2009, മാർച്ച് 25, ബുധനാഴ്‌ച

സർപ്പക്കാവിലെ സ്വർണ്ണ നാഗങ്ങൾ



നാലു മണിക്ക്‌ സ്കൂൾ വിട്ടു വന്നയുടൻ കറുത്ത റബ്ബർ ബാന്റിട്ട പുസ്തകക്കെട്ട്‌ ഒരു മൂലയ്ക്കു വച്ച്‌, വേഷം മാറി, കാപ്പികുടിയും കഴിഞ്ഞ്‌, ഉമ്മറത്തിണ്ണയുടെ അരമതിലിൽ തൂണും ചാരിയിരിക്കുമ്പോൾ കേട്ടു വടക്കുപുറത്തെ വേലിക്കപ്പുറത്തെ ഇടവഴിയിൽ നിന്നും പടക്കം പൊട്ടുന്നതു പോലെ ഒരു -"ട്ടോ"-.
നാവു വെച്ചുണ്ടാക്കുന്ന ശബ്ദമാണ്‌.
സുധിയെത്തിപ്പോയ്‌. ഞങ്ങളുടെ പഞ്ചായത്തിൽ ഇത്ര വലിയ "ട്ടോ" വെക്കാനറിയാവുന്ന വേറെയാരുമുണ്ടായിരുന്നില്ല.എന്റെയൊക്കെ "ട്ടോ"യിക്ക്‌ ഒരു ഉറുമ്പു തുമ്മുന്ന ഒച്ചയേ ഉണ്ടായിരുന്നുള്ളു.
സുധി ഞങ്ങളുടെ അയൽക്കാരനാണ്‌.എന്നെക്കാൾ 2 - 3 വയസ്സിനു മൂത്തതാണു സുധി. സ്കൂളിൽ എന്നെക്കാൾ രണ്ടു ക്ലാസ്സ്‌ മുകളിലായിരുന്നു അവൻ. ഞാൻ ഏഴിലും അവൻ ഒൻപതിലും. പക്ഷെ ആ അഹങ്കാരമൊന്നും അവനുണ്ടായിരുന്നില്ല. ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു.
"ട്ടോ" കേട്ടതും അരമതിലിൽനിന്നും ചാടിയിറങ്ങി ഒറ്റയോട്ടത്തിന്‌ വടക്കേ വേലിക്കരികിലെത്തി, അതേ സ്പീടിൽ തന്നെ വേലിയോടു ചേർന്നു കിടക്കുന്ന അലക്കുകല്ലിൻ മുകളിലേക്കു ചടിക്കയറി അവിടെ നിന്നും വേലിക്കു മുകളിലൂടെ അപ്പുറത്തെ വഴിയിലേക്ക്‌ ഒരു ചാട്ടം.
ക്ലീനായി റോഡിൽ ലാൻഡ്‌ ചെയ്തപ്പോൾ കണ്ടു തൊട്ടു മുന്നിൽ ഒരു വലിയ കൈലിയുടുത്ത്‌ മടക്കിക്കുത്തി ഗമയിൽ നിൽക്കുന്നു സുധി.

ആദ്യമായാണ്‌ അവനെ കൈലിയുടുത്ത്‌ കാണുന്നത്‌. "നിന്റെ നിക്കറെന്തിയേ?" ഞാൻ ചോദിച്ചു.
"നിക്കറൊക്കെ അടിയിലൊണ്ട്‌". അവൻ പറഞ്ഞു. "അഛന്റെ കൈലിയാ. അലക്കാനിട്ടിരുന്നിടത്തൂന്ന് എടുത്തോണ്ടു പോന്നതാ. കൈലിയുടുത്തു നടക്കാൻ നല്ല സുഖമാടാ."
ആയിരിക്കും - നിക്കറുകാരനായ എനിക്ക്‌ അതേപ്പറ്റി അറിയില്ലല്ലോ.മുതിർന്നവരൊക്കെ ഉടുത്തു നടക്കുന്നത്‌ കണ്ടുള്ള അറിവല്ലേയുള്ളു എനിക്ക്‌ കൈലിയേപ്പറ്റി.

"വാ മങ്ങാട്ടു കാവിലെ ആഞ്ഞിലിയിൽ നിറയെ ആഞ്ഞിലിച്ചക്ക പഴുത്തിട്ടുണ്ട്‌. അങ്ങോട്ടു പോകാം".
സുധി അന്നത്തെ പരിപാടി വ്യക്തമാക്കി.

വലിയൊരു സർപ്പക്കാവാണ്‌ മങ്ങാട്ടു കാവ്‌.ആണ്ടിലൊരിക്കൽ, ആയില്യം പൂജയ്ക്കു മാത്രമേ ആൾക്കാർ കാവിനകത്തു കയറാറുള്ളു. ചൂരലും ചുണ്ണാമ്പു വള്ളികളുമൊക്കെ പടർന്നു കിടക്കുന്ന, വന്മരങ്ങൾ നിറഞ്ഞ ഇരുണ്ട കാവാണു മങ്ങാട്ടു കാവ്‌.
ആരും കാണാതിരിക്കാനായി ശ്രീധരൻ ചേട്ടന്റെ വീടിനു പിന്നിൽക്കൂടി കയറി വാതല്ലൂരെ പറമ്പു ചുറ്റിയാണു ഞങ്ങൾ കാവിന്റെ പിന്നിലെത്തിയത്‌.

"സർപ്പക്കാവാ, സൂക്ഷിച്ചു കേറണം" സുധി മുന്നറിയിപ്പു തന്നു. "വാ കാലും മുഖവും കഴുകി ശുദ്ധിയായിട്ടു കയറാം."ഞങ്ങൾ കാവിനോടു ചേർന്ന കുളത്തിലേക്കിറങ്ങി. ഈ കുളത്തിൽ ആരും കുളിക്കാൻ വരാറില്ല. കാവിൽ നിന്നൽപ്പം മാറിയുള്ള കിഴക്കേ കുളത്തിലാണ്‌ എല്ലാവരും കുളിക്കുന്നത്‌.
കാലും മുഖവും കഴുകി കുറച്ചു വെള്ളം തലയിലും കുടഞ്ഞ്‌ ഞങ്ങൾ ശുദ്ധിയായി. പിന്നെ ആരും കാണാതെ ഞങ്ങൾ കാവിനകത്തേക്കു കയറി. നിറയെ, പഴുത്ത ആഞ്ഞിലിപ്പഴങ്ങളുടെ അവശിഷ്ടങ്ങളും പക്ഷിക്കാഷ്ടവും വീണ്‌ ആകെ വൃത്തികെട്ടു കിടക്കുന്ന നാഗത്തറയിലെ നാഗപ്രതിഷ്ടകൾക്കും ചിത്രകൂടങ്ങൾക്കും മുന്നിൽ സുധി സാഷ്ടാംഗം വീണു നമസ്കരിച്ചു. ഞാൻ അടുത്തുണ്ടായിരുന്ന കോളമ്പി ചെടിയിൽ നിന്നും കുറച്ചു മഞ്ഞ പൂക്കൾ പറിച്ച്‌ നാഗത്താന്മാർക്കു മുൻപിൽ വച്ചു തൊഴുതു.

"ഇനി കുഴപ്പമില്ല" എന്നു പറഞ്ഞുകൊണ്ട്‌ സുധി നാഗത്തറയിലേക്കു ചാടിക്കയറി. അവിടെ നിന്നും താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിൽ പിടിച്ചു തൂങ്ങി, ആഞ്ഞിലിയിലേക്കു കയറി.ഉയരെ സൌകര്യമായി ഇരിക്കാവുന്ന ഒരു കവരത്തിലെത്തി അവൻ കാലു രണ്ടും ഇരുവശത്തേക്കുമിട്ട്‌ തടിയിൽ ചാരി കുതിരപ്പുറത്തിരിക്കുന്ന ഒരു രാജാവിനെപ്പോലെ ഇരുന്നു. നാഗത്തറയിൽ ചവിട്ടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട്‌ ഞാൻ താഴെ ആഞ്ഞിലിയുടെ ഒരു വേരിലിരുന്നു.

അപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ സുധി കൈലിക്കടിയിലെ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഒരു ബീഡിയും തീപ്പെട്ടിയും എടുത്തു. ബീഡി ചുണ്ടിൽ വച്ചു കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ ഒരു പുകവളയം ഊതി വിട്ടിട്ട്‌ അവൻ ചോദിച്ചു"നിനക്കു വേണോ?"
ഉടൻ അവൻ തന്നെ ഉത്തരവും പറഞ്ഞു. " അല്ലേൽ വേണ്ട, നീ കുറച്ചൂടെ വളർന്നിട്ട്‌ വലിച്ചു തുടങ്ങിയാൽ മതി".
ഒന്നു രണ്ടു പുകയെടുത്തു കഴിഞ്ഞപ്പോൾ പെട്ടെന്നവൻ നിശ്ശബ്ദനായി.ബീഡി വലിക്കുന്നതു നിർത്തി. നോട്ടം ഒരിടത്തു തന്നെ തറച്ചു നിന്നു.പിന്നെ ശബ്ദം താഴ്ത്തി അവൻ മന്ത്രിച്ചു; " എടാ ദേ ലീലാമണി."

ലീലാമണി സുധിയുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്‌. മങ്ങാട്ടെ മാധവിച്ചേച്ചിയുടെ ഇളയ മകൾ.
"എവിടെ?" ഞാൻ ചോദിച്ചു.
"ദാ കിഴക്കേ കുളത്തിൽ കുളിക്കുന്നു. ഇവിടിരുന്നാൽ എല്ലാം കാണാമെടാ,"അവന്റെ ശ്വാസം വേഗത്തിലായി."അവള്‌ തോർത്തു മാത്രമേ ഉടുത്തിട്ടുള്ളെടാ". പിന്നെ കുറേ നേരം അവൻ നിശ്ശബ്ദനായി അനങ്ങാതെ അവിടെത്തന്നെ ഇരുന്നു. ഞാൻ താഴെയും.

കുറെക്കഴിഞ്ഞ്‌ കൈയ്യെത്തുന്നിടത്തുണ്ടായിരുന്ന കുറെ ആഞ്ഞിലിപ്പഴങ്ങൾ പറിച്ച്‌; മടക്കിക്കുത്തിയ കൈലിക്കുള്ളിലിട്ട്‌ അവൻ ഇറങ്ങിവന്നു. തിരികെ, നാഗത്തറയിൽ തന്നെ ചവിട്ടി താഴെയിറങ്ങി. പിന്നെ നാഗത്തറ തൊട്ടു തലയിൽ വച്ചു. ഒരാഞ്ഞിലിച്ചക്ക പൊളിച്ച്‌ കുറെ ചുളകൾ ഒരിലയിലാക്കി നാഗങ്ങൾക്കു മുൻപിൽ വച്ച്‌ അവൻ വീണ്ടും സാഷ്ടാംഗം നമസ്കരിച്ചു.

സന്ധ്യ മയങ്ങിത്തുടങ്ങിരുന്നു. കാവിനകത്ത്‌ ഇരുട്ട്‌ പരന്നിരുന്നു. ഞങ്ങൾ കാവിൽ നിന്നും പുറത്തു കടന്നു. പുറത്ത്‌ അപ്പോഴും വെളിച്ചമുണ്ടായിരുന്നു. കുളക്കരയിലിരുന്ന് ഞങ്ങൾ ആഞ്ഞിലിപ്പഴങ്ങൾ തിന്നു തീർത്തു. കുളത്തിലിരങ്ങി കൈയ്യും മുഖവും കഴുകി കാവിനു മുൻ വശത്തു കൂടി തിരികെ റോഡിലേക്കു കയറാൻ തുടങ്ങുമ്പോൾ കണ്ടു ലീലാമണി. പാവാടയും ബ്ലൌസുമൊക്കെയിട്ടു കാവിൽ വിളക്കു വെയ്ക്കാൻ വരുന്നു. ലീലാമണി ഞങ്ങളെ കണ്ടിട്ടുണ്ടായിരുന്നില്ല.

"എടാ ഞാനവളെ ഒന്നു കണ്ടിട്ടു വരാം". സുധി കൈലി മടക്കിക്കുത്തിക്കൊണ്ട്‌ ലീലാമണിയുടെ അടുത്തേക്കു നടന്നു.

രണ്ടു മൂന്നു ചുവടു മുന്നോട്ടു വച്ച അവൻ പെട്ടെന്നു തീയിൽ ചവിട്ടിയതു പോലെ നിന്നു.അരണ്ട വെളിച്ചത്തിൽ, തൊട്ടു മുൻപിൽ കരിയിലകൾക്കിടയിൽ ഒരനക്കം.സുധി ഭയന്നു പിന്നോട്ടു മാറിയപ്പോൾ കണ്ടു; സീൽക്കാരത്തോടെ തലയുയർത്തി പത്തി വിടർത്തുന്ന ഒരു സ്വർണ്ണ നാഗം.
സുധി ഒരു ഞെട്ടലോടെ കൈകൂപ്പി തൊഴുതു. അൽപ്പസമയം തലയുയർത്തി നിന്നാടിയ ശേഷം അത്‌ മെല്ലെ തല താഴ്ത്തി കാവിനുള്ളിലേക്ക്‌ ഇഴഞ്ഞു കയറിപ്പോയി.

പിന്നെ നോക്കുമ്പോൾ ലീലാമണിയും ഉണ്ടായിരുന്നില്ല അവിടെയെങ്ങും.കാവിനു മുൻപിലെ കൽവിളക്കിൽ ഒരു ചെറുതിരി മാത്രം മന്ദഹസിച്ചു നിൽക്കുന്നുണ്ടായിരുന്നു.

  *************************************





15 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു നല്ല പോസ്റ്റ്...

പാവത്താനെ.. ഇത് അഗ്രിയില്‍ കാണിക്കുന്നില്ലേ... ?

ശ്രീ പറഞ്ഞു...

കഥയായാലും നടന്ന സംഭവമായാലും എഴുത്തിന് ഒരു മാസ്മരികതയുണ്ട് മാഷേ... പ്രത്യേകിച്ചും സര്‍പ്പക്കാവും മറ്റും ചേര്‍ന്നതിനാല്‍...

അഗ്രഗേറ്ററില്‍ ഉണ്ടല്ലോ പകല്‍ക്കിനാവന്‍ മാഷേ. ഞാന്‍ തനിമലയാളത്തില്‍ കണ്ടിട്ടാണ് വരുന്നത്

പ്രയാണ്‍ പറഞ്ഞു...

നന്നായിട്ടുണ്ട് കഥ( കഥയാണോ). 'ട്ടോ'ശബ്ദമുണ്ടാക്കി ഞാനിപ്പോഴും കുട്ടികളെ വിസ്മയിപ്പിക്കാറുണ്ട്.

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

സുഹൃത്തേ, ഒരുപാടു ഒരുപാടു നന്ദി. ഇത് പോലെ തന്നെ ആയിരുന്നു എന്റെ ബാല്യവും. "ട്ടോ" എന്ന സിഗ്നലും ആഞ്ഞിലി ചക്ക പറിക്കാന്‍ പോവുന്നതും, പുറത്തെ കാവിലെ സര്‍പ്പ ദൈവങ്ങളും എല്ലാം എന്റെ മുന്നില്‍ വീണ്ടും തെളിഞ്ഞു. ശ്രീയേട്ടന്‍ പറഞ്ഞ പോലെ നല്ല മാസ്മരികത ഉണ്ട്. എന്നെ വീണ്ടും എന്റെ നാട്ടുപുറത്തെ ബാല്യകാല സ്മരണകളിലേക്ക് നയിച്ച പ്രിയപ്പെട്ട സുഹൃത്തേ ഒത്തിരി നന്ദി.

പാവത്താൻ പറഞ്ഞു...

പകൽകിനാവൻ, ശ്രീ, പ്രയാൺ, കുറുപ്പ്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.അൽപ്പം സത്യവും കുറെ ഭാവനയും ഒക്കെക്കൂടി ചേർന്നതാണ്‌.

അരുണ്‍ കരിമുട്ടം പറഞ്ഞു...

നാഗങ്ങളെ തൊട്ട് കളിക്കല്ലേ മോനേ,
ആ കളി ഈ കളി തീ കളി
സൂക്ഷിച്ചോ

സര്‍പ്പക്കാവും സര്‍പ്പങ്ങളെയും വിവരിക്കുന്ന എന്തും എനിക്കിഷ്ടമാണ്,ഇതും ഇഷ്ടപ്പെട്ടു.

കൂട്ടുകാരന്‍ | Friend പറഞ്ഞു...

വളരെ നന്നായി.. ഒരു നല്ല ഓര്‍മ്മക്കുറിപ്പ്

പാവത്താൻ പറഞ്ഞു...

നന്ദി അരുണിനും കൂട്ടുകാരനും

ullas പറഞ്ഞു...

ഇപ്പോഴും "ട്ടോ " ശരിക്ക് വിടാന്‍ അറിയില്ല . ലീലാമണി സര്‍പ്പമായോ ?

നാഥന്‍ പറഞ്ഞു...

കലക്കി മാഷെ
നല്ല visuals!!!
ഒരു dark green tinchൽ ഇതെടുത്താൽ ഇനിയും കലക്കും!!!!

Kavitha sheril പറഞ്ഞു...

nice

Kavitha sheril പറഞ്ഞു...

നന്നായിട്ടുണ്ട്

തെന്നാലിരാമന്‍‍ പറഞ്ഞു...

"എന്റെയൊക്കെ "ട്ടോ"യിക്ക്‌ ഒരു ഉറുമ്പു തുമ്മുന്ന ഒച്ചയേ ഉണ്ടായിരുന്നുള്ളു"

ഇടക്കൊക്കെ സാധകം ചെയ്യണം...എന്നിട്ടു ട്ടോ വെക്കണം.. കേട്ടല്ലോ :-)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

നല്ല കഥ ...നല്ല ശൈലി .. ഒരു സര്‍പ്പക്കാവും എന്റെ വീട്ടില്‍ നിന്നും കുറച്ചു മാറി ഉണ്ടായിരുന്നു ... വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആയില്യം പൂജയും കണ്ടിട്ടുണ്ട് ... പിന്നെ റബ്ബര്‍ വച്ചപ്പോ കാട് തെളിച്ചു , സര്‍പ്പങ്ങളെ ആവാഹിച്ചു മറ്റൊരു മൂലയില്‍ കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിച്ചു , നാഗരാജാവും, നാഗയക്ഷിയും അങ്ങനെ സര്‍പ്പക്കാട്ടില്‍ നിന്നും കോണ്ക്രീറ്റ് കൂട്ടിലേക്ക് ചേക്കേറി ...

പാവത്താൻ പറഞ്ഞു...

thanks to everyone