പിന്നിൽ നിന്നും എന്തോ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഏറെ ദൂരെയല്ലാതെ ഒരു പ്രകാശവൃത്തം ഞാൻ കണ്ടു. അണഞ്ഞും തെളിഞ്ഞും അത് മെല്ലെ മെല്ലെ എന്റെ നേർക്ക് അടുക്കുകയായിരുന്നു. എന്റെ സിരകളിൽ രക്ത സഞ്ചാരം നിലച്ചു. തലയിൽ നിസ്സഹായതയുടേയും ഭീതിയുടേയും കനത്ത മൂളൽ മാത്രം. ആ പ്രകാശവൃത്തം നോക്കി ഞാൻ ഒരു ദുസ്വപ്നത്തിലെന്നപോലെ ചലനമറ്റിരുന്നു. പെട്ടെന്ന് ആ പ്രകാശത്തിന്റെ ചലനം നിന്നു. അതെന്റെ മുഖത്തിനു നേർക്കുയർന്നു. കണ്ണഞ്ചിപ്പിക്കുന്ന ആ പ്രകാശത്തിനു പിന്നിൽ നിന്നും പരുപരുത്ത ഒരു ശബ്ദമുയർന്നു.
“ആരെടാ കഴുവെർട മോനെ അസമയത്തിവിടെ വന്നിരിക്കുന്നത്”?
മനുഷ്യ ശബ്ദത്തിലഉള്ള ആ ചോദ്യം കേട്ട് ആ നിമിഷങ്ങളുടെ ഭീകരമായ മാസ്മരികതയിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു ചാടിയെഴുന്നേറ്റു. ആ മനുഷ്യൻ ടോർച്ചിന്റെ പ്രകാശവൃത്തം എന്റെ മുഖത്തു നിന്നും മാറ്റി. കൊമ്പന്മീശക്കാരനായ ഒരു വൃദ്ധനായിരുന്നു അത്.
എന്തിനാ ഇവിടെയിരിക്കുന്നത്? അയാൾ സംശയം മാറാതെ വീണ്ടും ചോദിച്ചു.
ഞാനീ സ്ഥലമൊക്കെ ഒന്നു കാണാൻ വന്നതാ. ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. അമ്മാവനാണോ ഈ തടവറയുടെ കാവൽക്കാരൻ? ഞാൻ ചോദിച്ചു.
തടവറയോ??? അയാൾ ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി. ഏത് തടവറ?
ഞാൻ പൊളിഞ്ഞു കിടക്കുന്ന കൽക്കെട്ടുകളിലേക്ക് കൈ ചൂണ്ടി.
ഇതോ? ഇതു പണ്ടു നയനാരു സഖാവു മുഖ്യമന്ത്രിയായിരുന്നപ്പോ പോലീസ് ക്വാർട്ടേഴ്സിനു വേണ്ടി പണിതു തുട്ങ്ങിയ കെട്ടിടങ്ങളല്ലേ. പിന്നെ കേസും വഴക്കും കോടതിയുമൊക്കെയായപ്പോ ഇതങ്ങുപേക്ഷിച്ചു. ഇപ്പോ ദാ എല്ലാം ഇടിഞ്ഞു പൊളിഞ്ഞു നശിച്ചു കിടക്കുന്നു. അല്ല നിങ്ങളാരാ?
അപ്പോൾ ഈ കഴുമരം? അയാളുടെ ചോദ്യം അവഗണിച്ചു കൊണ്ട് ഞാൻ തൂണിലേക്കു നോക്കി അറച്ചറച്ച് ചോദിച്ചു.
കഴുമരമോ? അയാൾ വീണ്ടും എന്നെ ആ പഴയ നോട്ടം നോക്കി. എന്റെ ബുദ്ധിക്കെന്തോ തകരാറുണ്ടോ എന്നു സംശയിക്കുന്നതു പോലെ.
എതു പണ്ടു തൊട്ടേ ഇവിടെ നിക്കുന്ന വിളക്കു കാലല്ലിയോ. ആരാ പറഞ്ഞത് ഇതു കഴുമരമാണെന്ന്.? നിങ്ങളെന്തായാലും ഇനിയുമിവിടെ നിക്കണ്ട. സന്ധ്യ കഴിഞ്ഞാൽ പിന്നെ കോളനിക്കാരുടെ കക്കൂസാ ഇവിടം.
ഞാൻ എന്തു പറയണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ എന്റെ സുഹൃത്ത് ആ കരിങ്കൽ കെട്ടുകൾക്കപ്പുറത്തു നിന്നും മൂത്രമൊഴിച്ചിട്ട് തിരിച്ചു വന്നു. വൃദ്ധന് അയാളെ പരിചയമുണ്ടായിരുന്നു.
ങ്ഹാ.. സാറുമൊണ്ടായിരുന്നോ? – നിങ്ങളെന്തിനാ സാറേ ഈസമയത്ത് വെട്ടവും വെളിച്ചവുമൊന്നുമില്ലാതെ ഇവിടൊക്കെ കറങ്ങുന്നത്? വല്ല എഴജന്തുക്കളുമൊണ്ടാകും… പിന്നെ അയാൾ എന്റെ നേരേ പഴയപോലെ വീണ്ടും ഒന്നു നോക്കി. – ഇതു സാറിന്റെ കൂട്ടുകാരനാ??? നല്ല പോലെ വീശിയ ലക്ഷണമൊണ്ടല്ലോ.. എന്തൊക്കെയോ പിച്ചും പേയുമൊക്കെ പറയുന്നുണ്ട്. വീട്ടിലാക്കീട്ടേ സാറ്` പോകാവൂ കേട്ടൊ..
ഞാൻ ഒന്നും മിണ്ടാതെ ഒരു വിഡ്ഡിയെപ്പോലെ വേഗം നടന്നു. വൃദ്ധനോടെന്തൊക്കെയോ പറഞ്ഞിട്ട് എന്റെ സുഹൃത്ത്, സാഹിത്യകാരൻ എന്റെയൊപ്പമെത്താൻ വേണ്ടി ധൃതിയിൽ നടന്നു വന്നു.
*********************************************************************************
അകത്ത് ടീവിയിൽ നിന്നും പ്രേതസീരിയലിനു ശേഷമുള്ള കണ്ണീർ സീരിയലിന്റെ തുടക്കമറിയിക്കുന്ന ശോകഗാനം കേട്ടു തുടങ്ങി. ഞാൻ പത്രത്താളിലേക്ക് വീണ്ടും നോക്കി. സാഹിത്യകാരൻ സുഹൃത്തിന്റെ പടത്തിനു താഴെ അവാർഡ് കമ്മിറ്റി അംഗം അയാളെ പറ്റി പറഞ്ഞ കാര്യങ്ങളും കൊടുത്തിരുന്നു.
“ഭാവനയിലുയിർ കൊള്ളുന്ന സാങ്കൽപ്പിക ലോകങ്ങൾ വിശ്വസനീയമായ തേജസ്സോടെ നമുക്കു മുൻപിലവതരിപ്പിക്കുന്നതിലുള്ള അസാമാന്യമായ മികവാണ് ഈ കഥാകാരനെ ഈ പുരസ്കാരത്തിനർഹനാക്കിയത്.
എത്ര ശരിയായ നിരീക്ഷണം. …. ഞാനോർത്തു.
ഞാൻ പത്രം മടക്കിയെഴുന്നേറ്റു. അവാർഡ് കിട്ടിയതിന് അയാളെ വിളിച്ചൊന്നനുമോദിക്കണം .