2009, ഡിസംബർ 28, തിങ്കളാഴ്‌ച

ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌ പാവത്താന്‌.


2009 ലെ ഏറ്റവും മികച്ച ബ്ലോഗർക്കുള്ള ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡിന്‌ പ്രശസ്ത ബ്ലോഗർ   പാവത്താനെ  തെരഞ്ഞെടുത്തു.

തികച്ചും നിഷ്പക്ഷവും,സത്യസന്ധവും, നീതിപൂർവകവും, അഴിമതിരഹിതവുമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌ എന്നത്‌ ഈ അവാർഡിന്റെ തിളക്കം വർധിപ്പിക്കുന്നു.

അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തുന്ന വോട്ടെടുപ്പ്‌ പ്രക്രിയകളിൽ എങ്ങിനെയൊക്കെ മായം ചേർക്കപ്പെടുന്നു, അവയുടെ സത്യസന്ധത എത്രത്തോളമുണ്ട്‌ എന്നൊക്കെയുള്ള കാര്യങ്ങൾ സജീവമായ ചർച്ചകൾക്കു വിഷയമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഈ അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പ്‌ ഇക്കാര്യത്തിൽ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌.
ഒരു ബ്ലോഗർ, ഒരു വോട്ട്‌ എന്ന തത്വം ഇത്രയും നിഷ്കർഷയോടെ പാലിക്കപ്പെട്ട ഒരു വോട്ടെടുപ്പ്‌ ബൂലോകത്ത്‌ ഇതിനു മുൻപ്‌ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം അവകാശപ്പെടാവുന്നതാണ്‌. ആകെ ഒരു ബ്ലോഗർ മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. അദ്ദേഹമാകട്ടെ ഒരേയൊരു വോട്ടു മാത്രമേ ചെയ്തിട്ടുമുള്ളു. തികച്ചും സുതാര്യമായ രീതിയിൽ നടന്ന ഈ വോട്ടെടുപ്പു പ്രക്രിയയെക്കുറിച്ച്‌ സംശയമുള്ള ആർക്കും ഇതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്‌.
വോട്ടെടുപ്പു ഫലത്തിന്റെ വിശദമായ റിപ്പോർട്ട്‌ ചുവടെ ചേർക്കുന്നു.
ആകെ പോൾ ചെയ്ത വോട്ട്‌ - 1
ബെർളി തോമസ്‌ - 0
വിശാലമനസ്കൻ - 0
ബാലചന്ദ്രൻ ചുള്ളിക്കാട്‌ - 0
വാഴക്കോടൻ - 0
മോഹൻലാൽ - 0
പാവത്താൻ - 1
മമ്മൂട്ടി - 0
അരുൺ കായംകുളം - 0
ജിക്കൂസ്‌ - 0
എഴുത്തുകാരി - 0
കൊട്ടോട്ടിക്കാരൻ - 0
അങ്ങിനെ പ്രാഥമിക റൌണ്ട്‌ വോട്ടെടുപ്പിൽ പാവത്താൻ വൻ ലീഡോടെ വിജയിച്ചു. എങ്കിലും ബ്ലോഗ്‌ പോലെ ഒരു മാധ്യമത്തിൽ എത്ര ശ്രദ്ധാപൂർവ്വം നടത്തിയ വോട്ടെടുപ്പായാലും അതിൽ കള്ളക്കളികൾക്കുള്ള നേരിയ ഒരു സാധ്യത എപ്പോഴും നിലനിൽക്കുന്നു എന്ന സത്യം മനസ്സിലാക്കി അംഗീകരിക്കുന്നതിനാൽ സംഘാടകർ അന്തിമതീരുമാനം ഒരു ജൂറിയ്ക്കു വിട്ടു. അവാർഡു ജേതാവിനെ നിശ്ചയിക്കാനുള്ള ഏകാംഗ ജൂറിയായി സ്ത്യുത്തർഹമായ സേവനമനുഷ്ടിക്കുവാൻ തന്റെ ബഹുവിധമായ കർത്തവ്യ ബാഹുല്യങ്ങൾക്കിടയിലും സമയം കണ്ടെത്തിയ പാവത്താൻ എന്ന ബ്ലോഗറോടുള്ള സംഘാടകരുടെ അകൈതവമായ കൃതജ്ഞത കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ.
കഥ, കവിത, ഹാസ്യം ലേഖനം എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി വിലയിരുത്തുന്നതിനു പകരം ഒരു വർഷത്തിലെ മൊത്തം സംഭാവനകളെ സമഗ്രമായി വിലയിരുത്തിയാണ്‌ അദ്ദേഹം ഒരു തീരുമാനത്തിലെത്തിയത്‌. വോട്ടെടുപ്പു ഫലത്തെ തികച്ചും ന്യായീകരിക്കുന്ന ഒരു തീരുമാനത്തിലാണ്‌ ബഹുമാനപ്പെട്ട ജൂറി എത്തിച്ചേർന്നത്‌.

"ബൂലോക സാഹിത്യ മണ്ഡലത്തിലെ അന്തസ്സാര ശൂന്യമായ അതിനൂതന പ്രവണതകളുടെ കുത്തൊഴുക്കിൽ വേരു പറിഞ്ഞു പോകാതെ,വിലകുറഞ്ഞ ഹാസ്യത്തിന്റെ ചിരിയലകളുയർത്താൻ ശ്രമിക്കാതെയും, എന്നാൽ ഗൌരവതരമായ വിഷയങ്ങളുടെ ദുർഗ്രഹവും സങ്കീർണ്ണവുമായ രേഖപ്പെടുത്തലുകളിലൂടെ വായനക്കാരന്റെ ബൌദ്ധിക നിലവാരത്തെ അളക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അത്യന്താധുനിക ജാഡകളിൽ അഭിരമിക്കാതെയും സ്വന്തമായ എഴുത്തിടങ്ങൾ തീർത്തു സ്വയം സൃഷ്ടാവും സൃഷ്ടിയും ആസ്വാദകനും വിമർശകനും ഒക്കെയായിത്തീർന്നിരിക്കുന്ന ഒരു നൂതന പ്രസ്ഥാനം തന്നെയാണ്‌ പാവത്താന്റെ ബ്ലോഗെഴുത്തുകൾ" എന്ന് ജൂറി തന്റെ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു.

ബൂലോകത്തിൽ ഇതു വരെ ഏർപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ അവാർഡു തുകയായ 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌.

സ്വന്തം വീട്ടിൽ വച്ചു സംഘടിപ്പിച്ച പ്രൌഢഗംഭീരവും ലളിതസുന്ദരവുമായ ചടങ്ങിൽ വച്ച്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ 25000 രൂപയും സ്വയം രൂപകൽപന ചെയ്ത ശിൽപവും സ്വന്തമായി എഴുതിയുണ്ടാക്കിയ പ്രശസ്തിപത്രവും ശ്രീ പാവത്താൻ സ്വയം ഏറ്റുവാങ്ങി.ചടങ്ങിന്റെ തുടക്കത്തിൽ ശ്രീ പാവത്താൻ സ്വയം പൊന്നാടയണിഞ്ഞ്‌ ആദരിക്കപ്പെടുകയുമുണ്ടായി.

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തേടിയെത്തിയ ഈ മഹത്തായ നേട്ടം തന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു എന്നും, വരുന്ന വർഷങ്ങളിലും ഈ അവാർഡ്‌ തനിക്കു തന്നെ ലഭിക്കുവാൻ വേണ്ട പ്രകോപനം ഈ നേട്ടം തനിക്കു നൽകുന്നു എന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ തനിക്ക്‌ പ്രചോദനവും പ്രോത്സാഹനവുമായിരുന്ന എല്ലാ ബൂലോകവാസികളോടുമുള്ള അകൈതവമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

25 അഭിപ്രായങ്ങൾ:

നിലാവ്‌ പറഞ്ഞു...

പൊന്നാടയാണല്ലേ...ഞാൻ കരുതി തലവഴി മുണ്ടിട്ട്‌ ഷാപ്പിലേക്കായിരിക്കുമെന്ന്...ഏതായാലും അഫിനന്ദനം...അഫിനന്ദനം...അഫിനം..അഫിനം..

ലംബൻ പറഞ്ഞു...

ഇത്രേം പൈസ കിട്ടുന്ന അവാര്‍ഡ്‌ ആയിരുന്നെങ്ങില്‍ ഞാന്‍ എനിക്കും ഒരു അവാര്‍ഡ്‌ കൊടുത്തേനെ. എന്തയാലും അനുമോദനങ്ങള്‍.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

വാഴക്കോടൻ - 0

അഴിമതി സര്‍വ്വത്ര അഴിമതി ! ഞാന്‍ എനിക്ക് വോട്ട് ചെയ്തതാ. അതായത് എന്നെ ഞാന്‍ തന്നെ അംഗീകരിച്ചതാന്നു ! എന്നിട്ടു ആ വോട്ടെവിടെ? ശക്തിയായി പ്രധിഷേധിക്കുന്നു :)

ha ha ha

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹിഹി......

Unknown പറഞ്ഞു...

നേരത്തെ അറിഞ്ഞിരുന്നേല്‍ ഞാനും മത്സരിച്ചേനെ ഹോ 25000 രൂപ നഷ്ടമായല്ലോ

അപ്പൂട്ടൻ പറഞ്ഞു...

പാവത്താന്റെ ഭാര്യയും മക്കളും മാതാപിതാക്കളും അമ്മവന്മാരും അമ്മായിമാരും ഒക്കെയായി പന്ത്രണ്ടോളം വരുന്ന വലിയ ജനാവലി ഈ ചടങ്ങിന്‌ സാക്ഷ്യം വഹിച്ചു.

ധീരാ വീരാ പാവത്താ... ധീരതയോടെ നയിച്ചോളൂ, എട്ടോ പത്തോ പിന്നാലെ.

കുഞ്ചിയമ്മ പറഞ്ഞു...

ഈ ബ്ലാക്ക് ഹ്യൂമര്‍ കലക്കി മാഷേ .....

Typist | എഴുത്തുകാരി പറഞ്ഞു...

ആരു പറഞ്ഞു എഴുത്തുകാരിക്കു വോട്ടൊന്നും കിട്ടിയില്ലെന്നു്.ഒന്നെനിക്കുമുണ്ട്. ഒപ്പം ഒപ്പത്തിനൊപ്പം.നമുക്കു് അവാര്‍ഡുതുക പങ്കിട്ടെടുക്കാം. മണി ഓര്‍ഡറായിട്ടയച്ചോളൂ. അവാര്‍ഡുതുക ഇത്തിരി കൂട്ടിയാലും കുഴപ്പമില്ല.

ഗംഭീരം മാഷെ.
നവവത്സരാശംസകള്‍.

Unknown പറഞ്ഞു...

ഈ വിജയത്തില്‍ അസൂയപ്പെടുന്നു.
നോമിനേഷന്‍ കിട്ടിയെങ്കിലും എനിക്ക് 0 പോലുമില്ലേ?!! കള്ളക്കളി..കള്ളക്കളി.

ഹരീഷ് തൊടുപുഴ പറഞ്ഞു...

നിങ്ങളൊരു ഉഗ്രൻ സംഭവം തന്നെയാണു കെട്ടോ പാവത്താൻ ബ്ലോഗെർ സാർ..!!
നിങ്ങളുടെ ആ വിനയനിർഭരമായ വാക്കുകൾ..
ഹോ..!!
സ്വയം പൊന്നാടയണിഞ്ഞു ആദരണനീയമായ ആ നിമിഷം..
ഹോ...
അതൊന്നു കാമെറാകണ്ണുകളിലാക്കാൻ എനിക്കു സാധിച്ചില്ലല്ലോ എന്ന മനോവിഷമം...
അടുത്ത വർഷം വരെ നിലനിൽക്കും സാറേ...
അടുത്ത വർഷവും അവാർഡ് സാറിനു തന്നെയായിരിക്കുമല്ലോ അല്ലേ സാറേ...

ഹിഹിഹിഹി..
:)

നരസിംഹം പറഞ്ഞു...

ഇതാണ് യഥാര്‍ത്ത അവാര്ഡ് ! എന്തുകൊണ്ടും പാവപ്പെട്ടവന്‍ തന്നെ അര്‍ഹന്‍ ,ഇങ്ങനെ ഒരവാര്‍ഡ് സംഘടിപ്പിച്ചതിനു ഈ വരുന്ന വെള്ളിയാഴ്ച ഒരു പൗരസ്വീകരണവും കൂടി ഏര്‍പ്പെടുത്തി ഈ അവാര്ഡ് ജേതാവിനെ ആദരിക്കാന്‍ റിയാദ് മലയാളികള്‍ തിരക്കിട്ട ആലോചന നടത്തിവരുന്നു..

കണ്ണനുണ്ണി പറഞ്ഞു...

അടുത്ത വര്‍ഷവും നില നിര്‍ത്താന്‍ ആശംസകള്‍ :)

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പാവത്താനേ! കലക്കി മോനേ....ഉഗ്രൻ!

pandavas... പറഞ്ഞു...

നിങളൊരു സംബവമായിരുന്നല്ലേ.....

ഭൂതത്താന്‍ പറഞ്ഞു...

പാവത്താനെ ആശംസകള്‍ ...അവാര്‍ഡ്‌ കീ ജയ്‌ ....അടുത്ത വര്ഷം എന്നേം കൂടി പരിഗണിക്കണേ ..നമുക്ക് കാണാം ന്നെ

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഈ വോട്ടിങ്ങിന് മുമ്പ് മോക്ക് വോട്ടിങ്ങ് നടത്തത്തതിനാല്‍ ഇത് അസാധുവായി മടങുന്ന ഓഫീസര്‍ (റിട്ടേനിങ് ഓഫീസര്‍) പ്രഖ്യാപിച്ചിരിക്കുന്നു.

Akbar പറഞ്ഞു...

സ്വന്തം വീട്ടിൽ വച്ചു സംഘടിപ്പിച്ച പ്രൌഢഗംഭീരവും ലളിതസുന്ദരവുമായ ചടങ്ങിൽ വച്ച്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ 25000 രൂപയും സ്വയം രൂപകൽപന ചെയ്ത ശിൽപവും സ്വന്തമായി എഴുതിയുണ്ടാക്കിയ പ്രശസ്തിപത്രവും ശ്രീ പാവത്താൻ സ്വയം ഏറ്റുവാങ്ങി.ചടങ്ങിന്റെ തുടക്കത്തിൽ ശ്രീ പാവത്താൻ സ്വയം പൊന്നാടയണിഞ്ഞ്‌ ആദരിക്കപ്പെടുകയുമുണ്ടായി

ഹ ഹ ഹ ഹ ഇനി ചിരിക്കാന്‍ വയ്യ പാവത്താന്‍. ഇതൊരു കിടിലന്‍ ചിരി പോസ്റ്റ് തന്നെ. ഞാന്‍ ഇപ്പോഴും ചിരിക്കുന്നു. ആശംസകള്‍

ആ 25000 പാവങ്ങള്‍ക്ക് വിതരണം ചിയ്യൂ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഗെഡീ..ഇതുകള്ളവോട്ടല്ലെ..എന്നൊരു സംശയം..
എന്തായാലും അവാർഡുകമ്മറ്റിയെ മണിയടിച്ചുകാണും..
നന്നായിരിക്കുന്നു..കേട്ടൊ.

ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !

പട്ടേപ്പാടം റാംജി പറഞ്ഞു...

എന്തോ കള്ളക്കളി നടന്നു എന്ന വ്യക്തം. ഞാനറിഞ്ഞെരുന്നെങ്കില്‍ എനിക്ക് കിട്ടെണ്ടാതായിരുന്നു. അടുത്ത തവണ ശ്രമിക്കാം. പൊന്നാട എന്ന് പറയുമ്പോള്‍ പൊന്നാട തന്നെയല്ലേ?

നവവത്സരാശംസകള്‍.

എന്‍.മുരാരി ശംഭു പറഞ്ഞു...

ഓ...കിട്ടി.രചനയുടെ സനാതനമായ ഊര്‍ജ്ജം പാവത്താന് ആവോളമുണ്ട്.ആളു കരുതുന്നതുപോലെ പാവത്താനൊന്നുമല്ല..ഒത്തിരി ഒത്തിരി ആശംസകളോടെ..

Martin Tom പറഞ്ഞു...

Kalakki

Unknown പറഞ്ഞു...

mr pavathan, hats of you.....

appooottn kee jai......... :)

Manoraj പറഞ്ഞു...

dira..vira..pavathane... 25000 pinnale...

Sabu Kottotty പറഞ്ഞു...

ആ കള്ള വോട്ട് ആരാ ചെയ്തത്?

Unknown പറഞ്ഞു...

OH MY GOD... THAKARTHALLO MASHE....:):):):):)