പ്രിയപ്പെട്ട കൂട്ടുകാരാ,
ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ് എനിക്കിത് പറയാനുള്ളത്?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ? അതു കൊണ്ട് ഞാനതിപ്പോൾ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്.
എലികൾക്കെന്റെ മനസ്സു വായിക്കാനാവും!!
സത്യമാണു സുഹൃത്തേ, മുറിയിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോൾ അലമാരയ്ക്കു മുകളിലോ ജാലകപ്പടിയിലോ ഒക്കെയിരുന്ന് എലികൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്. എന്റെ കൂടെ മറ്റാരെങ്കിലുമുണ്ടെങ്കിൽ ഇതേ എലികൾ വെറും അപരിചിതരെപ്പോലെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഓടി മറയും.
ചില ദിവസങ്ങളിൽ ഞാൻ ദേഷ്യത്തിലാണെന്നറിഞ്ഞാൽ എലികളെല്ലാം പേടിച്ച് മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എന്നെ ഒളികണ്ണിട്ട് നോക്കിക്കൊണ്ടിരിക്കും. ഞാൻ സന്തോഷത്തിലായിരിക്കുമ്പോളാകട്ടെ അവ മുറിയിലാകെ ഓടി നടക്കുകയും ചെറിയ ചെറിയ എലിസ്വരങ്ങളിലൂടെ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും.
അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമൊക്കെ കരണ്ടു നശിപ്പിക്കുകയും അവയ്ക്കിടയിൽ പെറ്റു പെരുകുകയും ചെയ്യുമെങ്കിലും വിലപിടിപ്പുള്ളതും അപൂർവ്വവുമായ പുസ്തകങ്ങളെയെല്ലാം ഇവർ ഒഴിവാക്കിയിരുന്നു. തുണികളുടെ കാര്യത്തിലും കരണ്ടു നശിപ്പിക്കാനായി ഉപയോഗശൂന്യമായ പഴയവ മാത്രം തെരഞ്ഞെടുക്കുവാൻ അവർ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രാത്രി ഉണരുമ്പോൾ കട്ടിൽത്തലയ്ക്കൽ, എന്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട് എലികളിരിക്കുന്നത് ഞാൻ കാണാറുണ്ട്. ഞാനുണർന്നതറിഞ്ഞാൽ ഒന്നു പുഞ്ചിരിച്ച ശേഷം അവ മെല്ലെ ഇരുളിലേക്കു മറയും.
ഇപ്പോളിതെല്ലാം നിങ്ങളോടു പറയാൻ എന്താണു കാരണം എന്നാവും. എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ് ഞാനിതെല്ലാം പറയുക?ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയാൻ എനിക്കായില്ലെങ്കിലോ എന്ന് എനിക്കു പേടി തോന്നിത്തുടങ്ങിയിരിക്കുന്നു.
ഇന്നലെ രാത്രി എന്തോ വായിച്ചിരുന്ന് ഞാൻ മേശപ്പുറത്ത് തല വച്ച് അറിയാതുറങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ഒരെലി മേശപ്പുറത്ത് എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഞാനുണർന്നെന്നറിഞ്ഞപ്പോൾ അതെന്നെ നോക്കി പുഞ്ചിരിച്ചു.പിന്നെ ഇന്നോളമൊരെലിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ആ എലി ചെയ്തു.മെല്ലെ നടന്നു വന്ന് അത് എന്റെ കവിളിൽ ഉമ്മ വച്ചു.എന്നിട്ടു പെട്ടെന്നോടി ഇരുളിൽ മറഞ്ഞു.
അപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല.പക്ഷെ ഇപ്പോൾ രാവിലെ മുടി ചീകാൻ കണ്ണാടി നോക്കിയപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത് - എന്റെ മുൻപിലെ രണ്ടു പല്ലുകൾക്ക് അൽപം നീളം കൂടുതലായിട്ടുണ്ടോ എന്നെനിക്കൊരു സംശയം.ചെവികൾക്കും ഒരു വലിപ്പ വത്യാസമുള്ളതു പോലെ.....ശബ്ദത്തിനൊരു വത്യാസം വന്നതായി കുറച്ചു ദിവസമായിട്ടേ ഉണ്ടായിരുന്നു എനിക്കൊരു സംശയം.
ഇന്നലെയൊരു സംഭവം കൂടി നടന്നു. എഴുതിക്കോണ്ടിരുന്ന പെൻസിലിന്റെ പകുതിയോളം ഞാൻ കരണ്ടു മുറിച്ചു. ഒരു കവിതയെഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.പറ്റിയ വാക്കുകൾ കിട്ടാതെ ആലോചിച്ചിരിക്കുമ്പോഴാണ് ഞാൻ പെൻസിലിന്റെ ചുവട് കരളാൻ തുടങ്ങിയത്.ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട് ഞാനെന്തു കൊണ്ടാണ് അങ്ങിനെ ചെയ്തതെന്ന്.
എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു.എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ് ഞാനിതൊക്കെ പറയുക?
അയല്വക്കത്തെ പാണ്ടൻ പൂച്ച ഭീഷണമായി മുരണ്ടു കൊണ്ട് മുറിക്കു പുറത്ത് ഉലാത്തുകയാണ്. ഞാൻ വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായടച്ച് പൂട്ടി അകത്തിരിക്കുകയാണ്. എതു നിമിഷവും പൂച്ച ചിമ്മിനി വഴി ചാടി അകത്തു വരാം......എന്നിട്ട്.....എന്നിട്ട്...... എനിക്കു ശരിക്കും പേടിയാകുന്നു സുഹൃത്തേ,ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ?... എനിക്കു വല്ലാതെ പേടിയാകുന്നല്ലോ........