2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ - ആരും പറയാത്ത കഥകൾ അഥവാ ചക്ക അവിയൽ ഉണ്ടാക്കുന്നതെങ്ങിനെ.

പ്ലാവിൽ നിന്നും നല്ല വിളഞ്ഞ ചക്ക നോക്കി പറിച്ചെടുക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.പിന്നീട്‌ ആ ചക്കയെ പല ഭാഗങ്ങളായി മുറിച്ച്‌ ചുള മാത്രം വേർതിരിച്ചെടുക്കുക.ഈ സമയത്ത്‌ കയ്യിൽ ചക്കയരക്കു പറ്റാതിരിക്കുവാൻ അൽപം എണ്ണ കയ്യിൽ പുരട്ടുന്നത്‌ നന്നായിരിക്കും. ചക്കച്ചുളയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന ചക്കക്കുരു പ്രത്യേകമായി ഒരു ഭാഗത്ത്‌ കൂട്ടി വയ്ക്കുക.ഇതു പിന്നീട്‌ ആവശ്യമായി വരും.

ഇനി ചക്കച്ചുളയെല്ലാം നീളത്തിൽ അരിഞ്ഞ്‌ മറ്റ്‌ പച്ചക്കറികളോടൊപ്പം തേങ്ങയും മറ്റും ചേർത്ത്‌ വേവിച്ചാൽ നല്ല ചക്ക അവിയലായി. നന്നായി വെന്തു കഴിയുമ്പോൾ കുറച്ച്‌ വെളിച്ചെണ്ണ കൂടി ചേർത്താൽ നല്ല മണവും രുചിയും ഉണ്ടാവും..
******* ************** *********** ***********
തുടർന്നു വായിക്കുക.......
ഈ പോസ്റ്റിന്റെ രചയിതാവും പ്രശസ്ത പാചക വിദഗ്ദ്ധനുമായ ശ്രീമാൻ മണ്ടച്ചാരുമായി ഞങ്ങളുടെ പ്രത്യേക ലേഖകൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

പ്ര:ലേ: താങ്കൾ ചെറായിയിലെ ബ്ലോഗ്‌ സുഹൃദ്‌ സംഗമത്തിൽ പങ്കെടുത്തിരുന്നോ?

മണ്ട: ഏയ്‌. ഒരിക്കലുമില്ല. അത്തരം നികൃഷ്ടമായ അസംബന്ധ പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല എന്നത്‌ നിങ്ങൾക്കും അറിവുള്ളതല്ലേ?

പ്ര:ലേ:അത്ര നികൃഷ്ടവും അസംബന്ധവുമാണെങ്കിൽ പിന്നെ താങ്കളെന്തിനാണ്‌ അതേപ്പറ്റി ഇത്ര മാത്രം വ്യാകുലപ്പെടുകയും ഇത്രയേറെ പോസ്റ്റുകളിടുകയും ചെയ്യുന്നത്‌?

മണ്ട: അത്‌, ബ്ലൊഗ്‌ മീറ്റെന്നും ചെറായ്‌ എന്നുമൊക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അതു കൊണ്ടാണതേപ്പറ്റി എഴുതുന്നത്‌. അല്ലാതെ എനിക്കു താൽപര്യമുള്ളതുകൊണ്ടൊന്നുമല്ല.

പ്ര:ലേ: അതൊക്കെ പോട്ടെ ഈ ചക്ക അവിയലും ബ്ലോഗ്‌ മീറ്റും തമ്മിൽ എന്താണു ബന്ധം?

മണ്ട: ഒരു ബന്ധവുമില്ല. പിന്നെ അവിടെ ചക്ക അപ്പവും പഴുത്ത ചക്കയും ഒക്കെ ഉണ്ടായിരുന്നു എന്നു വായിച്ചും പറഞ്ഞു കേട്ടുമൊക്കെ അറിഞ്ഞിരുന്നു.

പ്ര: ലേ: അപ്പോ ഈ പോസ്റ്റിന്‌ ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ അഥവാ ചക്ക അവിയൽ എന്നു പേരിടാനെന്താണു കാരണം?

മണ്ട: കാരണമുണ്ട്‌ ഞാൻ നേരത്തെ പറഞ്ഞല്ലോ, ചെറായ്‌ എന്നും ബ്ലൊഗ്‌ മീറ്റെന്നും ഒക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അല്ലാതെ വെറുതെ ചക്ക അവിയൽ എന്നു കണ്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?

പ്ര: ലേ: ഓ അതു ശരി. മനസ്സിലായി. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടി ഉടനെയുണ്ടെന്നു കേൾക്കുന്നു. താങ്കൾ പങ്കെടുക്കുമോ?

മണ്ട: ഒരിക്കലുമില്ല. അതിന്റെ ആവശ്യമില്ലല്ലോ. അത്‌ വെറും അസംബന്ധമാണെന്നും, അത്‌ നടന്നാലുമില്ലെങ്കിലും എനിക്കൊരു ചുക്കുമില്ലെന്നും, അതിൽ പങ്കെടുക്കുന്നവരൊക്കെ മണ്ടന്മാരാണെന്നുമൊക്കെ പറഞ്ഞ്‌ ഒരു പത്ത്‌ പോസ്റ്റെങ്കിലും ഇടും അത്ര തന്നെ. അല്ലാതെന്താ..

പ്ര ലേ: ശരി, ശരി. അപ്പോൾ താങ്കൾക്കും ചക്ക അവിയലിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ഞങ്ങളോടു സഹകരിച്ചതിന്‌ വളരെ നന്ദി.

മണ്ട: നന്ദി.

12 അഭിപ്രായങ്ങൾ:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഹി ഹി ഒരു ചക്കപ്പഴം ഞാന്‍ പോസ്റ്റുന്നു :)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വിടാനുള്ള ഭാവമില്ല അല്ലേ?

പാവത്താൻ പറഞ്ഞു...

വാഴക്കോടന്റെ ചക്കപ്പഴം സസന്തോഷം സ്വീകരിച്ചിരിക്കുന്നു
രാമചന്ദ്രൻ വെട്ടിക്കാട്ട്‌: വിട്ടു. ഇതവസാനത്തേതാ

കണ്ണനുണ്ണി പറഞ്ഞു...

ഹി ഹി ഇനി അടുത്ത മീറ്റ്‌ കഴിഞ്ഞു പോസ്റ്റാം അല്ലെ.. :)

Typist | എഴുത്തുകാരി പറഞ്ഞു...

മീറ്റ് സ്റ്റോക്ക് തീര്‍ന്നില്ലേ ഇതുവരെ?

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

പോസ്റ്റു വായിച്ചു.ചേറായി എന്നു കണ്ടപ്പോൾ കയറിവന്നതാണ് .മീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. നിരാശയുണ്ട്‌.

Unknown പറഞ്ഞു...

പാവത്താനെ ആ പ്രയോഗം എനിക്ക് ഇഷ്ടപെട്ടു ബ്ലോഗ് മീറ്റെന്ന് കേട്ടാൽ കമന്റിടുമെന്ന്

vahab പറഞ്ഞു...

ചക്കത്തരങ്ങള്‍........!!!

പാവത്താൻ പറഞ്ഞു...

കണ്ണനുണ്ണി, എഴുത്തുകാരി,സജും, മരുപ്പച്ച അനൂപ്,വഹാ‍ബ്, എല്ലാവര്‍ക്കും നന്ദി

Rani പറഞ്ഞു...

"അത്‌, ബ്ലൊഗ്‌ മീറ്റെന്നും ചെറായ്‌ എന്നുമൊക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും" ഹ ഹ ഇഷ്ടപ്പെട്ടു ....

Jayasree Lakshmy Kumar പറഞ്ഞു...

കാരണമുണ്ട്‌ ഞാൻ നേരത്തെ പറഞ്ഞല്ലോ, ചെറായ്‌ എന്നും ബ്ലൊഗ്‌ മീറ്റെന്നും ഒക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അല്ലാതെ വെറുതെ ചക്ക അവിയൽ എന്നു കണ്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?

:)))))

കൂട്ടുകാരൻ പറഞ്ഞു...

ചെറായി വിശേഷങ്ങള്‍ക്ക് എന്റെ വക ഒരു ചക്ക പിടിച്ചോ...ധോ...:)