2011, മാർച്ച് 31, വ്യാഴാഴ്‌ച

പോസ്റ്റ് കാര്‍ഡ്.




ഓര്‍ക്കുട്ടിലും ഫേയ്സ്ബുക്കിലുമൊക്കെ നാം
എന്നും കാണാറുണ്ടല്ലോ,
സ്ക്രാപ്പയക്കാറുണ്ടല്ലോ,
ചാറ്റ് ചെയ്യാറുണ്ടല്ലോ.
ഇന്നലേയും ഞാന്‍ നിനക്കൊരു മെയില്‍ ഫോറ്വേഡ് ചെയ്തിരുന്നല്ലോ
ഇനി കത്ത് തന്നെ വേണമെന്നുണ്ടെങ്കില്‍
അറ്റ് ലീസ്റ്റ് ഒരു കവറോ
മിനിമം ഒരു ഇന്‍ലന്റോ എങ്കിലും ആവാമായിരുന്നില്ലേ?
ഉവ്വ്. ഒക്കെ ശരിയാണ്
പക്ഷേ ആ‍ അക്ഷരങ്ങളെ തൊടാനെനിക്കു പേടിയാണല്ലോ
അവയ്ക്കാകെ  തണുപ്പും മരവിപ്പുമാണ്
സമയം കിട്ടുമ്പോള്‍ നീ
ഈ അക്ഷരങ്ങളെ ഒന്നു തൊട്ടു നോക്കൂ
ഇവയ്ക്ക്
സൌഹൃദത്തിന്റെ ചൂടും സ്നേഹത്തിന്റെ മിടിപ്പുമില്ലേ…….



പേരു മറന്നിട്ടില്ല.
പക്ഷേ വിലാസം കൃത്യമായി ഓര്‍മ്മ വരുന്നില്ലല്ലോ..
എത്രനാളിനു ശേഷമാണ്…….
മൃത പത്രങ്ങളുടെ ശവകുടീരത്തിലായാലും
നിന്റെ വീട്ടിലെ ചവറ്റു കുട്ടയിലായാലും
ഇതു മിടിച്ചു കൊണ്ടേയിരിക്കും
കാരണം
ഇതെന്റെ ഹൃദയമാണ്.