2009, ജൂലൈ 30, വ്യാഴാഴ്‌ച

:-)സ്മൈലികൾ:-)















ഈ ഹൃദയം തുറന്ന ചിരികൾ പറയുന്നില്ലേ ചെറായി മീറ്റ്‌ ഒരു വൻ വിജയമാണെന്ന്

2009, ജൂലൈ 27, തിങ്കളാഴ്‌ച

ചെറായി ബ്ലോഗ്‌ മീറ്റ്‌;വ്യർഥമായ തയാറെടുപ്പുകൾ


എന്തൊക്കെ സംഭവിച്ചാലും ചെറായി മീറ്റിൽ പങ്കെടുക്കാൻ തിരുമാനിച്ചപ്പോൾ പ്രാണരക്ഷാർഥം നടത്തിയ ഈ തയാറെടുപ്പുകളെല്ലാം വ്യർഥമായതിന്റെ നിരാശയോടെ....

നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാൻ ബ്ലോഗ്‌ പൂട്ടുന്നു)

അങ്ങിനെ ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം കഴിഞ്ഞു.
എന്തെല്ലാമായിരുന്നു ബഹളം? സുരക്ഷാപ്രശ്നങ്ങൾ, അനോണി, സുനാമി,ചാവേറ്‌,കുഴിബോംബ്‌, തീവ്രവാദി ,ഭൂകമ്പം, ....എന്തെന്തു പ്രതീക്ഷകളായിരുന്നു ചെറായിയിലേക്കു പോകുമ്പോൾ? എന്നിട്ടിപ്പോ എന്തായീ? ബ്ലോഗ്‌ മീറ്റാണത്രേ ബ്ലോഗ്‌ മീറ്റ്‌.....

എല്ലാവർക്കും ശൌര്യം ബ്ലോഗിലേയുള്ളു.!ചെറായി എന്നു കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ബ്ലോഗായ ബ്ലോഗൊക്കെ വായിച്ചു വായിച്ച്‌ എന്തെല്ലാം സ്വപ്നങ്ങൾ കണ്ടതാ..
ഇതിപ്പോ അനോണിയില്ല, സുനാമിയില്ല, ബോംബില്ല, തോക്കില്ല എന്തിന്‌, കള്ളുകുടിയില്ല, ചീത്തവിളിയില്ല. കത്തിക്കുത്ത്‌, അടിപിടി വാക്കേറ്റം ങേഹേ..
കുറെ അയ്യോ പാവികള്‌ വന്നു കൂടിയിരുന്ന് സ്നേഹം, സൌഹൃദം, കാരുണ്യം എന്നൊക്കെ പറഞ്ഞു ചിരിച്ചും കെട്ടിപ്പിടിച്ചും ഉമ്മവച്ചും ചോറുണ്ട്‌,ചായ കുടിച്ച്‌, റ്റാറ്റാ പറഞ്ഞു പിരിഞ്ഞു...
എന്റെ രൂപാ 250 പോയതു മിച്ചം.അതു പാവങ്ങളെ സഹായിക്കാനുപയോഗിക്കുമത്രേ.. ദൈവമേ ഒരു ഫുള്ളിനുള്ള കാശാ പോയത്‌. ആ നേരത്ത്‌ രണ്ടെണ്ണം വീശി, പാമ്പായി, വീട്ടിലിരുന്ന് പത്രം വായിച്ചിരുന്നെങ്കിൽ ഇതിലെത്ര നന്നായിരുന്നു!!!
അതെങ്ങനാ? ചുണയുള്ള ആണുങ്ങളെയൊന്നും അടുപ്പിച്ചില്ലല്ലോ.ഇനിയെങ്കിലും മനസ്സിലാക്ക്‌..മീറ്റു നന്നാവണമെങ്കിൽ പുലികളു വേണം പുലികള്‌.
എന്റെ എല്ലാ പ്രതീക്ഷകളും തകർന്നു. അതുകൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നിർത്തി... ബ്ലോഗിങ്ങു നിർത്തി. ഞാനൊരു പത്രം തുടങ്ങാൻ തിരുമാനിച്ചു.
ങ്‌ ഹാ പറഞ്ഞു തീരുന്നേനു മുൻപു വന്നോ അയ്യോ നിർത്തല്ലേ നിർത്തല്ലേന്നു പറഞ്ഞ്‌ ആൾക്കാര്‌? അതു പറയാൻ നിങ്ങളാരാ? അതിനു ഞാൻ വേറെ ആളിനെ ഏർപ്പാടാക്കീട്ടൊണ്ട്‌. അവരു വേണ്ട സമയത്തു പറഞ്ഞോളും. അപ്പോ ഞാൻ വേണ്ടത്‌ ചെയ്തോളാം. തോക്കിൽ കേറി വെടി വെക്കല്ലേ.... ഹല്ല പിന്നെ..
ഓ തുടങ്ങിയല്ലോ ഓരൊരുത്തന്മാര്‌ ആളാവാൻ വേണ്ടിയുള്ള പരിപാടികള്‌.പോസ്റ്റിടുന്നു,പടമിടുന്നു, യാത്രാ വിവരണമെഴുതുന്നു.കണ്ടാൽ തോന്നും ഇവനൊക്കെ അവിടെന്തോ മല മറിക്കുകയായിരുന്നെന്ന്..ചുമ്മാ, ജാഡയല്ലേ... അല്ലെങ്കിൽ ഇപ്പോ ഈ പോസ്റ്റിടുന്നവരിലാരെങ്കിലുമുണ്ടായിരുന്നോ മീറ്റു സമയത്ത്‌ ഒരു കുഞ്ഞു വിവാദമുണ്ടാക്കാൻ? മീറ്റൊന്നു കൊഴുപ്പിക്കാൻ? ബ്ലോഗില്‌ കെടന്ന് ഞഞ്ഞാ പിഞ്ഞാ പറയുന്നതു പോലല്ല ബ്ലോഗ്‌ മീറ്റില്‌ ഒരലമ്പുണ്ടാക്കുന്നത്‌. അതിനിത്തിരി പുളിക്കും. അതാ പറേന്നത്‌ അതിനൊക്കെ പുലികള്‌ വേണം പുലികള്‌. ന
ല്ല തന്റേടമുള്ള പുലികള്‌.
ഈ സംഘാടകന്മാരെന്നു പറഞ്ഞു നടക്കുന്നവരിലാരെങ്കിലും വേണ്ടാ - വിളിക്കണ്ടാ, - വരുന്നോന്നൊന്നു ചോദിക്കുകെങ്കിലും ചെയ്തിരുന്നെങ്കിൽ പല പുലികളും വന്നേനെ.എങ്കിലീ മീറ്റ്‌ ഇത്ര ബോറാകുമായിരുന്നോ?നിരാശാജനകമാകുമായിരുന്നോ? ചീത്തവിളി, തമ്മിൽത്തല്ല്, കടിപിടി ഹോ ഒരരങ്ങായേനേ.. ങ്‌ ഹാ ഇനി പറഞ്ഞിട്ടെന്താ...വൈദ്യസഹായം എന്നു വലിയ ബോർഡും വച്ച്‌ പുലികളെ ചികിൽസിക്കാനിരുന്ന അനില്‌ ഒരു പണിയുമില്ലാതെ വെറുതെ ഈച്ചയടിച്ചിരുന്നു അത്ര തന്നെ. അല്ലാതെന്താ.
അതു കൊണ്ട്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി ബ്ലോഗാണ്‌, ബ്ലോഗറാണ്‌, ബ്ലോഗ്‌ മീറ്റാണ്‌ എന്നൊന്നും പറഞ്ഞു നാണം കെടാൻ ഞാനില്ല. തീർന്നു ഇതോടെ നിർത്തി ഈ പണി. ഞാൻ ബ്ലോഗ്‌ പൂട്ടി പത്രം തുടങ്ങാൻ പോണു. എല്ലാവർക്കും നമസ്കാരം.
ബ്ലോഗ്‌ മീറ്റ്‌ വൻ വിജയം
ചെറായി ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം വിജയകരമായി പര്യവസാനിച്ചു. സംഘാടകർക്ക്‌ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
ഇപ്പൊ എല്ലാം ശരിയായില്ലേ?

2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഒരു നല്ല കഥ

ഒരിടത്ത് ഒരു അഛനും മകനുമുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന മകന്‍ ഒരു ഭൂപടം(World map) എടുത്ത് കളിച്ചു കൊണ്ടിരുന്നു. അതു കൊണ്ടു വയ്ക്കാന്‍ പല പ്രാവശ്യം അഛ‌ന്‍ ആവശ്യപ്പെട്ടിട്ടും മകന്‍ അനുസരിച്ചില്ല. അങ്ങിനെ കളിച്ചുകൊണ്ടിരിക്കെ ആ ഭൂപടം രണ്ടായി കീറിപ്പോയി. ഇതു കണ്ട് അഛനു വല്ലാതെ ദേഷ്യം വന്നു.അദ്ദേഹം ആ ഭൂപടം വാങ്ങി അനേകം കഷണങ്ങളായി കീറിക്കളഞ്ഞു.

അല്പം കഴിഞ്ഞ് കോപമൊക്കെ അടങ്ങിയപ്പോള്‍ ,അഛന്‍ ,അവിടവിടെയായി ചിതറിക്കിടന്ന ആ ഭൂപടത്തിന്റെ കഷണങ്ങള്‍ പെറുക്കിയെടുത്ത് ശരിയായിചേര്‍ത്തു വയ്ക്കാന്‍ ശ്രമിച്ചു.പക്ഷെ, വലിയ ഭൂമിശാസ്ത്ര പരിജ്ഞാനമൊന്നുമില്ലായിരുന്ന അച്ഛന്‍, എത്ര ശ്രമിച്ചിട്ടും ആ കഷണങ്ങള്‍ ശരിയായി ചേര്‍ത്തുവച്ച് ഭൂപടം ശരിയാക്കാന്‍ കഴിഞ്ഞില്ല.

അല്‍പ്പസമയത്തേക്കു പുറത്തേക്കു പോയ അഛന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചെറിയ കുട്ടിയായ മകന്‍ ആ കഷണങ്ങളെല്ലാം കൃത്യമായി ചേര്‍ത്തു വച്ച് ആ ഭൂപടം ശരിയാക്കിയിരിക്കുന്നതാണ്‍.അഛന്‍ അദ്ഭുതത്തോടും അഭിമാനത്തോടും കൂടി മകനെ അഭിനന്ദിച്ചു. എങ്ങിനെ അവനതു സാധിച്ചു എന്നന്വേഷിച്ചു. അപ്പോള്‍ മകന്‍ പറഞ്ഞു;
“അതത്ര വലിയ കാര്യമൊന്നുമല്ലഛാ, ആ ഭൂപടത്തിന്റെ മറുപുറത്ത് ഒരു മനുഷ്യന്റെ പടമുണ്ടായിരുന്നു. ഞാന്‍ അതു ശരിയാക്കിയപ്പോള്‍ ഭൂപടം തനിയെ ശരിയായി.അത്രയേയുള്ളു.”

ശരിയല്ലേ? നാം ലോകം ശരിയാക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നു.മനുഷ്യന്‍ ശരിയായാല്‍ മതി, ലോകം തനിയെ ശരിയായിക്കൊള്ളും എന്നോര്‍ക്കാതെ.

2009, ജൂലൈ 8, ബുധനാഴ്‌ച

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?
എത്രയൊക്കെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ബ്ലോഗിന്‌ അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലേ?
എത്ര നല്ല പോസ്റ്റിട്ടാലും കമന്റുകൾ ലഭിക്കുന്നില്ലേ?
ബ്ലോഗിനു ഹിറ്റുകൾ കുറവാണോ?
ഈ കാരണങ്ങൾ മൂലം ബൂലോകജീവിതം തന്നെ മടുത്ത്‌ നിങ്ങൾ ബ്ലോഗ്‌ നിർത്തുന്നതിനെക്കുറിച്ചാലോചിക്കുന്നോ? ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയോ?

വിഷമിക്കേണ്ട......
നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു ശാശ്വത പരിഹാരം...
സിലിക്കൺ വാലിയിൽ നൂറ്റാണ്ടുകൾ ധാന്യ സോറി ധ്യാന നിരതനായിരുന്നതിന്റെ ഫലമായുണ്ടായ ദൈവീക വരപ്രസാദം സ്വാമി ബ്ലോഗാനന്ദൻ ഇതാ എല്ലാ ബ്ലോഗർമാർക്കുമായി പങ്കു വയ്ക്കുന്നു....
അത്യന്തം ശക്തിമത്തായ മഹാ മന്ത്രാക്ഷരങ്ങൾ നിഗൂഢമായിഴചേർത്തു നിർമ്മിച്ച 2 യന്ത്രങ്ങൾ.
1. ഹിറ്റുവർധിനീ യന്ത്രം
2. കമന്റാകർഷണ ഭൈരവയന്ത്രം
മാന്ത്രിക അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ എംബഡഡ്‌ കോഡുകൾ കോപി പെയ്സ്റ്റ്‌ ചെയ്ത്‌ നിങ്ങളുടെ ബ്ലോഗിന്റെ ഏതെങ്കിലും മൂലയിൽ ഈ യന്ത്രങ്ങൾ സ്ഥാപിക്കൂ.
15 ദിവസങ്ങൾക്കുള്ളിൽ ഫലം ഉറപ്പ്‌.
ബ്ലോഗർമാരുടെ ആവശ്യാനുസരണം വിവിധ വലിപ്പങ്ങളിൽ ലഭ്യമാണ്‌.

ഹിറ്റുവർധിനീ യന്ത്രം(ചെറുത്‌): രൂപ 100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

കമന്റാകർഷണ ഭൈരവയന്ത്രം(ചെറുത്‌)
രൂപ100/-
മീഡിയം:രൂപ 200/-
വലുത്‌: രൂപ 250/-

രണ്ടു യന്ത്രങ്ങളും കൂടി ഒന്നിച്ചെടുക്കുന്നവർക്ക്‌ ആകർഷകമായ ഡിസ്കൌണ്ട്‌.

ഇവ കൂടാതെ പല ആവശ്യങ്ങൾക്കായുപയോഗിക്കാവുന്ന വിവിധ തരം മാന്ത്രിക വിഡ്ജെറ്റുകളും ലഭ്യമാണ്‌.
MO, DD സഹിതം ഓർഡർ അയക്കുക.
സ്വാമി ബ്ലോഗാനന്ദൻ
ബ്ലോഗാശ്രമം -
ഗൂഗിൾ പുരം 000000
നേരിട്ടു വരുന്നവർ ബൂലോകം ബസ്സ്റ്റോപ്പിലിറങ്ങി 2km autoയിൽ സഞ്ചരിച്ചാൽ ബ്ലോഗാശ്രമത്തിൽ എത്തിച്ചേരാവുന്നതാണ്‌.
സ്വാമികളെ കണ്ട്‌ അനുഗ്രഹം വാങ്ങുവാൻ മുൻകൂട്ടി ബുക്ക്‌ ചെയ്ത്‌ വരേണ്ടതാണ്‌.
ബ്ലോഗാശ്രമത്തിന്‌ ഏജന്റുമാരോ ശാഖകളോ ഇല്ല.
അനുകരണങ്ങളിൽ വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക...

2009, ജൂലൈ 3, വെള്ളിയാഴ്‌ച

ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കാനെത്തുന്നവർ സമർപ്പിക്കേണ്ട രേഖകൾ - മാതൃകകളും

നാഥനില്ലാ കളരി പോലെയായിരുന്ന ബ്ലൊഗ്‌മീറ്റ് ഇപ്പോല്‍ തീര്‍ത്തും സുസംഘടിതമായിട്ടുണ്ട്.ഔദ്യോഗികവും രേഖാമൂലവുമായ നടപടിക്രമങ്ങളിലൂടെ മീറ്റിനെ ആധികാരികവും അംഗീകൃതവും നിയമവിധേയവുമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞ് വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

മീറ്റില്‍ ആര്‍ക്കും ബ്ലോഗറാണെന്നു പറഞ്ഞു കയറിവന്ന് എന്തും ചെയ്യാം എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി മീറ്റിനു വറ്റുന്നവര്‍ ,കഴുത്തില്‍ വള്ളിയും വള്ളിയുടെ അറ്റത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമുള്ള ഔദ്യോഗിക സംഘാടകര്‍
സമക്ഷം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകള്‍(ഇതോടൊപ്പം കൊടുത്തിരിക്കുന മാതൃകകള്‍ ഉപയോഗിക്കുക)

1. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം(ഫോട്ടോ പതിച്ചത്)



ഈ ഫോട്ടോയില്‍ കാണുന്ന ശ്രീ/ശ്രീമതി---------------- എന്ന ആള്‍ കഴിഞ്ഞ ------വര്‍ഷമായി --------- ജില്ലയില്‍ -------താലുക്കില്‍ -------പഞ്ചായത്തില്‍ താമസിക്കുന്ന ആളാണ. എന്റെ അറിവില്‍ പെട്ടിടത്തോളം ഇദ്ദേഹം തീവ്രവാദിയോ, തീവ്രവാദബന്ധമുള്ള ആളോ അല്ല എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

സ്ഥ്ലം ഒപ്പ്
തീയതി സീല്‍ പേരും ഔദ്യോഗിക മേല്‍‌വിലാസവും


2. ഉത്തരവാദിത്ത വിമുക്തിപത്രം

ബൂലോഗത്തില്‍ ------- എന്ന പേരില്‍ അറിയപ്പെടുന്ന ----------- എന്ന ഞാന്‍ കഴിഞ്ഞ ------വര്‍ഷമായി ഒരു ബ്ലോഗറാണ്‍. ചെറായിയില്‍ വച്ച് 26-07-2009 നു നടക്കുന്ന ബ്ലോഗ് മീറ്റില്‍ പങ്കെറ്റുക്കുവാനുള്ള തീരുമാനം ഞാന്‍ സ്വമനസ്സാലേ എടുത്തിട്ടുള്ളതാകുന്നു.
ടി മീറ്റില്‍ അടിപിടി, , ഗൂഢാലോചന ,സുനാമി,ചാവേറാക്രമണം, തീവ്രവാദ പ്രവര്‍ത്തനങള്‍ തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിവരം എനിക്കറിവുള്ളതാണ്‍. അങ്ങിനെയെന്തെങ്കിലും ഉണ്ടാവുന്ന പക്ഷം അതു മൂലം എനിക്കുണ്ടാകുന്ന യാതൊരുവിധമായ കഷ്ടനഷ്ടങ്ങള്‍ക്കും മീറ്റ് സംഘാടകര്‍ ഒരു വിധത്തിലും ഉത്തരവാദികളായിരിക്കുന്നതല്ലെന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു.

സ്ഥലം ബ്ലോഗറുടെ ഒപ്പ്
തീയതി ബ്ലോഗറുടെ പേരും വിലാസവും
1.ടി രേഖകള്‍ സംഘാടകസമക്ഷം സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ മീറ്റ് സ്ഥലത്തേക്കു പ്രവേശനം ഉണ്ടായിരിക്കൂ.

3. ടി രേഖകള്‍ സമര്‍പ്പിച്ചാലും സംഘാടകരുടെ രേഖാമൂലമായ അനുവാദം ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് മീറ്റില്‍ പങ്കെടുക്കുവാന്‍ കഴിയുകയുള്ളു.
4.യാതൊരു വിധമായ കാരണവും കാണിക്കാതെ തന്നെ ആര്‍ക്കും പ്രവേശനം നിഷേധിക്കാനും പ്രവേശനം ലഭിച്ചവരെ പുറത്താക്കാനുമുള്ള അവകാശം സംഘാടകര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്‍.
5 പരിപാടിയില്‍ ഭേദഗതി വരുത്തുവാന്‍ സംഘാടകര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്‍.