സംസ്ഥാന സ്കൂൾ കലോൽസവ സുവനീറിന്റെ ചീഫ് എഡിറ്ററായ രാധാകൃഷ്ണൻ സാറിനെ യാദൃശ്ചികമായാണ് ഒരു ദിവസം വഴിയിൽ വച്ച് കണ്ടത്. അദ്ദേഹം പാലാ വരെ പോകുകയാണ്. സുവനീറിനു വേണ്ടി ശ്രീ. സുകുമാർ അഴീക്കോട് എഴുതി നൽകിയ ഒരു ലേഖനം “വിവർത്തനം” ചെയ്യാൻ കൊടുത്തത് വാങ്ങാൻ പോകുകയാണത്രേ.
“അപ്പോ സുവനീർ ഇംഗ്ലീഷിലാണോ”? ഞാൻ ചോദിച്ചു.
അല്ല, മലയാളമാണ്.
ങേ, അഴീക്കോട് മാഷപ്പോ ഇംഗ്ലീീഷിലാണോ ലേഖനമെഴുതിത്തന്നത്? അതെനിക്ക് വിശ്വസിക്കാനൽപ്പം പ്രയാസമുള്ള കാര്യമായിരുന്നു.
“ഏത് ഭാഷയാണെന്നെനിക്ക് കൃത്യമായി അറിയില്ല. പക്ഷേ ഇംഗ്ലീഷല്ല”.രാധാകൃഷ്ണൻ സർ ഗൗരവത്തിൽ തന്നെ പറഞ്ഞു.
എന്റെ അന്തം വിട്ട മുഖഭാവം കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ട് കാര്യം വിശദീകരിച്ചു.
“എടോ, അഴീക്കോട് മാഷ് സ്വന്തം കൈപ്പടയിലെഴുതിയ ഒരു ലേഖനം സുവനീറിനായി അയച്ചു തന്നു. പക്ഷേ ഞങ്ങളാരും വിചാരിച്ചിട്ട് ആ കൈയ്യക്ഷരം ഒന്നു വായിച്ചെടുക്കാൻ പറ്റിയിട്ടില്ല. അഴീക്കോട് മഷിന്റെ കയ്യക്ഷരം വായിക്കുന്നതിൽ വിദഗ്ദ്ധനാണ് പാലാ സെന്റ് തോമസ് കോളജിലെ വർഗ്ഗീസ് സർ. മാഷിന്റെ ലേഖനം വായിച്ചെടുത്ത് അദ്ദേഹമത് നമുക്ക് വായിക്കാവുന്ന തരത്തിൽ എഴുതിത്തരും. ഞാൻ അതിനായി പോകുകയാ”.
ഇതു പറഞ്ഞ് രാധാകൃഷ്ണൻ സർ പോയി. എനിക്ക് ഭയങ്കര സന്തോഷമായി. ഈ രാധാകൃഷ്ണൻ സറിന് ഇതു തന്നെ വരണം. കുറച്ചു നാൾ മുൻപ് , ഒരു മലയാളം അധ്യാപകനായ ഇദ്ദേഹം എഴുതിത്തന്ന 20 വാക്കുകൾ മാത്രമുണ്ടായിരുന്ന ഒരു നോട്ടീസ് വായിച്ചെടുക്കാൻ ഞങ്ങൾ നാലു പേർ ശ്രമിച്ചിട്ട് ആകെ 8 വാക്കുകൾ മാത്രമേ മനസ്സിലായിരുന്നുള്ളു. ആ നോട്ടീസ് അന്ന് എന്റെ സുഹൃത്തും രാധാകൃഷ്ണൻ സറിന്റെ അരുമ ശിഷ്യനുമായ സാജിദ് വായിച്ചത് ഇങ്ങിനെയായിരുന്നു.
മാന്യമിത്രമേ,
പുഴു, പുഴു, വലിയ പുഴു….. 13ആം തീയതി രാവിലെ….ചെറിയ പുഴു… വലിയ പുഴു… വളരെ വലിയ പുഴു…യോഗത്തിൽ…. പുഴു.. പുഴു… കുഞ്ഞു പുഴു.
ഇടയ്ക്കിടെ ചില വാക്കുകൾ ഒഴിച്ചാൽ (അതും സന്ദർഭം കൊണ്ട് മനസ്സിലാക്കിയെടുക്കുന്നതാണ്) ബാക്കിയെല്ലാം ചെറുതും വലുതുമായ കുറെ പുഴുക്കൾ ഇഴയുന്നതു പോലെ മാത്രം തോന്നുന്ന കൈയ്യക്ഷരം.
“സ്കൂളിൽ പഠിക്കുമ്പോൾ, പകർത്തെഴുതാൻ മറന്നതിനും ഇരട്ടവര ബുക്കിൽ “വൃത്തിയായി ഉരുട്ടിയുരുട്ടി” എഴുതാത്തതിനും ഈ രാധാകൃഷ്ണൻ സർ എന്നെ എത്ര അടി അടിച്ചിട്ടുണ്ടെന്നറിയാമോ? സാജിദ് ഓർത്തു പറഞ്ഞു.
ഇതേ പോലെ തന്നെ കൈയ്യക്ഷരമുള്ള ഒരാളാണ് എന്റെ സഹപ്രവർത്തകനായിരുന്ന പറക്കോടുകാരൻ ജോയി സർ. ഒരു വത്യാസം, അദ്ദേഹത്തിന്റെ പുഴുക്കൾക്കെല്ലാം ഒരേ നീളവും വലിപ്പവുമായിരിക്കും എന്നതാണ്.
ജോയിസർ മലയാളത്തിലെഴുതിത്തന്ന ഒരപേക്ഷയുമായി ഇൻകം ടാക്സ് ഓഫീസിൽ ചെന്നപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥനിൽ നിന്നും ഞാനും എന്റെ സുഹൃത്തും ഹിന്ദി അധ്യാപകനുമായ സജീവും കേൾക്കേണ്ടിവന്ന് അധിക്ഷേപങ്ങൾക്ക് കണക്കില്ല.
“നിങ്ങളൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന മാഷമ്മാരല്ലേ? നിങ്ങളേ ഇങ്ങിനെയായാൽ നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളുടെ സ്ഥിതി എന്താവും? ആട്ടെ ഏതു വിഷയമാ ഈ വിദ്വാൻ പഠിപ്പിക്കുന്നത്? ഓഫീസർ ചോദിച്ചു.
“ഹിന്ദിയാണ് സർ” ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പ് സജീവ് ചാടിക്കയറി പറഞ്ഞു..
“ചുമ്മാതല്ല” ഓഫീസർ പുഛത്തിലൊന്ന് ചിരിച്ചു.” ആദ്യം സ്വന്തം മാതൃഭാഷ നേരാം വണ്ണം എഴുതിപ്പഠിക്കാൻ പറ ആ മാഷോട്…. അദ്ദേഹം ഒരുപദേശവും തന്നു.
“ഓ.. ഞങ്ങൾ വിനീതവിധേയരായി തലകുലുക്കി. ഇൻകംടാക്സ് ഓഫീസിൽ നിന്നും പുറത്തു വന്ന് ഞങ്ങൾ മതിയാവോളം ചിരിച്ചു.
ഞങ്ങൾ തിരികെ സ്കൂളിലെത്തുമ്പോൾ ഇരട്ടവര ബുക്കിൽ പകർത്തെഴുതിയത് വൃത്തിയായിട്ടില്ല എന്നു പറഞ്ഞ് ഒരു കുട്ടിയെ സ്റ്റാഫ് റൂമിൽ വിളിച്ച് വഴക്കു പറയുകയായിരുന്നു ജോയി സർ. അദ്ദേഹവും സത്യത്തിൽ ഒരു മലയാളം അധ്യാപകനായിരുന്നു.
അന്നും ഇന്നും എല്ലാ മലയാളം മാഷന്മാരുടേയും ഒരു പൊതുവായ ദൗർബ്ബല്യമാണ് പകർത്തെഴുത്ത്. പകർത്തു ബുക്കിലെ ഇരട്ടവരകൾക്കിടയിലൂടെ ഉരുട്ടിയുരുട്ടിയെഴുതിയ വാക്കുകളും വാചകങ്ങളും കൊണ്ടു നിറച്ച പേജുകൾ കൃത്യമായി തീയതി എഴുതി എന്നും വയ്ക്കണം മലയാളം മാഷിന്റെ മേശപ്പുറത്ത്. പകർത്തു ബുക്ക് കൊണ്ടുവരാത്തവരേയും എഴുതാൻ മറന്നവരേയുമൊക്കെ, ചതിയന്മാരായ ലീഡർമാർ മാഷിന് ഒറ്റിക്കൊടുക്കും. കൈവെള്ളയിലോ കാലിലോ ചൂരൽ വടി കൊണ്ട് ഒന്നോ രണ്ടോ അടിയായിരിക്കും മിക്കവാറും ലഭിക്കുന്ന ശിക്ഷ. ഇതേ ലീഡർമാർ തന്നെ ,അപൂർവ്വം ചിലപ്പോൾ അടുത്ത സുഹൃത്തുക്കളെ, മാഷിനു കൊടുക്കുന്ന ലിസ്റ്റിൽ നിന്നും പേരൊഴിവാക്കി ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ കടപ്പാടുകൾ ജീവിതത്തിലൊരിക്കലും തീരുന്നവയല്ല.
ദുബായിലെ എണ്ണക്കമ്പനിയിൽ എഞ്ചിനീയറായ സുഹൃത്ത് കുറച്ചു ദിവസത്തെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു. സുഹൃത്തുക്കളൊരുമിച്ചുള്ള ആഘോഷങ്ങൾ രാവേറെ വൈകിച്ചു. ഒടുവിൽ പാതിരായ്ക്ക് അവന്റെ വീട്ടു വാതിൽക്കൽ അവനെയെത്തിച്ച ശേഷം, അവന്റെ ഭാര്യ വാതിൽ തുറക്കുമ്പോളുണ്ടാകാനിടയുള്ള ദാരുണരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നിൽക്കാതെ വേഗം രക്ഷപ്പെടാനൊരുങ്ങുമ്പോഴാണ് രാമായണത്തിലെ കൈകേയിയെപ്പോലെ അവൻ പഴയ ഏഴാം ക്ലാസ്സിലെ കടപ്പാടോർമ്മിപ്പിക്കുന്നത്.
എടാ , എന്നെ ഇവിടെ തനിച്ചിട്ടു കൊടുത്തിട്ട് പോകല്ലേടാ ദുഷ്ടാ…പകർത്തെഴുതാത്തതിന് നിന്റെ പേരു പറയാതെ എത്ര തവണ നിന്നെ ഞാൻ വാര്യർ സാറിന്റെ അടി കൊള്ളാതെ രക്ഷിച്ചിട്ടുണ്ടെടാ… നന്ദി വേണമെടാ…
പിന്നേ…. പകർത്തെഴുതാത്തതിന് ഒരടി കിട്ടാതെ സുഹൃത്തിനെ രക്ഷിക്കുന്നതും കലി കയറിയ കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട സുഹൃത്തിനൊപ്പം നിൽക്കുന്നതും തമ്മിൽ എന്തു താരതമ്യം???
ആ ബ്ലാക്ക് മെയിലിങ്ങിനു നിന്നു കൊടുക്കാതെ ഞാൻ ജീവനും കൊണ്ട് സ്കൂട്ടായി.
*****************************************************************************************
പക്ഷേ എന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യം; ഇത്ര നിഷ്കർഷയോടെ പകർത്തെഴുത്തിനെ കാണുന്ന ഈ മലയാളം മാഷന്മാരുടെയൊക്കെ കയ്യക്ഷരങ്ങളെന്തേ ഇങ്ങിനെയൊക്കെയാകാൻ? കയ്യക്ഷരവും വ്യക്തിയുടെ സ്വഭാവവും തമ്മിലുള്ള ബന്ധമൊന്നും എനിക്കറിയില്ല. അങ്ങിനെയൊരു ഗവേഷണത്തിന് എനിക്കുദ്ദേശവുമില്ല.
ഒരു പക്ഷേ അഴീക്കോട് മാഷിനെപ്പോലുള്ളവരുടെയൊന്നും ജീവിതം, ആ കയ്യക്ഷരം പോലെ തന്നെ, മെരുങ്ങിയ ഒരു മൃഗത്തിന്റെ ദൈന്യതയോടെ ഇരട്ടവരകൾക്കിടയിൽ ഒതുങ്ങാത്തതു കൊണ്ടാവും. ഇരട്ട വരകൾക്കിടയിലെ വരികൾ പോലെ, ഇരട്ട പാളങ്ങളിൽ മാത്രമോടുന്ന തീവണ്ടിയന്ത്രത്തിനെ സഞ്ചാരം പോലെ വിരസവും ഏകതാനവുമല്ലല്ലോ ഒരിക്കലും മാഷെപ്പോലെയുള്ളവരുടെ ജീവിതം. അല്പം ബുദ്ധി മുട്ടിയെങ്കിൽ മാത്രമേ നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് അത് മനസ്സിലാക്കിയെടുക്കാനാവൂ.
യാത്രകളും, പ്രഭാഷണങ്ങളും,ശാന്തമായ മൗനവും ഘനഗംഭീരമായ ഗർജ്ജനങ്ങളും സംഗീതവും, സാഹിത്യവും പ്രണയവും തത്വചിന്തയും, വിവാദങ്ങളും, വിലാപങ്ങളും ഒക്കെയായി പല പല വഴികളിലൂടെ, വത്യസ്തവും അപ്രതീക്ഷിതങ്ങളുമായ വളവുകളും തിരിവുകളും കടന്ന് ,വരകളുടെയെല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്, പട്ടുനൂൽപ്പുഴുക്കളുടെ സ്വതന്ത്ര സഞ്ചാരം പോലെ അവർ പൊയ്ക്കൊണ്ടേയിരിക്കുന്നു.തിളക്കമേറിയ വിലപിടിപ്പുള്ള ചില നൂലിഴകൾ നമുക്കായി സമ്മാനിച്ചു കൊണ്ട്….