2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

മാടൻ(ഭാഗം ഒന്ന്)

                                 മാടൻ മരിച്ചു.മദ്യപിച്ചു ലക്കു കെട്ട്‌ തെരുവോരത്തെ പൊരിവെയിലിൽ കിടന്ന് മാടൻ മരിച്ചു.കണ്ണു തുറന്ന്,കടവായിലൂടൊഴുകിയ ദ്രാവകത്തിലാകെ ഈച്ചയുമുറുമ്പുമരിച്ച്‌ മാടന്റെ ശവം ആ വഴിയോരത്ത്‌ അനാഥമായി കിടന്നു.
                                             *******************************
           അന്ന് നാട്ടിലെ പശുക്കളെയൊക്കെ കറക്കുന്നത്‌ സോമനായിരുന്നു.എല്ലാ ദിവസവും കൃത്യമായി രാവിലെയും വൈകിട്ടും ഒരു സൈക്കിളിൽ വന്ന് സോമൻ നാട്ടിലെ എല്ലാവരുടെയും പശുക്കളെ കറന്നു കൊടുത്തു.ബാക്കി സമയത്തൊക്കെ അയാൾ കഞ്ചാവിന്റെ ലഹരിയിൽ അലഞ്ഞു നടന്നു. നട്ടപ്പാതിരയ്ക്ക്‌ നാട്ടുവഴിയിലൂടെ "യാരുക്കാഹേ"എന്ന തമിഴ്‌ പാട്ടും ഉച്ചത്തിൽ പാടി അതിവേഗത്തിൽ സൈക്കിളോടിച്ചു നടക്കാറുണ്ടായിരുന്നു സോമൻ.പക്ഷെ മരിക്കുന്നതു വരെ, ഒരിക്കൽ പോലും ലഹരി മൂത്ത്‌ ജോലിയിൽ ഒരു വീഴ്ച്ച വരുത്തിയിട്ടില്ല സോമൻ.

           അങ്ങിനെയിരിക്കേ എവിടെ നിന്നോ മറ്റൊരു സോമൻ കൂടി നാട്ടിലെത്തി കവ ല യിൽ അയാളൊരു മാടക്കട തുടങ്ങി. നാട്ടുവർത്തമാനങ്ങൾക്കിടയിൽ രണ്ടു സോമന്മാരെയും തമ്മിൽ തെറ്റാതിരിക്കുന്നതിനായി അവരുടെ പേരിനൊപ്പം തൊഴിൽ കൂടി വിശേഷണമായി കൂട്ടിച്ചേർത്തു, നാട്ടുകാർ.

അങ്ങിനെ കറവ സോമനും മാടം സോമനും ഉണ്ടായി.

                     രണ്ടു സോമന്മാരും ഒറ്റയാന്മാരായിരുന്നു.ഭാര്യമാരോ, കുട്ടികളോ, ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല ഇരുവർക്കും.കുറെക്കാലത്തിനു ശേഷം, ഒരു അമാവാസി രാത്രി,കറവ സോമൻ കഞ്ചാവിന്റെ ലഹരിയിൽ "യാരുക്കാഹേ പാടിക്കൊണ്ട്‌ സ്പീഡിൽ സൈക്കിളോടിച്ചു വന്ന്,ഇടശ്ശേരിപ്പറമ്പിലെ ആഞ്ഞിലിമരത്തിൽ തളച്ചിരുന്ന കൊമ്പനാനയെ ചെന്നിടിച്ചു. എന്താണു സംഭവിച്ചതെന്നറിയാതെ പേടിച്ചു പോയ ആന, കറവ സോമനെ തുമ്പിയിൽ കോരി ഒരേറ്‌.ആനയുടെ ചിന്നം വിളിയും സോമന്റെ നിലവിളിയും കേട്ട്‌ ഉറക്കം ഞെട്ടിയെഴുന്നേറ്റു വന്ന നാട്ടുകാർ കണ്ടത്‌, കലിയടങ്ങാതെ സൈക്കിൾ ചവിട്ടിയൊടിക്കുന്ന കൊമ്പനേയും, ഒരാൾപ്പൊക്കത്തിൽ ഇല്ലിക്കൂട്ടത്തിൽ കുരുങ്ങിക്കിടക്കുന്ന കറവ സോമന്റെ ജീവനില്ലാത്ത ശരീരവുമാണ്‌.പിറ്റേന്നും അതിന്റെ പിറ്റേന്നുമൊക്കെ പാൽ മുറ്റിയ അകിടിന്റെ വേദന സഹിക്കാനാവാത്ത പശുക്കൾ കറവ സോമനു വേണ്ടി ഉച്ചത്തിലുച്ചത്തിൽ നിലവിളിച്ചുകൊണ്ടേയിരുന്നു.

               കറവ സോമൻ കഥാവശേഷനായെങ്കിലും പിന്നെയും കുറെക്കാലം മാടം സോമൻ, മാടം സോമനായിത്തന്നെ തുടർന്നു.കാലക്രമേണ മാടം സോമന്റെ സോമൻ ലോപിച്ചു വെറും മാടം എന്നു മാത്രമായി. പിന്നീടെപ്പോഴോ മാടം, മാടൻ ആയിമാറി.

അങ്ങിനെ സോമൻ മാടനായി.

                     പക്ഷെ അപ്പോഴേക്കും മാടൻ പൂർണ്ണമായും ചാരായത്തിന്‌ അടിമയായിക്കഴിഞ്ഞിരുന്നു.ഒരു തികഞ്ഞ മദ്യപാനിയായ മാടൻ തന്റെ ഉപജീവനമാർഗ്ഗമായ മാടം പോലും വിറ്റു കുടിച്ചു. പിന്നെ കടം വാങ്ങലും അടിപിടിയും, വഴക്കും ബഹളവും ചീത്തവിളിയും ഒക്കെയായി.  എനിക്കോർമ്മയായപ്പൊഴേക്കും അരയിൽ ഒരു ചെറിയ പേനാക്കത്തിയും, ചുറ്റും വാറ്റുചാരായത്തിന്റെ മണവുമായി മാടൻ ഒരു പേടിസ്വപ്നമായി നാട്ടിലുണ്ടായിരുന്നു.മാടനെ വിളിക്കുമെന്നും, മാടനു പിടിച്ചു കൊടുക്കുമെന്നുമൊക്കെ പറഞ്ഞു പേടിപ്പിച്ച്‌ അമ്മമാർ ഞങ്ങൾ കുട്ടികളെ ഊട്ടി, ഉറക്കി. ഞങ്ങൾ മാടനെ പേടിച്ചു വളർന്നു.
(തുടരും)

1 അഭിപ്രായം:

Rejeesh Sanathanan പറഞ്ഞു...

അതു ശരി അപ്പോള്‍ ആ മാടനാണല്ലേ ഈ മാടന്‍........കുട്ടിക്കാലത്ത് വെറുതേ പേടിച്ചു........:)