2008, നവംബർ 29, ശനിയാഴ്‌ച

വെല്ലുവിളി


താഴെക്കാണുന്ന പൂക്കൾ ഏതുചെടിയിലേതാണെന്നു പറയാമോ? വെല്ലുവിളിയാണ്‌
ശരിയായ ഉത്തരം പറയുന്നവർക്ക്‌ ഒരു തുമ്പക്കുടം സമ്മാനം
സൂചനകൾ
തൊടിയിലും പറമ്പിലുമൊക്കെ സാധാരണ കാണപ്പെടുന്ന കുഞ്ഞു പൂവുകളാണ്‌. ഔഷധ സസ്യങ്ങളാണ്



പ്രേതകാലം.

ഇതു പൂക്കാലമല്ല
ഇവിടെ കേൾക്കുന്നത്‌
കിളികളുടെ ശബ്ദവും വണ്ടുകളുടെ മുരളലുമല്ല
വെടിയൊച്ചകളും സ്ഫോടനങ്ങളും മാത്രം.


ആ രണ്ടു വയസ്സുകാരന്റെ പിറന്നാൾ സമ്മാനപ്പൊതിയിലുണ്ടായിരുന്നത്‌
മിഠായികളും കുഞ്ഞുടുപ്പുകളുമായിരുന്നില്ല,
വെടിയേറ്റു തുളഞ്ഞു ചിതറിയ
അവന്റെ അമ്മയുടേയും അഛന്റേയും ജഡങ്ങളായിരുന്നു
എന്റെ പൂക്കളിൽ തിളങ്ങിനിൽക്കുന്നത്‌ മഞ്ഞുതുള്ളികളല്ല
അവന്റെ കണ്ണീരാണ്‌

ജീവിതം സ്വപ്നം കണ്ട്‌ കൈപിടിച്ചു നടന്ന ഒരഛന്റേയും മകന്റേയും,
തൊണ്ടയിൽ ചോര വിക്കി പാതിയിൽ നിലച്ചുപോയ നിലവിളിയൊച്ച.
എന്റെ പൂക്കളിൽ ചിതറിത്തെറിച്ചുകിടക്കുന്ന നിറം അവരുടെ ചോരയുടേതാണ്‌
എന്റെ പൂക്കൾക്കെല്ലാമിന്നൊരേ നിറം - ചോരയുടെ ചുവപ്പ്‌
ഇന്ത്യയുടെ , അമേരിക്കയുടെ, ബ്രിട്ടന്റെ, ഇസ്രയേലിന്റെ...
പിന്നെ പേരറിയാത്തവരാരുടെയൊക്കെ ചോര...

ഇതു പൂക്കാലമല്ല,
ഇരുൾ നിറഞ്ഞ കരളിൽ
ചോരയുറഞ്ഞുകിടക്കുന്ന
കൊടുംശൈത്യത്തിന്റെ പ്രേതകാലം.

2008, നവംബർ 27, വ്യാഴാഴ്‌ച

പൂക്കാലം




മകൾ സ്കൂളിൽ നിന്നു വന്നത്‌ ഒരു ആവശ്യവുമായാണ്‌.അവൾക്ക്‌ ഒരു തുമ്പച്ചെടി വേണം. പിറ്റേദിവസം സ്കൂളിൽ കൊണ്ടുപോകാനാണ്‌.അവളുടെ ക്ലാസ്സിലെ ചില കുട്ടികൾ തുമ്പ കണ്ടിട്ടില്ലത്രെ.

പിറ്റേ ദിവസം രാവിലെ ഞാൻ പറമ്പിലേക്കിറങ്ങി. ഒരു തുമ്പച്ചെടി പറിക്കാൻ. പക്ഷെ അദ്ഭുതം. തൊടിയിലെങ്ങും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കാണാനുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അന്വേഷിച്ച ശേഷം ഞാൻ നിരാശനായി തിരിച്ചുവന്നു.
മകൾ എന്നോടു പിണങ്ങിയാണ്‌ അന്നു സ്കൂളിൽ പോയത്‌.എനിക്കും വാശിയും അമ്പരപ്പും തോന്നി.ഒരു തുമ്പച്ചെടിയില്ലത്ത തൊടിയോ? വൈകിട്ടു വീണ്ടും ഞാൻ അന്വേഷണം തുടർന്നെങ്കിലും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

പക്ഷെ അതുവരെ കണ്ണിൽ പെടാതിരുന്ന മറ്റു പലചെടികളും പൂക്കളും തൊടിയിലും പറമ്പിലുമൊക്കെ ഞാൻ കണ്ടു.ക്യാമറയിലൂടെ കണ്ടപ്പോൾ അവയ്ക്കൊക്കെ വല്ലാത്ത ഭംഗി.

ഇതാ കുറെയെണ്ണം....അറിയാവുന്നവയുടെ പേരുകൾ കൊടുത്തിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല.

(മുറ്റത്തു ചട്ടിയിൽ നട്ടു വളർത്തിയ തുമ്പ അൽപം വലുതായിട്ടുണ്ട്‌.പൂവായിട്ടു പടമെടുക്കാം എന്നു കരുതുന്നു.)

ഫോട്ടോ ഇട്ട ഉടൻ പ്രതികരിച്ച "മാറുന്ന മലയാളി"ക്കും "ശ്രീക്കും"നന്ദി.(ശ്രീയുടെ ബ്ലോഗിലെ ചിത്രങ്ങളും കണ്ടു.)

മന്ദാരം വെള്ള. മഞ്ഞയുമുണ്ട്‌





ഇതു മഞ്ഞത്തെറ്റി


ഇതാണ്‌ പുഷ്ക്കരമുല്ല.
ആയുർവേദത്തിലെ ദശമൂലത്തിൽ ഒരുവൻ.
അമാവാസി, പൌർണ്ണമി നാളുകളിൽ മാത്രമേ പൂക്കുകയുള്ളൂ


  
ഇതു മത്തപ്പൂ
വലിയ മത്തങ്ങ ഉണ്ടാവേണ്ടതല്ലേ, പൂവിനും വലുപ്പമുണ്ട്


തൊട്ടാവാടി
വളരെ ഫോട്ടോജനിക്കാണ്‌ - എന്റെ ഒരു ദൌർബ്ബല്യവും
എവിടെക്കണ്ടാലും ഒരു ക്ലോസപ്പെടുത്തില്ലെങ്കിൽ ഉറക്കം വരില്ല


ഒന്നുകിൽ ഇതു തെറ്റി,അല്ലെങ്കിൽ എനിക്കു തെറ്റി
ഇതൊരു തരം തെറ്റിയാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.ഒരേ ചെടിയിൽ തന്നെ വെള്ളയും ചുവപ്പും മഞ്ഞയും പൂക്കൾ കാണാറുണ്ട്


ഇതു ശംഖുപുഷ്പം - വെള്ള
ഇതു തന്നെ നീലയുമുണ്ട്‌
കൂടുതൽ ഇതളുകളുള്ള മറ്റൊരു വെറൈറ്റിയുമുണ്ട്‌ പക്ഷെ നിറം വെള്ളയും നീലയും മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു


ഒരു തെറ്റിപ്പൂവ്‌
സാധാരണ കുലയായേ കാണാറുള്ളൂ.
ഇതു ചാട്ടം പിഴച്ചോ, കൂട്ടം തെറ്റിയോ ഒരിലയിൽ വന്നു പതിച്ചതാണ്‌


ഇതു പയറു വർഗത്തിൽ പെട്ട ഏതോ കാട്ടുവള്ളിച്ചെടിയുടെ പൂവാണ്‌.ഞങ്ങൾ ഇവിടെ വയറ എന്നു പറയും
പക്ഷെ പടത്തിൽ കണ്ടാൽ രാജകുടുംബാംഗമാണെന്നേ പറയൂ


അയ്യോ ഇതു നമ്മുടെ നാണം കുണുങ്ങി മുക്കൂറ്റുയല്ലേ??
ആളാകെയങ്ങു മാറിപ്പോയല്ലോ.
ഇപ്പോൾ കണ്ടലറിയില്ല കേട്ടോ


ഇതൊരു പാവം റോസ്‌.
പൊങ്ങച്ചക്കൊച്ചമ്മമാർ ചട്ടിയിൽ വളർത്തുന്ന ഇനമല്ല - നാടൻ
എങ്കിലും റോസ്‌ റൊസ്‌ തന്നല്ലോ... യേത്‌ 


കനകാംബരം - ഇതു വെള്ള, നീലയുമുണ്ട്‌
കുറെയെണ്ണം ഒന്നിച്ചു പിന്നി സുന്ദരിമാർ മുടിയിലണിയും.
അതല്ലേ ഈ കുസുമേ കുസുമോൽപ്പത്തി.....


ഇതറിയാമല്ലോ - ചെമ്പരത്തി
പടത്തിനൊരു 3 ഡി ഇഫക്റ്റുണ്ടോ എന്നൊരു സംശയം.
ഇല്ല അല്ലേ.എങ്കിൽ എനിക്കു തോന്നിയതാവും


നന്ത്യാർവട്ടം - ചെറുത്‌
അടുക്കടുക്കായി ധാരാളം ഇതളുകളുള്ള മറ്റൊരെണ്ണവുമുണ്ട്‌
ഇത്‌ കുല കുലയായി പൂക്കും


പേരറിയില്ല. 
പടത്തിൽ കാണുന്ന ഗെറ്റപ്പൊന്നും നേരിൽ കാണുമ്പോളില്ല.
ഒരു കുഞ്ഞു പൂവാണ്‌


കോളാമ്പി - ഇവനാണ്‌ ഒറിജിനൽ
കുഞ്ഞ്‌ ഇലകളും കുഞ്ഞ്‌ പൂക്കളുമായി ഒരുവനെ നാട്ടിലിപ്പോൾ കാണാറുണ്ട്‌ ; ചട്ടികളിൽ




വേലിപ്പരത്തി 
ചുവപ്പും മഞ്ഞയുമാണ്‌ നാടൻ. ഇവൻ വരവാ....


മഞ്ഞ മന്ദാരം
പാവം മഴ നനഞ്ഞ്‌ തളർന്നിരിക്കുന്നു.അതാ തല കുനിച്ചു കിടക്കുന്നത്‌.
അല്ലെങ്കിൽ സാധാരണയായി മേലോട്ടു നോക്കിത്തന്നെയാണു നിൽപ്പ്


കാക്കപ്പൂവ്‌ - മതിലുകൾ കണ്ടുപിടിക്കപ്പെടുന്നതിനു മുൻപ്‌ ഈ ചെടി വേലിയായി നിർത്തിയിരുന്നു
നിറയെ പൂവുണ്ടാകുമായിരുന്നു

(എന്റെ ഒരു പഴയ പോസ്റ്റാണ്‌
ഇവിടെ വീണ്ടും കൊടുക്കുന്നു)
തന്റെ ആകാരവടിവുകളെല്ലാം തുറന്നു കാട്ടുന്ന ഒരു നേര്‍ത്ത മൂടുപടം മാത്രം അണിഞ്ഞു മലനിര മയങ്ങിക്കിടന്നു. ഇടതൂര്‍ന്ന മുടിയഴിച്ചിട്ട സുന്ദരിപ്പനയുടെ തലയില്‍ കാറ്റു മെല്ലെ തലോടി . പന ഉടലിളക്കി ശ്രിംഗാര ച്ചിരിയുതിര്ത്തു.
സ്വര്‍ണ്ണ കസവ് മുണ്ടുടുത്ത കണിക്കൊന്ന നവവധുവിനെപ്പോലെ നാണിച്ചു തല താഴ്ത്തി നിന്നു.
 
രജസ്വലയായ ചെമ്പരത്തി ആകെ ചുവന്നു തുടുത്തു കളിചിരികള്‍ ഒതുക്കി ഗൌരവത്തില്‍ ഒഴിഞ്ഞു മാറി നിന്നു. ചുറ്റും പറക്കുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും അവള്‍ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. 

വെള്ള വസ്ത്രം ധരിച്ചു, നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞു നന്ത്യാര്‍ വട്ടം ഒരൊഴിഞ്ഞ കോണില്‍ നാമം ജപിച്ച്ചിരുന്നു. ജ്വലിക്കുന്ന സൌന്ദര്യമുള്ള ഒരു യുവ സന്ന്യാസിനിയെപ്പോലെ. 

ഹൃദയ സ്പര്‍ശിയായ ഒരു പഴയ ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ അലന്കാരങ്ങളും ആടയാഭരണങ്ങളും ഇല്ലാതെ നില്ക്കുന്ന പാവം തുളസിച്ചെടി.

2008, നവംബർ 25, ചൊവ്വാഴ്ച

സന്ദർശകർ


വീട്ടിൽ ചില പുതിയ സന്ദർശകർ എത്തി.എന്നും കാണാത്തവരായതിനാൽ ഒരു പടമെടുത്തു വച്ചേക്കാമെന്നു വച്ചു.

2008, നവംബർ 21, വെള്ളിയാഴ്‌ച

ജൂലി വന്നപ്പോൾ

                                                               ജൂലി വന്നപ്പോൾ
അഛൻ പട്ടാളത്തിൽ നിന്നു പെൻഷൻ ആയി വരുന്നു. ഞങ്ങൾ -, അമ്മയും ഞാനും ചേച്ചിയും വളരെ നാളുകളായി ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു ആ സുദിനത്തിനായി.വന്നപ്പോൾ കുറെ വലിയ പെട്ടികൾക്കൊപ്പം ഒരാൾ ചങ്ങലക്കിട്ടുപിടിച്ച്‌ ഒരു പുലിയോളം വലിയ ഒരു ജർമ്മൻ ഷെപ്പേടും ഉണ്ടായിരുന്നു കൂടെ. അതു കണ്ടതോടെ അമ്മയുടെ മുഖം മാറി. അഛൻ ജോലിസ്ഥലതു നിന്നും വന്നപ്പോൾ കൂടെ കൊണ്ടുവന്ന രണ്ടാം ഭാര്യയെ നോക്കുന്നതു പോലെയായിരുന്നു അമ്മയുടെ ഭാവം.വന്നവർക്കു ചായയും മറ്റും കൊടുക്കുമ്പോഴും അഛന്റെ നിർദ്ദേശമനുസരിച്ച്‌ പട്ടിക്കു പാലും ബിസ്കറ്റുമൊക്കെ കൊടുക്കുമ്പോഴും അമ്മ എന്തൊക്കെയൊ പിറുപിറുക്കുന്നുണ്ടായിരുന്നു. ജൂലി - അതായിരുന്നു ആ പുലിയുടെ പേര്‌ - ഞങ്ങളെയൊന്നും മൈന്റ്‌ ചെയ്യാതെ അഛനോടു ചേർന്നു നിന്ന് പരിസരമൊക്കെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട്‌ ഞങ്ങളെ അസൂയപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങളാരെങ്കിലും അഛന്റെ അടുത്തേക്കു ചെന്നാലുടൻ അവൾ ഒന്നു മുറുമുറുക്കും.അഛൻ അവളുടെ മാത്രം സ്വന്തമാണെന്ന മട്ടിൽ." മക്കളേ നോക്കീം കണ്ടുമൊക്കെ നിന്നോണം ഇല്ലെങ്കിൽ ആ ജന്തു നിങ്ങളെയൊക്കെ പിടിച്ചു തിന്നു കളയും" എന്ന് അമ്മ പറഞ്ഞത്‌ കേട്ട്‌ ഞങ്ങൾ ചിരിച്ചെങ്കിലും ഞങ്ങളുടെ ഉള്ളിലും ആ ഭയം ഇല്ലാതില്ലായിരുന്നു. തടിച്ചികളായ അമ്മയ്ക്കും ചേച്ചിക്കും അത്ര പേടിക്കേണ്ട കാര്യമില്ല. പക്ഷെ എലുമ്പൂസുകളായ എന്നേയും അനിയത്തി മോനായിയെയും ഒരുമിച്ചു തിന്നാലും പിന്നെയും ഒരു പഴം കൂടി തിന്ന് ഒരു ഗ്ലാസ്‌ വെള്ളവും കുടിക്കാനുള്ള സ്ഥലം ആ പുലിയുടെ വയറ്റിൽ ബാക്കിയുണ്ടാവും എന്നുറപ്പ്‌.(അന്നത്തെ കാര്യമാണേ ഇന്നു മോനായിയുടെ ഒരു കൈയ്യുണ്ടെങ്കിൽ തിരുവനന്തപുരം മൃഗശാലയിലെ എല്ലാ ജീവികൾക്കും ഓണത്തിനും ക്രിസ്തുമസ്സിനും റംസാനും നല്ല ഒന്നാംതരം സദ്യ കൊടുക്കാം.) എന്തായാലും അഛനെ ഞങ്ങളിൽ നിന്നു തട്ടിയെടുത്ത ആ ശ്വാനസുന്ദരി ഞങ്ങൾക്കു പൊതുശത്രുവായിരുന്നു. അഛനും പട്ടിയും ഒരു കക്ഷി, അമ്മയും മക്കളും മറു കക്ഷി എന്നു രണ്ടു ചേരിയായി ഞങ്ങൾ തിരിഞ്ഞു.വീട്ടിലെ ക്രമ സമാധാനം നായ നക്കി.
പക്ഷേ കുറച്ചു കാലത്തിനുള്ളിൽ നിരീക്ഷകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട്‌ ജൂലി കൂറുമാറി.അവൾ അസാമാന്യ ബുദ്ധിയുള്ളവളായിരുന്നു. പട്ടാളത്തിൽ അഛൻ വലിയ ധീരശൂരപരാക്രമിയൊക്കെ ആയിരിക്കും, പക്ഷേ സ്വന്തം വീട്ടിൽ ഭാര്യയോളം ശക്തി അമേരിക്കൻ പ്രസിഡന്റിനു പോലുമില്ലെന്ന് അവൾ പെട്ടെന്ന് മനസ്സിലാക്കി.അല്ലെങ്കിലും ദുർബ്ബലനായ എതു കുഞ്ഞു ഗ്രഹവും സ്വക്ഷേത്രത്തിൽ ബലവാനായിരിക്കുമല്ലോ.ഇതു മനസ്സിലാക്കിയ ജൂലി അമ്മയെ കാണുമ്പോൾ കൂടുതൽ വാലാട്ടുകയും മുഖത്ത്‌ ഒരു ദയനീയ ഭാവം വരുത്തുകയും ഒക്കെ ചെയ്തപ്പോൾ അമ്മയങ്ങലിഞ്ഞു.ഭിക്ഷയ്ക്കു വന്ന ഒരു കള്ളനെ(അമ്മയുടെ അഭിപ്രായത്തിൽ എല്ലാ ഭിക്ഷക്കാരും കള്ളന്മാരാണ്‌)കുരച്ചോടിക്കുക കൂടി ചെയ്തതോടെ അമ്മ ജൂലിയുടെ ഒരു ഫാനായി എന്നു പറഞ്ഞാൽ മതിയല്ലൊ. എന്തായാലും ജൂലി ഞങ്ങളുടെ പക്ഷത്തേക്കു വന്നതോടെ അഛൻ ഡി ഐ സി യുടെ അവസ്ഥയിലായി.പിന്നെ പതുക്കെ പമ്മി പതുങ്ങി അദ്ദേഹവും കൂടി ഞങ്ങളുടെ പാർട്ടിയിൽ ചേർന്നതോടെ വീണ്ടും വീട്ടിൽ സന്തോഷവും സമാധാനവും കളിയാടാൻ തുടങ്ങി.

നിയമപരമായ മുന്നറിയിപ്പ്‌ : തുടരാൻ സാദ്ധ്യതയുണ്ട്‌ ജാഗ്രതൈ

2008, നവംബർ 19, ബുധനാഴ്‌ച

ഇന്നത്തെ കളി

ഇതു വളരെ രസകരമായ ഒരു കളിയാണ്‌
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി
ഒരിക്കലും ഒരാളും ജയിക്കാത്ത കളി
പണ്ടു നരകത്തിൽ ദുർ വൃത്തരായ ദുരാത്മാക്കളെ പീഡിപ്പിച്ചു മുഷിയുമ്പോൾ
ചെകുത്താന്മാർ മാനസികോല്ലാസത്തിനുവേണ്ടി
ഈ കളി കളിച്ചിരുന്നു
ഇന്ന്` ശ്രീലങ്കയിൽ,ഒറീസ്സയിൽ,ഇറാക്കിൽ,ഗുജറാത്തിൽ,
ഒക്കെ ഇതു കളിക്കപ്പെടുന്നു
ചുടലപ്പറമ്പിൽ
പാതി കരിഞ്ഞ മനുഷ്യമാംസം ഭക്ഷിച്ച്‌
വയർ നിറഞ്ഞ പിശാചുക്കൾ
പടുമരണമടഞ്ഞ ചെറുപ്പക്കാരുടെ ചുടു ചോര കുടിച്ചു മത്തു പിടിക്കുമ്പോൾ
ഈ കളി കളിക്കുന്നു

ഇതു വളരെ രസകരമായ ഒരു കളിയാണ്‌
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി
ഒരിക്കലും ഒരാളും ജയിക്കാത്ത കളി.
കണ്ണുകളിൽ കാമം കത്തുന്ന,
കോമ്പല്ലുകൾ കൂർത്തു മിനുങ്ങുന്ന,
സുന്ദരികളായ യക്ഷിപ്പരിഷകൾ
ഗർഭഛിദ്രത്തിനു വിധേയമാക്കപ്പെട്ട അനാഥ ഭ്രൂണങ്ങൾ കൊറിച്ചുകൊണ്ട്‌
കളി കാണാൻ എത്തിയിരിപ്പുണ്ടാവും.
അവരാർത്തുവിളിച്ചു കളിക്കാരെ പ്രോത്സാഹിപ്പിക്കും.
ഇതു വളരെ രസകരമായ ഒരു കളിയാണ്‌.
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി,
ഒരിക്കലും ഒരാളും ജയിക്കാത്ത,
ഒരിക്കലും തീരാത്ത ഒരു കളി

2008, നവംബർ 17, തിങ്കളാഴ്‌ച

തൊടിയിലെ തൊട്ടാവാടിയുടെ സൌമ്യ സൌന്ദര്യം.

തുമ്പി
This has nothing to do with Chandrayaan.Its just a photo i took. the moon was kind enough to permitme to take the photo. Look how nicely he has posed for me.

2008, നവംബർ 10, തിങ്കളാഴ്‌ച

മഴക്കാഴ്ച


മഴയില്‍ അലിന്ജോഴുകാന്‍