധരന്റെയും ഒഴിവാക്കാമായിരുന്ന ദുരന്തത്തിന്റെ വേദനയില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

ബിനോയ്//HariNav പറഞ്ഞു...

കാട്ടില്‍ സ്വൈര്യവിഹാരം നടത്തേണ്ട ജീവികളെ ഭയപ്പെടുത്തി നാട്ടുവാസികളാക്കി ചൂഷണം ചെയ്യുന്ന ഏര്‍പ്പാട് തുടരുന്നിടത്തോളം ഇത്തരം സം‌ഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പോസ്റ്റിന് നന്ദി :)

മീര അനിരുദ്ധൻ പറഞ്ഞു...

ഒഴിവാക്കാമായിരുന്ന ഒരു ദുരന്തം ആയിരുന്നു.ഒരു ജീവൻ കൂടി പൊലിഞ്ഞല്ലോ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കഷ്ടം...ഇരുവര്‍ക്കും ആദരാഞ്ജലികള്‍

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കഷ്ടം തന്നെ.
വളരെ വിഷമം തോന്നുന്നു.
നമ്മുടെ ജനത്തിനാ‍ണ് ആദ്യം മയക്കുവെടി നല്‍കേണ്ടത്.

Manikandan പറഞ്ഞു...

തികച്ചും ദാരുണമായ അന്ത്യം.

സുദേവ് പറഞ്ഞു...

എപ്പോഴാണാവോ മനുഷ്യന് ബുദ്ധി വരിക

പാവത്താൻ പറഞ്ഞു...

ബിനോയ്, മീര,അരീക്കോടന്‍, അനില്‍, മണികണ്ഠന്‍,സുദേവ്, സന്ദര്‍ശനന്ത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

bhoolokajalakam പറഞ്ഞു...

വായിച്ചിട്ട് വിഷമം തോന്നുന്നു....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ആന പ്രേമം മൂത്തുമൂത്ത് ,ഇത്രയധികം കൊലയാനകളെ നമ്മൾ സ്ര്യ്ഷ്ടിച്ചു കഴിഞ്ഞു...എന്നാണ് നമ്മൾ ഇനി ആനയെ ഒന്നു ശരിക്ക് സ്നേഹിക്കുക ?

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇവനെയൊക്കെ തല്ലി കൊല്ലണം!!