2010, ഏപ്രിൽ 25, ഞായറാഴ്‌ച

ആൽമരത്തിന്റെ കഥ,തവളകളുടേയും ചുണ്ടെലിയുടേയും പുൽച്ചാടികളുടെയും കഥ.

(ഈ കഥയും ഇതിലെ ആൽമരം തവള ചുണ്ടെലി പുൽച്ചാടി എന്നീ കഥാപാത്രങ്ങളും കഥാകൃത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്‌. ലോകത്ത്‌ നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ ഒരു സംഭവവുമായും; ജീവിച്ചിരിക്കുന്നതോ മരിച്ചു പോയവരോ ഇനി ജനിക്കാനിരിക്കുന്നവരോ ആയ ഒരു വ്യക്തിയുമായും യാതൊരു വിധമായ ബന്ധവും ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ഇല്ല.)

ഒരിടത്തൊരു ആൽമരമുണ്ടായിരുന്നു.ഒരു ദിവസം, ആ ആൽമരം മൂന്നു മുട്ടയിട്ടു. പിറന്നു വീണയുടൻ തന്നെ മുട്ടകൾ ദൂരേക്കൊക്കെ ഓടിപ്പോകാൻ തുടങ്ങി.അപ്പോൾ ആൽമരം തന്റെ തടിച്ച വേരുകൾ നീട്ടി മുട്ടകളെ തന്നോടു ചേർത്തു വച്ച്‌ അവയുടെ മേൽ അടയിരുന്നു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ മുട്ട വിരിഞ്ഞു മൂന്ന് ആൽമരക്കുഞ്ഞുങ്ങൾ പുറത്തു വന്നു. അവർ ആൽമരത്തോടു യാത്ര പറഞ്ഞ്‌ മൂന്നു ദിശകളിലേക്കായി യാത്ര പുറപ്പെട്ടു. ഇപ്പോൾ ആൽമരം അവരെ തടഞ്ഞില്ല.

ആ ആൽമരത്തിനു മുകളിൽ കുറെ തവളകൾ കൂടു കൂട്ടി താമസിച്ചിരുന്നു. തവളകൾ പകൽസമയം മുഴുവൻ മരക്കൊമ്പിൽ തല കീഴായി തൂങ്ങിക്കിടന്നുറങ്ങി. രാത്രി, ഇരുളിന്റെ മറവിൽ അവ കുളക്കരയിലും കുറ്റിക്കാടുകൾക്കിടയിലും ഇര തേടി നടന്നു. ഒരു ദിവസം പകൽ സമയത്ത്‌ ഒരു കൂറ്റൻ ചുണ്ടെലി പറന്നു വന്ന് ആ ആൽമരത്തിന്റെ കൊമ്പിൽ ഇരുന്നു.മരക്കൊമ്പു കുലുങ്ങിയപ്പോൾ കുറച്ചു തവളകൾ പിടി വിട്ട്‌ താഴേക്കു വീണു. താഴെ നിന്നിരുന്ന വലിയൊരു അമ്മപ്പുൽച്ചാടി ആ തവളകളെ പിടിച്ചു തിന്നു.അതിനു ശേഷം ആൽമരത്തണലിൽ കിടന്ന് അമ്മപ്പുൽച്ചാടി തന്റെ കുഞ്ഞുങ്ങൾക്ക്‌ പാൽ കൊടുത്തു. പാൽ കുടിച്ചു വയർ നിറഞ്ഞ പുൽച്ചാടിക്കുഞ്ഞുങ്ങൾ സന്തോഷത്തോടെ മരത്തണലിൽ ഓടിക്കളിച്ചു.

മുപ്പത്തിയാറു ദിവസം കഴിഞ്ഞപ്പോൾ പുൽച്ചാടിക്കുഞ്ഞുങ്ങൾക്ക്‌ ചിറകു മുളച്ചു. അപ്പോൾ അവ ചിറകു വീശി ആൽമരത്തിനു മുകളിലേക്കു പറന്നു ചെന്നു.എന്നിട്ട്‌ അവിടെ താമസിച്ചിരുന്ന തവളകളെയെല്ലാം പിടിച്ചു തിന്നു. വയർ നിറഞ്ഞപ്പോൾ പുൽച്ചാടികൾ ചിറകുകൾ പറിച്ചു കളഞ്ഞിട്ട്‌ മരക്കൊമ്പിൽ താമസമാക്കി.

ആൽമരം ഇപ്പോൾ രാവിലെ തവളകളേയും ഉച്ചയ്ക്ക്‌ ചുണ്ടെലിയെയും അത്താഴത്തിന്‌ പുൽച്ചാടികളേയുമാണ്‌ ഭക്ഷിക്കുന്നത്‌!!!

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

പരീക്ഷ

ചേലമറ്റം ഗവൺമന്റ്‌ ഹയർ സെക്കണ്ടറി സ്കൂൾ.
ഹയർ സെക്കണ്ടറി പരീക്ഷയുടെ മഹത്തായ ആറാം ദിവസം.
അന്നത്തെ പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ മാത്രം ബാക്കി. ചാരുംകടവു സ്കൂളിൽ നിന്നും ഇൻവിജിലേഷനു വന്ന ദിനേശൻ സാർ ആകെ ചൂടിലായിരുന്നു. പെൻഷനാകാൻ ഇനി ഒരു വർഷം കൂടിയേ സാറിനു ബാക്കിയുള്ളൂ.പരീക്ഷയുടെ പുതിയ നടപടിക്രമങ്ങളൊന്നും സാറിനിതു വരെ മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഒരു ക്ലാസ്സിൽ ഞെങ്ങി ഞെരുങ്ങിയിരിക്കുന്ന 30 കുട്ടികളും,3, 4 തരം ചോദ്യ പേപ്പറുകളുടെ വിതരണവും. കൂളോഫ്‌ റ്റൈമും, ഒക്കെക്കൂടി സാറിനാകെ കൺഫ്യൂഷനായിരുന്നു. അന്നു സാറിനു ഡ്യൂട്ടി റൂം 15 ലും.സയൻസിലേയും കൊമേഴ്സിലേയും ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരുമായി 30 കുട്ടികൾ ആ റൂമിലുണ്ട്‌.ഇന്നാണെങ്കിൽ ബയോളജി പരീക്ഷയും.

"ദിനേശൻ സാറേ, സാറൊന്നു ശ്രദ്ധിച്ചോണം. ഇന്നു സാറിനു റൂം 15 ലാ ഡ്യൂട്ടി"
ചീഫ്‌ സൂപ്രണ്ട്‌ ലളിതമ്മ റ്റീച്ചർ അൽപം പേടിയോടെയാണു പറഞ്ഞു തുടങ്ങിയത്‌.
"സാറിന്റെ ക്ലാസ്സിൽ ഇന്നു സയൻസിലെ 20 കുട്ടികളുണ്ട്‌. ചീഫ്‌ വിശദീകരിക്കാൻ തുടങ്ങി.15 സെക്കന്റിയറും 5 ഫസ്റ്റിയറും.10 മണിക്കു ബെല്ലടിക്കുമ്പോൾ അവർക്കാദ്യം ബോട്ടണിയാണ്‌.അതിനു 10 മിനിറ്റ്‌ കൂളോഫ്‌ റ്റൈം ഉണ്ട്‌.10.10 ന്‌ അവരെഴുതാൻ തുറ്റങ്ങും. 11.10 ന്‌ അവരുടെ പേപ്പർ തിരികെ വാങ്ങണം. പിന്നെ വീണ്ടും 10 മിനിറ്റ്‌ അവർക്കു കൂളോഫ്‌ റ്റൈമാണ്‌. സുവോളജിക്ക്‌.
പിന്നെ സെക്കന്റിയർ കൊമേഴ്സിലെ 7 കുട്ടികളുണ്ട്‌. അവർക്ക്‌ എക്കണോമിക്സിന്റെ പുതിയ സ്കീം ചോദ്യ പേപ്പർ കൊടുക്കണം.അവർക്കു 15 മിനിറ്റാണു കൂളോഫ്‌ റ്റൈം.3 പേർ പഴയ സ്കീം ആണ്‌. ചോദ്യ പേപ്പർ കൊടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. മാറിപ്പോയാൽ സസ്പെൻഷൻ ഉറപ്പാ.; അല്ലാ.. സാറിതു വല്ലോം കേൾക്കുന്നുണ്ടോ?"
സത്യത്തിൽ ഉണ്ടായിരുന്നില്ലഡിനേശൻ സാറിനൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.അദ്ദേഹം ഒന്നും കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. സാറിനു തലയാകെ പെരുക്കുന്നതു പോലെ തോന്നി. എന്തൊക്കെയോ ഉച്ചത്തിൽ പിറു പിറുത്തു കൊണ്ട്‌,ചീഫ്‌ സൂപ്രണ്ടിന്റെ വിലക്കുകളും അപേക്ഷകളും ഒന്നും കേൾക്കാതെ, അദ്ദേഹം കൈയ്യിലിരുന്ന പേപ്പറുകളുമായി പുറത്തേക്കോടി.പിന്നെ മുറ്റത്ത്‌, പരീക്ഷയെഴുതാൻ വന്ന കുട്ടികളുടെ മുന്നിൽ വച്ച്‌ അവയെല്ലാം വലിച്ചു കീറി കാറ്റിൽ പറത്തിക്കൊണ്ട്‌ അദ്ദേഹമുച്ചത്തിൽ ചിരിച്ചു കൊണ്ടു പറഞ്ഞു
"ഹഹഹഹാ, സസ്പെന്റു ചെയ്യെടാ... എന്നെ സസ്പെന്റു ചെയ്യെടാ... ഹഹഹഹാാ..

ഹയർ സെക്കണ്ടറി പരീക്ഷയിൽ ഈ വർഷം ചോദ്യ പേപ്പർ മാറി പൊട്ടിക്കുകയോ കൊടുക്കുകയോ ചെയ്തതിന്റെ പേരിൽ ഈ വർഷം സസ്പെൻഷനിലായവരുടെ എണ്ണം ഇതു വരെ 5. ഒന്നാം വർഷത്തെ ചോദ്യങ്ങൾക്കു പകരം രണ്ടാം വർഷ ചോദ്യങ്ങൾക്കുത്തരം എഴുതുകയും പരീക്ഷ കഴിഞ്ഞിട്ടും അതറിയാതിരിക്കുകയും ചെയ്ത കേസു വേറെ. പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ വിതരണം ചെയ്തപ്പോൾ അബദ്ധത്തിൽ മാറിക്കൊടുക്കുകയും പെട്ടെന്നു തിരിച്ചറിഞ്ഞതിനാൽ പ്രശ്നമുണ്ടാവാതെ തെറ്റു തിരുത്തുകയും ചെയ്ത റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത കേസുകൾ ധാരാളം.

പക്ഷേ, കഷ്ടമെന്നു പറയട്ടെ,തുടർച്ചയായി ഇത്തരം പിഴവുകളുണ്ടായിട്ടും അതെന്തു കൊണ്ടെന്നു കണ്ടെത്തി പരിഹാരം കാണാതെ അദ്ധ്യാപകരെ ബലിയാടാക്കി പ്രശ്നങ്ങൾ ഒരു സസ്പെൻഷനിലൊതുക്കാനുള്ള ശ്രമങ്ങളാണിപ്പോഴും നടക്കുന്നത്‌ എന്നതാണു സത്യം. ഈ നിലപാടിനു മാറ്റമുണ്ടായില്ലെങ്കിൽ തുടക്കത്തിൽ ദിനേശൻ സാറിനെ പറ്റി പറഞ്ഞതു പോലുള്ള അനുഭവങ്ങൾ ആർക്കും എവിടെയും എപ്പോഴുമുണ്ടാകാം.
ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടേ