2011, ഫെബ്രുവരി 8, ചൊവ്വാഴ്ച

സ്നേഹമുള്ള ഭർത്താക്കന്മാർ ഭാര്യമാരോടു ചെയ്യുന്നത്‌.


എന്റെ ഭാര്യ പരിഭവപ്പെട്ടു പറഞ്ഞു....
സ്നേഹമുള്ള ഭർത്താക്കന്മാർ
ഭാര്യമാർക്ക്‌ ആഭരണങ്ങൾ വാങ്ങിക്കൊടുക്കും;
അവരെ ഒപ്പം കൂട്ടി യാത്ര പോകും.
നിങ്ങളോ?
******************
ഒരു സ്നേഹമുള്ള ഭർത്താവിന്റെ ഭാര്യയുടെ ആത്മഗതങ്ങൾ.
ഒരു മാല എന്നു ഞാൻ പറഞ്ഞപ്പോൾ,
വില തീരെക്കുറഞ്ഞ, എന്നാൽ ഭംഗിയുള്ള
ഒരു മുത്തുമാല എന്നേ ഞാനുദ്ദേശിച്ചുള്ളൂ.
എന്നാൽ ഓഫീസിൽ നിന്നു വന്നപ്പോൾ
അദ്ദേഹം വാങ്ങിക്കൊണ്ടു വന്നു തന്ന മാല,
വലിയ ഭംഗിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും
പതിനഞ്ചു പവനുണ്ടായിരുന്നു.
ഒരു തുടലിന്റെ നീളവും ബലവുമുണ്ടായിരുന്നു.
അത്‌ കഴുത്തിലണിഞ്ഞ്‌ അദ്ദേഹത്തിന്റെ മുന്നിൽ നിന്നപ്പോൾ
ഉറക്കെ കുരയ്ക്കാനും,
വാലാട്ടി നന്ദി പ്രകടിപ്പിക്കാനും എനിക്കു തോന്നി.

യാത്ര എന്നു ഞാൻ പറഞ്ഞപ്പോൾ
വെയിൽ നനഞ്ഞ്‌, മഴ കൊണ്ട്‌,
ആൾക്കൂട്ടങ്ങൾക്കിടയിലൂടെ
കൈ കോർത്തു പിടിച്ചു നടക്കുന്നതും,
വഴിയോരത്തെ മരത്തണലിലിരുന്ന്
ഒരിലപ്പൊതിയിൽ നിന്ന് പങ്കിട്ട്‌ കഴിക്കുന്നതും
ഒക്കെയായിരുന്നു എന്റെ സ്വപ്നം.
പക്ഷേ ശീതീകരിച്ച ആഡംബരക്കാറിലിരുന്ന്
സുഖവാസകേന്ദ്രങ്ങളിലെ നക്ഷത്രമുറികളിലേക്കുള്ള
പോക്കുവരവുകൾ എനിക്ക്
അറത്തു മുറിച്ച ശരീരത്തിന്റെ,
മോർച്ചറിയിൽ നിന്നും സെമിത്തേരിയിലേക്കുള്ള
തണുത്തുറഞ്ഞ യാത്രകളായിരുന്നു .
**************
അതേ
സ്നേഹമുള്ള ഭർത്താക്കന്മാർ
ഭാര്യമാർക്ക്‌ ആഭരണങ്ങൾ വാങ്ങിക്കൊടുക്കും
അവരെ ഒപ്പം കൂട്ടി യാത്ര പോകും
ഞാനോ?

11 അഭിപ്രായങ്ങൾ:

പാവത്താൻ പറഞ്ഞു...

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല.....

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇത് വല്ലാത്തൊരു ചെയ്ത്തായി പാവത്താനേ :)
അല്ല ഞാനിപ്പോ എന്താ വേണ്ടേ? കുഴങ്ങിയല്ലോ ദൈവമേ :)
എന്തായാലും ഇത് പെരുത്ത് ഇഷ്ടായി ട്ടാ!

Manoraj പറഞ്ഞു...

ഇത് വളരെ മനോഹരമായി മാഷെ.

പ്രയാണ്‍ പറഞ്ഞു...

കൊള്ളാം .........എങ്ങിനെയിങ്ങിനെ കൃത്യമായി മനസ്സിലാക്കി ഭാര്യയുടെ മനസ്സ്.........:)

BIG B പറഞ്ഞു...

വായില്‍ കയ്യിട്ടാലും പറയാതെ സ്വന്തം ആഗ്രഹം ഒളിച്ചു വെക്കുന്ന ഫാര്യമാര്‍ ക്ക് ഫര്‍താവിന്റെ മനോനില യനുസരിച്ച് വല്ലതും കിട്ടിയാ കിട്ടി..
അത്ര തന്നെ .......

Typist | എഴുത്തുകാരി പറഞ്ഞു...

വളരെ വളരെ മനോഹരം മാഷെ.
പൂവിറുത്ത് നീട്ടിയില്ലെങ്കിലും, ആ പൂക്കൾ മുഴുവനും അവൾക്കുള്ളതാണെന്നവൾക്കറിഞ്ഞാ മതിയല്ല്ലോ.

ശ്രീജ എന്‍ എസ് പറഞ്ഞു...

കൊള്ളാമല്ലോ...

നന്ദു പറഞ്ഞു...

സ്നേഹമുള്ള ഭർത്താക്കന്മാർ?
രസകരമായിരിക്കുന്നു..

Sabu Kottotty പറഞ്ഞു...

വൈരാഗ്യം വല്ലതുമുണ്ടേല്‍ പറഞ്ഞുതീര്‍ക്കാമായിരുന്നല്ലോ മാഷേ... പ്രതികരണ ശേഷി കൂടിയ വീട്ടുകാരത്തിമാരാ... അതോര്‍മ്മ വേണം.....

ചാർ‌വാകൻ‌ പറഞ്ഞു...

ഈ ഭാര്യമാരൊക്കെ ഇങ്ങനെയായാൽ,പാവം നമ്മൾ പിന്നെ എന്നാ ചെയ്യണെമെന്നാ,..?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഭാര്യയെ കൊട്ടാൻ പറ്റിയ കാര്യം തന്നെയിത്...