ഒരു പ്രണയഗീതം
നീഹാരാർദ്ര നിശീഥിനിയിൽ നീ
നീലനിലാവല പോലെ നിന്നു
കരിനീലമിഴികളിൽ അനുരാഗഹിമകണം
നാണിച്ചു നാണിച്ചു തുളുമ്പിനിന്നു.
മുളംതണ്ടിലിളം കാറ്റിനധരങ്ങളമരുമ്പോൾ
അകതാരിലറിയാതെ സ്വരമുണരും
സഖി നിന്റെ അനുരാഗ നയനങ്ങൾ തഴുകുമ്പോൾ
മുളംതണ്ട് തേടുന്ന കാറ്റാകും ഞാൻ.
പുഴ തന്റെ തളിർ മെയ്യിൽ തുഴക്കൈകളമരുമ്പോൾ
ചുരുൾ നീർത്തും പുളകങ്ങൾ ഓളങ്ങളായ്
പ്രിയ നിന്റെ തണുവാർന്ന കരമെന്നെ തഴുകുമ്പോൾ
കടൽ തേടിയൊഴുകുന്ന പുഴയാകും ഞാൻ