2008 നവംബർ 29, ശനിയാഴ്‌ച

പ്രേതകാലം.

ഇതു പൂക്കാലമല്ല
ഇവിടെ കേൾക്കുന്നത്‌
കിളികളുടെ ശബ്ദവും വണ്ടുകളുടെ മുരളലുമല്ല
വെടിയൊച്ചകളും സ്ഫോടനങ്ങളും മാത്രം.


ആ രണ്ടു വയസ്സുകാരന്റെ പിറന്നാൾ സമ്മാനപ്പൊതിയിലുണ്ടായിരുന്നത്‌
മിഠായികളും കുഞ്ഞുടുപ്പുകളുമായിരുന്നില്ല,
വെടിയേറ്റു തുളഞ്ഞു ചിതറിയ
അവന്റെ അമ്മയുടേയും അഛന്റേയും ജഡങ്ങളായിരുന്നു
എന്റെ പൂക്കളിൽ തിളങ്ങിനിൽക്കുന്നത്‌ മഞ്ഞുതുള്ളികളല്ല
അവന്റെ കണ്ണീരാണ്‌

ജീവിതം സ്വപ്നം കണ്ട്‌ കൈപിടിച്ചു നടന്ന ഒരഛന്റേയും മകന്റേയും,
തൊണ്ടയിൽ ചോര വിക്കി പാതിയിൽ നിലച്ചുപോയ നിലവിളിയൊച്ച.
എന്റെ പൂക്കളിൽ ചിതറിത്തെറിച്ചുകിടക്കുന്ന നിറം അവരുടെ ചോരയുടേതാണ്‌
എന്റെ പൂക്കൾക്കെല്ലാമിന്നൊരേ നിറം - ചോരയുടെ ചുവപ്പ്‌
ഇന്ത്യയുടെ , അമേരിക്കയുടെ, ബ്രിട്ടന്റെ, ഇസ്രയേലിന്റെ...
പിന്നെ പേരറിയാത്തവരാരുടെയൊക്കെ ചോര...

ഇതു പൂക്കാലമല്ല,
ഇരുൾ നിറഞ്ഞ കരളിൽ
ചോരയുറഞ്ഞുകിടക്കുന്ന
കൊടുംശൈത്യത്തിന്റെ പ്രേതകാലം.

4 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

പൂക്കള്‍ക്ക് നിറം കൂട്ടാന്‍ നൂറ്റിയിരുപത്തഞ്ചു പേരുടെ ചോര കൂടി.......

ബഷീർ പറഞ്ഞു...

നമ്മുടെ ജീവിതത്തിനു നിറമേകാന്‍ സ്വന്തം ചോരയാല്‍ പൂക്കള്‍ക്ക്‌ നിറം കൊടുത്ത്‌ വീരചരമമടഞ്ഞ നമ്മുടെ സഹോദരങ്ങള്‍ അവരെ നെഞ്ചിലേറ്റി ചെറുത്ത്‌ തോത്പ്പിക്കാം ഈ വിദ്വംസക -ഭീകരതയെ..

മനുഷ്യ മനസ്സുകളില്‍ കരുണയെന്ന വികാരം വീണ്ടും തളിര്‍ക്കട്ടെ. ആശംസകള്‍

പാവത്താൻ പറഞ്ഞു...

ഇവിടെ വന്നതിനും പ്രതികരണമറിയിച്ചതിനും നന്ദി.

Unknown പറഞ്ഞു...

കവിത വായിച്ചു,നന്നായിരിക്കുന്നു!ഇനിയും വരാം,വായിക്കാം