2011, ജനുവരി 31, തിങ്കളാഴ്‌ച

പാടവരമ്പത്ത്


         
ഗേറ്റ്‌ കടന്ന് മുറ്റത്തേക്കൊഴുകി വന്നു നിന്ന വെളുത്ത ഇന്നോവ കണ്ടതും, പൂമുഖത്തെ ചാരു കസേരയിൽ വഴിക്കണ്ണുമായിക്കിടക്കുകയായിരുന്ന മുത്തഛന്റെ മുഖത്ത്‌ ഒരായിരം കണിക്കൊന്നകൾ ഒന്നിച്ചു പൂത്തു. കസവുമുണ്ടും സിൽക്‌ ജൂബയും ധരിച്ച, കറുത്ത്‌ ആജാനുബാഹുവായ തോമസുകുട്ടി ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി വന്ന് ഇപ്പുറത്തെ ഡോർ തുറന്നു കൊടുത്തു. മുത്തഛനോളം തന്നെ പ്രായമുള്ള പത്രോസ്‌ അൽപം ആയാസപ്പെട്ട്‌ വണ്ടിയിൽ നിന്നിറങ്ങി. മെലിഞ്ഞു നീണ്ട ആ വൃദ്ധ ശരീരത്തിനു തീരെ ചേരുന്നുണ്ടായിരുന്നില്ല അദ്ദേഹം ധരിച്ചിരുന്ന അലക്കിത്തേച്ചു വടി പോലാക്കിയ വെള്ള മുണ്ടും ഷർട്ടും. കാറിൽ ചാരി നിന്ന്, മുണ്ടൊന്നു കൂടി അരയിലുറപ്പിച്ചുടുത്ത ശേഷം പത്രോസ്‌ പൂമുഖത്തേക്കു നടന്നു. തോമസുകുട്ടിയുടെ പിടി വിടുവിച്ച്‌ പൂമുഖത്തേക്കുള്ള പടി സ്വയം കയറുമ്പോൾ പത്രോസിന്റെ കാൽ മെല്ലെയൊന്നിടറി. കൂടെത്തന്നെയുണ്ടായിരുന്ന തോമസുകുട്ടി, അപ്പൻ വീഴാതെ പെട്ടെന്നു താങ്ങിപ്പിടിച്ചു കൊണ്ട്‌ പറഞ്ഞു;
"എന്റപ്പാ
, ഞാൻ പിടിക്കത്തില്ലിയോ! എന്തിനാ ഇത്ര ധൃതി വക്കുന്നേ? പതുക്കെ പോയാപ്പോരേ? മുത്തഛനെങ്ങും പോന്നില്ലല്ലോ..."
"നീ പോടാ..." പത്രോസ്‌ ദേഷ്യപ്പെട്ടു.എനിക്കറിയാമ്മേലേ നടക്കാൻ...."
പത്രോസിന്റെ ദേഷ്യം വക വയ്ക്കാതെ തോമസുകുട്ടി അപ്പനെ പിടിച്ച്‌ കൊണ്ടു പോയി മുത്തഛനിരിക്കുന്ന ചാരുകസേരയുടെ തൊട്ടടുത്തുള്ള കസേരയിൽ കൊണ്ടിരുത്തി.
ചാരു കസേരയിൽ അൽപം മുന്നോട്ടാഞ്ഞിരുന്ന് എല്ലാം നോക്കി ആസ്വദിച്ച്‌ മുത്തഛൻ തന്റെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ടിരുന്നു. കസേരയിലിരുന്ന്
, പടികയറിയ ക്ഷീണം തീർക്കാൻ രണ്ടു മൂന്നു പ്രാവശ്യം ദീർഘശ്വാസമെടുത്ത ശേഷം പത്രോസ്‌ വിളിച്ചു
"തമ്പ്രാനേ......"
"ഇന്നു ഞായറായതു കൊണ്ട്‌ തേവൻ വരുമെന്നെനിക്കറിയാരുന്നു. ഞാൻ രാവിലെ മുതൽ നോക്കിയിരിക്കുവാരുന്നു. എന്താ വൈകിയത്‌
?"മുത്തഛൻ ചോദിച്ചു.
"ഓ.. എന്നാ പറയാനാ
? പള്ളീന്നു പ്രസംഗം തീർന്നപ്പഴേക്കും താമസിച്ചു പോയി. കുന്നേലച്ചനാ.. തൊടങ്ങിയാപ്പിന്നെ നിർത്തുകേല."
"ഹ
,,ഹാ.." മുത്തഛൻ ഉറക്കെ ചിരിച്ചു. "തേവാ, റാഹേലിനെ കെട്ടാൻ വേണ്ടി മാർക്കം കൂടി കൃസ്ത്യാനിയായപ്പം ഇങ്ങിനെ ജീവിതകാലം മുഴുവൻ പ്രസംഗം കേക്കണ്ടിവരുമെന്നു വിചാരിച്ചില്ല അല്ലേ..?"

രണ്ടു വൃദ്ധന്മാരും ഉറക്കെ ചിരിച്ചു.

അവരെ വിട്ട്‌
, തോമസുകുട്ടി അകത്തേക്കു കയറി.
"എടാ ശേഖരാ..." അയാൾ വിളിച്ചു.
ശേഖരൻ കുളി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. ഒരു നനഞ്ഞ തോർത്തു കൊണ്ട്‌ തല തുവർത്തിക്കൊണ്ട്‌ അയാൾ സ്വീകരണ മുറിയിലേക്കു വന്നു.
"ങ്‌ഹാ
, തോമസുകുട്ടീ... നീയെത്തിയോ?..ഇവിടെ തമ്പ്രാൻ അടിയാനെ കാണാഞ്ഞ്‌ കാലത്തേ മുതൽ വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു...
"ഓ
, അവിടെ പൂമുഖത്ത്‌ തമ്പ്രാനും അടിയാനും കൂടി കൂടീട്ടൊണ്ട്‌. ആ; പിന്നെ ശേഖരാ, വൈകിട്ടത്തെ മീറ്റിങ്ങിന്റെ കാര്യം മറക്കണ്ട. ഞായറാഴ്ച്ചയാണെന്നു കരുതി വൈകരുത്‌. പുതിയ പ്രൊജക്റ്റിന്റെ പല കാര്യങ്ങളും തീരുമാനിക്കാനുള്ളതാ.
"ഓ..... ശേഖരൻ അമിത വിനയമഭിനയിച്ചു കൊണ്ട്‌ പറഞ്ഞു."യെസ്‌ സാർ
; മാനേജിംഗ്‌ ഡയറക്ടർ ഉത്തരവിട്ടാൽ പിന്നെ പാവം മാനേജർക്ക്‌ അനുസരിക്കാതിരിക്കാൻ പറ്റുമോ?.... എതിയേക്കാമെടാ, സമയത്തു തന്നെ,. പിന്നെ വരുന്ന വഴി അഛനെ ഞാൻ വീട്ടിലോട്ടു വിട്ടേക്കാം. അതിനായിട്ടിനി നീയിങ്ങോട്ട്‌ വരണ്ട.
ഇറങ്ങാൻ തുടങ്ങിയ തോമസു കുട്ടി പെട്ടെന്നെന്തോ ഓർത്ത്‌ തിരിഞ്ഞു നിന്നു.
"എടാ
, അപ്പന്റെ കൈയ്യിൽ ഒരു കെട്ട്‌ ബീഡിയുണ്ട്‌. ഇന്നലെ വഴക്കിട്ട്‌ എന്നെക്കൊണ്ട്‌ മേടിപ്പിച്ചതാ. പോരുമ്പോൾ എടുത്ത്‌ മടിയിൽ തിരുകുന്നതു കണ്ടാരുന്നു. വേണേൽ രണ്ടു പേരും കൂടി ഓരോന്നു വലിച്ചോട്ടെടാ. നീ വഴക്കൊന്നും പറയാൻ പോകണ്ട."
"ഓ അതു ശരി
, അപ്പോ അതാ രാവിലെ രണ്ടാളൂം കൂടി പതിവില്ലാത്ത ഒരു രഹസ്യം പറച്ചിലും ഗൂഢാലോചനയുമൊക്കെ.. ങാ... നടക്കട്ടെന്ന്. വയസുകാലത്ത്‌ അവരുടെ ഒരു സന്തോഷമല്ലേ. നമ്മളായിട്ടെന്തിനാ അതു നശിപ്പിക്കുന്നത്‌?....

*****************************************************
ആ വലിയ തറവാടിന്റെ പൂമുഖത്തെ കസേരകളിൽ ആ രണ്ടു വൃദ്ധന്മാരും കുറേ സമയം ഒന്നും മിണ്ടാതെ എന്തൊക്കെയോ ഓർത്തിരുന്നു. പിന്നെ മുത്തഛൻ മെല്ലെ പറഞ്ഞു.
തേവാ
, താനോർക്കുന്നുണ്ടോ നമ്മള്‌ രണ്ടാളും പാടത്തും പറമ്പിലുമൊക്കെ ഒന്നിച്ച്‌ പണിതത്‌?
"അതോക്കെ മറക്കാൻ പ
റ്റുവോ തമ്പ്രാനേ?
"ഇപ്പോ ദാ നമ്മടെ മക്കളും അതു പോലെ ഒന്നിച്ച്‌......
.......

 ഒന്നിച്ച്‌ പഠിച്ച്‌, ഒന്നിച്ചു പരീക്ഷ പാസായി, ഒന്നിച്ചു ജോലിയും ചെയ്യുന്നു.. അല്ലേ തേവാ?..

"അതേയതേ. വലിപ്പ ചെറുപ്പങ്ങളൊന്നുമില്ലാതെ
, കൂടപ്പിറപ്പുകളെപ്പോലെ തന്നെയല്ലേ അവരും കഴിയുന്നത്‌?.."
ഹഹഹ്ഹാ... മുത്തഛൻ എന്തോ ഓർത്ത്‌ ഉറക്കെ ചിരിച്ചു. നമ്മളും അങ്ങിനെ തന്നായിരുന്നേ..വിളിയിൽ മാത്രേ തമ്പ്രാനും അടിയാനുമൊക്കെ ഉണ്ടായിരുന്നുള്ളു
, അന്നും ഇന്നും."
പത്രോസ്‌ തലയാട്ടി സമ്മതിക്കുന്നതിനിടയിൽ മടിയിൽ നിന്നും ബീഡിയെടുത്തു.
മുത്തഛൻ അൽഭുതത്തോടെ നോക്കി. " ആഹാ
, താനിപ്പോഴും ബീഡിവലിയൊക്കെയുണ്ടോടോ?
"ഓ.. അതെങ്ങനാ
? പിള്ളാരു സമ്മതിക്കുവോ? ഇതു പിന്നെ ഞാനിന്നലെ വഴക്കിട്ട്‌ ആ തോമസുകുട്ടിയെക്കൊണ്ട്‌ മേടിപ്പിച്ചതാ.പിള്ളാരുടെ കൂട്ടത്തിൽ അവനേയുള്ളു ഇത്തിരിയെങ്കിലും മനുഷ്യപ്പറ്റുള്ളത്‌."
"താനോർക്കുന്നോ തേവാ
,കൊച്ചിലേ നമ്മളു രണ്ടാളും കൂടി തന്റെ വീട്ടിനു പിന്നിൽ പാത്തിരുന്നു ബീഡി വലിച്ചതിനു തന്റെ അമ്മ നമ്മളെ ചീത്ത പറഞ്ഞോടിച്ചത്‌?

"ഹഹഹ
, ഓര്‍ക്കുന്നുണ്ടോന്നോ!!!!  അന്നു നമ്മളോടിയ ഓട്ടം!!! പിന്നെ ചാഞ്ഞോടിപ്പാടത്തും തോട്ടുവക്കത്തും ഒക്കെയല്ലാരുന്നോ നമ്മടെ വലീം കുടീം എല്ലാം."
മുത്തഛൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നവണ്ണം ചിരി നിർത്തി മൌനമായി. പിന്നെ വേദന നിറഞ്ഞ ശബ്ദത്തിൽ മെല്ലെ പരഞ്ഞു
,
"എടോ തേവാ
, താനറിഞ്ഞോ? ശേഖരന്റെ വീതത്തിലുള്ള ചാഞ്ഞോടിപ്പാടം മുഴുവൻ നെകത്താനുള്ള ഏർപ്പാടൊക്കെ ആയി.ഒരാഴ്ചയ്ക്കുള്ളിൽ മണ്ണെറക്കിത്തൊടങ്ങും തോമസുകുട്ടീം ശേഖരനും കൂടിച്ചേർന്ന് അവിടെ എന്തോ തൊടങ്ങാൻ പോവാന്നാ കേട്ടത്‌."
"ആ ഒരു തരത്തിൽ അതാ തമ്പ്രാനേ നല്ലത്‌". പത്രോസിന്റെ സ്വരവും ദു:ഖഭരിതമായിരുന്നു."
'നോട്ടോം കൃഷീം കൊത്തും കെളേം ഒന്നുമില്ലാതെ കാടു പിടിച്ചു കെടക്കുന്നതിലും നല്ലതാ നെകത്തി വല്ല തെങ്ങോ മറ്റോ നടുന്നത്‌.'
"എത്ര നാള്‌ നമ്മടെ വെയർപ്പ്‌ കുടിച്ച പാടമാ അതെന്നോർക്കുമ്പഴാ...... മുത്തഛന്റെ തൊണ്ടയിടറി. "അതിലെ നെല്ലാരുന്നു തറവാട്ടിൽ എന്നും ഉണ്ണാനെടുക്കുന്നത്‌.
"ങ്‌ഹാ.. ഇനിയിപ്പോ നമ്മടെ കാലമൊക്കെ കഴിഞ്ഞില്ലേ തമ്പ്രാ.. അവരടെയൊക്കെ ഇഷ്ടമനുസരിച്ച്‌ എന്താന്നാൽ ആകട്ടെ... പത്രോസിന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.
രണ്ടു വൃദ്ധന്മാരും ഏറെ നേരം നിശ്ശബ്ദരായി ചിന്തകളിൽ മുഴുകിയിരുന്നു. അതിനിടയിൽ ആരും
, ബീഡി കത്തിക്കുകയോ വലിക്കുകയോ ചെയ്യുന്ന കാര്യം ഓർത്തതേയില്ല.
"എടോ
, എനിക്കാ പാടമൊക്കെ ഒന്നു കാണണം". മുത്തഛൻ പെട്ടെന്നു പറഞ്ഞു.
"അതിപ്പോ......." പത്രോസൊന്നു സംശയിച്ചു. നമുക്കു ശേഖരനോടു പറയാം വണ്ടിയേലവിടെ വരെയൊന്നു കൊണ്ടു പോയി കാണിക്കാൻ".

ങ്‌ഹും... അതൊന്നും വേണ്ട. നമ്മടെ കാലമൊന്നും അങ്ങിനെ കഴിഞ്ഞിട്ടൊന്നിമില്ലെടോ. ഇവിടുന്നു ചാഞ്ഞോടിപ്പാടം വരെ നടക്കാനുള്ള ആരോഗ്യമൊക്കെ ഇപ്പോഴുമുണ്ടെടോ നമുക്ക്‌. താൻ വാ
, നമുക്കു നടക്കാമെടോ.. മുത്തഛന്റെ സ്വരത്തിൽ ഒരു ചെറുപ്പക്കാരന്റെ ആവേശവും ഉത്സാഹവുമുണ്ടായിരുന്നു.
"പക്ഷേ നടന്നു പോകാനിവരു സമ്മതിക്കുവോ തമ്പ്രാ
??
നമുക്ക്‌ നമ്മടെ പാടത്തു പോകാൻ ആരുടെ സമ്മതമാടോ വേണ്ടത്‌
? താൻ വാ...വലിയ ആവേശത്തിൽ ശബ്ദമുയർത്തി ഒരു വെല്ലുവിളി പോലെ ഇത്രയും പറഞ്ഞ മുത്തഛൻ പെട്ടെന്നു ശബ്ദം താഴ്ത്തി പറഞ്ഞു..."ആരുമറിയാതെ നമുക്കു പോയേച്ചു വരാമെടോ. താൻ വാ...
         ഗൃഹപാഠം ചെയ്യാതെ
, അഛനമ്മമാരെ വെട്ടിച്ചു കളിക്കാൻ പോകുന്ന രണ്ടു സ്കൂൾ കുട്ടികളേപ്പോലെ ആ രണ്ടു വൃദ്ധന്മാരും ആരും കാണാതെ മുറ്റം കടന്ന് റോഡിലിറങ്ങി ചാഞ്ഞോടിപ്പാടത്തിനു നേർക്കു നടന്നു.
തിരക്കേറിയ ടാർ റോഡ്‌ വിട്ട്‌
, തിരക്കില്ലാത്ത ചെമ്മൺപാതയിലേക്കു തിരിയുന്നിടത്തെ മൊയ്തുവിന്റെ പലചരക്കു കടയിൽ നിന്നും ഒരു തീപ്പെട്ടി വാങ്ങാൻ അവർ മറന്നില്ല.
ചെമ്മൺപാതയിലൂടെ അൽപദൂരം നടന്നപ്പോൾ തന്നെ അവരിരുവരും നന്നേ ക്ഷീണിച്ചു. വഴിയരികിലെ പൊട്ടിപ്പൊളിഞ്ഞ കലുങ്കിലിരുന്ന് അവരോരോ ബീഡി കത്തിച്ചു.
"തേവാ തനിക്കോർമ്മയുണ്ടോ ഈ കലുങ്ക്‌
?"
ഉം... പിന്നേ... മറക്കാൻ പറ്റുവോ
? ചിരുതേം ലക്ഷ്മീം റാഹേലുമൊക്കെ പള്ളിക്കൂടം വിട്ടു വരുന്നതും നോക്കി പണ്ടു രണ്ടു പിള്ളാരു സ്ഥിരമിരിക്കാറുള്ള കലുങ്കല്ലാരുന്നോ ഇത്‌?.. ആ പിള്ളാരുടെ ഇപ്പഴത്തെ ഒരു കോലം...
" ഹഹഹാ.... എന്താടോ നമ്മടെ ഇപ്പഴത്തെ കോലത്തിനൊരു കൊഴപ്പം
??ഇപ്പഴത്തെ ചെറുപ്പക്കാരു പിള്ളാരെക്കാൾ ആരോഗ്യമില്ലേ ഇപ്പഴും നമക്ക്‌???
"പിന്നേ ഒണ്ടൊണ്ട്‌...മുടീം നരച്ച്‌
, പല്ലും കൊഴിഞ്ഞ കൊണ്ട്‌ പണ്ടത്തെക്കാൾ സൌന്ദര്യോം കൂടീട്ടൊണ്ട്‌.."
രണ്ടു പേരും അൽപ നേരം ചിരിച്ചു കൊണ്ടിരുന്നു. പിന്നെ ഭൂതകാലത്തിന്റെ സുഖദമായ ഓർമ്മകളിൽ ഒരു നിമിഷം മൌനമായിരുന്നിട്ട്‌ മുത്തഛൻ ഒരു സ്വപ്നത്തിലെന്നവണ്ണം ചോദിച്ചു..
തേവാ
,ആ ചിരുതേം ലക്ഷ്മീമൊക്കെ ഇപ്പോ എവിടാരിക്കുമോ ആവോ??
അവരും എവിടെയെങ്കിലും നമ്മളേപ്പോലെ തന്നെ
, തലേം നരച്ച്‌, പല്ലും കൊഴിഞ്ഞ്‌, കൊച്ചുമക്കളേം കളിപ്പിച്ചിരിപ്പൊണ്ടാവും..

അവരു നമ്മളെയൊക്കെ ഓർക്കുന്നുണ്ടാവുമോടോ ഇപ്പോൾ
?
' എന്തായാലും മറന്നു കാണാൻ വഴിയില്ല തമ്പ്രാ...

രണ്ടു പേരും വീണ്ടും പഴയ ഓർമ്മകളുടെ കുളിർമഴ നനഞ്ഞ്‌
, വഴിയോരത്തെ ആ പൊട്ടിപ്പൊളിഞ്ഞ കലുങ്കിൽ, സ്വയം മറന്ന് പുഞ്ചിരിച്ചു കൊണ്ടിരുന്നു.

ബാ... നടക്കാം.. കെട്ടു പോയ ബീഡി തോട്ടിലെ വെള്ളത്തിലേക്കു വലിച്ചെറിഞ്ഞ്‌ അവർ നടപ്പു തുടർന്നു.

******************************


പാ
ത്തിന്റെ കരയിൽ, കൈതകൾ വളർന്നു മുറ്റി നിന്ന പാട വരമ്പത്തു നിന്നു കൊണ്ട്‌, അവർ, പുല്ലു വളർന്ന് കാടു പിടിച്ച്‌, കൊത്തും കിളയുമില്ലാതെ കിടക്കുന്ന ചാഞ്ഞോടിപ്പാടം വേദനയോടെ നോക്കിക്കണ്ടു.പാടത്തിനരികിലെ ചിയിൽ കുലച്ചു നിന്നിരുന്ന ചെന്തെങ്ങുകൾ, മെല്ലെ ഓലക്കൈകളാട്ടി അവരെ സ്വാഗതം ചെയ്തു. കൈതോലത്തുമ്പത്തെ കുഞ്ഞു മുള്ളുകൾ ആ വയസ്സന്മാരുടെ ചുക്കിച്ചുളിഞ്ഞ തൊലിയിൽ കളിയായി പിച്ചി നോവിക്കാൻ നോക്കി. തോട്ടിലെ തെളിഞ്ഞ വെളളത്തിൽ പരൽമീനുകളും മാനത്തുകണ്ണികളും സന്തോഷം കൊണ്ട്‌ തുള്ളിക്കളിച്ച്‌ ഇളകിപ്പാഞ്ഞു നടന്നു.

രണ്ടു പേരും മെല്ലെ വരമ്പത്തു നിന്നും പാടത്തേക്കിറങ്ങി. പാടത്ത്‌ ആൾപ്പൊക്കത്തിൽ
,വളർന്നു നിൽക്കുന്ന പുല്ല്‌, പ്രായാധിക്യത്താൽ ദുർബ്ബലമായ കൈകൾ കൊണ്ട്‌ പറിച്ചു മാറ്റാൻ അവർ ശ്രമിച്ചു.
അൽപ സമയത്തിനു ശേഷം അവരാ ശ്രമം ഉപേക്ഷിച്ചു. ആകെ ക്ഷീണിതരായി
, അണച്ചു കൊണ്ട്‌ അവർ തോട്ടിലെ തെളിവെള്ളത്തിലേക്കിറങ്ങി. തണുത്ത വെള്ളത്തിൽ കൈകാലുകളും മുഖവും കഴുത്തുമൊക്കെ കഴുകിയപ്പോൾ അവരുടെ ക്ഷീണമെല്ലാം മാറി. പിന്നെ പാടത്തിന്റെ കരയിലെ ചെന്തെങ്ങിന്റെ ചോട്ടിലിരുന്ന് അവരോരോ ബീഡി കത്തിച്ച്‌ ആഞ്ഞാഞ്ഞ്‌ വലിക്കാൻ തുടങ്ങി.

++++++++++++++++++++++++
പൂമുഖത്തിരുന്ന വൃദ്ധന്മാരെ കാണാതെ അൽപനേരത്തെ വെപ്രാ
പ്പെട്ടുള്ള അന്വേഷണങ്ങൾക്കൊടുവിൽ പലചരക്കു കടക്കാരൻ മൊയ്തുവിന്റെ ഫോൺ സന്ദേശം കിട്ടിയ ശേഷം കാറിൽ പാഞ്ഞെത്തിയ തോമസു കുട്ടിയും ശേഖരനും പാത്തിനൽപം അകലെയായി വണ്ടി നിർത്തി ഇറങ്ങി നടന്നു.
കൈതക്കാടുകൾക്കപ്പുറത്ത്‌
, ചെന്തെങ്ങിൻ ചുവട്ടിൽ, ചിന്തകളിൽ മുഴുകി, നിശ്ശബ്ദരായി ബീഡി വലിച്ചു കൊണ്ടിരിക്കുന്ന ആ വൃദ്ധപിതാക്കന്മാരെ അവർ കണ്ടു.
അവരെ ശല്യപ്പെടുത്താതെ തോമസുകുട്ടിയും ശേഖരനും നിശ്ശബ്ദരായി ഒരു പാറമേലിരുന്നു.
അപ്പോഴവിടെ വീശിയ വയൽക്കാറ്റിൽ പുന്നെല്ലിന്റെ മണവും ഞാറ്റുപാട്ടിന്റെ ഈണവുമുണ്ടായിരുന്നു.