2009, ജനുവരി 25, ഞായറാഴ്‌ച

ശേഖരേട്ടനെ കൊന്നതാര്‌?

"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."

അന്നു സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിയുകയായിരുന്നു പ്യൂണായിരുന്ന ആ പാവം മനുഷ്യൻ.അതുകൊണ്ടു തന്നെ അദ്ദേഹം ആകെ വികാരവിവശനായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ കൊണ്ടു വിട്ട ശേഷം യാത്ര പറയാൻ ഒരുങ്ങുമ്പോഴാണ്‌ അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ കൊണ്ട്‌ ഈ ചോദ്യം ചോദിച്ചത്‌.അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയും വിവാഹപ്രായമായ മകളും പ്ലസ്‌ റ്റൂ കഴിഞ്ഞു നിൽക്കുന്ന മകനുമൊക്കെ നിശ്ശബ്ദമായി ഇതേ ചോദ്യം ചോദിക്കുന്നതായി എനിക്കു തോന്നി.
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.ആരും പരസ്പരം നോക്കാതെ വണ്ടിയിൽ കയറിയിരുന്നു. പക്ഷെ എല്ലാവരുടെയും ചിന്തകൾ ശേഖരേട്ടനെക്കുറിച്ചായിരുന്നു - ഞങ്ങളുടെ സ്കൂളിലെ പ്യൂണായിരുന്ന ശേഖരേട്ടനെപ്പറ്റി..
ശേഖരേട്ടൻ ഒരു പാവമായിരുന്നു. ആർക്കും എപ്പോഴും എന്തു സഹായവും ചെയ്യാൻ മടിയില്ലാത്ത വ്യക്തി. ഞങ്ങളുടെ സ്കൂളാകട്ടെ അധ്യാപകരും കുട്ടികളും അനധ്യാപകരുമെല്ലാം ഒരുമിച്ചു താമസിക്കുന്ന നവോദയ വിദ്യാലയം.അതുകൊണ്ട്‌ തന്നെ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചും കലഹിച്ചും കഴിയുന്നവർ.എല്ലാവർക്കും ശേഖരേട്ടനോട്‌ സ്നേഹമായിരുന്നു. ഞങ്ങളുടെ ക്യാമ്പസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നതിനാൽ എല്ലാവരുടേയും ശേഖരേട്ടനായിരുന്നു അദ്ദേഹം.
അങ്ങനെയിരിക്കെ ആ ദുരന്തമുണ്ടായി.ശേഖരേട്ടനൊരു നെഞ്ചുവേദന. ഞങ്ങളദ്ദേഹത്തെ ആശുപത്രിയിലാക്കി.വീട്ടുകാരെ വിവരമറിയിച്ചു. ഹാർട്ട്‌ അറ്റാക്കായിരുന്നു. എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഒരു ആഴ്ച്ചയോളം കിടന്നു.പിന്നെ വീട്ടിൽ വന്ന് ഒരു മാസത്തോളം വിശ്രമം.
ആ ഒരു മാസം അവസാനിക്കാറായ സമയത്താണ്‌ ആരോ ശേഖരേട്ടനെ കൊന്നത്‌.പ്രിൻസിപ്പലിന്‌ ഫോൺ വന്നത്‌ രാവിലെ ക്ലാസ്സ്‌ തുടങ്ങിക്കഴിഞ്ഞാണ്‌. "സാറേ നമ്മുടെ ശേഖരേട്ടൻ മരിച്ചു.ഇന്നു രാവിലെയായിരുന്നു".ആരോ വിളിച്ച്‌ ഇത്ര മാത്രമേ പറഞ്ഞുള്ളു എന്നദ്ദേഹം ആണയിട്ടു പറഞ്ഞു പിന്നീടു പലപ്പൊഴും.
അപ്രതീക്ഷിതമായ വാർത്ത കേട്ട്‌ ഞങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ബേബി സാർ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. മണിയടിച്ചു ക്ലാസ്സ്‌ വിട്ടു. കുട്ടികളോടു വിവരം പറഞ്ഞു. അനുശോചന യോഗം കൂടി. കുട്ടികളെ ഡോർമിറ്ററിയിലേക്കയച്ചു. തൊട്ടടുത്ത കടയിൽ നിന്നും കറുത്ത കൊടി വാങ്ങി. റിബ്ബൺ മുറിച്ചു ബാഡ്ജുകളും ഉണ്ടാക്കി.സ്കൂൾ ബസ്സിൽ കൊടി കെട്ടി വഴിയിൽ നിന്നും ഒരു റീത്തും വാങ്ങി ഞങ്ങൾ ശേഖരേട്ടന്റെ വീട്ടിലെത്തി.
അവിടെയെങ്ങും ആളും അനക്കവും ഒന്നുമില്ല. സുരേഷ്‌ സാറിന്‌ എന്തോ ഒരു സംശയം തോന്നി." ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടു വന്നിട്ടില്ലെന്നു തോന്നുന്നു. നിങ്ങളിവിടെയിരിക്ക്‌, ഞാനൊന്നന്വേഷിച്ചിട്ടു വരാം" എന്നു പറഞ്ഞ്‌ ശേഖരേട്ടന്റെ വീട്ടിലേക്കു കയറിയ സുരേഷ്‌ സാർ വെടി കൊണ്ട പന്നിയെപ്പോലെ ഓടി വന്നു. ഞങ്ങൾ റീത്തൊക്കെയെടുത്ത്‌ മെല്ലെ വരിവരിയായി നടന്നു തുടങ്ങിയിരുന്നു.
" അയ്യോ ആകെ കുഴപ്പമായി റീത്ത്‌ മാറ്റിക്കോ.... കൊടിയഴിച്ചോ... ബാഡ്ജൂരിക്കോ.... ആരോ പറ്റിച്ചതാ... ശേഖരേട്ടനു കുഴപ്പമൊന്നുമില്ല. പോസ്റ്റോഫീസിൽ പോയിരിക്കുകയാ..."
പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. റീത്തും കൊടിയുമെല്ലാം ഒരുവിധം ഒളിപ്പിച്ച്‌ വണ്ടി തിരിച്ചപ്പൊഴേക്കുണ്ട്‌ ശേഖരേട്ടൻ സാമാന്യം സ്പീടിൽ തന്നെ ഒരു സൈക്കിൾ ചവിട്ടി വരുന്നു." എന്താ എല്ലവരും കൂടി? ഞാൻ പോസ്റ്റോഫീസിൽ നിൽക്കുമ്പോൾ കണ്ടു നമ്മുടെ വണ്ടി കൊടിയൊക്കെ വച്ചു വരുന്നത്‌. എന്തു പറ്റി"?
പ്രിൻസിപ്പൽ പെട്ടെന്നു പറഞ്ഞു. ഏയ്‌ ഒന്നുമില്ല ഞങ്ങളിതുവഴി പോയപ്പോൾ വെറുതെ ഒന്നു കയറി ശേഖരേട്ടനെ ഒന്നു കണ്ടിട്ടു പോകമെന്നു കരുതി അത്രയേയുള്ളു.പിന്നെ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ സ്റ്റൈലിൽ ഒരു കുശലവും "ശേഖരേട്ടനു സുഖം തന്നെയല്ലേ?" ഡ്രൈവർ ചേട്ടൻ അവസരത്തിനൊത്തുയർന്നു.ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു നിൽക്കുന്ന ശേഖരേട്ടന്‌ ഒന്നും ചോദിക്കാൻ അവസരം നൽകാതെ അദ്ദേഹം വണ്ടി വിട്ടു പോന്നു.
സ്ക്കൂളിലെത്തും വരെ ആരുമൊന്നും മിണ്ടിയില്ല. പരസ്പരം നോക്കിയുമില്ല.സ്കൂളിലെത്തിയയുടൻ എല്ലവരും ഓരോ മൂലയ്ക്കിരിപ്പായി.ബേബി സാർ, അനാഥമായി വണ്ടിയിൽ കിടന്ന റീത്തെടുത്ത്‌ പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടു വച്ചു.അൽപ്പ സമയം കഴിഞ്ഞപ്പോൾ " എന്നാൽ പിന്നെ ഞാനിത്‌ എന്റെ നെഞ്ചത്തോട്ടു തന്നെ വെക്കാം.എന്തിനാ എന്റെ മെക്കിട്ടു കേറാൻ വരുന്നേ? ഞാനെന്നാ വേണം" എന്നൊക്കെ പിറുപിറുത്തുകൊണ്ട്‌ ഒരു റീത്തും തലയിൽ വച്ച്‌ സ്വന്തം ക്വാർട്ടേഴ്സിലേക്ക്‌ പോകുന്നത്‌ കണ്ടു. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞു വന്ന ബസ്സിലാണ്‌ ശേഖരേട്ടൻ സ്കൂളിലെത്തിയത്‌. ഹാർട്ടറ്റാക്ക്‌ വന്നതു കൊണ്ട്‌ എല്ലാവരും തന്നിൽ നിന്നെന്തോ ഒളിക്കുകയാണെന്നു കരുതി ആ പാവം വെപ്രാളപ്പെട്ട്‌ ഓടി വന്നതാണ്‌.
പിന്നീടൊരു മണീക്കൂറോളം സമയം അവിടമൊരു അസംബന്ധ നടകക്കളരി പോലെയായിരുന്നു. പേടിച്ചു നിലവിളിച്ചോടുന്ന പെൺകുട്ടികൾ. ആർപ്പു വിളിക്കുന്ന ആൺകുട്ടികൾ. ശേഖരേട്ടനെ തൊട്ടും പിച്ചിയും ഒക്കെ നോക്കുന്ന കുട്ടികൾ."ഇയാളിപ്പൊഴെന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്‌"എന്നു ചോദിച്ച്‌ തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്ന പ്രിൻസിപ്പൽ.വളിച്ച ചിരിയുമായി ഞങ്ങൾ.കാര്യമെന്താണെന്നന്വേഷിച്ചു വരുന്ന നാട്ടുകാർ. പിന്നെ ചില പത്രക്കാരും.....
എല്ലാമൊന്നടങ്ങാൻ ആഴ്ച്ചകൾ വേണ്ടി വന്നു. ഒരു മാസം കൂടിവിശ്രമിച്ച ശേഷം ശേഖരേട്ടൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.വീണ്ടും 2 വർഷം ജോലി ചെയ്തു. ഞങ്ങളുടെ സ്കൂളിൽ നിന്നും ആദ്യമായി പെൻഷൻ പറ്റി പിരിഞ്ഞത്‌ ശേഖരേട്ടനായിരുന്നു.
വിപുലമായ ഒരു യാത്രയയപ്പു സമ്മേളനത്തിനു ശേഷം ഞങ്ങൾ ശേഖരേട്ടനെ വീട്ടിൽ കൊണ്ടു വിട്ടു. തിരികെ പോരാൻ നേരം നിറകണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ ശേഖരേട്ടൻ പറഞ്ഞു..
"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.

3 അഭിപ്രായങ്ങൾ:

അരുണ്‍ കരിമുട്ടം പറഞ്ഞു...

അറിയാതെ ചിരിച്ച് പോയി.സംശയം ന്യായം.ആരാ ശേഖരേട്ടനെ കൊന്നത്?

അജ്ഞാതന്‍ പറഞ്ഞു...

Alla.........
Sharikum shekaretan ne konnatu aaru?
Nannayitundu....maashe..

ചേലക്കരക്കാരന്‍ പറഞ്ഞു...

മാഷെ , ഹോം വര്‍ക്ക് ചെയ്യാതിരുന്ന ആരോ ഒരാള്‍ പറ്റിച്ചതാണ്.
( സത്യമോ ,നുണയോ )