ജൂലി വന്നപ്പോൾ
അഛൻ പട്ടാളത്തിൽ നിന്നു പെൻഷൻ ആയി വരുന്നു. ഞങ്ങൾ -, അമ്മയും ഞാനും ചേച്ചിയും വളരെ നാളുകളായി ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു ആ സുദിനത്തിനായി.വന്നപ്പോൾ കുറെ വലിയ പെട്ടികൾക്കൊപ്പം ഒരാൾ ചങ്ങലക്കിട്ടുപിടിച്ച് ഒരു പുലിയോളം വലിയ ഒരു ജർമ്മൻ ഷെപ്പേടും ഉണ്ടായിരുന്നു കൂടെ. അതു കണ്ടതോടെ അമ്മയുടെ മുഖം മാറി. അഛൻ ജോലിസ്ഥലതു നിന്നും വന്നപ്പോൾ കൂടെ കൊണ്ടുവന്ന രണ്ടാം ഭാര്യയെ നോക്കുന്നതു പോലെയായിരുന്നു അമ്മയുടെ ഭാവം.വന്നവർക്കു ചായയും മറ്റും കൊടുക്കുമ്പോഴും അഛന്റെ നിർദ്ദേശമനുസരിച്ച് പട്ടിക്കു പാലും ബിസ്കറ്റുമൊക്കെ കൊടുക്കുമ്പോഴും അമ്മ എന്തൊക്കെയൊ പിറുപിറുക്കുന്നുണ്ടായിരുന്നു. ജൂലി - അതായിരുന്നു ആ പുലിയുടെ പേര് - ഞങ്ങളെയൊന്നും മൈന്റ് ചെയ്യാതെ അഛനോടു ചേർന്നു നിന്ന് പരിസരമൊക്കെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് ഞങ്ങളെ അസൂയപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങളാരെങ്കിലും അഛന്റെ അടുത്തേക്കു ചെന്നാലുടൻ അവൾ ഒന്നു മുറുമുറുക്കും.അഛൻ അവളുടെ മാത്രം സ്വന്തമാണെന്ന മട്ടിൽ." മക്കളേ നോക്കീം കണ്ടുമൊക്കെ നിന്നോണം ഇല്ലെങ്കിൽ ആ ജന്തു നിങ്ങളെയൊക്കെ പിടിച്ചു തിന്നു കളയും" എന്ന് അമ്മ പറഞ്ഞത് കേട്ട് ഞങ്ങൾ ചിരിച്ചെങ്കിലും ഞങ്ങളുടെ ഉള്ളിലും ആ ഭയം ഇല്ലാതില്ലായിരുന്നു. തടിച്ചികളായ അമ്മയ്ക്കും ചേച്ചിക്കും അത്ര പേടിക്കേണ്ട കാര്യമില്ല. പക്ഷെ എലുമ്പൂസുകളായ എന്നേയും അനിയത്തി മോനായിയെയും ഒരുമിച്ചു തിന്നാലും പിന്നെയും ഒരു പഴം കൂടി തിന്ന് ഒരു ഗ്ലാസ് വെള്ളവും കുടിക്കാനുള്ള സ്ഥലം ആ പുലിയുടെ വയറ്റിൽ ബാക്കിയുണ്ടാവും എന്നുറപ്പ്.(അന്നത്തെ കാര്യമാണേ ഇന്നു മോനായിയുടെ ഒരു കൈയ്യുണ്ടെങ്കിൽ തിരുവനന്തപുരം മൃഗശാലയിലെ എല്ലാ ജീവികൾക്കും ഓണത്തിനും ക്രിസ്തുമസ്സിനും റംസാനും നല്ല ഒന്നാംതരം സദ്യ കൊടുക്കാം.) എന്തായാലും അഛനെ ഞങ്ങളിൽ നിന്നു തട്ടിയെടുത്ത ആ ശ്വാനസുന്ദരി ഞങ്ങൾക്കു പൊതുശത്രുവായിരുന്നു. അഛനും പട്ടിയും ഒരു കക്ഷി, അമ്മയും മക്കളും മറു കക്ഷി എന്നു രണ്ടു ചേരിയായി ഞങ്ങൾ തിരിഞ്ഞു.വീട്ടിലെ ക്രമ സമാധാനം നായ നക്കി.
പക്ഷേ കുറച്ചു കാലത്തിനുള്ളിൽ നിരീക്ഷകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് ജൂലി കൂറുമാറി.അവൾ അസാമാന്യ ബുദ്ധിയുള്ളവളായിരുന്നു. പട്ടാളത്തിൽ അഛൻ വലിയ ധീരശൂരപരാക്രമിയൊക്കെ ആയിരിക്കും, പക്ഷേ സ്വന്തം വീട്ടിൽ ഭാര്യയോളം ശക്തി അമേരിക്കൻ പ്രസിഡന്റിനു പോലുമില്ലെന്ന് അവൾ പെട്ടെന്ന് മനസ്സിലാക്കി.അല്ലെങ്കിലും ദുർബ്ബലനായ എതു കുഞ്ഞു ഗ്രഹവും സ്വക്ഷേത്രത്തിൽ ബലവാനായിരിക്കുമല്ലോ.ഇതു മനസ്സിലാക്കിയ ജൂലി അമ്മയെ കാണുമ്പോൾ കൂടുതൽ വാലാട്ടുകയും മുഖത്ത് ഒരു ദയനീയ ഭാവം വരുത്തുകയും ഒക്കെ ചെയ്തപ്പോൾ അമ്മയങ്ങലിഞ്ഞു.ഭിക്ഷയ്ക്കു വന്ന ഒരു കള്ളനെ(അമ്മയുടെ അഭിപ്രായത്തിൽ എല്ലാ ഭിക്ഷക്കാരും കള്ളന്മാരാണ്)കുരച്ചോടിക്കുക കൂടി ചെയ്തതോടെ അമ്മ ജൂലിയുടെ ഒരു ഫാനായി എന്നു പറഞ്ഞാൽ മതിയല്ലൊ. എന്തായാലും ജൂലി ഞങ്ങളുടെ പക്ഷത്തേക്കു വന്നതോടെ അഛൻ ഡി ഐ സി യുടെ അവസ്ഥയിലായി.പിന്നെ പതുക്കെ പമ്മി പതുങ്ങി അദ്ദേഹവും കൂടി ഞങ്ങളുടെ പാർട്ടിയിൽ ചേർന്നതോടെ വീണ്ടും വീട്ടിൽ സന്തോഷവും സമാധാനവും കളിയാടാൻ തുടങ്ങി.
നിയമപരമായ മുന്നറിയിപ്പ് : തുടരാൻ സാദ്ധ്യതയുണ്ട് ജാഗ്രതൈ
1 അഭിപ്രായം:
നന്നായി . ഒരു ക്ലൈമാക്സ് കൊടുത്തിരുന്നെങ്കിൽ മെച്ചപെടുത്താമായിരുന്നു.ഇനിയും കാണാം.ശൈലി ഇഷ്ടപ്പെട്ടു. എന്റെ ബ്ലോഗിലേക്കു സ്വാഗതം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ