ഈ എന്റെ ഒരു കാര്യം.....
എന്നെക്കൊണ്ടു ഞാൻ തോറ്റു.
ഇപ്പോൾ ഞാനൊരു വലിയ കണ്ടുപിടിത്തം നടത്തിയിട്ടിരിക്കുകയാ.ആദ്യാക്ഷരി വായിച്ചു പഠിച്ചപ്പൊഴാണ് ഒരു ബ്ലോഗ് നമ്മൾ സന്ദർശിച്ചതിന്റെ അടയാളമായി സ്മൈലി ഇടാം എന്നു മനസ്സിലായത്.:-) ഇങ്ങനെ ഒരു പടവും കൊടുത്തിരുന്നു. ഈ പടം എവിടെ നിന്നും ഡൌൺലോഡ് ചെയ്യാം എന്നന്വേഷിച്ചു നടക്കുകയായിരുന്നു 2 -3 ദിവസമായി. ഇപ്പൊഴല്ലേ അതിന്റെ ഒരു ഗുട്ടൻസ് പിടി കിട്ടിയത്.
ഞാനെന്തൊരു മിടുക്കൻ.
വിശ്വാസം വരുന്നില്ല അല്ലേ....
സംഗതി മനസ്സിലായിക്കഴിഞ്ഞപ്പോൾ എനിക്കുപോലും വിശ്വാസം വരുന്നില്ല.
പണ്ട്(എന്നു വച്ച് അത്ര പണ്ടൊന്നുമല്ല കേട്ടോ) പെയിന്റ് ബ്രഷിൽ പടം വരയ്ക്കുമ്പോൾ ചുവന്ന കളർ കുറെ ഏറെ ഉപയോഗിച്ചതിനാൽ അതു തീർന്നു പോകണ്ടാ എന്നു കരുതി കുറെക്കാലം ചുവന്ന നിറമില്ലാത്ത പടങ്ങൾ മാത്രമേ ഞാൻ വരച്ചിരുന്നുള്ളു.
നമ്മളുണ്ടോ ഈ കമ്പ്യൂട്ടറും സീ ഡിയുമൊക്കെ മുൻപ് കണ്ടിരിക്കുന്നു. അനന്തിരവൻ പയ്യന്റെ കമ്പ്യൂട്ടറിൽ കണ്ട മനോഹരങ്ങളായ പടങ്ങൾ അവൻ സീഡിയിൽ ആക്കിത്തരാമെന്നു പറഞ്ഞപ്പോൾ ഒരു പ്ലെയിൻ സി ഡി വാങ്ങാൻ നൂറു രൂപ കൊടുത്തിട്ടു ഇനിയും ബാക്കി എത്ര വേണമെന്നു പറഞ്ഞാൽ മതി തരാം എന്നു പറഞ്ഞപ്പോൾ അവൻ ചിരിച്ച ചിരി ഞാനിപ്പോഴും ഓർക്കുന്നു.(സീഡിക്ക് ഒരമ്പത് രൂപയെങ്കിലും ആവും പിന്നെ പത്തിരുന്നൂറു പടങ്ങളുണ്ടായിരുന്നേ. ഒരു പടം സീഡിയിലാക്കുന്നതിന് 50 പൈസ വച്ചായാലും രൂപ 100 ആകുമല്ലോ എന്നയിരുന്നു എന്റെ ലോജിക്)
കമ്പ്യൂട്ടറിന്റെ കാര്യത്തിൽ മാത്രമല്ല, കണക്കിന്റെ കാര്യത്തിലെല്ലാം - അല്ലെങ്കിൽ സംഖ്യകളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ഞാൻ മിടുക്കൻ തന്നെ.
കുട്ടിക്കാലത്ത് വീട്ടിൽ പായസം വെയ്ക്കുന്നതിനായി അണ്ടിപ്പരിപ്പ്, കിസ്മിസ്, പിന്നെ ഏലയ്ക്ക. അങ്ങിനെ ഏതാണ്ടെല്ലാം കൂടി വാങ്ങാൻ എന്നെ ബേക്കറിയിൽ വിട്ട കഥ അമ്മ ഇപ്പൊഴും പലരോടും പറഞ്ഞ് എന്നെ പ്രശംസിക്കാറുണ്ട്. ഈ പറഞ്ഞ സാധനങ്ങളെല്ലാം വളരെ കുറച്ചു മാത്രം മതി എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ നടന്ന് നടന്ന് കടയിലെത്തിയപ്പോഴേക്കും എത്രയാണ് വാങ്ങാൻ പറഞ്ഞിരുന്നത് എന്നു ഞാൻ മറന്നു. അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കായും ഒക്കെ വേണം എന്നു പറഞ്ഞതും കടക്കാരൻ ചോദിച്ചു എത്ര വേണം? ഞാൻ ആകെക്കുഴഞ്ഞു.ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നുമില്ല. എന്തായാലും വളരെ കുറച്ചു മതി എന്നറിയാം. അതുകൊണ്ട് ഒട്ടും കൂടുതലാകെണ്ടാ എന്നു കരുതി രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു "എല്ലാം ഒരു ഗ്രാം വീതം തന്നേക്കൂ"
കടക്കാരൻ എന്നെയൊന്നു സൂക്ഷിച്ചു നോക്കി. ഞാൻ കളിയാക്കുകയല്ല എന്നു മനസ്സിലായി.അദ്ദേഹം ചോദിച്ചു എന്തിനാ മോനെ ഇതൊക്കെ? ഞാൻ വലിയ ഗമയിൽ തന്നെ പറഞ്ഞു പായസം വെക്കാനാ.അപ്പോൾ അടുത്ത ചോദ്യം. "ഉറുമ്പിനു കൊടുക്കാനാ??" ആ ചോദ്യത്തിന്റെ കാരണമൊന്നും മനസ്സിലാവാഞ്ഞതിനാൽ ഇയാളെന്തൊരു മണ്ടൻ എന്നു മനസ്സിൽ കരുതിക്കൊണ്ട് ഞാൻ മറുപടി കൊടുത്തു. അല്ല ഞങ്ങൾക്കു കുടിക്കാനാ.
എങ്കിൽ എല്ലാം കൂടി ഒരമ്പതു ഗ്രാം എടുക്കാം. എന്നായി അദ്ദേഹം. ഞാനൊന്നു ഞെട്ടി. പിന്നെ ചോദിച്ചു അതിനെത്ര രൂപയാകും?
അന്നതിന് പത്തു രൂപയോ മറ്റോ ആയിരുന്നു. എനിക്കു സമാധാനമായി. അത്രയും രൂപ എന്റെ കൈയ്യിൽ ഉണ്ട്. ശരി എങ്കിൽ അങ്ങിനെ എടുത്തോളു എന്നു ഞാനും ഒട്ടും ഗമ വിടാതെ തന്നെ പറഞ്ഞു.
ഏറ്റവും വലിയ കാര്യം ഇതിലൊന്നും ഒരു കുഴപ്പവും ഞാൻ കണ്ടതേയില്ല എന്നതാണ്.വീട്ടിൽ ചെന്ന് ഞാൻ തന്നെ ഈ സംഭവം എല്ലവരോടും പറഞ്ഞു.കൂടുതൽ സാധനങ്ങൾ വാങ്ങി പൈസ വെറുതെ കളയാതിരുന്ന എന്റെ ബുദ്ധിശക്തിയിൽ എനിക്കഭിമാനവും തോന്നി.
അതുകൊണ്ട് പറയാതെ വയ്യാ
ഈ എന്റെ ഒരു കാര്യം......
പിന്നെ,ഇതൊന്നും ആരോടും പറയല്ലേ... ഇത് നമ്മളു മാത്രം അറിഞ്ഞാൽ മതി കേട്ടോ. ആത്മപ്രശംസയൊന്നും എനിക്കു പണ്ടേ ഇഷ്ടമല്ല. ഇതു പിന്നെ പറഞ്ഞു വന്നപ്പോൾ അങ്ങു പറഞ്ഞു പോയി എന്നേയുള്ളൂ.
9 അഭിപ്രായങ്ങൾ:
ഗുഡ്,താങ്കളൊരു ബുദ്ധിജീവിയാണ്.ഇതേ വഴിക്ക് മുന്നോട്ടുപോവുക.
*
~))
*
:)
ഹി...ഹി..കൊള്ളാം..ഈ കളിയാക്കുന്ന ആള്‍ക്കാര്‍ക്കറിയ്യോ അല്ലേ ബുദ്ധി കൂടിപ്പോയിട്ടാ നമ്മളിങ്ങനെയൊക്കെ ചെയ്യുന്നതെന്നു.:)
:) :)
വികടശിരോമണി, റെയർ റോസ് : എന്നെ ഇങ്ങനെ പുകഴ്ത്തിപ്പറയുന്നത് എനിക്കൊട്ടും ഇഷ്ടമല്ല. കേട്ടോ..:-)
Prayan, OAB, മാറുന്ന മലയാളി എല്ലാവർക്കും നന്ദി :=)
ഞാന്‍ ആരോടും പറയില്ല...എന്നാലും സമ്മതിച്ചു ആ ബുദ്ധിയെ....
siva: thanks a lot for the comment
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ