അവാര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അവാര്‍ഡ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഡിസംബർ 28, തിങ്കളാഴ്‌ച

ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌ പാവത്താന്‌.


2009 ലെ ഏറ്റവും മികച്ച ബ്ലോഗർക്കുള്ള ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡിന്‌ പ്രശസ്ത ബ്ലോഗർ   പാവത്താനെ  തെരഞ്ഞെടുത്തു.

തികച്ചും നിഷ്പക്ഷവും,സത്യസന്ധവും, നീതിപൂർവകവും, അഴിമതിരഹിതവുമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌ എന്നത്‌ ഈ അവാർഡിന്റെ തിളക്കം വർധിപ്പിക്കുന്നു.

അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തുന്ന വോട്ടെടുപ്പ്‌ പ്രക്രിയകളിൽ എങ്ങിനെയൊക്കെ മായം ചേർക്കപ്പെടുന്നു, അവയുടെ സത്യസന്ധത എത്രത്തോളമുണ്ട്‌ എന്നൊക്കെയുള്ള കാര്യങ്ങൾ സജീവമായ ചർച്ചകൾക്കു വിഷയമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഈ അവാർഡിനർഹരായവരെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പ്‌ ഇക്കാര്യത്തിൽ എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്‌.
ഒരു ബ്ലോഗർ, ഒരു വോട്ട്‌ എന്ന തത്വം ഇത്രയും നിഷ്കർഷയോടെ പാലിക്കപ്പെട്ട ഒരു വോട്ടെടുപ്പ്‌ ബൂലോകത്ത്‌ ഇതിനു മുൻപ്‌ ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം അവകാശപ്പെടാവുന്നതാണ്‌. ആകെ ഒരു ബ്ലോഗർ മാത്രമേ വോട്ടു ചെയ്തിട്ടുള്ളു. അദ്ദേഹമാകട്ടെ ഒരേയൊരു വോട്ടു മാത്രമേ ചെയ്തിട്ടുമുള്ളു. തികച്ചും സുതാര്യമായ രീതിയിൽ നടന്ന ഈ വോട്ടെടുപ്പു പ്രക്രിയയെക്കുറിച്ച്‌ സംശയമുള്ള ആർക്കും ഇതു പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണ്‌.
വോട്ടെടുപ്പു ഫലത്തിന്റെ വിശദമായ റിപ്പോർട്ട്‌ ചുവടെ ചേർക്കുന്നു.
ആകെ പോൾ ചെയ്ത വോട്ട്‌ - 1
ബെർളി തോമസ്‌ - 0
വിശാലമനസ്കൻ - 0
ബാലചന്ദ്രൻ ചുള്ളിക്കാട്‌ - 0
വാഴക്കോടൻ - 0
മോഹൻലാൽ - 0
പാവത്താൻ - 1
മമ്മൂട്ടി - 0
അരുൺ കായംകുളം - 0
ജിക്കൂസ്‌ - 0
എഴുത്തുകാരി - 0
കൊട്ടോട്ടിക്കാരൻ - 0
അങ്ങിനെ പ്രാഥമിക റൌണ്ട്‌ വോട്ടെടുപ്പിൽ പാവത്താൻ വൻ ലീഡോടെ വിജയിച്ചു. എങ്കിലും ബ്ലോഗ്‌ പോലെ ഒരു മാധ്യമത്തിൽ എത്ര ശ്രദ്ധാപൂർവ്വം നടത്തിയ വോട്ടെടുപ്പായാലും അതിൽ കള്ളക്കളികൾക്കുള്ള നേരിയ ഒരു സാധ്യത എപ്പോഴും നിലനിൽക്കുന്നു എന്ന സത്യം മനസ്സിലാക്കി അംഗീകരിക്കുന്നതിനാൽ സംഘാടകർ അന്തിമതീരുമാനം ഒരു ജൂറിയ്ക്കു വിട്ടു. അവാർഡു ജേതാവിനെ നിശ്ചയിക്കാനുള്ള ഏകാംഗ ജൂറിയായി സ്ത്യുത്തർഹമായ സേവനമനുഷ്ടിക്കുവാൻ തന്റെ ബഹുവിധമായ കർത്തവ്യ ബാഹുല്യങ്ങൾക്കിടയിലും സമയം കണ്ടെത്തിയ പാവത്താൻ എന്ന ബ്ലോഗറോടുള്ള സംഘാടകരുടെ അകൈതവമായ കൃതജ്ഞത കൂടി ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ.
കഥ, കവിത, ഹാസ്യം ലേഖനം എന്നിങ്ങനെ ഓരോ വിഭാഗങ്ങളായി വിലയിരുത്തുന്നതിനു പകരം ഒരു വർഷത്തിലെ മൊത്തം സംഭാവനകളെ സമഗ്രമായി വിലയിരുത്തിയാണ്‌ അദ്ദേഹം ഒരു തീരുമാനത്തിലെത്തിയത്‌. വോട്ടെടുപ്പു ഫലത്തെ തികച്ചും ന്യായീകരിക്കുന്ന ഒരു തീരുമാനത്തിലാണ്‌ ബഹുമാനപ്പെട്ട ജൂറി എത്തിച്ചേർന്നത്‌.

"ബൂലോക സാഹിത്യ മണ്ഡലത്തിലെ അന്തസ്സാര ശൂന്യമായ അതിനൂതന പ്രവണതകളുടെ കുത്തൊഴുക്കിൽ വേരു പറിഞ്ഞു പോകാതെ,വിലകുറഞ്ഞ ഹാസ്യത്തിന്റെ ചിരിയലകളുയർത്താൻ ശ്രമിക്കാതെയും, എന്നാൽ ഗൌരവതരമായ വിഷയങ്ങളുടെ ദുർഗ്രഹവും സങ്കീർണ്ണവുമായ രേഖപ്പെടുത്തലുകളിലൂടെ വായനക്കാരന്റെ ബൌദ്ധിക നിലവാരത്തെ അളക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അത്യന്താധുനിക ജാഡകളിൽ അഭിരമിക്കാതെയും സ്വന്തമായ എഴുത്തിടങ്ങൾ തീർത്തു സ്വയം സൃഷ്ടാവും സൃഷ്ടിയും ആസ്വാദകനും വിമർശകനും ഒക്കെയായിത്തീർന്നിരിക്കുന്ന ഒരു നൂതന പ്രസ്ഥാനം തന്നെയാണ്‌ പാവത്താന്റെ ബ്ലോഗെഴുത്തുകൾ" എന്ന് ജൂറി തന്റെ വിലയിരുത്തലിൽ അഭിപ്രായപ്പെട്ടു.

ബൂലോകത്തിൽ ഇതു വരെ ഏർപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ അവാർഡു തുകയായ 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌.

സ്വന്തം വീട്ടിൽ വച്ചു സംഘടിപ്പിച്ച പ്രൌഢഗംഭീരവും ലളിതസുന്ദരവുമായ ചടങ്ങിൽ വച്ച്‌ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ 25000 രൂപയും സ്വയം രൂപകൽപന ചെയ്ത ശിൽപവും സ്വന്തമായി എഴുതിയുണ്ടാക്കിയ പ്രശസ്തിപത്രവും ശ്രീ പാവത്താൻ സ്വയം ഏറ്റുവാങ്ങി.ചടങ്ങിന്റെ തുടക്കത്തിൽ ശ്രീ പാവത്താൻ സ്വയം പൊന്നാടയണിഞ്ഞ്‌ ആദരിക്കപ്പെടുകയുമുണ്ടായി.

കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ തേടിയെത്തിയ ഈ മഹത്തായ നേട്ടം തന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു എന്നും, വരുന്ന വർഷങ്ങളിലും ഈ അവാർഡ്‌ തനിക്കു തന്നെ ലഭിക്കുവാൻ വേണ്ട പ്രകോപനം ഈ നേട്ടം തനിക്കു നൽകുന്നു എന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഈ നേട്ടം കൈവരിക്കാൻ തനിക്ക്‌ പ്രചോദനവും പ്രോത്സാഹനവുമായിരുന്ന എല്ലാ ബൂലോകവാസികളോടുമുള്ള അകൈതവമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.