2010, മാർച്ച് 24, ബുധനാഴ്‌ച

ഫാൻസ്‌ അസോസിയേഷൻ

ആരാധകർ
ബസ്‌ സ്റ്റാൻഡിലെ
നാറുന്ന മൂത്രപ്പുരയുടെ ചുവരുകളിലും
സ്കൂളിലെ
കരി പിടിച്ച കഞ്ഞിപ്പുരയുടെ ഭിത്തികളിലും
മോഹൻലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി
വാശിയോടെ, പരസ്പരം യുദ്ധം ചെയ്തു.


താരങ്ങളോ
ഇറക്കുമതി ചെയ്ത,
വില കൂടിയ സുഗന്ധ ദ്രവ്യങ്ങൾ പൂശി,
ശീതീകരിച്ച കൊട്ടാരങ്ങളിൽ അന്തിയുറങ്ങി.
വഴിയോരത്തെ,
സ്വർണ്ണക്കടകളുടെ പരസ്യപ്പലകകളിൽ
പത്തര മാറ്റുള്ള 916 പുഞ്ചിരി പൊഴിച്ച്‌
ആരാധകർക്ക്‌ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നിന്നു.


തീയറ്ററിലെ ഇരുളിൽ വച്ച്‌;
ആരാധകരുടെ
കരിയും അഴുക്കും പുരണ്ട
ദുർഗന്ധപൂരിതമായ ജീവിതങ്ങളിലേക്ക്‌
താരങ്ങൾ പകർന്ന നിറങ്ങളും സുഗന്ധവുമെല്ലാം
പടം തീർന്നപ്പോൾ തുറന്ന വാതിലിലൂടെ കടന്നു വന്ന വെളിച്ചത്തിൽ
കുത്തിയൊലിച്ച്‌ താരങ്ങളിലേക്കു തന്നെ തിരിച്ചു പോയി.
ശുഭം