മലയാളത്തിലെ ആദ്യ ബ്ലോഗ് സുവിനീര്‍ പുറത്തിറങ്ങി
>> Tuesday, June 28, 2011
എന്താണ് ബ്ലോഗുകള്‍
ഒരു കലാസൃഷ്ടി പ്രസിദ്ധീകരിക്കാനുള്ള ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സങ്കേതമാണ് ബ്ലോഗുകള്‍. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പേര്‍ ഇന്ന് മലയാളത്തില്‍ ബ്ലോഗെഴുതുന്നുണ്ട്. എഴുത്തിന് ഏതു വിഷയവും തിരഞ്ഞെടുക്കാമെന്നതാണ് ബ്ലോഗിന്റെ ലാളിത്യം. പല നാടുകളേയും ചുറ്റിപ്പറ്റി എഴുതപ്പെട്ടിട്ടുള്ള കഥകള്‍ അന്നാട്ടുകാരേക്കാള്‍ ബ്ലോഗ് വായനക്കാരായ ജനലക്ഷങ്ങള്‍ക്ക് പരിചിതമാണെന്നതാണ് ഏറ്റവും രസകരമായ വസ്തുത. അത്രയേറെ ഇന്ന് ബ്ലോഗുകള്‍ പ്രചാരം ആര്‍ജ്ജിച്ചു കഴിഞ്ഞു. കൈകാര്യം ചെയ്യാന്‍ വളരെയെളുപ്പമാണെന്നതു കൊണ്ടുതന്നെ പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേര്‍ പ്രായഭേദമന്യേ ഇന്ന് ബ്ലോഗുകള്‍ തുടങ്ങാന്‍ മുന്നോട്ടു വരുന്നുണ്ട്. സ്വന്തമായി ഒരു ബ്ലോഗുണ്ടെങ്കില്‍ മോശമില്ലാതെ ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാനറിയാമെന്നതിന്റെയും അല്പം കലാവാസനയുണ്ടെന്നതിന്റേയും ഒരു തെളിവായി സമൂഹം അതു കണക്കാക്കാന്‍ തുടങ്ങി. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വിവിധ നാടുകളെപ്പറ്റിയുള്ള വിവരണങ്ങള്‍, ഫോട്ടോകള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി വിവിധതരം കലാസാഹിത്യസൃഷ്ടികളുടെ വിളനിലമായി ബൂലോകം ഇന്ന് മാറിക്കഴിഞ്ഞു.
ബ്ലോഗ് മാഗസിന്റെ തുടക്കം
ബ്ലോഗുകളെഴുതുന്നവരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയിലാണ് ബ്ലോഗ് സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മാഗസിന്‍ എന്ന ആശയം ചിത്രകാരന്‍ എന്ന ബ്ലോഗര്‍ മുന്നോട്ടു വെക്കുന്നത്. ആവേശത്തോടെ അതേറ്റെടുത്ത രഞ്ജിത്ത് ചെമ്മാട് ലോകത്തിന്റെ വിവിധകോണുകളില്‍ ചിതറിക്കിടക്കുന്ന ബ്ലോഗര്‍മാരില്‍ നിന്നും ഇരുപത്തഞ്ചു പേരെ ഏകോപിപ്പിച്ചു കൊണ്ട് ഒരു എഡിറ്റോറിയല്‍ ബോര്‍ഡുണ്ടാക്കി. പുനലൂരിലുള്ള അധ്യാപകനായ എന്‍.ബി.സുരേഷായിരുന്നു മുഖ്യപത്രാധിപര്‍. ആഗ്രഹം ലളിതമാണെങ്കിലും ഇന്റര്‍നെറ്റിന്റെ വിശാലവലയില്‍ പരന്നു കിടക്കുന്ന ആയിരക്കണക്കിന് ബ്ലോഗുകളില്‍ നിന്നും മികച്ച കുറേ സൃഷ്ടികള്‍ സമാഹരിച്ച് ഒരു മാഗസിനുണ്ടാക്കുകയെന്നത് ഒരു ഭഗീരഥയത്നമായിരുന്നു. പിന്നീടങ്ങോട് ഒരു സിനിമാക്കഥ പോലെയായിരുന്നു ഈ സുവിനീറിന്റെ സൃഷ്ടിപരമായ ഓരോ ഘട്ടവും പിന്നിട്ടത്. എന്താണ് ബ്ലോഗെന്നും ബ്ലോഗുകളില്‍ എന്താണ് സംഭവിക്കുന്നതെന്നും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു തെളിവായി കാട്ടിക്കൊടുക്കാനാകുന്ന ഒരു ചരിത്രസൃഷ്ടിയായിരുന്നു ഇവരുടെ കഠിനാധ്വാനത്തിന്റെ മികവില്‍ സൃഷ്ടിക്കപ്പെട്ടത്. ഉദ്വേഗങ്ങള്‍ നിറഞ്ഞ ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ഈയെഴുത്ത് എന്ന ഈ സുവിനീര്‍ ഇപ്പോള്‍ ബ്ലോഗേഴ്സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
എഡിറ്റോറിയല്‍ ബോര്‍ഡ്
തമ്മില്‍ കാണുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ എഡിറ്റോറിയല്‍ ബോര്‍ഡിലെ ബഹുഭൂരിപക്ഷത്തിനും ഇതേ വരെ സാധിച്ചിട്ടില്ല. ചര്‍ച്ചകളെല്ലാം ഗ്രൂപ്പ് മെയിലിലൂടെ മാത്രം. ആര്‍ക്കും നിര്‍ബന്ധിതമായ ഉത്തവാദിത്വങ്ങളുണ്ടായിരുന്നില്ല. പക്ഷേ എല്ലാവരും കര്‍മ്മ നിരതരായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞ് വിവിധ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് അവിടെ നിന്നെല്ലാം മികച്ചവ ശേഖരിച്ച് ഒരു ബ്ലോഗിലേക്കെത്തിച്ചു. എല്ലാവരും കൂടി ചര്‍ച്ചകള്‍ നടത്തി. ഫോണ്ട് കണ്‍വെര്‍ഷനും പ്രൂഫ് റീഡിങ്ങും ചിത്രം വരയും ലേഔട്ടുമെല്ലാം വിവിധ കോണുകളില്‍ നിന്ന് ഏകോപിപ്പിക്കപ്പെട്ടു. ലേഔട്ട് തയ്യാറാക്കുന്ന രഞ്ജിത്ത് ചെമ്മാടിനും ബിജുകോട്ടിലയും അടക്കമുള്ളവര്‍ക്ക് ഇടക്കിടെ നേരിട്ട ഫോണ്ട് പ്രശ്നങ്ങള്‍ ചില്ലറയൊന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഫലമോ, ലേ ഔട്ട് ടീമിന് സ്വന്തം നിലയില്‍ വീണ്ടുമൊരു പ്രൂഫ് റീഡിങ് നടത്തേണ്ടി വന്നു.
പ്രിന്റിങ്ങ്
നേരിട്ട ഓരോ പ്രതിബന്ധങ്ങളിലും ആത്മധൈര്യം കൈവിടാതെ അവര്‍ മുന്നോട്ടു നീങ്ങി.ചര്‍ച്ചകളെല്ലാം ഗൂഗിളിന്റെ സൗജന്യസേവനമായ ഗ്രൂപ്പ് മെയിലിങ്ങ് വഴിയായിരുന്നു. ഒരു പേര് തിരഞ്ഞെടുക്കുന്നതിനു വേണ്ടി മാത്രം ഒരാഴ്ച നീണ്ടു നിന്ന വോട്ടിങ് നടന്നു. കവര്‍ പേജ് തിരഞ്ഞെടുക്കുന്നതടക്കമുള്ള ചര്‍ച്ചകള്‍ക്കു പോലും വോട്ടിങ് നടത്തി തികച്ചും ജനകീയമായിത്തന്നെയാണ് സുവിനീറിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. പ്രശ്നങ്ങളൊഴിഞ്ഞില്ല. പ്രിന്റിങ്ങിനു വേണ്ട തുകയ്ക്കുള്ള കണക്കൂട്ടലുകള്‍ നടത്തിയപ്പോള്‍ മൂലധനം ആത്മവിശ്വാസം മാത്രം. പ്രിന്റിങ് ഒഴികെയുള്ള സുവിനീറിന്റെ എല്ലാ ഘട്ടവും നിസ്വാര്‍ത്ഥരായ ബ്ലോഗേഴ്സിന്റെ സഹകരണത്തോടെ പൂര്‍ത്തിയാവുകയാണ്. പക്ഷെ പ്രതീക്ഷിച്ച രീതിയില്‍ പണം സമാഹരിക്കാനായില്ല. പരസ്യങ്ങള്‍ സംഘടിപ്പിക്കാനും മറ്റും ഒന്നിച്ചു കൂടാന്‍ സംഘാടകര്‍ നേരിട്ടു കാണുന്നു പോലുമില്ലല്ലോ? ഒന്നരലക്ഷത്തോളം രൂപ പ്രിന്റിങ്ങിനു മാത്രം വേണം. അവിടെയും ബ്ലോഗേഴ്സിലെ സുമനസ്സുകളുടെ സഹായമുണ്ടായി. പലരും തങ്ങളെക്കൊണ്ടാകുന്ന വിധം ഇരുപതിനായിരവും പതിനായിരവുമൊക്കെയായി പണം അയച്ചു കൊടുത്തു. പ്രിന്റിങ്ങിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് ബ്ലോഗേഴ്സായ ജസ്റ്റിന്‍ ജേക്കബിന്റേയും നസീര്‍ കൂടാളിയുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൈകതം ബുക്സ് മുന്നോട്ടു വന്നു. വിദേശങ്ങളിലിരുന്ന് ചെയ്ത ഗ്രാഫിക്സ്, ലേ ഔട്ടുകള്‍ നിറഞ്ഞ പേജുകള്‍ പ്രസിലേക്ക് അയച്ചു കൊടുക്കുന്നതിന് അരദിവസമാണ് വേണ്ടി വന്നത്. ഇടക്കിടെയുള്ള വൈദ്യുതി തടസ്സവും മറ്റും സൃഷ്ടിച്ച തടസ്സങ്ങള്‍ വേറെയും. ഏപ്രില്‍ പതിനേഴിന് തിരൂരില്‍ നടക്കുന്ന ബ്ലോഗ് മീറ്റില്‍ പ്രസാധനം ചെയ്യേണ്ട മാഗസിന്റെ ആദ്യ പ്രതി പ്രിന്റ് ചെയ്ത് കയ്യില്‍ വാങ്ങുന്നന്നതു വരെ ടെന്‍ഷന് കയ്യും കണക്കുമുണ്ടായിരുന്നില്ലെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ജീവനാഡികളിലൊരാളായ മനോരാജ് പറയുന്നു.
സുവിനീര്‍ നിങ്ങളിലേക്കും
ഒന്നരമാസം കൊണ്ടാണ് ഈയെഴുത്ത് എന്ന മാഗസിന്‍ ഒരുക്കിയത്. ഒന്നരലക്ഷത്തോളം രൂപ ചിലവില്‍ ആകെ ആയിരം കോപ്പി പ്രിന്റ് ചെയ്തു. സാമ്പത്തിക ലാഭം ലക്ഷ്യമിടാത്തതു കൊണ്ടു തന്നെ നൂറു രൂപയ്ക്ക് സുവിനീര്‍ വിതരണം ചെയ്യാനാണ് എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ പതിനേഴിന് തിരൂര്‍ നടന്ന ബ്ലോഗ് മീറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോപ്പികള്‍ വിതരണം ചെയ്തു വരുന്നു. കൂട്ടത്തില്‍ ബ്ലോഗുകളെപ്പറ്റി കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്കും പുസ്തകസ്നേഹികള്‍ക്കും ഇത് വിതരണം ചെയ്യാനും എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. സുവിനീറിന്റെ വിലയായ നൂറു രൂപയും V.P.P, Courier ചാര്‍ജ് ആയ അമ്പത് രൂപയും നല്‍കിയാല്‍ പുസ്തകം ലഭ്യമാകും. V.P.P ആയി ആവശ്യമുള്ളവര്‍ പോസ്റ്റല്‍ അഡ്രസ്സ് link4magazine@gmail.com എന്ന അഡ്രസ്സിലേയ്ക്ക് മെയില്‍ ചെയ്യുകയോ, 9447814972 (മനോരാജ്) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ മതി.
ബ്ലോഗുകളെപ്പറ്റി സാധാരണക്കാര്‍ അടക്കമുള്ളവര്‍ മനസ്സിലാക്കട്ടെയെന്നും അതുവഴി കഴിവുള്ള കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് കടന്നു വരട്ടെയെന്നുമാണ് എഡിറ്റര്‍മാരുടെ ഒരേ സ്വരത്തിലുള്ള അഭിപ്രായം. മാത്രമല്ല, നേരിട്ടു കാണാത്ത എഡിറ്റര്‍മാര്‍ ഒരുമിച്ചു കൂടി, ലോകത്ത് പല കോണുകളിലിരുന്ന് തയ്യാറാക്കിയ, ചരിത്രത്തിന്റെ ഭാഗമായി മാറിയ ഈ സുവിനീര്‍ നമ്മുടെ പുസ്തകശേഖരത്തെ അലങ്കരിക്കുമെന്ന് തീര്‍ച്ച.