2012, ജനുവരി 9, തിങ്കളാഴ്‌ച

അമാവാസി (ഭാഗം - 1)



അതൊരമാവാസി രാത്രിയായിരുന്നു. അത്താഴം കഴിഞ്ഞ് ഞാൻ വാർത്ത കാണുവാനായി ടീവി ഓൺ ചെയ്തു. വാർത്തകൾക്കു ശേഷം ഒരു പ്രേത സീരിയലായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഭീകര രൂപിണിയായ പിശാചിനി തന്റെ ചോര പുരണ്ട കോമ്പല്ലുകൾ കാട്ടിക്കൊണ്ട് നായകനെ  പിന്തുടരുന്നതു കണ്ടൂ കൊണ്ടിരുന്നപ്പോൾ അത്താഴപ്പാത്രങ്ങളൊക്കെ കഴുകി വച്ച ശേഷം ഭാര്യ അന്നത്തെ പത്രവുമായി വന്ന് അടുത്തിരുന്നു.
       ഇതു കണ്ടോ, നിങ്ങളൂടെ സുഹൃത്തിന്റെ പടം ദേ പത്രത്തിലുണ്ട്അവൾ പത്രം എന്റെ നേർക്കു നീട്ടി.ഞാനത് വാങ്ങി അവൾ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി. ശരിയായിരുന്നു.. എന്റെ സുഹൃത്തായ കഥാകൃത്തിന് ഏതോ സാഹിത്യ സമിതിയുടെ അവാർഡ് കിട്ടിയ വാർത്തയും അയാളുടെ ഒരു ചിത്രവും അതിലുണ്ടായിരുന്നു.  അയാളെ കണ്ടിട്ട് വളരെക്കാലമായിരുന്നു. ഞാൻ അയാളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ടീവിയുടെ മുൻപിൽ നിന്നെഴുന്നേറ്റ് പുറത്തെ വരാന്തയിലേക്ക് നടന്നു. ഒട്ടും നിലാവുണ്ടായിരുന്നില്ല. അകത്തു നിന്നും പിശാചിനിയുടെ ഭീകരമായ ചിരി കേൾക്കാമായിരുന്നു. എന്റെ ചിന്തകൾ വീണ്ടും സാഹിത്യകാരനിലേക്ക് തിരിഞ്ഞു.
       എനിക്ക് നഗരത്തിൽ ലഭിച്ച ആദ്യകാല സുഹൃത്തുക്കളിലൊരാളായിരുന്നു അയാൾ., അന്നയാൾ ഇത്രയൊന്നും അറിയപ്പെട്ടു തുടങ്ങിയിരുന്നില്ല. ഞാൻ നഗരത്തിലെത്തിയിട്ട് അധികനാളായിട്ടുമില്ലായിരുന്നു.
അന്നൊരു വൈകുന്നേരം സുഹൃത്തിന്റെ  നിർബ്ബന്ധം മൂലമാണ് ഞാൻ അയാളോടൊപ്പം നഗരം കാണാനിറങ്ങിയത്.  അന്നും ഒരു അമാവാസിയായിരുന്നു.
ചുറ്റി നടക്കുന്നതിനിടയിൽ അയാൾ വാ  തോരാതെ സംസാരിച്ചു കൊണ്ടിരുന്നതു മുഴുവൻ നഗരത്തെക്കുറിച്ചായിരുന്നു. രാജഭരണക്കാലത്തെ അതിന്റെ  പ്രൗഢിയെക്കുറിച്ചും  അന്നത്തെ  ആചാരാനുഷ്ടാനങ്ങളെക്കുറിച്ചും രാജഭരണത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചും ഒക്കെ അയാൾ വല്ലാതെ വാചാലനായി. അയാളുടെ ഒരമ്മാവൻ പണ്ട് രാജാവിന്റെ ആശ്രിതനായിരുന്നതിനാൽ അതേപ്പറ്റിയൊക്കെ  അയാൾക്ക് നല്ല വിവരമായിരുന്നു.
 അങ്ങിനെ അലഞ്ഞു നടക്കുന്നതിനിടയിലാണ് ഞങ്ങളാ കരിങ്കൽ കെട്ടുകൾക്കരികിലെത്തിയത്. പ്രധാന പാതയിൽ നിന്നേറെ വിട്ട്, ഒരു കുന്നിന്മുകളിൽ ആൾപ്പെരുമാറ്റമേയില്ലാത്ത തീർത്തും വിജനമായ ഒരിടമായിരുന്നു അത്. കരിങ്കൽകെട്ടുകളാകെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുകയായിരുന്നു.. പരിസരമാകെ കമ്യൂണിസ്റ്റ് പച്ചയും ശവം നാറിച്ചെടികളും നിറഞ്ഞ് കാടുപിടിച്ചിരുന്നു. അങ്ങു ദൂരെ കടും ചുവപ്പുവർണ്ണത്തിൽ  കടൽ തിളയ്ക്കുന്നുണ്ടായിരുന്നു. മൂവന്തിയുടെ വരണ്ട രക്തപ്രഭയിൽ പരിസരത്തിനാകെ വല്ലാത്തൊരു ഭീകരതയായിരുന്നു. നിശ്ശബ്ദതയ്ക്കു ശ്രുതിയിടുന്നതു പോലെ അങ്ങകലെനിന്നും കടലിന്റെ നേരിയ ഇരമ്പൽ കേൾക്കാമായിരുന്നു.
       ഏകാന്ത വിജനമായ നിമിഷങ്ങളുടെ വീർപ്പുമുട്ടിക്കുന്ന നിശ്ശബ്ദതയിൽ നിന്നും രക്ഷപ്പെടാനെന്നപോലെ  സുഹൃത്ത്  പെട്ടെന്ന് സംസാരിച്ചു തുടങ്ങി.  ഇതാണ് കുപ്രസിദ്ധമായ ചോരപ്പാടം കെട്ട് കൊട്ടാരക്കെട്ടിനടിയിലാണ് രാജാവിന്റെ കുപ്രസിദ്ധമായ നിലയറകൾ ഉണ്ടായിരുന്നത്. രാജകോപത്തിനിരയാകുന്നവരെ അറകളിലാണ് ചങ്ങലയ്ക്കിട്ടു സൂക്ഷിച്ചിരുന്നത്. പറഞ്ഞുകേൾക്കുമ്പോൾ തന്നെ രക്തം മരവിച്ചു പോകുന്ന കൊടും ഭീകരമായ ശിക്ഷാവിധികളാണ് ഇവിടെ നടപ്പാക്കിയിരുന്നത്.അപരാധികളും നിരപരാധികളുമായ ആയിരക്കണക്കിനാൾക്കാരുടെ ദയനീയരോദനങ്ങൾ കേട്ട് വിറങ്ങലിച്ചവയാണ് ഇവിടുത്തെ  ഓരോ പുൽക്കൊടിയും. അവരുടെ രക്തം വീണു കുതിർന്നതാണിവിടുത്തെ ഓരോ മണൽത്തരിയും.
ഇവിടെ പൈശാചികമായി കൊല്ലപ്പെട്ടവരുടെ  ഗതികിട്ടാത്ത ആത്മാക്കൾ ഇപ്പോഴും പരിസരത്താകെ അലഞ്ഞു നടപ്പുണ്ടെന്നാണ് പറയപ്പെടുന്നത്. അവരുടെ ശാപം കൊണ്ടാണത്രേ പ്രദേശം ഇപ്പോഴും ഇങ്ങിനെ നശിച്ചു കിടക്കുന്നത്.പകൽ സമയങ്ങളിൽ പോലും ആരും, ഇങ്ങോട്ടെങ്ങും ഇപ്പോഴും വരാറില്ല.” സുഹൃത്ത് പറഞ്ഞു നിർത്തി.
രക്തം മുഴുവൻ വാർന്നൊലിച്ചു പോയ പകലിന്റെ നഗ്നശരീരം  പുതയ്ക്കാനൊരു നിലാക്കീറു പോലുമില്ലാതെ കരിനീലിച്ചു കിടന്നു .കടലിരമ്പം ഒരു  മരണഗീതം പോലെ അനുനിമിഷം ഉച്ചത്തിലായിക്കൊണ്ടിരുന്നു. മറ്റേതോ ലോകത്തു നിന്നെന്നപോലെ  ഏതോ രാപ്പക്ഷിയുടെ ഇരുണ്ട ശബ്ദം ഉയരുന്നുണ്ടായിരുന്നു.
സുഹൃത്തിന്റെ ശബ്ദം നിലച്ചപ്പോൾ എനിക്കു വീണ്ടും വീർപ്പു മുട്ടൽ തോന്നി. ഹൃദയത്തിൽ ഭാരമേറിയ വല്ലാത്തൊരു വിങ്ങൽ. എന്റെ തൊണ്ട വരണ്ടിരുന്നു. ഞാൻ നന്നായി വിയർക്കുന്നുമുണ്ടായിരുന്നു. എനിക്കാകെ ക്ഷീണം തോന്നി. അടുത്തുണ്ടായിരുന്ന ഒറ്റപ്പെട്ട ഒരു തൂണിൽ ചാരി ഞാനിരുന്നു. അയാൾ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നെങ്കിൽ എന്നു ഞാനാശിച്ചു. എന്റെ മനസ്സു വായിച്ചിട്ടെന്ന പോലെ  അയാൾ പെട്ടെന്നു പറഞ്ഞു, “അവിടെ ഇരിക്ക്ണ്ട. ഇത് കഴുമരമാണ്. ഞാൻ ഭയങ്കരമായൊന്നു ഞെട്ടി. എനിക്കു ചാടിയെഴുന്നേൽക്കണമെന്നുണ്ടായിരുന്നു.പക്ഷേ എന്റെ കാലുകൾ മരവിച്ചു പോയിരുന്നു. വരണ്ടുണങ്ങിയ  എന്റെ തൊണ്ടയിൽ നിന്നും ഒരു ശബ്ദവും പുറത്തേക്കു വന്നില്ല സർവ്വശക്തിയുമെടുത്ത് ശ്രമിച്ചിട്ടും എനിക്ക് ഇരുന്നിടത്തു നിന്നൊന്നനങ്ങുവാൻ  പോലുമായില്ല. കണ്ണു തുറിച്ച്, പുറത്തേക്കുന്തിയ നാവു കടിച്ചു മുറിച്ച നിലയിൽ  തൂങ്ങിയാടുന്ന ആയിരക്കണക്കിനു നിർജ്ജീവശരീരങ്ങൾക്കു നടുവിലാണ് ഞാനിരിക്കുന്നതെന്നെനിക്ക് തോന്നി. അവയ്ക്കിടയിൽ നിന്നും രക്ഷപ്പെടാനാവാതെ ഞാൻ വെറങ്ങലിച്ചു നിന്നു.. എന്റെ നിലവിളി തൊണ്ടയിൽ തന്നെ അമർന്നൊടുങ്ങി. എന്റെ കാതുകളിൽ, ഗതികിട്ടാതലയുന്ന പ്രേതാത്മാക്കളുടെ ദീനരോദനം മുഴങ്ങി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്റെയീ അവസ്ഥയൊന്നുമറിയാതെ മുന്നോട്ട്  നീങ്ങി. ഇടിഞ്ഞു പൊളിഞ്ഞ കരിങ്കൽക്കെട്ടിനപ്പുറത്തേക്ക് അയാൾ നടന്നു മറയുന്നത് ഞാൻ നിസ്സഹായനായി നോക്കിയിരുന്നു.
                                                               (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല: