ഇന്നത്തെ കളി
ഇതു വളരെ രസകരമായ ഒരു കളിയാണ്
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി
ഒരിക്കലും ഒരാളും ജയിക്കാത്ത കളി
പണ്ടു നരകത്തിൽ ദുർ വൃത്തരായ ദുരാത്മാക്കളെ പീഡിപ്പിച്ചു മുഷിയുമ്പോൾ
ചെകുത്താന്മാർ മാനസികോല്ലാസത്തിനുവേണ്ടി
ഈ കളി കളിച്ചിരുന്നു
ഇന്ന്` ശ്രീലങ്കയിൽ,ഒറീസ്സയിൽ,ഇറാക്കിൽ,ഗുജറാത്തിൽ,
ഒക്കെ ഇതു കളിക്കപ്പെടുന്നു
ചുടലപ്പറമ്പിൽ
പാതി കരിഞ്ഞ മനുഷ്യമാംസം ഭക്ഷിച്ച്
വയർ നിറഞ്ഞ പിശാചുക്കൾ
പടുമരണമടഞ്ഞ ചെറുപ്പക്കാരുടെ ചുടു ചോര കുടിച്ചു മത്തു പിടിക്കുമ്പോൾ
ഈ കളി കളിക്കുന്നു
ഇതു വളരെ രസകരമായ ഒരു കളിയാണ്
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി
ഒരിക്കലും ഒരാളും ജയിക്കാത്ത കളി.
കണ്ണുകളിൽ കാമം കത്തുന്ന,
കോമ്പല്ലുകൾ കൂർത്തു മിനുങ്ങുന്ന,
സുന്ദരികളായ യക്ഷിപ്പരിഷകൾ
ഗർഭഛിദ്രത്തിനു വിധേയമാക്കപ്പെട്ട അനാഥ ഭ്രൂണങ്ങൾ കൊറിച്ചുകൊണ്ട്
കളി കാണാൻ എത്തിയിരിപ്പുണ്ടാവും.
അവരാർത്തുവിളിച്ചു കളിക്കാരെ പ്രോത്സാഹിപ്പിക്കും.
ഇതു വളരെ രസകരമായ ഒരു കളിയാണ്.
എത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി,
ഒരിക്കലും ഒരാളും ജയിക്കാത്ത,
ഒരിക്കലും തീരാത്ത ഒരു കളി