പ്രിയപ്പെട്ട കൂട്ടുകാരാ,
ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ് എനിക്കിത് പറയാനുള്ളത്?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ? അതു കൊണ്ട് ഞാനതിപ്പോൾ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്.
എലികൾക്കെന്റെ മനസ്സു വായിക്കാനാവും!!
സത്യമാണു സുഹൃത്തേ, മുറിയിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോൾ അലമാരയ്ക്കു മുകളിലോ ജാലകപ്പടിയിലോ ഒക്കെയിരുന്ന് എലികൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്. എന്റെ കൂടെ മറ്റാരെങ്കിലുമുണ്ടെങ്കിൽ ഇതേ എലികൾ വെറും അപരിചിതരെപ്പോലെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഓടി മറയും.
ചില ദിവസങ്ങളിൽ ഞാൻ ദേഷ്യത്തിലാണെന്നറിഞ്ഞാൽ എലികളെല്ലാം പേടിച്ച് മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എന്നെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരിക്കും. ഞാൻ സന്തോഷത്തിലായിരിക്കുമ്പോളാകട്ടെ അവ മുറിയിലാകെ ഓടി നടക്കുകയും ചെറിയ ചെറിയ എലിസ്വരങ്ങളിലൂടെ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും.
അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമൊക്കെ കരണ്ടു നശിപ്പിക്കുകയും അവയ്ക്കിടയിൽ പെറ്റു പെരുകുകയും ചെയ്യുമെങ്കിലും വിലപിടിപ്പുള്ളതും അപൂർവ്വവുമായ പുസ്തകങ്ങളെയെല്ലാം ഇവർ ഒഴിവാക്കിയിരുന്നു. തുണികളുടെ കാര്യത്തിലും കരണ്ടു നശിപ്പിക്കാനായി ഉപയോഗശൂന്യമായ പഴയവ മാത്രം തെരഞ്ഞെടുക്കുവാൻ അവർ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രാത്രി ഉണരുമ്പോൾ കട്ടിൽത്തലയ്ക്കൽ, എന്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട് എലികളിരിക്കുന്നത് ഞാൻ കാണാറുണ്ട്. ഞാനുണർന്നതറിഞ്ഞാൽ ഒന്നു പുഞ്ചിരിച്ച ശേഷം അവ മെല്ലെ ഇരുളിലേക്കു മറയും.
ഇപ്പോളിതെല്ലാം നിങ്ങളോടു പറയാൻ എന്താണു കാരണം എന്നാവും. എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ് ഞാനിതെല്ലാം പറയുക?ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയാൻ എനിക്കായില്ലെങ്കിലോ എന്ന് എനിക്കു പേടി തോന്നിത്തുടങ്ങിയിരിക്കുന്നു.
ഇന്നലെ രാത്രി എന്തോ വായിച്ചിരുന്ന് ഞാൻ മേശപ്പുറത്ത് തല വച്ച് അറിയാതുറങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ഒരെലി മേശപ്പുറത്ത് എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഞാനുണർന്നെന്നറിഞ്ഞപ്പോൾ അതെന്നെ നോക്കി പുഞ്ചിരിച്ചു.പിന്നെ ഇന്നോളമൊരെലിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ആ എലി ചെയ്തു.മെല്ലെ നടന്നു വന്ന് അത് എന്റെ കവിളിൽ ഉമ്മ വച്ചു.എന്നിട്ടു പെട്ടെന്നോടി ഇരുളിൽ മറഞ്ഞു.
അപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല.പക്ഷെ ഇപ്പോൾ രാവിലെ മുടി ചീകാൻ കണ്ണാടി നോക്കിയപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് - എന്റെ മുൻപിലെ രണ്ടു പല്ലുകൾക്ക് അൽപം നീളം കൂടുതലായിട്ടുണ്ടോ എന്നെനിക്കൊരു സംശയം.ചെവികൾക്കും ഒരു വലിപ്പ വത്യാസമുള്ളതു പോലെ.....ശബ്ദത്തിനൊരു വത്യാസം വന്നതായി കുറച്ചു ദിവസമായിട്ടേ ഉണ്ടായിരുന്നു എനിക്കൊരു സംശയം.
ഇന്നലെയൊരു സംഭവം കൂടി നടന്നു. എഴുതിക്കോണ്ടിരുന്ന പെൻസിലിന്റെ പകുതിയോളം ഞാൻ കരണ്ടു മുറിച്ചു. ഒരു കവിതയെഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.പറ്റിയ വാക്കുകൾ കിട്ടാതെ ആലോചിച്ചിരിക്കുമ്പോഴാണ് ഞാൻ പെൻസിലിന്റെ ചുവട് കരളാൻ തുടങ്ങിയത്.ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട് ഞാനെന്തു കൊണ്ടാണ് അങ്ങിനെ ചെയ്തതെന്ന്.
എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു.എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ് ഞാനിതൊക്കെ പറയുക?
അയല്വക്കത്തെ പാണ്ടൻ പൂച്ച ഭീഷണമായി മുരണ്ടു കൊണ്ട് മുറിക്കു പുറത്ത് ഉലാത്തുകയാണ്. ഞാൻ വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായടച്ച് പൂട്ടി അകത്തിരിക്കുകയാണ്. എതു നിമിഷവും പൂച്ച ചിമ്മിനി വഴി ചാടി അകത്തു വരാം......എന്നിട്ട്.....എന്നിട്ട്...... എനിക്കു ശരിക്കും പേടിയാകുന്നു സുഹൃത്തേ,ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ?... എനിക്കു വല്ലാതെ പേടിയാകുന്നല്ലോ........
19 അഭിപ്രായങ്ങൾ:
മാഷേ, ഇതെത്രനാളായി തുടങ്ങിയിട്ട്. സംഭവം പന്തിയല്ലാട്ടോ. അധികം വച്ചോണ്ടിരിക്കണ്ടാ!
ഇത് അധികം വച്ചോണ്ടിരിക്കണ്ടാട്ടൊ...!?
ഇനിയും ചെവിയുടെ നീളവും പല്ലിന്റെ നീളവും
മറ്റും കൂടുന്നതിനു മുൻപ് എത്തേണ്ടിടത്ത് എത്തിക്കണം.
ഞാനും പ്രാർത്ഥിക്കാം.
ഇത് കൈവിട്ട് പോയല്ലോ ഈശ്വരന്മാരേ...
പ്രശ്ന പരിഹാരത്തിനായി മാര്‍ജ്ജാരസൂപ്പ് രാവിലേയും വൈകീട്ടും കഴിക്കുക! :)
മാഷേ, ഇത് എലിപനിയുടെ ലക്ഷണമാ!!
ഭാഗ്യായി പട്ടികള്‍ക്ക് ഇഷ്ടം തോനാഞ്ഞത് ...
പക്ഷെ ഇനി എലിപനി എങ്ങാനം ആണോ മാഷെ ?
ലക്ഷണം കണ്ടിട്ട് എലിപ്പനി ആണെന്ന് തോന്നുന്നു...
ഒരു ഒറ്റ മൂലി ഇതാ...
എലി പാഷാണം: ഒരു ടീ സ്പൂണ്‍.
പച്ച വെള്ളം: അര ഗ്ലാസ്സ്
പരാമര്‍ അല്ലെങ്കില്‍ ഫ്യൂരടാന്‍ : പാകത്തിന്.
ഉണക്ക മത്തി : ഒരെണ്ണം
പച്ച വെള്ളത്തില്‍ പാഷാണം കലക്കി പാകത്തിന് പരാമറോ ഫ്യുരടാണോ ചേര്‍ത്ത് ഇളക്കി അതില്‍ മുക്കിയ മത്തി എടുത്ത് തലയ്ക്കല്‍ വച്ചിട്ട് ധൈര്യമായി കിടന്നുറങ്ങിക്കോ...എലിയുടെ പൂടപോലും പിന്നെ കാണില്ല.
(എന്നിട്ടും എലി താങ്കളെ നോക്കി പുഞ്ചിരിതൂകുന്നുണ്ടെങ്കില്‍ ആ മത്തി താങ്കള്‍ തന്നെ കഴിക്കുക) .
:)
എനിക്കും പേടിയാകുന്നു..
താങ്കൾ ഇനി എന്റെ നേറെ നോക്കുവേ ചെയ്യരുത്..!!
വല്ല എലിപ്പനിയും വന്നാലോ; എനിക്ക്..!!
നല്ല വേറിട്ടശൈലിയിലുള്ള കഥ; അഭിനന്ദനങ്ങൾ..
എന്തായാലും എലിയായിമാറിത്തുടങ്ങി.. ഇനി വാമഭാഗം പൂച്ചയായി മാറാതെ സൂക്ഷിക്കണേ മാഷേ.. :)
എന്റെ എലിക്കാവിലമ്മേ ഈ പാവത്താനെ കാത്തുകൊള്ളണേ......
മാഷേ...
ചുറ്റുവട്ടത്ത് ഒരു കപ്പക്കഷ്ണം കൊളുത്തിയ പല്ലുള്ള ഉപകരണം കണ്ടാല്‍ ശ്രദ്ധിക്കരുത്..കരിമഷിപുരണ്ട ചോറുകണ്ടാല്‍ ആര്‍ത്തി കാണിക്കരുത്..ചിലപ്പോള്‍ എലി വിഷമാകാം..
ഇപ്പോള്‍ ബിസ്കറ്റുപോലൊരു സാധനം ഇറങ്ങിയിട്ടുണ്ട്..അതുകൊണ്ട് ബിസ്കറ്റിനോടും ആര്‍ത്തിവേണ്ടാ..
പിന്നെ എന്തെങ്കിലും സംശയം തോന്നിയാല്‍ നിറയെ വെള്ളം കുടിച്ചുകൊള്ളണം..ആയുഷ്മാന്‍ ഭവ:
ശ്രദ്ധിക്കണം പണ്ട് കുരങ്ങന് ഇങ്ങനെ സംഭവിച്ചാണ് മനുഷ്യനുണ്ടായത് എന്നൊക്കെ പറയപ്പെടുന്നു
ഇതൊരു വല്ലാത്ത അസുഖം തന്നെ ...
എന്തായാലും പൂച്ചകളെ സൂക്ഷിക്കുക...
ഒരു വ്യത്യസ്ഥത ഉണ്ടായിരുന്നു.
ഈശ്വരാ ഇനി എലിപ്പനി വരുമോ ആവോ.കഥ നന്നായീട്ടോ
എഴുത്തുകാരിചേച്ചി,വീകെ,വാഴേ,അരുണ്‍, കണ്ണനുണ്ണി, രഘുനാഥന്‍,വസംവദന്‍, ഹരീഷ്, എല്ലാവര്‍ക്കും നന്ദി.എന്റെ പേടി പങ്കുവച്ചതിന്
രഞ്ജിത്, പാവപ്പെട്ടവന്‍, മാണി ഷാരത്ത്,ജമാല്‍, മുരളി, കുമാരന്‍, മീര,എല്ലാവര്‍rകും ഒരു നന്ദി പറഞ്ഞേക്കാ. ഇനി പറയാന്‍ പറ്റിയില്ലെങ്കിലോ...
സാർ മൂഷിക സ്ത്രീ വീണ്ടും എന്നു കേട്ടിട്ടുണ്ട് ഇതിപ്പോ മൂഷികൻ വീണ്ടും എന്നു പറയേണ്ടി വരുമോ :)
ഹഹഹഹ..
അയല്‍വക്കത്തെ പൂച്ചയ്ക്കു പണിയായി...
അല്ലെങ്കില്‍ വീട്ടുകാര്‍ക്കു പത്തന്‍പതു രൂപ പോയി... എന്നാലും പീടികക്കാരനും വീട്ടുകാരനും ഒരുപോലെ സന്തോഷം!
മാഷേ സൂക്ഷിച്ചോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ