2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഒരു പ്രണയഗീതം

ഒരു പ്രണയഗീതം

നീഹാരാർദ്ര നിശീഥിനിയിൽ നീ
നീലനിലാവല പോലെ നിന്നു
കരിനീലമിഴികളിൽ അനുരാഗഹിമകണം
നാണിച്ചു നാണിച്ചു തുളുമ്പിനിന്നു.

മുളംതണ്ടിലിളം കാറ്റിനധരങ്ങളമരുമ്പോൾ
അകതാരിലറിയാതെ സ്വരമുണരും
സഖി നിന്റെ അനുരാഗ നയനങ്ങൾ തഴുകുമ്പോൾ
മുളംതണ്ട്‌ തേടുന്ന കാറ്റാകും ഞാൻ.

പുഴ തന്റെ തളിർ മെയ്യിൽ തുഴക്കൈകളമരുമ്പോൾ
ചുരുൾ നീർത്തും പുളകങ്ങൾ ഓളങ്ങളായ്‌
പ്രിയ നിന്റെ തണുവാർന്ന കരമെന്നെ തഴുകുമ്പോൾ
കടൽ തേടിയൊഴുകുന്ന പുഴയാകും ഞാൻ

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

അസ്തമയം

അസ്തമയം
ഇരുളുന്ന സന്ധ്യയിൽ തെക്കേ പറമ്പിലീ
               ത്തറവാടിന്നുടയോന്റെ ചിത കത്തിയെരിയുന്നു.
 നെടുവീർപ്പു ചൂഴുന്ന തറവാടിനുള്ളിലെ
            യിരുട്ടിന്റെ മാറിലൊരു തീത്തുള്ളി വീണപോൽ
       നിലവിളക്കിൽ കരിന്തിരി കത്തിയെരിയുന്നു.

 ഉള്ളിൽ അകത്തളത്തിൽ നേർത്തിരുട്ടിന്റെ
     മാറിൽ മുഖം പൂഴ്ത്തിയാരോ വിതുമ്പുന്നു.
  മുറ്റത്തെ നാട്ടുമാവിൻ ചാഞ്ഞ കൊമ്പിൽനി
           ന്നൊരു ബലിക്കാക്ക നിർത്താതാർത്തു കരയുന്നു.
ചിത കത്തിയമരുന്നു തറവാട്ടിനുള്ളിലെ
             നിലവിളക്കിൻ തിരിയുമാളിപ്പൊലിഞ്ഞു പോയ്‌.

     രാത്രിയായ്‌,സൂര്യൻ മറഞ്ഞു പോയ്‌ കൂരിരു -
  ട്ടെല്ലാം വിഴുങ്ങുവാൻ വായ്‌ പിളർത്തീടവേ,
  മിഴിയൊപ്പി, ഒരു ദീർഘ നിശ്വാസമിട്ടുകൊ-
        ണ്ടൊരുമാത്ര വൈകാതെ പടിയിറങ്ങുന്നു ഞാൻ

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

മാടൻ(ഭാഗം രണ്ട്‌)

                       അമ്പലത്തിൽ ദീപാരാധന കഴിഞ്ഞപ്പോഴേക്കും ഇരുട്ട്‌ വീണിരുന്നു.അത്ര ചെറിയ കുട്ടിയൊന്നുമായിരുന്നില്ല അന്നു ഞാനെങ്കിലും സർപ്പങ്ങളിഴയുന്ന പല്ലവനക്കാവിനടുത്തുകൂടി ഒറ്റയ്ക്കു പോകാൻ മാത്രം ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല.വഴിയരികിൽ എന്തുചെയ്യണമെന്നറിയാതെ വിതുമ്പി നിന്ന എന്റെ ചുമലിൽ ഒരു കൈ സ്പർശിച്ചു.ചുറ്റും വാറ്റുചാരായത്തിന്റെ രൂക്ഷ ഗന്ധവും. ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി -- മാടൻ

"എന്താ പേടിച്ചു നിക്ക്വാണോ? വാ ഞാൻ കൊണ്ടാക്കാം"

ചപ്രത്തലമുടിയും,ചോരക്കണ്ണുകളും,ദംഷ്ട്രകൾ പോലെ കൂർത്ത പല്ലുകളും, വലിയ വിടർന്ന മൂക്കും,കൊമ്പൻ മീശയും...

ഒരു ഞരക്കത്തിനു പോലും ശേഷിയില്ലാതെ വിറങ്ങലിച്ചു നിന്ന എന്നെ കൈ പിടിച്ചു നടത്തി വീടെത്തിച്ചു അന്നു മാടൻ.
വീട്ടു പടിക്കലെത്തിയപ്പോഴാണ്‌ എനിക്കു ശ്വാസം നേരെ വീണത്‌.പടിക്കൽ നിന്ന അഛനു മുഖം കൊടുക്കാതെ നേരെ അകത്തേക്കോടി അമ്മയുടെ മടിയിൽ മുഖമൊളിപ്പിച്ചപ്പോഴാണ്‌ ഒന്നു കരയാൻ മാത്രം ധൈര്യം കിട്ടിയത്‌.
അഛൻ അകത്തു വന്ന് തലയിൽ തടവിയപ്പോൾ വീണ്ടും സങ്കടം അണ പൊട്ടി. "എന്നെ മാടൻ പിടിച്ചു" തേങ്ങലുകൾക്കിടയിൽ ഞാൻ പറഞ്ഞൊപ്പിച്ചു. അഛൻ ഉറക്കെ പൊട്ടിച്ചിരിച്ചു. "മാടൻ പറഞ്ഞു.കാവിനരികെ പേടിച്ചു നിന്ന നിന്നെ അയാളാണ്‌ കൂട്ടിക്കൊണ്ടു വന്നതെന്ന്‌ കള്ളു കുടിക്കാൻ എന്നോടു പത്തു രൂപയും വാങ്ങി." "അഛാ അയാൾ ശരിക്കും മാടനാണോ?" ഞാൻ ചോദിച്ചു. അഛൻ വീണ്ടും ഉറക്കെ ചിരിച്ചു.

                                                                 ***********

              "ഇനിയിതിനെ വച്ചോണ്ടിരിക്കാൻ പറ്റില്ല...ഏതാണ്ടാപത്തു വരാൻ പോകുന്നതിന്റെ ലക്ഷണമാ.. അല്ലേ....ഇതിന്റെ ഒരഹങ്കാരം...."കലികാലം തന്നെ."
അഛനും അമ്മയും അമ്മൂമ്മയുമാണ്‌ ചർച്ചയിൽ പങ്കെടുക്കുന്നത്‌.വിഷയം - കോഴി. വീട്ടിലെ പിടക്കോഴി രണ്ടൂ മൂന്നു ദിവസമായി കാലത്തെഴുന്നേറ്റ്‌ ഉറക്കെ കൂവുന്നു - അതും പുരപ്പുറത്തു കയറി നിന്ന്.ചർച്ചകൾക്കൊടുവിൽ തീരുമാനമായി - കൂവുന്ന പിടക്കോഴിയ കൊല്ലുക. പാപം തീരാൻ കറി വച്ചു കൂട്ടുക.ആ പാവം ഫെമിനിസ്റ്റ്‌ കോഴിയാകട്ടെ, ഇതൊന്നുമറിയാതെ "എനിക്കും കൂവാനൊക്കെയറിയാം" എന്ന ഗമയിൽ ഞങ്ങൾക്കു ചുറ്റും ചിക്കിച്ചികഞ്ഞു നടന്നു.

പക്ഷെ ഒരു വലിയ പ്രശ്നം - കോഴിയെ ആരു കൊല്ലും? അമ്മ പൂർണ്ണ വെജിറ്റേറിയനാണ്‌. പക്ഷെ കറി വെയ്ക്കും. "കൊന്നു തൂവലും പറിച്ചു തന്നാൽ ഞാൻ ശരിയാക്കിത്തരാം."അമ്മ നയം വ്യക്തമാക്കി.
എല്ലാ കണ്ണുകളും അഛന്റെ നേരെ....
അഛൻ കണ്ണടച്ച്‌ എന്തോ പിറുപിറുത്തു. എന്നിട്ടൊടുവിൽ പറഞ്ഞു. "നമുക്കാരെയെങ്കിലും വിളിക്കാം."
കൊല്ലുന്ന കാര്യം - അതും വീട്ടിൽ വളർത്തിയ ഒരു ജീവിയെ - ആലോചിക്കാൻ പോലും ആർക്കും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ തിന്നാൻ ഞങ്ങൾക്കാർക്കും ഒരു മടിയുമുണ്ടായിരുന്നില്ല താനും.

അപ്പോഴാണ്‌ വഴിയിൽ ആരുടെയോ ചുമ കേട്ടത്‌. -മാടൻ- അഛന്റെ മുഖം തെളിഞ്ഞു.അഛൻ മാടനെ വിളിച്ചു. രണ്ടു പേരും തമ്മിൽ എന്തൊക്കെയോ സംസാരിച്ചു.മാടൻ, കൂവുന്ന പിടയെ തന്റെ ചുവന്ന കണ്ണുകൾ കൊണ്ടൊന്നു നോക്കി.പിന്നെ ഞാൻ കണ്ടത്‌ മാടൻ അഛന്റെ മുൻപിൽ തൊഴുതു പിടിച്ചു നിൽക്കുന്നതാണ്‌.
"സാറേ കള്ളു കുടിക്കാൻ കാശു കിട്ടുമെങ്കിൽ ഞാനാരേ വേണമെങ്കിലും ചീത്ത പറയാം.സാറു പറഞ്ഞാൽ വേണമെങ്കിൽ രണ്ടു കൊടുക്കുകയും ചെയ്യാം.പക്ഷേ കൊല്ലാൻ മാത്രം എന്നോടു പറയല്ലേ... അതെനിക്കു വയ്യാ സാറേ."
"ഇതൊരു കോഴിയല്ലേ........"
"കോഴിയായാലും പൂച്ചയായാലും അതും ജീവനുള്ള ഒരു ജന്തുവല്ലേ സാറേ? എനിക്കു വയ്യാ..."
ഉടുത്തിരുന്ന കൈലിമുണ്ടു മടക്കിക്കുത്തി, തോളിൽ കിടന്ന തോർത്ത്‌ ഒന്നു കുടഞ്ഞ്‌, തലയിൽ വട്ടം കെട്ടി,അരയിൽ നിന്നും കൊച്ചു പിച്ചാത്തിയെടുത്ത്‌ കഴുത്ത്‌ ചൊറിഞ്ഞുകൊണ്ട്‌ മാടൻ നടന്നു നീങ്ങി.

ചപ്രത്തലമുടിയും, ചോരക്കണ്ണുകളും, ദംഷ്ട്ര പോലെ കൂർത്ത പല്ലുകളും വലിയ വിടർന്ന മൂക്കും, കൊമ്പൻ മീശയുമായി ചുറ്റും വാറ്റുചാരായത്തിന്റെ ഗന്ധവും പടർത്തിക്കൊണ്ടു നടന്നു പോകുന്ന ആ ക്രൂരനോട്‌ എനിക്കാദ്യമായി വല്ലാത്ത സ്നേഹം തോന്നി.

************

മാടൻ മരിച്ചു. മാടന്റെ ശവം ഏറെ നേരം വഴിയോരത്ത്‌ കിടന്നു.ആരൊക്കെയോ വന്ന് പായയിൽ പൊതിഞ്ഞ്‌ ഒരു കൈവണ്ടിയിലിട്ട്‌ പൊതു ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതു വരെ മാടൻ വഴിയോരത്ത്‌ അനാഥനായി കിടന്നു.മാടനു വേണ്ടി കരയാൻ ആരുമുണ്ടായിരുന്നില്ല.

മാടൻ(ഭാഗം ഒന്ന്)

                                 മാടൻ മരിച്ചു.മദ്യപിച്ചു ലക്കു കെട്ട്‌ തെരുവോരത്തെ പൊരിവെയിലിൽ കിടന്ന് മാടൻ മരിച്ചു.കണ്ണു തുറന്ന്,കടവായിലൂടൊഴുകിയ ദ്രാവകത്തിലാകെ ഈച്ചയുമുറുമ്പുമരിച്ച്‌ മാടന്റെ ശവം ആ വഴിയോരത്ത്‌ അനാഥമായി കിടന്നു.
                                             *******************************
           അന്ന് നാട്ടിലെ പശുക്കളെയൊക്കെ കറക്കുന്നത്‌ സോമനായിരുന്നു.എല്ലാ ദിവസവും കൃത്യമായി രാവിലെയും വൈകിട്ടും ഒരു സൈക്കിളിൽ വന്ന് സോമൻ നാട്ടിലെ എല്ലാവരുടെയും പശുക്കളെ കറന്നു കൊടുത്തു.ബാക്കി സമയത്തൊക്കെ അയാൾ കഞ്ചാവിന്റെ ലഹരിയിൽ അലഞ്ഞു നടന്നു. നട്ടപ്പാതിരയ്ക്ക്‌ നാട്ടുവഴിയിലൂടെ "യാരുക്കാഹേ"എന്ന തമിഴ്‌ പാട്ടും ഉച്ചത്തിൽ പാടി അതിവേഗത്തിൽ സൈക്കിളോടിച്ചു നടക്കാറുണ്ടായിരുന്നു സോമൻ.പക്ഷെ മരിക്കുന്നതു വരെ, ഒരിക്കൽ പോലും ലഹരി മൂത്ത്‌ ജോലിയിൽ ഒരു വീഴ്ച്ച വരുത്തിയിട്ടില്ല സോമൻ.

           അങ്ങിനെയിരിക്കേ എവിടെ നിന്നോ മറ്റൊരു സോമൻ കൂടി നാട്ടിലെത്തി കവ ല യിൽ അയാളൊരു മാടക്കട തുടങ്ങി. നാട്ടുവർത്തമാനങ്ങൾക്കിടയിൽ രണ്ടു സോമന്മാരെയും തമ്മിൽ തെറ്റാതിരിക്കുന്നതിനായി അവരുടെ പേരിനൊപ്പം തൊഴിൽ കൂടി വിശേഷണമായി കൂട്ടിച്ചേർത്തു, നാട്ടുകാർ.

അങ്ങിനെ കറവ സോമനും മാടം സോമനും ഉണ്ടായി.

                     രണ്ടു സോമന്മാരും ഒറ്റയാന്മാരായിരുന്നു.ഭാര്യമാരോ, കുട്ടികളോ, ബന്ധുക്കളോ ആരുമുണ്ടായിരുന്നില്ല ഇരുവർക്കും.കുറെക്കാലത്തിനു ശേഷം, ഒരു അമാവാസി രാത്രി,കറവ സോമൻ കഞ്ചാവിന്റെ ലഹരിയിൽ "യാരുക്കാഹേ പാടിക്കൊണ്ട്‌ സ്പീഡിൽ സൈക്കിളോടിച്ചു വന്ന്,ഇടശ്ശേരിപ്പറമ്പിലെ ആഞ്ഞിലിമരത്തിൽ തളച്ചിരുന്ന കൊമ്പനാനയെ ചെന്നിടിച്ചു. എന്താണു സംഭവിച്ചതെന്നറിയാതെ പേടിച്ചു പോയ ആന, കറവ സോമനെ തുമ്പിയിൽ കോരി ഒരേറ്‌.ആനയുടെ ചിന്നം വിളിയും സോമന്റെ നിലവിളിയും കേട്ട്‌ ഉറക്കം ഞെട്ടിയെഴുന്നേറ്റു വന്ന നാട്ടുകാർ കണ്ടത്‌, കലിയടങ്ങാതെ സൈക്കിൾ ചവിട്ടിയൊടിക്കുന്ന കൊമ്പനേയും, ഒരാൾപ്പൊക്കത്തിൽ ഇല്ലിക്കൂട്ടത്തിൽ കുരുങ്ങിക്കിടക്കുന്ന കറവ സോമന്റെ ജീവനില്ലാത്ത ശരീരവുമാണ്‌.പിറ്റേന്നും അതിന്റെ പിറ്റേന്നുമൊക്കെ പാൽ മുറ്റിയ അകിടിന്റെ വേദന സഹിക്കാനാവാത്ത പശുക്കൾ കറവ സോമനു വേണ്ടി ഉച്ചത്തിലുച്ചത്തിൽ നിലവിളിച്ചുകൊണ്ടേയിരുന്നു.

               കറവ സോമൻ കഥാവശേഷനായെങ്കിലും പിന്നെയും കുറെക്കാലം മാടം സോമൻ, മാടം സോമനായിത്തന്നെ തുടർന്നു.കാലക്രമേണ മാടം സോമന്റെ സോമൻ ലോപിച്ചു വെറും മാടം എന്നു മാത്രമായി. പിന്നീടെപ്പോഴോ മാടം, മാടൻ ആയിമാറി.

അങ്ങിനെ സോമൻ മാടനായി.

                     പക്ഷെ അപ്പോഴേക്കും മാടൻ പൂർണ്ണമായും ചാരായത്തിന്‌ അടിമയായിക്കഴിഞ്ഞിരുന്നു.ഒരു തികഞ്ഞ മദ്യപാനിയായ മാടൻ തന്റെ ഉപജീവനമാർഗ്ഗമായ മാടം പോലും വിറ്റു കുടിച്ചു. പിന്നെ കടം വാങ്ങലും അടിപിടിയും, വഴക്കും ബഹളവും ചീത്തവിളിയും ഒക്കെയായി.  എനിക്കോർമ്മയായപ്പൊഴേക്കും അരയിൽ ഒരു ചെറിയ പേനാക്കത്തിയും, ചുറ്റും വാറ്റുചാരായത്തിന്റെ മണവുമായി മാടൻ ഒരു പേടിസ്വപ്നമായി നാട്ടിലുണ്ടായിരുന്നു.മാടനെ വിളിക്കുമെന്നും, മാടനു പിടിച്ചു കൊടുക്കുമെന്നുമൊക്കെ പറഞ്ഞു പേടിപ്പിച്ച്‌ അമ്മമാർ ഞങ്ങൾ കുട്ടികളെ ഊട്ടി, ഉറക്കി. ഞങ്ങൾ മാടനെ പേടിച്ചു വളർന്നു.
(തുടരും)