നർമ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നർമ്മം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂലൈ 12, തിങ്കളാഴ്‌ച

ഒരു സ്പെല്ലിംഗ്‌ മിസ്റ്റെയ്ക്‌

     എട്ടു സീ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സല്ല. രവി സാറു ലീവായതിനാലാണ്‌ ബുധനാഴ്ച്ച നാലാം പീരീഡ്‌ എട്ടു സി യിൽ പോകേണ്ടി വന്നത്‌.ഇംഗ്ഗ്ലീഷിലെ ചെറിയ പദപ്രശ്നങ്ങളും കുട്ടികൾക്കു രസിക്കുന്നതും ഭാഷാ പഠനത്തെ സഹായിക്കുന്നതുമായ ചില കളികളുമൊക്കെയായിട്ടാണ്‌ ആ പീരീഡു ചെലവഴിച്ചത്‌. അൽപം ശബ്ദവും ബഹളവും ഒക്കെ ഉണ്ടായി എന്നതു സത്യമാണ്‌ വൈസ്‌ പ്രിൻസിപ്പൽ ഭദ്രാ മാഡം ക്ലാസ്സിനു പുറത്തൽപ്പ നേരം വന്നു നിന്നതു കണ്ടില്ലെന്നു നടിച്ച്‌ ഞാൻ ക്ലാസ്സ്‌ തുടർന്നത്‌ അവർക്കത്ര പിടിച്ചു കാണില്ലെന്നെനിക്കറിയാമായിരുന്നു.യാതൊരു സാമാന്യ ബോധവുമില്ലാത്ത, എല്ലാവരിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു അവർ.സാധാരണ എല്ലാ കണക്കദ്ധ്യാപകരേയും പോലെ, ലോകം മുഴുവൻ കണക്കു മാത്രമാണെന്നും ബാക്കിയൊക്കെ വെറും വെയിസ്റ്റാണെന്നുമുള്ള ചിന്താഗതിക്കാരിയായ അവർ ഉടൻ തന്നെ പ്രിൻസിപ്പലിനോടു ചെന്നു പരാതി പറഞ്ഞു കാണും എന്നും ഞാൻ ഊഹിച്ചിരുന്നു.


അതു കൊണ്ട്‌ ഉച്ച ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പ്യൂൺ രാഘവൻ വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്നു സംശയമൊന്നും ഉണ്ടായിരുന്നില്ല.


എന്റെ ഊഹം ശരിയായിരുന്നു.പ്രിൻസിപ്പലിന്റെ മേശയ്ക്കരികിലെ കസേരയിൽ വളരെ സന്തോഷത്തിൽ അവരുമുണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോഴേ എനിക്കൊരപകടം മണത്തു. ആമുഖമില്ലാതെ പ്രിൻസിപ്പൽ തുടങ്ങി.
"എന്തായിരുന്നു സർ നാലാം പീരീഡ്‌ എട്ടു സീയിൽ വലിയ ബഹളം"?
“ഏയ്‌ അങ്ങിനെ വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല സർ, കുട്ടികൾ ചില ലാങ്ഗ്വേജ്‌ ഗെയ്മുകൾ കളിക്കുകയായിരുന്നു. അതിന്റെ ആവേശത്തിൽ അൽപം ശബ്ദമുണ്ടാക്കിയെന്നേയുള്ളു... അല്ലാതെ....


ഭദ്രാമാഡം "മുരടനക്കി. അതല്ല സർ പ്രശ്നം..ഈ ഇൻഡിപ്പെൻഡൻസ്‌ എന്ന വാക്കിന്റെ സ്പെല്ലിംഗ്‌ എന്താ?"
ഏതു വിധമുള്ള ആക്രമണത്തിനാണവർ ഒരുങ്ങുന്നതെന്നറിയാത്തതിനാൽ ഞാൻ വളരെ സൂക്ഷിച്ചു തന്നെ മറുപടി നൽകി.
INDEPENDENCE എന്നല്ലേ മാഡം? എന്തേ ചോദിക്കാൻ?"

"ഹും എനിക്കിംഗ്ലീഷിൽ അത്ര വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും കുറച്ചു സ്പെല്ലിങ്ങൊക്കെ അറിയാം." അവരുടെ സ്വരത്തിൽ നിറയെ പുഛവും ഇര വലയിൽ വീണതിന്റെ സന്തോഷവുമായിരുന്നു.പ്രിൻസിപ്പലിന്റെ മുന്നിൽ എന്നെയൊന്നു കൊച്ചാക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം അവരൊട്ടും മറച്ചു വച്ചില്ല.

"എന്റെ സാറേ.. നമ്മൾ അദ്ധ്യാപകർ ക്ലാസ്സിൽ എന്തെങ്കിലും പറയുന്നത്‌ വളരെ ശ്രദ്ധിച്ചു വേണം. പത്തു നാൽപ്പതു കുട്ടികൾ നമ്മൾ പറയുന്നതു വേദവാക്യം എന്നതു പോലെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബോദ്ധ്യം എപ്പോഴും വേണം നമുക്ക്‌.  അടക്കിയിരുത്തി നല്ലതൊന്നും പാറഞ്ഞു കൊടുത്തില്ലെങ്കിലും തെറ്റുകൾ പഠിപ്പിക്കാതിരിക്കാനെങ്കിലും കുറഞ്ഞപക്ഷം നാം ശ്രദ്ധിക്കേണ്ടേ?"
എനിക്കപ്പോഴും കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു. അതു കൊണ്ട്‌ ഞാനൊന്നും മിണ്ടിയില്ല.
അവർ തുടർന്നു

"നാലാം പീരീഡ്‌ എട്ടു സീയിലെ ബഹളം കേട്ടാണു ഞാൻ വന്നു നോക്കിയത്‌. അപ്പോ സാറു ബോർഡിലെഴുതിയിരുന്നതൊക്കെ ഞാനൊന്നു വായിച്ചു. സാറെഴുതിയിരുന്നത്‌ INDEPENDANCE എന്നായിരുന്നു. എനിക്കു പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായി അതു തെറ്റാണെന്ന്. ഒരിംഗ്ലീഷ്‌ അദ്ധ്യാപകൻ ഇങ്ങിനെയുള്ള തെറ്റുകൾ വരുത്താമോ? അതും ബോർഡിൽ എഴുതുമ്പോൾ... ഇതു കണ്ടല്ലേ നമ്മുടെ കുട്ടികൾ പഠിക്കുന്നത്‌?"

ഓ അപ്പോ അതാണു കാര്യം.പ്രിൻസിപ്പലിനു മുന്നിൽ അവരുടെ ഇംഗ്ലീഷ്‌ പാണ്ഢിത്യം ഒന്നു പ്രദർശിപ്പിക്കുകയുമാവാം എന്നെയൊന്നിരുത്തുകയുമാവാം. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയതിന്റെ സന്തോഷമാണവർക്ക്‌.
ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല..

"മാഡം ആ ബോർഡിൽ ഇൻഡിപ്പെൻഡൻസുൾപ്പടെ പത്തു വാക്കുകൾ ഞാൻ എഴുതിയിരുന്നു."

ഹും. അതെല്ലാം ഞാൻ കണ്ടു".അവർ മൊഴിഞ്ഞു.

“എന്നിട്ട്‌ ഈയൊരു തെറ്റു മാത്രമേ മാഡം കണ്ടുള്ളൂ?” ഞാനൊന്നു പുഞ്ചിരിച്ചു. 

“വെരി പുവർ!!! ആ പത്തു വാക്കുകളിലും ഓരോ സ്പെല്ലിംഗ്‌ മിസ്റ്റെയ്കെ‌ങ്കിലും ഉണ്ടായിരുന്നു മാഡം .ഓരോ വാക്കിലേയും തെറ്റു കണ്ടു പിടിച്ചു തിരുത്തുക എന്നതായിരുന്നു ചോദ്യം. ഒൻപതെണ്ണം വരെ ശരിയായി ചെയ്ത മിടുക്കന്മാർ ആ ക്ലാസ്സിലുണ്ട്‌ മാഡം.“

കടലാസു പോലെ വിളറി വെളുത്തു പോയ മാഡത്തിന്റെ മുഖത്തു നോക്കാതെ ചിരിയടക്കാൻ പാടു പെടുന്ന പ്രിൻസിപ്പലിനോടു ഞാൻ പറഞ്ഞു..
"അടുത്ത പീരീഡ്‌ ക്ലാസ്സുണ്ട്‌.. ഞാൻ പൊക്കോട്ടേ സർ"?
അദ്ദേഹം തലയാട്ടി.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പട്ടിയിറച്ചിയുടെ ഹാങ്ങോവർ

ബ്രെയ്‌ൿഫാസ്റ്റിനു വിഭവം പട്ടിയിറച്ചിയായിരുന്നു.അതു കഴിച്ചിട്ടാണ്‌ പത്രം വായിക്കാൻ ഇരുന്നത്‌.ഇംഗ്ലീഷ്‌ പത്രമായിരുന്നു.അപ്പോൾ തോന്നി ഇംഗ്ലീഷ്‌ അറിയാൻ വയ്യാത്ത പാവങ്ങൾക്കായി ഈ വാർത്തയൊക്കെ ഒന്നു മലയാളത്തിലാക്കിയാലോ എന്ന്. തൽക്കാലം ഒരു തുടക്കം എന്ന നിലയിൽ തലക്കെട്ടുകൾ മാത്രം വിവർത്തനം ചെയ്തു . ഇതാ വായിച്ചു കൊള്ളൂ.

1. Ban on private practice of doctors hits chemists.

സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിന്‌ ഡോക്ടർമാർ മെഡിക്കൽ സ്റ്റോർ ജീവനക്കാരെ മർദ്ദിച്ചു.

2.Closure of colleges will not hit students:Australian official
കോളജുകൾ അടച്ചിരിക്കുന്നതു കൊണ്ട്‌ വിദ്യാർത്ഥികൾക്ക്‌ തല്ലു കൊള്ളില്ലെന്ന് ആസ്ത്രേലിയൻ ഉദ്യോഗസ്ഥൻ.


3.India, Sreelanka to hold naval training.
ഇന്ത്യയും ശ്രീലങ്കയും പൊക്കിളിൽ പിടിത്തം പരിശീലിക്കും.


4. Silent Valley movement to be commemorated.
നിശ്ശബ്ദ താഴ്വരയിൽ അനക്കമുണ്ടായത്‌ ആഘോഷിക്കും.


5. Swine flu - 13 new cases reported.
പറന്നതിന്റെ പേരിൽ 13 പന്നികൾക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്‌.


6.Plea for UPSC centre in Kozhikkode.
UPSC പരീക്ഷയുടെ മദ്ധ്യ ഭാഗം കോഴിക്കോട്ടാക്കണമെന്ന് അപേക്ഷ.


7. UN releases Mahatma stamp.
ഐക്യരാഷ്ട്ര സഭ മഹാത്മാവിന്റെ സ്റ്റാമ്പിനെ മോചിപ്പിച്ചു.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ - ആരും പറയാത്ത കഥകൾ അഥവാ ചക്ക അവിയൽ ഉണ്ടാക്കുന്നതെങ്ങിനെ.

പ്ലാവിൽ നിന്നും നല്ല വിളഞ്ഞ ചക്ക നോക്കി പറിച്ചെടുക്കുകയാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.പിന്നീട്‌ ആ ചക്കയെ പല ഭാഗങ്ങളായി മുറിച്ച്‌ ചുള മാത്രം വേർതിരിച്ചെടുക്കുക.ഈ സമയത്ത്‌ കയ്യിൽ ചക്കയരക്കു പറ്റാതിരിക്കുവാൻ അൽപം എണ്ണ കയ്യിൽ പുരട്ടുന്നത്‌ നന്നായിരിക്കും. ചക്കച്ചുളയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന ചക്കക്കുരു പ്രത്യേകമായി ഒരു ഭാഗത്ത്‌ കൂട്ടി വയ്ക്കുക.ഇതു പിന്നീട്‌ ആവശ്യമായി വരും.

ഇനി ചക്കച്ചുളയെല്ലാം നീളത്തിൽ അരിഞ്ഞ്‌ മറ്റ്‌ പച്ചക്കറികളോടൊപ്പം തേങ്ങയും മറ്റും ചേർത്ത്‌ വേവിച്ചാൽ നല്ല ചക്ക അവിയലായി. നന്നായി വെന്തു കഴിയുമ്പോൾ കുറച്ച്‌ വെളിച്ചെണ്ണ കൂടി ചേർത്താൽ നല്ല മണവും രുചിയും ഉണ്ടാവും..
******* ************** *********** ***********
തുടർന്നു വായിക്കുക.......
ഈ പോസ്റ്റിന്റെ രചയിതാവും പ്രശസ്ത പാചക വിദഗ്ദ്ധനുമായ ശ്രീമാൻ മണ്ടച്ചാരുമായി ഞങ്ങളുടെ പ്രത്യേക ലേഖകൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

പ്ര:ലേ: താങ്കൾ ചെറായിയിലെ ബ്ലോഗ്‌ സുഹൃദ്‌ സംഗമത്തിൽ പങ്കെടുത്തിരുന്നോ?

മണ്ട: ഏയ്‌. ഒരിക്കലുമില്ല. അത്തരം നികൃഷ്ടമായ അസംബന്ധ പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല എന്നത്‌ നിങ്ങൾക്കും അറിവുള്ളതല്ലേ?

പ്ര:ലേ:അത്ര നികൃഷ്ടവും അസംബന്ധവുമാണെങ്കിൽ പിന്നെ താങ്കളെന്തിനാണ്‌ അതേപ്പറ്റി ഇത്ര മാത്രം വ്യാകുലപ്പെടുകയും ഇത്രയേറെ പോസ്റ്റുകളിടുകയും ചെയ്യുന്നത്‌?

മണ്ട: അത്‌, ബ്ലൊഗ്‌ മീറ്റെന്നും ചെറായ്‌ എന്നുമൊക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അതു കൊണ്ടാണതേപ്പറ്റി എഴുതുന്നത്‌. അല്ലാതെ എനിക്കു താൽപര്യമുള്ളതുകൊണ്ടൊന്നുമല്ല.

പ്ര:ലേ: അതൊക്കെ പോട്ടെ ഈ ചക്ക അവിയലും ബ്ലോഗ്‌ മീറ്റും തമ്മിൽ എന്താണു ബന്ധം?

മണ്ട: ഒരു ബന്ധവുമില്ല. പിന്നെ അവിടെ ചക്ക അപ്പവും പഴുത്ത ചക്കയും ഒക്കെ ഉണ്ടായിരുന്നു എന്നു വായിച്ചും പറഞ്ഞു കേട്ടുമൊക്കെ അറിഞ്ഞിരുന്നു.

പ്ര: ലേ: അപ്പോ ഈ പോസ്റ്റിന്‌ ചെറായ്‌ ബ്ലോഗ്‌ മീറ്റ്‌ അഥവാ ചക്ക അവിയൽ എന്നു പേരിടാനെന്താണു കാരണം?

മണ്ട: കാരണമുണ്ട്‌ ഞാൻ നേരത്തെ പറഞ്ഞല്ലോ, ചെറായ്‌ എന്നും ബ്ലൊഗ്‌ മീറ്റെന്നും ഒക്കെ കണ്ടാൽ എല്ലാവരും വന്ന് വായിക്കുകയും കമന്റിടുകയുമൊക്കെ ചെയ്യും. അല്ലാതെ വെറുതെ ചക്ക അവിയൽ എന്നു കണ്ടാൽ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?

പ്ര: ലേ: ഓ അതു ശരി. മനസ്സിലായി. വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌ കൂടി ഉടനെയുണ്ടെന്നു കേൾക്കുന്നു. താങ്കൾ പങ്കെടുക്കുമോ?

മണ്ട: ഒരിക്കലുമില്ല. അതിന്റെ ആവശ്യമില്ലല്ലോ. അത്‌ വെറും അസംബന്ധമാണെന്നും, അത്‌ നടന്നാലുമില്ലെങ്കിലും എനിക്കൊരു ചുക്കുമില്ലെന്നും, അതിൽ പങ്കെടുക്കുന്നവരൊക്കെ മണ്ടന്മാരാണെന്നുമൊക്കെ പറഞ്ഞ്‌ ഒരു പത്ത്‌ പോസ്റ്റെങ്കിലും ഇടും അത്ര തന്നെ. അല്ലാതെന്താ..

പ്ര ലേ: ശരി, ശരി. അപ്പോൾ താങ്കൾക്കും ചക്ക അവിയലിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ഞങ്ങളോടു സഹകരിച്ചതിന്‌ വളരെ നന്ദി.

മണ്ട: നന്ദി.

2009 ജൂലൈ 27, തിങ്കളാഴ്‌ച

ചെറായി ബ്ലോഗ്‌ മീറ്റ്‌;വ്യർഥമായ തയാറെടുപ്പുകൾ


എന്തൊക്കെ സംഭവിച്ചാലും ചെറായി മീറ്റിൽ പങ്കെടുക്കാൻ തിരുമാനിച്ചപ്പോൾ പ്രാണരക്ഷാർഥം നടത്തിയ ഈ തയാറെടുപ്പുകളെല്ലാം വ്യർഥമായതിന്റെ നിരാശയോടെ....

നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാൻ ബ്ലോഗ്‌ പൂട്ടുന്നു)

അങ്ങിനെ ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം കഴിഞ്ഞു.
എന്തെല്ലാമായിരുന്നു ബഹളം? സുരക്ഷാപ്രശ്നങ്ങൾ, അനോണി, സുനാമി,ചാവേറ്‌,കുഴിബോംബ്‌, തീവ്രവാദി ,ഭൂകമ്പം, ....എന്തെന്തു പ്രതീക്ഷകളായിരുന്നു ചെറായിയിലേക്കു പോകുമ്പോൾ? എന്നിട്ടിപ്പോ എന്തായീ? ബ്ലോഗ്‌ മീറ്റാണത്രേ ബ്ലോഗ്‌ മീറ്റ്‌.....

എല്ലാവർക്കും ശൌര്യം ബ്ലോഗിലേയുള്ളു.!ചെറായി എന്നു കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ബ്ലോഗായ ബ്ലോഗൊക്കെ വായിച്ചു വായിച്ച്‌ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാ..
ഇതിപ്പോ അനോണിയില്ല, സുനാമിയില്ല, ബോംബില്ല, തോക്കില്ല എന്തിന്‌, കള്ളുകുടിയില്ല, ചീത്തവിളിയില്ല. കത്തിക്കുത്ത്‌, അടിപിടി വാക്കേറ്റം ങേഹേ..
കുറെ അയ്യോ പാവികള്‌ വന്നു കൂടിയിരുന്ന് സ്നേഹം, സൌഹൃദം, കാരുണ്യം എന്നൊക്കെ പറഞ്ഞു ചിരിച്ചും കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചോറുണ്ട്‌,ചായ കുടിച്ച്‌, റ്റാറ്റാ പറഞ്ഞു പിരിഞ്ഞു...
എന്റെ രൂപാ 250 പോയതു മിച്ചം.അതു പാവങ്ങളെ സഹായിക്കാനുപയോഗിക്കുമത്രേ.. ദൈവമേ ഒരു ഫുള്ളിനുള്ള കാശാ പോയത്‌. ആ നേരത്ത്‌ രണ്ടെണ്ണം വീശി, പാമ്പായി, വീട്ടിലിരുന്ന് പത്രം വായിച്ചിരുന്നെങ്കിൽ ഇതിലെത്ര നന്നായിരുന്നു!!!
അതെങ്ങനാ? ചുണയുള്ള ആണുങ്ങളെയൊന്നും അടുപ്പിച്ചില്ലല്ലോ.ഇനിയെങ്കിലും മനസ്സിലാക്ക്‌..മീറ്റു നന്നാവണമെങ്കിൽ പുലികളു വേണം പുലികള്‌.
എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. അതുകൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നിർത്തി... ബ്ലോഗിങ്ങു നിർത്തി. ഞാനൊരു പത്രം തുടങ്ങാൻ തിരുമാനിച്ചു.
ങ്‌ ഹാ പറഞ്ഞു തീരുന്നേനു മുൻപു വന്നോ അയ്യോ നിർത്തല്ലേ നിർത്തല്ലേന്നു പറഞ്ഞ്‌ ആൾക്കാര്‌? അതു പറയാൻ നിങ്ങളാരാ? അതിനു ഞാൻ വേറെ ആളിനെ ഏർപ്പാടാക്കീട്ടൊണ്ട്‌. അവരു വേണ്ട സമയത്തു പറഞ്ഞോളും. അപ്പോ ഞാൻ വേണ്ടത്‌ ചെയ്തോളാം. തോക്കിൽ കേറി വെടി വെക്കല്ലേ.... ഹല്ല പിന്നെ..
ഓ തുടങ്ങിയല്ലോ ഓരൊരുത്തന്മാര്‌ ആളാവാൻ വേണ്ടിയുള്ള പരിപാടികള്‌.പോസ്റ്റിടുന്നു,പടമിടുന്നു, യാത്രാ വിവരണമെഴുതുന്നു.കണ്ടാൽ തോന്നും ഇവനൊക്കെ അവിടെന്തോ മല മറിക്കുകയായിരുന്നെന്ന്..ചുമ്മാ, ജാഡയല്ലേ... അല്ലെങ്കിൽ ഇപ്പോ ഈ പോസ്റ്റിടുന്നവരിലാരെങ്കിലുമുണ്ടായിരുന്നോ മീറ്റു സമയത്ത്‌ ഒരു കുഞ്ഞു വിവാദമുണ്ടാക്കാൻ? മീറ്റൊന്നു കൊഴുപ്പിക്കാൻ? ബ്ലോഗില്‌ കെടന്ന് ഞഞ്ഞാ പിഞ്ഞാ പറയുന്നതു പോലല്ല ബ്ലോഗ്‌ മീറ്റില്‌ ഒരലമ്പുണ്ടാക്കുന്നത്‌. അതിനിത്തിരി പുളിക്കും. അതാ പറേന്നത്‌ അതിനൊക്കെ പുലികള്‌ വേണം പുലികള്‌. ന
ല്ല തന്റേടമുള്ള പുലികള്‌.
ഈ സംഘാടകന്മാരെന്നു പറഞ്ഞു നടക്കുന്നവരിലാരെങ്കിലും വേണ്ടാ - വിളിക്കണ്ടാ, - വരുന്നോന്നൊന്നു ചോദിക്കുകെങ്കിലും ചെയ്തിരുന്നെങ്കിൽ പല പുലികളും വന്നേനെ.എങ്കിലീ മീറ്റ്‌ ഇത്ര ബോറാകുമായിരുന്നോ?നിരാശാജനകമാകുമായിരുന്നോ? ചീത്തവിളി, തമ്മിൽത്തല്ല്, കടിപിടി ഹോ ഒരരങ്ങായേനേ.. ങ്‌ ഹാ ഇനി പറഞ്ഞിട്ടെന്താ...വൈദ്യസഹായം എന്നു വലിയ ബോർഡും വച്ച്‌ പുലികളെ ചികിൽസിക്കാനിരുന്ന അനില്‌ ഒരു പണിയുമില്ലാതെ വെറുതെ ഈച്ചയടിച്ചിരുന്നു അത്ര തന്നെ. അല്ലാതെന്താ.
അതു കൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി ബ്ലോഗാണ്‌, ബ്ലോഗറാണ്‌, ബ്ലോഗ്‌ മീറ്റാണ്‌ എന്നൊന്നും പറഞ്ഞു നാണം കെടാൻ ഞാനില്ല. തീർന്നു ഇതോടെ നിർത്തി ഈ പണി. ഞാൻ ബ്ലോഗ്‌ പൂട്ടി പത്രം തുടങ്ങാൻ പോണു. എല്ലാവർക്കും നമസ്കാരം.
ബ്ലോഗ്‌ മീറ്റ്‌ വൻ വിജയം
ചെറായി ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം വിജയകരമായി പര്യവസാനിച്ചു. സംഘാടകർക്ക്‌ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഇപ്പൊ എല്ലാം ശരിയായില്ലേ?

2009 ജൂലൈ 8, ബുധനാഴ്‌ച

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?
എത്രയൊക്കെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ബ്ലോഗിന്‌ അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലേ?
എത്ര നല്ല പോസ്റ്റിട്ടാലും കമന്റുകൾ ലഭിക്കുന്നില്ലേ?
ബ്ലോഗിനു ഹിറ്റുകൾ കുറവാണോ?
ഈ കാരണങ്ങൾ മൂലം ബൂലോകജീവിതം തന്നെ മടുത്ത്‌ നിങ്ങൾ ബ്ലോഗ്‌ നിർത്തുന്നതിനെക്കുറിച്ചാലോചിക്കുന്നോ? ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയോ?

വിഷമിക്കേണ്ട......
നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു ശാശ്വത പരിഹാരം...
സിലിക്കൺ വാലിയിൽ നൂറ്റാണ്ടുകൾ ധാന്യ സോറി ധ്യാന നിരതനായിരുന്നതിന്റെ ഫലമായുണ്ടായ ദൈവീക വരപ്രസാദം സ്വാമി ബ്ലോഗാനന്ദൻ ഇതാ എല്ലാ ബ്ലോഗർമാർക്കുമായി പങ്കു വയ്ക്കുന്നു....
അത്യന്തം ശക്തിമത്തായ മഹാ മന്ത്രാക്ഷരങ്ങൾ നിഗൂഢമായിഴചേർത്തു നിർമ്മിച്ച 2 യന്ത്രങ്ങൾ.
1. ഹിറ്റുവർധിനീ യന്ത്രം
2. കമന്റാകർഷണ ഭൈരവയന്ത്രം
മാന്ത്രിക അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ എംബഡഡ്‌ കോഡുകൾ കോപി പെയ്സ്റ്റ്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ഏതെങ്കിലും മൂലയിൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കൂ.
15 ദിവസങ്ങൾക്കുള്ളിൽ ഫലം ഉറപ്പ്‌.
ബ്ലോഗർമാരുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്‌.

ഹിറ്റുവർധിനീ യന്ത്രം(ചെറുത്‌): രൂപ 100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

കമന്റാകർഷണ ഭൈരവയന്ത്രം(ചെറുത്‌)
രൂപ100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

രണ്ടു യന്ത്രങ്ങളും കൂടി ഒന്നിച്ചെടുക്കുന്നവർക്ക്‌ ആകർഷകമായ ഡിസ്കൌണ്ട്‌.

ഇവ കൂടാതെ പല ആവശ്യങ്ങൾക്കായുപയോഗിക്കാവുന്ന വിവിധ തരം മാന്ത്രിക വിഡ്ജെറ്റുകളും ലഭ്യമാണ്‌.
MO, DD സഹിതം ഓർഡർ അയക്കുക.
സ്വാമി ബ്ലോഗാനന്ദൻ
ബ്ലോഗാശ്രമം -
ഗൂഗിൾ പുരം 000000
നേരിട്ടു വരുന്നവർ ബൂലോകം ബസ്സ്റ്റോപ്പിലിറങ്ങി 2km autoയിൽ സഞ്ചരിച്ചാൽ ബ്ലോഗാശ്രമത്തിൽ എത്തിച്ചേരാവുന്നതാണ്‌.
സ്വാമികളെ കണ്ട്‌ അനുഗ്രഹം വാങ്ങുവാൻ മുൻകൂട്ടി ബുക്ക്‌ ചെയ്ത്‌ വരേണ്ടതാണ്‌.
ബ്ലോഗാശ്രമത്തിന്‌ ഏജന്റുമാരോ ശാഖകളോ ഇല്ല.
അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക...

2009 ജൂലൈ 3, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കാനെത്തുന്നവർ സമർപ്പിക്കേണ്ട രേഖകൾ - മാതൃകകളും

നാഥനില്ലാ കളരി പോലെയായിരുന്ന ബ്ലൊഗ്‌മീറ്റ് ഇപ്പോല്‍ തീര്‍ത്തും സുസംഘടിതമായിട്ടുണ്ട്.ഔദ്യോഗികവും രേഖാമൂലവുമായ നടപടിക്രമങ്ങളിലൂടെ മീറ്റിനെ ആധികാരികവും അംഗീകൃതവും നിയമവിധേയവുമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞ് വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

മീറ്റില്‍ ആര്‍ക്കും ബ്ലോഗറാണെന്നു പറഞ്ഞു കയറിവന്ന് എന്തും ചെയ്യാം എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി മീറ്റിനു വറ്റുന്നവര്‍ ,കഴുത്തില്‍ വള്ളിയും വള്ളിയുടെ അറ്റത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമുള്ള ഔദ്യോഗിക സംഘാടകര്‍
സമക്ഷം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍(ഇതോടൊപ്പം കൊടുത്തിരിക്കുന മാതൃകകള്‍ ഉപയോഗിക്കുക)

1. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം(ഫോട്ടോ പതിച്ചത്)



ഈ ഫോട്ടോയില്‍ കാണുന്ന ശ്രീ/ശ്രീമതി---------------- എന്ന ആള്‍ കഴിഞ്ഞ ------വര്‍ഷമായി --------- ജില്ലയില്‍ -------താലുക്കില്‍ -------പഞ്ചായത്തില്‍ താമസിക്കുന്ന ആളാണ. എന്റെ അറിവില്‍ പെട്ടിടത്തോളം ഇദ്ദേഹം തീവ്രവാദിയോ, തീവ്രവാദബന്ധമുള്ള ആളോ അല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

സ്ഥ്ലം ഒപ്പ്
തീയതി സീല്‍ പേരും ഔദ്യോഗിക മേല്‍‌വിലാസവും


2. ഉത്തരവാദിത്ത വിമുക്തിപത്രം

ബൂലോഗത്തില്‍ ------- എന്ന പേരില്‍ അറിയപ്പെടുന്ന ----------- എന്ന ഞാന്‍ കഴിഞ്ഞ ------വര്‍ഷമായി ഒരു ബ്ലോഗറാണ്‍. ചെറായിയില്‍ വച്ച് 26-07-2009 നു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെറ്റുക്കുവാനുള്ള തീരുമാനം ഞാന്‍ സ്വമനസ്സാലേ എടുത്തിട്ടുള്ളതാകുന്നു.
ടി മീറ്റില്‍ അടിപിടി, , ഗൂഢാലോചന ,സുനാമി,ചാവേറാക്രമണം, തീവ്രവാദ പ്രവര്‍ത്തനങള്‍ തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിവരം എനിക്കറിവുള്ളതാണ്‍. അങ്ങിനെയെന്തെങ്കിലും ഉണ്ടാവുന്ന പക്ഷം അതു മൂലം എനിക്കുണ്ടാകുന്ന യാതൊരുവിധമായ കഷ്ടനഷ്ടങ്ങള്‍ക്കും മീറ്റ് സംഘാടകര്‍ ഒരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.

സ്ഥലം ബ്ലോഗറുടെ ഒപ്പ്
തീയതി ബ്ലോഗറുടെ പേരും വിലാസവും
1.ടി രേഖകള്‍ സംഘാടകസമക്ഷം സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ മീറ്റ് സ്ഥലത്തേക്കു പ്രവേശനം ഉണ്ടായിരിക്കൂ.

3. ടി രേഖകള്‍ സമര്‍പ്പിച്ചാലും സംഘാടകരുടെ രേഖാമൂലമായ അനുവാദം ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.
4.യാതൊരു വിധമായ കാരണവും കാണിക്കാതെ തന്നെ ആര്‍ക്കും പ്രവേശനം നിഷേധിക്കാനും പ്രവേശനം ലഭിച്ചവരെ പുറത്താക്കാനുമുള്ള അവകാശം സംഘാടകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്‍.
5 പരിപാടിയില്‍ ഭേദഗതി വരുത്തുവാന്‍ സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്‍.

2009 ജൂൺ 15, തിങ്കളാഴ്‌ച

മനോഹരന്റെ പെണ്ണു കാണൽ

മനോഹരൻ ലോട്ടറിയടിച്ച സന്തോഷത്തിലാണതു പറഞ്ഞത്‌. അവന്റെ കല്യാണമുറച്ചെന്ന്.അവന്റെ സന്തോഷം കണ്ടപ്പോൾ സത്യത്തിൽ എനിക്കു സഹതാപം തോന്നി. പാവം, എന്തോ വലിയ കാര്യം സാധിച്ച പോലെയുണ്ട്‌.

കല്യ്യാണത്തെ ആരാണാവോ ചക്കയോടുപമിച്ചത്‌?

വലിയൊരു ദ്വാരമുള്ള പഴുത്ത ചക്ക പോലെയാണു കല്യാണം.പുറത്തു നിന്നു കാണുന്ന ഈച്ചകൾക്കു തോന്നും അകത്ത്‌ ഭയങ്കര മധുരമാണെന്ന്. പിന്നെ ഒന്നുമാലോചിക്കാതെ ഒരു കയറ്റമാണകത്തേക്ക്‌.അകത്തു കയറിപ്പോയാൽ പിന്നെ അരക്കിൽ പറ്റിപ്പിടിച്ചവിടെയിരിക്കും. രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ. എന്നാൽ പുറത്തു നിൽക്കുന്ന ഈച്ചകളോ,അകത്തു കയറിയവൻ തിരിച്ചു വരാത്തത്‌ അകത്തെ മധുരവും സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു കൊണ്ടാണെന്നു കരുതി ആർത്തിപൂണ്ട്‌ അകത്തേക്കു കയറും...

എന്തായാലും മനോഹരന്റെ പതിനൊന്നാമത്തെ പെണ്ണൂ കാണലാണ്‌ കല്യാണ നിശ്ചയത്തിൽ കലാശിച്ചത്‌.
അഞ്ചാമത്തെയോ ആറാമത്തെയോ പെണ്ണു കാണൽ കഴിഞ്ഞ്‌ അവൻ നിരാശനായി വന്നു കല്യാണം നടക്കില്ലെന്നു പറഞ്ഞത്‌ ഇപ്പോഴും എനിക്കോർമ്മയുണ്ട്‌.ശരിക്കു പറഞ്ഞാൽ അവനല്ല, ബ്രോക്കറാണു പറഞ്ഞത്‌ ഈ ജന്മം ഇവനു പെണ്ണു കിട്ടുമെന്നു തോന്നുന്നില്ല എന്ന്‌.

അന്നും കുളിച്ചു കുറിയൊക്കെ തൊട്ട്‌ കസവുമുണ്ടുമുടുത്ത്‌ പഞ്ച്ചപാവമായാണ്‌ മനോഹരൻ പെണ്ണു കാണലിനു പോയത്‌. മനോഹരനു പെണ്ണിനെയും പെണ്ണിനു മനോഹരനെയും ഇഷ്ടപ്പെട്ട മട്ടായിരുന്നു.ചുറ്റുപാടുകളും വലിയ കുഴപ്പമില്ല.പെണ്ണിന്റെ അഛൻ ഒരു എക്സ്‌-സർവീസുകാരനായിരുന്നു. ചായകുടിയും പെണ്ണു കാണലുമൊക്കെ കഴിഞ്ഞപ്പോൾ അയാൾ മനോഹരനോടൊരു ചോദ്യം.

"മദ്യപിക്കുമോ?"
സാമാന്യം ഭംഗിയായി മദ്യപിക്കുമായിരുന്ന മനോഹരൻ ആകെ കൺഫ്യൂഷനിലായി. എന്താണാവോ ഭാവി അമ്മായിയപ്പന്റെ ഉദ്ദേശം?

കുടിക്കുന്നവനു മോളെ കൊടുക്കില്ലെന്നോ?
ഏയ്‌, അതാവാൻ വഴിയില്ല. ആളെക്സ്‌ സർവീസല്ലേ...
ഇനി കള്ളു പോലും കുടിക്കാത്തവനു പെണ്ണിനെ കൊടുക്കില്ലെന്നാണോ?
അതോ ഇനി കല്യാണമൊക്കെ തീരുമാനിച്ച സ്ഥിതിക്ക്‌ ഒരു സന്തോഷത്തിനു ഒരുമിച്ചിരുന്ന് രണ്ടെണ്ണം അടിച്ചിട്ടു പോകാമെന്നാണോ?

ഒടുവിൽ രണ്ടും കൽപ്പിച്ചു മനോഹരൻ പറഞ്ഞു..
അതിപ്പോ, ഇതു ക്ഷണമാണോ അന്വേഷണമാണോ?
ക്ഷണമാണെങ്കിൽ ഉവ്വ്‌; അന്വേഷണമാണെങ്കിൽ ഇല്ല..

എന്തായാലും ആ കല്യാണം നടന്നില്ല.
ഇപ്പോ പതിനൊന്നാമതു കണ്ട പെണ്ണുമായി മനോഹരന്റെ കല്യാണം ഉറച്ചു.പെണ്ണിന്റെ അഛൻ മദ്യപാനത്തെപ്പറ്റി ഒന്നും ചോദിച്ചു കാണില്ല..
എന്തായാലും അവർക്കു നന്മ വരട്ടെ.

2009 ജൂൺ 10, ബുധനാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - സംഘാടകർ പാലിക്കേണ്ട നിയമങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും

അടുത്ത കാലത്തായി യാതൊരുവിധ തത്വദീക്ഷയുമില്ലാതെ, ബ്ലോഗർമാർ എന്നു ഭാവിക്കുന്ന ചിലർ ഒത്തുകൂടുകയും അത്തരം നികൃഷ്ടമായ ഒത്തുചേരലുകളെ ബ്ലോഗ്‌ മീറ്റ്‌ എന്നും മറ്റും പേരിട്ടു വിളിച്ച്‌ യഥാർത്ഥ്‌ ബ്ലോഗർമാർക്ക്‌ അപമാനമുണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്‌. ഇതിനൊരു അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുമ്പോൾ അത്യാവശ്യം പാലിക്കേണ്ട ചില കാര്യങ്ങൾ സംഘാടകരുടെ ശ്രദ്ധയിലേക്ക്‌ ഇവിടെ രേഖപ്പെടുത്തുന്നു.

1. ബ്ലോഗ്‌ എന്നാൽ കണ്ട മീൻകാരനേയും പച്ചക്കറിക്കാരനേയും പോലുള്ള അലവലാതികൾക്കു കേറി മേയാനുള്ള ഇടമല്ല. ഒരു ബ്ലോഗറാകാനുള്ള മിനിമം യോഗ്യത - ഒന്നുകിൽ പ്രവാസിയായിരിക്കണം (കയ്യിലിരിപ്പു കൊണ്ട്‌ നാട്ടിൽ നിൽക്കക്കള്ളിയില്ലാഞ്ഞ്‌ ഓടിപ്പോയതായാൽ വളരെ നന്ന്) ഇനി അഥവാ നാട്ടിൽ തന്നെയാണെങ്കിൽ കുറഞ്ഞത്‌ ഒരു മാധ്യമ പ്രവർത്തകനെങ്കിലും ആയിരിക്കണം.(കള്ളം പറയാനും തോന്ന്യാസം കാട്ടാനും മടിയില്ലാത്തവരാണെങ്കിൽ വളരെ നന്ന്)

2. ബ്ലോഗ്‌ മീറ്റ്‌ എന്നത്‌ കറുത്ത നിറമുള്ള തടിയന്മാർ ഒരു കാരണവശാലും സംഘടിപ്പിക്കാൻ പാടില്ലാത്ത താകുന്നു.അതിനുള്ള അവകാശം വെളുത്തു മെലിഞ്ഞ സുന്ദരന്മാർക്കു മാത്രം ഉള്ളതാകുന്നു.ആദ്യം പറഞ്ഞ വിധത്തിലുള്ളവർ സംഘടിപ്പിക്കുന്ന മീറ്റുകളെ വെറും നികൃഷ്ടമായ സൗഹൃദക്കൂട്ടായ്മ എന്ന് കണ്ട്‌ എല്ലാ യഥാർഥ ബ്ലോഗർമാരും ബഹിഷ്കരിക്കേണ്ടതാകുന്നു.

3.മീറ്റുകളിൽ പങ്കെടുക്കുന്ന പല ബ്ലോഗർമാരും മീറ്റ്‌ നടക്കുന്ന സ്ഥലത്തിന്റേയും ചുറ്റുപാടുകളുടേയും ഫോട്ടോ എടുത്ത്‌ സ്വന്തം ബ്ലോഗുകളിൽ പോസ്റ്റ്‌ ചെയ്യുന്ന ഒരു പ്രവണത വ്യാപകമായി കണ്ടു വരുന്നുണ്ട്‌. ഇത്‌ നിരുത്സാഹപ്പെടുത്തുന്നതിനായി ബ്ലോഗ്‌ മീറ്റുകൾ കഴിയുന്നതും ഇരുണ്ട ഗുഹകളിൽ സംഘടിപ്പിക്കേണ്ടതാണ്‌.പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ബ്ലോഗർമാരെ ഒരു പ്രത്യേക സ്ഥലത്തു നിന്നും കറുത്ത ചില്ലിട്ട വാഹനങ്ങളിൽ,കണ്ണു മൂടിക്കെട്ടി,മീറ്റ്‌ സ്ഥലത്തെത്തിക്കാവുന്നതാണ്‌.സംഭവം നടക്കുന്ന ഇരുണ്ട ഗുഹയിൽ ഓരോ ബ്ലോഗറും ഇരിക്കുന്നതിനു പിന്നിലായി ഓരോ LED മാത്രം കത്തിച്ചു വയ്ക്കാവുന്നതാണ്‌.മീറ്റിനു ശേഷം ബ്ലോഗർമാരെ കൊണ്ടു വന്നതു പോലെ തന്നെ തിരികെ കൊണ്ടു വിടേണ്ടതാണ്‌

4. ബ്ലോഗ്‌ മീറ്റ്‌ എന്നാൽ ഒരു ബ്ലോഗ്‌ മീറ്റ്‌ ആയിരിക്കണം.അവിടെ സം സാരിക്കുന്നവരെല്ലാവരും തന്നെ, തങ്ങൾ പറയുന്ന ഓരോ വാചകത്തിലും, ബ്ല,ബ്ലാ,ബ്ലൊ,ബ്ലോ, എന്നീ അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ കുറഞ്ഞത്‌ നാലെണ്ണമെങ്കിലും ഉണ്ട്‌ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌.ഈ നിയമം ലംഘിക്കുന്നവരെ ഉടൻ തന്നെ പരസ്യമായി 100 വട്ടം ഏത്തമിടീക്കേണ്ടതാണ്‌.

5.ഇന്നും ഇന്നലെയുമൊക്കെ മാത്രം ബ്ലോഗ്‌ ചെയ്യാൻ തുടങ്ങിയ പയ്യന്മാരെ യാതൊരു കാരണവശാലും ബ്ലോഗർ എന്നു വിളിക്കുകയോ മുതിർന്ന ബ്ലോഗർമാർക്കൊപ്പം ഇരുത്തുകയോ ചെയ്യാൻ പാടുള്ളതല്ല.മീറ്റ്‌ നടക്കുന്ന ഗുഹയുടെ വരാന്തയിൽ ഒരു ചാക്കോ മറ്റോ വിരിച്ചിരിക്കുവാൻ മാത്രമേ അവർക്ക്‌ അനുവാദം നൽകേണ്ടതുള്ളു.അവർ അവിടെയിരുന്ന്‌ ബ്ല, ബ്ലാ,ബ്ലി, ബ്ലീ,.... ബ്ലൊ, ബ്ലോ പറഞ്ഞും എഴുതിയും പഠിക്കട്ടെ.

മേൽപ്പറഞ്ഞ കാര്യങ്ങൾ കർശനമായി പാലിച്ചു കൊണ്ട്‌ മാത്രം മീറ്റ്‌ നടത്തി യഥാർത്ഥ ബ്ലോഗർമാരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുക എന്നത്‌ ഓരോ ബ്ലോഗറുടേയും കടമയാണെന്ന്‌ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളുന്നു.

2009 ജൂൺ 5, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റ്‌ - ചില സുരക്ഷാ പ്രശ്നങ്ങൾ അഥവാ അനോണിവിളയാട്ടം - ബ്ലോഗിലും ബ്ലോഗ്‌ മീറ്റിലും?


മറ്റൊരു ബ്ലോഗ്‌ മീറ്റ്‌ തൊട്ടടുത്തെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബ്ലോഗർമാരെ അനോണീ ആക്രമണങ്ങളിൽ നിന്നും രാക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ബ്ലോഗുകളിലെ അനോണിവിളയാട്ടം വേണമെന്നു വച്ചാൽ എളുപ്പം പരിഹരിക്കാവുന്നതേയുള്ളു എന്നാണ്‌ അനുഭവജ്നർ പറയുന്നത്‌.
പക്ഷെ തൊടുപുഴ വച്ചു നടന്ന ബ്ലോഗ്‌ മീറ്റിൽ വിവരങ്ങൾ ചോർത്താനും മീറ്റിനു തുരങ്കം വയ്ക്കാനുമായി വേഷപ്രഛന്നരായെത്തിയ അനോണികളെ നേരിടുന്നതിൽ സുരക്ഷാ പാളിച്ചകൾ പറ്റിയിട്ടുണ്ടോ എന്നുള്ളത്‌ കൂടുതൽ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്‌.
ഔദ്യോഗിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ തികഞ്ഞ മൗനം പാലിച്ചെങ്കിലും ചില ബ്ലോഗർമാരെങ്കിലും ഇക്കാര്യം അവരുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുകയുണ്ടായതായി ഓർക്കുന്നുണ്ടാവുമല്ലോ.

ആദ്യത്തെ അനോണി എത്തിയത്‌ ഒരു വൃദ്ധയുടെ വേഷത്തിലായിരുന്നു എന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.സ്ഥലത്തുണ്ടായിരുന്ന പോലിസിന്റെ സമയോചിതമായ ഇടപെടൽ മൂലം കുഴപ്പങ്ങളുണ്ടാവുന്നതിനു മുൻപ്‌ തന്നെ ആ അനോണിയെ അവിടെ നിന്നും നീക്കം ചെയ്യുന്നതിനു സാധിച്ചു എന്നതു നേരാണെങ്കിലും കൂടുതൽ ചോദ്യം ചെയ്യാനോ അവരുടെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു എന്നറിയുവാനോ സാധിച്ചില്ല എന്നത്‌ സുരക്ഷാക്രമീകരണങ്ങളിലെ ഒരു വൻ വീഴ്ച്ചയായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്‌.

ശാർങ്ങധരൻ എന്ന പേരിൽ, മീറ്റ്‌ സ്ഥലത്തേക്കു, സുരക്ഷാ ഏർപ്പാടുകളെ മറി കടന്നു കയറിയ അനോണീ താൻ ആനക്കാരനാണെന്നും കർഷകനാണെന്നും ഒക്കെ പരസ്പരവിരുദ്ധമായിട്ടാണൂ സ ംസാരിച്ചത്‌ എങ്കിലും ഉച്ച വരെ മീറ്റു സ്ഥലത്ത്‌ സംശയിക്കപ്പെടാതെ ചെലവഴിക്കാനും തനിക്കാവശ്യമുള്ള വിവരങ്ങൾ ചോർത്തുവാനും അദ്ദേഹത്തിനു സാധിച്ചു.

ഉച്ചയ്ക്കു ശേഷമുള്ള യാത്രയ്ക്കിടയിലേപ്പോഴോ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടപ്പോഴേക്കും അദ്ദേഹം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇദ്ദേഹത്തെ കണ്ടെത്താൻ വേണ്ടി പല ബ്ലോഗർമാരും നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിജയിച്ചിട്ടില്ല എന്നാണ്‌ ഇതുവരെ അറിയാൻ കഴിഞ്ഞിട്ടൂള്ളത്‌.

ഈ രണ്ട്‌ അനോണീകളും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അതിസങ്കീർണ്ണമായ മേയ്ക്കപ്പിലൂടെ തങ്ങളുടെ യഥാർഥ രൂപം മാറ്റിയായിരുന്നു സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നത്‌.

അതിനിടെ തങ്ങളുടെ ബ്ലോഗിലെ പ്രോഫെയിൽ ഫോട്ടോയിൽ മുടിയും താടിയുമൊക്കെ നീട്ടി വളർത്തിയിരുന്ന ചിലർ അതൊക്കെ മുറിച്ച്‌ സുന്ദരക്കുട്ടപ്പന്മാരായി മീറ്റിനു വന്നതിനാൽ തിരിച്ചറിയനാവാതിരുന്നത്‌ അവരേയും സുരക്ഷാഭടന്മാരുടെ നിരീക്ഷണത്തിലാക്കാൻ കാരണമായി.

അതുകൊണ്ട്‌ ഇക്കാര്യത്തിൽ അടുത്ത ബ്ലോഗ്‌ മീറ്റിന്റെ സംഘാടകരുടെ ശ്രദ്ധ തീർച്ചയായും ഉണ്ടായിരിക്കേണ്ടതുണ്ട്‌.അനോണീ ആക്രമണങ്ങളിൽ നിന്നും ബ്ലോഗർമാരെ എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംഘാടകർക്കുണ്ട്‌.അതിനു വേണ്ട എല്ലാ നടപടികളും അവർ സ്വീകരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക്‌ അടുത്ത മീറ്റിനെ സ്വാഗതം ചെയ്യാം.

2009 ജൂൺ 3, ബുധനാഴ്‌ച

വെറുതേ ഒരു വിവരക്കേട്‌

1.ചോദ്യം


"ദൈവമേ ഞാൻ നിരക്ഷരനായതെത്ര നന്നായി........."

ചോദ്യം
എന്തു കണ്ടപ്പോഴാണ്‌ ഇദ്ദേഹം ഇങ്ങിനെ പറഞ്ഞത്‌?



*
*
*
*
*
*
*
*
*
*
*
*
*
*
*





ഉത്തരം


2009 ജനുവരി 25, ഞായറാഴ്‌ച

ശേഖരേട്ടനെ കൊന്നതാര്‌?

"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."

അന്നു സ്കൂളിൽ നിന്നും പെൻഷൻ പറ്റി പിരിയുകയായിരുന്നു പ്യൂണായിരുന്ന ആ പാവം മനുഷ്യൻ.അതുകൊണ്ടു തന്നെ അദ്ദേഹം ആകെ വികാരവിവശനായിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വീട്ടിൽ കൊണ്ടു വിട്ട ശേഷം യാത്ര പറയാൻ ഒരുങ്ങുമ്പോഴാണ്‌ അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ കൊണ്ട്‌ ഈ ചോദ്യം ചോദിച്ചത്‌.അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയും വിവാഹപ്രായമായ മകളും പ്ലസ്‌ റ്റൂ കഴിഞ്ഞു നിൽക്കുന്ന മകനുമൊക്കെ നിശ്ശബ്ദമായി ഇതേ ചോദ്യം ചോദിക്കുന്നതായി എനിക്കു തോന്നി.
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.ആരും പരസ്പരം നോക്കാതെ വണ്ടിയിൽ കയറിയിരുന്നു. പക്ഷെ എല്ലാവരുടെയും ചിന്തകൾ ശേഖരേട്ടനെക്കുറിച്ചായിരുന്നു - ഞങ്ങളുടെ സ്കൂളിലെ പ്യൂണായിരുന്ന ശേഖരേട്ടനെപ്പറ്റി..
ശേഖരേട്ടൻ ഒരു പാവമായിരുന്നു. ആർക്കും എപ്പോഴും എന്തു സഹായവും ചെയ്യാൻ മടിയില്ലാത്ത വ്യക്തി. ഞങ്ങളുടെ സ്കൂളാകട്ടെ അധ്യാപകരും കുട്ടികളും അനധ്യാപകരുമെല്ലാം ഒരുമിച്ചു താമസിക്കുന്ന നവോദയ വിദ്യാലയം.അതുകൊണ്ട്‌ തന്നെ എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്നേഹിച്ചും കലഹിച്ചും കഴിയുന്നവർ.എല്ലാവർക്കും ശേഖരേട്ടനോട്‌ സ്നേഹമായിരുന്നു. ഞങ്ങളുടെ ക്യാമ്പസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നതിനാൽ എല്ലാവരുടേയും ശേഖരേട്ടനായിരുന്നു അദ്ദേഹം.
അങ്ങനെയിരിക്കെ ആ ദുരന്തമുണ്ടായി.ശേഖരേട്ടനൊരു നെഞ്ചുവേദന. ഞങ്ങളദ്ദേഹത്തെ ആശുപത്രിയിലാക്കി.വീട്ടുകാരെ വിവരമറിയിച്ചു. ഹാർട്ട്‌ അറ്റാക്കായിരുന്നു. എറണാകുളത്തെ പ്രശസ്തമായ ആശുപത്രിയിൽ ഒരു ആഴ്ച്ചയോളം കിടന്നു.പിന്നെ വീട്ടിൽ വന്ന് ഒരു മാസത്തോളം വിശ്രമം.
ആ ഒരു മാസം അവസാനിക്കാറായ സമയത്താണ്‌ ആരോ ശേഖരേട്ടനെ കൊന്നത്‌.പ്രിൻസിപ്പലിന്‌ ഫോൺ വന്നത്‌ രാവിലെ ക്ലാസ്സ്‌ തുടങ്ങിക്കഴിഞ്ഞാണ്‌. "സാറേ നമ്മുടെ ശേഖരേട്ടൻ മരിച്ചു.ഇന്നു രാവിലെയായിരുന്നു".ആരോ വിളിച്ച്‌ ഇത്ര മാത്രമേ പറഞ്ഞുള്ളു എന്നദ്ദേഹം ആണയിട്ടു പറഞ്ഞു പിന്നീടു പലപ്പൊഴും.
അപ്രതീക്ഷിതമായ വാർത്ത കേട്ട്‌ ഞങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ബേബി സാർ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. മണിയടിച്ചു ക്ലാസ്സ്‌ വിട്ടു. കുട്ടികളോടു വിവരം പറഞ്ഞു. അനുശോചന യോഗം കൂടി. കുട്ടികളെ ഡോർമിറ്ററിയിലേക്കയച്ചു. തൊട്ടടുത്ത കടയിൽ നിന്നും കറുത്ത കൊടി വാങ്ങി. റിബ്ബൺ മുറിച്ചു ബാഡ്ജുകളും ഉണ്ടാക്കി.സ്കൂൾ ബസ്സിൽ കൊടി കെട്ടി വഴിയിൽ നിന്നും ഒരു റീത്തും വാങ്ങി ഞങ്ങൾ ശേഖരേട്ടന്റെ വീട്ടിലെത്തി.
അവിടെയെങ്ങും ആളും അനക്കവും ഒന്നുമില്ല. സുരേഷ്‌ സാറിന്‌ എന്തോ ഒരു സംശയം തോന്നി." ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടു വന്നിട്ടില്ലെന്നു തോന്നുന്നു. നിങ്ങളിവിടെയിരിക്ക്‌, ഞാനൊന്നന്വേഷിച്ചിട്ടു വരാം" എന്നു പറഞ്ഞ്‌ ശേഖരേട്ടന്റെ വീട്ടിലേക്കു കയറിയ സുരേഷ്‌ സാർ വെടി കൊണ്ട പന്നിയെപ്പോലെ ഓടി വന്നു. ഞങ്ങൾ റീത്തൊക്കെയെടുത്ത്‌ മെല്ലെ വരിവരിയായി നടന്നു തുടങ്ങിയിരുന്നു.
" അയ്യോ ആകെ കുഴപ്പമായി റീത്ത്‌ മാറ്റിക്കോ.... കൊടിയഴിച്ചോ... ബാഡ്ജൂരിക്കോ.... ആരോ പറ്റിച്ചതാ... ശേഖരേട്ടനു കുഴപ്പമൊന്നുമില്ല. പോസ്റ്റോഫീസിൽ പോയിരിക്കുകയാ..."
പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. റീത്തും കൊടിയുമെല്ലാം ഒരുവിധം ഒളിപ്പിച്ച്‌ വണ്ടി തിരിച്ചപ്പൊഴേക്കുണ്ട്‌ ശേഖരേട്ടൻ സാമാന്യം സ്പീടിൽ തന്നെ ഒരു സൈക്കിൾ ചവിട്ടി വരുന്നു." എന്താ എല്ലവരും കൂടി? ഞാൻ പോസ്റ്റോഫീസിൽ നിൽക്കുമ്പോൾ കണ്ടു നമ്മുടെ വണ്ടി കൊടിയൊക്കെ വച്ചു വരുന്നത്‌. എന്തു പറ്റി"?
പ്രിൻസിപ്പൽ പെട്ടെന്നു പറഞ്ഞു. ഏയ്‌ ഒന്നുമില്ല ഞങ്ങളിതുവഴി പോയപ്പോൾ വെറുതെ ഒന്നു കയറി ശേഖരേട്ടനെ ഒന്നു കണ്ടിട്ടു പോകമെന്നു കരുതി അത്രയേയുള്ളു.പിന്നെ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസൻ സ്റ്റൈലിൽ ഒരു കുശലവും "ശേഖരേട്ടനു സുഖം തന്നെയല്ലേ?" ഡ്രൈവർ ചേട്ടൻ അവസരത്തിനൊത്തുയർന്നു.ഒന്നും മനസ്സിലാവാതെ വാ പൊളിച്ചു നിൽക്കുന്ന ശേഖരേട്ടന്‌ ഒന്നും ചോദിക്കാൻ അവസരം നൽകാതെ അദ്ദേഹം വണ്ടി വിട്ടു പോന്നു.
സ്ക്കൂളിലെത്തും വരെ ആരുമൊന്നും മിണ്ടിയില്ല. പരസ്പരം നോക്കിയുമില്ല.സ്കൂളിലെത്തിയയുടൻ എല്ലവരും ഓരോ മൂലയ്ക്കിരിപ്പായി.ബേബി സാർ, അനാഥമായി വണ്ടിയിൽ കിടന്ന റീത്തെടുത്ത്‌ പ്രിൻസിപ്പലിന്റെ മുറിയിൽ കൊണ്ടു വച്ചു.അൽപ്പ സമയം കഴിഞ്ഞപ്പോൾ " എന്നാൽ പിന്നെ ഞാനിത്‌ എന്റെ നെഞ്ചത്തോട്ടു തന്നെ വെക്കാം.എന്തിനാ എന്റെ മെക്കിട്ടു കേറാൻ വരുന്നേ? ഞാനെന്നാ വേണം" എന്നൊക്കെ പിറുപിറുത്തുകൊണ്ട്‌ ഒരു റീത്തും തലയിൽ വച്ച്‌ സ്വന്തം ക്വാർട്ടേഴ്സിലേക്ക്‌ പോകുന്നത്‌ കണ്ടു. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞു വന്ന ബസ്സിലാണ്‌ ശേഖരേട്ടൻ സ്കൂളിലെത്തിയത്‌. ഹാർട്ടറ്റാക്ക്‌ വന്നതു കൊണ്ട്‌ എല്ലാവരും തന്നിൽ നിന്നെന്തോ ഒളിക്കുകയാണെന്നു കരുതി ആ പാവം വെപ്രാളപ്പെട്ട്‌ ഓടി വന്നതാണ്‌.
പിന്നീടൊരു മണീക്കൂറോളം സമയം അവിടമൊരു അസംബന്ധ നടകക്കളരി പോലെയായിരുന്നു. പേടിച്ചു നിലവിളിച്ചോടുന്ന പെൺകുട്ടികൾ. ആർപ്പു വിളിക്കുന്ന ആൺകുട്ടികൾ. ശേഖരേട്ടനെ തൊട്ടും പിച്ചിയും ഒക്കെ നോക്കുന്ന കുട്ടികൾ."ഇയാളിപ്പൊഴെന്തിനാ ഇങ്ങോട്ടു കെട്ടിയെടുത്തത്‌"എന്നു ചോദിച്ച്‌ തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്ന പ്രിൻസിപ്പൽ.വളിച്ച ചിരിയുമായി ഞങ്ങൾ.കാര്യമെന്താണെന്നന്വേഷിച്ചു വരുന്ന നാട്ടുകാർ. പിന്നെ ചില പത്രക്കാരും.....
എല്ലാമൊന്നടങ്ങാൻ ആഴ്ച്ചകൾ വേണ്ടി വന്നു. ഒരു മാസം കൂടിവിശ്രമിച്ച ശേഷം ശേഖരേട്ടൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.വീണ്ടും 2 വർഷം ജോലി ചെയ്തു. ഞങ്ങളുടെ സ്കൂളിൽ നിന്നും ആദ്യമായി പെൻഷൻ പറ്റി പിരിഞ്ഞത്‌ ശേഖരേട്ടനായിരുന്നു.
വിപുലമായ ഒരു യാത്രയയപ്പു സമ്മേളനത്തിനു ശേഷം ഞങ്ങൾ ശേഖരേട്ടനെ വീട്ടിൽ കൊണ്ടു വിട്ടു. തിരികെ പോരാൻ നേരം നിറകണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ച്‌ ശേഖരേട്ടൻ പറഞ്ഞു..
"സാറേ എനിക്കൊരു കാര്യം മാത്രം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്‌. ആരാണ്‌ പാവം ശേഖരേട്ടനെ കൊന്നത്‌...? എന്തിനു വേണ്ടിയിട്ട്‌..? ആർക്കാണ്‌ ശേഖരേട്ടനോട്‌ ഇത്ര വിരോധം ഉണ്ടായിരുന്നത്‌?...."
എനിക്കുത്തരം അറിയില്ലായിരുന്നു.പക്ഷെ ഉത്തരമറിയാവുന്ന ആരോ ഒരാൾ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ട്‌ എന്നത്‌ ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നു.