2011, ഫെബ്രുവരി 23, ബുധനാഴ്‌ച

വേരുകൾ

കൊയ്തൊഴിഞ്ഞ പാടത്ത്‌ ഒറ്റയ്ക്കായിപ്പോയ കർഷകനേപ്പോലെ രാഘവൻമാഷ്‌ വരാന്തയുടെ അരമതിലിൽ തൂണും ചാരി ശൂന്യമായ മിഴികളോടെ ഇരുന്നു. താഴത്തെ പടിയിലിരുന്ന് ഭാനുമതിയമ്മ ഇടയ്ക്കിടെ മുണ്ടിന്റെ കോന്തല കൊണ്ട്‌ കണ്ണുകളൊപ്പുന്നുണ്ടായിരുന്നു. രാഘവൻ മാഷുടെ അനുജൻ പ്രഭാകരൻ മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടന്ന് എന്തൊക്കെയോ നുള്ളിപ്പെറുക്കി എടുക്കുന്നതിനിടയ്ക്ക്‌ ആത്മഗതം പോലെ പറഞ്ഞു;
"ആ പന്തലുകാര്‌, ഒള്ള മൊട്ടുസൂചി മുഴുവൻ മുറ്റത്തിട്ടിട്ടാ പന്തലഴിച്ചോണ്ടുപോയത്‌. കാലിലെങ്ങാനും  കൊണ്ടാൽ പിന്നെ അതു മതി."
"ഓ, അതൊക്കെ അവിടെയെങ്ങാനും കെടക്കട്ടെ പ്രഭാകരാ, ഇവിടിനി ആരുടെ കാലിൽ കൊള്ളാനാ?" രാഘവൻ മാഷിന്റെ ശബ്ദത്തിൽ നിരാശ നിറഞ്ഞിരുന്നു.
"ഹാ അതു കൊള്ളാം;" പ്രഭാകരൻ തലയുയർത്തി മാഷെ നോക്കി പറഞ്ഞു,"മോടെ കല്യാണം കഴിഞ്ഞു പോയെന്നു പറഞ്ഞ്‌ നിങ്ങളു രണ്ടാളും ഇവിടെ തന്നെയില്ലേ? മൊട്ടുസൂചി നിങ്ങടെ കാലേൽ കുത്തിക്കേറിയാലും നോവത്തില്ലേ?"
"ഹൃദയം പറിച്ചെടുത്തു പോയ വേദനയ്ക്കിടയിൽ ഒരു മൊട്ടു സൂചി കൊള്ളുന്നത്‌ എന്തറിയാൻ? " എന്നാണ്‌ മാഷപ്പോൾ ഉള്ളിലോർത്തത്‌.


"അവരിപ്പോ അങ്ങെത്തിക്കാണും, അല്ലേ പ്രഭാകരാ?“
അത്ര നേരവും നിശ്ശബ്ദമായി കരഞ്ഞു കൊണ്ടിരുന്ന ഭാനുമതിയമ്മ ചോദിച്ചു.
"ഉം, എത്താൻ സമയമാകുന്നു. എന്റേടത്തീ ഇങ്ങിനെ വെപ്രാളപ്പെടാനൊന്നുമില്ല  നാലു മണിക്കൂർ യാത്രയുണ്ടേ ഇവിടുന്ന് വീട്ടിലേക്ക്‌. അങ്ങെത്തിയാലുടൻ വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്‌ ലക്ഷ്മിമോള്‌."
"എന്റീശ്വരാ ഇന്നുവരെ ഒരു ദിവസം പോലും വീട്ടീന്നു മാറി നിന്നിട്ടില്ലാത്ത കുഞ്ഞാ"... ഭാനുമതിയമ്മയ്ക്കു തൊണ്ടയിടറി. അവർ വീണ്ടും നിറഞ്ഞ കണ്ണുകൾ തുടച്ചു.
"എന്നു വച്ചു പെൺകുട്ടികളു പ്രായമായാൽ കെട്ടിച്ചയക്കാണ്ടു പറ്റുമോ ഏടത്തീ?"
പ്രഭാകരൻ പറഞ്ഞു തീരുന്നതിനു മുൻപേ അകത്തു ഫോൺ ബെല്ലടിച്ചു.ഭാനുമതിയമ്മ ചാടിയെഴുന്നേറ്റു ചെന്നു ഫോണെടുത്തു.
അമ്മേ എന്ന വിളി മാത്രമേ ഭാനുമതിയമ്മ കേട്ടുള്ളു.എന്റെ മോളേ എന്ന്‌ ലക്ഷ്മിയും.പിന്നെ അമ്മയും മകളും തേങ്ങലുകൾക്കിടയ്ക്ക്‌ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
കുറച്ചു നേരം അവരുടെ കരച്ചിൽ കേട്ടിരുന്ന ശേഷം "എന്നാൽ പിന്നെ ഞാനങ്ങോട്ടിറങ്ങുകാ ചേട്ടാ, ലീവു തീർന്നു. നാളെ മുതൽ ഓഫീസിൽ പോകേണ്ടതാ," എന്നു പറഞ്ഞ്‌ പ്രഭാകരനും ഇറങ്ങി നടന്നു.
******************************
ഒറ്റപ്പെടലിന്റെ വേദനയിൽ മൂന്നു നാലു ദിവസം പുറത്തെങ്ങും പോകാതിരുന്ന ശേഷം വല്ലാതെ മടുപ്പു തോന്നി തൊടിയിലേക്കിറങ്ങിയപ്പോഴാണ്‌ മാഷത്‌ കണ്ടത്‌...
പച്ചക്കറിയുടെ അവശിഷ്ടങ്ങൾ കിടന്നിരുന്നിടത്ത്‌ നല്ല ശക്തിയിൽ മുളച്ചു വന്നിരിക്കുന്ന കുറെ പാവൽ തൈകൾ.
"ഭാനൂ ഇതു നോക്കിയേ" മാഷ്‌ ഭാര്യയേ വിളിച്ചു.
രണ്ടാളും കൂടി ആ പാവൽ തൈകൾക്ക്‌ നന്നായി തടമെടുത്തു. ഉണങ്ങിയ ചാണകം പൊടിച്ചു വളമിട്ട ശേഷം ബക്കറ്റിൽ വെള്ളം കോരിക്കൊണ്ടു വന്നൊഴിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ഒരു കാറ്‌ മുറ്റത്തു വന്നു നിന്നത്‌.
ഡോർ തുറന്ന് ലക്ഷ്മിയും സുരേഷും പുറത്തേക്കിറങ്ങി.അമ്മയെ കണ്ടതും ലക്ഷ്മി വിതുമ്പിക്കൊണ്ട്‌ ഓടി വന്നു കെട്ടിപ്പിടിച്ചു രണ്ടു പേരും സന്തോഷം കൊണ്ട്‌ കരയാൻ തുടങ്ങി. ലക്ഷ്മി അഛന്റെ കൈകൾ തന്റെ കൈകളിലെടുത്ത്‌ ഉമ്മ വച്ചു. പിന്നെ അമ്മയും മകളും കൂടി ആരെയും ശ്രദ്ധിക്കാതെ, എന്തൊക്കെയോ കലപില പറഞ്ഞു കൊണ്ട്‌ വീടിനകത്തേക്കു നടന്നു.
"വാ മോനേ" മാഷ്‌ മരുമകനെ വിളിച്ചു - ഞാൻ കൈയ്യൊന്നു കഴുകി വരാം, അപ്പടി അഴുക്കും വിയർപ്പുമാ...
മാഷ്‌ കിണറ്റുകരയിൽ നിന്നും കൈകാൽ കഴുകി വന്നപ്പോഴേക്കും സുരേഷ്‌ അകത്തു കയറി ഇരുന്നിരുന്നു. ലക്ഷ്മി അമ്മയോടൊപ്പം അടുക്കളയിൽ നിന്നും എല്ലാവർക്കും ചായയുണ്ടാക്കി കൊണ്ടുവന്നു. ബോർഡിംഗ്‌ സ്കൂളിലെ വിരസമായ താമസത്തിനു ശേഷം അവധിക്കു വീട്ടിൽ തിരിച്ചെത്തിയ സ്കൂൾ കുട്ടിയെപ്പോലെ ഉല്ലാസവതിയായിരുന്നു ലക്ഷ്മി.
രണ്ടു ദിവസത്തെ താമസത്തിനു ശേഷം കണ്ണീരും തേങ്ങലുമായി ലക്ഷ്മി സുരേഷിനൊപ്പം തിരികെപ്പോയി.


കുറച്ചു നാളുകൾ കൊണ്ട്‌ പാവൽ ചെടികൾ നന്നായി വളർന്നു.വള്ളി വീശിത്തുടങ്ങിയപ്പോൾ തന്നെ മാഷും ഭാര്യയും കൂടി അവയ്ക്കു പടരാൻ കമ്പുകൾ നാട്ടിക്കൊടുത്തു. ചെടികൾ ചുരുളൻ കൈകൾ കൊണ്ട്‌ താങ്ങു കമ്പുകളിൽ മുറുകെച്ചുറ്റിപ്പിടിച്ച്‌ മുകളിലേക്കു പടർന്നു കയറി.
വൈകിട്ട്‌ മാഷും ഭാര്യയും കൂടി പാവലിന്റെ ഇലകളിൽ നിന്നും പുഴുക്കളെ പെറുക്കി കളഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്‌ലക്ഷ്മിയും സുരേഷും എത്തിയത്‌.
കാറിന്റെ ഡോർ തുറന്നിറങ്ങിയ ലക്ഷ്മി സുരേഷ്‌ കൂടി ഇറങ്ങാനായി അവിടെ തന്നെ നിന്നു.അമ്മേ. അഛാ എന്നു വിളിച്ചെങ്കിലും ലക്ഷ്മി,സുരേഷിനോടു ചേർന്ന്, അയാളെ ചാരി നിന്നതേയുള്ളു. വീട്ടിനുള്ളിലും അവൾ ഒരതിഥിയേപ്പോലെ സുരേഷിനൊപ്പം കസേരയിലിരുന്നതേയുള്ളു.
"എന്നാൽ ഞാൻ ചായയെടുക്കാം" എന്നു പറഞ്ഞ്‌ ഭാനുമതിയമ്മ അടുക്കളയിലേക്കു പോയി.
"അമ്മേ സുരേഷേട്ടനു ചായയ്ക്കു നല്ല കടുപ്പം വേണം കേട്ടോ". ഞാനും ഇപ്പ്പ്പോ കടുപ്പത്തിലാ ചായ കുടിക്കുന്നത്‌." ലക്ഷ്മി സുരേഷിനോടു ചേർന്നിരുന്നു കൊണ്ട്‌ വിളിച്ചു പറഞ്ഞു.
" നാളെ ഞായറാഴ്ചയല്ലേ; ഊണിനു നമുക്കു പ്രഭാകരനേം വീട്ടുകാരേം കൂടി വിളിക്കാം." ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ മാഷ്‌ അഭിപ്രായപ്പെട്ടു.
ലക്ഷ്മിയും സുരേഷും പരസ്പരം നോക്കി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ലക്ഷ്മി പറഞ്ഞു,. "അയ്യോ അഛാ, നാളെ സുരേഷേട്ടന്റെ കൂട്ടുകാരന്റെ അനിയത്തീടെ കല്യാണമാ. ഞങ്ങൾക്കു രാവിലെ തന്നെ പോണം. ചിറ്റപ്പനെയൊക്കെ നമുക്കു പിന്നീടൊരു ദിവസം വിളിക്കാം."
മാഷും ഭാര്യയും പരസ്പരം നോക്കി. അവരൊന്നും മിണ്ടിയില്ല.
*************************
നന്നായി പടർന്നു പന്തലിച്ച പാവൽച്ചെടികൾ വൈകാതെ നിറയെ പൂവിട്ടു.പൂക്കൾ വാടിക്കൊഴിഞ്ഞതോടെ കുഞ്ഞു കുഞ്ഞു പാവയ്ക്കകൾ പന്തലിലാകെ ഊഞ്ഞാലാടാൻ തുടങ്ങി. ലക്ഷ്മിയും സുരേഷും ആഴ്ചയിൽ ഒരിക്കലെങ്കിലും ഫോൺ ചെയ്യ്ത്‌ അഛന്റേയും അമ്മയുടെയും വിവരങ്ങൾ തിരക്കാറുണ്ട്‌.


സന്ധ്യക്ക്‌ ഉമ്മറപ്പടിയിലും തുളസിത്തറയിലും ദീപം തെളിച്ചു കഴിഞ്ഞപ്പോൾ ഭാനുമതിയമ്മയ്ക്കു വല്ലാത്ത ക്ഷീണം തോന്നി. "തീരെ വയ്യ" അവർ പറഞ്ഞു. "നേരത്തേ വല്ലതും കഴിച്ചു കിടക്കാം"
മാഷ്‌ അവരുടെ നെറ്റിയിൽ കൈ വച്ചു നോക്കി. ചെറുതായി പനിക്കുന്നുണ്ടായിരുന്നു.
"ചെറിയ ചൂടുണ്ടല്ലോ, ഞാൻ പ്രഭാകരനെ വിളിക്കാം ഇപ്പോൾ തന്നെ എന്തെങ്കിലും മരുന്നു വാങ്ങാം."
ഓ അതൊന്നും വേണ്ടെന്നേ.ഒന്നു വിശ്രമിച്ചാൽ മാറാനുള്ളതേയുള്ളു ഇത്‌. അല്ലെങ്കിൽ നാളെ രാവിലേ എന്തെങ്കിലും ചെയ്യാം. അതു മതി." ഭാനുമതിയമ്മ പറഞ്ഞു.
അപ്പോഴാണ്‌ ഫോൺ ബെല്ലടിച്ചത്‌. ലക്ഷ്മിയായിരുന്നു.കുറച്ചു നേരം അഛനോടു സംസാരിച്ച ശേഷം അവൾ അമ്മയെ അന്വേഷിച്ചു. വയ്യെങ്കിലും ഭാനുമതിയമ്മ അവളോടു സംസാരിച്ചു.പനിയെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കിലും ശബ്ദം കേട്ടപ്പോൾ അവൾ ചോദിച്ചു "എന്താ അമ്മേ ഒരു ക്ഷീണം സുഖമില്ലേ?"
"ഏയ്‌ ഒന്നുമില്ല മോളേ ഒരു ചെറിയ ജലദോഷം അത്രേയുള്ളു" ഭാനുമതിയമ്മ പറഞ്ഞു. പിന്നെ മകളുടെ വകയായി,  ജലദോഷമണെന്നു പറഞ്ഞ്‌ വച്ചു കൊണ്ടിരിക്കരുത്‌, മരുന്നു വാങ്ങണം, അധികം ജോലി ചെയ്യരുത്‌, റെസ്റ്റെടുക്കണം തുടങ്ങി നൂറു കൂട്ടം ഉപദേശങ്ങളെല്ലാം മൂളിക്കേട്ട ശേഷം അവർ ഫോൺ വച്ചു.
ഭാനുമതിയമ്മയുടെ പനി രാത്രിയും തുടർന്നു. നെറ്റിയിൽ കൂടെക്കൂടെ തുണി നനച്ചിട്ടും കട്ടൻ കാപ്പി തിളപ്പിച്ചു കൊടുത്തും ഉറങ്ങാതെ ഭാര്യയുടെ അടുത്തിരിക്കുമ്പോൾമാഷിനു ജീവിതത്തിൽ വല്ലാതെ ഒറ്റപ്പെട്ടതു പോലെ തോന്നി.


രാവിലെ തന്നെ മാഷ്‌ പ്രഭാകരനെ വിളിച്ചു. വിവരം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ഭാനുമതിയമ്മ ശർദിക്കുന്ന ശബ്ദം കേട്ട്‌ "നീ പെട്ടെന്നിങ്ങോട്ടൊന്നു വാ പ്രഭാകരാ" എന്നു പറഞ്ഞ്‌ റിസീവർ താഴെയിട്ട്‌ മാഷ്‌ അവരുടെയടുത്തേക്ക്‌ വെപ്രാളപ്പെട്ട്‌ ഓടിച്ചെന്നു. അൽപനേരം പുറം തിരുമ്മിക്കൊടുത്തപ്പോൾ ശർദ്ദിൽ നിന്നു. വായും മുഖവും കഴുകി അൽപം വെള്ളവും കുടിച്ചു കഴിഞ്ഞപ്പോഴെക്കും പ്രഭാകരൻ എത്തി. വരുന്ന വഴിക്കു തന്നെ വൈദ്യനെ വീട്ടിൽ ചെന്നു കണ്ട്‌ വിവരം പറഞ്ഞ്‌ മരുന്നും വാങ്ങിയായിരുന്നു അയാൾ വന്നത്‌.


"ലക്ഷ്മിമോളു പിന്നെ വിളിച്ചോ?" മാഷുണ്ടാക്കിയ ചൂടു കഞ്ഞി അൽപാൽപം സ്പൂണിൽ കോരിക്കുടിക്കുന്നതിനിടയിൽ ഭാനുമതിയമ്മ ചോദിച്ചു.
തലേദിവസം വിളിച്ചപ്പോൾ അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞിട്ടും ഇതു വരെ അവളൊന്നു വിളിച്ച്‌ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു പോലുമില്ലല്ലോ എന്നാലോചിച്ചിരിക്കുകയായിരുന്നു മാഷ്‌.
"ഉം അവളും സുരേഷും രണ്ടു പ്രാവശ്യം വിളിച്ചിരുന്നു. നീ നല്ല ഉറക്കമായിരുന്നു. പനിയൊക്കെ മാറി ഇപ്പോ ഒരസുഖവുമില്ല എന്നാ ഞാൻ അവരോടു പറഞ്ഞത്‌. വെറുതെയെന്തിനാ അവരെക്കൂടി വെഷമിപ്പിക്കുന്നത്‌?" മാഷ്‌ ഭാര്യക്ക്‌ മുഖം കൊടുക്കാതെ പറഞ്ഞു.
"ആ അതു ശരിയാ. പക്ഷേ എന്തോ എനിക്കവളെയൊന്നു കാണണമെന്നു തോന്നുകാ ഇന്നലെ മുതല്‌"
"അതിനെന്താ, നിന്റെ പനിയൊന്നു മാറട്ടെ. നമുക്കങ്ങോട്ടു പോയി കാണാമല്ലോ അവളെ...


രണ്ടു നേരം മരുന്നു കഴിച്ചപ്പോൾ തന്നെ ഭാനുമതിയമ്മയ്ക്ക്‌ നല്ല ആശ്വാസമായി. ഉച്ച വരെ മാഷ്‌ അവരുടെ അടുത്തു തന്നെ ഇരിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞ്‌, വെയിലൽപ്പം മങ്ങിയപ്പോഴാണ്‌ അന്നു മാഷ്‌ പാവൽ തോട്ടത്തിലേക്കിറങ്ങിയത്‌. ചെടികൾക്കെല്ലാം നനച്ച ശേഷം പൂവീച്ച കുത്താതിരിക്കാൻ പാവൽ കുഞ്ഞുങ്ങൾക്ക്‌ പത്രക്കടലാസ്‌ ചുരുട്ടിയുണ്ടാക്കിയ കുഞ്ഞുടുപ്പുകളണിയിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ കാർ വന്നു നിന്നത്‌.
ഡോർ തുറന്നു പുറത്തേക്കിറങ്ങിയ ലക്ഷ്മിയുടെ കയ്യിൽ ഒരു വലിയ ബാഗുമുണ്ടായിരുന്നു. അവൾ ബാഗുമായി നേരേ മാഷുടെ അടുത്തേക്കോടി വന്നു.
"അഛാ.., അമ്മയെവിടെ? അമ്മയ്ക്കെങ്ങിനുണ്ട്‌? എന്താ അഛാ വിളിച്ചിട്ടൊന്നും ഫോണെടുക്കാത്തത്‌? രാവിലെ മുതൽ എത്ര തവണ വിളിച്ചു. വിളിക്കുമ്പോഴെല്ലാം ബിസി. എന്താ അഛാ അമ്മയ്ക്കു പറ്റിയത്‌?....
"ഏയ്‌... ഒന്നുമില്ല മോളേ.. വെപ്രാളപ്പെടാനൊന്നുമില്ല. അവൾക്കു ചെറിയൊരു ജലദോഷം. അത്രേയുള്ളു..ഇപ്പോ നല്ല കുറവുണ്ട്‌...
അപ്പോഴേക്കും സുരേഷും അടുത്തെത്തിയിരുന്നു. അയാൾ പറഞ്ഞു
"അമ്മയെ നമുക്ക്‌ ഹോസ്പിറ്റലിൽ കൊണ്ടു പോകാമഛാ....
"അതൊന്നും വേണ്ട മോനേ.. രാവിലെ പ്രഭാകരൻ, വൈദ്യനെ കണ്ട്‌ മരുന്നു വാങ്ങി. ഇപ്പോ നല്ല കുറവുണ്ട്‌.... അപ്പോഴാണ്‌ മാഷ്‌ ലക്ഷ്മിയുടെ കയ്യിലെ ബാഗ്‌ ശ്രദ്ധിച്ചത്‌. നീയെന്താ മോളേ വലിയ ബാഗുമൊക്കെയായി?
ഉത്തരം പറഞ്ഞത്‌ സുരേഷായിരുന്നു
" ഹോ, ഇന്നലെ തുടങ്ങിയ ബഹളമല്ലേ അവള്‌, അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞ്‌.പിന്നെ രാവിലെ മുതൽ വിളിച്ചിട്ടു കിട്ടാതായപ്പോ ഞാനും ഒന്നു പേടിച്ചു. ഇവളു കുറച്ചു ദിവസം ഇവിടെ നിൽക്കാനുള്ള ഒരുക്കത്തിലാ. അമ്മയ്ക്കു നല്ല പോലെ ഭേദമായിട്ടേ ഇനി അങ്ങോട്ടു പോരുന്നുള്ളു എന്നു പറഞ്ഞാ വന്നിരിക്കുന്നത്‌."
മാഷ്‌, നിറഞ്ഞു വന്ന കണ്ണുകൾ അവർ കാണാതിരിക്കാനായി ഒരു പാവയ്ക്കാകുഞ്ഞിനെ ഉടുപ്പണിയിക്കുന്നതായി ഭാവിച്ചു നിന്നു.
" എന്നിട്ടമ്മയെവിടെ? ഞാൻ അമ്മയെ കാണട്ടെ" എന്നു പറഞ്ഞ്‌ ലക്ഷ്മി തിടുക്കപ്പെട്ടു മുമ്പോട്ടു നടന്നു. അവളുടെ കയ്യിലെ ബാഗ്‌ ഒരു പാവൽ വള്ളിയിൽ കുരുങ്ങി. അതു ശ്രദ്ധിക്കാതെ നടന്നപ്പോൾ ആ പന്തലൊന്നാകെ ഒന്നുലഞ്ഞു.
അതു കണ്ട്‌ സുരേഷ്‌ ഒച്ചയിട്ടു.
"എടീ സൂക്ഷിച്ച്‌, നീയിപ്പോ ഈ പാവലെല്ലാം പറിച്ചു കളയുമല്ലോ". ലക്ഷ്മി പെട്ടെന്നു നിന്നു.
മാഷ്‌ മെല്ലെ ബാഗിൽ നിന്നും പാവലിന്റെ പിടി വിടുവിച്ചു കൊണ്ട്‌ പറഞ്ഞു.
"ഇല്ല മോനേ; ആഴത്തിലോടിയ വേരുകളാ. അത്ര പെട്ടെന്നൊന്നും പറിഞ്ഞു പോകില്ല - പിന്നെ തന്റെ ദേഹത്തെ അഴുക്കും വിയർപ്പുമൊന്നും കൂട്ടാക്കാതെ രണ്ടു പേരെയും ഇരുവശത്തുമായി ചേർത്തു പിടിച്ചു കൊണ്ട്‌ മാഷ്‌ വീട്ടിലേക്കു നടന്നു.

46 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

വളരെ ഇഷ്ടമായി........ കരച്ചിലിലവസാനിക്കുമോന്നു പേടിയുണ്ടായിരുന്നു.

ശ്രീജ എന്‍ എസ് പറഞ്ഞു...

വളരെ ഇഷ്ടമായി.വളരെ വളരെ..ആഴത്തില്‍ വെരോടിയതോന്നും അത്ര പെട്ടന്ന് അടര്‍ന്നു പോകില്ല അല്ലെ..

ശ്രീക്കുട്ടന്‍ പറഞ്ഞു...

അതിമനോഹരമായ കഥ.അസ്സലായിട്ടുണ്ട് കേട്ടോ.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

Pranavam Ravikumar പറഞ്ഞു...

ഇഷ്ടമായി..!

Unknown പറഞ്ഞു...

അപ്പോഴേ പറഞ്ഞതാ പാവലോന്നും വേണ്ട എന്ന് ...........


വല്ലാത്ത അടുപ്പം തോന്നുന്നു മാഷേ, ആഴത്തിലോടിയ ചില വേരുകള്‍ മുറിഞ്ഞ വേദനയില്‍ ഇരിക്കുന്നത് കൊണ്ട് ആവണം, ഒരു പാട് ഇഷ്ടായി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

വളരെ വളരെ ഇഷ്ടപ്പെട്ടു പാവത്താനെ!
മനസ്സിന് വല്ലാത്തൊരു സുഖമുണ്ട് മാഷ്ടെ കഥ വായിക്കുമ്പോള്‍... അഭിനന്ദനങ്ങള്‍

കൂതറHashimܓ പറഞ്ഞു...

ഇഷ്ട്ടായി.

rajan vengara പറഞ്ഞു...

athe ishtapettu...evieteyenkilum kondu utakki ,bhandhangngalute asthirathaklile peruppikkunna sthiram formulayil ikkathayum avassaanikkum enayirunnu pedichathu..ennaal,aazhathil verodunnathonnum athra pettennu parinju pokilla ennu theryapetuththuna oru sathkathha..athe ishtaayi..

പട്ടേപ്പാടം റാംജി പറഞ്ഞു...

മുറിച്ചുമാറ്റാനാകാതെ...
ഇഷ്ടായി.

ajith പറഞ്ഞു...

കഥ ഇഷ്ടമായി

Sidheek Thozhiyoor പറഞ്ഞു...

നല്ല ഒഴുക്കോടെ ഒതുക്കത്തോടെ പറഞ്ഞ കഥ , ഒരു ദീര്‍ഘനിശ്വാസം ബാക്കിയാക്കി ...

ishaqh ഇസ്‌ഹാക് പറഞ്ഞു...

നല്ലകഥ,ഇഷ്ടപ്പെട്ടു.

രമേശ്‌ അരൂര്‍ പറഞ്ഞു...

മനോഹരമായി ,,ഏച്ചുകെട്ടലുകള്‍ ഇല്ലാതെ പറഞ്ഞ കഥ ..ബന്ധങ്ങളിലെ ഈര്‍പ്പവും ഇഴയടുപ്പവും ...വളരെ ഒഴുക്കോടെ അവതരിപ്പിച്ചു ..

പാവപ്പെട്ടവൻ പറഞ്ഞു...

കഥവായിച്ചു കഥപറയുന്ന രീതിയൊക്കെ ഇഷ്ടപെട്ട് . മാഷേ ഞാൻ തുറന്ന അഭീപ്രായമേ പറയൂ .ദയവായി എന്നോട് ആലോഹ്യം ഒന്നും തൂന്നരുതു .
നല്ലഒഴുക്കോടെ പറഞ്ഞ് വന്നപ്പോൾ ഞാൻ എന്തെങ്കിലും ഒന്നു കാണുമെന്നു പ്രതീക്ഷിച്ചു .
എന്താണു ഈ കഥയിലെ ക്ലൈമാക്സ് . കല്ല്യാണം കഴിഞ്ഞുപോയ മകൾ അമ്മയുടെ അസുഖം അറിഞ്ഞു വീട്ടിലേക്കു വരുന്നതോ ..?
അതൊ മകളുടെ ബാഗ് കൊണ്ടു വേരു ഇളകിപോകാതിരുന്ന പാവലിന്റെ വേരിനെ അനുബന്ധമായി "ഇല്ല മോനേ; ആഴത്തിലോടിയ വേരുകളാ എന്നു പറയുന്നതൊ..?

Sabs പറഞ്ഞു...

അനുജനെ പിന്നെ ആ ഭാഗത്തൊന്നും കണ്ടില്ലല്ലോ. മറന്നു പോയോ?
പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു വിടുന്നത്‌. കൊല്ലാൻ കൊണ്ടു പോയതു പോലെ ആയി പോയല്ലോ. കാലം മാറിയല്ലോ.

അവസാനത്തെ വരികൾ കഥയുമായി ഒരു യോജിപ്പില്ലല്ലോ. മകൾ ഇപ്പോഴും അച്ഛനും അമ്മയുമായി ഗാഢ സ്നേഹത്തിൽ തന്നെയാണ്‌. ഒരു കുറവുമില്ല.
മകൾ രണ്ടു പ്രാവശ്യം വിളിച്ചു എന്നു പറയുന്നു. ഫോൺ കിട്ടിയില്ലെന്നു അച്ഛന്റെ വിചാരവും. ശരിക്കും എന്താ പ്രശ്നം? ഫോൺ പ്രോബ്ലം ആണോ?. ഒന്നു കൂടി. അമ്മയ്ക്ക്‌ ജലദോഷം എന്നു പറയുന്നു (അതൊരു വലിയ അസുഖമല്ല!) എന്നിട്ടും മകൾ അമ്മയെ അന്വേക്ഷിച്ചു വരുന്നു.
എന്നിട്ടും അച്ഛന്റെ വക കുത്തു വാക്ക്‌!
മൊത്തത്തിൽ ബാലിശമായ സ്വഭാവങ്ങളുള്ള വൃദ്ധ ദമ്പതികൾ.

വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുമില്ല എന്നു തോന്നി പോയി.

ഇനിയും എഴുതൂ.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ലളിതമായ ഭാഷാശൈലിയിൽതന്നെ അതിമനോഹരമായി അവതരിപ്പിച്ച ഈ സുന്ദര കഥക്ക് അഭിനന്ദനങ്ങൾ കേട്ടൊ മാഷെ

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

നല്ലൊരു കഥ വായിച്ചു

mayflowers പറഞ്ഞു...

"ഇല്ല മോനേ; ആഴത്തിലോടിയ വേരുകളാ. അത്ര പെട്ടെന്നൊന്നും പറിഞ്ഞു പോകില്ല - "
ശരിക്കും മനസ്സില്‍ത്തട്ടി.ലളിത മനോഹരമായ കഥ.
അഭിനന്ദങ്ങള്‍..

TPShukooR പറഞ്ഞു...

ഒരു നാടന്‍ തനിമ ആദ്യാവസാനം നില നിര്‍ത്തിയ കഥ. നല്ല അവതരണം. മനസ്സിനുള്ളിലേക്ക് നേരിട്ട് കുത്തിവെക്കുന്നത് പോലുള്ള ശൈലിയും.
വളരെ ഭംഗിയായിട്ടുണ്ട്.

the man to walk with പറഞ്ഞു...

ആഴത്തിലോടിയ വേരുകളാ. അത്ര പെട്ടെന്നൊന്നും പറിഞ്ഞു പോകില്ല

വളരെ നന്നായി കഥ .
ആശംസകള്‍

ബിഗു പറഞ്ഞു...

ലാളിത്യമാര്‍ന്ന ഭാഷ. ആശംസകള്‍

yousufpa പറഞ്ഞു...

അവസാനവരികൾ നന്നായി.
കഥ നന്നായി ശിവപ്രസാദ്.

ഒരു യാത്രികന്‍ പറഞ്ഞു...

പറയാതെ വയ്യ. നല്ല കഥ..നല്ല ശൈലി.....സസ്നേഹം

അജ്ഞാതന്‍ പറഞ്ഞു...

ഒരുപാടിഷ്ടായി..മനോഹരമായി പറഞ്ഞു...

kambarRm പറഞ്ഞു...

"ഇല്ല മോനേ; ആഴത്തിലോടിയ വേരുകളാ. അത്ര പെട്ടെന്നൊന്നും പറിഞ്ഞു പോകില്ല -

ശ്രദ്ധേയമായ രചന., അവതരണ ശൈലി സൂപ്പർ.
അഭിനന്ദനങ്ങൾ

mini//മിനി പറഞ്ഞു...

വളരെ മനോഹരമായി എഴുതിയ കഥ.

Unknown പറഞ്ഞു...

നല്ല കഥ...അഭിനന്ദനങ്ങള്‍....

Junaiths പറഞ്ഞു...

നന്നായിരിക്കുന്നു...മക്കളെ കേട്ടിച്ചയക്കുമ്പോള്‍ പല മാതാപിതാക്കളും അനുഭവിക്കുന്ന സംഘര്‍ഷം ,അവരുടെ മാറ്റങ്ങള്‍ ,ജീവിതം..എല്ലാം മനോഹരമായ് പറഞ്ഞിരിക്കുന്നു..ഇഷ്ടമായ്

പള്ളിക്കരയിൽ പറഞ്ഞു...

അവസ്ഥാന്തരങ്ങൾ.... കഥ നന്നായി പറഞ്ഞു.

Unknown പറഞ്ഞു...

nannayi ketto

Anees Hassan പറഞ്ഞു...

kollam

ഷമീര്‍ തളിക്കുളം പറഞ്ഞു...

നല്ല ഒഴുക്കോടെ വായിക്കാനായി...!
നന്നായി അവതരിപ്പിച്ചു. ഇനിയും പ്രതീക്ഷിക്കുന്നു, ആശംസകള്‍....

ente lokam പറഞ്ഞു...

കഥയുടെ രചനയും പറഞ്ഞ രീതിയും മനോഹരം
ആയി.മാതാ പിതാക്കളുടെ പ്രതികരണം സ്വാഭാവികം
ആയിത്തന്നെ അവതരിപ്പിച്ചു.പകുതി വരെ സ്വാഭാവികത
നില നിര്‍ത്തി എങ്കിലും ക്ലൈമാക്സ്‌ വായനക്കാരന് പിടി
കൊടുക്കാതിരിക്കാന്‍ വേണ്ടി മാത്രം പെട്ടെന്ന് അസ്വാഭാവികതയിലേക്ക്
കഥയെ എത്തിച്ചു...എന്നാലും മനസ്സില്‍ സ്നേഹവും നൊമ്പരവും
ഉറഞ്ഞു കൂടി ഒരു വല്ലാത്ത വിമ്മിഷ്ടം.അത് തന്നെ കഥയുടെ
വിജയവും..ആശംസകള്‍..

പാവത്താൻ പറഞ്ഞു...

ഇവിടെ വരാനും, കഥ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാനും സന്മനസ്സു കാട്ടിയ എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി.

Jazmikkutty പറഞ്ഞു...

നല്ല കഥ...അഭിനന്ദനങ്ങള്‍....

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

നല്ല കഥ... എല്ലാവരുടേയും കുടുംബ ബന്ധങ്ങള്‍ ഇങ്ങനെ ആഴത്തില്‍ വേരോടിയവ ആവട്ടെ. ആശംസകള്‍

Nijith പറഞ്ഞു...

Adipoliyayittund....
Nattinpurathe visudhi feel cheythu....

നിരക്ഷരൻ പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു ആഴത്തിൽ ഓടിയ വേരുകൾ.

Unknown പറഞ്ഞു...

ലളിതമായ ഭാഷയില്‍ മനോഹരമായി എഴുതിയിരിക്കുന്നു ഈ കഥ, ഇഷ്ടമായി.

ജുബി പറഞ്ഞു...

ഇഷ്ടമായി നല്ല കഥ...

Akbar പറഞ്ഞു...

നല്ല സന്ദേശം നല്‍കുന്ന നല്ല കഥ.

ബെഞ്ചാലി പറഞ്ഞു...

നല്ല കഥ.
അഭിനന്ദനങ്ങള്‍

Sajid പറഞ്ഞു...

നന്നാ‍യി പാ‍വത്താന്‍...വിചാരിച്ച നൊമ്പരപ്പെടുത്തുന്ന പര്യവസാനം ആയിരുന്നില്ലല്ലോ...നന്ദി...

നരിക്കുന്നൻ പറഞ്ഞു...

ഓരോ വരിയും തീരുമ്പോൾ പ്രതീക്ഷിച്ചത് മറ്റൊന്ന്, പക്ഷേ ക്ലൈമാക്സ് അപ്രതീക്ഷിതം. മനസ്സിലേക്കാഴ്ന്നിറങ്ങുന്ന ഒരു സുഖമുള്ള കഥ. അതേ, അത്രക്ക് കരുത്തുണ്ടീ വേരുകൾക്ക്...

Typist | എഴുത്തുകാരി പറഞ്ഞു...

ഇപ്പഴാ വായിച്ചതു്. മനോഹരമായ കഥ. വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലൊരു സുഖം തോന്നുന്നു.

Sulfikar Manalvayal പറഞ്ഞു...

ശരിക്കും, എല്ലാ കഥ കളിലെയും പോലെ മാതാപിതാക്കളെ മറക്കുന്ന മക്കളെ പ്രതീക്ഷിച്ചു.
പക്ഷേ, അവസാനം നന്നായി.
ഓരോന്നിനും ഇടയില്‍ പാവല്‍ ചെടിയുടെ ഓരോ വളര്‍ച്ചാ ഘട്ടവും വന്നപ്പോള്‍ നല്ലൊരു ലിങ്ക് വന്നു.
നന്നായി പറഞ്ഞു. നല്ല ശൈലി.
അല്ലെങ്കിലും വേരുകള്‍ മറന്ന് കൊണ്ട് ചെടിക്ക് നില നില്‍പ്പുണ്ടോ?