2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഒരു പ്രേത കഥയുടെ പൈലറ്റ്‌ എപ്പിസോഡ്‌

സീൻ 1.
------
ആകാശം:
ഇരുണ്ട നീലാകാശത്ത്‌ വിളറി നിൽക്കുന്ന ചന്ദ്രക്കല. ദൂരെ നിന്നും മെല്ലെ പാറി വരുന്ന ഒരു കറുത്ത മേഘം.
(ഹൃദയത്തിൽ ഭയത്തിന്റെ തണുപ്പനുഭവിപ്പിക്കുന്ന നേർത്ത സംഗീതം.)
താഴെ
കുറ്റിക്കാടുകൾക്കും മുൾച്ചെടികൾക്കും ഇടയിലൂടെയുള്ള നാട്ടുവഴി ഒരു കുളത്തെ വലം വച്ചു പോകുന്നു.കുളക്കരയിൽ ഒരു ചെറിയ മണ്ഠപം.കുളക്കരയിലെ പാലമരത്തിൽ നിറയെ ഇല കാണാനാവാത്തപോലെ വെളുത്തപൂക്കൾ. അൽപം മാറി ഒറ്റപ്പെട്ടു നിൽക്കുന്ന വലിയ കരിമ്പനയ്ക്കു കീഴെ ഒരുയർന്ന പാറമേൽ ഒരു വലിയ കരിന്തേൾ വിഷം നിറഞ്ഞ വാൽ വളച്ച്‌ ആക്രമണത്തിനു തയ്യാറായെന്ന മട്ടിൽ നിൽക്കുന്നു.
പാറയുടെ ചുവട്ടിലെ ചിതൽപുറ്റിനരികിൽ ഒരെലി കരിയിലകൾക്കിടയിൽ എന്തൊ തിരയുന്നുണ്ട്‌.
ഇരുണ്ട, വിളറിയ നിലാവെളിച്ചം മാത്രം. എലി മുഖമുയർത്തി മുകളിലേക്കു നോക്കുന്നു.
ആകാശം
മേഘം മെല്ലെ നീങ്ങി വന്ന് ചന്ദ്രനെ മറയ്ക്കുവാൻ തുടങ്ങുന്നു.
(സംഗീതം ക്രമേണ ഉയർന്നുയർന്നു വരുന്നു)
താഴെ..
ക്രമേണ ചന്ദ്രൻ മറയുന്നതിനനുസരിച്ച്‌ പ്രകാശം മങ്ങുന്നു. പെട്ടെന്ന് അടുത്തുള്ള പാല മരത്തിൽ നിന്ന് ഭയപ്പെടുത്തുന്ന ഒരു ചിറകടി ശബ്ദം.
മരത്തിൽ - മരക്കൊമ്പിൽ - ഇലകൾക്കിടയിൽ ഒരു മൂങ്ങ ചിറകു വിടർത്തി നിൽക്കുന്നു. അതു തല വട്ടത്തിൽ കറക്കി ചുറ്റും നോക്കി.ഭയാനകമായി മൂളുന്നു,പിന്നെ എന്തോ കണ്ടു ഭയന്നിട്ടെന്ന പോലെ പെട്ടെന്ന് പറന്നുപോകുന്നു.
എലി തിരച്ചിൽ നിർത്തി മൂക്കുയർത്തി ചുറ്റും നോക്കി മണം പിടിച്ചിട്ട്‌ ധൃതിയിൽ ഓടി മാളത്തിലേക്കു കയറി.
പാറപ്പുറത്തിരുന്ന കരിന്തേൾ മുമ്പോട്ടൊന്നാഞ്ഞ ശേഷം ഭയന്ന് വേഗമോടി പാറയിൽ നിന്നിറങ്ങി പാറയ്ക്കടിയിലെ വിടവിലേക്കു കയറി ഒളിച്ചു.
ഒരു ചെറിയ കാറ്റ്‌ - മെല്ലെയനങ്ങുന്ന ഇലകൾ. - കുളക്കരയിലെ പാലമരത്തിൽ നിന്ന് ഒരു വലിയ വെളുത്ത പൂവ്‌ ഞെട്ടറ്റ്‌ മെല്ലെ പാറി വന്ന് കുളത്തിലെ നിശ്ചലമായ വെള്ളത്തിലേക്ക്‌ മെല്ലെ വീണു.
മരത്തിൽ നിന്നും വീഴുന്ന പൂവിനെ പിന്തുടരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up.
cut to
വാലിട്ടെഴുതിയ നീണ്ട സുന്ദരമായ ഒരു കണ്ൺ പെട്ടെന്നു തുറക്കുന്നതിന്റെ extreme close up.
(ഉച്ചസ്ഥായിയിലെത്തിയ സംഗീതം പെട്ടെന്നു നിലയ്ക്കുന്നു.ഇപ്പോൾ പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദത)


സീൻ 2
------
സീൻ 1 ലെ അതേ സ്ഥലം. അരണ്ട സാന്ധ്യ വെളിച്ചത്തിൽ നാട്ടുവഴി.
ദൂരെ നിന്നും ഒരു ചൂട്ടുകറ്റ വീശി ആരോ വരുന്നതു കാണാം.
സർവ്വവും നിശ്ചലം. പേടിപ്പെടുത്തുന്ന കനത്ത നിശ്ശബ്ദതയിൽ ചൂട്ടു കറ്റ വീശുന്ന ശബ്ദം അടുത്തടുത്ത്‌ വരുന്നു.
മുണ്ടും രണ്ടാം മുണ്ടും ധരിച്ച വാര്യർ മുൻപേ ചൂട്ടു കറ്റ വീശിക്കൊണ്ട്‌ വരുന്നു. തൊട്ടു പിൻപേ
തറ്റുടുത്ത്‌, ഉച്ചിക്കുടുമ വച്ച പൂണൂൽ ധാരിയായ ബ്രാഹ്മണൻ - ബ്രഹ്മദത്തൻ. രണ്ടു പേരുടേയും തോളിൽ ഒരോ ഭാണ്ഡവുമുണ്ട്‌.


വാര്യർ: പുറപ്പെടുമ്പോൾ ഇത്രയ്ക്കങ്ങട്‌ വൈകുമെന്നു കരുതിയില്ല.


ബ്രഹ്മ: എന്തേ? വാര്യർക്ക്‌ പേടി തോന്നുന്നുണ്ടോ?


വാര്യർ: പേടി കലശലായിത്തന്നെയുണ്ട്‌.പിന്നെ തിരുമേനി കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രമേയുള്ളു.


ബ്രഹ്മ: പകൽ കണ്ട കാഴ്ച്ചകളൊന്നും മനസ്സിൽ നിന്നങ്ങട്‌ മായുന്നില്ല അല്ലേ?


വാര്യർ: കീറിപ്പിളർത്തിയിട്ടിരിക്കുന്ന മനുഷ്യ ശരീരങ്ങളും, തളം കെട്ടിക്കിടക്കുന്ന ചുടു ചോരയുമൊന്നും അത്ര എളുപ്പം മറക്കാൻ പറ്റുന്ന കാഴ്ച്ചകളല്ലല്ലോ. ഇവിടെ പൈനുംപറ യക്ഷി, അവിടെ എട്ടു വീട്ടിൽ പിള്ളമാർ. ഈ പോക്ക്‌ എവിടെ ചെന്നവസാനിക്കുമോ ആവോ?


ബ്രഹ്മ: ഒക്കെ ശരിയാവും വാര്യരേ. യുവരാജാവെല്ലാത്തിനും വഴി കണ്ടിട്ടുണ്ടാവും.ഇനി ഏതു നിമിഷവും അദ്ദേഹം എട്ടുവീട്ടിൽ പിള്ളമാരെ ആക്രമിക്കും എന്നാണു ഞാൻ കേട്ടത്‌. തയ്യാറെടുപ്പുകളൊക്കെ കഴിഞ്ഞുവത്രേ.ഇനി എന്തായാലും......ശ്ശ്ശ്ശ്ശ്ശ്‌ നിൽക്കൂ, വാര്യരേ...എന്താത്‌?


വഴിയരികിലെ പാറപ്പുറത്ത്‌ പുറം തിരിഞ്ഞിരിക്കുന്ന പെൺകുട്ടി.10 - 12 വയസ്സു പ്രായം കാണും. നീണ്ടിടതൂർന്ന മുടി അഴിച്ചിട്ടിരിക്കുന്നു.


വാര്യർ: (വിറയാർന്ന ശബ്ദത്തിൽ) ആരാത്‌???


പെൺകുട്ടി മെല്ലെ തിരിഞ്ഞു നോക്കുന്നു. സുന്ദരി.


ബ്രഹ്മ: കുട്ടി ഏതാ? എന്താ ഇവിടെ ഈ നേരത്ത്‌ ഒറ്റയ്ക്കിരിക്കുന്നത്‌?


കുട്ടി: (കരഞ്ഞുകൊണ്ട്‌) എനിക്കറിയില്ല. ഞാനെവിടാ? എനിക്കമ്മേ കാണണം.എനിക്ക്‌ വീട്ടിൽ പോണം....


ബ്രഹ്മ: കുട്ടി ഏതാ? എവിടെയാ കുട്ടിയുടെ വീട്‌?


കുട്ടി: (കൈ ചൂണ്ടിക്കൊണ്ട്‌) ദാ അവിടെയാ എന്റെ വീട്‌. എന്നെയാരാ ഇവിടെ കൊണ്ടു വന്നത്‌? എന്റമ്മയെവിടെ? ഞാനമ്മയുടെ അടുത്തു കിടന്നാണല്ലോ ഉറങ്ങിയത്‌. അമ്മേ... (കരയുന്നു)


ബ്രഹ്മ: കുട്ടി കരയണ്ടാ. അവിടെയല്ലേ കുട്ടിയുടെ വീട്‌? വരൂ ഞങ്ങൾ കൊണ്ടു ചെന്നാക്കാം.വിഷമിക്കണ്ട.


വാര്യർ: അതേ, മോളു കരയണ്ടാ കേട്ടോ. പാവം. ഞങ്ങൾ വീട്ടിൽ കൊണ്ടാക്കാം വാ..(കുട്ടിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ തുടങ്ങുന്നു)


ബ്രഹ്മ: (പെട്ടെന്ന് വാര്യരെ തടയുന്നു.) വേണ്ട വാര്യരേ,, മോൾക്കു ക്ഷീണമുണ്ടോ? ഇല്ലല്ലോ അല്ലേ. അവൾ തന്നെ നടന്നോളും.വാര്യരാ ചൂട്ടൊന്നു തെളിക്കൂ. കുട്ടി മുൻപേ നടന്നോളൂ


വാര്യർ: വേണ്ട, ഞാൻ വെളിച്ചം കാട്ടാം. (മുൻപിൽ കയറി നടക്കുന്നു. അതിനു പിന്നിൽ കുട്ടി. ഏറ്റവും പിന്നിലായി ബ്രഹ്മദത്തൻ)
ബ്രഹ്മദത്തന്റെ സജഷനിൽ മുൻപേ നടക്കുന്ന പെൺകുട്ടിയുടെ കാലുകൾ അവ തറയിൽ മുട്ടുന്നില്ല!!!
ബ്രഹ്മദത്തന്റെ മുഖത്ത്‌ ഒരു ചെറിയ പുഞ്ചിരി വിരിയുന്നു. അദ്ദേഹം നടത്തത്തിനിടയിൽ തന്നെ ഭാണ്ഡത്തിൽ നിന്നും മാന്ത്രിക വടി പുറത്തെടുക്കുന്നു. ഇടതുകൈയ്യിൽ ഭസ്മവും. മൂവരും മണ്ഠപത്തിനു സമീപമെത്തി.
വാര്യർ : എവിടെ നിന്റെ വീടെത്താറായോ? എന്ന ചോദ്യത്തോടെ തിരിഞ്ഞു നോക്കുന്നു. പെൺകുട്ടിയ്ക്ക്‌ തീക്കണ്ണുകൾ, ദംഷ്ട്ര.അവൾ ചോരച്ച നാവു നീട്ടി കൊതിയോടെ നുണയുന്നു.


വാര്യർ: ഭയന്നുച്ചത്തിൽ നിലവിളിക്കുന്നു. അയ്യോ.. തിരുമേനീ ഇതവളാ... യക്ഷി... പൈനും പറ യക്ഷി. തിരുമേനീ ഇതെക്ഷിയാ,,...
യക്ഷി കൂർത്ത നഖമുള്ള കൈകൾ നീട്ടി വാര്യരോടടുക്കുന്നു. പക്ഷേ പെട്ടെന്നാരോ പിടിച്ചു നിർത്തിയതുപോലെ നിന്നു പിന്നോട്ടു തിരിഞ്ഞു നോക്കുന്നു. പിന്നിൽ ,മാന്ത്രിക വടി ചൂണ്ടി ബ്രഹ്മദത്തൻ. ഉയർത്തിപ്പിടിച്ച ഇടം കൈയ്യിൽ ഭസ്മവുമായി അദ്ദേഹം മന്ത്രം ജപിക്കുന്നു.
ഓം ഹ്രീം ക്ലീം..... കൈയ്യിലിരുന്ന ഭസ്മം യക്ഷിയുടെ ദേഹത്തേക്കെറിയുന്നു. അതോടെ യക്ഷി നിശ്ചലയാകുന്നു. അവൾ കോപത്തോടെ ബ്രഹ്മദത്തനെ നോക്കുന്നു.


ബ്രാഹ്മ: പറയ്‌. ആരാണു നീ?
യക്ഷി ഉച്ചത്തിൽ ചിരിക്കുന്നു
ബ്രാഹ്മ:നീലി, പൈനുംപറ യക്ഷി.. അല്ലേ? വാര്യരേ, ഒരുക്കുകളെടുത്തോളൂ. ഇവളെത്തന്നെയല്ലേ നമ്മൾ തേടി വന്നത്‌?


വാര്യർ ഭാണ്ഡത്തിൽ നിന്നും ഒരു ചെറിയ നിലവിളക്കെടുക്കുന്നു. ഒരു നാക്കില, കുങ്കുമം, ഭസ്മം തെള്ളിപ്പൊടി,ചെറുതും വലുതുമായി രണ്ടു മൂന്നു പന്തങ്ങൾ ഒക്കെ യെടുത്തു വയ്ക്കുന്നു. ബ്രഹ്മദത്തൻ തന്റെ മാന്ത്രിക വടി കൊണ്ട്‌ നിലത്തൊരു കളം വരയ്ക്കുന്നു.വിളക്ക്‌ എണ്ണയൊഴിച്ചു കത്തിച്ചു കളത്തിനു നടുവിൽ വയ്ക്കുന്നു.


ബ്രഹ്മ :ഉം, ഇരിയ്ക്കിവിടെ.. ഈ കളത്തിലിരിക്കാൻ...


യക്ഷി ദയനീയമായി കരയുന്നു. അയ്യോ വേണ്ട... അരുതേ... എന്നെ വിട്ടയക്കണേ.. ഞാനിനിയൊരിക്കലും ഈ ഭാഗത്തേക്കു വരില്ല...എന്നെ വിട്ടയക്കണേ..


ബ്രഹ്മ: (കോപത്തോടെ) നീലീ, പറയുന്നതനുസരിക്ക്‌. എനിക്കറിയാം സംവൽസരങ്ങൾ എത്ര കഴിഞ്ഞാലും തീരില്ല, നിന്റെ രക്തദാഹം.കൽപാന്ത കാലം വരെ രക്ത പിശാചിനിയായി അലയാനാണു നിന്റെ വിധി.പക്ഷേ ഇന്നു നിന്നെ ഈ കല്ലിൽ ആവാഹിച്ച്‌ ഞാനിവിടെ കുടിയിരുത്താം. ഈ രക്ഷകളും തകിടുകളും ഉള്ളിടത്തോളം കാലം, ഈ കല്ല് ഇളക്കി മാറ്റാത്തിടത്തോളം കാലം നീ ഈ കല്ലിൽ ഇരിക്കും. നിനക്കാരെയും ദ്രോഹിക്കാനാവില്ല.. ഉം ഇരിക്കവിടെ. വാര്യരേ ആ കല്ലെടുത്ത്‌ ഈ കളത്തിൽ വയ്ക്കൂ.


വാര്യർ കല്ലെടുത്ത്‌ കളത്തിനുള്ളിൽ വയ്ക്കുന്നു. ജ്വലിക്കുന്ന പന്തങ്ങൾ, മന്ത്രങ്ങൾ, തെള്ളിപ്പൊടിയിടുമ്പോൾ ഉയരുന്ന ജ്വാലകൾ..യക്ഷിയുടെ പേടിപ്പെടുത്തുന്ന, ദയനീയമായ രോദനങ്ങൾ.... കടുത്ത മന്ത്രങ്ങൾക്കനുസരിച്ച്‌ മെല്ലെ മെല്ലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന യക്ഷി... കളത്തിലിരുന്ന് മെല്ലെ മെല്ലെ ചലിക്കുന്ന കല്ല്. അതു മെല്ലെ കുലുങ്ങി കുലുങ്ങി നിശ്ചലമാകുന്നു. ബ്രഹ്മദത്തൻ ധാരാളം കെട്ടുകളുള്ള ഒരു ചുവന്ന ചരടെടുത്ത്‌ കല്ലിൽ ചുറ്റിക്കെട്ടി വയ്ക്കുന്നു.
ബ്രഹ്മ: വാര്യരേ, ഇനിയൊരു കുഴി കുഴിച്ചോളൂ


വാര്യർ ഒരു ചെറിയ കൈത്തൂമ്പയെടുത്ത്‌ ഒരു കുഴി കുഴിക്കുന്നു.


ബ്രഹ്മ: ഇനി ആ കല്ലെടുത്തോളൂ വാര്യരേ. (വാര്യർ പേടിയോടെ ആ കല്ലെടുക്കുന്നു.ബ്രഹ്മദത്തൻ കുഴിയുടെ നാലു മൂലയിലും ഓരോ തകിടുകൾ സ്ഥാപിക്കുന്നു.)ഇനി ആ കല്ല് കുഴിയിലേക്കു വച്ചോളൂ.(കല്ലിനു മുകളിലും ഒരു തകിടു വയ്ച്ചു കുഴി മൂടുന്നു. രണ്ടു പേരും കൂടി കുഴിക്കു മുകളിലായി ഒരു കരിമ്പനത്തൈ പറിച്ചു വയ്ക്കുന്നു.) ഹാവൂ, യുവരാജാവു നമ്മെ ഏൽപ്പിച്ച ജോലി കഴിഞ്ഞു. ഇനി ഈ കല്ലിളക്കുന്നതു വരെ ഇവളുടെ ശല്യം ആർക്കുമുണ്ടാവില്ലെന്നുറപ്പ്‌.വരൂ നമുക്കു പോകാം. യുവരാജാവിനെ വിവരമറിയിക്കാം.അദ്ദേഹത്തിന്‌ ഒരു തലവേദന ഒഴിഞ്ഞല്ലോ.


ഇരുവരും നടന്നു പോകുന്നു. ( wide angle,crane shot) ഇരുവരും നാട്ടു വഴിയിലൂടെ നടന്നു മറായുന്നു.
കാറ്റ്‌. ഇലകളിലും മരങ്ങളിലുമെല്ലാം കാറ്റു ചലനം സൃഷ്ടിക്കുന്നു. കരിയിലകൾ പാറുന്നു. കരിമ്പനത്തൈയുടെ മേലേക്കു കരിയലകൾ വന്നു വീഴുന്നതിന്റെ close up ദൃശ്യത്തിൽ നിന്നും സാവധാനം zoom back ചെയ്തു ആ പ്രദേശത്തിന്റെ wide angle long crane shot എത്തുമ്പോൾ.....


തകർന്നടിഞ്ഞു, വള്ളികൾ പടർന്നു കിടക്കുന്ന മണ്ഡപം. കരിമ്പനയുടെ ദ്രവിച്ച ഒരു കുറ്റി മാത്രം.. വൃദ്ധനായ വലിയ പാലമരം.ഇലകൾ വീണു ജീർണ്ണിച്ചു കിടക്കുന്ന കുളം. പനയുടെ കുറ്റിയോടു ചേർന്ന് ഒരു വലിയ ചിതൽ പുറ്റ്‌.


പാറപ്പുറത്ത്‌ ഒരു കരിന്തേൾ ഭീഷണമായി വാലുയർത്തി നിൽക്കുന്നു. താഴെ ഒരെലി മൂക്കുയർത്തി നോക്കുന്നു. ചിതൽ പുറ്റിലേക്ക്‌ ഒരു പാമ്പ്‌ മെല്ലെ ഇഴഞ്ഞു കയറുന്നു.മരക്കൊമ്പിലിരുന്ന് ഒരു മൂങ്ങ ചുറ്റും നോക്കുന്നു. ഇളം കാറ്റ്‌. ഒരു പാലപ്പൂവ്‌ മെല്ലെ പാറി വന്ന് കുളത്തിലേക്ക്‌ വീഴുന്നു. പൂവിനെ പിന്തുടർന്നു വരുന്ന ക്യാമറയിൽ പൂവ്‌ വെള്ളത്തിൽ തൊടുന്നതിന്റെ tight close up ദൃശ്യം.


(തുടരില്ല)

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പേടി

പ്രിയപ്പെട്ട കൂട്ടുകാരാ,
                      ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്‌.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ്‌ എനിക്കിത്‌ പറയാനുള്ളത്‌?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ? അതു കൊണ്ട്‌ ഞാനതിപ്പോൾ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്‌.
 

എലികൾക്കെന്റെ മനസ്സു വായിക്കാനാവും!!
 

                   സത്യമാണു സുഹൃത്തേ, മുറിയിൽ ഞാനൊറ്റയ്ക്കിരിക്കുമ്പോൾ ചിലപ്പോൾ അലമാരയ്ക്കു മുകളിലോ ജാലകപ്പടിയിലോ ഒക്കെയിരുന്ന് എലികൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്‌. എന്റെ കൂടെ മറ്റാരെങ്കിലുമുണ്ടെങ്കിൽ ഇതേ എലികൾ വെറും അപരിചിതരെപ്പോലെ എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ഓടി മറയും.
ചില ദിവസങ്ങളിൽ ഞാൻ ദേഷ്യത്തിലാണെന്നറിഞ്ഞാൽ എലികളെല്ലാം പേടിച്ച്‌ മുറിയുടെ മൂലയിൽ പതുങ്ങിയിരുന്ന് എന്നെ ഒളികണ്ണിട്ട്‌ നോക്കിക്കൊണ്ടിരിക്കും. ഞാൻ സന്തോഷത്തിലായിരിക്കുമ്പോളാകട്ടെ അവ മുറിയിലാകെ ഓടി നടക്കുകയും ചെറിയ ചെറിയ എലിസ്വരങ്ങളിലൂടെ എന്നോടു സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും.
അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന പഴയ പത്രങ്ങളും ആഴ്ചപ്പതിപ്പുകളുമൊക്കെ കരണ്ടു നശിപ്പിക്കുകയും അവയ്ക്കിടയിൽ പെറ്റു പെരുകുകയും ചെയ്യുമെങ്കിലും വിലപിടിപ്പുള്ളതും അപൂർവ്വവുമായ പുസ്തകങ്ങളെയെല്ലാം ഇവർ ഒഴിവാക്കിയിരുന്നു. തുണികളുടെ കാര്യത്തിലും കരണ്ടു നശിപ്പിക്കാനായി ഉപയോഗശൂന്യമായ പഴയവ മാത്രം തെരഞ്ഞെടുക്കുവാൻ അവർ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും രാത്രി ഉണരുമ്പോൾ കട്ടിൽത്തലയ്ക്കൽ, എന്റെ മുഖത്തേക്കുറ്റു നോക്കിക്കൊണ്ട്‌ എലികളിരിക്കുന്നത്‌ ഞാൻ കാണാറുണ്ട്‌. ഞാനുണർന്നതറിഞ്ഞാൽ ഒന്നു പുഞ്ചിരിച്ച ശേഷം അവ മെല്ലെ ഇരുളിലേക്കു മറയും.
                    ഇപ്പോളിതെല്ലാം നിങ്ങളോടു പറയാൻ എന്താണു കാരണം എന്നാവും. എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ്‌ ഞാനിതെല്ലാം പറയുക?ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയാൻ എനിക്കായില്ലെങ്കിലോ എന്ന് എനിക്കു പേടി തോന്നിത്തുടങ്ങിയിരിക്കുന്നു.
               ഇന്നലെ രാത്രി എന്തോ വായിച്ചിരുന്ന് ഞാൻ മേശപ്പുറത്ത്‌ തല വച്ച്‌ അറിയാതുറങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ഒരെലി മേശപ്പുറത്ത്‌ എന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. ഞാനുണർന്നെന്നറിഞ്ഞപ്പോൾ അതെന്നെ നോക്കി പുഞ്ചിരിച്ചു.പിന്നെ ഇന്നോളമൊരെലിയും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ആ എലി ചെയ്തു.മെല്ലെ നടന്നു വന്ന് അത്‌ എന്റെ കവിളിൽ ഉമ്മ വച്ചു.എന്നിട്ടു പെട്ടെന്നോടി ഇരുളിൽ മറഞ്ഞു.
അപ്പോൾ എനിക്കൊന്നും തോന്നിയിരുന്നില്ല.പക്ഷെ ഇപ്പോൾ രാവിലെ മുടി ചീകാൻ കണ്ണാടി നോക്കിയപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിക്കുന്നത്‌ - എന്റെ മുൻപിലെ രണ്ടു പല്ലുകൾക്ക്‌ അൽപം നീളം കൂടുതലായിട്ടുണ്ടോ എന്നെനിക്കൊരു സംശയം.ചെവികൾക്കും ഒരു വലിപ്പ വത്യാസമുള്ളതു പോലെ.....ശബ്ദത്തിനൊരു വത്യാസം വന്നതായി കുറച്ചു ദിവസമായിട്ടേ ഉണ്ടായിരുന്നു എനിക്കൊരു സംശയം.
                   ഇന്നലെയൊരു സംഭവം കൂടി നടന്നു. എഴുതിക്കോണ്ടിരുന്ന പെൻസിലിന്റെ പകുതിയോളം ഞാൻ കരണ്ടു മുറിച്ചു. ഒരു കവിതയെഴുതാനുള്ള ശ്രമത്തിലായിരുന്നു ഞാൻ.പറ്റിയ വാക്കുകൾ കിട്ടാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ ഞാൻ പെൻസിലിന്റെ ചുവട്‌ കരളാൻ തുടങ്ങിയത്‌.ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്‌ ഞാനെന്തു കൊണ്ടാണ്‌ അങ്ങിനെ ചെയ്തതെന്ന്‌.
എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു.എന്റെ ഒരേയൊരു സുഹൃത്തായ നിങ്ങളോടല്ലാതെ ആരോടാണ്‌ ഞാനിതൊക്കെ പറയുക?
                 അയല്വക്കത്തെ പാണ്ടൻ പൂച്ച ഭീഷണമായി മുരണ്ടു കൊണ്ട്‌ മുറിക്കു പുറത്ത്‌ ഉലാത്തുകയാണ്‌. ഞാൻ വാതിലുകളും ജനലുകളുമെല്ലാം ഭദ്രമായടച്ച്‌ പൂട്ടി അകത്തിരിക്കുകയാണ്‌. എതു നിമിഷവും പൂച്ച ചിമ്മിനി വഴി ചാടി അകത്തു വരാം......എന്നിട്ട്‌.....എന്നിട്ട്‌...... എനിക്കു ശരിക്കും പേടിയാകുന്നു സുഹൃത്തേ,ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാൻ എനിക്കായില്ലെങ്കിലോ?... എനിക്കു വല്ലാതെ പേടിയാകുന്നല്ലോ........

2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

കൊലകൊമ്പൻ

സെപ്റ്റമ്പർ പത്താം തീയതി,വ്യാഴാഴ്ച വൈകിട്ട്‌ നാലര മണിയോടെ,ചെങ്ങന്നൂരിനടുത്ത്‌, തടി പിടിക്കാൻ കൊണ്ടു വന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊമ്പൻ -കുന്നന്താനം മഠത്തിൽകാവ്‌ ശിവശങ്കരൻ ബുധനൂരിൽ ആൽത്തറകവലയ്ക്കു സമീപം വച്ച്‌ ഇടഞ്ഞു.


വാർത്ത പരന്ന ഉടൻ തന്നെ കാഴ്ച്ച കാണാൻ ഒരു വൻ ജനക്കൂട്ടം തടിച്ചു കൂടി. ആർപ്പും ആരവവുമായി അവർ ശിവശങ്കരനെ പിന്തുടർന്നു.സ്വസ്ഥമായൊന്നു നിൽക്കാനനുവദിക്കാതെ,ഒരശാന്ത നിമിഷത്തിൽ എങ്ങിനെയോ കൈവിട്ടു പോയ മനസ്സിന്റെ കടിഞ്ഞാൺ വീണ്ടെടുത്ത്‌ ശാന്തനാവാൻ അവസരം നൽകാതെ അവരവനെ തെരുവുകളിലൂടെ ഓടിച്ചു.


വിരണ്ട്‌ പത്ത്‌ കിലോമീറ്ററോളം ഓടി പാണ്ടനാട്‌ എന്ന സ്ഥലത്തു വന്ന ശിവശങ്കരൻ നാക്കട ആലുമ്മൂട്ടിൽ ശശിമന്ദിരം ശശിധരന്റെ വീടിന്റെ മതിലും ഗേറ്റും തകർത്ത്‌ അകത്തു കടന്നു. മുറ്റത്തു നിൽക്കുകയായിരുന്ന ശശിധരനെ (59 വയസ്സ്‌) മതിലിനോടു ചേർത്തു വച്ചു കുത്തി.


ഒരാളെ കുത്തി കൊല്ലുക കൂടി ചെയ്തതോടെ ആൾക്കാർക്ക്‌ ആവേശം കൂടി. ആൾക്കൂട്ടത്തിന്റെ വലിപ്പം കൂടി. അവരുടെ ബഹളങ്ങൾ ശിവശങ്കരനെ കൂടുതൽ അസ്വസ്ഥനാക്കി. അവൻ റോഡിലൂടെ പല തവണ അങ്ങോട്ടു മിങ്ങോട്ടും ഓടി. ഒരു നിയന്ത്രണവുമില്ലാതെ ഒരു വൻ ജനക്കൂട്ടം ശബ്ദഘോഷങ്ങളോടെ പിന്നാലെയും. ഒരിടത്തും നിൽക്കാനോ വിശ്രമിക്കാനോ സാധ്യമാകാത്ത സ്ഥിതിയിൽ സഹികെട്ട ശിവശങ്കരൻ ഒടുവിൽ പമ്പയാറ്റിലേക്കു ചാടി.


അപ്പോഴേക്കും, വിവരമറിയിച്ചതനുസരിച്ച്‌, പത്തനംതിട്ട എലിഫന്റ്‌ സ്ക്വാഡിൽ നിന്നും ഡോക്ടർ ഗോപകുമാർ സ്ഥലത്തെത്തി.ആനയെ മയക്കുവെടി വെയ്ക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. നദിയിൽ നിന്നും കരയ്ക്കു കയറിയാലേ വെടി വെയ്ക്കാനാവൂ എന്നു ഡോക്ടർ അറിയിച്ചു.


നദിയിൽ അത്രയും സമയം കിടന്ന ശിവശങ്കരൻ അപ്പോഴേയ്ക്കും അൽപം ശാന്തനായിരുന്നു. രണ്ടാം പാപ്പാൻ വിളിച്ചപ്പോൾ അവൻ അനുസരണയോടെ കരയ്ക്കു കയറി.കരയ്ക്കു കയറി നിന്ന ശിവശങ്കരനെ ഡോക്ടർ ഗോപകുമാർ മയക്കു വെടി വച്ചു. (സൈലസിൻ എന്ന മരുന്നാണുപയോഗിച്ചത്‌ എന്നും ഇതു പ്രവർത്തിച്ചു തുടങ്ങാനിരുപതു മിനിറ്റോളമെടുക്കും എന്നും അദ്ദേഹം പിന്നീടു പറഞ്ഞു)


അപ്രതീക്ഷിതമായി വെടി കൊണ്ട ആന പെട്ടെന്ന് വെടി വച്ച ഡോക്ടർക്കു നേരേ തിരിഞ്ഞെങ്കിലും വീണ്ടും അടുത്തുള്ള തെങ്ങിൻ കൂട്ടത്തിൽ ശാന്തനായി നിന്നു.


പക്ഷേ അപ്പോഴേക്കും മദമിളകിയ ജനക്കൂട്ടത്തിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു. ശശിധരനെ കൊലപ്പെടുത്തിയതിന്റെ ദേഷ്യം കൂടിയായപ്പോൾ ആൾക്കൂട്ടത്തിന്റെ അവസ്ഥ മദ്യപിച്ച കുരങ്ങനെ തേൾ കുത്തിയ പോലെയായി. അവരുടെ ശല്യം കൊണ്ടു സഹികെട്ട ശിവശങ്കരൻ വീണ്ടും ആറ്റു തീരത്തേയ്ക്കു നീങ്ങി.


മയക്കു വെടിയേറ്റ കൊമ്പൻ ആറ്റിലിറങ്ങുകയും അവിടെ വച്ചു മയങ്ങുകയും ചെയ്താൽ അപകടമാണെന്ന് ഡോക്ടർ അപ്പോഴും മുന്നറിയിപ്പു നൽകുന്നുണ്ടായിരുന്നു. പക്ഷെ ആരു കേൾക്കാൻ? ജനക്കൂട്ടം അസഹ്യമാംവിധം ശല്യപ്പെടുത്തി ശിവശങ്കരനെ വീണ്ടും ആറ്റിൽ ചാടിച്ചു. അവൻ അഭയം തേടി അക്കരെയ്ക്കു നീന്തി. അവിടെ കരയ്ക്കു കയറുവാനുള്ള ശ്രമമായി. പക്ഷെ അവിടെയും ആൾക്കാർ കൂടിയിരുന്നു. അവൻ കരയ്ക്കു കയറാൻ ശ്രമിച്ചയിടങ്ങളിലെല്ലാം തീ കൂട്ടി അവരവനെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.


നല്ല ഒഴുക്കുള്ള, നിലയില്ലാത്ത ആറ്റിൽ അങ്ങോട്ടുമിങ്ങോട്ടും നീന്തി നീന്തി പലയിടത്തും കര കയറാൻ ശ്രമിച്ചു കൊണ്ടിരുന്ന ശിവശങ്കരനെ മെല്ലെ മയക്കം ബാധിച്ചു തുടങ്ങി. തളർന്നു തുടങ്ങിയ അവൻ ഒരിടത്തും അഭയം ലഭിക്കാതെ മെല്ലെ ആഴക്കയത്തിലേക്കു നീങ്ങി നീങ്ങി പോയി.വെൾലത്തിൽ പൂർണ്ണമായും മുങ്ങിക്കഴിഞ്ഞ ശിവശങ്കരൻ ഇടയ്ക്കിടെ തുമ്പിക്കൈ മാത്രം വെള്ളത്തിനു മുകളിലുയർത്തി ശ്വാസമെടുക്കുന്നത്‌ കുറെ നേരത്തേയ്ക്കു കാണാമായിരുന്നു. രാത്രി പത്തു മണിയോടെ അതും കാണാതായി.വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണി വരെ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ആറ്റിൽ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ശിവശങ്കരനെ കണ്ടെത്താനായില്ല.


വെള്ളിയാഴ്ച്ച രാവിലെ നാക്കട കടവിനു സമീപം തെങ്ങിൽ കള്ളു ചെത്താൻ കയറിയ ആളാണതാദ്യം കണ്ടത്‌ - പമ്പാ നദിയിൽ പൊങ്ങിക്കിടക്കുന്ന, ശിവശങ്കരന്റെ അനക്കമറ്റ ശരീരം.


വിവരമറിഞ്ഞ ജനക്കൂട്ടം അങ്ങോട്ടൊഴുകിയെത്തി.പക്ഷെ ഇപ്പോൾ അവരുടെ ആരവങ്ങളോ ബഹളങ്ങളോ ഒന്നും ശിവശങ്കരനെ അലട്ടിയില്ല. ചെയ്തു പോയ പാപത്തിന്റെ പ്രായശ്ചിത്തം പോലെ അവൻ അനക്കമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടന്നു.പതിനൊന്നു മണിയോടെ പോലീസിന്റെ സ്പീഡ്‌ ലോഞ്ചിൽ കെട്ടിവലിച്ച്‌ ശിവശങ്കരനെ തീരത്തടുപ്പിച്ചപ്പോൾ ആരും തീ കത്തിച്ചും പാട്ട കൊട്ടിയും അവനെ ഭയപ്പെടുത്താൻ ശ്രമിച്ചില്ല..



ആറ്റിൽ നിന്നും ശിവശങ്കരനെ ക്രെയിനിലുയർത്തി ലോറിയിൽ വച്ചു. ചുവന്ന പട്ടു പുതപ്പിച്ച്‌ അവനെ കുന്നന്താനത്തെ അവന്റെ സ്വന്തം വീടായ മഠത്തിൽകാവ്‌ ക്ഷേത്രത്തിലേക്ക്‌ കൊണ്ടു പോയി.പക്ഷെ അവന്റെ ദുരിതപർവം അവസാനിച്ചിരുന്നില്ല.......
ചിത്രങ്ങള്‍ : സാനു ഭാസ്കര്‍
മഠത്തിൽ കാവ്‌ ക്ഷേത്രത്തിൽ അന്തിമോപചാരങ്ങൾക്കു ശേഷം വൈകിട്ടു നാലു മണിയോടെ പോസ്റ്റ്‌ മോർട്ടം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി ശിവശങ്കരനെ പരുമലയിലെ ദേവസ്വം ബോർഡ്‌ പമ്പാ കോളജ്‌ ഗ്രൌണ്ടിൽ എത്തിച്ചു. അപ്പോൾ അവനെ "ആചാരവിധിപ്രകാരം" ദഹിപ്പിക്കാനായി ഒരുക്കിയിരുന്നത്‌ കുറെ പഴയ ടയറുകൾ.


ജനത്തിന്റെ ആനസ്നേഹമുണർന്നു. വൻ പ്രതിഷേധമായി.വിരകുപയോഗിച്ചു ജഡം കത്തിച്ചില്ലെങ്കിൽ ലോറിയിൽ നിന്നിറക്കാനോ പോസ്റ്റ്‌ മോർട്ടം നടത്താനോ സമ്മതിക്കില്ല എന്ന് ആൾക്കാർ വാശി പിടിച്ചു.ശിവശങ്കരനു വീണ്ടും കാത്തിരിപ്പിന്റെ ദുരിതപർവ്വം. അവസാന മറ്റൊരു ലോറിയിൽ വിറകു കൊണ്ടു വന്നു.


അങ്ങിനെ തങ്ങൾ കൊന്ന ശിവശങ്കരന്റെ ജഡം എങ്ങിനെ സംസ്കരിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു തന്നെയാണെന്നു ജനം തെളിയിച്ചു.


പിന്നീടു ക്രെയിനുപയോഗിച്ചു താഴെയിറക്കിയ ശിവശങ്കരനെ വെറ്ററിനറി സർജന്മാരുടെയും ദേവസ്വം ഡോക്ടറുടെയും നേതൃത്വത്തിൽ പോസ്റ്റ്‌ മോർട്ടം നടത്തി. ദേവസ്വം സെക്രട്ടറി, അസി: ദേവസ്വം കമ്മീഷണർ, എം എൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ആചാരവിധിപ്രകാരം സംസ്കരിച്ചു.ശിവസങ്കരന്റെ കൊമ്പുകൾ നടപടിക്രമമനുസരിച്ച്‌ ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ ഏറ്റെടുത്തു.
ഉത്സവം കഴിഞ്ഞു ജനങ്ങൾ സമാധാനമായി പിരിഞ്ഞുപോയി.


("ആളുകൾ ഒഴിഞ്ഞു നിൽക്കുകയും വെടിയേറ്റ കൊമ്പന്‌ മയങ്ങാൻ തക്ക ശാന്തമായ അന്തരീക്ഷം ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ആനദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നാണ്‌ ഡോക്ടർമാരുടെ അഭിപ്രായം" മാതൃഭൂമി റിപ്പോർട്ട്‌)


ശിവശങ്കരനും,അവന്റെ കുത്തേറ്റു മരിച്ച ശശിധരനും ആദരാഞ്ജലികൾ.......


ചിത്രങ്ങള്‍ : സാനു ഭാസ്കര്‍