“എടാ, ഞായറാഴ്ച്ച നമുക്കൊരു പരിപാടിയുണ്ട്. വള്ളിക്കാവില്‍ പോകാം. വണ്ടി കാറ്റടിച്ചു വച്ചോണം. പിന്നെ അമ്മയോടു പറഞ്ഞ് അനുവാദം മേടിച്ചോണം;കിട്ടുമെങ്കില്‍ 2 രൂപയും വാങ്ങിച്ചോ. കുരങ്ങന്മാര്‍ക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കാനാണെന്നു പറഞ്ഞാല്‍ ,മതി“.
ഇലഞ്ഞിമേല്‍ വ ള്ളിക്കാവ് ഒരു ദേവീക്ഷേത്രവും അതിനു ചുറ്റുമുള്ള വലിയൊരു കാവുമാണ്. കാവില്‍ നിറയെ കുരങ്ങന്മാരാണ്. വള്ളിക്കാവില്‍ കുരങ്ങന്മാരെ കാണാന്‍ പോകാന്‍ വീട്ടില്‍ നിന്ന് എപ്പോഴും അനുവാദം
ലഭിക്കുമായിരുന്നു.,കാരണം വീട്ടില്‍ നിന്നും കുറച്ചേറെ ദൂരമുണ്ടെങ്കിലും വാഹനങ്ങള്‍ അധികം വരാത്ത വഴിയിലൂടെ അങ്ങെത്താം. അതിനാല്‍ സൈക്കിള്‍യാത്ര സുരക്ഷിതമാണ്. പിന്നെ കുരങ്ങന്മാരെ കാണാനാണ് പോകുന്നതെങ്കിലും ഒരു ക്ഷേത്രത്തിലേക്കാണല്ലോ പോകുന്നത്.
ശനിയാഴ്ച്ച തന്നെ അമ്മയോടു വിവരം പറഞ്ഞ് അനുവാദവും 2 രൂപയും ഉറപ്പാക്കി.സൈക്കിള്‍ തുടച്ചു മിനുക്കി, രണ്ടു ടയറിലും കാറ്റടിച്ച് റഡിയാക്കി.
എനിക്കും സുധിക്കും ഏതാണ്ട് ഒരേ സമയത്താണ് സൈക്കിള്‍ വാങ്ങിയത്. ഞാനന്ന് ഏഴിലാണ്. സുധി ഒന്പതിലും. സുധിയുടേത് ഹീറോ കമ്പനിയുടെ സൈക്കിളായിരുന്നു. പച്ച നിറമുള്ളത്. എന്റേത് കറുത്ത നിറമുള്ള ഹെര്‍ക്കുലീസ് സൈക്കിളായിരുന്നു. ഹീറോയാണോ ഹെര്ക്കുലീസാണോ മെച്ചപ്പെട്ട കമ്പനി എന്നുള്ള
ഞങ്ങളുടെ തര്‍ക്കങ്ങള്‍ ഒരിക്കലും ഒരു തീരുമാനത്തില്‍ എത്തിയിരുന്നില്ല. വീട്ടില്‍ പറഞ്ഞും പറയാതെയും എവിടെയെല്ലാം ഞങ്ങള് പോയിരിക്കുന്നു സൈക്കിളില്‍.
ഞായറാഴ്ച്ച രാവിലെ 8 മണിയോടെ നിര്‍ത്താതെ ബെല്ലടിച്ചുകൊണ്ട് തന്റെ ഹീറോ സൈക്കിളില്‍ സുധിയെത്തി. ബെല്ലിന്റെ ശബ്ദം കേട്ടതും”അമ്മേ, ഞാന്‍ പോവാ” എന്നു വിളിച്ചു പറഞ്ഞ് ഞാന്‍ മുറ്റത്തേക്കു ചാടി, സൈക്കിള്‍ സ്റ്റാന്ഡില്‍ നിന്നിറക്കി. അമ്മ അടുക്കളയില്‍ നിന്നും ഉമ്മറത്തേക്കു
വന്നു. “സൂക്ഷിച്ചു പോണം കേട്ടോ.സുധീ ഇവനെ നോക്കിക്കോണേ” എന്നു പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.
“എടാ പൈസയുണ്ടോ?”
മെയിന്‍ റോഡ് ക്രോസ്സ് ചെയ്ത് തിരക്കു കുറഞ്ഞ വഴിയിലേക്കു കയറിയ ഉടന്‍ സുധി അന്വേഷിച്ചു.
“ഉണ്ട്” ഞാന്‍ പറഞ്ഞു.
“എത്രയുണ്ട്?
രണ്ടു രൂപ
എന്റെ കൈയ്യിലും രണ്ടു രൂപയുണ്ട്.അപ്പോ നമുക്ക് ഓരോ രൂപയ്ക്ക് ബിസ്കറ്റ് വാങ്ങാം കുരങ്ങന്മാര്‍ക്ക്.”
വഴിയോരത്തെ ചെറിയ മുറുക്കാന്‍ കടയില്‍, ഒരു വശത്ത് ഇംഗ് ളീഷ് അക്ഷരങ്ങളെഴുതിയ, വട്ടത്തിലുള്ള കുഞ്ഞു ബിസ്കറ്റുണ്ട്. ഒരു രൂപയ്ക്ക് നൂറെണ്ണം കിട്ടും. പിന്നെ അമ്പതു പൈസയ്ക്ക് കപ്പലണ്ടി കൂടി വാങ്ങിയാല്‍ കുരങ്ങന്മാര്‍ക്കുള്ളതായി. ബാക്കി 50 പൈസ ഞങ്ങളുടെ വഴിച്ചെലവിനുള്ളതാണ്.
കടയില്‍ നിന്നും പഴയ പത്രക്കടലാസില്‍ പൊതിഞ്ഞു തന്ന ബിസ്കറ്റും കപ്പലണ്ടിയും സൈക്കിളിന്റെ പിന്നില്‍ ഭദ്രമായി വച്ചു. 4 ഗ്യാസ് മിഠായി വാങ്ങിയത് ഓരോരുത്തരും രണ്ടെണ്ണം വീതം പോക്കറ്റിലിട്ടു “ഇപ്പോ തിന്നണ്ട, കുന്നത്തൂരമ്പലത്തിന്റെ മുന്പില്‍ ചെല്ലുമ്പോള്‍ ഒരെണ്ണം വായിലിടണം.പതുക്കെ അലിച്ചു തിന്നാല്‍ മതി.അതു തീരുമ്പോള്‍ അടുത്തതെടുക്കണം.അതും തീരുമ്പോഴേക്കും നമ്മള് വള്ളിക്കാവിലെത്തും.”
സുധിക്കെല്ലാത്തിനും കൃത്യമായ പ്ലാനിങ്ങും കണക്കുമൊക്കെയുണ്ട്.
സുധിയുടെ കണക്കു ശരിയായിരുന്നു.രണ്ടു മിഠായിയും തീര്‍ന്നപ്പോഴേക്കും ഞങ്ങള്‍ വള്ളിക്കാവിലെത്തി.
മാനം മുട്ടുന്ന വന്മരങ്ങളും, കെട്ടു പിണഞ്ഞു
കിടക്കുന്ന തടിച്ച വള്ളികളും നിറഞ്ഞ ഇരുണ്ട കാവ്. രാവിലത്തെ പൂജകളൊക്കെ കഴിഞ്ഞ് അമ്പലം അടച്ചിട്ടേറെ നേരമായതിനാല്‍ കുരങ്ങന്മാരല്ലാതെ ആ പരിസരത്തെങ്ങും വേറെയാരുമുണ്ടായിരുന്നില്ല. പേടിപ്പെടുത്തുന്ന കനത്ത
വിജനതയില്‍ കുരങ്ങന്മാരുടെ ആക്രോശങ്ങളും കാവിനുള്ളിലെ ഇരുളില്‍ നിന്നുയരുന്ന, പേരറിയാത്ത കിളികളുടെ കലമ്പലുകളും മാത്രമേകേള്‍ക്കാനുണ്ടായിരുന്നുള്ളു.
ധാരാളം കുരങ്ങന്മാരുണ്ടായിരുന്നു അവിടെ.അവര്‍ ഞങ്ങളുടെ നിക്കറില്‍പിടിച്ചു തൂങ്ങി തോളില്‍ കയറിയിരുന്ന്,ഷര്ട്ടിന്റെ പോക്കറ്റില്‍കൈയ്യിട്ട് ബിസ്കറ്റെടുത്ത് തിന്നു.
“നമ്മള്‍ അനങ്ങിയാല്‍ കുരങ്ങന്മാര് പേടിച്ച് നമ്മളെ കടിക്കും അനങ്ങാതെനിന്നാല്‍ അവരൊന്നും ചെയ്യില്ല”
സുധി പറഞ്ഞതനുസരിച്ച്, പേടിയുണ്ടായിട്ടും ഞാന്‍ അനങ്ങാതെ നിന്നു.
മുഖം ചുവന്ന തള്ളക്കുരങ്ങുകളുടെ വയറ്റത്ത് അള്ളിപ്പിടിച്ചു കിടന്ന് ഞങ്ങളെ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു കുട്ടിക്കുരങ്ങുകള്‍. അവയെ കണ്ടാല്‍ ശരിക്കും മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ തന്നെയുണ്ടായിരുന്നു.
തള്ളക്കുരങ്ങുകള്‍ അങ്ങുയരെ മരച്ചില്ലകളിലും വള്ളികളിലും
ചാടിനടക്കുമ്പോഴും കുഞ്ഞുങ്ങള്‍ ഒട്ടും പേടിയില്ലാതെ, വീഴാതെ അമ്മയെ കെട്ടിപ്പിടിച്ച് അങ്ങിനെ കിടന്നു.
നേതാക്കന്മാരായ പൊണ്ണന്‍ ആണ്‍കുരങ്ങുകള്‍ മറ്റു കുരങ്ങുകളെ
പല്ലിളിച്ചാക്രോശിച്ച് ഭീഷണിപ്പെടുത്തിയും,തല്ലിയോടിച്ചും, ഞങ്ങള്‍കൊടുത്ത ബിസ്കറ്റും കപ്പലണ്ടിയുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരുന്നു.
കുരങ്ങുകള്‍ ബിസ്കറ്റും കപ്പലണ്ടിയുമൊന്നും വായിലിടുന്ന ഉടന്‍
തിന്നില്ല.അവയൊക്കെ വായ്ക്കുള്ളില്‍ ഒരു സഞ്ചിയിലെന്നപോലെ കുത്തി നിറച്ച് സൂക്ഷിച്ചു വയ്ക്കും. പിന്നീടെപ്പോഴെങ്കിലും സ്വസ്ഥമായി മരക്കൊമ്പിലോ മറ്റോ കയറിയിരുന്ന് സാവധാനത്തിലേ അതൊക്കെ തിന്നൂ.
കുരങ്ങന്മാരുടെയും കിളികളുടെയുമൊന്നുമല്ലാത്ത ഒരു പ്രത്യേക ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളതു കണ്ടത്.അമ്പലത്തിനു മുന്‍പിലെ കളിത്തട്ടില്‍, കാവിയുടുത്ത്, താടിയും മുടിയും നീട്ടി വളര്‍ത്തിയ ഒരു സന്യാസി ഇരിക്കുന്നു. അദ്ദേഹം ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയപ്പോള്‍
കുരങ്ങന്മാരെല്ലാം അദ്ദേഹത്തിന്റെ ചുറ്റും കൂടി. അപ്പോള്‍ അദ്ദേഹം ഒരുസഞ്ചിയില്‍ നിന്നും പഴുത്ത ചക്കച്ചുളകളെടുത്ത് എല്ലാ കുരങ്ങന്മാര്‍ക്കും വീതിച്ചു നല്കി. കുരങ്ങന്മാര്‍ വളരെ അച്ചടക്കത്തോടെ അതു വാങ്ങി മാറിയിരുന്ന് തിന്നാന്‍ തുടങ്ങി.
അതു കഴിഞ്ഞ്, ഒരു മൊന്തയില്‍ നിന്നും വെള്ളമെടുത്ത് കൈ കഴുകിയിട്ട് സ്വാമി ഞങ്ങളെ വിളിച്ചു
“ഇങ്ങു വാ..”
ഞങ്ങളൊന്നു സംശയിച്ചു നിന്നു. സുധി മെല്ലെ എന്റെ കാതില്‍ പറഞ്ഞു;“എടാ ചക്ക തന്നാല്‍ വാങ്ങണ്ട. വേണ്ടെന്നു പറയണം. നമ്മളെന്താ കുരങ്ങന്മാരാണോ?”
“ഇങ്ങടുത്തു വരൂ” സ്വാമി വീണ്ടും വിളിച്ചു.
ഞങ്ങള്‍ പേടിച്ചും സംശയിച്ചും മെല്ലെ അടുത്തേക്കു ചെന്നു.ഞങ്ങളടുത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഇവിടിരി” ഞങ്ങള്‍ കളിത്തട്ടില്‍ സ്വാമിയുടെ വലതു വശത്തായി ഇരുന്നു.
“നിങ്ങളെവിടുന്നു വരുന്നു?” അദ്ദേഹം ചോദിച്ചു
“മാന്നാറില്‍ നിന്ന്” സുധി മറുപടി പറഞ്ഞു.
“മാന്നാറിലെവിടാ?”
“പാട്ടമ്പലത്തിനടുത്താ”
“ഉം, ശരി; കുരങ്ങന്മാരെയൊക്കെ കണ്ടോ?”
“ഉവ്വ്”
സ്വാമി സഞ്ചിയില്‍ നിന്നും രണ്ട് കപ്പലണ്ടി മിഠായി എടുത്തു നീട്ടി “ഇതാ കഴിച്ചോളൂ”
ഞാന്‍ സുധിയെ നോക്കി. അവന്‍ ഒരു നിമിഷം ചിന്തിച്ചതിനു ശേഷം കൈ നീട്ടി.
അതു കണ്ട് ഞാനും ആ കപ്പലണ്ടി മിഠായി വാങ്ങി. ഞാനതു വായിലേക്കിടാന് തുടങ്ങിയപ്പോള്‍ സുധി പെട്ടെന്ന് പറഞ്ഞു “എടാ അതു പോക്കറ്റിലിട്ടേക്ക്. ഇപ്പൊ തിന്നണ്ട. നമുക്ക് പോകുന്ന വഴിക്കു തിന്നാം. അപ്പോള്‍ സൈക്കിള്ചവിട്ടുന്ന ക്ഷീണമറിയില്ല”.
സ്വാമി അതു കേട്ടു ചെറുതായൊന്നു പുഞ്ചിരിച്ചു. ഞാന്‍ മനസ്സില്ലാ മനസ്സോടെആ മിഠായി പോക്കറ്റിലിട്ടു.
“എന്നാലിനി വൈകണ്ട.ദേവിയെ തൊഴുതിട്ട്, വെയിലുറയ്ക്കുന്നതിനു മുന്പ് പൊയ്ക്കൊള്ളു”. സ്വാമി പറഞ്ഞു.
ഞങ്ങള്‍ അനുസരണയോടെ എഴുന്നേറ്റു. അടഞ്ഞു കിടന്ന അമ്പലനടയില്‍ തൊഴുതു.
കുരങ്ങന്മാരൊക്കെ തീറ്റ കഴിഞ്ഞു കാവിനുള്ളിലേക്കു കയറിപ്പോയിരുന്നു.
കാവും പരിസരവും ഇപ്പോള്‍ ആദ്യത്തേതിലും വിജനവും നിശ്ശബ്ദവുമായതായിതോന്നി.
മടക്കയാത്ര വളരെ പതുക്കെയായിരുന്നു.വെയിലുറച്ചു തുടങ്ങിയതിനാല്‍ ഞങ്ങള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. എണ്
നിന്നും ഓരോ സോഡ കുടിച്ചിട്ട് കുന്നത്തൂരമ്പലത്തിന്റെ മുന്നിലൂടെ ഞങ്ങള്‍സാവധാനം സൈക്കിള്‍ ചവിട്ടി.
ഇടമണ്ണിക്കലെ വര്ഗ്ഗീസ് ചേട്ടന്റെ പറമ്പിലെ കുളത്തിലിറങ്ങി ഞങ്ങള്‍ കാലും മുഖവും കഴുകി. കുളക്കടവിലെ മുളങ്കൂട്ടത്തിന്റെ തണലിലിരുന്ന് അല്പസമയം വിശ്രമിച്ചു. അപ്പോഴാണ് ഞാന്‍ സ്വാമി തന്ന കപ്പലണ്ടി മിഠായിയുടെ കാര്യം ഓര്‍ത്തത്.
“എടാ സുധീ നമ്മളീ കപ്പലണ്ടി മുട്ടായി തിന്നില്ലല്ലോ” ഞാന്‍ പോക്കറ്റില്‍ നിന്നും മിഠായിയെടുത്ത് തിന്നാനൊരുങ്ങി.
പെട്ടെന്ന് ചാടിയെണീറ്റ സുധി അത് എന്റെ കൈയ്യില്‍ നിന്നും തട്ടിക്കളഞ്ഞു. “വേണ്ടടാ, അതു തിന്നണ്ടാ, കളഞ്ഞേക്ക്…” പിന്നെ അവന്‍ രണ്ടു കപ്പലണ്ടി മിഠായിയുമെടുത്ത് കുളത്തിന്റെ നടുവിലേക്ക് വലിച്ചെറിഞ്ഞു. എനിക്കു ദേഷ്യവും സങ്കടവും വന്നു.”എന്തിനാടാ അതു കളഞ്ഞത്”? ഞാന്‍ ചോദിച്ചു.
സുധി സാവധാനം കല്പ്പടവിലിരുന്നു.പിന്നെ വെള്ളത്തിലേക്കു കാലിട്ടിളക്കി കൊണ്ട് മെല്ലെ പരഞ്ഞു
“എടാ നിനക്കറിയാമോ ആ സന്യാസി ആരാണെന്ന്”?
“ആ, ആരാ”?
“എടാ അയാളൊരു ഭയങ്കര മന്ത്രവാദിയാ.ഈ വള്ളിക്കാവിലെ കുരങ്ങന്മാരൊക്കെ എവിടുന്ന് വന്നതാണെന്ന് നിനക്കറിയാമോ”?
“ഇല്ല, എവിടുന്ന് വന്നതാ“?
എടാ മണ്ടാ, ആ മന്ത്രവാദി മുട്ടായി കൊടുത്ത് കുരങ്ങന്മാരാക്കിയ കുട്ടികളാ അവരൊക്കെ.നീ കണ്ടില്ലേ അവരൊക്കെ അനുസരണയോടെ അയാള്‍ക്കു ചുറ്റുമിരുന്നത്?അതല്ലേ അയാള് മുട്ടായി തന്നപ്പം അതു തിന്നണ്ട എന്നുഞാന്‍ പറഞ്ഞത്”.
“എന്റെ ദൈവമേ, സത്യമാണോടാ സുധീ ഇതൊക്കെ”? ഞാന്‍ പേടി കൊണ്ടു വിറച്ചു പോയി.
“പിന്നെ സത്യമല്ലാതെ….ഹും ഞാനില്ലായിരുന്നെങ്കില്‍ കാണാരുന്നു ഇപ്പൊ നീ ഒരു കുരങ്ങനായിട്ട് അവിടെ മരത്തില്‍ കിടന്നു ചാടുന്നത്..
ഈശ്വരാ, എത്ര വലിയ ഒരാപത്തില്‍ നിന്നാണു കഷ്ടിച്ചു രക്ഷപ്പെട്ടത്!!!
സുധിയില്ലായിരുന്നെങ്കില്‍……
എന്റെ പരിഭ്രമം കണ്ട് സുധി എന്നെ സമാധാനിപ്പിച്ചു. “നീ പേടിക്കണ്ടടാ, ഞാനില്ലേ കൂടെ… പിന്നെ നീ ഇക്കാര്യം വീട്ടിലൊന്നും പറയാന്‍ പോകണ്ട
കേട്ടോ; വെറുതെയെന്തിനാ അവരെയും കൂടി പേടിപ്പിക്കുന്നെ….”
ആരോടും പറയില്ലെന്നു ഞാന്‍ സത്യം ചെയ്തു.
പക്ഷെ സൈക്കിള്‍ ചവിട്ടി വീട്ടിലെത്തിയിട്ടും എന്റെ പേടി
മാറിയിരുന്നില്ല.രാത്രി അമ്മയുടെയും അമ്മുമ്മയുടെയും ഇടയ്ക്ക്,
ഞാനേറെനേരം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടെപ്പോഴോ അറിയാതുറങ്ങിയപ്പോഴാകട്ടെ, ഞാനൊരു കുരങ്ങനായി കാട്ടിലെ മരക്കൊമ്പില്‍,
അഛനുമമ്മയുമൊന്നുമില്ലാതെ ഒറ്റയ്ക്കിരിക്കുന്നതു സ്വപ്നം കണ്ട് ഉറക്കെ കരഞ്ഞു. അമ്മൂമ്മ എന്നെ ചേര്‍ത്തു കിടത്തി ആശ്വസിപ്പിച്ചു.
പക്ഷെ തിങ്കളാഴ്ച രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ മനസ്സില്‍ നിറയെ സ്കൂളില്‍ പോകുന്നതിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്റെ പേടിയൊക്കെ എപ്പോഴോ മാറിയിരുന്നു.