2009, ജനുവരി 9, വെള്ളിയാഴ്‌ച

ഡബ്ലിയു സീ

പണ്ടെവിടെയോ വായിച്ച ഒരു തമാശക്കഥയാണ്‌.എന്റെ ഒരു സന്തോഷത്തിനായി വീണ്ടും പറയുകയാണ്‌.വായിച്ചതിനു ശേഷം ഇതു ഞങ്ങൾക്ക
റിയാവുന്ന കഥയായിരുന്നു എന്നു പറഞ്ഞ്‌ എന്റെ മെക്കിട്ടുകേറാൻ വരരുത്‌. വന്നാൽ......
വന്നാലെന്താ??? നീ എന്തു ചെയ്യും??
ഓ ഒന്നുമില്ല... വെറുതെ പറഞ്ഞെന്നേ ഉള്ളൂ. എന്തെങ്കിലും ഒന്നെഴുതണമെന്നൊക്കെ എനിക്കും ഇല്ലേ ആഗ്രഹം? അതുകൊണ്ട്‌ ഞാനാ പഴയ,നിങ്ങൾക്കറിയാവുന്ന, കഥ തന്നെ വീണ്ടും പറയുകയാണ്‌.

മാത്തപ്പൻ നാട്ടിൻപുറത്തു നിൽക്കാൻ ഒരു നിവർത്തിയുമില്ലാതെ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട്‌ ഇങ്ഗ്ലണ്ടിലെത്തിച്ചേർന്നിട്ട്‌ അധികകാലമായിട്ടില്ലായിരുന്നു.അറിയാവുന്ന ലൊട്ടുലൊടുക്ക്‌ ഇങ്ഗ്ലീഷൊക്കെ വച്ച്‌ എങ്ങിനെയൊക്കെയോ തട്ടി മുട്ടി ജീവിച്ചു പോകുന്ന കാലം. നാട്ടിൽ നിന്ന് അശനിപാതം പോലെ ഒരു കത്തു വരുന്നു. വകയിലൊരമ്മാച്ചന്റെ അനന്തിരവളു കൊച്ചിന്‌ അവിടെ ജോലി കിട്ടിയിരിക്കുന്നു. അവൾ വരുമ്പോഴേക്കും ഒരു താമസസ്ഥലം റഡിയാക്കി വെക്കണം.

ഇങ്ഗ്ലണ്ടിൽ ആരും ഒന്നിനും (രണ്ടിനും) വെള്ളമൊന്നും ഉപയോഗിക്കാറില്ലെന്നും പകരം കടലാസിലാണ്‌ പ്രയോഗമെന്നും കേട്ടിട്ടുണ്ടായിരുന്ന അപ്പാപ്പൻ അരോടൊക്കെയോ എന്തൊക്കെയൊ അന്വേഷിച്ച്‌ ആ പ്രശ്നത്തിന്‌ ഒരു പരിഹാരവും കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുക്കുന്ന വീടിന്‌ വെള്ളം ഉപയോഗിക്കാവുന്ന വാട്ടർ ക്ലോസെറ്റ്‌ അഥവാ ഡബ്ലിയൂ. സീ ഉണ്ടെന്ന് ആദ്യമേ തന്നെ ഉറപ്പു വരുത്തണം. മാത്തപ്പനു കിട്ടിയ കത്തിൽ അക്കാര്യം പ്രത്യേകം എഴുതിയിട്ടുണ്ടായിരുന്നു. താമസസ്ഥലത്ത്‌ ഡബ്ലിയൂ സീ ഉണ്ടായിരിക്കണം.

കത്തു വായിച്ച മാത്തപ്പന്‌ ഒരു കാര്യം മാത്രം മനസ്സിലായില്ല. ഈ ഡബ്ലിയു സീ എന്നാൽ എന്താണെന്ന്.അദ്ദേഹം പരിചയമുള്ള ഒരു പാതിരിയോട്‌ അന്വേഷിച്ചു.ഈ ഡബ്ലിയൂ സീ എന്നു വച്ചാൽ എന്താണെന്ന് കാര്യമൊന്നും വിശദമായി പറഞ്ഞതുമില്ല. പാതിരി തനിക്കറിയാവുന്ന ഒരു ഉത്തരം പറഞ്ഞു. ഡബ്ലിയൂ സീ എന്നു പറഞ്ഞാൽ വേ സൈഡ്‌ ചാപ്പൽ എന്നാണ്‌.എന്നു പറഞ്ഞാൽ യാത്ര ചെയ്യുന്നവർക്കും മറ്റും പ്രാർഥിക്കനുള്ള ചെരിയ ഒരു പ്രാർഥനാലയം.

ഇപ്പോൾ മാത്തപ്പനു കാര്യം മനസ്സിലായി. അല്ലെങ്കിലും അവൾ പണ്ടേ വലിയ ഭക്തിയും കാര്യങ്ങളുമൊക്കെ ഉള്ളവളാ.ഇവിടെ വന്നാലും പ്രാർഥന മുടങ്ങരുത്‌ എന്നതാണവളുടെ ഉദ്ദേശം.മാത്തപ്പൻ വളരെ കഷ്ടപ്പെട്ട്‌ ഒരു വീടു കണ്ടെത്തിയതിനു ശേഷം അപ്പാപ്പനു മറുപടി എഴുതി.

"പ്രിയപ്പെട്ട അപ്പാപ്പന്‌.ഇവിടെ വീടു കിട്ടാനൊക്കെ വലിയ പാടാണ്‌.പ്രത്യേകിച്ചും ഡബ്ലിയൂ സീ സൌകര്യമൊക്കെ ഉള്ളത്‌.ഇവിടുത്തെ ആൾക്കാർക്ക്‌ ഇപ്പോൾ ഇതിലൊന്നും വലിയ താൽപ്പര്യമൊന്നുമില്ല.ഒന്നോ രണ്ടോ മാസം കൂടുമ്പോഴെങ്ങാനുമേ അവർ ഒരു ഡബ്ലിയൂ സീയിൽ പോകാറുള്ളൂ. എന്തായാലും അവൾക്കു ഞാൻ കണ്ടു വച്ചിരിക്കുന്ന വീട്ടിൽ നിന്ന് 10 കിലോമീറ്റർ മാത്രമേയുള്ളു തൊട്ടടുത്ത ഡബ്ലിയൂ സീയിലേക്ക്‌.

ഈ അടുത്ത പ്രദേശത്തുള്ളതിൽ വച്ച്‌ ഏറ്റവും നല്ല ഡബ്ലിയൂ സീയാണ്‌ അത്‌. ദിവസവും ധാരാളം ആളുകൾ അവിടെ വരാറുണ്ടെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.ഒരു അൻപതു പേർക്ക്‌ ഒരേ സമയം അതിലിരിക്കാൻ പറ്റും.പിന്നെ ഒന്നഡ്ജസ്റ്റ്‌ ചെയ്ത്‌ ഒരു സീറ്റിൽ രണ്ടു പേരു വച്ചിരുന്നാൽ കുറെപ്പേർക്കു കൂടി അകത്തിരിക്കാം.ബാക്കിയുള്ളവർക്കു പുറത്തു തന്നെ ഇരിക്കാനുള്ള സൌകര്യവുമുണ്ട്‌. പക്ഷെ മുഴുവൻ ഗ്ലാസ്സായതു കൊണ്ട്‌ പുറത്ത്‌ നിന്നാലും അകത്തു നടക്കുന്നതെല്ലാം നല്ല ക്ലിയറായി കാണാൻ പറ്റും എന്ന് ഒരു മെച്ചമുണ്ട്‌.

നല്ല ഒന്നാംതരം സൌണ്ട്‌ സിസ്റ്റമാണ്‌ അവിടെയുള്ളത്‌.അത്യന്താധുനിക സംവിധാനങ്ങൾ ഒക്കെയുള്ളതിനാൽ എല്ലാ ശബ്ദവും പുറത്തു നിൽക്കുന്നവർക്കും വ്യക്തമായി കേൾക്കാൻ സാധിക്കും.
അതുകൊണ്ട്‌ എത്രയും പെട്ടെന്നു തന്നെ കൊച്ചിനെ ഇങ്ങോട്ട്‌ വിട്ടേക്കുക. താമസകാര്യത്തിനുള്ള എല്ലാ ഏർപ്പാടുകളും ഞാൻ ചെയ്തു കൊള്ളാം. ഒന്നും പരിഭ്രമിക്കാനില്ല.

എന്നു സ്വന്തം മാത്തപ്പൻ"

അപ്പാപ്പൻ കൊച്ചിനേ വിദേശത്തേക്കെങ്ങും വിടുന്നതേയില്ല എന്നു തിരുമാനിച്ചതെന്താണെന്ന് മാത്തപ്പനിന്നും അറിയില്ല.

10 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മുന്‍പ് വായിച്ചിട്ടുണ്ട്.. പക്ഷേ ഇപ്പൊ ചിരിപ്പിച്ചൂ...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പാവത്താനെ .. ഇഷ്ടപ്പെട്ടു...

siva // ശിവ പറഞ്ഞു...

നല്ല തമാശ....

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം. ഇതിന് മുമ്പു കണ്ടിട്ടിലാ കേട്ടോ.

പ്രയാണ്‍ പറഞ്ഞു...

ഇനി sms വിടുമ്പോള്‍ കഴിവതും ഇങ്ങനത്തെ short cuts ഉപയോഗിക്കാതെ നോക്കാം. സംഭവം നന്നായിട്ടുണ്ട്...

ജ്വാല പറഞ്ഞു...

മുമ്പു വായിച്ചിട്ടില്ല..നല്ല ഹാസ്യം

പാവത്താൻ പറഞ്ഞു...

കമന്റിട്ട എല്ലാവർക്കും നന്ദി.
ശിവാ:ആ മരുത്വാമല യാത്രയിലുള്ള അസൂയ ഇതുവരെ മാറിയിട്ടില്ല. അസൂയ സഹിക്കാതാവുമ്പോൾ ഇപ്പൊഴും ഇടക്ക്‌ ഞാനാ പോസ്റ്റ്‌ സന്ദർശിക്കാറുണ്ട്‌

Jayasree Lakshmy Kumar പറഞ്ഞു...

കൊള്ളാട്ടോ. ഞാനിതു മുൻപ് വായിച്ചിട്ടില്ല

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

പാവത്താന്‍ വളരെ നല്ല എഴുത്, നല്ല ഒഴുക്കുള്ള ഹാസ്യം. ഇനിയും പോരട്ടെ നല്ല എമണ്ടന്‍ ഹാസ്യത്തിന്റെ അമിട്ടുകള്‍

പാവത്താൻ പറഞ്ഞു...

ചിന്താവിഷ്ടയായ ലക്ഷ്മിക്കും (പടം കണ്ടിട്ടു തോന്നിയതാണേ)കുറുപ്പിനും സ്നേഹാദരപൂർവം നന്ദി