എന്റെ കാൽച്ചുവട്ടിലായെപ്പോഴും കിടക്കുമെൻ
നിഴലിനു പലപ്പോഴും പലതാണല്ലോ ഭാവം.
ചിലപ്പോൾ തിളങ്ങുന്ന ദംഷ്ട്രയും കൊമ്പും വാലും,
ക്രൂരമാമതിഘോരഭാവവും ഭയാനകം.
ചിലപ്പോൾ മിഴികളിലഞ്ജനമെഴുതിയാ
തിരുനെറ്റിയിലൊരു സിന്ദൂരപ്പൊട്ടും കുത്തി
ആരെയും മയക്കുന്ന വശ്യമാം ചിരിയുമായ്
ചാരത്തു വന്നിട്ടെന്നെ വിളിക്കും പ്രണയാർദ്രം.
ചിലപ്പോളൊരു പിഞ്ചു പൈതലിൻ നറു നിലാ
പ്പാൽപ്പുഞ്ചിരി തൂകിച്ചാരത്തു വന്നേ നിൽക്കും.
വാത്സല്യം തുളുമ്പുന്ന കൈകളാലണച്ചെടു -
ത്തോമനിക്കുവാനായിത്തുടിക്കും മനസ്സപ്പോൾ.
എങ്കിലുമെനിക്കെന്നും പേടിയെൻ നിഴലിനെ
പിരിയാനൊരിക്കലുമാവുകില്ലെന്നാകിലും.
പ്രേമവും വാത്സല്യവും പേടിയും വെറുപ്പുമായ്
ചേർത്തിഴപിരിച്ചവർ; പിരിയാനാകാത്തവർ