2008, നവംബർ 27, വ്യാഴാഴ്‌ച

പൂക്കാലം




മകൾ സ്കൂളിൽ നിന്നു വന്നത്‌ ഒരു ആവശ്യവുമായാണ്‌.അവൾക്ക്‌ ഒരു തുമ്പച്ചെടി വേണം. പിറ്റേദിവസം സ്കൂളിൽ കൊണ്ടുപോകാനാണ്‌.അവളുടെ ക്ലാസ്സിലെ ചില കുട്ടികൾ തുമ്പ കണ്ടിട്ടില്ലത്രെ.

പിറ്റേ ദിവസം രാവിലെ ഞാൻ പറമ്പിലേക്കിറങ്ങി. ഒരു തുമ്പച്ചെടി പറിക്കാൻ. പക്ഷെ അദ്ഭുതം. തൊടിയിലെങ്ങും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കാണാനുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം അന്വേഷിച്ച ശേഷം ഞാൻ നിരാശനായി തിരിച്ചുവന്നു.
മകൾ എന്നോടു പിണങ്ങിയാണ്‌ അന്നു സ്കൂളിൽ പോയത്‌.എനിക്കും വാശിയും അമ്പരപ്പും തോന്നി.ഒരു തുമ്പച്ചെടിയില്ലത്ത തൊടിയോ? വൈകിട്ടു വീണ്ടും ഞാൻ അന്വേഷണം തുടർന്നെങ്കിലും ഒരു കുഞ്ഞു തുമ്പച്ചെടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

പക്ഷെ അതുവരെ കണ്ണിൽ പെടാതിരുന്ന മറ്റു പലചെടികളും പൂക്കളും തൊടിയിലും പറമ്പിലുമൊക്കെ ഞാൻ കണ്ടു.ക്യാമറയിലൂടെ കണ്ടപ്പോൾ അവയ്ക്കൊക്കെ വല്ലാത്ത ഭംഗി.

ഇതാ കുറെയെണ്ണം....അറിയാവുന്നവയുടെ പേരുകൾ കൊടുത്തിട്ടുണ്ട്‌.ശരിയാണോ എന്നറിയില്ല.

(മുറ്റത്തു ചട്ടിയിൽ നട്ടു വളർത്തിയ തുമ്പ അൽപം വലുതായിട്ടുണ്ട്‌.പൂവായിട്ടു പടമെടുക്കാം എന്നു കരുതുന്നു.)

ഫോട്ടോ ഇട്ട ഉടൻ പ്രതികരിച്ച "മാറുന്ന മലയാളി"ക്കും "ശ്രീക്കും"നന്ദി.(ശ്രീയുടെ ബ്ലോഗിലെ ചിത്രങ്ങളും കണ്ടു.)

മന്ദാരം വെള്ള. മഞ്ഞയുമുണ്ട്‌





ഇതു മഞ്ഞത്തെറ്റി


ഇതാണ്‌ പുഷ്ക്കരമുല്ല.
ആയുർവേദത്തിലെ ദശമൂലത്തിൽ ഒരുവൻ.
അമാവാസി, പൌർണ്ണമി നാളുകളിൽ മാത്രമേ പൂക്കുകയുള്ളൂ


  
ഇതു മത്തപ്പൂ
വലിയ മത്തങ്ങ ഉണ്ടാവേണ്ടതല്ലേ, പൂവിനും വലുപ്പമുണ്ട്


തൊട്ടാവാടി
വളരെ ഫോട്ടോജനിക്കാണ്‌ - എന്റെ ഒരു ദൌർബ്ബല്യവും
എവിടെക്കണ്ടാലും ഒരു ക്ലോസപ്പെടുത്തില്ലെങ്കിൽ ഉറക്കം വരില്ല


ഒന്നുകിൽ ഇതു തെറ്റി,അല്ലെങ്കിൽ എനിക്കു തെറ്റി
ഇതൊരു തരം തെറ്റിയാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌.ഒരേ ചെടിയിൽ തന്നെ വെള്ളയും ചുവപ്പും മഞ്ഞയും പൂക്കൾ കാണാറുണ്ട്


ഇതു ശംഖുപുഷ്പം - വെള്ള
ഇതു തന്നെ നീലയുമുണ്ട്‌
കൂടുതൽ ഇതളുകളുള്ള മറ്റൊരു വെറൈറ്റിയുമുണ്ട്‌ പക്ഷെ നിറം വെള്ളയും നീലയും മാത്രമേ ഇതുവരെ കണ്ടിട്ടുള്ളു


ഒരു തെറ്റിപ്പൂവ്‌
സാധാരണ കുലയായേ കാണാറുള്ളൂ.
ഇതു ചാട്ടം പിഴച്ചോ, കൂട്ടം തെറ്റിയോ ഒരിലയിൽ വന്നു പതിച്ചതാണ്‌


ഇതു പയറു വർഗത്തിൽ പെട്ട ഏതോ കാട്ടുവള്ളിച്ചെടിയുടെ പൂവാണ്‌.ഞങ്ങൾ ഇവിടെ വയറ എന്നു പറയും
പക്ഷെ പടത്തിൽ കണ്ടാൽ രാജകുടുംബാംഗമാണെന്നേ പറയൂ


അയ്യോ ഇതു നമ്മുടെ നാണം കുണുങ്ങി മുക്കൂറ്റുയല്ലേ??
ആളാകെയങ്ങു മാറിപ്പോയല്ലോ.
ഇപ്പോൾ കണ്ടലറിയില്ല കേട്ടോ


ഇതൊരു പാവം റോസ്‌.
പൊങ്ങച്ചക്കൊച്ചമ്മമാർ ചട്ടിയിൽ വളർത്തുന്ന ഇനമല്ല - നാടൻ
എങ്കിലും റോസ്‌ റൊസ്‌ തന്നല്ലോ... യേത്‌ 


കനകാംബരം - ഇതു വെള്ള, നീലയുമുണ്ട്‌
കുറെയെണ്ണം ഒന്നിച്ചു പിന്നി സുന്ദരിമാർ മുടിയിലണിയും.
അതല്ലേ ഈ കുസുമേ കുസുമോൽപ്പത്തി.....


ഇതറിയാമല്ലോ - ചെമ്പരത്തി
പടത്തിനൊരു 3 ഡി ഇഫക്റ്റുണ്ടോ എന്നൊരു സംശയം.
ഇല്ല അല്ലേ.എങ്കിൽ എനിക്കു തോന്നിയതാവും


നന്ത്യാർവട്ടം - ചെറുത്‌
അടുക്കടുക്കായി ധാരാളം ഇതളുകളുള്ള മറ്റൊരെണ്ണവുമുണ്ട്‌
ഇത്‌ കുല കുലയായി പൂക്കും


പേരറിയില്ല. 
പടത്തിൽ കാണുന്ന ഗെറ്റപ്പൊന്നും നേരിൽ കാണുമ്പോളില്ല.
ഒരു കുഞ്ഞു പൂവാണ്‌


കോളാമ്പി - ഇവനാണ്‌ ഒറിജിനൽ
കുഞ്ഞ്‌ ഇലകളും കുഞ്ഞ്‌ പൂക്കളുമായി ഒരുവനെ നാട്ടിലിപ്പോൾ കാണാറുണ്ട്‌ ; ചട്ടികളിൽ




വേലിപ്പരത്തി 
ചുവപ്പും മഞ്ഞയുമാണ്‌ നാടൻ. ഇവൻ വരവാ....


മഞ്ഞ മന്ദാരം
പാവം മഴ നനഞ്ഞ്‌ തളർന്നിരിക്കുന്നു.അതാ തല കുനിച്ചു കിടക്കുന്നത്‌.
അല്ലെങ്കിൽ സാധാരണയായി മേലോട്ടു നോക്കിത്തന്നെയാണു നിൽപ്പ്


കാക്കപ്പൂവ്‌ - മതിലുകൾ കണ്ടുപിടിക്കപ്പെടുന്നതിനു മുൻപ്‌ ഈ ചെടി വേലിയായി നിർത്തിയിരുന്നു
നിറയെ പൂവുണ്ടാകുമായിരുന്നു

(എന്റെ ഒരു പഴയ പോസ്റ്റാണ്‌
ഇവിടെ വീണ്ടും കൊടുക്കുന്നു)
തന്റെ ആകാരവടിവുകളെല്ലാം തുറന്നു കാട്ടുന്ന ഒരു നേര്‍ത്ത മൂടുപടം മാത്രം അണിഞ്ഞു മലനിര മയങ്ങിക്കിടന്നു. ഇടതൂര്‍ന്ന മുടിയഴിച്ചിട്ട സുന്ദരിപ്പനയുടെ തലയില്‍ കാറ്റു മെല്ലെ തലോടി . പന ഉടലിളക്കി ശ്രിംഗാര ച്ചിരിയുതിര്ത്തു.
സ്വര്‍ണ്ണ കസവ് മുണ്ടുടുത്ത കണിക്കൊന്ന നവവധുവിനെപ്പോലെ നാണിച്ചു തല താഴ്ത്തി നിന്നു.
 
രജസ്വലയായ ചെമ്പരത്തി ആകെ ചുവന്നു തുടുത്തു കളിചിരികള്‍ ഒതുക്കി ഗൌരവത്തില്‍ ഒഴിഞ്ഞു മാറി നിന്നു. ചുറ്റും പറക്കുന്ന വണ്ടുകളെയും പൂമ്പാറ്റകളെയും അവള്‍ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. 

വെള്ള വസ്ത്രം ധരിച്ചു, നെറ്റിയില്‍ ഭസ്മക്കുറിയണിഞ്ഞു നന്ത്യാര്‍ വട്ടം ഒരൊഴിഞ്ഞ കോണില്‍ നാമം ജപിച്ച്ചിരുന്നു. ജ്വലിക്കുന്ന സൌന്ദര്യമുള്ള ഒരു യുവ സന്ന്യാസിനിയെപ്പോലെ. 

ഹൃദയ സ്പര്‍ശിയായ ഒരു പഴയ ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ അലന്കാരങ്ങളും ആടയാഭരണങ്ങളും ഇല്ലാതെ നില്ക്കുന്ന പാവം തുളസിച്ചെടി.

3 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

12-‍ാമത്തെ ചിത്രം ചെമ്പരത്തി പൂവിന്‍റേതാണന്നു മനസ്സിലായി. ബാക്കിയൊന്നിന്‍റെയും പേരറിയില്ല. അതു കൂടി നല്‍കാമായിരുന്നു.

ശ്രീ പറഞ്ഞു...

നല്ല ഫ്രഷ് ചിത്രങ്ങള്‍!

പാവത്താൻ പറഞ്ഞു...

പേരുകളും അടിക്കുറിപ്പുകളും ഇടണമെന്നു കരുതിയിരുന്നു പക്ഷെ മുംബൈ.............