2011, മാർച്ച് 31, വ്യാഴാഴ്‌ച

പോസ്റ്റ് കാര്‍ഡ്.




ഓര്‍ക്കുട്ടിലും ഫേയ്സ്ബുക്കിലുമൊക്കെ നാം
എന്നും കാണാറുണ്ടല്ലോ,
സ്ക്രാപ്പയക്കാറുണ്ടല്ലോ,
ചാറ്റ് ചെയ്യാറുണ്ടല്ലോ.
ഇന്നലേയും ഞാന്‍ നിനക്കൊരു മെയില്‍ ഫോറ്വേഡ് ചെയ്തിരുന്നല്ലോ
ഇനി കത്ത് തന്നെ വേണമെന്നുണ്ടെങ്കില്‍
അറ്റ് ലീസ്റ്റ് ഒരു കവറോ
മിനിമം ഒരു ഇന്‍ലന്റോ എങ്കിലും ആവാമായിരുന്നില്ലേ?
ഉവ്വ്. ഒക്കെ ശരിയാണ്
പക്ഷേ ആ‍ അക്ഷരങ്ങളെ തൊടാനെനിക്കു പേടിയാണല്ലോ
അവയ്ക്കാകെ  തണുപ്പും മരവിപ്പുമാണ്
സമയം കിട്ടുമ്പോള്‍ നീ
ഈ അക്ഷരങ്ങളെ ഒന്നു തൊട്ടു നോക്കൂ
ഇവയ്ക്ക്
സൌഹൃദത്തിന്റെ ചൂടും സ്നേഹത്തിന്റെ മിടിപ്പുമില്ലേ…….



പേരു മറന്നിട്ടില്ല.
പക്ഷേ വിലാസം കൃത്യമായി ഓര്‍മ്മ വരുന്നില്ലല്ലോ..
എത്രനാളിനു ശേഷമാണ്…….
മൃത പത്രങ്ങളുടെ ശവകുടീരത്തിലായാലും
നിന്റെ വീട്ടിലെ ചവറ്റു കുട്ടയിലായാലും
ഇതു മിടിച്ചു കൊണ്ടേയിരിക്കും
കാരണം
ഇതെന്റെ ഹൃദയമാണ്.

9 അഭിപ്രായങ്ങൾ:

Manoj vengola പറഞ്ഞു...

കത്തുകള്‍ വായിച്ച കാലം മറന്നു.ആരും എഴുതാറില്ല.ആര്‍ക്കും കത്തുകള്‍ അയക്കാറില്ല.മെയില്‍ മാത്രം.പിന്നെ ഫോണും.
"പോസ്റ്റ്‌ കാര്‍ഡ്‌" കണ്ടപ്പോള്‍ കത്തുകള്‍ക്കായി കാത്തിരുന്ന ഒരു കാലം ഓര്‍മ്മയില്‍ വന്നു.നന്മകള്‍.

Yasmin NK പറഞ്ഞു...

നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍
ആശംസകളോടെ..

Suja പറഞ്ഞു...

വിലാസങ്ങള്‍ ഒറ്റവരിയില്‍ ചുരുങ്ങിപ്പോയതുമുതല്‍ അല്ലേ ,പേരുമാത്രം ഓര്‍ക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരായത്...........

"സമയം കിട്ടുമ്പോള്‍ നീ
ഈ അക്ഷരങ്ങളെ ഒന്നു തൊട്ടു നോക്കൂ............".

"പോസ്റ്റ്‌ കാര്‍ഡ്‌" ഇഷ്ട്ടപ്പെട്ടു
ഇനിയും എഴുതുക
ആശംസകള്‍

Manikandan പറഞ്ഞു...

ഡിപ്ലോമ പരീക്ഷയും കഴിഞ്ഞ് റിസൾട്ട് കാത്തിരിക്കുന്ന കാലം. അപ്പോൾ നാട്ടിൽ വെറുതേ ഇരിക്കയല്ലേ ഇങ്ങോട്ടു വരൂ എന്ന് കൊച്ചച്ഛന്റെ ക്ഷണം. അദ്ദേഹം സകുടുംബം തമിഴ്നാട്ടിലെ നെയ്‌വേലിയിലാണ്. ക്ഷണം സ്വീകരിച്ച് രണ്ടുമാസം അവരുടെ ഒപ്പം നെയ്‌വേലിയിൽ കൂടി. 1996-ൽ. അന്ന് വീട്ടിൽ നിന്നും അമ്മ അയച്ച കുറച്ചു കത്തുകൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സാർ പറഞ്ഞത് ശരിയാണ്. കത്തുകൾ വായിക്കുന്നതിലെ ആ സുഖം ഇലക്‌ട്രോണിക് സംവിധാനങ്ങൾക്ക് ഇല്ല.

Manoraj പറഞ്ഞു...

കത്തെഴുതിയ കാലം മറന്നു.

Sabu Kottotty പറഞ്ഞു...

SBTയില്‍ നിന്നും മുടങ്ങാതെയെത്തുന്ന വെളുത്തകവറും നാലായി മടക്കി BSNL മറക്കാതെ അയയ്ക്കുന്ന നെറ്റ്കണക്ഷന്റെ ബില്ലുമാണ് ആശ്വാസമായി ഉണ്ടായിരുന്നത്. വിവരാവകാശം തലയ്ക്കു കയറിയപ്പൊ ആവശ്യത്തിനു കിട്ടുന്നുണ്ട്.

SA ജമീലിന്റെ കത്തുപാട്ടാണ് ഓര്‍മ്മവരുന്നത്.

Typist | എഴുത്തുകാരി പറഞ്ഞു...

കത്തു വായിക്കുമ്പോഴുള്ള ഒരു സുഖം, അതൊക്കെ നഷ്ടപ്പെട്ടുപോയി.

Prabhan Krishnan പറഞ്ഞു...

പരദേശവാസം തുടങ്ങിയനാളുകളില്‍..എഴുത്തുകളുടെ പ്രവാഹമായിരുന്നു ഒരു ഹരമായിരുന്നു.. അവ വായിക്കാനും, മറുപടിയെഴുതാനും...പതിയെപ്പതിയെ..വരവു നിലച്ചു...തിരിച്ചും.
കാലം മാറിയില്ലേ...!!കുറെയൊക്കെ നമ്മുടെ മനസ്സും..!!
പോസ്റ്റ് നന്നായി..
ആശംസകള്‍..!!

http://pularipoov.blogspot.com/

Salini Vineeth പറഞ്ഞു...

പണ്ടു ഞാനും ഒരുപാടു കത്തുകള്‍ സുഹൃത്തുക്കള്‍ക്ക് അയക്കുമായിരുന്നു. പലരും ആ കത്തുകള്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അതുപോലെ ഞാനും.
അവ വായിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒരു ഇ-മീഡിയ ക്കും നല്കാന്‍ കഴിയില്ല. :(